Prabodhanm Weekly

Pages

Search

2016 ജൂലൈ 22

2960

1437 ശവ്വാല്‍ 17

ഏക സിവില്‍കോഡിന് ഏകീകരിക്കാനാവുമോ ഇത്രമേല്‍ ഭിന്നമായ സംസ്‌കാരത്തെ?

സ്റ്റാഫ് ലേഖകന്‍

'ദേശീയോദ്ഗ്രഥനം നടക്കണമെങ്കില്‍ ഏക സിവില്‍കോഡ് നടപ്പാക്കണം. ഇത് കാലത്തിന്റെ തേട്ടമാണ്'- കഴിഞ്ഞ വര്‍ഷം കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡ നടത്തിയ പ്രസ്താവനയാണിത്. ഒപ്പം അദ്ദേഹം ഒരു കാര്യം കൂടി കൂട്ടിച്ചേര്‍ത്തു: 'ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും കൂടിയാലോചിച്ചും ആശയവിനിമയം നടത്തിയുമായിരിക്കും ഈ ദിശയിലേക്കുള്ള ഓരോ ചുവടുവെപ്പും.' ഇപ്പറഞ്ഞതിന് തീര്‍ത്തും വിരുദ്ധമായി, ഏക സിവില്‍കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിയമ കമീഷനോട് റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പ്രതിപക്ഷ പാര്‍ട്ടികളുമായോ എന്‍.ഡി.എയുടെ തന്നെ ഘടക കക്ഷികളുമായി പോലുമോ ഒരു ചര്‍ച്ചയും നടത്താതെയാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി റിപ്പോര്‍ട്ടും തേടി ഇറങ്ങിയിരിക്കുന്നത്. നിയമ കമീഷന്‍ അതിന്റെ പണി തുടങ്ങിക്കഴിഞ്ഞു എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന മുസ്‌ലിം, ബുദ്ധ, ജൈന, സിഖ്, പാഴ്‌സി, ക്രിസ്ത്യന്‍, ജൂത വ്യക്തിനിയമങ്ങളെ റദ്ദ് ചെയ്തുകൊണ്ടേ ഇത് സാധ്യമാവൂ. ഹിന്ദു വ്യക്തിനിയമത്തെയും ഹിന്ദുക്കളുടെ തന്നെ നിരവധി ഗോത്ര നിയമങ്ങളെയും റദ്ദ് ചെയ്യേണ്ടിവരും. ഈ വ്യത്യസ്ത മത വിഭാഗങ്ങളെയും ഗോത്ര വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് പോലുള്ള കൂട്ടായ്മകളെ ചര്‍ച്ചക്ക് ക്ഷണിക്കുകയോ വിശ്വാസത്തിലെടുക്കുകയോ ചെയ്യാതെ സംഘ്പരിവാര്‍ നടത്തുന്ന നീക്കങ്ങള്‍ തീര്‍ത്തും ദുരുദ്ദേശ്യപ്രേരിതമാണെന്ന് വ്യക്തം. കുത്സിതമായ രാഷ്ട്രീയ അജണ്ടകളാണ് ഇതിനു പിന്നില്‍.

