Prabodhanm Weekly

Pages

Search

2016 മെയ് 27

2953

1437 ശഅ്ബാന്‍ 20

ഹലാല്‍ ഉല്‍പന്നങ്ങള്‍ മാറുന്ന ലോകവും മാറേണ്ട കാഴ്ചപ്പാടുകളും

മുനീര്‍ മുഹമ്മദ് റഫീഖ്‌

ഗുജറാത്തിലെ അഹ്മദാബാദ് നിവാസികളായ ജൈന സഹോദരിമാരാണ് മൗലി തെലിയും ഗ്രീഷ്മ തെലിയും. ഇന്ത്യയിലോ പുറത്തോ ഇവരെ അധികമാരും അറിയാനിടയില്ല. എങ്കിലും കുറഞ്ഞകാലത്തെ കഠിനാധ്വാനത്തിന്റെ ഒരു വിജയകഥയുണ്ട് ഈ യുവസഹോദരിമാര്‍ക്കു പിന്നില്‍. യു.എസിലെ മിച്ചിഗണ്‍ യൂനിവേഴ്‌സിറ്റിയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ജൈനമതം അനുശാസിക്കുന്ന രീതിയിലുള്ള കോസ്‌മെറ്റിക് ഉല്‍പന്നങ്ങള്‍ മാര്‍ക്കറ്റില്‍ തീരെ ലഭ്യമല്ല എന്ന കാര്യം മൗലി തെലിയുടെ ശ്രദ്ധയില്‍പെടുന്നത്. സസ്യഭുക്കുകളായിരുന്നതിനാല്‍, രാസമുക്തവും മാംസക്കൊഴുപ്പ് ചേര്‍ന്നിട്ടില്ലാത്തതുമായ ശുദ്ധമായ ഉല്‍പന്നങ്ങളായിരുന്നു പേഴ്‌സനല്‍ കെയറിനു വേണ്ടി അവര്‍ അന്വേഷിച്ചുകൊണ്ടിരുന്നത്. ബ്രിട്ടനില്‍ ബയോ ടെക്‌നോളജിയില്‍ ഗവേഷണം ചെയ്തുകൊണ്ടിരുന്ന സഹോദരി ഗ്രീഷ്മയോടൊപ്പം 2009-ല്‍ നാട്ടില്‍ തിരികെയെത്തി. ശുദ്ധമായ കോസ്‌മെറ്റിക് ഉല്‍പന്നങ്ങളുടെ നിര്‍മാണത്തെ കുറിച്ച് ചിന്തിക്കുന്നത് അങ്ങനെയാണ്. ബഹുരാഷ്ട്ര കമ്പനികള്‍ കുത്തകയാക്കിയിരിക്കുന്ന ഇന്ത്യന്‍ മാര്‍ക്കറ്റിലെ കോസ്‌മെറ്റിക് ഉല്‍പന്നങ്ങള്‍ മാരകമായ രാസപദാര്‍ഥങ്ങളും മൃഗക്കൊഴുപ്പും അടങ്ങിയവയാണ് എന്ന തിരിച്ചറിവ് അവരെ ഒരു മികച്ച ബദല്‍ അന്വേഷിക്കാന്‍ പ്രേരിപ്പിച്ചു. ഇസ്‌ലാമിന്റെ ഹലാല്‍ എന്ന ആശയത്തിലേക്കും ഹലാല്‍ ഉല്‍പന്നങ്ങളെ കുറിച്ചുള്ള പുതിയ അറിവിലേക്കുമാണ് അതവരെ നയിച്ചത്. അങ്ങനെ, ഹലാല്‍ ആശയത്തില്‍ പ്രചോദിതരായി നൂറുശതമാനവും ശുദ്ധമായ കോസ്‌മെറ്റിക് ഉല്‍പന്നങ്ങള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ 2012-ല്‍ ഇന്ത്യയിലെ ആദ്യ ഹലാല്‍ സര്‍ട്ടിഫൈഡ് കോസ്‌മെറ്റിക് കമ്പനി, എക്കോട്രയല്‍ പേഴ്‌സനല്‍ കെയറി(Ectoria Personal Care )ന് ഈ യുവ സഹോദരിമാര്‍ തുടക്കം കുറിച്ചു. 'ഇബ' എന്ന ചുരുക്കപ്പേരില്‍ 80-ല്‍പരം വൈവിധ്യമാര്‍ന്ന പേഴ്‌സനല്‍ കെയര്‍ ഉല്‍പന്നങ്ങളുമായി ഇന്ത്യയിലും പുറത്തും അറിയപ്പെടുന്ന ഹലാല്‍ ഉല്‍പാദകരാണിന്ന് ഈ ജൈനസഹോദരിമാര്‍ നയിക്കുന്ന എക്കോട്രയല്‍ കമ്പനി. 

