Prabodhanm Weekly

Pages

Search

2016 മെയ് 27

2953

1437 ശഅ്ബാന്‍ 20

മൗലാനാ ഹുസൈന്‍ അഹ്മദ് മദനി: രാഷ്ട്രീയ ചിന്തകളും ചരിത്ര പശ്ചാത്തലവും

വി.എ മുഹമ്മദ് അശ്‌റഫ്

ഇന്ത്യന്‍ ദേശീയ സ്വാതന്ത്ര്യത്തില്‍ പങ്കെടുത്ത് ജയില്‍ ജീവിതമടക്കം ഒട്ടേറെ ത്യാഗങ്ങളനുഭവിച്ച ധീരദേശാഭിമാനിയും ഇസ്‌ലാമിക ചിന്തകനും നേതാവുമായിരുന്നു മൗലാനാ ഹുസൈന്‍ അഹ്മദ് മദനി (1879 -1957). 

ദാറുല്‍ ഉലൂം ദയൂബന്ദിന്റെ ധൈഷണിക ഉല്‍പന്നമായ ഹുസൈന്‍ അ്ഹ്മദ് മികച്ച വിദ്യാഭ്യാസ വിചക്ഷണനും സ്വാതന്ത്ര്യസമര പോരാളിയും ഹിന്ദു- മുസ്‌ലിം സൗഹൃദത്തിന്റെ ശക്തനായ വക്താവും പ്രയോക്താവുമായിരുന്നു. മുസ്‌ലിംകളും അമുസ്‌ലിംകളും അദ്ദേഹത്തെ ഒരേപോലെ ബഹുമാനിച്ചിരുന്നു.

ഇതര ദയൂബന്ദി പണ്ഡിതന്മാരില്‍നിന്ന് വ്യത്യസ്തമായ ഒരവസ്ഥ ഹുസൈന്‍ അഹ്മദ് മദനിക്കുണ്ടായിരുന്നു. തന്റെ ചെറുപ്പകാലത്തു തന്നെ പിതാവിനൊടൊപ്പം അദ്ദേഹം മദീനയിലേക്ക് മാറിത്താമസിച്ചു. 1915-ല്‍ ജംഇയ്യത്തുല്‍ ഉലമാ തലവന്‍ മഹ്മൂദുല്‍ ഹസന്‍ (1851-1920) മദീനയിലെത്തിയപ്പോള്‍ അദ്ദേഹവുമായി സന്ധിച്ചതിനെത്തുടര്‍ന്ന് ഇരുവരും ഗൂഢാലോചനാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടു. നാലു വര്‍ഷം മാള്‍ട്ടയില്‍ ജയിലിലടക്കപ്പെട്ടു. 

1916 മുതല്‍ 1920 വരെയുളള ഈ കാലഘട്ടത്തിലെ ജയിലനുഭവങ്ങള്‍ 1923-ല്‍ പുറത്തിറങ്ങിയ 'അസീറെ മാള്‍ട്ട' (മാള്‍ട്ടയിലെ തടവുകാരന്‍) എന്ന കൃതിയില്‍ ഹുസൈന്‍ അഹ്മദ് മദനി വിവരിക്കുന്നുണ്ട്. ജയില്‍ ജീവിതം ശക്തനായ സ്വാതന്ത്ര്യസമര പോരാളിയായി  മദനിയെ പരിവര്‍ത്തിപ്പിച്ചു. തല്‍ഫലമായി മദീനയില്‍ തിരികെ ചെന്നു ശിഷ്ടജീവിതം ചെലവിടുക എന്ന ആശയം മാറ്റിവെച്ച്, തിരികെ ഇന്ത്യയിലെത്തുകയും ദയൂബന്ദിലെ ദാറുല്‍ ഉലൂമിന്റെ പ്രിന്‍സിപ്പല്‍ സ്ഥാനം ഏറ്റെടുക്കുകയും കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തുന്ന യത്‌നത്തിലേര്‍പ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്ന് പലവട്ടം അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. 

