കെ.പി മുഹമ്മദ് കുട്ടി മാസ്റ്റര്‍
പി.പി സലിം പറവണ്ണ
പറവണ്ണ ഏരിയയിലെ വിദ്യാനഗര്‍ ഹല്‍ഖയുടെ പ്രഥമ നാസിമായിരുന്നു കെ.പി മുഹമ്മദ് കുട്ടി മാസ്റ്റര്‍ (70). പറവണ്ണ ഇസ്‌ലാമിക് സ്റ്റഡി സര്‍ക്ക്‌ളിലൂടെ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പിന്നീട് സജീവ പ്രവര്‍ത്തകനാവുകയായിരുന്നു. 1984-ല്‍ ഫറോക്കിലെ ദാറുല്‍ ഇസ്‌ലാമില്‍ നടന്ന എസ്.ഐ.ഒ പ്രഥമ സംസ്ഥാന സമ്മേളനത്തിലും ബാംഗ്ലൂരിലെ പാലസ് ഗ്രൗണ്ടില്‍ 1987-ല്‍ നടന്ന പ്രഥമ അഖിലേന്ത്യാ സമ്മേളനത്തിലും കേരള കാന്റീനിന്റെ ചുമതല വഹിച്ച മാസ്റ്റര്‍ 1998-ല്‍ കൂരിയാട് ഹിറാനഗറിലെ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമ്മേളത്തിലെ ഭക്ഷണവകുപ്പിലും സേവനം ചെയ്യുകയുണ്ടായി. ജില്ലാ-ഏരിയാ സമ്മേളനങ്ങളിലെ ഭക്ഷ്യവിതരണ വകുപ്പിന്റെ ചുമതലയില്‍ അദ്ദേഹം എന്നും പങ്കാളിയായി. പറവണ്ണ വിദ്യാനഗര്‍ മസ്ജിദുല്‍ ഇഹ്‌സാന്‍, വിദ്യാനഗര്‍ ദഅ്‌വത്തുല്‍ ഇസ്‌ലാം ട്രസ്റ്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തീരദേശ മേഖലയിലെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന മാസ്റ്റര്‍ ദീര്‍ഘകാലം പറവണ്ണ ഗവ: ഹൈസ്‌കൂള്‍ അധ്യാപകനായിരുന്നു. സാമ്പത്തിക മേഖലയിലെ കണിശത, പ്രസ്ഥാന പഠനരംഗത്തെ മികവ് എന്നിവയിലെല്ലാം മികച്ച മാതൃകയായിരുന്നു.
ഭാര്യ എന്‍. നഫീസ വിദ്യാനഗര്‍ വനിതാ ഹല്‍ഖാ നാസിമത്തായിരുന്നു. മകന്‍ ശക്കീല്‍ നവാസും അഫ്‌സല്‍ നവാസും സജീവ പ്രവര്‍ത്തകരാണ്.
സി.എം.ടി അബ്ദുല്ലക്കുട്ടി
പറവണ്ണ, തിരൂര്‍ പ്രദേശങ്ങളില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ പരിചയപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച വ്യക്തിയായിരുന്നു സി.എം.ടി അബ്ദുല്ലക്കുട്ടി. ശാന്തപുരം ഇസ്‌ലാമിയാ കോളേജിലായിരുന്നു വിദ്യാഭ്യാസം. യുക്തിവാദികളും കമ്യൂണിസ്റ്റുകാരും മറ്റുമായി സംവദിക്കുന്നതില്‍ നിപുണനായിരുന്നു. ഇസ്‌ലാമിനെയും പ്രസ്ഥാനത്തെയും വിമര്‍ശിക്കുന്നവര്‍ക്ക് യുക്തിഭദ്രമായ മറുപടി നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പറവണ്ണയിലും പരിസരപ്രദേശത്തും പള്ളികളും സ്ഥാപനങ്ങളും പടുത്തുയയര്‍ത്തുന്നതില്‍ മുന്‍പന്തിയില്‍ നിന്നു. എല്ലാവരും അംഗീകരിക്കുന്ന നാട്ടുകാരണവരും മധ്യസ്ഥനുമായിരുന്നു. ഹാജി സാഹിബുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
