Prabodhanm Weekly

Pages

Search

2016 ജൂലൈ 22

2960

1437 ശവ്വാല്‍ 17

സ്വഹാബിമാരുടെ പൈതൃകം

അശ്‌റഫ് കീഴുപറമ്പ്

അഹ്‌സാബ് യുദ്ധം കഴിഞ്ഞ് മടങ്ങുമ്പോള്‍ പ്രവാചകന്‍ ഒരു സംഘത്തോട് പറഞ്ഞു: ''ബനൂഖുറൈള ഗോത്രക്കാരുടെ വാസസ്ഥലത്തെത്തിയിട്ടല്ലാതെ നിങ്ങള്‍ അസ്വ്ര്‍ നമസ്‌കരിക്കരുത്.'' വഴിമധ്യേ അസ്വ്‌റിന്റെ സമയമായി. അപ്പോള്‍ സംഘത്തിലെ ഒരു കൂട്ടര്‍ പറഞ്ഞു: ''അസ്വ്‌റിന്റെ സമയമായെങ്കിലും ഇപ്പോള്‍ നമസ്‌കരിക്കരുത്. ബനൂ ഖുറൈളക്കാരുടെ അടുത്തെത്തിയിട്ടേ അത് നിര്‍വഹിക്കാവൂ എന്ന് പ്രവാചകന്‍ പറഞ്ഞിട്ടുള്ളതാണല്ലോ.'' മറ്റൊരു കൂട്ടര്‍ പറഞ്ഞത് ഇങ്ങനെ:  ''ഇപ്പോള്‍ നമസ്‌കരിക്കുകയാണ് നല്ലത്. കാരണം നിങ്ങള്‍ അവിടെച്ചെന്നേ നമസ്‌കരിക്കാവൂ എന്നല്ല, നിങ്ങള്‍ ധൃതിയില്‍ പോകണം എന്നേ നബി ഉദ്ദേശിച്ചിട്ടുള്ളൂ.'' ഈ സംഭവം പിന്നീട് പ്രവാചകന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ രണ്ട് കൂട്ടരുടെയും നിലപാടുകളെ അവിടുന്ന് അംഗീകരിക്കുകയാണ് ചെയ്തത്. ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഹദീസില്‍ വന്നതാണ് ഈ സംഭവം. 'അസ്വ്‌റിന്റെ സമയം കഴിഞ്ഞുപോയാലും പ്രവാചകന്‍ പറഞ്ഞതേ ഞങ്ങള്‍ ചെയ്യൂ' എന്ന് ഒന്നാമത്തെ വിഭാഗം പറഞ്ഞതായി മുസ്‌ലിമിന്റെ നിവേദനത്തില്‍ കൂടുതലായി വന്നിട്ടുണ്ട്.

രണ്ട് കൂട്ടരുടെ പ്രവൃത്തികളെയും പ്രവാചകന്‍ അംഗീകരിച്ചിട്ടുള്ളതിനാല്‍ ഏത് ശരി, ഏത് തെറ്റ് എന്ന ചോദ്യം ഉത്ഭവിക്കുന്നില്ല. പക്ഷേ, പ്രവാചക നിര്‍ദേശത്തിന്റെ ആത്മാവ് ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചവര്‍ രണ്ടാമത്തെ വിഭാഗമാണെന്ന് പറയേണ്ടിവരും. അസ്വ്‌റിന്റെ സമയമാവുമ്പോഴേക്കും ബനൂഖുറൈളയില്‍ എത്തുന്ന വിധം വേഗതയില്‍ നിങ്ങള്‍ പോകണം എന്നാണ് നബി ഉദ്ദേശിച്ചതെന്ന് അന്നത്തെ അടിയന്തര സാഹചര്യം കണക്കിലെടുത്താല്‍ വ്യക്തമാവും. വാക്കുകളുടെ പ്രത്യക്ഷാര്‍ഥമല്ല അവിടെ ഉദ്ദേശിച്ചിട്ടുള്ളത്. പ്രത്യക്ഷാര്‍ഥമെടുത്താല്‍, അസ്വ്‌റിന്റെ സമയം കഴിഞ്ഞ് പോയാലും ബനൂഖുറൈളയില്‍ എത്തിയിട്ടേ അത് നിര്‍വഹിക്കേണ്ടതുള്ളൂ. ഏതൊരു നിര്‍ദേശത്തിന്റെയും പൊരുളും ഉേദ്ദശ്യവും തിരിച്ചറിഞ്ഞാണ് പ്രവാചകന്റെ കാലത്തും അനുയായികള്‍ പ്രവര്‍ത്തിച്ചിരുന്നത് എന്നതിന് തെളിവാണ് ഈ സംഭവം. സ്വാഭാവികമായും ഭൂരിഭാഗം പണ്ഡിതന്മാരും രണ്ടാമത്തെ വിഭാഗത്തെ പിന്തുണക്കുന്നവരാണ്. ഇബ്‌നുല്‍ ഖയ്യിം എഴുതുന്നു: ''ഇരു കൂട്ടരുടെയും പ്രവൃത്തികള്‍ സദുദ്ദേശ്യപ്രേരിതമായതിനാല്‍ അവ പ്രതിഫലാര്‍ഹമാണ്. എന്നാല്‍, വഴിമധ്യേ നമസ്‌കരിച്ചവര്‍ക്ക് രണ്ട് പുണ്യങ്ങളുണ്ട്. ഒന്ന്, ധൃതിയില്‍ പോകണം എന്ന നബി നിര്‍ദേശത്തെ അവര്‍ ഉള്‍ക്കൊണ്ടതിനാല്‍. രണ്ട്, നമസ്‌കാരം അതിന്റെ യഥാസമയത്തു തന്നെ നിര്‍വഹിച്ചതിനാല്‍. എന്നാല്‍ നമസ്‌കാരം പിന്തിച്ചവരെ നബി വിമര്‍ശിക്കാതിരുന്നത് പ്രത്യക്ഷാര്‍ഥമെടുത്താല്‍ അവര്‍ പറയുന്നതിലും ന്യായമുണ്ടല്ലോ എന്നതിനാലാണ്.''1  നമസ്‌കാരം പിന്തിച്ചവര്‍ വിമര്‍ശിക്കപ്പെടാതിരുന്നത് അവര്‍ക്ക് ഒഴികഴിവുണ്ടായിരുന്നു എന്നതിനാല്‍ മാത്രമാണെന്ന് ഈ വിഭാഗം പണ്ഡിതന്മാര്‍ വ്യാഖ്യാനിക്കുന്നു. അക്ഷരവായന നടത്തുന്ന ളാഹിരി വിഭാഗത്തിന്റേത് തീര്‍ത്തും ഭിന്നമായ വ്യാഖ്യാനമാണ്. ഇബ്‌നു ഹസം എഴുതുന്നു: ''ബനൂഖുറൈള സംഭവത്തില്‍ ഞങ്ങള്‍ സന്നിഹിതരായിരുന്നെങ്കില്‍ അവിടെ എത്തിയിട്ടേ ഞങ്ങള്‍ നമസ്‌കരിക്കുമായിരുന്നുള്ളൂ; അത് അര്‍ധരാത്രി കഴിഞ്ഞിട്ടാണെങ്കിലും ശരി.''2  പ്രമുഖ സ്വഹാബിമാരൊന്നും ഇങ്ങനെ അക്ഷരവായന നടത്തിയവരായിരുന്നില്ലെന്നും, പ്രമാണങ്ങളുടെ പൊരുളും ലക്ഷ്യവുമാണ് അവര്‍ അന്വേഷിച്ചിരുന്നതെന്നും ചരിത്രം നമുക്ക് പറഞ്ഞുതരും.

