കാസര്‍കോട്ടെ ആ ചെറുപ്പക്കാര്‍ എങ്ങോട്ടാണ് അപ്രത്യക്ഷരായത്?
കേരളത്തില്‍നിന്ന് ഇരുപതോളം പേര്‍ ഐ.എസ് കേന്ദ്രത്തിലെത്തി എന്ന വാര്‍ത്ത ഇതെഴുതുംവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കേട്ട വാര്‍ത്ത അതീവ ഗുരുതരമെന്ന് പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, ഒരു സമുദായത്തിന് നേരെ സംശയത്തിന്റെ പുകമറ സൃഷ്ടിക്കരുതെന്ന് പിന്നിട് നിയമസഭയിലും വ്യക്തമാക്കി. വാര്‍ത്തക്ക് തെളിവില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും, കേരളത്തില്‍നിന്നാരും ഐ.എസില്‍ ചേര്‍ന്നതായി സംശയിക്കാവുന്ന ഒരു തുമ്പും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും പറയുമ്പോഴും സ്‌തോഭജനകമായ വാര്‍ത്തകളും ഊഹാപോഹങ്ങളും പ്രചരിക്കുകയാണ്.
തങ്ങളുടെ മക്കളെ കാണാനില്ലെന്നും അവര്‍ അന്താരാഷ്ര്ട തീവ്രവാദ കേന്ദ്രങ്ങളില്‍ എത്തിയതായി സംശയിക്കുന്നതായും ചൂണ്ടിക്കാട്ടി രക്ഷിതാക്കള്‍ തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയത്. മാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിച്ചതും രക്ഷിതാക്കള്‍ തന്നെ. ഇവര്‍ അയച്ച സന്ദേശങ്ങളാണ് തീവ്രവാദ ബന്ധം സംശയിക്കുന്നതിനുള്ള തെളിവ്.
'തങ്ങള്‍ യഥാര്‍ഥ സ്വര്‍ഗ രാജ്യത്ത് എത്തിപ്പെട്ടു, ഇവിടെ ദീന്‍ മുറുകെ പിടിച്ച് ജീവിക്കാനാകും; ഇവിടെ ശാന്തിയും സമാധാനവും ഉണ്ട്, നിങ്ങളും ഉടനെ പുറപ്പെടുക' എന്നിങ്ങനെയായിരുന്നു സന്ദേശങ്ങള്‍. എന്നാല്‍ ഇതിന്റെ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല.
പടന്ന തെക്കേപ്പുറത്തുള്ള പറമ്പന്‍ അബ്ദുര്‍റഹ്മാന്റെ മക്കളാണ് കാണാതായ ഡോ. ഇജാസും ബി.ടെക് ബിരുദധാരിയായ ഷിഹാസും. ഇജാസ് റഷ്യയില്‍നിന്നാണ് വൈദ്യപഠനം പൂര്‍ത്തിയാക്കിയത്. ഷിഹാസ് ബാംഗ്ലൂരില്‍നിന്നും. രണ്ട് പേരും സുന്നി കുടുംബ പശ്ചാത്തലത്തിലാണ് വളര്‍ന്നത്. ആദ്യകാലങ്ങളില്‍ മത ചിട്ടകള്‍ പാലിക്കുന്നതില്‍ ഇവര്‍ വലിയ താല്‍പര്യം കാണിച്ചിരുന്നില്ല. മത രാഷ്ര്ടീയ സാമൂഹിക സംഘടനകളിലൊന്നിലും പ്രവര്‍ത്തിച്ചിരുന്നുമില്ല. ബാംഗ്ലൂരിലെ പഠനകാലത്താണ് ഷിഹാസ് സലഫി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു തുടങ്ങുന്നത്. വേഷത്തിലും ഇടപെടലുകളിലും തീവ്ര നിലപാടുകള്‍ പ്രകടമായിരുന്നു. ഇത് പിന്നെ ജ്യേഷ്ഠന്‍ ഇജാസിലേക്കും പകര്‍ന്നു. പ്രദേശത്തെ മുജാഹിദ് ഔദ്യോഗിക വിഭാഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ക്ക് ഈയടുത്ത കാലത്തായി മുജാഹിദ് ബാലുശ്ശേരി നേതൃത്വം നല്‍കുന്ന വിഭാഗവുമായിട്ടായിരുന്നു അടുപ്പം. ക്രമേണ അവര്‍ ഒരുതരം തീവ്ര ആത്മീയ ഉന്മാദാവസ്ഥയില്‍ എത്തിപ്പെട്ടു. ഡോ. ഇജാസ് ക്ലിനിക്കില്‍ ചെലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം പള്ളിയിലായിരുന്നു എന്ന് കൂടെ ജോലി ചെയ്തവര്‍ പറയുന്നു.