13-ാം വയസ്സില്‍ (1892-ല്‍) ദയൂബന്ദിലെത്തുകയും മഹ്മൂദുല്‍ ഹസന്റെ കീഴില്‍ പഠനമാരംഭിക്കുകയും ചെയ്ത ഹുസൈന്‍ അഹ്മദ് മദനി, ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്മാരുടെ സമുന്നത ശ്രേണിയിലെത്തി; ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ് (മുസ്‌ലിം പണ്ഡിത സഭ) എന്ന സംഘടനയുടെ പ്രസിഡന്റ് പദവി അദ്ദേഹം അനേക വര്‍ഷം അലങ്കരിച്ചു. അനുയായികള്‍ അദ്ദേഹത്തെ 'ശൈഖുല്‍ ഇസ്‌ലാം' എന്ന് വിളിച്ചു.

18 വര്‍ഷം മദീനയില്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. പിന്നീടാണ് ദാറുല്‍ ഉലൂമില്‍ 'ശൈഖുല്‍ ഹദീസ്' എന്ന സ്ഥാനത്തോടെ 28 വര്‍ഷം അധ്യാപനവൃത്തി നിര്‍വഹിച്ചത്. 1957-ല്‍ മരണപ്പെടും വരെ ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദിന്റെ അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനവും വഹിച്ചു.

1921-ല്‍ കറാച്ചിയില്‍ വെച്ച് മൗലാനാ മുഹമ്മദലി ജൗഹര്‍ (1878-1931) വിളിച്ചുചേര്‍ത്ത സമ്മേളനത്തില്‍ ദേശീയ പ്രശ്‌നങ്ങള്‍ വിശദമായി ചര്‍ച്ചചെയ്തു. ശ്രോതാക്കളുടെ ചോദ്യങ്ങള്‍ക്ക് മൗലാനാ ഹുസൈന്‍ അഹ്മദ് മദനിയാണ് മറുപടി പറഞ്ഞത്. മദനിയുടെ അന്നത്തെ ഉത്തരങ്ങള്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. ജനങ്ങള്‍ അദ്ദേഹത്തില്‍ ഭാവനാശാലിയും ധിഷണാശാലിയുമായ ഒരു നേതാവിനെ ദര്‍ശിച്ചു. ബ്രിട്ടനെതിരെ ഹിന്ദുക്കളെയും മുസ്‌ലിംകളെയും ഒരേപോലെ യോജിപ്പിച്ചുനിര്‍ത്തി പോരാട്ടം നടത്താനുള്ള മദനിയുടെ ശ്രമം ഹിന്ദുനേതാക്കളെ ഹഠാദാകര്‍ഷിച്ചു. 

1930-ല്‍ കോണ്‍ഗ്രസ് സമ്പൂര്‍ണ സ്വാതന്ത്ര്യം ലക്ഷ്യമായി പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ മദനി ദേശീയ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താന്‍ അഹോരാത്രം യത്‌നിച്ചു; നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ശക്തനായ പ്രചാരകനായി.

 

ദ്വിരാഷ്ട്ര വാദത്തിന്റെ ചരിത്ര പശ്ചാത്തലം

1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം  ഹിന്ദുക്കളും മുസ്‌ലിംകളും ചേര്‍ന്ന് നടത്തിയ വീരോജ്ജ്വല പോരാട്ടമായിരുന്നുവെന്ന് ഏവരും സമ്മതിക്കും. ഹിന്ദുത്വ താത്ത്വികന്‍ വി.ഡി സവര്‍ക്കര്‍ക്ക് പോലും ഇക്കാര്യത്തില്‍ തര്‍ക്കമില്ല. ഇന്ത്യയില്‍ തങ്ങളുടെ ആധിപത്യത്തിന്റെ മരണമണി ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകള്‍ കേള്‍ക്കുകയായിരുന്നു 1857-ല്‍. 'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന നയം ശക്തമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ട ബ്രിട്ടീഷുകാര്‍ പ്രീണനവും മര്‍ദനവും മാറിമാറി പ്രയോഗിച്ചു. 1857-ലെ ഇന്ത്യന്‍ ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ ഏറ്റവും പ്രധാനമായ പങ്ക് വഹിച്ചുവെന്നാരോപിച്ച് മുസ്‌ലിംകളെ അവര്‍ ഹിന്ദുക്കളേക്കാള്‍ കൂടുതല്‍ വേട്ടയാടുകയായിരുവെന്ന് ജവഹര്‍ലാല്‍ നെഹ്‌റു കുറിച്ചു. ഒട്ടേറെ മുസ്‌ലിം പണ്ഡിതന്മാര്‍ ആന്തമാന്‍ നിക്കോബാറിലും മാള്‍ട്ടയിലും (ദക്ഷിണ ഇറ്റലിയിലെ ഒരു സ്ഥലം) ബന്ധികളാക്കപ്പെട്ടു. ഇതേ തുടര്‍ന്ന് സാമൂഹിക- സാമ്പത്തിക- രാഷ്ട്രീയ മേഖലകളിലൊക്കെ മുസ്‌ലിം പിന്നാക്കാവസ്ഥയും മേല്‍ജാതി ഹിന്ദുക്കളുടെ മേധാവിത്വവും ഒരു യാഥാര്‍ഥ്യമായി മാറി.

