Prabodhanm Weekly

Pages

Search

2016 ജൂലൈ 22

2960

1437 ശവ്വാല്‍ 17

കൊര്‍ദോവ എന്ന വിളക്കുമാടം (അന്ദലൂസ്: പ്രകാശം കെടാത്ത വഴിവിളക്ക്-2)

പ്രഫ. ബദീഉസ്സമാന്‍

പത്താം നൂറ്റാണ്ടില്‍ ലോകത്തിലെ ഏറ്റവും ജനവാസമുള്ള നഗരമായിരുന്നു കൊര്‍ദോവ. വിജ്ഞാനത്തിന്റെയും അറിവിന്റെയും ശാസ്ത്ര-സംസ്‌കാരങ്ങളുടെയും കേന്ദ്രമായിരുന്നു ഒമ്പതു മുതല്‍ പന്ത്രണ്ടു വരെ നൂറ്റാണ്ടുകളില്‍ ഈ നഗരം. ഗോദല്‍ കിവിയര്‍ നദിയുടെ (വാദി അല്‍ കബീര്‍ എന്ന അറബി വാക്കില്‍നിന്നാണ് നദിക്ക് ഈ പേര് കിട്ടിയത്. വലിയ നദീതടം എന്നര്‍ഥം) മറുകരയില്‍ Torre de la Calahorra  എന്ന കോട്ട കാണാം. 12-ാം നൂറ്റാണ്ടില്‍ അല്‍ മുവഹിദൂന്‍ രാജാക്കന്മാര്‍ റോമന്‍ പാലത്തിന്റെ സംരക്ഷണാര്‍ഥം കെട്ടിയ ഈ കോട്ട അന്ദലൂസിന്റെ ഗതകാല സ്മൃതികള്‍ പകര്‍ന്നുതരുന്ന ഒരു മ്യൂസിയമാണ് ഇന്ന്. സ്വതന്ത്ര കോട്ട എന്ന അര്‍ഥമുള്ള 'അല്‍ ഖല്‍അഃ അല്‍ ഹുര്‍റ' എന്ന പദത്തില്‍നിന്നാണ് ഇമഹമവീൃൃമ എന്ന പദമുണ്ടായതത്രെ. 1987 പ്രഫ. റജാ ഗരോഡിയുടെ മുന്‍കൈയില്‍ രൂപം കൊണ്ടതാണ് മ്യൂസിയം. ഒമ്പത് മുതല്‍ പന്ത്രണ്ട് വരെ നൂറ്റാണ്ടുകളിലെ കൊര്‍ദോവയുടെയും അന്ദലൂസിന്റെയും ഉത്തമ പാരമ്പര്യത്തിന്റെ സന്ദേശം, മൂന്ന് നിലകളിലായി സംവിധാനിച്ച ഈ മ്യൂസിയം പകര്‍ന്നുനല്‍കുന്നു. അക്കാലത്തെ ശാസ്ത്ര, സാങ്കേതിക രംഗത്തെ പുരോഗതിക്കും സാംസ്‌കാരികൗന്നത്യത്തിനും ഇസ്‌ലാമും ഖുര്‍ആനും എങ്ങനെ അടിത്തറയായി എന്ന് മ്യൂസിയത്തിലെ ഓഡിയോ ഗൈഡ് കൃത്യമായി വിശദീകരിച്ചുതരുന്നു.

വിശ്വാസ വൈവിധ്യങ്ങള്‍ പരിഗണിക്കാതെ ലോകത്തിന്റെ മുഴുവന്‍ ഭാഗങ്ങളില്‍നിന്നുമുള്ള പണ്ഡിതരെയും വിജ്ഞാനങ്ങളെയും കൊര്‍ദോവ സ്വാഗതം ചെയ്തു. ഖുര്‍ത്വുബി, ഇബ്‌നു ഹസം, ഇബ്‌നുല്‍ അറബി, ഇബ്‌നു റുശ്ദ്, ഇബ്‌നു തുഫൈല്‍, ജൂത തത്ത്വചിന്തകനായ മൂസ ബിന്‍ മൈമൂന്‍ എന്നിവര്‍ കൊര്‍ദോവയുടെ സുവര്‍ണ കാലഘട്ടത്തില്‍ ജീവിച്ചവരാണ്. സൂര്യനക്ഷത്രങ്ങളുടെ സ്ഥാനവും സഞ്ചാര ദിശയും നിര്‍ണയിക്കാന്‍ ഉപയോഗിച്ചിരുന്ന ആസ്‌ട്രോലെയ്ബ് (Astrolabe) കൊര്‍ദോവന്‍ മുസ്‌ലിംകളാണ് ഉപയോഗിച്ചുതുടങ്ങിയത്.Tabula Rogeriana  എന്ന ഇന്നറിയപ്പെടുന്നതില്‍ ഏറ്റവും പുരാതനവും കൃത്യതയേറിയതുമായ ലോകത്തിന്റെ മാപ്പ്, 1154-ല്‍ സിസിലിയിലെ റോജര്‍ രണ്ടാമന് വേണ്ടി വരച്ച അല്‍ ഇദ്‌രീസി കൊര്‍ദോവന്‍ വിദ്യാര്‍ഥിയായിരുന്നു.