പ്രവാചകന്‍ ജീവിച്ചിരിക്കെ അദ്ദേഹവുമായി സഹവസിക്കുകയും അദ്ദേഹത്തില്‍നിന്ന് നേരിട്ട് ഇസ്‌ലാം പഠിക്കുകയും ചെയ്തവരാണ് സ്വഹാബിമാര്‍ അഥവാ പ്രവാചകാനുചരന്മാര്‍. ഖുര്‍ആന്‍ അവതരണത്തിന് അവര്‍ സാക്ഷികളാണ്. ഏതൊക്കെ സന്ദര്‍ഭങ്ങളിലാണ് ഖുര്‍ആന്‍ അവതരിച്ചതെന്ന് അവര്‍ക്ക് നന്നായറിയാം. ഖുര്‍ആനിക മൂല്യങ്ങളുടെ സാക്ഷാത്കാരമായ പ്രവാചക ജീവിതത്തെ അവര്‍ അനുഭവിച്ചതുപോലെ മറ്റൊരു വിഭാഗത്തിനും അനുഭവിക്കാനാവില്ല. ഖുര്‍ആന്റെയും പ്രവാചക ചര്യയുടെയും പൊരുളും സമുന്നത ലക്ഷ്യങ്ങളും അവര്‍ക്കറിയാവുന്നതുപോലെ മറ്റാര്‍ക്കും അറിയില്ല. അതിനാല്‍, പ്രവാചകന്റെ മരണശേഷം സ്വഹാബിമാര്‍, പ്രത്യേകിച്ച് നാല് ഖലീഫമാര്‍ കൈക്കൊണ്ട നിലപാടുകള്‍ക്ക് ഇസ്‌ലാമിക ശരീഅത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. നിയമനിര്‍ധാരണത്തിന്റെയും ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെയുമൊക്കെ ആദ്യ വക്താക്കള്‍ സ്വഹാബികള്‍ ആയിരുന്നതുപോലെ, മഖാസ്വിദുശ്ശരീഅയുടെയും ആദ്യ വക്താക്കള്‍ സ്വഹാബികള്‍ തന്നെ.