1885-ല്‍ ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ് രൂപീകൃതമായപ്പോള്‍ അതില്‍ ചേരാതെ മാറി നിന്ന സര്‍ സയ്യിദിനെപ്പോലുള്ളവര്‍ ന്യൂനപക്ഷമായിരുന്നു. സമീന്ദാര്‍മാരും രാജാക്കന്മാരും അടങ്ങുന്ന ഒരുകൂട്ടം ഹിന്ദുക്കളും ഈ നയം പുലര്‍ത്തി. സര്‍ സയ്യിദ് അഹ്മദ് ഖാന്‍ (1817-1898) കോണ്‍ഗ്രസ്സിനെ ശത്രുതാ മനോഭാവത്തോടെ കണ്ടില്ല. മറിച്ച്, വിദ്യാഭ്യാസത്തിനും അതിലൂടെയുള്ള സാമൂഹിക മാറ്റത്തിനും പ്രഥമസ്ഥാനം നല്‍കുക എന്ന അര്‍ഥത്തിലായിരുന്നു അദ്ദേഹം കാര്യങ്ങളെ കണ്ടത്. അതേസമയം മുസ്‌ലിം ഉപരിവര്‍ഗത്തില്‍നിന്ന് പോലും കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് ബദ്‌റുദ്ദീന്‍ തയ്യിബ്ജി(1844-1906)യെപ്പോലുള്ളവരെ ലഭിച്ചു.

ബ്രിട്ടീഷ് കൊളോണിയലിസ്റ്റ് ചരിത്ര വീക്ഷണം മുസ്‌ലിംകളെ വിദേശികളും അപരന്മാരും അക്രമികളുമായി ചിത്രീകരിച്ചുകൊണ്ട് പരസ്പര ശാത്രവത്തിന് വഴിമരുന്നിട്ടിരുന്നു. ഇന്ത്യയെന്ന് ഇന്നറിയപ്പെടുന്ന ഭൂഭാഗത്തേക്ക് നിരവധി വിഭാഗങ്ങള്‍ രണോത്സുകമായ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഹൂണന്മാര്‍, സിതിയന്മാര്‍, ആര്യന്മാര്‍, മുഗളര്‍, പേര്‍ഷ്യര്‍, അഫ്ഗാനികള്‍ എന്നിവര്‍. അവരില്‍ മുസ്‌ലിംകളെ മാത്രം തെരഞ്ഞുപിടിച്ചു അപരവത്കരിച്ച് ചരിത്ര നിര്‍മിതി നടത്തിയത് വര്‍ഗീയ രാഷ്ട്രീയം സൃഷ്ടിച്ച് ഭിന്നിപ്പിച്ച് ഭരിക്കുക എന്ന കൊളോണിയല്‍ നയത്തിന്റെ ഭാഗമായി മാത്രമായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ ദേശീയവാദികളില്‍ വലിയൊരു വിഭാഗം ഈ ചരിത്ര ഭാഷ്യം സ്വാംശീകരിക്കുകയും മുസ്‌ലിം 'അപരത്വവത്കരണം' ഉദാത്തമായ ആശയമായി ഉള്‍ക്കൊള്ളുകയും ചെയ്തു. ബങ്കിംചന്ദ്ര ചാറ്റര്‍ജി (1838-1894), ദയാനന്ദ സരസ്വതി (1825-1883), സ്വാമി ശ്രദ്ധാനന്ദ് (1856-1926), ശ്യാമപ്രസാദ് മുഖര്‍ജി (1901-1953), സവര്‍ക്കര്‍ (1883-1966) എന്നിവര്‍ ഉദാഹരണം.

