ബാബരി മസ്ജിദും എം.ജി.എസിന്റെ നിലപാടും
ചരിത്രകാരന്‍ എം.ജി.എസ് നാരായണന്റെ ചില രചനകളും മാതൃഭൂമി പത്രത്തിലും ആഴ്ചപ്പതിപ്പിലും അദ്ദേഹം മുമ്പ് എഴുതിയിരുന്ന ലേഖനങ്ങളും വായിച്ചിരുന്നപ്പോള്‍ തികഞ്ഞ പക്ഷപാതിയാണ് എം.ജി.എസ് എന്ന് സംശയിച്ചിരുന്നു. ഇപ്പോള്‍ മാധ്യമം ആഴ്ചപ്പതിപ്പില്‍ അദ്ദേഹം എഴുതിവരുന്ന ആത്മകഥ വായിക്കുമ്പോള്‍ കാര്യങ്ങളില്‍ വ്യക്തമായ നിലപാടുകളുള്ള വ്യക്തിയാണ് അദ്ദേഹം എന്നാണ് മനസ്സിലാകുന്നത്.
എന്നാല്‍, അദ്ദേഹത്തിന്റെ ആത്മകഥ(മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 947)യില്‍ അദ്ദേഹം കുറിക്കുന്നു: ''1992. രാമജന്മഭൂമിക്കാരുടെ അവകാശവാദങ്ങള്‍ പരിശോധിക്കാന്‍ പോലും ബാബരി മസ്ജിദ് കമ്മിറ്റിക്കാര്‍ തയാറായില്ല. അവരില്‍ മിക്കവരും മുസ്‌ലിം മൗലികവാദികളായിരുന്നു. അത് മനസ്സിലാക്കാം. എന്നാല്‍, മാര്‍ക്‌സിസ്റ്റുകള്‍, പുരോഗമനവാദികള്‍, ചരിത്രം വസ്തുനിഷ്ഠമായി പഠിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍, എന്തുകൊണ്ട് പ്രമാണങ്ങള്‍ അന്വേഷിക്കുന്നില്ല? ബുദ്ധന്റെ കാലത്തുള്ള 16 ജനപഥങ്ങളില്‍ ഒന്നായ കോസലത്തിന്റെ തലസ്ഥാനമായ അയോധ്യാ നഗരം ഒരു ചരിത്ര വസ്തുതയാണ്. രഘുവംശത്തിലെ രാമനും ത്രേതായുഗത്തിലെ രാമനും ചരിത്രമല്ല എന്നു പറയുന്നവര്‍ ഇതൊന്നും കണക്കാക്കുന്നില്ല. രാമായണം ചരിത്ര ഗ്രന്ഥമല്ലെങ്കിലും അതിനൊരു ചരിത്ര പശ്ചാത്തലമുണ്ട്.....
ബാബറുടെ സുപ്രസിദ്ധമായ ആത്മകഥയില്‍ ബാബരി മസ്ജിദിന്റെ നിര്‍മാണകഥയില്ല. ബാബറുടെ കാലം തൊട്ട് അയോധ്യയിലെ (അവുധ്) നവാബിന്റെ സദസ്സില്‍ ഹിന്ദുപക്ഷക്കാരായ ഒരു കൂട്ടരും മുസ്‌ലിം പക്ഷക്കാരായ ഒരു കൂട്ടരും ഉണ്ടായിരുന്നതും ചരിത്ര വസ്തുതയാണ്. ബാബരി മസ്ജിദില്‍ ആരാധിക്കാന്‍ മുസ്‌ലിംകളെ അനുവദിക്കാമെങ്കില്‍ ഗുപ്തകാലം തൊട്ട് ഒരു തീര്‍ഥാടന കേന്ദ്രമായ രാമജന്മഭൂമിയില്‍ പൂജിക്കാന്‍ ഹിന്ദുക്കള്‍ക്കും സ്വാതന്ത്ര്യം കൊടുക്കേണ്ടതല്ലേ? മതവിശ്വാസിയല്ലാത്ത പ്രഫ. ഇര്‍ഫാന്‍ ഹബീബ് രഹസ്യമായി ബാബരി മസ്ജിദുകാര്‍ക്ക് വേണ്ടി പ്രമാണങ്ങള്‍ ശേഖരിക്കാനും എഡിറ്റ് ചെയ്യാനും തയാറായത് എന്നെ അത്ഭുതപ്പെടുത്തി.''
എം.ജി.എസിന്റെ തികച്ചും വ്യത്യസ്തമായ ഈ വീക്ഷണത്തെപ്പറ്റി എന്തു പറയുന്നു?