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പത്രികയില്‍ ഏക സിവില്‍കോഡ് കൊണ്ടുവരുമെന്ന വാഗ്ദാനം എഴുതിച്ചേര്‍ത്തിരിക്കുന്നത് 'സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും സംരക്ഷണം' എന്ന തലക്കെട്ടിനു താഴെയാണ്. അതോടൊപ്പം പരാമര്‍ശിക്കപ്പെടുന്ന രണ്ട് വിഷയങ്ങള്‍ ഗോ സംരക്ഷണവും അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവുമാണ്. സംഘ്പരിവാര്‍ ശക്തികള്‍ ബാബരി മസ്ജിദ് തകര്‍ത്തത് രാജ്യത്തുണ്ടാക്കിയ സംഘര്‍ഷങ്ങളും വര്‍ഗീയ ചേരിതിരിവും എത്ര ബീഭത്സമാണെന്നതിന് നമ്മുടെ അനുഭവങ്ങള്‍ സാക്ഷി. പശു സംരക്ഷണത്തിന്റെ പേരിലാണ് നിരപരാധികളെ അടിച്ചുകൊല്ലുന്നതും കൊന്ന് മരത്തില്‍ കെട്ടിത്തൂക്കുന്നതുമൊക്കെ. അത്തരമൊരു 'പൈതൃക-സംസ്‌കാര സംരക്ഷണ' പരിപാടിയാണ് ഏക സിവില്‍കോഡ് നടപ്പാക്കുമെന്ന വാഗ്ദാനവും. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യു.പി തെരഞ്ഞെടുപ്പിന് മുന്നോടിയായി വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ കണ്ടുവെച്ച ആയുധം. യു.പിയിലെ ശാമിലി ജില്ലയില്‍ മുസ്‌ലിംകള്‍ ധാരാളമായി അധിവസിക്കുന്ന കൈരാനയില്‍നിന്ന് മുസ്‌ലിംകള്‍ പീഡിപ്പിക്കുന്നത് കാരണം ഹിന്ദുക്കള്‍ പലായനം ചെയ്യുന്നുവെന്ന സംഘ്പരിവാര്‍ കള്ളക്കഥ മാധ്യമങ്ങള്‍ പൊളിച്ച് കൈയില്‍ കൊടുത്തപ്പോള്‍ ഇനി അലീഗഢും ഏക സിവില്‍കോഡും സാകിര്‍ നായിക്കുമൊക്കെയാണ് ബാക്കിയുള്ളത്. ഇതില്‍ ഏത് കാലവും പയറ്റാന്‍ പറ്റിയത് ഏക സിവില്‍കോഡ് മാത്രം.

 

സംഘ്പരിവാറിന്റെ ഇരട്ടത്താപ്പ്

ഏക സിവില്‍കോഡിനു വേണ്ടി മുറവിളി കൂട്ടുന്ന സംഘ്പരിവാര്‍, തങ്ങളുടെ മുന്‍ഗാമികള്‍ ഹിന്ദു കോഡ് ബില്ലിനെ പോലും നഖശിഖാന്തം എതിര്‍ത്തവരാണെന്ന ചരിത്ര വസ്തുത സൗകര്യപൂര്‍വം മൂടിവെക്കുന്നു. വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം എന്നീ കാര്യങ്ങളില്‍ ധര്‍മശാസ്ത്രങ്ങളാണ് തങ്ങള്‍ പിന്തുടരുകയെന്നും ഗവണ്‍മെന്റ് കൊണ്ടുവരുന്ന പരിഷ്‌കരണങ്ങള്‍ തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്നുമായിരുന്നു അവരുടെ നിലപാട്. 1949-ല്‍ ആര്‍.എസ്.എസ്സിന്റെ നേതൃത്വത്തില്‍ അഖിലേന്ത്യാ ഹിന്ദു കോഡ് ബില്‍ വിരുദ്ധ സമിതി വരെ രൂപീകൃതമായി. ദ്വാരക ശങ്കരാചാര്യര്‍ മുതല്‍ ജനസംഘം നേതാവ് ശ്യാമപ്രസാദ് മുഖര്‍ജി വരെയുള്ളവര്‍ അതില്‍ അണിചേര്‍ന്നു. ഇവരുടെ എതിര്‍പ്പ് ശക്തമായി നിലനില്‍ക്കെ തന്നെയാണ് 1955-'56 കാലയളവില്‍ നെഹ്‌റു ഗവണ്‍മെന്റ് ഹിന്ദു വിവാഹ നിയമം, ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം, ദത്തെടുക്കല്‍ നിയമം എന്നിവ പാര്‍ലമെന്റില്‍ പാസ്സാക്കിയെടുത്തത്.

