ആ രക്തസാക്ഷ്യം പാഴാവില്ല
ബംഗ്ലാദേശില്‍ ഒടുവില്‍ മുത്വീഉര്‍റഹ്മാന്‍ നിസാമിയെയും അവര്‍ കൊന്നു. മെയ് 10 രാത്രി 12 മണി കഴിഞ്ഞ് രണ്ട് മിനിറ്റുള്ളപ്പോള്‍ ധാക്ക സെന്‍ട്രല്‍ ജയിലിലെ തൂക്കുമരത്തില്‍നിന്ന് ആ മഹാനായ മനുഷ്യന്റെ ആത്മാവിനെ മാലാഖമാര്‍ ഏറ്റുവാങ്ങി സ്വര്‍ഗത്തിലേക്ക് ആനയിച്ചു.
കഴിഞ്ഞ മാസങ്ങളില്‍ യുദ്ധക്കുറ്റമാരോപിച്ച് ജമാഅത്തെ ഇസ്‌ലാമിയുടെ പ്രമുഖരായ നാല് നേതാക്കളെയും ബി.എന്‍.പിയുടെ ഒരു നേതാവിനെയും തൂക്കിലേറ്റിയപ്പോള്‍, ജമാഅത്തെ ഇസ്‌ലാമിയുടെ പരമോന്നത നേതാവും മുന്‍ മന്ത്രിയുമായ നിസാമിക്കുമേല്‍ കൈവെക്കില്ലെന്ന് ആശ്വസിക്കുന്നവരുടെ കണക്കുകൂട്ടലുകളാണ് തെറ്റിയത്. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ആംനസ്റ്റിയുള്‍പ്പെടെ ലോകത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരും ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരും കഴിഞ്ഞ കുറേ മാസങ്ങളായി നടത്തിയ കഠിനാധ്വാനങ്ങള്‍ വിഫലമായി.
സാത്വിക വ്യക്തിത്വം
'80കളുടെ അവസാനത്തിലാണെന്ന് തോന്നുന്നു, മൗലാനാ മുത്വീഉര്‍റഹ്മാന്‍ നിസാമി ഖത്തറില്‍ വന്നപ്പോള്‍ ഈ ലേഖകന്‍ പ്രബോധനത്തിനുവേണ്ടി അദ്ദേഹവുമായി ഒരഭിമുഖം നടത്തിയിരുന്നു. ഹോട്ടല്‍ മുറിയില്‍ വി.കെ അലി സാഹിബുമൊത്ത് അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ ആ വ്യക്തിത്വത്തിന്റെ ലാളിത്യവും നിഷ്‌കളങ്കതയും ഗരിമയും വളരെ പ്രകടമായിരുന്നു. ചോദ്യങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ മറുപടികളില്‍ ബംഗ്ലാദേശില്‍ ഇസ്‌ലാമിന്റെയും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും ശോഭനമായ ഭാവിയെ കുറിച്ച വലിയ ശുഭപ്രതീക്ഷകളായിരുന്നു നിറഞ്ഞുനിന്നത്. അന്നദ്ദേഹം നടത്തിയ പ്രവചനങ്ങള്‍ സാക്ഷാത്കൃതമായി. ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്‌ലാമി അധികാരത്തില്‍ പങ്കാളിയായി. നിസാമി കൃഷി മന്ത്രിയും പിന്നീട് വ്യവസായ മന്ത്രിയുമായി. എന്നുമാത്രമല്ല, ബംഗ്ലാദേശിന്റെ ചരിത്രത്തില്‍ ഏറ്റവും വിജയിച്ച കൃഷി മന്ത്രിയും വ്യവസായ മന്ത്രിയുമെന്ന ഖ്യാതി നേടി.