മതപഠന ക്ലാസുകള്‍ക്കാണെന്ന് പറഞ്ഞ് ഇടക്കിടെ സഹോദരന്മാര്‍ യാത്ര പോകാറുണ്ടായിരുന്നത്രെ. ഇത് കൂടുതലും കോഴിക്കോട്ടേക്കായിരുന്നു എന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ അഞ്ചിന് കോഴിക്കോട്ടേക്ക് എന്നു പറഞ്ഞാണ് പോയത്. പിന്നീട് ഫോണ്‍ വിളിച്ച് കൃഷി രീതികള്‍ പഠിക്കാന്‍ ശ്രീലങ്കയിലേക്ക് പോവുകയാണെന്ന് വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഇജാസിന്റെ ഭാര്യ പടന്നക്കാട് സ്വദേശി റുഫൈല, രണ്ടര വയസ്സുള്ള മകന്‍ ഹനാന്‍, ഷിഹാസിന്റെ ഭാര്യ അജ്മല എന്നിവരും കൂടെയുണ്ട്. ഇവരുടെ അയല്‍വാസിയായ ഹഫീസുദ്ദീനാണ് പോയ മറ്റൊരാള്‍. ദുബൈയില്‍ ഹോട്ടല്‍ വ്യാപാരിയും കെ.എം.സി.സി നേതാവുമായ ഹകീം ഹാജിയാണ് പിതാവ്. സുന്നി ആശയക്കാരനായ ഇദ്ദേഹം മകന്റെ തീവ്ര നിലപാടുകളില്‍ ഖിന്നനായിരുന്നു. ഇത് ഇവര്‍ തമ്മിലുള്ള ബന്ധങ്ങളെയും ബാധിച്ചിരുന്നുവത്രെ. അടുത്തിടെയാണ് ഹഫീസുദ്ദീന്റെ വിവാഹം നടന്നത്. ഭാര്യയെ കൂടെ കൊണ്ടുപോകാനുള്ള ഇദ്ദേഹത്തിന്റെ ശ്രമം വിഫലമാവുകയായിരുന്നു.
പടന്ന തെക്കേപ്പുറത്തുള്ള അശ്ഫാഖും ഭാര്യ ശാസിയയുമാണ് സംഘത്തിലുള്ള മറ്റു രണ്ട് പേര്‍ . ഇവരും സുന്നി പശ്ചാത്തലത്തില്‍ വളര്‍ന്ന് പിന്നീട് സലഫി സംഘടനയുമായി ബന്ധപ്പെട്ടവരാണ്. പടന്ന കാവുന്തലയിലെ മഹ്മൂദിന്റെ മകന്‍ മുര്‍ശിദ് ജൂണ്‍ നാലിന് ദുബൈയില്‍നിന്ന് മുംബൈയില്‍ എത്തിയതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചിരുന്നു. തബ്‌ലീഗിന് പോവുകയാണെന്നും രണ്ടാഴ്ച കഴിഞ്ഞേ നാട്ടിലേക്ക് വരികയുള്ളൂ എന്നും അറിയിച്ചിരുന്നു. പിന്നീട് ഒരു വിവരവും ഇല്ല. പടന്ന വടക്കേപ്പുറത്തെ സാജിദും ഷാര്‍ജയില്‍നിന്ന് മുംബൈയില്‍ എത്തിയതിനു ശേഷമാണ് അപ്രത്യക്ഷനായത്.
സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ ഉടുമ്പുന്തലയിലെ റാശിദ് അബ്ദുല്ല, തൃക്കരിപ്പൂരിലെ മഷാദ്, മര്‍വാന്‍, ഫിറോസ് എന്നിവരുടെയും കുടുംബ പശ്ചാത്തലം ഏറക്കുറെ സമാനമാണ്. കുടുംബാംഗങ്ങള്‍ മിക്കവരും സുന്നി ആശയക്കാരാണെങ്കിലും, ഇവര്‍ സജീവ മുജാഹിദ് പ്രവര്‍ത്തകരായിരുന്നു.
സാധാരണ കുടുംബത്തിലെ വലിയ മത വിദ്യാഭ്യാസമൊന്നും നേടാത്തവരാണ് പോയ ചെറുപ്പക്കാരില്‍ എല്ലാവരും. സലഫി പ്രസ്ഥാനവുമായി ബന്ധപ്പെട്ടതിനു ശേഷമാണ് ഇവരുടെ ജീവിത രീതികളില്‍ മാറ്റങ്ങള്‍ വന്നുതുടങ്ങിയത്. ക്രമേണയിത് തീവ്രചിന്താധാരയിലേക്ക് വഴിമാറി. ഒടുവില്‍ നിലവിലെ സാമൂഹിക ചുറ്റുപാടുകളുമായി ഒരു നിലക്കും പൊരുത്തപ്പെടാനാവാതെ ഇവരുടെ മനസ്സ് കലുഷിതമായിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തുന്നു. ആട് വളര്‍ത്തിയും ഒട്ടകപ്പാല്‍ കുടിച്ചും ജീവിച്ചാലേ സ്വര്‍ഗത്തിലെത്താനാകൂ എന്ന് വിശ്വസിച്ചു പോന്ന ഒരു വിഭാഗം സലഫികള്‍ മലപ്പുറം ജില്ലയിലെ അത്തിക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. ഇവര്‍ പിന്നീട് യമനിലെ ദമ്മാജ് എന്ന സ്ഥലത്തേക്ക് 'ഹിജ്‌റ' പോയത്രെ.
ഇപ്പോള്‍ നാടു വിട്ടവര്‍ക്ക് ഈ വിഭാഗങ്ങളുമായി ബന്ധമുണ്ടായിരുന്നതായി സംശയിക്കപ്പെടുന്നുണ്ട്. നിലവിലുള്ള എല്ലാ ഭൗതിക സംവിധാനങ്ങളും ദീന്‍ വിരുദ്ധമെന്ന് ഇവര്‍ വിശ്വസിച്ചുപോന്നു. വാഹനങ്ങള്‍ ഇന്‍ഷൂര്‍ ചെയ്തതിനാല്‍ അതിലുള്ള യാത്ര ഹറാമാണെന്നും കച്ചവട സ്ഥാപനങ്ങള്‍ ബാങ്കുമായി ബന്ധപ്പെടുന്നതിനാല്‍ അവ അനിസ്‌ലാമികമാണെന്നും അവര്‍ വാദിച്ചു. അതിനാല്‍ ഒരു നിലക്കും ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് രാജ്യത്തുള്ളത് എന്ന് ഇവര്‍ പറയാറുണ്ടായിരുന്നുവത്രെ.
ലൗകിക ജീവിതത്തോട് തീര്‍ത്തും വിരക്തി കാണിച്ചിരുന്ന ഇവര്‍ ആടുവളര്‍ത്തലിന്റെ പ്രാധാന്യത്തെ കുറിച്ച് വീട്ടുകാരോട് പറയാറുണ്ടായിരുന്നതായി ഹാഫിസുദ്ദീന്റെ പിതാവ് ഹകീം ഓര്‍ക്കുന്നു. ഇവര്‍ ഒരുതരം ഉന്മാദ സലഫിസത്തില്‍ ആകൃഷ്ടരായി യമനിലേക്കോ ശ്രീലങ്കയിലേക്കാ പോയിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പോയവരില്‍ മിക്കവരും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. തങ്ങളുടെ വിശ്വാസപ്രമാണമനുസരിച്ച് ജീവിക്കാന്‍ കഴിയുന്ന രാജ്യത്തേക്ക് ജോലി തേടി പോയിരിക്കാനുള്ള സാധ്യതയും പരിശോധിക്കപ്പെടേണ്ടതാണ്. അതിന് അവര്‍ക്കുള്ള സ്വാതന്ത്ര്യത്തെ നിഷേധിക്കാനുമാവില്ല. എന്നാല്‍ ഇവര്‍ രാജ്യം വിട്ടോ, എവിടേക്കാണ് കടന്നത് എന്നതിനെ കുറിച്ച് അന്വേഷണ സംഘത്തില്‍നിന്ന് വ്യക്തമായ വിവരങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല. തെഹ്‌റാനിലേക്ക് കടന്നു എന്ന വാര്‍ത്ത അന്വേഷണ ഏജന്‍സികളൊന്നും ഇനിയും സ്ഥിരീകരിച്ചിട്ടില്ല.