മെച്ചപ്പെട്ട ജലസേചന-കൃഷി രീതികളായിരുന്നു കൊര്‍ദോവയില്‍. നഗരത്തിന്റെ ജലസേചനത്തിനും ധാന്യങ്ങള്‍ പൊടിക്കാനുമായി ജലചക്രങ്ങള്‍, ഗോദല്‍ കിവിയര്‍ നദിയില്‍ സ്ഥാപിച്ചതിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കാണാം. അന്ദലൂസിയന്‍ കാലാവസ്ഥയില്‍ വളരാത്ത പഴവര്‍ഗങ്ങളും പച്ചക്കറികളും അവിടെ കൊണ്ടുവന്ന് കാലാവസ്ഥക്കനുയോജ്യമാക്കി മാറ്റി, വേണ്ട ജലസേചന സംവിധാനങ്ങളൊരുക്കി ഒരു ഹരിത വിപ്ലവം തന്നെ സൃഷ്ടിച്ചു കൊര്‍ദോവയിലെ ഇസ്‌ലാമിക കാലഘട്ടം. ഓറഞ്ച്, തണ്ണിമത്തന്‍, ഉറുമാമ്പഴം, സ്പീനാഷ് എന്നിവയൊക്കെ ഇങ്ങനെ സ്‌പെയിനില്‍ ചുവടുറപ്പിച്ചവയാണ്. സ്‌പെയിനിലേക്ക് സിറിയയില്‍നിന്ന് ആദ്യമായി കൊണ്ടുവന്ന് കുഴിച്ചിട്ട ഈന്തപ്പനയെ നോക്കി ബന്ധുമിത്രാദികളില്‍നിന്നകന്ന് പോരേണ്ടിവന്ന തന്റെ അവസ്ഥയെ തുലനം ചെയ്ത് അബ്ദുര്‍റഹ്മാന്‍ ഒന്നാമന്‍ ഇങ്ങനെ പാടിയത്രെ: 'നീയും എന്നെപ്പോലെ, സ്വന്ത ബന്ധങ്ങളില്‍നിന്നകന്ന് പ്രവാസിയായി ഇവിടെ. ഞാനും നിന്നെപ്പോലെ അപരിചിതനായൊരീ മണ്ണില്‍ വേരുകളാഴ്ത്തി.'

948-ല്‍ കൊര്‍ദോവ സന്ദര്‍ശിച്ച ഇബ്‌നു ഹൗഖല്‍ എന്ന സഞ്ചാരി എഴുതുന്നു: ''മഗ്‌രിബിലോ ഈജിപ്ത്, സിറിയ, മെസപ്പൊട്ടോമിയ എന്നിവിടങ്ങളിലോ ഒന്നും ഇത്രയും ജനങ്ങളെയോ ഇത്ര വലിയ അങ്ങാടിയോ വൃത്തിയുള്ള തെരുവുകളോ ശില്‍പഭംഗിയാര്‍ന്ന പള്ളികളോ, സൗകര്യപ്രദമായ സത്രങ്ങളോ, കുളിസ്ഥലങ്ങളോ എനിക്ക് കാണാനായിട്ടില്ല'' (ഉദ്ധരണം: മൂറിഷ് സ്‌പെയിന്‍, റിച്ചാര്‍ഡ് ഫഌഷര്‍).