വലിയ ജനകീയാടിത്തറയുള്ള നേതാവായിരുന്നു മുത്വീഉര്‍റഹ്മാന്‍ നിസാമി(1943-2016). 1991-ലും 2001-ലും അദ്ദേഹത്തിന്റെ മണ്ഡലം 58 ശതമാനത്തില്‍ അധികം വോട്ടിനാണ് അദ്ദേഹത്തെ വിജയിപ്പിച്ചത്. സാമ്പത്തിക ശാസ്ത്രത്തില്‍ ധാക്ക യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഡോക്ടറേറ്റ് നേടിയ നിസാമി, 2001-2006 കാലയളവിലാണ് ഖാലിദാ സിയാ മന്ത്രിസഭയില്‍ കൃഷി മന്ത്രിയും പിന്നീട് വ്യവസായ മന്ത്രിയുമായത്. 2001 മുതല്‍ നാലു തവണ തുടര്‍ച്ചയായി അദ്ദേഹം ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയുടെ അമീറായി തെരഞ്ഞെടുക്കപ്പെട്ടു. ലോകത്തിലെ തന്നെ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്ക് മാതൃകയാകുമാറ് ബംഗ്ലാദേശ് ജമാഅത്തിനെ ശക്തമായ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റിയ ഗുലാം അഅ്‌സമെന്ന അസാധാരണ വ്യക്തിത്വത്തിന്റെ പിന്തുടര്‍ച്ചക്കാരനാവുക എളുപ്പമായിരുന്നില്ല. പക്ഷേ ആ ദൗത്യം അദ്ദേഹം വിജയകരമായി നിര്‍വഹിക്കുക തന്നെ ചെയ്തു. ഒരു സമാന്തര ഗവണ്‍മെന്റ് കണക്കെ പൊതുജന ജീവിതത്തിന്റെ സകല മേഖലകളിലേക്കും സേവനപ്രവര്‍ത്തനങ്ങളുമായി കടന്നുചെന്ന ഇസ്‌ലാമിക പ്രസ്ഥാനമാണ് ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി. പ്രവര്‍ത്തകര്‍ക്കും പ്രാദേശിക നേതൃത്വത്തിനും ഉത്തരവാദിത്തങ്ങള്‍ വീതിച്ചു കൊടുത്ത് അവരെ പ്രവര്‍ത്തിക്കാന്‍ സ്വതന്ത്രമായി വിടുകയും നേട്ടങ്ങളുണ്ടാക്കാന്‍ നിരന്തരം പ്രചോദിപ്പിക്കുകയും ചെയ്യുന്ന നേതൃപാടവമായിരുന്നു ഗുലാം അഅ്‌സമിന്റേത്. അങ്ങനെ വിദ്യാഭ്യാസം, ആതുരസേവനം, വ്യവസായം, ബാങ്കിംഗ,് സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങി സകല മേഖലകളിലും ജമാഅത്ത് കൈവച്ചു. അഭൂതപൂര്‍വമായ വിജയം കൈവരിക്കുകയും ചെയ്തു. ബംഗ്ലാദേശ് ജനത ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സേവനങ്ങളുടെ ഗുണഭോക്താക്കളായി. അങ്ങനെ ബംഗ്ലാദേശ് രാഷ്ട്രീയത്തിന് ഒഴിച്ചുകൂടാനാവാത്ത ശക്തിയായി ജമാഅത്തെ ഇസ്‌ലാമി മാറി. ആ ശക്തിയെ കൂടെ നിര്‍ത്തി മാത്രമേ മറ്റു പാര്‍ട്ടികള്‍ക്ക് അധികാരത്തില്‍ വരാന്‍ കഴിയൂ എന്ന സാഹചര്യം നിലവില്‍ വന്നു. അങ്ങനെയാണ് ഖാലിദ സിയ ജമാഅത്തെ ഇസ്‌ലാമിയെ തന്റെ സഖ്യകക്ഷിയാക്കുന്നത്. ഇന്ന് യുദ്ധം പ്രഖ്യാപിച്ച ഹസീന വാജിദ് തൊള്ളായിരത്തി എണ്‍പതുകളുടെ അവസാനത്തില്‍ നടന്ന ജനറല്‍ ഇര്‍ശാദ്‌വിരുദ്ധ പ്രക്ഷോഭത്തില്‍ ജമാഅത്തിനെ സഖ്യ കക്ഷിയാക്കിയിരുന്നുവെന്നോര്‍ക്കണം.