കൊളോണിയല്‍ ചരിത്രഭാഷ്യം അതേപടി ഉള്‍ക്കൊള്ളുകയും അതുവഴി ബ്രിട്ടീഷ് പാദസേവകനായി വര്‍ത്തിക്കുകയും ചെയ്ത വ്യക്തിയാണ് വിനായക് ദാമോദര്‍ സവര്‍ക്കര്‍(1883-1966). ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകള്‍ക്ക് മാപ്പെഴുതിക്കൊടുത്തുകൊണ്ട് അവരുടെ താല്‍പര്യങ്ങള്‍ക്കായി ജീവിതമര്‍പ്പിക്കാമെന്ന വാഗ്ദാനം ചെയ്തു സവര്‍ക്കര്‍. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയത്തിന്റെ ഗണ്യമായ ഒരുഭാഗം സവര്‍ക്കറിലൂടെയാണ് ്രബിട്ടീഷുകാര്‍ പൂര്‍ത്തിയാക്കിയത്. മുസ്‌ലിംകളും ക്രൈസ്തവരും വൈദേശിക രാഷ്ട്രത്തെ (അറേബ്യയെയും ഫലസ്ത്വീനെയും) പുണ്യഭൂമിയായി കണക്കാക്കുന്നു എന്നതുകൊണ്ട് വിദേശികളാണെന്ന് സവര്‍ക്കര്‍ വാദിച്ചു. 

 

സങ്കര ദേശീയത എന്ന ആശയം

റശീദ് അഹ്മദ് ഗംഗോഹി, മുഹമ്മദ് യഅ്ഖൂബ് നാനൂതവി, ഷാ റഫീഉദ്ദീന്‍, സയ്യിദ് മുഹമ്മദ് ആബിദ്, സുല്‍ഫിഖര്‍ അലി, ഫദ്ല്‍ റഹ്മാന്‍ ഉസ്മാനി, മുഹമ്മദ് ഖാസിം നാനൂതവി എന്നിവര്‍ ചേര്‍ന്നാണ് 1866-ല്‍ ദാറുല്‍ ഉലൂം (ദയൂബന്ദ്) സ്ഥാപിച്ചത്.   അതേ ദൈവശാസ്ത്രവുമായി ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ് എന്ന പണ്ഡിത സംഘടന 1919-ല്‍ രൂപം കൊണ്ടു. അബ്ദുല്‍ മുഹസിം, സജ്ജാദ്, ഖാസി ഹുസൈന്‍ അഹ്മദ്, അഹ്മദ് സഈദ് ദഹ്‌ലവി, മുഫ്തി മുഹമ്മദ് നഈം ലുഥിയാനവി എന്നിവരാണ് ഇത് രൂപീകരിച്ചത്. അതേ വീക്ഷണക്കാരന്‍ തന്നെയായ മൗലാനാ മുഹമ്മദ് ഇല്‍യാസ് (1885-1944) ആണ് തബ്‌ലീഗ് പ്രസ്ഥാനത്തിന് 1926-ല്‍ രൂപം നല്‍കിയത്. ചുരുക്കത്തില്‍, 1866-ല്‍ രൂപം കൊണ്ട ദാറുല്‍ ഉലൂം എന്ന മതവിദ്യാഭ്യാസ സ്ഥാപനം ഇന്ത്യയിലെ ഏറ്റവും ശക്തിയുറ്റ ഒരു മുസ്‌ലിം ചിന്താപ്രസ്ഥാനമാണ്.

1919-ല്‍ ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ് പിറവിയെടുക്കുമ്പോള്‍ അവര്‍ മഹാത്മാഗാന്ധിയുടെ (1869-1948) നിസ്സഹകരണ പ്രസ്ഥാനത്തില്‍ സജീവമായി പങ്കെടുത്തു. ഇതേ തുടര്‍ന്ന് ഗൂഢാലോചനാകുറ്റം ആരോപിച്ച് അഹ്മദ് മദനിയെയും സംഘത്തെയും ബ്രിട്ടീഷുകാര്‍ തടവിലാക്കി.