കെ.എം അബൂബക്കര്‍ സിദ്ദീഖ് എറിയാട്
ചരിത്രപണ്ഡിതനും ഗവേഷകനുമായ എം.ജി.എസ് നാരായണന്‍ നിലവിലെ ഏതെങ്കിലും ചിന്താധാരയോട് വിധേയത്വമോ ആഭിമുഖ്യമോ ഉള്ളയാളാണെന്ന് മുദ്രകുത്താനാവില്ല. വര്‍ഗീയവാദിയോ ഹിന്ദുത്വമനസ്‌കനോ ആണ് അദ്ദേഹമെന്ന് ആരോപിക്കുന്നതും സത്യസന്ധതയാവില്ല. പല കാര്യങ്ങളിലും സ്വന്തമായ അഭിപ്രായങ്ങളുള്ള എം.ജി.എസിന് പക്ഷേ കമ്യൂണിസ്റ്റ് ബുദ്ധിജീവികളോടും പണ്ഡിതന്മാരോടും പരിധിയില്‍ കവിഞ്ഞ വെറുപ്പും എതിര്‍പ്പുമുണ്ടെന്ന് തോന്നും അദ്ദേഹത്തിന്റെ പ്രസംഗങ്ങളും പ്രബന്ധങ്ങളും ശ്രദ്ധിച്ചാല്‍. ചരിത്രത്തിന്റെ മാര്‍ക്‌സിസ്റ്റ് വ്യാഖ്യാനത്തോട് സ്വതന്ത്രരായ ചരിത്രകാരന്മാര്‍ യോജിച്ചുകൊള്ളണമെന്നില്ല. അതേസമയം ആധികാരികമെന്ന് അവകാശപ്പെടാവുന്ന തെളിവുകളില്ലാത്ത കാര്യങ്ങളില്‍ എം.ജി.എസിന്റെ നിഗമനങ്ങളും നിര്‍വിവാദപരമാവണമെന്നില്ല.
ത്രേതായുഗത്തില്‍ ജീവിച്ചിരുന്നതായി ഒരു വിഭാഗം വിശ്വസിക്കുന്ന ശ്രീരാമന്റെ ജന്മസ്ഥലമെന്ന് പറയപ്പെടുന്ന അയോധ്യ, നിലവിലെ ഫൈസാബാദ് ജില്ലയിലെ അയോധ്യ തന്നെയായിരുന്നുവെന്നതിന് വിശ്വാസ്യമായ ഒരു ചരിത്ര രേഖയും ഇല്ല. ഇനി ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പത്തെ അയോധ്യ ഇന്നത്തെ അയോധ്യയായിരുന്നു എന്ന് വാദത്തിനു വേണ്ടി അംഗീകരിച്ചാല്‍ തന്നെ, ബാബര്‍ ചക്രവര്‍ത്തിയുടെ ഫൈസാബാദ് ഗവര്‍ണറായിരുന്ന മീര്‍ബാഖി ക്രി. 1528-ല്‍ പള്ളി പണിത സ്ഥലത്ത് ശ്രീരാമക്ഷേത്രം ഉണ്ടായിരുന്നെന്നും അത് പൊളിച്ചാണ് പള്ളി നിര്‍മിച്ചതെന്നുമുള്ള അവകാശവാദം തീര്‍ത്തും അടിസ്ഥാനരഹിതമാണ് (ഗവര്‍ണര്‍ മീര്‍ബാഖി ബാബരി മസ്ജിദ് എന്ന് പേരിട്ട ആരാധനാലയത്തെ കുറിച്ച് ബാബര്‍ ചക്രവര്‍ത്തി അറിഞ്ഞുകൊള്ളണമെന്നില്ല. അറിഞ്ഞിരുന്നെങ്കില്‍ തന്നെ ബാബറിന്റെ ആത്മകഥയില്‍ അത് പരാമര്‍ശിക്കണമെന്നുമില്ല). 1992 ഡിസംബര്‍ ആറിന് മതഭ്രാന്തരായ കര്‍സേവകര്‍ തകര്‍ത്ത പള്ളിയുടെ ഉടമസ്ഥാവകാശ തര്‍ക്കം 1940 മുതല്‍ ഇലാഹാബാദ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളതാണ്. നീണ്ട പതിറ്റാണ്ടുകള്‍ക്കു ശേഷം കോടതി അതില്‍ വിധി പറഞ്ഞപ്പോള്‍ രണ്ട് ഹിന്ദു ട്രസ്റ്റുകള്‍ക്കും ഒരു മുസ്‌ലിം ട്രസ്റ്റിനുമായി മസ്ജിദ് നിലനിന്ന സ്ഥലം വിഭജിച്ചു നല്‍കുകയായിരുന്നു. അല്ലാതെ ക്ഷേത്രം പൊളിച്ച സ്ഥലത്താണ് പള്ളി പണിതത് എന്നൊന്നും വിധിയില്‍ ചൂണ്ടിക്കാട്ടുകയുണ്ടായില്ല. ക്ഷേത്ര ഭൂമിയിലാണ് ബാബരി മസ്ജിദ് പണിതതെങ്കില്‍ അത് തങ്ങള്‍ക്ക് വേണ്ട എന്ന നിലപാട് മുസ്‌ലിം സംഘടനകള്‍ മുമ്പേ സ്വീകരിച്ചിട്ടുള്ളതുമാണ്. ആധികാരികമായ കോടതി വിധിതീര്‍പ്പ് അംഗീകരിക്കുകയല്ലാതെ, എം.