Prabodhanm Weekly

Pages

Search

2016 മെയ് 27

2953

1437 ശഅ്ബാന്‍ 20

ഉര്‍ദുഗാനും ദാവൂദ് ഒഗ്‌ലുവും തമ്മില്‍

വി.കെ ഫഹദ്‌

തുര്‍ക്കി പ്രധാനമന്ത്രി ദാവൂദ് ഒഗ്‌ലുവിന്റെ രാജിവാര്‍ത്ത ഞെട്ടലോടെയാണ് ഇസ്‌ലാമിക ലോകം ശ്രവിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം നേടി വിജയിച്ച അക് പാര്‍ട്ടി യാതൊരുവിധ അഭിപ്രായവ്യത്യാസവുമില്ലാതെയാണ് ദാവൂദ് ഒഗ്‌ലുവിനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. നീണ്ട കാലമായി തുര്‍ക്കിയുടെ വികസനത്തിലും അക് പാര്‍ട്ടിയുടെ വളര്‍ച്ചയിലും ബുദ്ധികേന്ദ്രമായി വര്‍ത്തിച്ച ദാവൂദ് ഒഗ്‌ലുവിന്റെ രാജി അക്ഷരാര്‍ഥത്തില്‍ തുര്‍ക്കിക്കും അക് പാര്‍ട്ടിക്കും കനത്ത നഷ്ടം തന്നെയാണ്.

2015-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം തന്നെ ഉര്‍ദുഗാനും ദാവൂദ് ഒഗ്‌ലുവും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ തുടങ്ങിയിരുന്നുവെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിലെ സംസാരം. രാജ്യത്തെ പ്രസിഡന്‍ഷ്യല്‍ സമ്പ്രദായത്തിലേക്ക് മാറ്റാനുള്ള പ്രസിഡന്റ് ഉര്‍ദുഗാന്റെ തീരുമാനമാണ് അഭിപ്രായ വ്യത്യാസത്തിനു പ്രധാന കാരണം. എത്രയും പെട്ടെന്ന് രാജ്യത്തെ പ്രസിഡന്‍ഷ്യല്‍ സമ്പ്രദായത്തിലേക്ക് മാറ്റാനുള്ള ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്ന് ഉര്‍ദുഗാനും, എന്നാല്‍ 2019-ല്‍ നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പു വരെ കാത്തിരിക്കാന്‍ ദൂവൂദ് ഒഗ്‌ലുവും നിര്‍ദേശം വെക്കുകയുണ്ടായി. ഇതിനിടയില്‍ ഇക്കഴിഞ്ഞ മാസങ്ങളില്‍ തുര്‍ക്കിയിലുണ്ടായ ചില രാഷ്ട്രീയ സംഭവങ്ങള്‍ ഇവര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം കൂടുതല്‍ മറനീക്കി പുറത്ത് വരാന്‍ ഇടയാക്കി. ഒന്നാമതായി, നിരന്തരം ഭീകരാക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന കുര്‍ദ് സംഘടനയായ പി.കെ.കെയുമായി ഇനിയും സന്ധി സംഭാഷണങ്ങള്‍ നടത്തണമെന്ന ദാവൂദ് ഒഗ്‌ലുവിന്റെ അഭിപ്രായം സ്വീകരിക്കാന്‍ ഉര്‍ദുഗാന്‍ തയാറായിരുന്നില്ല. രാജ്യത്തിനും ജനങ്ങള്‍ക്കും നാശം വിതക്കുന്ന പി.കെ.കെയെ എന്തു വില കൊടുത്തും ഉന്മൂലനം ചെയ്യണമെന്നായിരുന്നു ഉര്‍ദുഗാന്റെ അഭിപ്രായം. രണ്ടാമതായി, തീവ്രവാദവിരുദ്ധ നിയമത്തില്‍ മാറ്റം വരുത്തുന്നതടക്കമുള്ള നിബന്ധനകളോടെ യൂറോപ്യന്‍ യൂനിയനില്‍ അംഗമാകാനുള്ള അവസരം ലഭിച്ചപ്പോള്‍ അത് അംഗീകരിച്ച ദാവൂദ് ഒഗ്‌ലുവിനോട് പ്രസിഡന്റ് ഉര്‍ദുഗാന്‍ യോജിച്ചിരുന്നില്ല. മൂന്നാമതായി, അക് പാര്‍ട്ടിയുടെ പ്രവിശ്യാ നേതാക്കളെ തെരഞ്ഞെടുക്കാനുള്ള അധികാരം പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ ദാവൂദ് ഒഗ്‌ലുവില്‍നിന്ന് എടുത്തുമാറ്റുകയുണ്ടണ്ടായി. കാര്യങ്ങള്‍ ഇത്രയുമെത്തിയ സ്ഥിതിക്ക് പ്രധാനമന്ത്രിയെന്ന നിലക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഇനി ഉണ്ടാവില്ലെന്ന് മനസ്സിലാക്കിയാവണം അദ്ദേഹം രാജിവെച്ചത്.

