Prabodhanm Weekly

Pages

Search

2016 മെയ് 27

2953

1437 ശഅ്ബാന്‍ 20

കുഞ്ഞുങ്ങള്‍ക്ക് നമസ്‌കാരം എങ്ങനെ പ്രിയങ്കരമാക്കാം?

ഡോ.ജാസിമുല്‍ മുത്വവ്വ

'എന്റെ കുഞ്ഞിനെ എങ്ങനെ നമസ്‌കാരത്തില്‍ തല്‍പരനാക്കാം?' അയാള്‍ അന്വേഷിച്ചു. 

ഞാന്‍: 'ഈ ചോദ്യത്തേക്കാള്‍ വളരെ പ്രധാനപ്പെട്ട മറ്റൊരു ചോദ്യമുണ്ട്. അതായത് കുഞ്ഞ് വളരുന്ന ചുറ്റുപാട് എങ്ങനെ എന്ന ചോദ്യം. ഈ ചോദ്യത്തിനുള്ള മറുപടിയെ ആശ്രയിച്ചിരിക്കുന്നു നിങ്ങള്‍ ആദ്യമുന്നയിച്ച ചോദ്യത്തിനുള്ള ഉത്തരം.' 

അയാള്‍: 'ചുറ്റുപാട് എന്നതുകൊണ്ട് നിങ്ങള്‍ അര്‍ഥമാക്കുന്നത്?' 

ഞാന്‍: സാഹചര്യം എന്തെന്ന് ഞാന്‍ വിശദീകരിക്കാം. ആദ്യമായി അറിയേണ്ടത് നമസ്‌കാരകാര്യത്തില്‍ മാതാപിതാക്കള്‍ ഏത് തരക്കാരാണ് എന്നാണ്. ഓരോ തരക്കാര്‍ക്കുമുണ്ട് അവര്‍ക്കു ചേര്‍ന്ന ഉത്തരം. നമസ്‌കാരത്തോടുള്ള താല്‍പര്യത്തിന്റെ വിഷയത്തില്‍ മിക്ക വീടുകളിലും അഞ്ച് അവസ്ഥകളില്‍ ഏതെങ്കിലും ഒന്നായിരിക്കും എന്നാണ് നമ്മുടെ പഠനം വെളിപ്പെടുത്തിയിട്ടുള്ളത്. 

ഒന്ന്: വീട്ടില്‍ വെച്ചായാലും പള്ളിയിലായാലും മാതാപിതാക്കള്‍ നമസ്‌കാരത്തില്‍ നിഷ്ഠയുള്ളവരാവും. കുട്ടിയെ നമസ്‌കാരത്തിന് പ്രോത്സാഹിപ്പിക്കുന്ന ഏറ്റവും വിശിഷ്ട സാഹചര്യം ഇതാകുന്നു. കാരണം കുട്ടിയുടെ ആദ്യത്തെ എട്ടു വയസ്സ് മാതാപിതാക്കളില്‍നിന്ന് കേള്‍ക്കുന്നതും കാണുന്നതുമായ കാര്യങ്ങളില്‍ അങ്ങേയറ്റം സ്വാധീനിക്കപ്പെടുന്ന പ്രായമാണ്. ഇത്തരം സാഹചര്യങ്ങളില്‍ വളരുന്ന കുഞ്ഞില്‍ നമസ്‌കാരത്തില്‍ വീഴ്ച വരുന്ന ചില സന്ദര്‍ഭങ്ങളുണ്ടാവും; പ്രത്യേകിച്ച് കൗമാരഘട്ടത്തില്‍. കൂട്ടുകാരും സുഹൃത്തുക്കളുമൊക്കെയായി ചങ്ങാത്തം സ്ഥാപിച്ചു തുടങ്ങുന്ന പ്രായമാണല്ലോ ഇത്. ഭയപ്പെടേണ്ടതില്ലാത്ത സ്വാഭാവിക അവസ്ഥയാണിത്. കുഞ്ഞിന്റെ വിശ്വാസപരമായ അടിസ്ഥാനം ഭദ്രവും ശക്തവുമാണെങ്കില്‍ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ല. മാതാപിതാക്കള്‍ ഇടക്കിടെ നമസ്‌കാരത്തെക്കുറിച്ച് ഉണര്‍ത്തിക്കൊണ്ടിരുന്നാല്‍ മതി. 