പരമ്പരാഗത ഫിഖ്ഹിന് ഇസ്‌ലാമിക പ്രമാണങ്ങളുടെ സമുന്നത ലക്ഷ്യങ്ങളുമായി ബന്ധം നഷ്ടപ്പെട്ടുകൊണ്ടിരുന്ന നാളുകളില്‍ അന്ദുലൂസിലെ ഏതോ കോണിലിരുന്ന് ഹിജ്‌റ എട്ടാം നൂറ്റാണ്ടിന്റെ അവസാനം 'അല്‍മുവാഫഖാത്ത്' എന്ന കൃതിയിലൂടെ മഖാസ്വിദുശ്ശരീഅക്ക് ഒരു സമഗ്ര രൂപരേഖ സമര്‍പ്പിക്കുമ്പോള്‍ തന്റെ കണ്ടെത്തലുകളെ പരമ്പരാഗത പണ്ഡിത വിഭാഗം തള്ളിക്കളയുമോ എന്ന ആശങ്ക ഇമാം ശാത്വിബിക്കുണ്ടായിരുന്നു. അവരോട് അദ്ദേഹം പറയുന്നത്, സ്വഹാബിമാരുടെയും അവരുടെ പിന്മുറക്കാരുടെയും രീതിശാസ്ത്രം താന്‍ കണ്ടെടുക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നാണ്: ''ശരീഅത്തിന്റെ മര്‍മമറിഞ്ഞവരാണ് സ്വഹാബിമാര്‍. അതിന്റെ നിര്‍ധാരണ തത്ത്വങ്ങള്‍ അവരാണ് വികസിപ്പിച്ചതും അവക്ക് സ്ഥിരപ്രതിഷ്ഠ നല്‍കിയതും. അവരുടെ ചിന്തകള്‍ അതിന്റെ ദൃഷ്ടാന്തങ്ങളിലൂടെ സഞ്ചരിച്ചു. അതിന്റെ അസ്തിവാരങ്ങളും ലക്ഷ്യങ്ങളും നിര്‍ണയിക്കാന്‍ അവര്‍ കഠിനാധ്വാനം നടത്തുകയും ചെയ്തു.''3 ശാത്വിബിക്ക് തൊട്ടു മുമ്പ് ജീവിച്ച ഇബ്‌നുല്‍ ഖയ്യിമും ഇക്കാര്യം അടിവരയിടുന്നുണ്ട്: ''പ്രവാചകന്റെ ഉദ്ദേശ്യങ്ങള്‍ ഏറ്റവും നന്നായറിയുന്നവരും അവ കണിശമായി പിന്തുടരുന്നവരുമാണ് സ്വഹാബിമാര്‍. പ്രവാചക വചനങ്ങളുടെയും കര്‍മങ്ങളുടെയും പൊരുളും ഉദ്ദേശ്യവുമറിയാന്‍ അവര്‍ മൂളിപ്പറന്നുകൊണ്ടിരിക്കും. പ്രവാചകന്റെ ഉദ്ദേശ്യം വ്യക്തമായിക്കഴിഞ്ഞാല്‍ സ്വഹാബിമാരില്‍ ഒരാളും പിന്നെ മറ്റൊരു ദിശയില്‍ സഞ്ചരിക്കില്ല, ഒരിക്കലും.''4

ശാത്വിബി തന്നെ നല്‍കിയ ചില ഉദാഹരണങ്ങള്‍ പരിശോധിക്കാം. അബൂബക്ര്‍ സിദ്ദീഖിന്റെ ഭരണകാലം. പല ഭാഗത്തും യുദ്ധങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഖുര്‍ആനും നബിചര്യയും നന്നായി അറിയുന്ന സ്വഹാബിമാര്‍ ആ യുദ്ധങ്ങളില്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു. യമാമ യുദ്ധത്തില്‍ മാത്രം ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ എഴുപത് സ്വഹാബിമാരാണ് രക്തസാക്ഷികളായത്. ആ സന്ദര്‍ഭത്തില്‍ ഖുര്‍ആന്‍ ഒരൊറ്റ ഏടായി ക്രോഡീകരിച്ചിട്ടില്ല. പലയിടങ്ങളിലായി അവ സൂക്ഷിക്കപ്പെട്ടിരിക്കുകയാണ്. മുഖ്യ സൂക്ഷിപ്പ് മനഃപാഠം തന്നെ. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ സ്വഹാബിമാര്‍ കൂട്ടത്തോടെ വധിക്കപ്പെടുന്നത് ഖുര്‍ആന്റെ സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കില്ലേ? ഈ ചിന്ത ഉമറുബ്‌നുല്‍ ഖത്താബി(റ)നെ വല്ലാതെ അലട്ടി. അദ്ദേഹം നേരെ ഖലീഫ അബൂബക്ര്‍ സിദ്ധീഖിനെ ചെന്ന് കണ്ട് തന്റെ ആശങ്കകള്‍ പങ്കുവെച്ചു. ഖുര്‍ആന്‍ മനഃപാഠമുള്ളവര്‍ മരിച്ചുതീരുകയാണ്. ഖുര്‍ആനാണെങ്കില്‍ ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിച്ചിട്ടുമില്ല. പലതരം ഭിന്നതകള്‍ക്ക് ഇത് കാരണമാകും. അതിനാല്‍ എത്രയും പെട്ടെന്ന് ഖുര്‍ആന്‍ ക്രോഡീകരിക്കണം.