ഹിന്ദു കോഡ് ബില്‍ വിരുദ്ധ സമിതി നേതാക്കളിലൊരാളായ സ്വാമി കര്‍പാത്രിജി മഹാരാജ്, തന്റെയൊരു പ്രസംഗത്തില്‍ ഹിന്ദു കോഡ് പരിഷ്‌കരണത്തിന് മുന്‍കൈയെടുത്ത ബി.ആര്‍ അംബേദ്കറെ കടുത്ത ഭാഷയില്‍ ആക്ഷേപിക്കുന്നുണ്ട്. ബ്രാഹ്മണരുടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ പഴയ തൊട്ടുകൂടാത്തവന് എന്താണ് അവകാശം എന്നാണ് സ്വാമി ചോദിക്കുന്നത്. ഹിന്ദു വിഭാഗത്തിലെ തന്നെ കീഴാളരെയും അധഃസ്ഥിതരെയും അവരുടെ ആചാര സമ്പ്രദായങ്ങളെയും അംഗീകരിക്കാന്‍ സംഘ്പരിവാര്‍ തയാറല്ല എന്നര്‍ഥം. ഹിന്ദു മതത്തെ 'ബ്രാഹ്മണരുടെ കാര്യങ്ങള്‍' ആയി ചുരുക്കുന്നത് അതുകൊണ്ടാണ്. ഇതാണ് ഉള്ളിലിരിപ്പെങ്കില്‍, ഏത് ഏക സിവില്‍കോഡിനെക്കുറിച്ചാണ് സംഘ്പരിവാര്‍ സംസാരിക്കുന്നത്? സവര്‍ണരുടെ സംസ്‌കാരവും ആചാരാനുഷ്ഠാനങ്ങളും കീഴാളര്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും മേല്‍ അടിച്ചേല്‍പിക്കാനുള്ള നീക്കമാണിതെന്ന ആരോപണത്തെ എങ്ങനെയാണ് അവര്‍ നിഷേധിക്കുക?


നയംമാറ്റം സ്വാഗതാര്‍ഹം

ദേശീയോദ്ഗ്രഥനത്തിന് ഏകീകൃത സിവില്‍ കോഡ് അനിവാര്യം എന്ന വാദം സംഘ്പരിവാര്‍ ശക്തികളുടേത് മാത്രമായിരുന്നില്ല. സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകാരും പുരോഗമനവാദികളുമെല്ലാം ഒരുകാലത്ത് അതിന്റെ ശക്തരായ വക്താക്കളായിരുന്നു. കേരളത്തില്‍ ഇ.എം.എസ് നേതൃത്വം നല്‍കിയ ശരീഅത്ത് വിവാദം ഓര്‍ക്കാം. ശരീഅത്തിനെതിരായ കടന്നാക്രമണം എന്നതിലുപരി ഏക സിവില്‍കോഡിനു വേണ്ടിയുള്ള ആഹ്വാനം കൂടിയായിരുന്നു അത്. കേരളത്തില്‍ പില്‍ക്കാലത്ത് വേരുപിടിച്ച വര്‍ഗീയധ്രുവീകരണത്തിന് അത് ഇന്ധനം പകര്‍ന്നുവെന്ന് ചരിത്ര വിദ്യാര്‍ഥികള്‍ക്ക് സമ്മതിക്കാതിരിക്കാനാവില്ല. അപ്പോഴും തങ്ങള്‍ ഉശിരോടെ വാദിച്ചുകൊണ്ടിരുന്ന ഏക സിവില്‍കോഡിന്റെ അവ്യക്തമായ ഒരു രൂപരേഖ പോലും ഇടതുപക്ഷത്തിന്റെ കൈവശമുണ്ടായിരുന്നില്ല; ഇന്നുമില്ല. അതിനാല്‍ ഇടത്-വലതുപക്ഷങ്ങള്‍ മുന്നോട്ടുവെക്കുന്ന ഏക സിവില്‍കോഡുകള്‍ തമ്മിലുള്ള അന്തരം ആര്‍ക്കും പിടികിട്ടാതെ പോയതില്‍ അത്ഭുതമില്ല. ഫലത്തില്‍, സംഘ്പരിവാര്‍ അജണ്ടകള്‍ക്ക് ശക്തിപകരുന്നതായിപ്പോയി ഈ വിഷയത്തില്‍ ഇടതുപക്ഷം കഴിഞ്ഞ കാലങ്ങളിലെടുത്ത ഒട്ടും കൃത്യതയും വ്യക്തതയുമില്ലാത്ത സമീപനം.