രണ്ട്: പിതാവ് നമസ്‌കരിക്കും, മാതാവ് നമസ്‌കരിക്കില്ല. ഇത്തരം ഒരവസ്ഥയില്‍ വളരുന്ന കുഞ്ഞ് നമസ്‌കാരത്തില്‍ വേണ്ടത്ര ശ്രദ്ധാലുവാകില്ല. കാരണം കുഞ്ഞിന്റെ ആദ്യ വര്‍ഷങ്ങളില്‍ ഗാഢമായ ബന്ധം ഉമ്മയുമായിട്ടായിരിക്കും, ഉപ്പയുമായിട്ടായിരിക്കില്ല. ഉമ്മയുടെ സ്വാധീനമാണ് കുഞ്ഞില്‍ നിഴലിക്കുക. കുഞ്ഞിന്റെ മനസ്സില്‍ നമസ്‌കാരത്തില്‍ താല്‍പര്യമുളവാക്കാന്‍ ഇവിടെ പിതാവിനാണ് ഏറെ സാധിക്കുക. കുഞ്ഞിനോട് കൂടുതല്‍ സഹവസിച്ചും കുഞ്ഞിനോടൊപ്പം ഏറെ സമയം ചെലവഴിച്ചും നമസ്‌കാരത്തെക്കുറിച്ച് കുഞ്ഞിനോടു സംസാരിച്ചുമാണ് പിതാവിന്റെ ഇടപെടല്‍ വേണ്ടത്. പ്രോത്സാഹനം നല്‍കിയും ആവേശം പകര്‍ന്നും നിരന്തര ഇടപെടല്‍ നടത്തിയാല്‍ വലുതാകുമ്പോള്‍ അവന്‍ നമസ്‌കാരത്തില്‍ നിഷ്ഠ പുലര്‍ത്തുന്നവനായിത്തീരും. കുഞ്ഞിന് നമസ്‌കാരത്തിനുള്ള പരിശീലനം എന്ന നിലക്ക് വീട്ടില്‍ കുഞ്ഞിനോടൊപ്പം 'ജമാഅത്താ'യി നമസ്‌കാരവുമാവാം ഇടക്കിടെ. 

മൂന്ന്: ഉമ്മ നമസ്‌കാരത്തില്‍ തല്‍പരയായിരിക്കും. പിതാവിന് നമസ്‌കാരത്തില്‍ താല്‍പര്യമുണ്ടാവില്ല. ഇത്തരം സാഹചര്യത്തില്‍ പ്രശ്‌നപരിഹാരം എളുപ്പമാണ്. പിതാവിന്റെ ഭാഗത്തുള്ള വീഴ്ച പരിഹരിക്കാന്‍ ചില സൂത്രങ്ങളാവാം. കൂട്ടുകുടുംബമാണെങ്കില്‍ കുഞ്ഞിനെ നമസ്‌കാര കാര്യത്തില്‍ വല്യുപ്പയുമായി ബന്ധിപ്പിക്കാം. നമസ്‌കാരകാര്യത്തില്‍ ഔത്സുക്യം വളര്‍ത്തുന്ന ക്ലബ്ബുകളിലും കൂട്ടായ്മകളിലും കുഞ്ഞിനെ പങ്കെടുപ്പിച്ചുകൊണ്ടാവാം, അല്ലെങ്കില്‍ കുഞ്ഞിന് നല്ല ചങ്ങാതിമാരെ നല്‍കിക്കൊണ്ടാവാം, ഖുര്‍ആന്‍ മനഃപാഠ കേന്ദ്രങ്ങളില്‍ ചേര്‍ത്തുകൊണ്ടാവാം. പിതാവിന് പകരം നില്‍ക്കാവുന്ന മാതൃകായോഗ്യമായ ഒരു വ്യക്തിത്വത്തെ രക്ഷാകര്‍തൃസ്ഥാനത്ത് അവരോധിച്ചുകൊണ്ട് ആരോഗ്യകരമായ ഒരു സാഹചര്യം സൃഷ്ടിച്ചുകൊടുക്കാനും നിങ്ങള്‍ക്ക് കഴിയും. 

നാല്: മാതാപിതാക്കള്‍ രണ്ടുപേരും ഇടക്കിടെ നമസ്‌കരിക്കും. അല്ലെങ്കില്‍ രണ്ടു പേരും നിര്‍ബന്ധ നമസ്‌കാരം മാത്രം നിര്‍വഹിക്കും. അല്ലെങ്കില്‍ ചിലപ്പോള്‍ നിര്‍ബന്ധ നമസ്‌കാരം ഒഴിവാക്കും. ചിലപ്പോള്‍ രണ്ടു നമസ്‌കാരവും ഒന്നിച്ചാക്കും. ഉറങ്ങുന്നതിനു മുമ്പ് എല്ലാ നമസ്‌കാരവും ഒന്നിച്ച് നിര്‍വഹിക്കുന്നവരാകും ചിലര്‍. ഇത്തരമൊരു സാഹചര്യത്തില്‍ വളരുന്ന ഒരു കുഞ്ഞിന് നമസ്‌കാരത്തില്‍ താല്‍പര്യമുണ്ടാവുകയില്ല. മാതാപിതാക്കളുടെ നമസ്‌കാരത്തിലെ താല്‍പര്യക്കുറവാണ് ഹേതു. പക്ഷേ ഇത് മാതാപിതാക്കള്‍ തീരെ നമസ്‌കരിക്കാത്ത സാഹചര്യത്തേക്കാള്‍ മെച്ചമാണ്. നമസ്‌കാരത്തില്‍ ഔത്സുക്യമുള്ള കുടുംബാംഗം പോലുള്ള ഒരു പുറംകക്ഷിയുടെ ഇടപെടലുണ്ടായാല്‍ കുഞ്ഞില്‍ നമസ്‌കാരശീലം വളരും. കുഞ്ഞിന്റെ മാതൃസഹോദരിയുടെ ഇടപെടല്‍ മൂലം കുടുംബം മുഴുവന്‍ നമസ്‌കാരത്തില്‍ നിഷ്ഠയുള്ളവരായിത്തീര്‍ന്ന സംഭവം എനിക്കറിയാം. 

