Prabodhanm Weekly

Pages

Search

2016 ജൂലൈ 22

2960

1437 ശവ്വാല്‍ 17

ഫാഷിസത്തിന് സംവാദങ്ങളെ പേടിയാണ്!

കെ.ടി ഹുസൈന്‍

രേന്ദ്രമോദി ഭരണകൂടത്തിന്റെ ഫാഷിസ്റ്റ് പ്രകൃതം കൂടുതല്‍ കൂടുതല്‍ വെളിപ്പെടുന്ന സംഭവങ്ങളാണ് അടുത്ത കാലത്തായി അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഏതൊരു ഫാഷിസ്റ്റ് ഭരണകൂടത്തിന്റെയും നമ്പര്‍ വണ്‍ ശത്രു പൗരാവകാശമായിരിക്കുമെന്നതില്‍ സംശയമില്ല. അതിനാല്‍, ക്രമസമാധാനപരമോ അല്ലാത്തതോ ആയ ഏതൊരു പ്രശ്‌നമുണ്ടായാലും അതില്‍ പിടിച്ച് പൗരാവകാശങ്ങളെ റദ്ദ്‌ചെയ്യാനോ പരിമിതപ്പെടുത്താനോ ആയിരിക്കും അത്തരം  ഭരണകൂടങ്ങള്‍ ശ്രമിക്കുക. മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി അതിനായി ഊഹാപോഹങ്ങളും വിവാദങ്ങളും ഉയര്‍ത്തിക്കൊണ്ടുവരാനും ഫാഷിസ്റ്റ് പ്രകൃതമുള്ള ഭരണകൂടങ്ങള്‍ മടികാണിക്കുകയില്ല. ലക്ഷ്യം ഒന്നേയുള്ളൂ; ബഹുസ്വര സമൂഹത്തില്‍ സാമുദായിക ധ്രുവീകരണം സൃഷ്ടിച്ച് കിട്ടിയ അധികാരം ഉറപ്പിക്കുകയും അധികാരത്തെ കൂടുതല്‍ മേഖലകളിലേക്ക് വികസിപ്പിക്കുകയും ചെയ്യുക. ഇപ്പോള്‍ ഉണ്ടായ സാകിര്‍ നായിക് വിവാദവും ആ പരമ്പരയിലെ ഒടുവിലത്തെ കണ്ണിയാകാന്‍ വഴിയില്ല. ഇനിയും ആവര്‍ത്തിക്കാന്‍ ഇടയുള്ള സംഘ്പരിവാറിന്റെ വിധ്വംസക രാഷ്ട്രീയത്തിന്റെ ഒരു കണ്ണി മാത്രം. മുഹമ്മദ് അഖ്‌ലാഖിനെ അടിച്ചു കൊന്നതിലും ഹൈദരാബാദ്, ജെ.എന്‍.യു കേന്ദ്ര സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ക്ക് നേരെ നടത്തിയ ഭരണകൂട ഇടപെടലുകളിലുമെല്ലാം നാം കണ്ടത് പൗരാവകാശങ്ങള്‍ക്ക് നേരെയുള്ള മോദി ഭരണകൂടത്തിന്റെ യുദ്ധപ്രഖ്യാപനമായിരുന്നു. ഈ യുദ്ധത്തെ കൊഴുപ്പിക്കുന്നതില്‍ മീഡിയ പ്രത്യേകിച്ച് അര്‍ണബ് ഗോസ്വാമിയെ പോലുള്ള മാധ്യമ ശിങ്കങ്ങള്‍ വഹിച്ച ജുഗുപ്‌സാവഹമായ പങ്കും നാം കണ്ടതാണ്. ഇതിനേക്കാളെല്ലാം ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കളമൊരുക്കാനുള്ള അണിയറ നീക്കങ്ങളാണ് സാകിര്‍ നായികിനെ ഇരയാക്കിക്കൊണ്ട് ഇപ്പോള്‍ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്. ഒട്ടേറെ മുസ്‌ലിം ചെറുപ്പക്കാരുടെ ജീവിതം അന്യായമായി തകര്‍ത്തതിന്റെ പേരില്‍ ധാരാളം വിമര്‍ശനങ്ങള്‍ക്ക് പാത്രമായ യു.എ.പി.എ എന്ന കരിനിയമം ഭേദഗതി ചെയ്ത് സര്‍ക്കാറിന് ഇഷ്ടമില്ലാത്ത എല്ലാ ശബ്ദങ്ങളെയും അടപ്പിക്കാനാണ് ഇപ്പോള്‍ ഭരണകൂടം ശ്രമിക്കുന്നത്. 

