Prabodhanm Weekly

Pages

Search

2016 മെയ് 27

2953

1437 ശഅ്ബാന്‍ 20

മൗലാനാ നിസാമിയുടെ രക്തസാക്ഷ്യം: തൂക്കിലേറ്റപ്പെട്ടത് സത്യവും നീതിയും കൂടിയാണ്

ഫസല്‍ കാതിക്കോട്

അവസാനം ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്‌ലാമി അധ്യക്ഷനെത്തന്നെ തൂക്കിലേറ്റി ശൈഖ് ഹസീന എന്ന ഏകാധിപതി പ്രതികാരത്തിന്റെ എല്ലാ സീമകളും ലംഘിച്ച് ചരിത്രത്തിലെ നരാധമന്മാരുടെ വംശാവലിയില്‍ ഇടം നേടിയിരിക്കുന്നു. സ്വന്തക്കാര്‍ തമ്മിലുള്ള യുദ്ധത്തിലൂടെ ജനിച്ച രാജ്യമാണ് ബംഗ്ലാദേശ്. ഒരിക്കല്‍ വിചാരണ ചെയ്ത് തീര്‍പ്പാക്കിയ 1971-ലെ യുദ്ധക്കുറ്റങ്ങള്‍ എന്ന മറ ഉപയോഗിച്ച് പ്രതിപക്ഷനേതാക്കളെ കൊല്ലുന്ന ക്രൂരവും നിന്ദ്യവുമായ നാടകമാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്. ഒരിക്കല്‍ തീര്‍പ്പാക്കിയ കേസുകള്‍ വീണ്ടും വിചാരണ ചെയ്യാന്‍ തട്ടിക്കൂട്ടിയുണ്ടാക്കിയ അന്താരാഷ്ട്ര യുദ്ധകുറ്റ െ്രെടബ്യൂണല്‍ എന്ന കങ്കാരുകോടതിയുടെ മറവിലാണ് ഈ പാതകങ്ങള്‍ അരങ്ങേറുന്നത്. 

ആത്മീയമോ ഭൗതികമോ ആയ ഏത് മാനദണ്ഡമനുസരിച്ചും ശൈഖ് നിസാമി വിശുദ്ധനായ രക്തസാക്ഷിയാണ്. ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി നേതാക്കളെ ഹസീനാ സര്‍ക്കാര്‍ തൂക്കിലേറ്റുന്നത് ചൂണ്ടിക്കാട്ടി, ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിക്കാരും അവസരം ഒത്തു വന്നാല്‍ ഭീകരന്മാരും ക്രിമിനലുകളുമായി മാറും എന്നൊക്കെ സന്തോഷിച്ചു  സോഷ്യല്‍ മീഡിയയിലും പുറത്തും ഒച്ചവെച്ചു കൊണ്ടിരിക്കുന്നവര്‍ അവിടെ ഹസീന സര്‍ക്കാര്‍ ചെയ്തുകൂട്ടുന്ന കൊടിയ അനീതികളും വിചാരണാ പ്രഹസനങ്ങളും ഹീനമായ കൊലപാതകങ്ങളും അറിയേണ്ടതുണ്ട്. 

45 വര്‍ഷങ്ങള്‍ക്കു മുമ്പ് ബംഗ്ലാ-പാക് യുദ്ധകാലത്ത് നടത്തി എന്നാരോപിക്കപ്പെട്ട  കുറ്റങ്ങളുമായി ബന്ധപ്പെട്ട് 16 കുറ്റപത്രങ്ങളാണ് മുന്‍ കൃഷി-വ്യവസായ മന്ത്രിയും ബംഗ്ലാ ജമാ അത്തെ ഇസ്‌ലാമി അധ്യക്ഷനുമായ മൗലാനാ മുത്വീഉര്‍റഹ്മാന്‍ നിസാമിക്കെതിരെ ചുമത്തിയിരുന്നത്. അതില്‍ ഏഴ് കേസുകളില്‍ കുറ്റം തെളിഞ്ഞെന്നും അതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ തൂക്കിലേറ്റിയതെന്നുമാണ് ഗവണ്‍മെന്റ് ഭാഷ്യം. 'തെളിഞ്ഞ' കേസുകളും അതിന്റെ വിചാരണാ പ്രഹസനങ്ങള്‍ കടന്നുപോന്ന വഴികളും ആരെയും അമ്പരപ്പിക്കും. കാലം ഇത്ര കഴിഞ്ഞതിനാല്‍ തന്നെ ഒരൊറ്റ കേസിലും പ്രത്യക്ഷ തെളിവുകളോ സാഹചര്യ തെളിവുകളോ ഇല്ല. ആകെയുള്ളത് സാക്ഷി മൊഴികള്‍ മാത്രം. നീതിന്യായ ചരിത്രത്തില്‍ തുല്യതയില്ലാത്ത അനീതി നിറഞ്ഞതായിരുന്നു ആ വിചാരണകള്‍. 