മായമുക്തവും വിഷമയമല്ലാത്തതുമായ വിഭവങ്ങള്‍ ലഭ്യമല്ലാതാവുകയും മനുഷ്യന്റെ ലാഭക്കൊതിയും അത്യാര്‍ത്തിയും നിത്യോപയോഗസാധനങ്ങളുടെ ഗുണമേന്മയിലുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുകയും ചെയ്യുന്ന ഇക്കാലത്ത് ഹലാല്‍ എന്ന കാഴ്ചപ്പാടിന് ഏറെ പ്രസക്തിയുണ്ട്. അറുക്കപ്പെട്ട മാംസാഹാരങ്ങള്‍ക്കുമാത്രം ചാര്‍ത്തി നല്‍കപ്പെടുന്ന പേരല്ല ഹലാല്‍. ഒരു സമൂഹത്തിന്റെ ആരോഗ്യത്തെയും ഉപഭോഗശീലത്തെയും ഉല്‍പന്നങ്ങളുടെ തെരഞ്ഞെടുപ്പിനെയും നിര്‍ണയിക്കുന്ന ഏകകം കൂടിയാണ് ഹലാല്‍. സംശുദ്ധവും മായമുക്തവുമായ, ആരോഗ്യം സംരക്ഷിക്കുന്ന, വ്യക്തിയുടെയും സമൂഹത്തിന്റെയും ക്ഷേമത്തിലേക്കു നയിക്കുന്ന, മനുഷ്യപ്രകൃതിക്കും ആവാസവ്യവസ്ഥക്കുമിണങ്ങുന്ന ഉല്‍പന്നങ്ങളും സേവനങ്ങളുമാണ് ഹലാല്‍. ആഗോള മാര്‍ക്കറ്റില്‍ ഹലാലിന് ഇങ്ങനെ പല മാനങ്ങളുമുണ്ട്. ഇവിടെയാണ് മേല്‍പറഞ്ഞ യുവ സഹോദരിമാരുടെ പ്രസക്തി. എന്തും എങ്ങനെയും കച്ചവടം ചെയ്യാന്‍ കഴിയുന്ന ഇക്കാലത്താണ് ഇസ്‌ലാമിന്റെ ഹലാല്‍ വീക്ഷണത്തില്‍ പ്രചോദിതരായി ഈ യുവതികള്‍ ഹലാല്‍ ഇന്‍ഡസ്ട്രിയിലേക്ക് കടന്നുവരുന്നത്. ഹലാല്‍ പോലുള്ള ഇസ്‌ലാമിന്റെ മൂല്യസങ്കല്‍പങ്ങള്‍ മാനവരാശിക്ക് മുഴുവന്‍ പ്രയോജനപ്രദമാണെന്ന അനുഭവസാക്ഷ്യമാണിത്. ശുദ്ധവും ആരോഗ്യദായകവും വിശ്വാസയോഗ്യവുമായ ഉല്‍പന്നങ്ങളാണ് ഹലാല്‍ എന്ന് അമുസ്‌ലിം സഹോദരങ്ങള്‍ക്കു കൂടി ബോധ്യമായിരിക്കുന്നു. മനുഷ്യന്റെ ശുദ്ധപ്രകൃതി ഈ പ്രകൃതി മതത്തെയും അതിന്റെ മൂല്യസങ്കല്‍പത്തെയും തേടി വന്നില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. വിശ്വാസംകൊണ്ട് ഇസ്‌ലാമിനെ വരിച്ചവര്‍ക്ക് മാത്രമുള്ളതല്ല, ഇസ്‌ലാമിന്റെ ഭൗതികമായ നന്മകളില്‍ പലതും. പലിശരഹിതമായ ഇസ്‌ലാമിന്റെ സാമ്പത്തികസംവിധാനത്തിന്റെ ഗുണഭോക്താക്കളില്‍ മുസ്‌ലിമും അമുസ്‌ലിമും പെടുമെന്നതുപോലെ, ഏവര്‍ക്കും ഉപയോഗിക്കാവുന്ന ഏറ്റവും അനുയോജ്യമായ വിഭവങ്ങളായി ഹലാല്‍ ഉല്‍പന്നങ്ങളെയും ലോകം കണ്ടുതുടങ്ങിയിരിക്കുന്നു. ശുദ്ധപ്രകൃതനായ മനുഷ്യന്‍ ശുദ്ധപ്രകൃതമായ ഒരു ജീവിതക്രമം തേടുന്നതിന്റെ ഭാഗമായിട്ടേ വിശ്വാസിസമൂഹത്തിനു പുറത്തുള്ളവരുടെ ഹലാല്‍ പ്രിയത്തെ കാണേണ്ടതുള്ളൂ.

