Prabodhanm Weekly

Pages

Search

2016 മെയ് 27

2953

1437 ശഅ്ബാന്‍ 20

'ബഹുസ്വരത' ഖുര്‍ആനികാശയം തന്നെ

വി.എ.എം അശ്‌റഫ്‌

'ബഹുസ്വരതയുടെ ഖുര്‍ആനികാടിത്തറകള്‍' എന്ന എന്റെ ലേഖനത്തെ (72/45) നിരൂപണം ചെയ്ത് അഹ്മദ് അശ്‌റഫ് മുടിക്കല്‍ എഴുതിയ കത്തിലെ (72/48) പ്രധാന പരാമര്‍ശങ്ങളെ പരിശോധിക്കുകയാണിവിടെ: 

1) വൈവിധ്യം എന്നത് സൃഷ്ടിപ്രക്രിയയുടെ ഭാഗമാണെന്ന് വാദിച്ചുകൊണ്ട് 30:22, 11:118, 10:99, 11:28, 49:11 എന്നീ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഞാന്‍ ഉദ്ധരിച്ചിരുന്നു. ഇതിനു മറുപടിയായി, ഞാന്‍ ദൈവനിശ്ചിതത്തിനായി വാദിക്കുന്നുവെന്നാണ് വിമര്‍ശകന്റെ ആക്ഷേപം! മനുഷ്യനെ മൊത്തം ഏകശിലാഖണ്ഡമായി ഒരൊറ്റ ധാരണയിലേക്ക് എത്തിക്കാനാവില്ല എന്നത് ഖുര്‍ആന്‍ ആവര്‍ത്തിച്ചുന്നയിച്ച പ്രമേയമാണ്. ''ദൈവം ഇഛിച്ചിരുന്നുവെങ്കില്‍ നിങ്ങളേവരെയും ഒരൊറ്റ സമുദായമാക്കുമായിരുന്നു. എന്നാല്‍ ഇങ്ങനെ ചെയ്തത് നിങ്ങള്‍ക്ക് അവന്‍ നല്‍കിയതില്‍ നിങ്ങളെ പരീക്ഷിക്കാനായിട്ടത്രെ'' (ഖുര്‍ആന്‍ 5:48).

2) ഇസ്‌ലാം ദീനായിരിക്കെ, മറ്റു മതങ്ങളില്‍പെട്ട ഒരു മതമായി ഞാന്‍ ഉള്‍പ്പെടുത്തിയെന്നും അവ്വിധം മതങ്ങളില്‍ ഒന്നായി ഇസ്‌ലാമിനെ ലളിതവത്കരിച്ചുവെന്നുമാണ് മറ്റൊരാരോപണം. യഥാര്‍ഥത്തില്‍ ഇസ്‌ലാമിനെ മതമായി എവിടെയും ഞാന്‍ പരാമര്‍ശിച്ചിട്ടേയില്ല. ഇസ്‌ലാം എന്ന ഏകദൈവിക ദര്‍ശനമേ പ്രവാചകന്മാരാല്‍ പ്രബോധിതമായിട്ടുള്ളൂവെന്നും ഇസ്‌ലാമേതര മാര്‍ഗങ്ങള്‍ വഴിപിഴച്ചവയാണെന്നും ഞാന്‍ എഴുതിയിരുന്നു. അതേസമയം വിമര്‍ശകന്‍തന്നെ ഇസ്‌ലാമിനെ മതമായി ചുരുക്കിക്കെട്ടുന്നത് കാണുക: 'ചരിത്രത്തിലും സംസ്‌കാരങ്ങളിലും വിശ്വാസങ്ങളിലും ദൈവത്തിന്റെ ഇടപെടലുകളാണ് വാസ്തവത്തില്‍ ദൈവികവും പ്രവാചകവുമായ മതങ്ങള്‍ ചരിത്രത്തില്‍ സാക്ഷ്യപ്പെടുത്തുന്നത്.' 