നബി(സ) ചെയ്യാത്തത് നാമെങ്ങനെ ചെയ്യും? ഇതായിരുന്നു ഖലീഫയുടെ തിരിച്ചുള്ള ചോദ്യം. ഉമറിന്റെ മറുപടി ഇങ്ങനെ: ''അല്ലാഹുവാണ, അതിലാണല്ലോ നന്മയുള്ളത്.'' പ്രവാചകന്‍ ചെയ്തില്ലെന്നതു ശരി. പക്ഷേ, ഇപ്പോഴത് ചെയ്യാന്‍ സാഹചര്യം നമ്മെ നിര്‍ബന്ധിക്കുന്നു. അല്ലെങ്കില്‍ ഖുര്‍ആന്റെ സംരക്ഷണം അപകടത്തിലാവും. ഈ ആവശ്യവുമായി ഒന്നിലധികം തവണ ഉമര്‍(റ), അബൂബക്ര്‍ സിദ്ദീഖി(റ)നെ കണ്ടു എന്നാണ് ചരിത്രം പറയുന്നത്. യഥാര്‍ഥത്തില്‍, 'അതിലാണല്ലോ നന്മയുള്ളത്' എന്ന് ഉമര്‍ പറഞ്ഞുകൊണ്ടിരുന്നപ്പോള്‍, ഒരു ഖുര്‍ആനിക തത്ത്വമാണ് അദ്ദേഹം ഓര്‍മിപ്പിച്ചുകൊണ്ടിരുന്നത്: '' സത്യവിശ്വാസികളേ.... നന്മ ചെയ്തുകൊണ്ടിരിക്കുക; നിങ്ങള്‍ വിജയികളായേക്കും'' (അല്‍ഹജ്ജ് 77). ഒടുവില്‍ ഖലീഫക്ക് കാര്യം ബോധ്യപ്പെട്ടു. അങ്ങനെയാണ് സൈദുബ്‌നു സാബിതിന്റെ നേതൃത്വത്തില്‍ ഖുര്‍ആന്‍ ക്രോഡീകരിക്കപ്പെടുന്നത്. ഇസ്‌ലാമിന് ചെയ്ത എത്ര വലിയ സേവനമായിരുന്നു ഈ പ്രവൃത്തി! എന്നാല്‍ പ്രമാണങ്ങളിലെ വരികള്‍ പരതിയാല്‍ ക്രോഡീകരിക്കണമെന്ന നിര്‍ദേശം വന്നിട്ടുണ്ടോ? ഇല്ല എന്ന് ഉറപ്പിച്ചു പറയാം. അതുകൊണ്ടാണ് ഖലീഫ അബൂബക്ര്‍ തുടക്കത്തില്‍ സംശയിച്ചുനിന്നത്. പക്ഷേ, ഇസ്‌ലാമിക സമൂഹത്തിന്റെ പൊതുതാല്‍പര്യം, ഖുര്‍ആന്‍ എത്രയും വേഗം ക്രോഡീകരിക്കപ്പെടണം എന്നതുതന്നെയായിരുന്നു. അക്ഷരങ്ങളില്‍ കടിച്ചുതൂങ്ങാതെ (ആ നിലക്ക് നോക്കിയാല്‍ ഇതിനെ 'ബിദ്അത്തി'ന്റെ ഗണത്തില്‍ എളുപ്പം പെടുത്താന്‍ കഴിയും), പൊതു താല്‍പര്യവും ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങളും പരിഗണിച്ചുള്ള ഇസ്‌ലാമിക ചരിത്രത്തിലെ ശ്രദ്ധേയ ചുവടുവെപ്പാണ് ഖുര്‍ആന്‍ ക്രോഡീകരണം എന്ന് കാണാനാവും.

പ്രവാചകന്‍ ഇഹലോകത്തുനിന്ന് വിടവാങ്ങുന്നതിന് തൊട്ടു മുമ്പ് ഒട്ടേറെ നിര്‍ദേശങ്ങള്‍ തന്റെ അനുയായികള്‍ക്ക് നല്‍കിയിരുന്നു. അതിലൊന്നും തനിക്കു ശേഷം ഇസ്‌ലാമിക സമൂഹത്തിന്റെ നേതൃത്വം ആര്‍ക്കായിരിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ സൂചനകളുണ്ടായിരുന്നില്ല. പക്ഷേ പ്രവാചകന്റെ ജനാസ മറമാടുന്നതിനു മുമ്പു തന്നെ ഇസ്‌ലാമിക സമൂഹം ഏറ്റെടുത്ത ആദ്യ ദൗത്യം ഒരു നേതാവിനെ തെരഞ്ഞെടുക്കുക എന്നതായിരുന്നു. ഇസ്‌ലാമിക സമൂഹത്തിന്റെ പൊതു താല്‍പര്യങ്ങളും (മസ്വാലിഹ്) ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങളും (മഖാസ്വിദ്) മുന്നില്‍വെക്കുമ്പോള്‍ അതാണ് അടിയന്തര പ്രാധാന്യമുള്ളത് എന്ന് ഏവര്‍ക്കും ബോധ്യപ്പെട്ടിരുന്നു. ഖലീഫ അബൂബക്‌റിന്റെ ഭരണാധികാരിയെന്ന നിലക്കുള്ള ആദ്യ സുപ്രധാന തീരുമാനത്തിലും ഇത് കാണാം. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ പരിധിയില്‍ താമസിക്കുന്ന ഒരു വിഭാഗം ഇനിമേല്‍ ഞങ്ങള്‍ ഭരണകൂടത്തിന് സകാത്ത് നല്‍കില്ലെന്ന് പ്രഖ്യാപിച്ചപ്പോള്‍, അവര്‍ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തുകയായിരുന്നു ഖലീഫ. ഉമറുബ്‌നുല്‍ ഖത്ത്വാബിന് പോലും ഇത് ആദ്യം ഉള്‍ക്കൊള്ളാനായില്ല. സകാത്ത് നല്‍കാത്തവര്‍ക്കെതിരെ വാളെടുക്കാനുള്ള നിര്‍ദേശം ഖുര്‍ആനിലോ ഹദീസിലോ കാണാനാവില്ല. പക്ഷേ, സകാത്ത്‌നിഷേധം കേവലം സകാത്ത്‌നിഷേധമല്ലെന്നും അതിന്റെ മറപിടിച്ച് ഉരുണ്ടുകൂടുന്ന കലാപശ്രമങ്ങളാണെന്നും ഒന്നാം ഖലീഫ തിരിച്ചറിഞ്ഞു; മൃദുസമീപനം സ്വീകരിച്ചാല്‍ ഇസ്‌ലാമികസമൂഹത്തിന്റെ നിലനില്‍പു തന്നെ അപകടത്തിലാവുമെന്നും. അപ്പോഴത് അതിക്രമവും അരാജകത്വവും (ഫസാദ്) സൃഷ്ടിക്കാനുള്ള ശ്രമമാണ്. ഇക്കാര്യം മറ്റു സ്വഹാബിമാര്‍ക്കും താമസിയാതെ ബോധ്യപ്പെട്ടു.