 

ആഗോള ഹലാല്‍ മാര്‍ക്കറ്റ്

ഹലാല്‍ ഉല്‍പന്നങ്ങളുടെ പ്രാധാന്യവും ആവശ്യകതയും ഏറെ മനസ്സിലാക്കിയവരല്ല ഇന്ത്യന്‍ മുസ്‌ലിംകളിലധികവും. എങ്കിലും മൗലി സഹോദരിമാരെപോലെ ഇതര സമൂഹത്തില്‍പെട്ട ഏറെ പേരുണ്ട,് ഹലാല്‍ മാര്‍ക്കറ്റിന്റെ പ്രയോക്താക്കളും ഉപഭോക്താക്കളുമായി. മുസ്‌ലിം രാജ്യങ്ങള്‍ക്കു പുറമെ യൂറോപ്പിലും വടക്കേ അമേരിക്കയിലും കൊറിയ, ജപ്പാന്‍, തായ്‌ലന്റ്, തായ്‌വാന്‍, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങളിലും ഹലാല്‍ ഉല്‍പന്നങ്ങള്‍ക്ക് പ്രിയമേറിക്കൊണ്ടിരിക്കുന്നു. മുമ്പ് മുസ്‌ലിം രാജ്യങ്ങളില്‍ മാത്രം പരിമിതമായിരുന്ന ഹലാല്‍ ഉല്‍പാദകരും കച്ചവടക്കാരും സെര്‍ട്ടിഫിക്കേഷന്‍ കമ്പനികളും ഇന്ന് മുസ്‌ലിമേതര നാടുകളിലും പ്രവര്‍ത്തിച്ചുപോരുന്നു. ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് ദക്ഷിണ കൊറിയന്‍ ടൂറിസം വകുപ്പ് രാജ്യത്ത് ഇരുനൂറില്‍പരം ഹലാല്‍ റെസ്റ്റോറന്റുകള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചത്. കൊറിയയില്‍ ഹലാല്‍ ഉല്‍പന്നങ്ങള്‍ക്ക് പ്രിയമേറുന്നത് മുസ്‌ലിം ഉപഭോക്താക്കളില്‍ മാത്രമല്ല, മുസ്‌ലിമേതര തദ്ദേശീയരിലും കൂടിയാണ്. വിദേശികളടക്കം 135000 മാത്രമാണ് കൊറിയയിലെ മുസ്‌ലിം ജനസംഖ്യ എന്നോര്‍ക്കണം. ഈ വര്‍ഷം ആഗസ്റ്റില്‍ തലസ്ഥാനമായ സോളില്‍ നടക്കാന്‍ പോകുന്ന ഹലാല്‍ എക്‌സിബിഷന്‍ രാജ്യത്ത് വര്‍ധിച്ചുവരുന്ന ഹലാല്‍ പ്രിയത്തിന്റെ ഏറ്റവും വലിയ തെളിവാണ്. മുസ്‌ലിംകള്‍ ഭൂരിപക്ഷമുള്ള ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ കിഴക്കനേഷ്യന്‍ രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ ഹലാല്‍ മാംസം കയറ്റുമതി ചെയ്യുന്ന രാജ്യം ജനസംഖ്യയുടെ 2 ശതമാനം മാത്രം മുസ്‌ലിംകളുള്ള ആസ്‌ത്രേലിയയാണ്. ഹലാല്‍ ടൂറിസത്തിന്റെ ഭാഗമായി യൂറോപ്യന്‍ നാടുകളിലടക്കം ഹലാല്‍ ഹോട്ടല്‍-റെസ്റ്റോറന്റുകള്‍ പ്രവര്‍ത്തനമാരംഭിച്ചുതുടങ്ങി.