യഥാര്‍ഥത്തില്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു ശേഷം ഒരു വണ്ടിക്ക് രണ്ട് ഡ്രൈവര്‍മാര്‍ എന്ന നിലയിലായിരുന്നു തുര്‍ക്കിയുടെ അവസ്ഥ. പ്രസിഡന്റ് എന്ന നിലയില്‍ ഉര്‍ദുഗാനും പ്രധാനമന്ത്രി എന്ന നിലയില്‍ ദാവൂദ് ഒഗ്‌ലുവും കഴിവുറ്റ നേതാക്കളാണ്. ഭരണമേഖലയില്‍ കഴിവ് തെളിയിച്ചവര്‍. ഇവര്‍ തമ്മിലുള്ള പ്രശ്‌നം ഇങ്ങനെ വിലയിരുത്താവുന്നതാണ്: ദാവൂദ് ഒഗ്‌ലു തീര്‍ത്തും അക്കാദമിക പശ്ചാത്തലത്തില്‍നിന്ന് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നയാളാണ്. ഉര്‍ദുഗാനാണെങ്കില്‍ യഥാര്‍ഥ രാഷ്ട്രീയക്കാരനും. രണ്ട് പേരുടെയും ചിന്തകളും അഭിപ്രായങ്ങളും പ്രായോഗിക സമീപനങ്ങളും തീര്‍ത്തും വ്യത്യസ്തമായിരിക്കും. അതുകൊണ്ടുതന്നെ രണ്ട് പേരും ഒരേ നേതൃത്വത്തില്‍ വന്നാല്‍ സ്വാഭാവികമായും അഭിപ്രായ വ്യത്യാസം രൂപപ്പെടും. അതാണ് ഇവിടെയും സംഭവിച്ചത്. എന്നാല്‍ ഇത്ര ധൃതിപിടിച്ച് രാജിതീരുമാനമെടുത്ത ദാവൂദ് ഒഗ്‌ലുവിനും അതിലേക്കുള്ള സാഹചര്യങ്ങളൊരുക്കിയ ഉര്‍ദുഗാന്നും ഈ രാഷ്ട്രീയ പ്രതിസന്ധിയില്‍ തുല്യ പങ്കാണുള്ളത്.

തുര്‍ക്കി എന്ന രാജ്യത്തെയും അവിടത്തെ രാഷ്ട്രീയത്തെയും അടിമുടി മാറ്റിമറിക്കുന്നതില്‍ ഉര്‍ദുഗാന്റെ നേതൃത്വവും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവവും വഹിച്ച പങ്ക് ആര്‍ക്കും നിഷേധിക്കാനാവില്ല. ആ സ്വാധീനം ഇപ്പോഴും നിലനില്‍ക്കുന്നു. അതുകൊണ്ടണ്ടുതന്നെ തുര്‍ക്കി ജനതക്ക് ഒരു അമ്പരപ്പ് ഉണ്ടാക്കി എന്നല്ലാതെ, രാജിയെച്ചൊല്ലി ഉര്‍ദുഗാനെതിരെ കാര്യമായ പ്രതിഷേധമോ എതിര്‍പ്പോ പൊതുജനത്തില്‍നിന്നോ പാര്‍ട്ടിയില്‍നിന്നോ ഉണ്ടായിട്ടില്ല. തുര്‍ക്കിയും അക് പാര്‍ട്ടിയും കൂടുതലായി ഒരു വ്യക്തിയിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു എന്ന അപകടം ഇതിലുണ്ട്. ഉര്‍ദുഗാനു ശേഷം ആര്, എന്ത് എന്ന ഗൗരവമുള്ള ചോദ്യം ഇവിടെ ഉയര്‍ന്നുവരും. പൊതു സ്വീകാര്യനും ഉര്‍ദുഗാന്റെ വിശ്വസ്തനുമായ ദാവൂദ് ഒഗ്‌ലു പ്രധാനമന്ത്രിയായപ്പോള്‍ ഈ ചോദ്യത്തിന് ഉത്തരമായി എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതിയത്. അദ്ദേഹത്തിന്റെ രാജിയോടെ ആ ചോദ്യം വീണ്ടും ഉയര്‍ന്നുവന്നിരിക്കുന്നു.