മുംബൈ സ്വദേശിയായ ഡോ. സാകിര്‍ നായിക് ലോകപ്രശസ്തനായ ഇസ്‌ലാം പ്രബോധകനും പണ്ഡിതനുമാണ്. മതപ്രബോധനത്തിന് എഴുത്തിനും പ്രഭാഷണത്തിനും പുറമെ സംവാദവും അദ്ദേഹം ഉപയോഗപ്പെടുത്തുന്നുണ്ട്. ഇസ്‌ലാമിനു പുറമെ ഹിന്ദു, ക്രിസ്ത്യന്‍ മതങ്ങളിലും അവഗാഹമുള്ള അദ്ദേഹത്തിന്  ഖുര്‍ആനിലെയും ഇതര വേദങ്ങളിലെയും ഭാഗങ്ങള്‍ സംവാദ വേദികളില്‍ ഓര്‍ത്തെടുത്ത് പറയാനും വിമര്‍ശനങ്ങള്‍ക്ക് ഉരുളക്കുപ്പേരി മറുപടി പറയാനുമുള്ള അസാമാന്യമായ പാടവമുണ്ട്. ഈ പാടവം സാകിര്‍ നായികിനെ ആത്മവിശ്വാസമുള്ള ഒരു പ്രബോധകനാക്കി മാറ്റുകയും അദ്ദേഹത്തിന് ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ടെന്നത് ഒരു വസ്തുതയാണ്. ശ്രീ ശ്രീ രവിശങ്കര്‍ അടക്കമുള്ള ഹിന്ദു പണ്ഡിതന്മാരുമായി സംവാദം നടത്താന്‍ ധൈര്യം നല്‍കിയതും ഈ ആത്മവിശ്വാസമാണ്. 

മതപ്രബോധനം ഇത്തരം സംവാദങ്ങളിലൂടെ നടത്തേണ്ടതാണോ എന്ന ചോദ്യത്തിന്  ഇപ്പോള്‍ ഒരു പ്രസക്തിയുമില്ല. അദ്ദേഹത്തിന്റെ ശൈലിയില്‍ കാര്‍ക്കശ്യമുണ്ടോ എന്ന സംശയം ഉന്നയിക്കുന്നതും ഇപ്പോള്‍ അസ്ഥാനത്താണ്. നമ്മുടെ ഭരണഘടനയും ജനാധിപത്യവും അനുവദിക്കുന്ന മൗലികാവകാശം ഉപയോഗപ്പെടുത്തി സമാധാനപരമായി മാത്രം തന്റെ വിശ്വാസം പ്രചരിപ്പിക്കുന്ന ഒരു മതപ്രബോധകനെ ഇല്ലാതാക്കാനും  അദ്ദേഹത്തിന്റെ ശബ്ദം അടപ്പിക്കാനും ഭരണകൂടം ചരടുവലി നടത്തുമ്പോള്‍ അദ്ദേഹത്തിന്റെ മനുഷ്യാവകാശം മാത്രമേ ചര്‍ച്ചയില്‍ വരാവൂ. മറിച്ച്, അദ്ദേഹത്തിന്റെ നിലപാടുകളോടും ശൈലിയോടുമുള്ള വിയോജിപ്പ് മുന്‍കൂറായി പ്രഖ്യാപിച്ച് മാത്രമേ അദ്ദേഹത്തിന്റെ മനുഷ്യാവകാശം ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയൂ എന്ന് വരുന്നത് അത്തരക്കാരുടെ ആത്മവിശ്വാസമില്ലായ്മയാണ് പുറത്തുകൊണ്ടുവരുന്നത്. 