''കൊര്‍ദോവയിലെ ലൈബ്രറിയുടെ കാറ്റലോഗ് മാത്രം 44 വലിയ വാള്യങ്ങളുണ്ടായിരുന്നു. ലൈബ്രറിയില്‍ നാല് ലക്ഷത്തോളം പുസ്തകങ്ങളാണുണ്ടായിരുന്നത്. തെരുവു വിളക്കുകള്‍ പ്രകാശം പരത്തുന്ന, കല്ല് പാകിയ റോഡുകളായിരുന്നു നഗരത്തിലെങ്ങും. ലണ്ടന്‍ നഗരത്തില്‍ തെരുവു വെളിച്ചം വരുന്നതിന്റെ 700 കൊല്ലം മുമ്പാണിത്. നഗരത്തിലെ സര്‍ജന്മാര്‍, പാകമാക്കിയെടുത്ത മത്സ്യാസ്ഥികളുപയോഗിച്ച് പള്ളിയില്‍ വെച്ച് തിമിര ശസ്ത്രക്രിയകള്‍ വിജയകരമായി നിര്‍വഹിച്ചിരുന്നു''-ലെഗസി ഓഫ് മുസ്‌ലിം സ്‌പെയിന്‍ എന്ന കൃതിയില്‍ എല്‍.എല്‍ ബരാള്‍ട്ട് രേഖപ്പെടുത്തുന്നു. വിവിധ കോഴ്‌സുകളായി തിരിച്ച ഭക്ഷണരീതി, ടൂത്ത് പേസ്റ്റ് എന്നിവ കൊര്‍ദോവയിലെ സിര്‍യാബ് എന്ന സംഗീതജ്ഞനാണ് യൂറോപ്പില്‍ പരിചയപ്പെടുത്തിയത്.

ആഹ് വൊ മര്‍ദാനെ ഹഖ്! വോ അറബി ശഹ്‌സവാര്‍

ഹാമിലേ ഖുല്‍ഖേ അസീം, സാഹിബെ സിദ്‌ഖോ യഖീന്‍

ജിന്‍കീ ഹുകൂമത്ത് സേ ഹെ ഫാഷ് യെ റംസെ ഗരീബ്

സല്‍ത്തനത്ത് അഹ്‌ലെ ദില്‍ ഫഖര്‍ഹെ ഷാഹീ നഹീന്‍

ജിന്‍കീ നിഗാഹോന്‍ നേ കീ തര്‍ബിയതേ ശര്‍ഖോ ഗര്‍ബ്

സുല്‍മത്തേ യൂറപ് മേം ഥീ ജിന്‍ ഖിര്‍ദ് രാഹ് ബീന്‍

(മസ്ജിദെ ഖുര്‍ത്വുബ- ഇഖ്ബാല്‍)

വാഹ്, ആ സത്യവാഹകര്‍, ആ അറേബ്യന്‍ അശ്വാരൂഢര്‍

ഉദാത്തരാം സല്‍സ്വഭാവികള്‍; സത്യബോധങ്ങളുടയവര്‍

ആ ഭരണം ലോകത്തിനേകിയീ പാഠം;

പ്രഭുത്വത്തിന്റെ പൊങ്ങച്ചമോടിയല്ല

കരളുറപ്പുള്ളോന്റെ ഭരണത്തിനാധാരം വിനയ ലാളിത്യങ്ങളത്രെ

വഴികാട്ടീ കിഴക്കിനും പടിഞ്ഞാറിനുമാ വിവേകം,

വഴിവെളിച്ചമായീ തമസ്സിലാണ്ട യൂറോപ്പിനാ വിചാരം.

കൊര്‍ദോവന്‍ ഖിലാഫത്തിന്റെ പിന്മുറക്കായി പിന്നീട് വന്ന രാജാക്കന്മാര്‍ക്ക് ഭരണനൈപുണ്യമോ രാഷ്ട്രീയതന്ത്രമോ ഉണ്ടായിരുന്നില്ല. ഓരോ പ്രഭുവും തങ്ങളുടെ ചെറിയ ചെറിയ താഇഫകളുടെ ഭരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതും, അവ തമ്മിലെ അനൈക്യവും കൊര്‍ദോവയുടെ വെളിച്ചം കെടുത്തി. നഗരം 1236-ല്‍ ഫെര്‍ഡിനന്റ് മൂന്നാമന്‍ കീഴടക്കുന്നതോടെ ചരിത്രത്തിലെ ഒരു സുവര്‍ണ കാലത്തിന് അന്ത്യമാവുകയായിരുന്നു.