ഈവിധം ഇന്ത്യന്‍ മുസ്‌ലിം മതപണ്ഡിത നേതൃത്വം ദേശീയ സ്വാതന്ത്ര്യസമരത്തില്‍ വഹിച്ച വിപുലമായ പങ്ക് വേണ്ടത്ര മിഴിവോടെ മിക്ക ചരിത്രകാരന്മാരും അവതരിപ്പിക്കുന്നില്ല എന്ന് മെറ്റ് കാഫ് പരാതിപ്പെടുന്നുണ്ട്. വ്യത്യസ്ത മതാനുയായികള്‍ ജീവിക്കുന്ന രാജ്യത്ത് മതേതരത്വം നിലനില്‍ക്കേണ്ടതിന്റെ ആവശ്യകത യുക്തിഭദ്രമായും മതാത്മകമായും അവതരിപ്പിക്കുന്നതില്‍ മദനി വഹിച്ച പങ്ക് ബാര്‍ബറാ മെറ്റ് കാഫ് (തെക്കേഷ്യാ വിദഗ്ധ) ഉജ്ജ്വലമെന്നാണ് വിശേഷിപ്പിക്കുന്നത്.    മുഹമ്മദ് നബി (സ) ജൂതരടക്കമുളള മദീനാവാസികളുമായുണ്ടാക്കിയ മദീനാചാര്‍ട്ടറിന്റെ വെളിച്ചത്തിലാണ് ബഹുസ്വരതയുടെയും പരസ്പര സഹകരണത്തിന്റെയും ആശയങ്ങള്‍ ഹുസൈന്‍ അഹ്മദ് മദനി ഉരുത്തിരിച്ചെടുക്കുന്നത്. വാക്കുകള്‍ ഉപയോഗിച്ച് താന്‍ വലിയ ജിഹാദ് നടത്തുകയാണെന്ന് മദനി പറഞ്ഞു. യഥാര്‍ഥ ജിഹാദ് നടത്താന്‍ ക്ഷമ, സ്ഥൈര്യം, ഉയര്‍ന്ന ധാര്‍മികത എന്നിവ അനിവാര്യമാണ് എന്ന് അദ്ദേഹം തെളിയിച്ചു.

ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദിന്റെ വാര്‍ഷികസമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് നടത്തിയ ഒരു പ്രഭാഷണത്തില്‍ മൗലാന ഹുസൈന്‍ അഹ്മദ് മദനി പറഞ്ഞു: 'നാം ഇന്ത്യക്കാര്‍ക്ക് മതസംസ്‌കാരഭേദമന്യേ പൊതുവായ ചിലതുണ്ട്. നമ്മുടെ നിറം, പദവി, വ്യക്തിത്വം എന്നിവ മാറിയാല്‍ പൊതുവായ ചിലത് മാറുന്നില്ല. അതുകൊണ്ടുതന്നെ ദേശീയ കൂട്ടായ്മക്ക് മത സാംസ്‌കാരിക വൈവിധ്യങ്ങള്‍ തടസ്സമല്ല. ദേശീയതയുടെ വീക്ഷണത്തില്‍ നാമൊക്കെ ഇന്ത്യക്കാരാണ്. രാജ്യനിവാസികളുടെ ആപത്തുകളില്‍നിന്നുള്ള സംരക്ഷണം എല്ലാവരുടെയും കൂട്ടായ കടമയാണ്. ഇതിന് നാം ചേര്‍ന്നുനിന്ന് തന്നെ പൊരുതണം. ഒരു വീടിന് തീപിടിച്ചാല്‍ ഗ്രാമവാസികള്‍ ഒരുമിച്ചു ചേര്‍ന്ന് തീയണച്ചില്ലെങ്കിലോ വെള്ളപ്പൊക്കം വരുമ്പോള്‍ ഗ്രാമവാസികള്‍ മുഴുക്കെ നടപടി സ്വീകരിച്ചില്ലെങ്കിലോ കടുത്ത നാശമാകും ഫലം. അതുപോലെ രാജ്യം മുഴുവന്‍ അടിമത്തത്തിലാണ്ടിരിക്കുന്ന വേളയില്‍ മുസ്‌ലിംകളും ഹിന്ദുക്കളും സിഖുകാരും പാഴ്‌സികളും ഒത്തുചേര്‍ന്നു തന്നെ അതിനെ ചെറുക്കണം. മതവ്യത്യാസം ഇവിടെ ഒരു തടസ്സം സൃഷ്ടിക്കരുത്. സ്വന്തം മതത്തില്‍ ഊന്നിനിന്നുകൊണ്ടുതന്നെ നമുക്കിത് നിര്‍വഹിക്കാവുന്നതേയുള്ളൂ.'