മതരംഗത്തായാലും രാഷ്ട്രീയത്തിലായാലും തത്ത്വചിന്തയിലായാലും സംവാദത്തിന്റെ അന്തരീക്ഷം ഉണ്ടാവുകയെന്നത് ഒരു പരിഷ്‌കൃത സമൂഹത്തിന്റെ ലക്ഷണമാണ്. രാഷ്ട്രീയത്തില്‍ സംവാദമാകാമെങ്കില്‍ മതത്തിലും അതാവുന്നതില്‍ ഒരു വിരോധവുമില്ല. മതത്തില്‍ മാത്രം സംവാദം പാടില്ല എന്നു പറയുന്നതിന്റെ ലോജിക് എന്താണ്? പക്ഷേ, സംഘ്പരിവാര്‍ ലക്ഷ്യം വെക്കുന്ന ഏക ശിലാ സമൂഹത്തില്‍ സംവാദം വളരെയധികം അപകടകരമാണ്. കാരണം, പരസ്പരം അറിയാനും അറിയിക്കാനും മാത്രമല്ല, അറിഞ്ഞതിനെ ഉള്‍ക്കൊള്ളാനും സ്വീകരിക്കാനും കൂടി സംവാദം ഉപകാരപ്പെടും. അതിനാല്‍, തനിക്ക് സത്യമെന്ന് ബോധ്യപ്പെടുന്ന ഏതൊരാശയത്തെയും സ്വീകരിക്കാന്‍,  അത് നിയമവാഴ്ചക്ക് പരിക്കേല്‍പിക്കാത്ത കാലത്തോളം സ്വാതന്ത്ര്യമുണ്ടെങ്കിലേ ജനാധിപത്യത്തിന് അര്‍ഥമുള്ളൂ. അപ്പോള്‍ ഏകശിലാ സമൂഹം സ്വപ്നം കാണുന്ന സംഘ്പരിവാര്‍ ശക്തികളും അവരുടെ ഭരണകൂടങ്ങളും സംവാദത്തെ ഭയപ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ. ഈ ഭയമാണ് യഥാര്‍ഥത്തില്‍ ഡോ. സാകിര്‍ നായികിനെതിരായ നീക്കത്തില്‍ പ്രകടമാകുന്നത്. 

മതപരിവര്‍ത്തന നിരോധം എന്നത് സംഘ്പരിവാറിന്റെ വളരെ പഴക്കമുള്ള ഒരജണ്ടയാണ്. മിതവാദ ഹിന്ദുത്വത്തിന്റെ മുഖമായി അവതരിപ്പിക്കപ്പെട്ട എ.ബി വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം തന്നെ ഒരിക്കല്‍ മത പരിവര്‍ത്തനത്തെക്കുറിച്ച് ദേശീയ സംവാദം നടത്തണമെന്ന ആശയം മുന്നോട്ടുവെച്ചിരുന്നു. ബി.ജെ.പി ഇതുവരെ കോള്‍ഡ്‌സ്റ്റോറേജില്‍ വെച്ചിരുന്ന ഏകസിവില്‍ കോഡ് അടക്കമുള്ള എല്ലാ ശിഥിലീകരണ അജണ്ടകളും ഒന്നൊന്നായി പുറത്തെടുത്തുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ തന്നെയുള്ള സാകിര്‍ നായികിനെതിരായ നീക്കം യാദൃഛികമല്ല. ഭുവനപ്രശസ്തനായ ഒരു ഇസ്‌ലാമിക പണ്ഡിതനെ വേട്ടയാടുന്നതിലൂടെ മുസ്‌ലിംകളെ ഒന്നാകെ ഭയപ്പെടുത്തി വിധേയപ്പെടുത്താന്‍ കഴിയുമെന്നതോടൊപ്പം തങ്ങളുടെ ചിരകാലാഭിലാഷമായ മതപരിവര്‍ത്തന നിരോധം കൊണ്ടുവരാനും സാധിക്കുമെന്ന് സംഘ്പരിവാര്‍ കണക്കുകൂട്ടുന്നു. അതിനാല്‍, സാകിര്‍ നായികിനെതിരായ നീക്കത്തെ ചെറുക്കേണ്ടത് മനുഷ്യാവകാശ സംരക്ഷണത്തിന് അനിവാര്യമാണെന്നതോടൊപ്പം ചില വ്യാജ സൂഫികളെപ്പോലെ സംഘ്പരിവാറിന് വിനീതവിധേയരാകാന്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ തയാറല്ല എന്ന് തെളിയിക്കാന്‍ കൂടി ആവശ്യമാണ്. 