അഞ്ച്: മാതാപിതാക്കള്‍ ഇരുവരും തീരെ നമസ്‌കരിക്കാത്തവരാവുക. ഇതാണ് ഏറ്റവും പ്രയാസകരമായ അവസ്ഥ. ഇത്തരമൊരു വീട്ടിലെ കുഞ്ഞില്‍ നമസ്‌കാരത്തെക്കുറിച്ച ബോധമേ ഉണ്ടാവില്ല. കാരണം, നമസ്‌കാരം എന്ന കര്‍മം കുട്ടി വീട്ടില്‍ കാണുന്നില്ലല്ലോ. ഒരു സംഭവം ഓര്‍ക്കുകയാണ്. ഞങ്ങള്‍ ഒരു കൊച്ചു ബോട്ടില്‍ കുറച്ചു ചെറുപ്പക്കാര്‍ക്കൊപ്പം യാത്ര ചെയ്യുകയാണ്. 'നമുക്ക് ജമാഅത്തായി നമസ്‌കരിക്കാം' എന്ന് ഞാനവരോട് പറഞ്ഞു. തനിക്ക് വുദൂ എടുക്കാന്‍ അറിയില്ലെന്ന് ഒരു പത്തു വയസ്സുകാരന്‍. ഞാന്‍ അവന് വുദൂ എടുക്കുന്നത് പഠിപ്പിച്ചുകൊടുത്തു. പിന്നീടവന്‍: 'നമസ്‌കരിക്കേണ്ടത് എങ്ങനെയെന്നും എനിക്കറിഞ്ഞുകൂടാ.' അവന് ഞാന്‍ നമസ്‌കാരവും പഠിപ്പിച്ചുകൊടുത്തു. മാ

താപിതാക്കള്‍ നമസ്‌കരിക്കുന്നത് കണ്ടിട്ടില്ലാത്ത വീട്ടിലാണ് ഈ കുഞ്ഞ് വളര്‍ത്തപ്പെട്ടതെന്ന് പിന്നീട് ഞാനറിഞ്ഞു. നമസ്‌കാരത്തെക്കുറിച്ച് അവനോട് ആരും പറഞ്ഞിട്ടുമില്ല. ഞങ്ങള്‍ ഒന്നിച്ചു നമസ്‌കരിച്ചുകഴിഞ്ഞപ്പോള്‍ അവന്‍: 'ഞാന്‍ കുറേ കാലമായി നമസ്‌കരിക്കണം എന്നാഗ്രഹിച്ചുതുടങ്ങിയിട്ട്. പക്ഷേ, എന്നെ അതാരും പഠിപ്പിച്ചില്ല.' പിന്നീട് ഏതു നേരവും നമസ്‌കാരനിഷ്ഠയുള്ളവരുമായിത്തീര്‍ന്നു അവന്റെ ചങ്ങാത്തം. 

അയാള്‍: 'താങ്കള്‍ വിശദീകരിച്ച 5 അവസ്ഥകള്‍ക്കുമുണ്ട് ഓരോ പ്രത്യേകത. ആ പ്രത്യേകതകള്‍ മനസ്സിലാക്കി വേണം കുഞ്ഞുങ്ങള്‍ക്ക് നമസ്‌കാരം പ്രിയങ്കരമാക്കിത്തീര്‍ക്കാന്‍.'

ഞാന്‍: 'അതാണ് ഞാന്‍ തുടക്കത്തിലേ സൂചിപ്പിച്ചത്, പ്രധാനപ്പെട്ട ചോദ്യം വേറെയുണ്ടെന്ന്. ഇപ്പോള്‍ പ്രസക്തമായ ചോദ്യം താങ്കള്‍ ഇതില്‍ ഏത് ഗണത്തില്‍പെടുമെന്നാണ്.'