ബംഗ്ലാദേശില്‍ ഇത്ര വലിയ സ്വാധീനം നേടിയെടുത്തുവെന്നതു തന്നെയാണ് ഇപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി നേരിടുന്ന പരീക്ഷണങ്ങളുടെ കാരണവും. ജമാഅത്തെ ഇസ്‌ലാമിയുടെ വളര്‍ച്ച ലോകത്തും മേഖലയിലും തങ്ങള്‍ക്ക് വമ്പിച്ച പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞ ഇസ്‌ലാംവിരുദ്ധ ലോബി ആസൂത്രണം ചെയ്ത ഉന്മൂലന രാഷ്ട്രീയത്തിന് തുടക്കം കുറിക്കപ്പെടുന്നത് അങ്ങനെയാണ്.
ജമാഅത്തെ ഇസ്‌ലാമിയുടെ അഭൂതപൂര്‍വമായ വളര്‍ച്ചയില്‍ വലിയ പങ്ക് വഹിച്ച, ഇനിയും ആ പ്രസ്ഥാനത്തെ ഉയരങ്ങളിലേക്കുയര്‍ത്താന്‍ ശേഷിയുള്ള നിസാമിയുടെ വ്യക്തിത്വം തങ്ങള്‍ക്ക് വലിയ ഭീഷണിയാണെന്ന് തിരിച്ചറിഞ്ഞ ശത്രുക്കള്‍ക്ക് അദ്ദേഹത്തിന്റെ ജീവനെടുക്കേണ്ടത് ആവശ്യമായിരുന്നു. അങ്ങനെയാണ് സാത്വികനായ ആ നേതാവിനെതിരെ ഹസീന വാജിദ് 16 കുറ്റങ്ങളാരോപിച്ച് തൂക്കിക്കൊല്ലുന്നത്. നൂറുകണക്കിനുപേരെ കൊന്നു, 54 സ്ത്രീകളെ ബലാത്സംഗം ചെയ്തു തുടങ്ങിയ ഭീകര കുറ്റകൃത്യങ്ങള്‍ അവയിലുള്‍പ്പെടും!
1971-ലാണ് ബംഗ്ലാദേശ് ഉണ്ടാവുന്നത്. അന്ന് നടന്ന യുദ്ധക്കുറ്റങ്ങളില്‍ പെടുത്തിയാണ് 40 വര്‍ഷം കഴിഞ്ഞ് വിചാരണ. അതിനിടയില്‍ അദ്ദേഹത്തെ ജനങ്ങള്‍ പാര്‍ലമെന്റിലേക്ക് വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കുന്നുണ്ട്, മന്ത്രിയാക്കുന്നുണ്ട്. തൊള്ളായിരത്തി തൊണ്ണൂറുകളുടെ ആദ്യത്തില്‍ ഹസീന വാജിദ് തന്നെ ബി.എന്‍.പി ഗവണ്‍മെന്റിനെതിരെ ജമാഅത്തെ ഇസ്‌ലാമിയെ കൂടെ കൂട്ടുന്നുണ്ട്. സര്‍വോപരി 1971-ന്റെ ഫയലുകള്‍ ക്ലോസ് ചെയ്തതായി ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും ചേര്‍ന്ന് ഒപ്പുവെച്ച കരാര്‍ പ്രഖ്യാപിച്ചതാണ്. ആ കരാര്‍ ലംഘിച്ചാണ് ഹസീന വാജിദ് പുതിയ വിചാരണാ നാടകങ്ങള്‍ ആരംഭിച്ചത്.
വിചാരണ പ്രഹസനം
2008-ല്‍ ഹസീനയുടെ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ നേടിയ വിജയം ശത്രുക്കളെ മാത്രമല്ല, അവരെത്തന്നെ അമ്പരപ്പിക്കുന്ന ഭൂരിപക്ഷത്തോടെയായിരുന്നു. ആ തെരഞ്ഞെടുപ്പോടെ ബംഗ്ലാദേശില്‍ ജനാധിപത്യം അട്ടിമറിക്കപ്പെട്ടുതുടങ്ങി.