 

ഹലാല്‍ എക്‌സ്‌പോ-2016

ക്വാലാലമ്പൂരില്‍ കഴിഞ്ഞ മാര്‍ച്ച് 30-ന് തുടങ്ങി ഏപ്രില്‍ 2-ന് അവസാനിച്ച ഇന്റര്‍നാഷ്‌നല്‍ ഹലാല്‍ എക്‌സിബിഷന്‍ സന്ദര്‍ശിക്കുമ്പോഴാണ്, നമ്മുടെ നാട്ടില്‍ അത്രയൊന്നും ചര്‍ച്ചയായിട്ടില്ലാത്ത ഈ ഹലാല്‍ ലോകത്തിന്റെ വിശാല ഇടങ്ങളെകുറിച്ച് അല്‍പമെങ്കിലും അറിയാന്‍ കഴിഞ്ഞത്. മലേഷ്യന്‍ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹായത്തോടെ രാജ്യത്ത് കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി നടന്നുപോരുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ ഈ ഹലാല്‍ വാണിജ്യമേള. ക്വാലാംലമ്പൂര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന മേളയില്‍ 29 രാജ്യങ്ങളില്‍നിന്നായി 283 അന്താരാഷ്ട്ര കമ്പനികളുടെയും 260 മലേഷ്യന്‍ കമ്പനികളുടെയും വിവിധതരം ഹലാല്‍ ഉല്‍പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു. 67 രാജ്യങ്ങളില്‍നിന്നായി അനേകായിരം പേരാണ് സന്ദര്‍ശകരായെത്തിയത്. ഹലാല്‍ പാനീയങ്ങള്‍, ഭക്ഷ്യവിഭവങ്ങള്‍, ജൈവ ഉല്‍പന്നങ്ങള്‍, കോസ്‌മെറ്റിക്‌സ്, വസ്ത്രങ്ങള്‍, മരുന്നുകള്‍, മീഡിയ ആന്റ് റിക്രിയേഷന്‍സ് ഇനങ്ങള്‍, ഗിഫ്റ്റുകള്‍, പഠനോപകരണങ്ങള്‍, കാലിഗ്രാഫി, ഹോം ഡെകോര്‍, ഇലക്ട്രിക്-ഇലക്‌ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്നതും ആകര്‍ഷകവുമായ നിരവധി ഹലാല്‍ ഉല്‍പന്നങ്ങളാണ് മേളയില്‍ പ്രദര്‍ശിക്കപ്പെട്ടത്. പുറമെ, ഹലാല്‍ ഇന്‍ഡസ്ട്രിയില്‍ നിക്ഷേപമിറക്കുന്നവര്‍ക്കും ബിസിനസ് സംരംഭകര്‍ക്കും വേണ്ടിയുള്ള ഒട്ടനവധി സേവനങ്ങളും മലേഷ്യന്‍ വാണിജ്യ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മലേഷ്യന്‍ ഇന്റര്‍നാഷ്‌നല്‍ ട്രേഡ് ഷോക്കേസി (MIHAS)ല്‍ നല്‍കിവരുന്നു. ആഗോളാടിസ്ഥാനത്തില്‍തന്നെ ഹലാല്‍ ഇന്‍ഡസ്ട്രിയുടെ വളര്‍ച്ചയില്‍ 'മിഹാസി'ന് വലിയ പങ്കുണ്ട്. മുസ്‌ലിംകളുടെ മതപരമായ ബാധ്യത എന്നതിനേക്കാള്‍ ഏവരുടെയും ഒരു ജീവിത രീതി എന്ന നിലയിലാണ് മലേഷ്യയില്‍ ഹലാല്‍ ഉല്‍പന്നങ്ങള്‍ ജനങ്ങള്‍ തെരഞ്ഞെടുക്കുന്നത്. സര്‍ക്കാറിന്റെ ഈ രംഗത്തുള്ള താല്‍പ്പര്യവും ആസൂത്രിതമായ ചുവടുവെപ്പുകളുമാണ് മലേഷ്യയിലും മേഖലയിലെ മറ്റു രാജ്യങ്ങളായ തായ്‌ലന്റ്, തായ്‌വാന്‍, ഫിലിപ്പീന്‍സ്, ചൈന, ഇന്തോനേഷ്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലും ഹലാല്‍ വാണിജ്യം ഇത്ര വ്യാപിക്കാന്‍ കാരണമായത്.  