മുസ്‌ലിം ജനസാമാന്യത്തെ ദേശീയ പ്രസ്ഥാനത്തിലേക്കാകര്‍ഷിക്കാനുള്ള ബുദ്ധിപരമായ ഒരു പദ്ധതിയായായിരുന്നു ഗാന്ധിജി ഖിലാഫത്ത് പ്രസ്ഥാനത്തെ (1919-1924) പരിഗണിച്ചത്. ഖിലാഫത്തുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ മുസ്‌ലിംകളെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നതില്‍ ഒരളവോളം വിജയിക്കുകയും ചെയ്തു. ഖിലാഫത്ത് പുനഃസ്ഥാപിക്കാനുളള യത്‌നങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ ഗാന്ധിജി ഹിന്ദുക്കളോട് ആവശ്യപ്പെട്ടു. മുസ്‌ലിംകളുടെ സൗഹൃദം നേടിയെടുക്കാന്‍ ഇത് ഉചിതമായ മാര്‍ഗമെന്ന് ഗാന്ധിജി അവരെ ഓര്‍മിപ്പിച്ചു.

മര്‍മസ്പര്‍ശിയായ ചോദ്യമിതാണ്: ഇന്ത്യന്‍ പൗരന്മാര്‍ക്ക് തങ്ങളുടെ മതസാംസ്‌കാരിക വൈവിധ്യങ്ങള്‍ നിലനിര്‍ത്തി സഹവസിക്കാനാവുമോ? ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും  സിഖുകാര്‍ക്കും ബൗദ്ധര്‍ക്കും പാഴ്‌സികള്‍ക്കും ഈ രാജ്യത്ത് സൗഹാര്‍ദത്തോടെ ജീവിക്കാനാവുമോ? ബാബരി മസ്ജിദിന്റെ തകര്‍ച്ചയും മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ തുടര്‍ച്ചയായ ഹത്യകളും ഈ ചോദ്യം ഒരിക്കല്‍കൂടി നമുക്കിടയിലേക്ക് എറിഞ്ഞുതരുന്നു. ഇവിടെയാണ് ഹുസൈന്‍ അഹ്മദ് മദനിയെപ്പോലുളള ധിഷണാശാലികളുടെയും അവരുടെ ചിന്തകളുടെയും പ്രസക്തി. മത സാംസ്‌കാരിക വൈവിധ്യങ്ങള്‍ക്കപ്പുറത്ത് ഇന്ത്യ എന്ന രാഷ്ട്രത്തിനു വേണ്ടി പൊരുതേണ്ടതുണ്ടെന്നും അത് ഏവരുടെയും നന്മക്ക് ഉപകരിക്കുമെന്നും താത്ത്വികമായി തെളിയിച്ച മനുഷ്യസ്‌നേഹിയായിരുന്നു അദ്ദേഹം. 

മുഹമ്മദലി ജിന്നയുടെയും (1876-1948) സവര്‍ക്കറുടെയും (1883-1966) വാദങ്ങള്‍ക്ക് ചരിത്രത്തിന്റെ പിന്‍ബലത്തോടെ നല്‍കപ്പെട്ട മറുപടിയാണ് 'മുത്തഹിദ ഖൗമിയത്ത് ഔര്‍ ഇസ്‌ലാം' (ഇസ്‌ലാമും സങ്കര ദേശീയതയും) എന്ന അദ്ദേഹത്തിന്റെ കൃതി. 1920-കളുടെ തുടക്കം മുതല്‍ മൗലാന നടത്തി വന്ന എഴുത്തുകളുടെയും പ്രസംഗങ്ങളുടെയും സന്ദേശം സമാഹരിച്ചാണ് ഈ പഠനം  പുറത്തിറക്കുന്നത്. 