1. കച്ചിമുദ്ദീന്‍ കൊലപാതക കേസ്

നിസാമിക്കു ജീവപര്യന്തം വിധിച്ച ഈ കേസില്‍ മൂന്ന് സാക്ഷികളാണുള്ളത്. കൊല്ലപ്പെട്ട മൗലാനാ കച്ചിമുദ്ദീന്റെ ഇളയ  മകന്‍ ചിശ്തി, മുക്തി യുദ്ധ (സ്വാതന്ത്ര്യ സമരം) കമാന്റര്‍ ഹബീബുര്‍റഹ്മാന്‍ ഹബീബ്, അദ്ദേഹത്തിന്റെ സഹോദരന്‍ ശാഹിദുല്ലാ എന്നിവരാണവര്‍. സംഭവത്തിന്റെ ഏക ദൃക്‌സാക്ഷി കൊല്ലപ്പെട്ടയാളുടെ മകന്‍ കൂടിയായ ചിശ്തിയാണ്. പക്ഷേ അദ്ദേഹത്തെ പ്രോസിക്യൂഷന്‍ ഒരിക്കലും കോടതിയില്‍ കൊണ്ടുവരികയോ വിസ്തരിക്കുകയോ ചെയ്തില്ല. വിസ്താരം നടത്തിയത് ഹബീബുര്‍റഹ്മാനെ മാത്രം. അയാള്‍ പറഞ്ഞത് ചിശ്തിയും കൊല്ലപ്പെട്ട കച്ചിമുദ്ദിന്റെ എല്ലാ മക്കളും 15 വര്‍ഷം മുമ്പ് അമേരിക്കയിലേക്ക് കുടിയേറിയെന്നാണ്. കച്ചിമുദ്ദീന്റെ മകനായ ശിബ്‌ലി തന്റെ സുഹൃത്താണെന്നും പിതാവിന്റെ  കൊലപാതകത്തില്‍ നിസാമി നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്ന് അദ്ദേഹം തന്നോട് പറഞ്ഞിട്ടുണ്ടെന്നുമാണ് ഹബീബുര്‍റഹ്മാന്റെ മറ്റൊരു മൊഴി. മൂന്ന് സാക്ഷികളില്‍ ഒരാളുടെ ഇപ്പറഞ്ഞ മൊഴികളുടെ അടിസ്ഥാനത്തില്‍ നിസാമിക്കു കോടതി വിധിച്ചത് ജീവപര്യന്തം! 

ഇനി ഈ മൊഴികളുടെ തന്നെ സത്യം എന്താണെന്നു നോക്കാം. ഏക ദൃക്‌സാക്ഷിയായ ചിശ്തി മറ്റുള്ളവരോടൊപ്പം അമേരിക്കയിലാണ് എന്നു പറഞ്ഞത് പച്ചക്കള്ളമായിരുന്നു. അയാള്‍ പിതാവ് കൊല്ലപ്പെട്ട പാബ്‌ന ജില്ലയിലെ തന്റെ ഗ്രാമത്തില്‍ തന്നെയുണ്ടായിരുന്നു. മൗലാനാ നിസാമിക്കെതിരെ മൊഴി കൊടുക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം അയാള്‍ അംഗീകരിക്കാതിരുന്നതിനാല്‍ മാത്രമാണ് അയാളെ കോടതിയില്‍ ഹാജരാക്കാതിരുന്നത്. പിന്നീട് ഒരു വീഡിയോ ഇന്റര്‍വ്യൂവില്‍ ചിശ്തി ഇതെല്ലാം തുറന്നു പറഞ്ഞു: ''മൗലാനാ നിസാമി എന്റെ പിതാവിന്റെ കൊലപാതകത്തില്‍ യാതൊരു വിധത്തിലും പങ്കു വഹിച്ചിട്ടില്ല. അവര്‍ അദ്ദേഹത്തെ മനഃപൂര്‍വം കുടുക്കിയതാണ്''-ചിശ്തി പറയുന്നു. 

ഇനി തന്റെ സുഹൃത്ത് എന്ന് ഹബീബുര്‍റഹ്മാന്‍ വിശേഷിപ്പിച്ച ശിബ്‌ലി പറയുന്നത് താനൊരിക്കലും സുഹൃത്തായിരുന്നില്ലെന്നും ഒരിക്കല്‍ പോലും താന്‍ അയാളെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നുമാണ്. ബംഗ്ലാദേശ് വാരികയായ ബംഗ്ലാ പത്രികയാണ് ശിബ്‌ലിയുടെ ഈ പ്രസ്താവന പ്രസിദ്ധീകരിച്ചത്. 