വിമര്‍ശകര്‍ ഉന്നയിക്കുന്നതുപോലെ അധികാരത്വരയോ അതില്‍ കടിച്ചുതൂങ്ങാനുള്ള ശ്രമമോ ആയിരുന്നില്ല ഉര്‍ദുഗാന്റെ രാഷ്ട്രീയ തീരുമാനങ്ങള്‍ക്കു പിന്നില്‍. തകര്‍ന്നടിഞ്ഞുകൊണ്ടിരുന്ന ഒരു രാജ്യത്തെ വികസനത്തിന്റെയും മുന്നേറ്റത്തിന്റെയും പാതയിലേക്കെത്തിച്ച ഒരു നേതാവിന് തങ്ങള്‍ പഴയ രൂപത്തിലേക്ക് തിരിച്ചുപോകാതിരിക്കാനുള്ള ജാഗ്രത എപ്പോഴുമുണ്ടാവും. ഉര്‍ദുഗാന്‍ അധികാരം ബലപ്രയോഗത്തിലൂടെയോ സ്വാധീനങ്ങളുപയോഗിച്ചോ നേടിയതല്ല. പ്രധാനമന്ത്രിയായതും അതിനു ശേഷം പ്രസിഡന്റായതും തെരഞ്ഞെടുപ്പിലൂടെ തന്നെ. രാജ്യത്തെ പ്രസിഡന്‍ഷ്യല്‍ സമ്പ്രദായത്തിലേക്ക് മാറ്റുന്നതും ജനങ്ങളുടെ ഹിതത്തിനനുസരിച്ചായിരിക്കും എന്ന് അദ്ദേഹം പ്രഖ്യാപിച്ചുകഴിഞ്ഞതാണ്.

ദാവൂദ് ഒഗ്‌ലു രാജി പ്രഖ്യാപനപ്രസംഗത്തില്‍ തന്റെ നിലപാട് പരസ്യപ്പെടുത്തുകയുണ്ടായി. തന്റെ രാജി രാഷ്ട്രീയത്തില്‍നിന്നുള്ള പിന്‍വാങ്ങലല്ലെന്നും തുടര്‍ന്നും രാജ്യത്തിനും പാര്‍ട്ടിക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്നും തെറ്റുകള്‍ക്കെതിരെ പാര്‍ട്ടിയില്‍നിന്നുകൊണ്ടുതന്നെ പൊരുതുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പ്രസിഡന്റ് ഉര്‍ദുഗാനുമായുള്ള അഭിപ്രായവ്യത്യാസം സ്വാഭാവികം മാത്രമാണെന്നും തുടര്‍ന്നും അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിക്കുമെന്നും തങ്ങള്‍ക്കിടയില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിക്കരുതെന്നും തുറന്നു പറഞ്ഞു. ഇവിടെയും ദാവൂദ് ഒഗ്‌ലുവെന്ന പക്വമതിയായ രാഷ്ട്രീയ നേതാവിനെ നമുക്ക് കാണാം. അതുകൊണ്ടുതന്നെ ഈ രാഷ്ട്രീയ ബുദ്ധിജീവിയുടെ സേവനം തുടര്‍ന്നും തുര്‍ക്കിക്കും അക് പാര്‍ട്ടിക്കും ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. 

(ഇസ്തംബൂള്‍ സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥിയാണ് ലേഖകന്‍)


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 29-30
എ.വൈ.ആര്‍