നഫീസത്തുല്‍ മിസ്വ്‌രിയ്യ
പാലക്കാട് ജില്ലയിലെ എടത്തറ പ്രദേശത്ത് ഇസ്‌ലാമിക പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു നഫീസത്തുല്‍ മിസ്വ്‌രിയ്യയുടേത്. എടത്തറ ഹല്‍ഖാ മുന്‍ നാസിമത്തായിരുന്നു. പ്രസ്ഥാന പ്രവര്‍ത്തകനായ ലുഖ്മാന്‍ സാഹിബാണ് ഭര്‍ത്താവ്. നാല് ആണ്‍മക്കള്‍. മൂത്ത മകന്‍ 10-ാം ക്ലാസ് പരീക്ഷ എഴുതുന്ന വേളയിലാണ് ചെറുപ്രായത്തില്‍ മിസ്വ്‌രിയ്യ അല്ലാഹുവിങ്കലേക്ക് യാത്രയായത്. എടത്തറ പ്രദേശത്ത് ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ആരംഭിച്ച കാലം മുതലേ അതിലെ പഠിതാവായിരുന്ന മിസ്‌രിയ്യ പാലക്കാട് ജില്ലയിലെ മുന്‍ റാങ്ക് ജേതാവ് കൂടിയായിരുന്നു. സൗമ്യശീലയും മിതഭാഷിയുമായിരുന്നു അവര്‍. അസുഖം ബാധിച്ച് ശാരീരിക പ്രയാസങ്ങള്‍ അനുഭവിക്കുമ്പോഴും ആരോടും പരിഭവം പറയാതെ സഹപ്രവര്‍ത്തകരെ പുഞ്ചിരിതൂകി സ്വീകരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. മക്കള്‍: റഊഫ്, ശുഐബ്, ഹാശിം, അറഫാത്ത്.
കെ.ടി ജമീല
കണ്ണൂര്‍ താഴെചൊവ്വ വനിതാ മുത്തഫിഖ് ഹല്‍ഖയുടെ നാസിമത്തായിരുന്നു കെ.ടി ജമീല. ജമാഅത്തെ ഇസ്‌ലാമി അംഗവും വാഗ്മിയുമായിരുന്ന മര്‍ഹും കെ.ടി ഹസൈനാര്‍ സാഹിബിന്റെ സഹധര്‍മിണിയായതു മുതല്‍ പ്രസ്ഥാനത്തെ നെഞ്ചിലേറ്റി. കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷമായി പ്രസ്ഥാന മാര്‍ഗത്തില്‍ സജീവ സാന്നിധ്യമായിരുന്നു. ദീനീകാര്യങ്ങളില്‍ ചുറ്റുമുള്ളവരെ ബോധവല്‍ക്കരിച്ച് ഒരു ദേശത്തിന്റെ പ്രബോധകയായിത്തീര്‍ന്നു അവര്‍.
കുടുംബത്തെ പ്രാസ്ഥാനമായി സംസ്‌കരിക്കുകയും ദീനീവിദ്യാഭ്യാസം നല്‍കുകയും ചെയ്തു. മക്കളെല്ലാം പ്രസ്ഥാന പ്രവര്‍ത്തകരാണ്. വാരാന്തയോഗങ്ങളിലെ കൃത്യനിഷ്ഠയും പഠനവുമാണ് മറ്റുള്ളവരോട് ഇസ്‌ലാമിക സന്ദേശം പങ്കുവെക്കാന്‍ തന്നെ പ്രാപ്തയാക്കിയതെന്ന് അവര്‍ പറയുമായിരുന്നു. അവസാന നാളുകളില്‍ മാരകരോഗത്തിന്റെ വേദന കടിച്ചമര്‍ത്തുമ്പോഴും ആവേശത്തോടെ പ്രാസ്ഥാനിക കാര്യങ്ങള്‍ അന്വേഷിക്കുമായിരുന്നു. രോഗം പിടിമുറുക്കിയപ്പോഴും സാധ്യമായ അവസരങ്ങളിലെല്ലാം ജുമുഅ നമസ്‌കാരത്തിനെത്തുമായിരുന്നു അവര്‍.
Comments