നാടകത്തിന്റെ ആരംഭമായിരുന്നു അത്. അതോടെ യുദ്ധക്കുറ്റം വിചാരണ ചെയ്യാനെന്ന പേരില്‍ അന്താരാഷ്ട്ര ട്രൈബ്യൂണല്‍ തട്ടിക്കൂട്ടി. ജമാഅത്ത് നേതാക്കളെ കുറ്റമാരോപിച്ച് ജയിലിലടച്ച് വധശിക്ഷ വിധിച്ചു. അന്താരാഷ്ട്ര കോടതിയെന്ന് പേരിട്ട സംവിധാനത്തിന് ജില്ലാ കോടതിയുടെ പോലും നിലവാരമുണ്ടായിരുന്നില്ല. ആഗോള മനുഷ്യാവകാശ സംഘടനകള്‍ വിചാരണ നേരില്‍ കാണണമെന്നാവശ്യപ്പെട്ടെങ്കിലും സമ്മതിച്ചില്ല. മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചു.
മുത്വീഉര്‍റഹ്മാന്‍ നിസാമിയുടെ കേസില്‍ ഒരുവേള ജഡ്ജി തന്നെ പ്രോസിക്യൂഷനോട് ചോദിച്ചു; 'അദ്ദേഹം ചെയ്തതായി പറയുന്ന കുറ്റത്തിന് കൃത്യമായ ഒരു തെളിവ് പോലും ഹാജരാക്കാതെ ഞാനെങ്ങനെ വധശിക്ഷ വിധിക്കും?' പിന്നീട് വധശിക്ഷ വിധിച്ചപ്പോള്‍ അതേ ജഡ്ജി പറഞ്ഞത് വിഭജന വേളയില്‍ അദ്ദേഹം പാകിസ്താനോടൊപ്പമായിരുന്നു എന്നതു തന്നെമതി, വേറെ തെളിവുകള്‍ ആവശ്യമില്ല എന്നായിരുന്നു!
ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഏഷ്യന്‍ ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഫില്‍ റോബര്‍ട്ട്‌സണ്‍ പറഞ്ഞത് ശ്രദ്ധേയമാണ്; 'വിചാരണ ഒരിക്കലും സ്വതന്ത്രവും സുതാര്യവുമായിരുന്നില്ല. നിസാമിക്ക് മതിയായ സാക്ഷികളെ ഹാജരാക്കാന്‍ അവസരം നല്‍കിയില്ല. വിചാരണക്ക് നേതൃത്വം നല്‍കിയ ജഡ്ജി ബാഹ്യ ശക്തികളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നത് ജഡ്ജിംഗ് പാനലിന്റെ വിശ്വാസ്യത കെടുത്തി.'
ഒരു രാജ്യം വിഭജിക്കണമെന്നാവശ്യപ്പെടുമ്പോള്‍ ആ രാജ്യത്തെ പൗരന്‍ വിഭജനത്തെ എതിര്‍ക്കുന്നത് അയാളുടെ രാജ്യസ്‌നേഹത്തിന്റെ തെളിവാണ്. ഇന്ത്യ വിഭജിക്കപ്പെടാന്‍ പാടില്ല എന്ന് വിശ്വസിച്ചിരുന്നവര്‍ ഇന്ന് പാകിസ്താനിലുണ്ട്. അവരെ വിചാരണ ചെയ്ത് തൂക്കിക്കൊല്ലുന്നത് അനീതിയാണെങ്കില്‍ ഇതും അനീതി തന്നെയാണെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്?! ജമാഅത്തെ ഇസ്‌ലാമി സ്വാഭാവികമായും പാകിസ്താന്‍ വിഭജനത്തിനെതിരായിരുന്നു. പക്ഷേ രാജ്യം വിഭജിക്കപ്പെട്ടപ്പോള്‍ അതൊരു യാഥാര്‍ഥ്യമായി സംഘടന അംഗീകരിച്ചു. എന്നാല്‍, ആരോപിക്കപ്പെട്ട യുദ്ധ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ഒരിക്കലും സാധിക്കാത്ത ദൈവ വിശ്വാസികളാണ് അതിന്റെ പ്രവര്‍ത്തകര്‍. അതിന്റെ നേതാക്കളെയാണ് ബലാത്സംഗം ആരോപിച്ച് തൂക്കിലേറ്റുന്നത്!
'എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ കല്‍പിത കഥകളാണ്. അതുമായി എനിക്ക് വിദൂര ബന്ധം പോലുമില്ല. രാഷ്ട്രീയപ്രേരിതമാണ് ഈ വിചാരണ. ജമാഅത്തെ ഇസ്‌ലാമിയെ നശിപ്പിക്കുക എന്നതുമാത്രമാണ് ഇതിന്റെ പിന്നില്‍' എന്ന് നിസാമി നേരത്തേ വിചാരണാ വേളയില്‍തന്നെ വ്യക്തമാക്കിയിരുന്നതാണ്.
പ്രതികരണങ്ങള്‍
ലോകത്തെങ്ങുമുള്ള ഇസ്‌ലാംവിരോധികള്‍ തങ്ങളുടെ അജണ്ട നടപ്പിലാക്കുന്നുവെന്ന് ബോധ്യപ്പെടുത്തുന്ന പ്രതികരണങ്ങളാണ് നിസാമിയുടെ വധത്തിനു നേരെ പല കോണുകളില്‍നിന്നുമുണ്ടായത്. 'നീതിയുടെ നിര്‍വഹണം' എന്നു വിശേഷിപ്പിച്ച അമേരിക്ക ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ സമരത്തില്‍ ബംഗാളി ജനതക്കെതിരെ വൃത്തികേടുകള്‍ കാണിച്ചതിനുള്ള ശിക്ഷയായാണ് വധത്തെ കണ്ടത്.
അറബ് ഭരണാധികാരികള്‍ അര്‍ഥപൂര്‍ണമായ മൗനത്തിലാണ്ടു. പണ്ട് സയ്യിദ് ഖുത്വ്ബിന് വധശിക്ഷ വിധിച്ചപ്പോള്‍ ജമാല്‍ അബ്ദുന്നാസിറിന് ശക്തമായ ഭാഷയില്‍ കത്തെഴുതാന്‍ ഒരു ഫൈസല്‍ രാജാവുണ്ടായിരുന്നു. അന്ന് സുഊദി പത്രങ്ങളുടെ തലക്കെട്ടായിരുന്നു ഖുത്വ്ബിനെ തൂക്കിലേറ്റിയ വാര്‍ത്ത. നിസാമിയെ കൊന്നത് ബി.ബി.സിക്കും പാശ്ചാത്യ മാധ്യമങ്ങള്‍ക്കും പ്രധാന വാര്‍ത്തയായിരുന്നെങ്കിലും അറബ് ലോകത്ത് അത് ഒരു കോളം ന്യൂസിലൊതുങ്ങി!
അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിത വേദിയുടെ എക്‌സിക്യൂട്ടീവ് യോഗം ചേരുമ്പോഴൊക്കെയും, കഴിഞ്ഞ മാസമുള്‍പ്പെടെ ഞങ്ങള്‍ ഏഷ്യന്‍ പ്രതിനിധികള്‍ മുത്വീഉര്‍റഹ്മാന്‍ നിസാമിയുടെ ജീവന്‍ രക്ഷിക്കാന്‍ എന്തു ചെയ്യാനാകുമെന്ന ചോദ്യം ശക്തമായി ഉയര്‍ത്തിക്കൊണ്ടുവരുമ്പോള്‍ ശൈഖ് യൂസുഫുല്‍ ഖറദാവിയും ശൈഖ് ഖുര്‍റദാഗിയും തങ്ങളുടെ ദുഃഖവും നിസ്സഹായതയും പ്രകടിപ്പിക്കാറായിരുന്നു പതിവ്. അറബ് ഭരണാധികാരികളുമായി തങ്ങള്‍ ബന്ധപ്പെട്ടു നോക്കുന്നുണ്ടെങ്കിലും പ്രതികരണമില്ലെന്ന് അവര്‍ നിരാശപ്പെടും.