മതപരിവര്‍ത്തനം നിയമം മൂലം നിരോധിക്കുന്നതിലൂടെ മതസ്വാതന്ത്ര്യമെന്ന ഭരണഘടനയുടെ മൗലിക തത്ത്വംതന്നെ അട്ടിമറിക്കപ്പെടും. മതപ്രബോധന സ്വാതന്ത്ര്യവും മതപരിവര്‍ത്തനാവകാശവും യഥാര്‍ഥത്തില്‍ പൗരാവകാശമെന്നതിനേക്കാള്‍ മനുഷ്യന്റെ മൗലിക ജന്മാവകാശമാണ്. എന്തുകൊണ്ടെന്നാല്‍, ആധുനിക ജനാധിപത്യം പൗരനെയും അവന്റെ അവകാശങ്ങളെയും നിര്‍വചിക്കുന്നതിന് എത്രയോ കാലം മുമ്പുതന്നെ എല്ലാ നാഗരികതകളിലും സംസ്‌കാരങ്ങളിലും ഈ അവകാശം പൊതുവില്‍ അംഗീകരിക്കപ്പെട്ടിരുന്നു. വ്യത്യസ്ത മതങ്ങളും തത്ത്വശാസ്ത്രങ്ങളുമൊന്നും അതില്ലായിരുന്നുവെങ്കില്‍ ലോകത്ത് പ്രചാരം നേടുമായിരുന്നില്ലല്ലോ. അന്നവും വെള്ളവും ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാന്‍ മനുഷ്യന് സ്വാതന്ത്ര്യമുണ്ടെങ്കില്‍ വിശ്വാസവും ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാന്‍ മനുഷ്യന് സ്വാതന്ത്ര്യമുണ്ടായിരിക്കണം. ഈ ജന്മാവകാശത്തെ തടയാന്‍ ഒരു മതത്തിനും രാഷ്ട്രത്തിനും അധികാരമില്ല. മതപ്രബോധനം പ്രകോപനപരമാവുകയോ മതപരിവര്‍ത്തനം ബലാല്‍ക്കാരമാവുകയോ ചെയ്യുമ്പോള്‍ മാത്രമേ ഇതില്‍ ഇടപെടാന്‍ ഭരണകൂടത്തിന് അനുവാദമുള്ളൂ. ഒരു ഭരണകൂടം നീതിരഹിതമാകുന്നത് ഈ മൗലിക ജന്മാവകാശം ജനങ്ങള്‍ക്ക് നിഷേധിക്കുമ്പോഴാണ്. നംറൂദിനെയും ഫറോവയെയും പോലെ ചരിത്രത്തിലെ അപൂര്‍വം ഭരണാധികാരികള്‍ മാത്രമേ ഈ മൗലികാവകാശം ജനങ്ങള്‍ക്ക് തടഞ്ഞിരുന്നുള്ളൂ. അതുകൊണ്ടുതന്നെയാണ് ഫാഷിസത്തിന്റെ ക്ലാസിക് മാതൃകകളായി അവരിന്നും അറിയപ്പെടുന്നത്. മതത്തെ വംശീയമായി മാത്രം കാണുന്ന ഹിന്ദുത്വവാദികള്‍ക്കും ഈ മൗലികാവകാശത്തെ അംഗീകരിക്കാന്‍ പ്രയാസമുണ്ടാവുക സ്വാഭാവികമാണ്. കാരണം, വംശമഹിമയില്‍ ഊറ്റംകൊള്ളുന്ന മതങ്ങള്‍ പുറത്തുനിന്നാരെങ്കിലും അത് സ്വീകരിക്കുന്നതോ ഉള്ളിലുള്ള ആരെങ്കിലും പുറത്തുപോവുന്നതോ ഇഷ്ടപ്പെടുകയില്ല. എന്തുകൊണ്ടെന്നാല്‍, അത് രണ്ടും അവരെ സംബന്ധിച്ചേടത്തോളം തങ്ങള്‍ക്കുണ്ട് എന്നവര്‍ കരുതുന്ന വംശവിശുദ്ധിയെ കളങ്കപ്പെടുത്തുന്നതാണ്. തങ്ങള്‍ ന്യൂനപക്ഷമായി മാറുമോ എന്ന ഭയം അവരെ എപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുകയും ചെയ്യും. മതപരിവര്‍ത്തന വിരോധത്തിന്റെ പിറകില്‍ സംഘ്പരിവാറിന്റെ ഈ ഭയത്തിനും ഒരു പ്രധാന പങ്കുണ്ട്. എന്നാല്‍, വംശീയ മാഹാത്മ്യത്തില്‍ വിശ്വസിക്കാത്ത പ്രബോധക മതങ്ങളായ ക്രിസ്തുമതത്തിലും ഇസ്‌ലാം മതത്തിലും ഇത്തരം ഭയത്തിന് യാതൊരു പ്രസക്തിയുമില്ല. ഏത് ജാതിയിലും മതപ്രബോധനം നടത്താനും അവരില്‍നിന്ന് സ്വീകരിക്കാന്‍ സന്നദ്ധമാകുന്നവരെ കൂടെ കൂട്ടാനും അവര്‍ക്ക് യാതൊരു മടിയുമില്ല. അതിനാല്‍, മതപരിവര്‍ത്തനം നിരോധിക്കാനുള്ള നീക്കം പ്രബോധക മതങ്ങളെ സംബന്ധിച്ചേടത്തോളം ഒരു വെല്ലുവിളി തന്നെയാണ്. ദൈവത്തിന്റെ സന്ദേശം മനുഷ്യനില്‍ എത്തിച്ചുകൊടുക്കേണ്ടത് തങ്ങളുടെ മതബാധ്യതയായി കരുതുന്ന മുസ്‌ലിംകള്‍ പ്രത്യേകിച്ചും ഈ വെല്ലുവിളി സധീരം ഏറ്റെടുത്തേ പറ്റൂ. പക്ഷേ, ആര്‍ജവത്തോടെ പ്രസ്തുത വെല്ലുവിളി ഏറ്റെടുക്കണമെങ്കില്‍ വര്‍ത്തമാനകാല ഇസ്‌ലാമില്‍ നിലനില്‍ക്കുന്ന ചില വൈരുധ്യങ്ങളെ നാം മറികടന്നേ പറ്റൂ. അതായത്, മതപരിവര്‍ത്തനാവകാശവും മതപ്രബോധനവും ഇസ്‌ലാമിന് മാത്രം ബാധകമായ ഒരവകാശമല്ല. ഏതു മതത്തില്‍നിന്നും മതരാഹിത്യത്തില്‍നിന്നും ആര്‍ക്കും ഇസ്‌ലാമിലേക്ക് കടന്നുവരാന്‍ അവകാശമുള്ളതുപോലെത്തന്നെ ഇസ്‌ലാമില്‍നിന്ന് പുറത്തുപോകാനും ആര്‍ക്കും അവകാശമുണ്ട്. ആരെങ്കിലും ഇസ്‌ലാമിലേക്ക് കടന്നുവരുമ്പോള്‍ മതിമറന്നാഹ്ലാദിക്കുകയും ഇസ്‌ലാമില്‍നിന്ന് ആരെങ്കിലും പുറത്തുപോയാല്‍ അതിനോട് അസഹിഷ്ണുത പുലര്‍ത്തുകയോ അതിനെ തടയാന്‍ നിയമവിധേയമല്ലാത്ത മാര്‍ഗങ്ങള്‍ അവലംബിക്കുകയോ ചെയ്യുന്ന സമീപനം വൈരുധ്യമാണ്. അതിനെ സാധൂകരിക്കുന്ന വല്ല ടെക്സ്റ്റുകളും പ്രമാണങ്ങളായിട്ടുണ്ടെങ്കില്‍ അത് തിരുത്തപ്പെടേണ്ടതുണ്ട്. ഈ വൈരുധ്യത്തെയും തലയിലേറ്റിക്കൊണ്ട് വിശ്വാസസ്വാതന്ത്ര്യം എന്ന മൗലിക ജന്മാവകാശത്തിനുവേണ്ടി മറ്റുള്ളവരെ ബോധ്യപ്പെടുത്തുംവിധം ശബ്ദമുയര്‍ത്താനാവില്ല. ഒരു സമുദായമെന്ന നിലയില്‍ അതില്‍ മതപരിവര്‍ത്തന പ്രവണത വളര്‍ന്നുവരാതിരിക്കാന്‍ സമുദായാംഗങ്ങളെ വിശ്വാസപരമായും ധാര്‍മികമായും ഭൗതികമായും ശാക്തീകരിക്കേണ്ടത് സമുദായത്തിന്റെ ബാധ്യതയാണെന്നത് മറ്റൊരു കാര്യം. 