അയാള്‍: 'അല്ലാഹുവിന് സ്തുതി! ഞാന്‍ ആദ്യവിഭാഗത്തില്‍പെടും. പക്ഷേ കുട്ടികളെ നിരന്തരമായി പിന്തുടര്‍ന്ന് നമസ്‌കാരത്തില്‍ ഔത്സുക്യമുണ്ടാക്കുന്നതില്‍ പ്രയാസങ്ങള്‍ ഒരുപാട് നേരിടുന്നു.'

ഞാന്‍: ഈ പ്രയാസങ്ങള്‍ തികച്ചും സ്വാഭാവികം. അത് തുടര്‍ന്നുകൊണ്ടേയിരിക്കൂ. കാരണം നമസ്‌കാരം കുഞ്ഞുങ്ങളെ സംബന്ധിച്ചേടത്തോളം ഭാരം തന്നെയാണ്. അവര്‍ കളിച്ചു രസിച്ചങ്ങനെ നടക്കുമ്പോഴായിരിക്കും 'മോനേ/മോളേ നമസ്‌കരിക്കൂ' എന്നു പറഞ്ഞ് നാം അവരുടെ രസച്ചരട് 

പൊട്ടിക്കുന്നത്. വുദൂ എടുക്കണമല്ലോ, നമസ്‌കരിക്കണമല്ലോ എന്നൊക്കെയോര്‍ത്ത് അവര്‍ ആ പണി വേണ്ടെന്നുവെക്കും. ഒരു ബന്ധനവുമില്ലാതെ കളിക്കാന്‍ കൊതിക്കുന്ന അവര്‍ നമസ്‌കാരത്തിന് മടികാണിച്ചുതുടങ്ങും. നമസ്‌കാരം നീട്ടിവെക്കാന്‍ പലവിധ തന്ത്രങ്ങള്‍ മെനയും. ഈ സന്ദര്‍ഭത്തില്‍ വളരെ സൗമ്യമായും മൃദുവായും വേണം നിങ്ങളുടെ ഇടപെടല്‍; പ്രത്യേകിച്ച് ഏഴ് മുതല്‍ ഒമ്പത് വരെയുള്ള പ്രായത്തില്‍. നിബന്ധനകള്‍ ഒഴിവാക്കിയാവണം നിങ്ങളുടെ ഉണര്‍ത്തല്‍. ഉദാഹരണം: 'നീ അനുഷ്ഠിക്കുന്ന ഓരോ നമസ്‌കാരത്തിനും ഞാന്‍ സമ്മാനം തരാം' അല്ലെങ്കില്‍ സുന്നത്ത് 'നമസ്‌കാരവും നിര്‍ബന്ധമായി അനുഷ്ഠിക്കണം' എന്നിങ്ങനെ. 

ഭീഷണിയുടെ സ്വരവും പാടില്ല. 'നീ നമസ്‌കരിച്ചില്ലെങ്കില്‍ അല്ലാഹു നിന്നെ നരകത്തിലിടും' എന്നൊക്കെ. അതോടെ അല്ലാഹുവിനോടുള്ള വെറുപ്പ് കുഞ്ഞുമനസ്സില്‍ വളരുകയായി. രചനാത്മകമായിരിക്കണം ബോധവത്കരണ രീതി. 'നമസ്‌കാരം നമുക്ക് ആനന്ദം പകരും' ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ അവന്റെ മനസ്സില്‍ 'പോസിറ്റീവ്' ചിന്ത വളരും. കുടുംബം ഒന്നിച്ചിരിക്കുമ്പോള്‍ സംഘടിത നമസ്‌കാരത്തിന് ആ വേള ഉപയോഗപ്പെടുത്താം. നമസ്‌കാരാനന്തരം അനുഷ്ഠിച്ച കര്‍മത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കൊച്ചുവിവരണമാവാം.  പത്തു വയസ്സായ ഒരു കുട്ടിയുടെ പഠനമികവ് ആഘോഷത്തിന് ഒരു വീട്ടില്‍ ഞാന്‍ ക്ഷണിക്കപ്പെട്ടു. വന്നവരെല്ലാം കുഞ്ഞിന് സമ്മാനങ്ങളും ഉപഹാരങ്ങളും കൊണ്ടുവന്നു. ചടങ്ങ് കഴിഞ്ഞപ്പോള്‍ ഗൃഹനാഥന്‍ കുട്ടിയോട് കൂട്ടുകാര്‍ക്കെല്ലാം ഇമാം നിന്ന് നമസ്‌കരിക്കാന്‍ ആവശ്യപ്പെട്ടു. അത് ആ കുട്ടിക്ക് വലിയ പ്രോത്സാഹനമായി. ഇങ്ങനെ പലതുണ്ട് വഴികള്‍. 

വിവ: പി.കെ ജമാല്‍ 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 29-30
എ.വൈ.ആര്‍