മൂന്നാം ഖലീഫ ഉസ്മാനുബ്‌നു അഫ്ഫാന്റെ ഭരണകാലത്ത് നബിപത്‌നി ഹഫ്‌സയുടെ കൈവശമുണ്ടായിരുന്ന ഖുര്‍ആന്റെ ഒറിജിനല്‍ പ്രതി കോപ്പിയെടുത്ത് ഇസ്‌ലാമിക രാഷ്ട്രത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയക്കാനും പ്രചാരത്തിലുള്ള മറ്റു കോപ്പികളൊക്കെ നശിപ്പിച്ചുകളയാനും അദ്ദേഹം ഉത്തരവിട്ടത് ഖുര്‍ആന്റെ സംരക്ഷണം ഉറപ്പാക്കാനും ഭിന്നതകള്‍ തലപൊക്കാതിരിക്കാനുമായിരുന്നു. അലഞ്ഞു നടക്കുന്ന ഒട്ടകങ്ങളെ പിടികൂടി വില്‍ക്കാനും ആ സംഖ്യ പൊതുഖജനാവില്‍ നിക്ഷേപിക്കാനും ഉടമസ്ഥര്‍ വരുന്ന പക്ഷം ആ സംഖ്യ അവര്‍ക്ക് കൊടുക്കാനും ഉത്തരവിട്ടത് അദ്ദേഹത്തിന്റെ ഭരണകാലത്ത് നടന്ന മറ്റൊരു സംഭവമാണ്. അലഞ്ഞു നടക്കുന്ന ഒട്ടകങ്ങളെ വെറുതെ വിടണമെന്നും പിടികൂടരുതെന്നും നബി(സ) നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്. പക്ഷേ, ഉസ്മാന്‍(റ) ഭരണാധികാരിയായിരിക്കെ അത്തരം ഒട്ടകങ്ങള്‍ കണ്ടമാനം വര്‍ധിക്കുകയും സമൂഹത്തിന് ശല്യമായിത്തീരുകയും ചെയ്തപ്പോഴാണ് അദ്ദേഹം ഈ നിലപാടെടുത്തത്. വ്യക്തിയുടെ സമ്പത്ത് സംരക്ഷിക്കുക എന്ന ദീനീതാല്‍പര്യം പൂര്‍ത്തീകരിക്കുന്നതിന് മാറിയ പരിതഃസ്ഥിതിയില്‍ അദ്ദേഹം പുതിയൊരു രീതി സ്വീകരിക്കുകയായിരുന്നു. നാലാം ഖലീഫ അലി(റ)യുടെ വാക്കുകളിലും പ്രവൃത്തികളിലും ഇതുപോലുള്ള നിലപാടുമാറ്റങ്ങള്‍ കാണാം. കള്ളുകുടിയനെ എണ്‍പത് അടി അടിക്കാന്‍ അദ്ദേഹം ഉത്തരവിട്ടത് ഉദാഹരണം. പ്രമാണങ്ങള്‍ പരതിയാല്‍ ഇതിന് തെളിവ് കണ്ടെത്താനാവുകയില്ല. അദ്ദേഹത്തിന്റെ ന്യായം ഇതാണ്: മദ്യം കഴിച്ചാല്‍ ലഹരി ബാധിക്കും, ലഹരി ബാധിച്ചാല്‍ സ്വബോധം നഷ്ടപ്പെടും, സ്വബോധം നഷ്ടപ്പെട്ടവന്‍ മറ്റുള്ളവര്‍ക്കെതിരെ കള്ളാരോപണങ്ങള്‍ ഉന്നയിക്കും. ഇസ്‌ലാമില്‍ കള്ളാരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കുള്ള ശിക്ഷ എണ്‍പത് അടിയാണല്ലോ. ഇതുപോലുള്ള മഖാസ്വിദീ ചിന്തകളാലും അന്വേഷണങ്ങളാലും സമൃദ്ധമാണ് സച്ചരിതരായ ഖലീഫമാരുടെ ഭരണകാലം.

 

'മഖാസ്വിദീ ഗവേഷകരുടെ സര്‍വകാല ഗുരു'

ഈ വിശേഷണത്തിന് അര്‍ഹന്‍ മറ്റാരുമല്ല, സാക്ഷാല്‍ ഉമറുബ്‌നുല്‍ ഖത്ത്വാബ്(റ). അബൂബക്ര്‍(റ) കുറഞ്ഞ കാലമേ അധികാരത്തിലുണ്ടായിരുന്നുള്ളൂ; രണ്ട് വര്‍ഷത്തില്‍ താഴെ കാലയളവ് മാത്രം. നേരത്തേ സൂചിപ്പിച്ച സകാത്ത്‌നിഷേധികളുടെ കലാപം അമര്‍ച്ച ചെയ്യുന്നതില്‍ മുഴു ശ്രദ്ധയും കേന്ദ്രീകരിക്കേണ്ടിവന്നു അദ്ദേഹത്തിന്. ഉമര്‍(റ) ഭരണം ഏറ്റെടുക്കുമ്പോഴേക്കും രാഷ്ട്രം ആഭ്യന്തര ഭദ്രത കൈവരിച്ചുകഴിഞ്ഞിരുന്നു. ചുറ്റുമുള്ള പല നാടുകളും ഇസ്‌ലാമിക രാഷ്ട്രത്തിന്റെ കീഴില്‍ വരികയും ചെയ്തു. പലതരം പാരമ്പര്യങ്ങളും സംസ്‌കാരങ്ങളും വെച്ചു പുലര്‍ത്തിയിരുന്ന ജനവിഭാഗങ്ങള്‍ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഭാഗമായതോടെ മുമ്പില്ലാത്ത ധാരാളം പ്രശ്‌നങ്ങളും തലപൊക്കി. അവയെ ഇസ്‌ലാമികമായി അഭിമുഖീകരിക്കേണ്ടിയിരുന്നു. പുതിയ സംഭവങ്ങളെയും പ്രവണതകളെയും പഠിച്ച് പരിഹാരം നിര്‍ദേശിക്കുന്ന ഒരു ജ്ഞാനശാഖ -ഫിഖ്ഹുന്നവാസില്‍- അങ്ങനെ രൂപം കൊണ്ടു.

ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ ഭരണകാലം മഖാസ്വിദീഗവേഷകര്‍ സവിശേഷമായി പഠിക്കുന്നതിന് പല കാരണങ്ങളുണ്ട്. ഒന്ന്, പ്രശ്‌നങ്ങള്‍ ഒട്ടുവളരെ ഉയര്‍ന്നുവന്നെങ്കിലും അവയെയെല്ലാം ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങള്‍ മുമ്പില്‍ വെച്ച് വിശകലനം ചെയ്യാനും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനും ഉമറി(റ)ന്റെ നേതൃത്വത്തില്‍ പണ്ഡിതന്മാര്‍ക്കും നേതാക്കള്‍ക്കും സാധിച്ചു. നമ്മള്‍ ജീവിക്കുന്നതും അത്തരമൊരു ചരിത്രസന്ധിയിലാണല്ലോ. ശാസ്ത്ര- സാങ്കേതികവിദ്യകളുടെയും വിവരവിപ്ലവത്തിന്റെയുമൊക്കെ ഫലമായി ഉടലെടുത്ത നിരവധി പ്രശ്‌നങ്ങള്‍ നാം അഭിമുഖീകരിക്കുന്നു. ഉമറി(റ)ന്റെ ഭരണകാലത്തെന്നപോലെ അവയില്‍ മിക്കതും ഇസ്‌ലാമേതര സംസ്‌കാരങ്ങളില്‍നിന്നും നാഗരികതകളില്‍നിന്നും ഉയര്‍ന്നുവന്നവയാണ്. അതുകൊണ്ടുതന്നെ, ഉമറിന്റെ ഭരണകാലത്തെക്കുറിച്ച പഠനം ഇന്ന് കൂടുതല്‍ പ്രസക്തമാണ്. രണ്ട്, ഇസ്‌ലാമിക ശരീഅത്തിന്റെ ലക്ഷ്യങ്ങളെയും പൊരുളുകളെയും ഉമറിനെപ്പോലെ ആഴത്തില്‍ അറിഞ്ഞ ഒരു ഭരണാധികാരിയുണ്ടാവില്ല. അതുകൊണ്ടാണ് ആ ഭരണം വരാന്‍ ഗാന്ധിജി കൊതിച്ചത്. പ്രമാണങ്ങള്‍ പരിമിതമാണെന്നും സംഭവങ്ങള്‍ എണ്ണമറ്റതാണെന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു. പ്രമാണങ്ങളുടെ സമുന്നത ലക്ഷ്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള നിയമനിര്‍മാണത്തിലൂടെ (തശ്‌രീഅ്) മാത്രമേ ഇതിനെ മറികടക്കാനാവൂ. അങ്ങനെ മറികടന്നതിന്റെ എമ്പാടും ഉദാഹരണങ്ങള്‍ ആ കാലഘട്ടത്തില്‍നിന്ന് നമുക്ക് കണ്ടെടുക്കാം. മൂന്ന്, ഏതൊരു പ്രശ്‌നം വരുമ്പോഴും അക്കാര്യത്തില്‍ പ്രമാണങ്ങള്‍ നിശ്ശബ്ദമാണല്ലോ എന്ന പരാതി ഉയരാറുണ്ട്. ശരീഅത്തിന്റെ അക്ഷരങ്ങളില്‍ മാത്രം അഭിരമിക്കുന്നതുകൊണ്ടുള്ള പ്രശ്‌നമാണിത്. അതിനുള്ള മറുപടിയാണ് ഉമറിന്റെ പല നിലപാടുകളും തീരുമാനങ്ങളും.5 

യൂസുഫുല്‍ ഖറദാവി എഴുതുന്നു: ''നിയമനിര്‍ധാരണവുമായി ബന്ധപ്പെട്ട ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ അഭിപ്രായങ്ങളും ഗവേഷണങ്ങളും സന്തുലിതമായ മധ്യമ നിലപാടിന് മികച്ച മാതൃകയാണ്. സന്തുലിതത്വമാണ് എപ്പോഴും ഇസ്‌ലാമിന്റെ ആത്മാവിനെ പ്രകാശിപ്പിക്കുക. ഒറ്റയൊറ്റ പ്രശ്‌നങ്ങളെ (ജുസ്ഈ) പരിഗണിക്കുമ്പോഴും ശരീഅത്തിന്റെ വിശാല താല്‍പര്യങ്ങള്‍ (കുല്ലി) കണക്കിലെടുത്തിരിക്കും. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍, ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങളുടെ വെളിച്ചത്തിലാണ് അദ്ദേഹം പ്രമാണ പാഠങ്ങളെ (നുസ്വൂസ്വ്) വായിച്ചിരുന്നത്.''6