വൈകിയാണെങ്കിലും അത്തരമൊരു അജണ്ടയെ പിന്തുണക്കുന്നതിലുള്ള അപകടം ഇന്ന് ഇടതുപക്ഷം തിരിച്ചറിയുന്നുണ്ട്. ഏക സിവില്‍കോഡ് വാദം തനി സംഘ്പരിവാര്‍ അജണ്ടയാണെന്ന് അവര്‍ തുറന്നുപറയാന്‍ തുടങ്ങിയിരിക്കുന്നു. ഏക സിവില്‍കോഡിന്റെ ശക്തരായ വക്താക്കളായിരുന്ന രാമചന്ദ്ര ഗുഹ, റോമില ഥാപ്പര്‍ തുടങ്ങിയ ഫാഷിസ്റ്റ് വിരുദ്ധ മുന്നണിയിലെ പ്രമുഖ ബുദ്ധിജീവികള്‍ മാറിയ രാഷ്ട്രീയ പരിതഃസ്ഥിതിയില്‍ വിഷയത്തെ മറ്റൊരു രീതിയിലാണ് സമീപിക്കുന്നത്. ശുഭോദര്‍ക്കമാണ് ഈ നിലപാടുമാറ്റം. ഇടതുപക്ഷത്തിന് ഏകീകൃത സിവില്‍കോഡ് കൊണ്ടുവരണമെന്നാണ് അഭിപ്രായമെങ്കില്‍, തങ്ങള്‍ മുന്നോട്ടുവെക്കുന്ന ആ കോഡിന്റെ കരടുരൂപമെങ്കിലും അവര്‍ സമര്‍പ്പിക്കേണ്ടതുണ്ട്. എന്നിട്ട് അതില്‍ ചര്‍ച്ച നടക്കട്ടെ. അല്ലാത്ത പക്ഷം സംഘ് അജണ്ടയായി അത് തെറ്റിദ്ധരിക്കപ്പെടും.

 

പുകമറകള്‍ സൃഷ്ടിക്കപ്പെടുന്നു

ഏഴുതരം വ്യക്തിനിയമങ്ങള്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും അതില്‍ മുസ്‌ലിം വ്യക്തിനിയമം മാത്രമേ ടാര്‍ഗറ്റ് ചെയ്യപ്പെടാറുള്ളൂ. അസത്യങ്ങളുടെയും അര്‍ധ സത്യങ്ങളുടെയും പുകമറ സൃഷ്ടിച്ചുകൊണ്ടാണ് ഈ കടന്നാക്രമണം അരങ്ങേറാറുള്ളത്. ഏക സിവില്‍കോഡിനെ എതിര്‍ക്കുന്നവര്‍ മുസ്‌ലിംകള്‍ മാത്രമാണെന്ന ധാരണ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത്തരം വാസ്തവ വിരുദ്ധമായ ആരോപണങ്ങളിലൊന്നാണ്, 1937 വരെ ഇന്ത്യയില്‍ ഹിന്ദുക്കളും മുസ്‌ലിംകളുമെല്ലാം പിന്തുടര്‍ന്നിരുന്നത് 'പൊതു ഹിന്ദു സിവില്‍കോഡ്' ആയിരുന്നു എന്നത്. പിന്നെ ബ്രിട്ടീഷുകാര്‍ മുസ്‌ലിം ലീഗുമായി ചേര്‍ന്ന് ഇന്ത്യയെ വര്‍ഗീയമായി ധ്രുവീകരിക്കാന്‍ മുസ്‌ലിം പേഴ്‌സണല്‍ ലോക്ക് രൂപം നല്‍കി എന്നും ആരോപകര്‍ വാദിക്കുന്നു. ചരിത്രപരമായി അബദ്ധമാണ് ഈ വാദം. 1937-നു മുമ്പ് വളറെക്കുറഞ്ഞ മുസ്‌ലിംകള്‍ മാത്രമേ പൊതു ഹിന്ദു സിവില്‍കോഡ് സ്വീകരിച്ചിരുന്നുള്ളൂ. കച്ചി മേമന്‍സ് ആക്ട് (1920), മുഹമ്മദന്‍ ഇന്‍ഹറിറ്റന്‍സ് ആക്ട് (1897) തുടങ്ങിയവയാണ് ബഹുഭൂരിപക്ഷം മുസ്‌ലിംകളും സ്വീകരിച്ചിരുന്നത്. ഏതു തെരഞ്ഞെടുക്കാനും ബ്രിട്ടീഷ് ഭരണത്തില്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു.