ജി.എസ് പറയും പോലെ രാമജന്മഭൂമിക്കാരുടെ അവകാശവാദങ്ങള്‍ വകവെച്ചുകൊടുക്കാന്‍ മുസ്‌ലിംകള്‍ക്കാവില്ലല്ലോ. മസ്ജിദ് സ്ഥിതിചെയ്ത സ്ഥാനത്ത് സീതയുടെ അടുക്കള സ്ഥിതി ചെയ്തിരുന്നതായ അവകാശവാദങ്ങളൊക്കെ കേവലം ഐതിഹ്യങ്ങളില്‍ കവിഞ്ഞ ഒന്നുമല്ല. അതെന്തായാലും അത്തരം വാദങ്ങളൊക്കെ രാമജന്മഭൂമി പ്രസ്ഥാനക്കാര്‍ കോടതിയുടെ മുമ്പാകെ സമര്‍പ്പിച്ചതാണ്. അതിനാല്‍ അന്തിമമായി വിധിപറയേണ്ട സുപ്രീം കോടതി ഇക്കാര്യത്തില്‍ എന്ത് തീര്‍പ്പു കല്‍പിച്ചാലും അത് തങ്ങള്‍ക്ക് സ്വീകാര്യമാണെന്ന് കേസില്‍ കക്ഷികളായ മുസ്‌ലിം സംഘടനകള്‍ വ്യക്തമാക്കിയിട്ടുമുണ്ട്.
ശുദ്ധ തരിശ്ഭൂമിയില്‍ 1528-ല്‍ മുഗള്‍ ഗവര്‍ണര്‍ പണിത മസ്ജിദിലാണ് 1949 ഡിസംബര്‍ 22 വരെ മുസ്‌ലിംകള്‍ ആരാധന നടത്തിവന്നത്. അന്ന് രാത്രി നമസ്‌കാരത്തിനു ശേഷം മുസ്‌ലിംകള്‍ പിരിഞ്ഞുപോയ തക്കം നോക്കി സ്ഥാപിക്കപ്പെട്ട വ്യാജ രാമവിഗ്രഹങ്ങള്‍ പിറ്റേന്ന് സ്വയംഭൂവാണെന്ന് കെട്ടുകഥയുടെ പിന്‍ബലത്തില്‍ ചിലര്‍ നടത്തിയ ഉപജാപങ്ങളാണ് കലക്ടറായിരുന്ന കെ.കെ നായര്‍ക്ക് പള്ളി പൂട്ടാന്‍ അവസരമൊരുക്കിയതെന്നത് ആധുനിക ചരിത്രം. പള്ളി സ്ഥിതിചെയ്ത പ്രത്യേക സ്ഥലം തന്നെയാണ് രാമജന്മഭൂമിയെന്ന കേവലമായ ഐതിഹ്യം ഇന്നുവരെ എം.ജി.എസ് ഉള്‍പ്പെടെ ആരും ആധികാരികമായി തെളിയിച്ചില്ലെന്നിരിക്കെ ഇവ്വിഷയത്തില്‍ മുസ്‌ലിം മൗലികവാദികളെയോ മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാരെയോ കുറ്റപ്പെടുത്തുന്നതില്‍ ഒരര്‍ഥവുമില്ല. പ്രഫ. ഇര്‍ഫാന്‍ ഹബീബ് പ്രഗത്ഭനായ ചരിത്രകാരനാണെന്ന് എം.ജി.എസ് തന്റെ ആത്മകഥയില്‍തന്നെ രേഖപ്പെടുത്തിയിരിക്കെ, കെട്ടുകഥകളും ഐതിഹ്യങ്ങളും ചരിത്രവും കൂടിക്കുഴഞ്ഞ ഒരു സങ്കീര്‍ണ പ്രശ്‌നത്തില്‍ തന്റേതായ നിഗമനങ്ങള്‍ വെച്ചുപുലര്‍ത്താന്‍ അദ്ദേഹത്തിനുമുള്ള സ്വാതന്ത്ര്യം എം.ജി.എസ് വകവെച്ചുകൊടുക്കേണ്ടതായിരുന്നു. മുസ്‌ലിംകളുടെ ഭാഗത്ത് ശരിയുണ്ടെങ്കില്‍ അവരെ ബൗദ്ധികമായി സഹായിച്ചത് ഇര്‍ഫാന്‍ ഹബീബിന്റെ കുറ്റമായി എം.ജി.എസ് ചിത്രീകരിച്ചത് ഉചിതമായില്ല. ചരിത്ര വസ്തുതകള്‍ ആര്‍ക്ക് അനുകൂലം, ആര്‍ക്ക് പ്രതികൂലം എന്ന് നോക്കിയാവരുതല്ലോ ഒരു യഥാര്‍ഥ ചരിത്രകാരന്‍ വിഷയങ്ങള്‍ അവതരിപ്പിക്കുന്നത്.
Comments