മറ്റൊരു സാക്ഷിയും മുക്തി യുദ്ധസേനാനിയുമായ ളാഹിദ് അലി സര്‍ക്കാര്‍ കൈക്കൂലി വാഗ്ദാനം ചെയ്തിരുന്നെന്നും അല്ലാഹുവിനെ ഭയന്ന് താനതിനു വഴങ്ങിയില്ലെന്നും  പറയുന്നു. ''അന്വേഷണ ഉദ്യോഗസ്ഥര്‍ എന്നോട് ചോദിച്ചു; 'മൗലാനാ കച്ചിമുദ്ദീനെ കൊല്ലാന്‍ എത്ര പേര്‍ വന്നു?' ഞാന്‍ പറഞ്ഞു: 'രണ്ട് പേരുണ്ടായിരുന്നു, എന്നാല്‍ എനിക്കവരെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല.' അന്വേഷണ ഉദ്യോഗസ്ഥനായ അബ്ദുര്‍റസാഖ് ഖാന്‍ എന്നോട് പറഞ്ഞു: 'നീ ഒരൊറ്റ കള്ളം മാത്രം പറയണം. മൗലാനാ നിസാമി കൊലപാതകത്തിന്റെ സമയത്ത് അവിടെയുണ്ടായിരുന്നു എന്നു പറയണം.' പക്ഷേ ഞാന്‍ വിസമ്മതിച്ചു. ഞാനൊരു ചെറിയ മരക്കച്ചവടക്കാരന്‍ മാത്രമാണെന്നു മനസ്സിലാക്കിയപ്പോള്‍ എന്റെ ബിസിനസിനു വേണ്ടി പണം നല്‍കാമെന്നു അയാള്‍ പറഞ്ഞു. അതും ഞാന്‍ അംഗീകരിച്ചില്ല. ഞാന്‍ പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥര്‍ എഴുതിയതെല്ലാം കളവാണ്.'' ബംഗ്ലാ യുദ്ധത്തില്‍ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ശാഹിദ് അലി വീഡിയോ ഇന്റര്‍വ്യൂവില്‍ തുറന്നടിച്ചു. 

 

2. രൂപ്ഷി, ഡൊംറ, ബുഷ്‌ഗോരി ഗ്രാമങ്ങളില്‍ നടന്ന കൂട്ടക്കൊല

ഈ കുറ്റപത്രമനുസരിച്ച് മൗലാനാ നിസാമി 450 പേരുടെ കൊലപാതകത്തിനുത്തരവാദിയാണ്. കൂടാതെ അനേകം സ്ത്രീകളെ ബലാത്സംഗം ചെയ്തതിനും വീടുകള്‍ കൊള്ളയടിച്ചതിനും ചുട്ടെരിച്ചതിനും അദ്ദേഹത്തിന്റെ പേരില്‍ കുറ്റം ചുമത്തിയിട്ടുമുണ്ട്. ഈ കേസില്‍ പ്രോസിക്യൂഷന്‍ അനേകം സാക്ഷികളെ കൊണ്ടുവന്നിരുന്നു. സാക്ഷി നമ്പര്‍ 11 അഡ്വ.   ശംസുല്‍ ഹഖ് നന്നു,  ബുഷ്‌ഗോരി ഗ്രാമത്തില്‍ നടന്ന കൂട്ടക്കൊലയില്‍നിന്ന് രക്ഷപ്പെട്ട ഏക വ്യക്തി അസ്ഹര്‍ പ്രമാണിക്, സാക്ഷി നമ്പര്‍ 18 ജൗഹറുല്‍ ഹഖ് എന്നിവരുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ് മൗലാനാ നിസാമിക്ക് ഈ കേസില്‍ വധശിക്ഷ വിധിച്ചത്. 

