കഴുതയെ ചുമന്ന കഥ
തന്റെ വീട്ടിന്റെ ജനലിലൂടെ നോക്കിയപ്പോള്‍ ആ സ്ത്രീ കണ്ടത് അയല്‍ക്കാരന്റെ വീട്ടിലെ അയലില്‍ നിവര്‍ത്തിയിട്ടിരിക്കുന്ന വസ്ത്രങ്ങളിലെ അഴുക്കാണ്. അയല്‍വാസിയുടെ വൃത്തിബോധമില്ലായ്മയെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്ന സ്ത്രീയുടെ ഭര്‍ത്താവ് എഴുന്നേറ്റുവന്ന് തന്റെ വീട്ടിലെ ജനല്‍ചില്ലുകള്‍ തുടച്ചുവൃത്തിയാക്കി അവരോട് പറഞ്ഞു: ''ഇനി ഒന്നുകൂടി നോക്കൂ. നിനക്ക് ബോധ്യമാവും, അഴുക്ക് അവരുടെ വസ്ത്രത്തിലായിരുന്നില്ല, നമ്മുടെ ജനലിലെ ഗ്ലാസുകളിലായിരുന്നു എന്ന്.''
നാം നിരന്തരം മറ്റുള്ളവരെ കുറ്റപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. സൂക്ഷ്മമായി നോക്കിയാല്‍ മനസ്സിലാവും തെറ്റ് നമ്മിലാണ്, മറ്റുള്ളവരിലല്ല എന്ന്. നാം പലപ്പോഴും ചിന്തിക്കുന്നത് മറ്റുള്ളവരാണ് നമ്മുടെ സന്തോഷത്തിന്റെയും സന്താപത്തിന്റെയും കാരണക്കാര്‍ എന്നാണ്. കുറച്ചുകൂടി ആഴത്തില്‍ ചിന്തിച്ചാലറിയാം, നമ്മുടെ സന്തോഷവും ദുഃഖവുമെല്ലാം ഉണ്ടാക്കുന്നത് നാം തന്നെയാണ്, മറ്റുള്ളവരല്ല. ''ജനങ്ങളെ നിരീക്ഷിക്കുന്നവന്‍ ദുഃഖിച്ചു ചാവും. ജനങ്ങളുടെ തൃപ്തി കിട്ടാക്കനിയാണ്.'' ഇമാം ശാഫിഈയുടെ ഈ വചനം അവസാനിക്കുന്നത് ഇങ്ങനെ: ''ജനങ്ങളുടെ തൃപ്തി ഒരിക്കലും നേടാനാവാത്തതെങ്കില്‍ അല്ലാഹുവിന്റെ തൃപ്തി നിര്‍ബന്ധമായി നേടേണ്ടതാണ്.'' ഇഹലോകത്തെയും പരലോകത്തെയും സന്തോഷവും ആഹ്ലാദവും ആര്‍ജിക്കണമെങ്കില്‍, ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നമുക്ക് വ്യക്തമായ, സുചിന്തിതമായ ഒരു കര്‍മരേഖ വേണം. ജനങ്ങളെയല്ല, ജനങ്ങളെ പടച്ചവനെ തൃപ്തിപ്പെടുത്താനാവണം നമ്മുടെ യത്‌നം. തന്റെ നിലപാടിനെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും ദൃഢബോധ്യമുള്ള വ്യക്തിക്ക് ജനങ്ങളുടെ ഹിതത്തെക്കുറിച്ച് വ്യാകുലപ്പെടേണ്ടിവരില്ല.
ജൂഹയെയും മകനെയും കുറിച്ചൊരു കഥയുണ്ട്. ഇരുവരും കഴുതപ്പുറത്തേറി തെരുവിലൂടെ പോയപ്പോള്‍ ജനം: ''ആ ജൂഹ എത്ര ക്രൂരനാണ്! അയാളും മകനും ആ പാവം കഴുതയുടെ പുറത്തേറി യാത്രചെയ്യുന്നത് കണ്ടോ?'' കഴുതപ്പുറത്തുനിന്നിറങ്ങിയ ജൂഹാ മകനെ കഴുതപ്പുറത്തിരുത്തി യാത്ര തുടര്‍ന്നു. ഇതുകണ്ട ജനങ്ങള്‍: ''ദുഷ്ടനായ മകന്‍. ആ പാവം വൃദ്ധനെ തെരുവിലൂടെ നടത്തി അവന്‍ കഴുതപ്പുറത്ത് ഞെളിഞ്ഞിരുന്ന് യാത്ര ചെയ്യുകയാണ്.'' ഇതുകേട്ട മകന്‍ ഇറങ്ങി പിതാവിനെ കഴുതപ്പുറത്ത് കയറ്റി യാത്ര തുടര്‍ന്നു. ഇതു കണ്ട ജനം: ''അയാള്‍ ഒരു ദുഷ്ടനായ പിതാവ് തന്നെ. ആ പാവം മകനെ തെരുവിലൂടെ നടത്തിച്ച് കണ്ണില്‍ ചോരയില്ലാത്ത അയാള്‍ കഴുതപ്പുറത്തിരുന്ന് സുഖിച്ചു സഞ്ചരിക്കുകയാണ്.'' ജനങ്ങളുടെ അഭിപ്രായത്തില്‍ സഹികെട്ട ജൂഹയും മകനും കഴുതയെ ചുമന്നു കൊണ്ടുപോകുമ്പോള്‍ ജനം ആര്‍ത്തു ചിരിച്ചു: ''കഴുതയെ ചുമന്നു കൊണ്ടുപോകുന്ന രണ്ടു കഴുതകള്‍.''