1790-ല്‍ ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍ കോണ്‍വാലീസ് ബംഗാളില്‍ ത്രിതല കോടതി സംവിധാനം സ്ഥാപിച്ചപ്പോള്‍, ഖാദിമാരെയും മുഫ്തിമാരെയും ബ്രിട്ടീഷ് ജഡ്ജിമാരെ സഹായിക്കുന്ന 'നിയമ ഉദ്യോഗസ്ഥര്‍' ആയി നിയമിച്ചിരുന്നു. കോണ്‍വാലീസിന് മുമ്പ് വാറന്‍ ഹേസ്റ്റിംഗ്‌സും 1772-ല്‍ 'മുഹമ്മദീയര്‍ക്ക് ഖുര്‍ആന്‍ അനുസരിച്ചും ഹിന്ദുക്കള്‍ക്ക് ശാസ്ത്രങ്ങള്‍ അനുസരിച്ചും ആയിരിക്കും മത നിയമങ്ങള്‍ തീരുമാനിക്കപ്പെടുക' എന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കാലങ്ങളായി നിലനില്‍ക്കുന്ന നിയമങ്ങളില്‍ ചില പരിഷ്‌കരണങ്ങള്‍ വരുത്തുക മാത്രമാണ് 1937-ലെ ശരീഅത്ത് നിയമത്തില്‍ ഉണ്ടായിട്ടുള്ളത്. ഇന്ത്യയെ വര്‍ഗീയമായി ധ്രുവീകരിക്കാനുള്ള ബ്രിട്ടീഷ് -മുസ്‌ലിം ലീഗ് ഗൂഢാലോചനയായി അതിനെ ചിത്രീകരിക്കാനുള്ള ശ്രമം ഹിന്ദുത്വ ശക്തികള്‍ക്ക് മാത്രമേ ഗുണം ചെയ്യൂ എന്ന് ഇനിയെങ്കിലും മതനിരപേക്ഷ കക്ഷികള്‍ തിരിച്ചറിയേണ്ടതുണ്ട്.

 

ബഹുസ്വരതയെ അംഗീകരിക്കുക

നെഹ്‌റുവും അംബേദ്കറുമൊക്കെ ഏക സിവില്‍കോഡിനു വേണ്ടി വാദിച്ചതുകൊണ്ടാവാം സോഷ്യലിസ്റ്റ് -പുരോഗമന വൃത്തങ്ങളില്‍ ആ വാദത്തിന് ശക്തമായ പിന്‍ബലം ലഭിച്ചത്. ആ വാദത്തെ അന്നത്തെ ചരിത്ര സന്ദര്‍ഭവുമായി ചേര്‍ത്തുവെക്കുന്നതായിരിക്കും കൂടുതല്‍ ഉചിതം. ഉപദേശീയതകളെയോ വംശീയ ബഹുത്വങ്ങളെയോ അംഗീകരിക്കാത്ത സോവിയറ്റ് മോഡല്‍ ഭരണക്രമം മനസ്സില്‍ താലോലിച്ചതുകൊണ്ടാവാം നെഹ്‌റു അങ്ങനെയൊരു നിലപാട് സ്വീകരിച്ചത്. സോവിയറ്റ് മാതൃക ഇന്ന് കാലഹരണപ്പെട്ടു. പുതുതായി സ്വാതന്ത്ര്യം ലഭിച്ച നാടുകളില്‍ കാണുന്ന എല്ലാറ്റിനെയും ഒരേ ചരടില്‍ കോര്‍ക്കാനുള്ള ആവേശം, ഇന്ത്യന്‍ ബഹുസ്വരതയെ വേണ്ടത്ര യാഥാര്‍ഥ്യബോധത്തോടെ കാണാന്‍ നെഹ്‌റുവിന് തടസ്സമായിട്ടുണ്ടാവണം. രാഷ്ട്ര നായകരും ബുദ്ധിജീവികളുമൊക്കെ വളരെയേറെ യാഥാര്‍ഥ്യബോധമുള്ളവരായിത്തീര്‍ന്ന ഇക്കാലത്ത്, മതപരവും വംശീയവുമായ ബഹുത്വങ്ങളെയും വൈജാത്യങ്ങളെയും അംഗീകരിക്കുകയാണ് ദേശീയോദ്ഗ്രഥനത്തിനുള്ള വഴിയെന്ന് സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. ഇന്ത്യന്‍ ഭരണഘടനയില്‍ തന്നെ അതിന് വേണ്ടുവോളം ഉദാഹരണങ്ങള്‍ ഉണ്ട്. ഖണ്ഡിക 371 അ-യും 371ഇയും നാഗാലാന്റ്-മിസോറാം സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും നല്‍കുന്നുണ്ടല്ലോ.