നേരത്തേ ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി ഇവര്‍ക്കെതിരെ ആരോപണമില്ല. എന്നാല്‍, കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവരുടെ നീക്കങ്ങള്‍ പോലീസും രഹസ്യാന്വേഷണ വിഭാഗവും നിരീക്ഷിച്ചുവരുന്നതായുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ഇവരോടൊപ്പം പ്രവര്‍ത്തിച്ചവര്‍ തന്നെ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. കാണാതായ വിവരം രക്ഷിതാക്കള്‍ പുറത്തുവിടുന്നതിനും ദിവസങ്ങള്‍ക്കു മുമ്പേ തന്നെ പോലീസും ഐ.ബി ഉദ്യോഗസ്ഥരും ഇവരുടെ വീടുകളിലും ജോലിസ്ഥലത്തും എത്തി അന്വേഷണം നടത്തിയതും ദുരൂഹമാണ്. എന്തെങ്കിലും തെളിവുകളുടെ ബലത്തിലാണോ ഈ നീക്കം എന്ന് ഇനിയും വ്യക്തമാക്കപ്പെട്ടിട്ടില്ല.
നാട്ടുകാരായ ചെറുപ്പക്കാരില്‍ ചിലരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതിന്റെ ഞെട്ടലിലാണ് തൃക്കരിപ്പൂര്‍, പടന്ന ഗ്രാമങ്ങള്‍. അവര്‍ ഐ.എസില്‍ ചേര്‍ന്നുവെന്ന് വിശ്വസിക്കാന്‍ ഇവര്‍ തയാറല്ല. ആരാധനാ കാര്യങ്ങളില്‍ കര്‍ക്കശ സ്വഭാവം പുലര്‍ത്തിയിരുന്ന ഇവരില്‍ തീവ്രവാദ സ്വഭാവം ഒട്ടും ഉണ്ടായിരുന്നില്ലെന്ന് വീട്ടുകാരും കൂട്ടുകാരും പറയുന്നു. വീട്ടിലെയും നാട്ടിലെയും സാഹചര്യവും ഇതിന് അനുകൂലമല്ല. ഏതെങ്കിലും തരത്തിലുള്ള ദുശ്ശീലങ്ങളോ ക്രിമിനല്‍ പശ്ചാത്തലമോ ഉള്ളവരല്ല ഇവരാരും. ആര്‍ക്കെതിരെയും പരാതികളോ കേസുകളോ നിലവിലില്ല. തീവ്ര നിലപാട് ആരോപിക്കപ്പെടുന്ന സംഘടനകളില്‍ ഇവര്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും അറിയാവുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു.
എങ്കിലും യഥാര്‍ഥ വസ്തുത പുറത്തു വരണം. കേരളത്തില്‍നിന്ന് ഐ.എസിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നു എന്നതിന് തെളിവ് വല്ലതും ലഭിച്ചിട്ടുണ്ടെങ്കില്‍ അത് അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷമാണ്. ഇസ്‌ലാമുമായി പുലബന്ധം പോലുമില്ലാത്ത അക്രമി സംഘത്തിലേക്ക് കേരളത്തില്‍നിന്ന് മുസ്‌ലിം ചെറുപ്പക്കാര്‍ ആകൃഷ്ടരാകുന്നു എന്ന വാര്‍ത്ത ഭീതിജനകമാണ്. ഇത് അണ്ണാക്ക് തൊടാതെ വിഴുങ്ങാന്‍ പ്രയാസമാണെങ്കിലും, സംശയിക്കപ്പെടുന്നുണ്ടെങ്കില്‍ പഴുതടച്ച അന്വേഷണം നടക്കണം.