രണ്ടാമത്, മതപ്രബോധന സ്വാതന്ത്ര്യമാണ്. ചില മുസ്‌ലിം രാജ്യങ്ങളെ ചൂണ്ടി മതപ്രബോധന സ്വാതന്ത്ര്യവും മതസംവാദവും അവിടെ അനുവദിക്കുമോ എന്ന ചോദ്യവും ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് പറയുമ്പോള്‍ നാം നിരന്തരമായി നേരിട്ടുകൊണ്ടിരിക്കുന്നുണ്ട്. തികഞ്ഞ ഏകാധിപത്യ രാജ്യങ്ങളായ ഇവയൊന്നും യഥാര്‍ഥ മാതൃകാ ഇസ്‌ലാമിക രാജ്യങ്ങളല്ലെന്നും ഇസ്‌ലാമില്‍ അത് അനുവദിക്കപ്പെട്ടിട്ടുണ്ട് എന്നും നമുക്ക് തുറന്നുപറയേണ്ടിവരും. ഇഷ്ടമുള്ളവര്‍ക്ക് നിഷേധിക്കാം ഇഷ്ടമുള്ളവര്‍ക്ക് വിശ്വസിക്കാം എന്നതാണല്ലോ ഖുര്‍ആന്റെ നിലപാട്. അവിശ്വസിക്കാന്‍ അനുവാദമില്ലാത്തിടത്തെ വിശ്വാസത്തിന് എന്ത് പ്രാധാന്യവും പ്രസക്തിയുമാണുള്ളത്? ഇന്നത്തെപ്പോലെ ജനാധിപത്യമില്ലാതിരുന്നിട്ടും മധ്യകാല ഇസ്‌ലാമിന് മതസംവാദത്തിന്റെ പുഷ്‌കലമായ ഒരു പാരമ്പര്യവും അവകാശപ്പെടാനുണ്ട്. ബഗ്ദാദും കൊര്‍ദോവയുമെല്ലാം അതിന്റെ കേന്ദ്രങ്ങളായിരുന്നു. ഇന്നും നടക്കുന്ന പല ക്രിസ്ത്യന്‍-മുസ്‌ലിം സംവാദങ്ങളിലും ഇരുഭാഗത്തിന്റെയും പ്രധാന റഫറന്‍സ് ആ മധ്യകാല സംവാദത്തിന്റെ ഡോക്യുമെന്റുകളാണെന്നത് മധ്യകാല ഇസ്‌ലാമിക ലോകത്ത് ഇതര മതസ്ഥര്‍ക്ക് മതപ്രബോധന സ്വാതന്ത്ര്യവും മതസംവാദവും അനുവദിക്കപ്പെട്ടിരുന്നുവെന്നതിന്റെ തെളിവാണ്. ഇസ്‌ലാമിക ലോകത്തെ ആക്രമിച്ച് കീഴടക്കിയ താര്‍ത്താരികളില്‍ വലിയൊരു വിഭാഗം ഇസ്‌ലാം സ്വീകരിച്ചത് മുസ്‌ലിംകളും ക്രിസ്ത്യാനികളും ബൗദ്ധരും അണിനിരന്ന ത്രികക്ഷി സംവാദത്തിന്റെ അനന്തരഫലമായിരുന്നു. താര്‍ത്താരികളില്‍ ഒരു വിഭാഗം ബുദ്ധമതാനുയായികളായി മാറിയതും കുറേ പേര്‍ ക്രിസ്തുമതത്തില്‍ ചേര്‍ന്നതും ഈ സംവാദത്തിലൂടെ തന്നെയാണ്. ഒരു മധ്യകാല മുസ്‌ലിം ഭരണാധികാരിയും ഈ സംവാദത്തെ തടയുകയോ വിലക്കുകയോ ചെയ്തിരുന്നില്ല. 