ഭരണഘടനയുടെ 44-ാം അനുഛേദത്തില്‍ പറയുന്ന ഏക സിവില്‍കോഡ് ഒരു മാര്‍ഗ നിര്‍ദേശക തത്ത്വം മാത്രമാണ്. അത് നടപ്പാക്കേണ്ട ബാധ്യത കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണായക പങ്കുവഹിച്ച വിവിധ ന്യൂനപക്ഷ സംഘടനകളുടെയും നേതാക്കളുടെയും അഭ്യര്‍ഥന മാനിച്ച് ഏക സിവില്‍കോഡ് വേണ്ടെന്നുവെച്ച ഭരണകൂടം, എതിരഭിപ്രായത്തിന് ഇടം അനുവദിക്കുക എന്ന നിലക്ക് മാത്രമാണ് മാര്‍ഗനിര്‍ദേശക തത്ത്വമായി അതിനെ നിലനിര്‍ത്തിയത്. അത് നടപ്പാക്കുന്ന പക്ഷം ഏതു മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും ഭരണഘടനയുടെ 25-ാം ഖണ്ഡിക നല്‍കുന്ന മൗലികാവകാശം ഹനിക്കപ്പെടുകയാണ് ചെയ്യുക. വര്‍ഗീയ കക്ഷികള്‍ അത്തരമൊരു മാര്‍ഗനിര്‍ദേശക തത്ത്വത്തെ നിരന്തരമായി രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുമ്പോള്‍ ഭരണഘടനയില്‍ ആ പരാമര്‍ശം ഇനിയും നിലനിര്‍ത്തേണ്ടതുണ്ടോ എന്നും ചര്‍ച്ച ചെയ്യാവുന്നതാണ്. വരാനിരിക്കുന്ന വര്‍ഷകാല പാര്‍ലമെന്റ് സമ്മേളനത്തില്‍ കോണ്‍ഗ്രസ്,  ജനതാദള്‍-യു, ആര്‍.ജെ.ഡി, മുസ്‌ലിം ലീഗ് തുടങ്ങിയ കക്ഷികള്‍ വിഷയം ശക്തമായിത്തന്നെ ഉന്നയിച്ചേക്കും. ഇതൊരു സാമുദായിക പ്രശ്‌നമായി ചുരുക്കിക്കെട്ടാതെ, ബഹുസ്വരതക്കെതിരെയുള്ള ഫാഷിസ്റ്റ് അജണ്ടയായി തുറന്നുകാട്ടാനും മതനിരപേക്ഷമായി ചിന്തിക്കുന്ന മുഴുവനാളുകളെയും ഒപ്പം കൂട്ടാനും മുസ്‌ലിം കൂട്ടായ്മകള്‍ക്കും സാധിക്കേണ്ടതുണ്ട്. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ /43-46
എ.വൈ.ആര്‍