 

ഹലാല്‍ വാണിജ്യം ഇന്ത്യയില്‍

ഏറെ മുസ്‌ലിംകളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെങ്കിലും ഹലാല്‍ അനുബന്ധ ഉല്‍പന്നങ്ങളും സേവനങ്ങളും ഇന്ത്യന്‍ മുസ്‌ലിംകള്‍ വേണ്ടത്ര ശ്രദ്ധിച്ചുതുടങ്ങിയിട്ടില്ല. കാരണം, അറുത്ത മാംസവിഭവങ്ങളും ലഹരിമുക്ത പാനീയങ്ങളും മാത്രമാണ് ഒരു ശരാശരി ഇന്ത്യന്‍ മുസ്‌ലിമിന്റെ വിഭാവനയിലുള്ള ഹലാല്‍ വിഭവങ്ങള്‍. ഇവയില്‍ മാംസവിഭവങ്ങള്‍ ഒരു പ്രത്യേക ഹലാല്‍ സര്‍ട്ടിഫിക്കേഷന്റെ ആവശ്യമില്ലത്തവിധം പ്രാദേശിക മാര്‍ക്കറ്റുകളില്‍നിന്ന് ഫ്രഷായിതന്നെ ലഭ്യമാകുന്നുവെന്നതും ഒരുപരിധിവരെ ഈ രംഗത്ത് മുസ്‌ലിംകള്‍ വേണ്ടത്ര ശ്രദ്ധപതിപ്പിക്കാതിരിക്കാന്‍ കാരണമാണ്. ഭക്ഷണപാനീയങ്ങള്‍ക്കു പുറമെ, നിത്യോപയോഗ സാധനങ്ങളിലും സേവനങ്ങളിലും ഹലാല്‍-ഹറാം മാനദണ്ഡം നോക്കുന്ന ശീലം ഒരു ശരാശരി ഇന്ത്യന്‍ മുസ്‌ലിമിനില്ല. ഇതര സമൂഹങ്ങള്‍ പോലും ഇസ്‌ലാമിന്റെ ഹലാല്‍ സംവിധാനത്തില്‍ വിശ്വാസമര്‍പ്പിക്കുമ്പോള്‍, അത്തരം വിവേകപൂര്‍വമായ തെരഞ്ഞെടുപ്പും ഉപഭോഗശീലവും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ വളരെ കുറവാണെന്നതാണ് സത്യം. നേരത്തേ സൂചിപ്പിച്ച ഹലാല്‍ വീക്ഷണത്തെ സംബന്ധിച്ച ഇസ്‌ലാമിന്റെ വിശാല വീക്ഷണത്തെക്കുറിച്ച അറിവില്ലായ്മയാണ് ഇതിന്റെ അടിസ്ഥാന കാരണം. അത്തരം ഉല്‍പന്നങ്ങള്‍ മാര്‍ക്കറ്റില്‍ കൊണ്ടുവരേണ്ടിയിരുന്നു മുസ്‌ലിംകള്‍. 