ബഹുസ്വരതയെയും ഇസ്‌ലാമിന്റെ വിശാലമായ സാമൂഹിക വീക്ഷണത്തെയും പാടേ നിരാകരിക്കുന്ന പ്രവണത ഒടുവില്‍ അവിവേകത്തിലേക്ക് എത്തിപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
തങ്ങളുടെ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഇത്തരം നയ വൈകല്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അവരെ നിരീക്ഷിക്കാനും തിരുത്താനുമുള്ള ഉത്തരവാദിത്തം ബന്ധപ്പെട്ട സംഘടനകള്‍ക്കും അവയുടെ നേതൃത്വങ്ങള്‍ക്കുമുണ്ട്. പ്രാദേശിക നേതൃത്വവും മഹല്ല് സംവിധാനങ്ങളും കുറേകൂടി ജാഗ്രത്താവണം എന്ന മുന്നറിയിപ്പ് കൂടി നല്‍കുന്നുണ്ട് പുതിയ സംഭവ വികാസങ്ങള്‍.
ഇത്തരം വാര്‍ത്തകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ആധികാരികത ഉറപ്പുവരുത്തണം, മിതത്വം പാലിക്കണം എന്നൊക്കെ പ്രസ് കൗണ്‍സില്‍ തന്നെ നിര്‍ദേശിക്കുന്നുണ്ട് . എന്നാല്‍ ഇതൊന്നും പാലിക്കപ്പെടുന്നില്ല. എരിതീയില്‍ എണ്ണയൊഴിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുകയാണ് പത്രങ്ങളും ചാനലുകളും. സമൂഹത്തെ അരക്ഷിതാവസ്ഥയിലേക്ക് എത്തിക്കാനേ ഇത് ഉപകരിക്കൂ.
ഐ.എസ് ബന്ധം സ്ഥാപിക്കുന്ന ഒരു തെളിവും ഇതുവരേയും ലഭിച്ചിട്ടില്ലെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ വിശദീകരിക്കുമ്പോഴും അല്ല, എല്ലാ തെളിവുകളും തങ്ങളുടെ പക്കലുണ്ട് എന്ന വിധത്തില്‍ ഊഹങ്ങളെ ആഘോഷമാക്കി മാറ്റുകയാണ് മീഡിയ.
2008-ലെ 'ഹുബ്ലി ഭീകരവേട്ട' മറക്കാറായിട്ടില്ല. ലശ്കറെ ത്വയ്യിബയുടെ പരിശീലനകേന്ദ്രം കണ്ടെത്തി എന്നും നൂറുകണക്കിന് മലയാളി മുസ്‌ലിം യുവാക്കള്‍ ഇവിടെ പരിശീലനം നേടുന്നുണ്ട് എന്നുമായിരുന്നു വാര്‍ത്ത. കേട്ട പാതി കേള്‍ക്കാത്ത പാതി മലായളപത്രങ്ങളുള്‍പ്പെടെ സംഭവം ഏറ്റെടുത്തു, പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ആഘോഷമാക്കി. ദിവസങ്ങളോളം രാജ്യത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി. എന്നാല്‍ സത്യത്തിന്റെ കണിക പോലും അതിലുണ്ടായിരുന്നില്ലന്ന് പിന്നീട് തെളിഞ്ഞു.
ഏതോ കേന്ദ്രം പടച്ചുവിട്ട വ്യാജ വാര്‍ത്തയായിരുന്നു അത്. കൊണ്ടാടിയ മാധ്യമങ്ങള്‍ ഇളിഭ്യരായി പിന്മാറുമ്പോഴേക്കും സമുദായത്തിനും ചില സ്ഥാപനങ്ങള്‍ക്കും നേരെ സംശയത്തിന്റെ കാര്‍മേഘം ഉരുണ്ടുകൂടിയിരുന്നു എന്നത് മാത്രമായിരുന്നു മിച്ചം!
Comments