അദ്ദേഹം വീണ്ടും: ''ബനൂ തഗ്‌ലിബ് ഗോത്രക്കാരുടെ വിഷയത്തില്‍ ഉമറിന്റെ നിലപാട് നോക്കുക. ആ ഗോത്രം ഇസ്‌ലാം സ്വീകരിച്ചിരുന്നില്ല. അവര്‍ ജിസ്‌യ ആണ് നല്‍കിക്കൊണ്ടിരുന്നത്. ആ പണത്തിന് ജിസ്‌യ എന്ന പേരൊഴിവാക്കി സകാത്ത് എന്നോ സ്വദഖ എന്നോ വിളിക്കണമെന്നായിരുന്നു അവരുടെ നിര്‍ദേശം. ഉമര്‍ അത് സ്വീകരിക്കുകയാണുണ്ടായത്. ഇത്തരം ഉമറിയന്‍ ഗവേഷണങ്ങളാണ് നമ്മുടെ കാലം നമ്മോട് ആവശ്യപ്പെടുന്നത്. ഈ ഗവേഷണത്തിന് മറ്റൊരു ഊന്നല്‍ കൂടിയുണ്ട്. അതായത്, ലക്ഷ്യങ്ങളും പൊരുളുകളുമാണ് പ്രധാനം; അക്ഷരങ്ങളോ വാക്കുകളോ അല്ല. ഒരു ജനവിഭാഗത്തിന്റെ അസ്വസ്ഥത പരിഹരിക്കാന്‍ ജിസ്‌യ എന്ന പേര് മാറ്റി സ്വദഖയെന്നോ സകാത്തെന്നോ പകരം വെക്കുന്നതുകൊണ്ട് സാധ്യമാണെങ്കില്‍ അതിലൊരു കുഴപ്പവും അദ്ദേഹം കണ്ടില്ല.''7

തന്റെ ഭരണകാലത്ത് ഉമര്‍(റ) കൈക്കൊണ്ട നിലപാടുകള്‍ പൊതുതാല്‍പര്യങ്ങളും ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങളും മുന്‍നിര്‍ത്തിയായിരുന്നു എന്നു കാണാം. ഏതാനും ഉദാഹരണങ്ങള്‍ കാണുക:

1. ഒറ്റ ശ്വാസത്തിന് മൂന്ന് ത്വലാഖും ചൊല്ലുന്നത് ഉമര്‍(റ) മൂന്നായി തന്നെ പരിഗണിച്ചു. നബി(സ)യുടെയും അബൂബക്‌റി(റ)ന്റെയും ഭരണകാലത്ത് അത് ഒരൊറ്റ ത്വലാഖായി മാത്രമേ കണക്കാക്കിയിരുന്നുള്ളൂ. അവധാനതയോടെയും കാര്യഗൗരവത്തോടെയും സമീപിക്കേണ്ട ഒരു വിഷയം ജനം തമാശയായി കാണാന്‍ തുടങ്ങിയപ്പോഴാണ് അവരെ പാഠം പഠിപ്പിക്കുന്നതിന് ഉമര്‍ ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്.

2. റമദാനിലെ ഐഛികമായ രാത്രി നമസ്‌കാരം (തറാവീഹ്) ഒരു ഇമാമിന്റെ കീഴിലാക്കി. വിശ്വാസികള്‍ ആ നമസ്‌കാരം പള്ളികളില്‍ വെച്ച് ഒറ്റക്കൊറ്റക്കായി നിര്‍വഹിച്ചുവരികയായിരുന്നു. ഒരു ഇമാമിന്റെ കീഴില്‍ വ്യവസ്ഥാപിതമായി അത് നിര്‍വഹിക്കപ്പെടുന്നതാകും ഉത്തമമെന്ന് അദ്ദേഹത്തിന് തോന്നി. ആ ആരാധനാ കര്‍മം സംഘടിതമായി നിര്‍വഹിക്കപ്പെടുക വഴി സമൂഹത്തിന്റെ ഐക്യത്തിനും അത് കാരണമായിത്തീരും.

3. ഇറാഖ് അധീനതയില്‍ വന്നപ്പോള്‍ പതിവിന് വിപരീതമായി ആ ഭൂമി സൈനികര്‍ക്കിടയില്‍ വീതിക്കുന്നതിന് പകരം അതിനെ വഖ്ഫ് സ്വത്താക്കി മാറ്റി. ഖൈബര്‍ കീഴടക്കിയപ്പോള്‍ നബി(സ) ആ ഭൂമി സൈനികര്‍ക്കിടയില്‍ വീതിക്കുകയാണുണ്ടായത്. ജയിച്ചടക്കുന്ന ഭൂമിയെല്ലാം സൈനികര്‍ക്കിടയില്‍ വീതിച്ചാല്‍ വരും തലമുറകള്‍ക്ക് ഒന്നും ബാക്കിയുണ്ടാവില്ല എന്ന് ഉമര്‍(റ) ആശങ്കപ്പെട്ടു. അത് കുറച്ചാളുകളുടെ കൈകളില്‍ മാത്രം ധനം കറങ്ങുന്നതിന് ഇടയാക്കും. ഇസ്‌ലാമിന്റെ അടിസ്ഥാന സാമ്പത്തിക നിലപാടിന് എതിരാണത്. സാഹചര്യം മാറിയപ്പോള്‍ ഭൂമിയുടെ ഉടമാവകാശം ഭരണകൂടത്തില്‍ നിലനിര്‍ത്തി സൈനികര്‍ക്ക് ശമ്പള സംവിധാനവും മറ്റും ഏര്‍പ്പെടുത്തുകയാണ് അദ്ദേഹം ചെയ്തത്.