ഉല്‍പന്നങ്ങളുടെ ഗുണനിലവാരവും പ്രത്യേകതകളും പരിശോധിച്ച് ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്ന ഇന്ത്യയിലെ ഏക സ്ഥാപനമാണ് ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹലാല്‍ ഇന്ത്യ (Halal India). ഹലാല്‍ ടൂറിസം, ഹലാല്‍ മെഡിക്കല്‍ ടൂറിസം, ഹലാല്‍ അഡൈ്വര്‍ടൈസിംഗ് ആന്റ് ബ്രാന്റിംഗ്, ഇസ്‌ലാമിക ശരീഅത്തിലധിഷ്ഠിതമായ ബിസിനസ്, വിവിധ തരം ഹലാല്‍ ഉല്‍പന്നങ്ങള്‍ തുടങ്ങി ഈ രംഗത്തുള്ള മുഴുവന്‍ കാര്യങ്ങള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങളും സേവനങ്ങളും ഇവര്‍ നല്‍കിവരുന്നു. 'ഹലാല്‍ ഇന്ത്യ'യുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കേരളത്തിലെ സ്ഥാപനമാണ് ഹലാല്‍ സ്‌കാര്‍ട്ട് (Halal Scart). ഹലാല്‍ ഉല്‍പന്നങ്ങളുടെ ഇന്ത്യയിലെ ആദ്യത്തെ ഓണ്‍ലൈന്‍ വിതരണക്കാര്‍ കൂടിയാണ് ഹലാല്‍ സ്‌കാര്‍ട്ട്. സൈബര്‍യുഗത്തിലെ ഏറ്റവും സൗകര്യപ്രദമായ ഓണ്‍ലൈന്‍ പണമിടപാടുവഴി വളരെ എളുപ്പത്തില്‍ ഇന്ന് ഹലാല്‍ ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നു.

ഇസ്‌ലാമിക സംസ്‌കൃതിയുടെ സമ്പൂര്‍ണ വീണ്ടെടുപ്പിനും ഇസ്‌ലാമിക മൂല്യങ്ങളുടെ പുനഃസ്ഥാപനത്തിനും ഇറങ്ങിത്തിരിച്ചവര്‍ക്ക് അവഗണിക്കാന്‍ കഴിയുന്നതല്ല കച്ചവട-വ്യവഹാര രംഗത്തെ ഇസ്‌ലാമികത. തങ്ങളുടെ സ്വകാര്യ ഇടപാടുകളില്‍ ഹലാല്‍ ഹറാമുകള്‍ പാലിച്ച് ആത്മസംതൃപ്തിയടയുന്നതിനു പകരം, സാമൂഹിക വ്യവഹാരങ്ങളില്‍ ഒരു ഹലാല്‍ ജീവിതശൈലി കെട്ടിപ്പടുക്കാനുള്ള പരിശ്രമവും ഇസ്‌ലാമിക പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 29-30
എ.വൈ.ആര്‍