ജിന്നയെപ്പോലുളള മതരഹിതര്‍ ഉന്നയിക്കുന്ന മതരാഷ്ട്രത്തെ ഉള്‍ക്കൊള്ളാന്‍ മതബോധം അനുവദിക്കുന്നില്ലെന്നും മദനി വ്യക്തമാക്കി.   

ഹിന്ദുക്കള്‍ മാത്രമേ ഇന്ത്യയെ പുണ്യഭൂമിയായി കണക്കാക്കുന്നുള്ളൂവെന്നാണ് സാംസ്‌കാരിക ദേശീയതയുടെ  താത്ത്വികാചാര്യനായ വി.ഡി സവര്‍ക്കര്‍ വാദിച്ചത്. ഇതിനെ ഖണ്ഡിച്ചുകൊണ്ട്  ഹുസൈന്‍ അഹ്മദ് മദനി എഴുതി: ''ഇന്ത്യയില്‍ ജീവിക്കുന്ന വിവിധ സമൂഹങ്ങളില്‍ മുസ്‌ലിംകളെ മാത്രമേ ആദിമ നിവാസികളായി കരുതാനാവൂ. എന്തെന്നാല്‍ എല്ലാ മനുഷ്യരും ആദമില്‍നിന്നുള്ളവരാണെന്നും ആദം സ്വര്‍ഗത്തില്‍നിന്നിറങ്ങിയത് സിലോണ്‍ വഴി ഇന്ത്യയിലാണെന്നും അവര്‍ വിശ്വസിക്കുന്നു. പരിണമിച്ചുണ്ടായ മനുഷ്യന്‍ എന്ന സിദ്ധാന്തം അവര്‍ ഉള്‍ക്കൊളളുന്നില്ല.''

 'മാത്രമല്ല ഹിന്ദുക്കളും പാഴ്‌സികളും മൃതദേഹം കത്തിച്ചു ചാരമാക്കി പിന്നീട് കടലില്‍ ലയിപ്പിക്കുകയോ നിശ്ശബ്ദ ഗോപുരത്തില്‍ പക്ഷികള്‍ക്ക് ആഹാരമാക്കുകയോ ചെയ്യുമ്പോള്‍ മുസ്‌ലിംകള്‍ മൃതദേഹം മണ്ണിലടക്കിക്കൊണ്ട് മണ്ണുമായി ഒട്ടിച്ചേര്‍ന്ന് നില്‍ക്കുന്നു. പുനരുത്ഥാനം വരെ അവരുടെ ഭൗതികാവശിഷ്ടങ്ങള്‍ ഇപ്രകാരം നിലനില്‍ക്കും. അതുകൊണ്ടുതന്നെ ഇന്ത്യ അനാദികാലം മുതല്‍ക്കേ മുസ്‌ലിംകളുടെ ജന്മഗേഹമാണ്.' 

1. Farhat Tabasum, Deoband Ulema’s movement for the freedom of India, Manak publishers: New Delhi, 2006, p.134

2. Ibid, p.141

3. Jawaharlar Nehru, An Autobiography, The Bodley Head: London, 1955, p.460

4. Ishtiaq Ahmad, The Concept of an Islamic State, St.Martin’s Press: New York, 1987, p.7

5. Savarkar V.D, Hindutva (Ed:Stephen Hay), Columbia University Press: New York, 1988, p.293-295

6. Ira M.Lapidus, A history of Islamic Societies, C.U.P: Cambridge, 1988  p.626

7. Barbara D.Metcalf, Hussain Ahmed Madani: The Jihad for Islam and India’s Freedom, One World: Oxford, 2009,p.112

8.  Ibid, p.116

9.  Ibid,p.129

10. Ibid,p.148,151

11. Maulana Syed Mohamad Main, The Prisoners of Malta, Manak Publications: New Delhi, 2005, p.202-3

12. Charles Freer Andrews, Mahatma Gandhi’s Ideas, George Allen & Unwin: London, 1949 (1929), p.59

13. Maulana Hussain Ahmad Madani, Hamara Hindustan our uske fadhail, Jamiat ulema-i-hind: New Delhi, 2001 p1

14. Ibid, p2

15. Ibid, p3


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 29-30
എ.വൈ.ആര്‍