4. ഉമര്‍(റ) ഭരണാധികാരിയായിരിക്കെ സ്വന്‍ആയില്‍ വെച്ച് ഒരു ബാലന്‍ വധിക്കപ്പെട്ടു. അന്വേഷണത്തില്‍ ഒന്നിലധികം പേര്‍ ആ വധഗൂഢാലോചനയില്‍ പങ്കാളികളാണെന്ന് ബോധ്യമായി. അവരെയെല്ലാം വധിച്ചുകളയാനാണ് ഉമര്‍(റ) ഉത്തരവിട്ടത്. പ്രമാണങ്ങളുടെ പ്രത്യക്ഷ വായനയില്‍, ഘാതകനെ മാത്രമാണ് വധിക്കുക. പക്ഷേ, ഉമര്‍(റ) ഇതിനെ ഒരു സാമൂഹിക പ്രശ്‌നമായാണ് കണ്ടത്. വ്യക്തിപരമായ കാരണങ്ങളാലല്ലാതെ അന്യായമായി കൊല നടത്തുന്നവന്‍ സമൂഹത്തെ മുഴുവന്‍ കൊല ചെയ്യുകയാണെന്ന് ഖുര്‍ആന്‍ തന്നെ പറയുന്നുമുണ്ടല്ലോ (അല്‍മാഇദ 32). കുട്ടികളെ കൊലപ്പെടുത്തുക പോലുള്ള ഹീനകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും സമൂഹത്തിന് അതൊരു പാഠമാകാനും വധത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും ഉമര്‍ വധശിക്ഷ നല്‍കുകയായിരുന്നു. 'സന്‍ആ നിവാസികള്‍ മുഴുവന്‍ അതില്‍ പങ്കാളികളായിട്ടുണ്ടെങ്കില്‍ അവരെയും ഞാന്‍ വധിക്കുമായിരുന്നു' എന്ന അദ്ദേഹത്തിന്റെ പ്രസ്താവം ഈ പശ്ചാത്തലത്തില്‍ വേണം മനസ്സിലാക്കാന്‍.

5. 'ഹൃദയങ്ങള്‍ ഇണക്കപ്പെടേണ്ടവര്‍'ക്ക് ഒരു വിഹിതമുണ്ട് സകാത്തില്‍. 'തഅ്‌ലീഫ്' (ഇണക്കപ്പെടുക) എന്നത് 'ഫഖ്ര്‍' (ദാരിദ്ര്യം) പോലെ സ്ഥായിയായ അവസ്ഥാ വിശേഷമല്ലെന്നും ഇസ്‌ലാം പ്രതാപൈശ്വര്യങ്ങളോടെ നിലനില്‍ക്കുന്ന കാലത്ത് ഭരണാധികാരിക്ക് ഇക്കാര്യത്തില്‍ യുക്തമായ നിലപാട് സ്വീകരിക്കാമെന്നും മനസ്സിലാക്കിയ ഉമര്‍(റ) ആ വിഹിതം നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. അതൊരിക്കലും പ്രമാണത്തിന്റെ നിരാകരണമല്ല, അതിന്റെ കാലികമായ വ്യാഖ്യാനമാണ്.

6. മുസ്‌ലിം പുരുഷന്മാര്‍ വേദക്കാരികളെ വിവാഹം ചെയ്യുന്നതിനും ഉമര്‍(റ) താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മുസ്‌ലിം സ്ത്രീകള്‍ അവഗണിക്കപ്പെടുമെന്നും കുടുംബത്തിലെ ഇസ്‌ലാമിക ജീവിതത്തിന് ഹാനി തട്ടുമെന്നുമുള്ള ആശങ്കയായിരുന്നു അതിന് കാരണം. അനുവദിക്കപ്പെട്ട കാര്യം താന്‍ ഹറാമാക്കുകയല്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.

7. ഉമര്‍(റ) തന്റെ ഭരണകാലത്തിന്റെ അവസാനം മദ്യപാനത്തിന് എണ്‍പത് അടി ശിക്ഷയായി നല്‍കിയിരുന്നു. മദ്യപാനം വര്‍ധിക്കുകയും അത് സാമൂഹിക ജീവിതത്തിന് വെല്ലുവിളിയായിത്തീരുകയും ചെയ്ത സന്ദര്‍ഭത്തിലായിരുന്നു ഈ നടപടി.

 

(തുടരും)

കുറിപ്പുകള്‍

1. ഇബ്‌നു ഹജ്‌റിന്റെ ഫത്ഹുല്‍ ബാരി (7/410)-യില്‍ ഉദ്ധരിച്ചത്. സംശോധന: മുഹിബ്ബുദ്ദീന്‍ ഖത്വീബ്, പ്രസാധനം ദാറുല്‍ മഅ്‌രിഫ, ബൈറൂത്ത്

2. ഇബ്‌നു ഹസം- അല്‍ ഇഹ്കാം ഫീ ഉസ്വൂലില്‍ അഹ്കാം 3/291

3. ഇമാം ശാത്വിബി-അല്‍ മുവാഫഖാത്ത് 1/21

4. ഇബ്‌നുല്‍ ഖയ്യിം- ഇഅ്‌ലാമുല്‍ മുവഖിഈന്‍ 1/25

5. മുഹമ്മദ് സുബ്ഹി ഹുസൈന്‍ അബൂസ്വഖ്- സിയാസതുത്തശ്‌രീഅ് ഇന്‍ദ ഉമരിബ്‌നില്‍ ഖത്ത്വാബ് (ആമുഖം)

6. ഖറദാവി-അസ്സിയാസതുശ്ശര്‍ഇയ്യ ഫി ളൗഇ നുസ്വൂസ്വിശ്ശരീഅ വ മഖാസ്വിദിഹാ, പേജ് 221

7. അതേ പുസ്തകം, പേജ് 149


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ /43-46
എ.വൈ.ആര്‍