തുര്‍ക്കി മാത്രമാണ് ആണത്തമുള്ള നിലപാട് സ്വീകരിച്ചത്. വധശിക്ഷയെ അന്യായമെന്ന് വിശേഷിപ്പിച്ച് രംഗത്തു വന്ന ഉര്‍ദുഗാന്‍ രൂക്ഷമായ ഭാഷയിലാണ് അതിനെ വിമര്‍ശിച്ചത്. ബംഗ്ലാദേശിലെ തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിച്ചുകൊണ്ട് നിലപാട് കടുപ്പിക്കുകയും ചെയ്തു. വധിക്കപ്പെട്ടത് ഒരു മുസ്‌ലിമായതുകൊണ്ടാണ് ലോകം ഈ കുറ്റകൃത്യത്തിനു നേരെ മൗനം പാലിക്കുന്നതെന്നും ഉര്‍ദുഗാന്‍ തുറന്നടിച്ചു.
അന്ത്യയാത്ര
തൂക്കിക്കൊല്ലുന്നതിന് തൊട്ടുമുമ്പ് തന്നെ സന്ദര്‍ശിച്ച കുടുംബത്തോട് മുത്വീഉര്‍റഹ്മാന്‍ നിസാമി പറഞ്ഞ വാക്കുകള്‍ രക്തസാക്ഷിയുടെ വീരമൃത്യുവിനെക്കുറിച്ചായിരുന്നു: ''73 വര്‍ഷം ഞാന്‍ ജീവിച്ചു. ഇപ്പോള്‍ അല്ലാഹു അവന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിയാകാന്‍ അവസരം നല്‍കി എന്നെ ആദരിച്ചിരിക്കുകയാണ്. അതുകൊണ്ട,് നിങ്ങളാരും വിഷമിക്കരുത്. അല്ലാഹുവിനോടല്ലാതെ ആരോടും ക്ഷമ യാചിക്കുകയും ചെയ്യരുത്. എന്റെ ജീവനു വേണ്ടിയല്ല നിങ്ങള്‍ പ്രാര്‍ഥിക്കേണ്ടത്. അല്ലാഹു എന്റെ കര്‍മങ്ങള്‍ സ്വീകരിക്കാന്‍ വേണ്ടി പ്രാര്‍ഥിക്കുക. അവന്റെ മാര്‍ഗത്തിലെ രക്തസാക്ഷ്യം എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്.'' മകന്‍ ഡോ. നഈമുര്‍റഹ്മാന്‍ നിസാമിയാണ് പിതാവിന്റെ സന്ദേശം കൈമാറിയത്. സുപ്രീംകോടതി വധശിക്ഷ ശരിവെച്ചപ്പോള്‍ പ്രസിഡന്റിന് ദയാഹര്‍ജി സമര്‍പ്പിക്കുകയെന്ന വഴി കൂടിയുണ്ടായിരുന്നു നിസാമിയുടെ മുമ്പില്‍. എന്നാല്‍ അദ്ദേഹം അതിന് സമ്മതിച്ചില്ല. കുടുംബത്തോട് പറഞ്ഞതുപോലെ ചെയ്യാത്ത തെറ്റിന് ആരോടും ക്ഷമ യാചിക്കേണ്ടതില്ലെന്ന ശക്തമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
രക്തസാക്ഷ്യമെന്നത് ഇസ്‌ലാമിസ്റ്റുകളെ സംബന്ധിച്ചേടത്തോളം വായിച്ച് ആവേശം കൊള്ളാനുള്ള ചരിത്രം മാത്രമല്ലെന്ന് ബംഗ്ലാദേശിലെ ഇസ്‌ലാമിസ്റ്റുകള്‍ ഇക്കാലത്തെ ഇസ്‌ലാമിക പ്രവര്‍ത്തകരെ ഓര്‍മിപ്പിക്കുകയാണ്.
Comments