ആനീ വ ഫാനീ തമാം മുഅജിസയേ ഹുനര്‍

കാറേ ജഹാന്‍ ബേ സബാത് കാറേ ജഹാന്‍ ബേ സബാത്

ക്ഷണികമീ വിസ്മയ വൈഭവങ്ങള്‍

തുഛമീ ലൗകിക സാഫല്യങ്ങള്‍

അനിത്യമീ ഭൗതിക നിര്‍വൃതികള്‍

 

ഇന്‍ക്വിസിഷന്‍ മ്യൂസിയം

Galeria de la Inquisicion എന്ന സ്പാനിഷ് ഇന്‍ക്വിസിഷന്‍ മ്യൂസിയം ആയിരുന്നു കൊര്‍ദോവയിലെ ഞങ്ങളുടെ അവസാന സന്ദര്‍ശന കേന്ദ്രം. പിന്നീട് ഗ്രാനഡ കീഴടക്കിയ ഫെര്‍ഡിനന്റ് രണ്ടാമനും ഇസബെല്ലയും ചേര്‍ന്ന് കത്തോലിക്കാ മതത്തില്‍ ആളുകളെ നിര്‍ബന്ധിതമായി പിടിച്ചുനിര്‍ത്തുന്നതിന് 1478-ല്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ സ്ഥാപിച്ചതാണ് സ്പാനിഷ് ഇന്‍ക്വിസിഷന്‍ വിചാരണാ കോടതികള്‍. മതപരിഷ്‌കരണവാദികളെയും മതപരിത്യാഗികളെന്ന് ചര്‍ച്ച് നേതൃത്വം സംശയിക്കുന്നവരെയും വിചാരണ ചെയ്യാനായി മാര്‍പാപ്പയുടെ നേതൃത്വത്തില്‍ ഇന്‍ക്വിസിഷന്‍ സംവിധാനം നേരത്തേ തന്നെ നിലവിലുണ്ട്. അതാണ് മധ്യകാല ഇന്‍ക്വിസിഷന്‍ എന്ന് പൊതുവെ അറിയപ്പെടുന്നത്. അതിന് ചുവടൊപ്പിച്ച് സ്‌പെയിന്‍, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരായ ജൂതന്മാരെ (Converso എന്നാണ് അവര്‍ വിളിക്കപ്പെട്ടത്)യും മുസ്‌ലിംകളെ (Moriscos എന്നറിയപ്പെട്ടവര്‍)യും ലക്ഷ്യമാക്കിയായിരുന്നു ഇന്‍ക്വിസിഷന്‍. 1492-ലും 1502-ലും പുറപ്പെടുവിച്ച രാജശാസനകള്‍ മുസ്‌ലിംകള്‍ക്കും ജൂതര്‍ക്കും സ്‌പെയിനിലെ ജീവിതം ദുസ്സഹമാക്കി. 1502-ഓടു കൂടി ഒന്നുകില്‍ മതപരിവര്‍ത്തനം, അല്ലെങ്കില്‍ നാടുവിടല്‍ എന്നിവയിലൊന്ന് തെരഞ്ഞെടുക്കാന്‍ രണ്ട് കൂട്ടരോടും ഉത്തരവിട്ടു. മുസ്‌ലിംകളില്‍ നല്ലൊരു വിഭാഗം ആളുകള്‍ ഉത്തരാഫ്രിക്കയിലേക്ക് നാടുവിട്ടു. നാടുവിട്ടവരില്‍ പലരും കുട്ടികളെ സ്‌പെയിനിലുപേക്ഷിച്ചുപോകാന്‍ നിര്‍ബന്ധിതരായി-ക്രിസ്തുമാര്‍ഗത്തില്‍ അവര്‍ രക്ഷിക്കപ്പെടാന്‍ ഇതാവശ്യമാണെന്നായിരുന്നു ചര്‍ച്ച് മേധാവികളുടെ തിട്ടൂരം. എന്നാല്‍ ക്രിസ്തുമതത്തിലേക്ക് മാറി സ്‌പെയിനില്‍ തുടരാന്‍ തീരുമാനിച്ച മുസ്‌ലിംകളും ജൂതരും രഹസ്യമായി പഴയ മതാനുഷ്ഠാനങ്ങള്‍ അനുഷ്ഠിക്കുന്നുണ്ടെന്ന് ചര്‍ച്ചും ഭരണകൂടവും ആരോപിച്ചു. 1492 ആയപ്പോഴേക്ക് തന്നെ ഇത്തരക്കാരെ വിചാരണ ചെയ്യുന്നതിനായി കൊര്‍ദോവയും ടൊളിഡോയുമടക്കം എട്ട് നഗരങ്ങളില്‍ വിചാരണക്കോടതികള്‍ സ്ഥാപിച്ചിരുന്നു.