സാകിര്‍ നായികിനെ വേട്ടയാടുന്നതില്‍ മുസ്‌ലിം സമുദായത്തെ ആന്തരികമായി ശിഥിലീകരിക്കുക  എന്ന സംഘ്പരിവാര്‍ അജണ്ടയും പ്രവര്‍ത്തിക്കുന്നുണ്ട്. സലഫിസത്തെ അപരസ്ഥാനത്ത് നിര്‍ത്തുന്നതിലൂടെ  ശീഈകളെയും സുന്നികളിലെ ഏറ്റവും യാഥാസ്ഥിതികരായ ബറേല്‍വികളേയും കൂടെ നിര്‍ത്താനാകുമെന്ന് സംഘ്പരിവാര്‍ കണക്കുകൂട്ടുന്നു. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തുതന്നെ ശീഈകളിലേക്ക് പാലം പണിതുവെച്ചിട്ടുണ്ട്. ബി.ജെ.പിയിലെ മുസ്‌ലിം നേതാക്കളില്‍ ഏതാണ്ട് എല്ലാവരും ശീഈകളാണെന്ന കാര്യവും രഹസ്യമല്ല. സാകിര്‍ നായികിനെതിരെ ലഖ്‌നൗവിലെ ശീഈകളെക്കൊണ്ട് പ്രകടനം നടത്തിക്കാനും അവര്‍ക്ക് സാധിച്ചു. നരേന്ദ്ര മോദിയുടെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ ആസൂത്രണം ചെയ്ത ഈയിടത്തെ ദല്‍ഹിയിലെ സൂഫി സമ്മേളനം യാഥാസ്ഥിതിക സുന്നികളെ വശത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു. യഥാര്‍ഥത്തില്‍ അതിനെ സൂഫി സമ്മേളനം എന്ന് വിശേഷിപ്പിക്കുന്നതുതന്നെ തെറ്റാണ്. കാരണം, ആ സമ്മേളനത്തില്‍ പങ്കെടുത്ത ആരും യഥാര്‍ഥ സ്വൂഫികളല്ല, ഉത്തരേന്ത്യയിലെ ദര്‍ഗകളുടെ സൂക്ഷിപ്പുകാര്‍ മാത്രമാണവര്‍. കേരളത്തില്‍നിന്ന് പങ്കെടുത്ത കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ എന്തൊക്കെ ആണെങ്കിലും സൂഫിയല്ല എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരുമായ ഇന്ത്യയിലെ യഥാര്‍ഥ സൂഫികളുടെയെല്ലാം ബന്ധം ദയൂബന്ദ് സുന്നികളുമായിട്ടാണ്. അവരില്‍ ആരെങ്കിലും സൂഫി സമ്മേളനത്തില്‍ പങ്കെടുക്കുകയോ നരേന്ദ്രമോദിയെ പിന്തുണക്കുകയോ  ചെയ്തിട്ടില്ല. അതിനാല്‍, സാകിര്‍ നായികിനെതിരായ വേട്ടയെ മുസ്‌ലിം വിഭാഗീയതയുടെ കണ്ണിലൂടെ കാണാതിരിക്കാനുള്ള ജാഗ്രത മുസ്‌ലിം സംഘടനകള്‍ കാണിച്ചേ തീരൂ. മുന്‍കാലത്ത് നടന്ന പല മുസ്‌ലിം വിരുദ്ധ വേട്ടയെയും  നാം അങ്ങനെ കണ്ടതിന്റെ പ്രത്യാഘാതം കൂടിയാണ് ഇപ്പോള്‍ അവര്‍  സാകിര്‍ നായികിനെയും തേടിയെത്തിയിരിക്കുന്നത് എന്നുകൂടി നാം തിരിച്ചറിയേണ്ടതുണ്ട്. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ /43-46
എ.വൈ.ആര്‍