3) ബഹുസ്വരത എന്ന ആശയവും പദവും സാമ്രാജ്യത്വ സൃഷ്ടിയാണെന്നാണ് വിമര്‍ശകന്റെ മറ്റൊരു കണ്ടെത്തല്‍. ബഹുസ്വരതയെ (പലമകളെ), അഥവാ വ്യത്യസ്ത മത-സാംസ്‌കാരിക-ഭാഷാ വിഭാഗങ്ങളെ നീതിയോടെ സഹവര്‍ത്തിക്കാനനുവദിക്കുക എന്നത് സാമ്രാജ്യത്വ അജണ്ടയുടെ നിഷേധമാണ്. വൈവിധ്യങ്ങളെ പോരടിക്കുന്ന വിവിധ വിഭാഗങ്ങളാക്കുക എന്നതാണ് സാമ്രാജ്യത്വ അജണ്ട. ഹിന്ദു-മുസ്‌ലിം സംഘര്‍ഷങ്ങളെ പ്രോത്സാഹിപ്പിക്കാനായി ചരിത്രത്തെയും വര്‍ത്തമാനത്തെയും (ഉദാ: മലബാര്‍ സമരം) ദുരുപയോഗിക്കുകയായിരുന്നു ബ്രിട്ടീഷ് സാമ്രാജ്യത്വം. ലോകമെങ്ങും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കനലുകളെരിക്കുക എന്നതാണ് സാമ്രാജ്യത്വത്തിന്റെ സമകാലിക പദ്ധതികളിലൊന്ന്. ഇതിന്റെ തിരസ്‌കാരമാണ് ബഹുസ്വരങ്ങളെ സമാധാനത്തോടെയും നീതിയോടെയും സഹവസിക്കാനനുവദിക്കുക എന്ന ആശയം. 

4) ഇസ്‌ലാമില്‍ സ്വര്‍ഗം എന്നത് മോക്ഷസ്ഥാനമായി ഞാന്‍ കല്‍പ്പിച്ചുവെന്നാണ് മറ്റൊരാരോപണം. പാപമുക്തി, പരമഗതി, മോചനം എന്നീ നാനാര്‍ഥങ്ങളുള്ള 'മോക്ഷ'ത്തില്‍ ഇസ്‌ലാംവിരുദ്ധത കണ്ടെത്താന്‍ ശ്രമിക്കുന്നത് ദുരൂഹമാണ്. മേല്‍പറഞ്ഞ ആശയങ്ങളൊക്കെ ഇസ്‌ലാമിന്റെ സ്വര്‍ഗവീക്ഷണത്തിന്റെ ഭാഗം തന്നെയാണല്ലോ. 

ഗോദയിലിറങ്ങുന്നതിന്റെ ന്യായം

വിശ്വാസിസമൂഹത്തിന്റെ നാമനിര്‍ദേശ പത്രിക എങ്ങനെയായിരിക്കുമെന്ന് ഖുര്‍ആന്റെ തന്നെ സാക്ഷ്യത്തോടെ, യൂസുഫ് പ്രവാചകന്റെ ചരിത്രത്തിലൂടെ മികവുറ്റ രീതിയില്‍ അവതരിപ്പിക്കുന്നു കെ. നജാത്തുല്ല (ലക്കം 2950). നിങ്ങളെന്തിനീ  ഗോദയില്‍ എന്ന ചോദ്യവും ശകാരവും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം ചിന്തകള്‍ അവസരോചിതമായി. 