രക്തമുറഞ്ഞുപോകുന്ന പീഡന ചരിത്രമാണ് മ്യൂസിയത്തിലൂടെ കടന്നുപോകുമ്പോള്‍ നമ്മുടെ മുന്നില്‍ വരിക. ദ്വാരങ്ങളുള്ള മരപ്പലകയില്‍ കൈയും തലയും പുറത്തിടുന്ന ശിക്ഷാ രീതിയില്‍ ആരംഭിക്കുന്നു ചിത്രീകരണം. കൂര്‍ത്ത അഗ്രങ്ങളുള്ള ലോഹനിര്‍മിതിയില്‍ ആളെയിരുത്തുക, കഴുത്തില്‍ ഇരുമ്പുചങ്ങല തൂക്കി അതിനറ്റത്ത് ഭാരമേറിയ ഇരുമ്പ് ഗോളങ്ങളും കല്ലുകളും കയറ്റി വെച്ച് നടത്തിക്കുക, ഇരുമ്പാണി കൂര്‍ത്തു നില്‍ക്കുന്ന പെട്ടിയിലടക്കുക, ചെവിയും മുലക്കണ്ണും പിഴുതെടുക്കുക... പ്രദര്‍ശന മാതൃകകള്‍ പൗരോഹിത്യവും ഭരണകൂടവും ഒത്തുചേര്‍ന്ന് മതത്തിന്റെ പേരില്‍ നടത്തിയ കൊടുംക്രൂരതകളുടെ കഥകള്‍ അനാവരണം ചെയ്യും. സ്ത്രീകളുടെ ചാരിത്ര്യം അവര്‍ കാത്തുസൂക്ഷിക്കുന്നു എന്നുറപ്പിക്കാന്‍ രഹസ്യഭാഗങ്ങളെ ഇരുമ്പാവരണങ്ങള്‍ കൊണ്ട് മറച്ച്, പൂട്ടും താഴുമിടുന്ന Chastity Belt മ്യൂസിയത്തില്‍ കാണാം.

1499-ല്‍ കൂട്ട മതപരിവര്‍ത്തന ശ്രമങ്ങള്‍ക്കെതിരെ മുസ്‌ലിംകള്‍ കലാപം കൂട്ടിയെങ്കിലും അത് കൂടുതല്‍ പീഡനങ്ങളിലാണ് കലാശിച്ചത്. 1614 വരെ പല തവണകളായി മുസ്‌ലിംകളെന്ന് സംശയിക്കുന്നവരെ സ്‌പെയിനില്‍നിന്ന് പുറത്താക്കിക്കൊണ്ടിരുന്നു. 1727-ല്‍ ഗ്രാനഡയില്‍ രഹസ്യ ഇസ്‌ലാമിക അനുഷ്ഠാനങ്ങള്‍ ചെയ്തതിന്റെ പേരില്‍ ങീൃശരെീ െകൂട്ട ശിക്ഷക്ക് വിധേയരായി. ഇപ്രകാരം 18-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ സ്‌പെയിന്‍ മുസ്‌ലിം മുക്തമായി. നീണ്ട 350 കൊല്ലങ്ങള്‍ക്കു ശേഷം 1834-ലാണ് ഇന്‍ക്വിസിഷന്‍ ഔദ്യോഗികമായി നിര്‍ത്തുന്നത്.

കൊര്‍ദോവയില്‍ അബ്ദുര്‍റഹ്മാന്‍ മൂന്നാമന്‍ സ്ഥാപിച്ച മദീനത്തുസ്സഹ്‌റാ എന്ന കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോള്‍ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. സമയക്കുറവ് കാരണം അവിടെ പോയില്ല. കത്തോലിക്കാ രാജ്യമായതിനാല്‍ പന്നി മാംസവും മദ്യവുമാണ് സുലഭ ഭക്ഷണങ്ങള്‍. അതിനാല്‍ ഭക്ഷണ കാര്യത്തില്‍ അധികം പരീക്ഷണങ്ങള്‍ക്ക് നില്‍ക്കാതെ, ഒരു ഗ്ലാസ് കപൂചിനോയും കൊര്‍ണട്ടോ എന്ന ബണ്ണുമായി ഭക്ഷണമൊതുക്കി. അടുത്ത യാത്രാ ലക്ഷ്യം ഗ്രാനഡയാണ്. കൊര്‍ദോവ ബസ് സ്റ്റേഷനില്‍നിന്ന് ALSA  ബസില്‍ രണ്ടര മണിക്കൂര്‍ യാത്ര. 

(തുടരും)


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ /43-46
എ.വൈ.ആര്‍