ഈ കഥയിലെ സത്യാംശം എന്തുമാകട്ടെ. ജനങ്ങള്‍ മറ്റുള്ളവരെ കുറിച്ച് നടത്തുന്ന അഭിപ്രായപ്രകടനങ്ങളെ സംബന്ധിച്ച ഒരു നല്ല ചിത്രീകരണമാണിത്. ഓരോ സന്ദര്‍ഭത്തിലും ജനങ്ങളെ തൃപ്തിപ്പെടുത്താന്‍ തുനിഞ്ഞ ജൂഹക്ക് അതിന് സാധിക്കാതെ വന്നത് നാം കണ്ടു. ജനങ്ങളില്‍നിന്ന് അല്ലാഹു തെരഞ്ഞെടുത്ത് പ്രവാചകനായി വാഴിച്ച ശ്രേഷ്ഠ വ്യക്തിത്വമായിരുന്ന മുഹമ്മദ് നബി (സ) പോലും ചിലര്‍ക്ക് അനഭിമതനായിരുന്നു. ജനങ്ങള്‍ വിശ്വാസികളാവാത്തതില്‍ മനംനൊന്ത ദൈവദൂതനെ അല്ലാഹു ആശ്വസിപ്പിക്കുന്നു: ''നീ അവരെയോര്‍ത്ത് വ്യാകുലപ്പെടേണ്ട.'' സത്യം ബോധ്യമായിട്ടും മനഃപൂര്‍വം ദുര്‍മാര്‍ഗം തെരഞ്ഞെടുത്തവരെചൊല്ലി ദുഃഖിക്കേണ്ടതില്ലെന്നും പ്രവാചകന് പ്രബോധനദൗത്യം മാത്രമേയുള്ളൂവെന്നും അല്ലാഹു വ്യക്തമാക്കിക്കൊടുത്തു. ഓരോ വ്യക്തിയുമാകുന്നു താനെടുക്കുന്ന തീരുമാനത്തിന്റെ നേട്ടവും നഷ്ടവും സഹിക്കേണ്ടത്.
നബി(സ)ക്ക് വ്യക്തമായ ദിശാബോധമുണ്ടായിരുന്നു. നമ്മളും നമ്മുടെ ദിശ നിര്‍ണയിക്കണം. നബി (സ) പ്രസ്താവിച്ചു: ''ജനങ്ങളുടെ അപ്രീതി അവഗണിച്ച് അല്ലാഹുവിന്റെ പ്രീതി തേടിപ്പോയവന്റെ കാര്യം അല്ലാഹു ഏറ്റു. അല്ലാഹുവിന്റെ അപ്രീതി അവഗണിച്ച് ജനങ്ങളുടെ പ്രീതി തേടിപ്പോയവനെ അല്ലാഹു ജനങ്ങളുടെ കൈയില്‍ ഏല്‍പിച്ചുകൊടുക്കും.'' അതോടെ അയാള്‍ ഖിന്നനും ദുഃഖിതനും വ്യാകുലചിത്തനുമായി. ആ ഹൃദയത്തില്‍നിന്ന് ആഹ്ലാദവും സന്തോഷവും സൗഭാഗ്യവും കുടിയൊഴിഞ്ഞുപോകും. സര്‍വാംഗീകൃതമായ മൂല്യങ്ങളെയെല്ലാം കാറ്റില്‍ പറത്തി 'അപരന്‍ നരകമാണ്' എന്ന സിദ്ധാന്തം പടുത്തുയര്‍ത്തിയ അസ്തിത്വവാദത്തിന്റെ പിതാവ് സാര്‍ത്രെയുടെ മാര്‍ഗമല്ല ഇസ്‌ലാമിന്റേത്. ജനാഭിപ്രായം മാനിക്കാനും ആദരിക്കാനും പഠിപ്പിക്കുന്ന ഇസ്‌ലാം നമ്മുടെ ചിന്തകള്‍ക്കും കര്‍മങ്ങള്‍ക്കും ജനഹിതം മാനദണ്ഡമാക്കരുത് എന്ന് വ്യക്തമാക്കിയിരിക്കുന്നു.
വിവ: പി.കെ ജമാല്‍
Comments