മമ്മൂട്ടി കവിയൂര്‍ 

'സേവന ദാതാക്കളു'ടെ തീവെട്ടിക്കൊള്ള

ഒരപകടത്തില്‍പെട്ട് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഒരു ബന്ധുവിനെ ഐ.സി.യുവില്‍ ഒഴിവില്ലാത്തതിനാല്‍, അപകടാവസ്ഥ തരണം ചെയ്യുന്നതിന് എറണാകുളത്തുള്ള ഏതെങ്കിലും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ അവിടെയുള്ള ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എറണാകുളത്തുള്ള ഒന്നു രണ്ടു ആശുപത്രികളുടെ പേരുകളും ഡോക്ടര്‍മാര്‍ പറഞ്ഞുതന്നു. മെഡിക്കല്‍ കോളേജ് ആംബുലന്‍സ് അപ്പോള്‍ ലഭ്യമല്ലാതിരുന്നതിനാല്‍ സേവനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുമായി ബന്ധമുള്ള ഒരാള്‍ നടത്തുന്ന സ്ഥാപനത്തിന്റെ ആംബുലന്‍സ് വിളിച്ച് രോഗിയെ എറണാകുളത്തെ സ്വകാര്യ നക്ഷത്രാശുപത്രിയില്‍ എത്തിച്ചു. തികച്ചും അപ്രതീക്ഷിതമായിരുന്നതിനാല്‍, രോഗിയുടെ വളരെ അടുത്ത രണ്ടു മൂന്ന് ബന്ധുക്കള്‍ മാത്രമാണ് രോഗിയോടൊപ്പം പോയിരുന്നത്. ആശുപത്രി അധികൃതര്‍ രോഗിയെ ഏറ്റെടുത്തു കഴിഞ്ഞപ്പോള്‍ തന്നെ, ഹരിപ്പാട്ടുനിന്നും എറണാകുളം വരെ 100 കി.മീ ദൂരം ഓടിയതിന് ആംബുലന്‍സ് കൈകാര്യം ചെയ്യുന്ന ആള്‍ 7000 രൂപയുടെ ഒരു ബില്ല് തയാറാക്കി രോഗിയുടെ ഒരു ബന്ധുവിനെ ഏല്‍പിച്ചു. ബന്ധുക്കളായി അപ്പോള്‍ കൂടെ വന്ന ആളുകളുടെ കൈയില്‍ കഷ്ടിച്ച് 10000 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. ഹരിപ്പാട്ടെ സേവന കേന്ദ്രത്തിന്റെ നടത്തിപ്പുകാരനെ രോഗിയുടെ ബന്ധുക്കള്‍ക്ക് നേരിട്ട് പരിചയമുള്ളതുകൊണ്ടും കൈവശമുള്ള തുക രോഗിയെ പ്രവേശിപ്പിച്ച ആശുപത്രിയിലെ മറ്റ് അത്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ടിവരുമെന്നുള്ളതുകൊണ്ടും പിറ്റേ ദിവസം രാവിലെ പത്ത് മണിക്കു മുമ്പായി ആംബുലന്‍സ് സേവനത്തിന്റെ തുക സംഘടനയുടെ ഓഫീസില്‍ എത്തിക്കാമെന്ന്  ആംബുലന്‍സ് കൈകാര്യം ചെയ്യുന്നയാളെ അറിയിച്ചു. എന്നാല്‍, സേവന കേന്ദ്രം ഡയറക്ടറുടെ നിര്‍ദേശമില്ലാതെ അത്തരമൊരു അഡ്ജസ്റ്റ്‌മെന്റിന് തയാറല്ലെന്ന് അറിയിച്ച ആംബുലന്‍സിന്റെ ചുമതലക്കാരന്‍ പിന്നീട് ഡയറക്ടറെ ടെലിഫോണില്‍ ബന്ധപ്പെട്ടു. ഈ കുറിപ്പുകാരനടക്കമുള്ള രോഗിയുടെ ബന്ധുക്കളെ പരിചയമുണ്ടെന്ന് അറിയിച്ച ഡയറക്ടര്‍ ആ പരിചയത്തിന്റെ പേരില്‍ സാമ്പത്തിക ഇടപാടുകളില്‍ യാതൊരു വിട്ടുവീഴ്ചക്കോ ഔദാര്യത്തിനോ ഒരുക്കമല്ലെന്നും അങ്ങനെ ചെയ്യുന്നുവെങ്കില്‍ അത് ആംബുലന്‍സ് ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ ഉത്തരവാദിത്തത്തിലായിരിക്കണമെന്നും അറിയിച്ചു. 
സേവനമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പേര്‍ത്തും പേര്‍ത്തും ആണയിടുന്ന ഇത്തരം വ്യക്തികള്‍ പ്ലക്കാര്‍ഡുകളിലും പ്രദര്‍ശനബോര്‍ഡുകളിലും പരസ്യപ്പെടുത്തുന്ന സേവനതല്‍പരത പ്രയോഗത്തില്‍ കാണുന്നില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ആംബുലന്‍സ് മുതലാളിയുടെയും അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥന്റെയും സമീപനം. ആംബുലന്‍സ് പോലെയുള്ള സംവിധാനങ്ങളുടെ സേവനം തികച്ചും അപ്രതീക്ഷിതമായാണ് ആവശ്യമായിവരിക. ഒരുപക്ഷേ എത്ര സമ്പന്നനായാലും അത്തരം അപ്രതീക്ഷിത സന്ദര്‍ഭങ്ങളില്‍ രോഗിയുടെ ബന്ധുക്കള്‍ കൈയില്‍ ലിക്വിഡ് മണി കൊണ്ടുനടക്കണമെന്നില്ല. ചിലപ്പോള്‍ രോഗിയും ബന്ധുക്കളും വേണ്ടത്ര സാമ്പത്തിക ഭദ്രത ഉള്ളവരായിരിക്കുകയുമില്ല. സേവനമാണ് മുഖ്യ അജണ്ടയെങ്കില്‍ ആരെയും ബുദ്ധിമുട്ടിക്കാതെ ഇത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. സേവനത്തിന്റെ മറവില്‍ ലാഭം മാത്രം ഉദ്ദേശിക്കുന്ന പ്രകടനതല്‍പരരായ 'ജനസേവകര്‍'ക്ക് ഇത്തരം മൂല്യബോധം ഉണ്ടായിക്കൊള്ളണമെന്നില്ല. അവരെ സംബന്ധിച്ചേടത്തോളം സേവനം പ്രചാരണമാധ്യമവും  ലാഭം മുഖ്യ അജണ്ടയുമാണ്. 
ഹരിപ്പാട്ടുനിന്ന് എറണാകുളംവരെയുള്ള 100 കി.മീ ദൂരത്തിന് 7000 രൂപ ബില്‍ എഴുതി ഈടാക്കിയ സേവനദാതാവിന്റെ സേവനതാല്‍പര്യം ഏതു മാനദണ്ഡം വെച്ചാണ് അളക്കേണ്ടത്? തിരുവനന്തപുരത്തുനിന്ന് എറണാകുളം വരെ വിമാനയാത്ര നടത്തിയാല്‍ 7000 രൂപ ആകില്ല എന്നറിയുമ്പോഴാണ് ഈ ചൂഷണത്തിന്റെ ആഴവും പരപ്പും വ്യക്തമാകുക. ഏതായാലും പുരക്ക് തീ പിടിക്കുമ്പോള്‍ വാഴ വെട്ടാന്‍ ശ്രമിക്കുന്ന ഇത്തരം സേവനദാതാക്കളുടെ നഗ്‌നമായി ചൂഷണത്തില്‍നിന്ന് പൊതുജനത്തെ രക്ഷപ്പെടുത്താന്‍ മോട്ടോര്‍ വാഹനവകുപ്പും ആരോഗ്യവകുപ്പും ഇടപെടുമെന്ന് പ്രത്യാശിക്കുന്നു.

ഫാറൂഖ് മാപ്പിളശ്ശേരി

മനുഷ്യനെ ഭ്രാന്തനാക്കാതിരിക്കുക

ലൈംഗികതയെ കയറൂരിവിട്ടാല്‍ അത് കുടം തുറന്ന ഭൂതത്തേക്കാള്‍ അപകടകാരിയാണ്. അത് മനുഷ്യനെ ഭ്രാന്തനും മനോരോഗിയും കാപാലികനുമാക്കും. നിയമത്തിന് ചെയ്യാനുള്ളതിനേക്കാള്‍ സമൂഹത്തിന് ഇവിടെ ചിലത് ചെയ്യാനുണ്ട്. ലൈംഗികതയെ ശരിയായ രീതിയില്‍ അഡ്രസ് ചെയ്യുക എന്നതാണത്. സിനിമകള്‍, സീരിയലുകള്‍, പരസ്യങ്ങള്‍, കോമഡി സ്‌കിറ്റുകള്‍, ചെറുപ്പക്കാരുടെ കൈകളില്‍ പറന്നുനടക്കുന്ന വീഡിയോ ക്ലിപ്പുകള്‍, കാമ്പസുകളിലും കമ്പോളങ്ങളിലും കറങ്ങിക്കൊണ്ടിരിക്കുന്ന ന്യൂജന്‍ ബ്യൂട്ടികളുടെ അര്‍ധനഗ്‌ന മേനികള്‍... കാമോദ്ദീപകമായ ഈ സാമൂഹിക സാഹചര്യത്തില്‍ അവസരങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുന്ന അനേക ലക്ഷങ്ങളുണ്ട് എന്ന യാഥാര്‍ഥ്യത്തിനു നേരെ നാം കണ്ണടച്ചൂകൂടാ. അവരെ അതില്‍നിന്ന് പിന്തിരിപ്പിക്കാനുതകുന്ന ദൃശ്യങ്ങളും ശബ്ദങ്ങളും നല്‍കാന്‍, സ്ത്രീത്വത്തിന്റെ പവിത്രതയും മൂല്യവും അവരെ ബോധ്യപ്പെടുത്താന്‍, അവര്‍ക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം നല്‍കാന്‍, അവരുടെ ജീവിതപരിസരം അശ്ലീലതയുടെ അതിപ്രസരത്തില്‍നിന്ന് മുക്തമാക്കാന്‍ മീഡിയയും കലാ-സാംസ്‌കാരിക പ്രവര്‍ത്തകരും പൊതുസമൂഹവും തയാറാവേണ്ടണ്ടതുണ്ട്. 

നാസര്‍ കാരക്കാട്‌

പകര്‍ത്താന്‍ എത്രമാതൃകകള്‍!

ഡോ. ജാസിമുല്‍ മുത്വവ്വയുടെ 'നിങ്ങള്‍ നിങ്ങളെയും ജീവിതത്തെയും സ്‌നേഹിച്ചുതുടങ്ങുക' (ലക്കം 47) എന്ന ലേഖനം വായിച്ചു. അല്ലാഹുവിന്റെ നിശ്ചയമില്ലാതെ ഒന്നും സംഭവിക്കുന്നില്ല എന്ന വിശ്വാസമുണ്ടെങ്കില്‍ ഒട്ടും തളരാതെ ജീവിത പ്രയാസങ്ങളെയും പ്രതിസന്ധികളെയും നമുക്ക് നേരിടാന്‍ കഴിയും. സഹിക്കാനും ക്ഷമിക്കാനും കഴിയുന്ന ഒരു മനസ്സുണ്ടെങ്കില്‍ ഏതൊരു വിഷമ ഘട്ടത്തെയും മറികടക്കാം. നബി(സ)യുടെ ഭാര്യ, മക്കള്‍, മറ്റു അടുത്ത ബന്ധുക്കള്‍ ഇവരുടെയൊക്കെ വിയോഗത്തിലും അവിടുന്ന് പതറാതെ പിടിച്ചുനിന്നു. സാരസമ്പൂര്‍ണമായ ആ വിശുദ്ധ ജീവിതത്തില്‍നിന്ന് നമുക്ക് പകര്‍ത്താന്‍ എത്രയെത്ര മാതൃകകള്‍!

ഫൗസിയ മുളയ്ക്കല്‍, ഒറ്റപ്പാലം








Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 29-30
എ.വൈ.ആര്‍