അവാമി ലീഗ് നേതാവായ അഡ്വ. ശംസുല്‍ ഹഖ് നന്നു രണ്ട് വീഡിയോ ഇന്റര്‍വ്യൂകളില്‍ പോലീസും ചില മന്ത്രിമാരും  മൊഴി നല്‍കാനാവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തിയതായി തുറന്നു പറയുന്നു (https://www.youtube.com/watch?v=4qyo4GVEvxs). ലണ്ടനില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ദ ടെലഗ്രാഫ് പത്രം ശംസുല്‍ ഹഖിന്റെ മൊഴികളിലെ കള്ളത്തരങ്ങള്‍ ഒരു സ്റ്റിംഗ് ഓപറേഷനിലൂടെ ചോര്‍ത്തി പ്രസിദ്ധീകരിച്ചിരുന്നു (19 സെപ്റ്റംബര്‍ 2013). ഇതിനു ശേഷമാണ് യുദ്ധക്കുറ്റങ്ങള്‍ വിചാരണ ചെയ്യാന്‍ ഹസീനാ സര്‍ക്കാര്‍ സ്ഥാപിച്ച ഇന്റര്‍നാഷ്‌നല്‍ െ്രെകംസ് ട്രിബ്യൂണല്‍ അന്താരാഷ്ട്ര തലത്തില്‍തന്നെ വിമര്‍ശനവിധേയമായത്. എങ്ങനെയാണ് അഡ്വ. നന്നു ഈ കേസിലെ പ്രധാന സാക്ഷിയായത് എന്ന് ഈ വീഡിയോയില്‍ വെളിപ്പെടുത്തുന്നു: ''ഞാന്‍ അവര്‍ക്കിഷ്ടമുള്ള മൊഴി കൊടുത്തില്ലെങ്കില്‍ അവര്‍ എന്നെ പൊക്കും. അവര്‍ പറയുന്ന കുത്തും കോമയും പോലും മാറാതെ മൊഴി കൊടുപ്പിക്കും. അല്ലെങ്കില്‍ ഞാന്‍ അടുത്ത ദിവസം അപ്രത്യക്ഷനാവും. അവര്‍ പറയുന്നതില്‍ വ്യത്യാസം വന്നാല്‍ മറ്റു പല കേസുകളിലും എന്നെ ഉള്‍പ്പെടുത്തും. എന്റെ കുടുംബം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമിക്കാണ് വോട്ട് ചെയ്തത്. അക്കാരണം കൊണ്ട് അവര്‍ എന്റെ മകന്റെ കൈ തല്ലിയൊടിച്ചു. ഇനിയും ഞാന്‍ കുഴപ്പങ്ങള്‍ ആഗ്രഹിക്കുന്നില്ല. അഞ്ചു കേസുകള്‍ എന്റെ മേല്‍ ചുമത്തി. ഭരണകക്ഷിയുടെ ദ്രോഹങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ 1.5 കോടി ഡാക്ക ഞാന്‍ ചെലവാക്കി. ജമാഅത്തിന് വോട്ട് ചെയ്തതിനാല്‍ എന്റെ മകന്റെ ജോലി നഷ്ടപ്പെടാന്‍ പോകുന്നു. മേജര്‍ ഇംറുല്‍ ഖൈസ് ആണ് എന്നെ ആഭ്യന്തരമന്ത്രി ശംസുല്‍ ഹഖ് തുക്കുവിന്റെ അടുത്ത് കൊണ്ടുപോയത്. ഞാന്‍ തുക്കുവുമായി കരാറിലെത്തി. 'ഞാന്‍ പറയുന്ന പോലെ ചെയ്താല്‍ നിന്റെ മകന്റെ ജോലി നഷ്ടപ്പെടില്ല' എന്ന് തുക്കു എന്നോട് പറഞ്ഞു.  അങ്ങനെ ഞാന്‍ സര്‍ക്കാര്‍ സാക്ഷിയായി.''

ഈ മൂന്ന് ഗ്രാമങ്ങളിലേക്ക് പാക് പട്ടാളത്തിന് വഴികാട്ടിയത് നിസാമിയാണെന്ന് അഡ്വ. നന്നു കോടതിയില്‍ പറഞ്ഞു. എന്നാല്‍ വീഡിയോയില്‍ നന്നു പറയുന്നത് ഇങ്ങനെയാണ്: ''വാസ്തവത്തില്‍ മറ്റൊരു വ്യക്തിയാണ് ഗ്രാമത്തിലേക്ക് പാക് പട്ടാളത്തെ കൊണ്ടുവന്നത്. അയാളുടെ പേര് അസദ് എന്നായിരുന്നു. അയാളെ സ്വാതന്ത്ര്യസമരം അവസാനിച്ചപ്പോള്‍ തന്നെ സേനാനികള്‍ പിടികൂടി ജന അദാലത്ത് (ജനകീയ കോടതി)  നടത്തി ആയിരക്കണക്കിന് ആളുകളുടെ മുന്നില്‍ വെച്ച് പകല്‍വെളിച്ചത്തില്‍ തൂക്കിക്കൊന്നിരുന്നു. മൗലാനാ നിസാമിയുടെയോ അബ്ദുസ്സുബ്ഹാന്റെയോ പ്രഫ. ഗുലാം അഅ്‌സമിന്റെയോ പേരു പോലും അവിടെ പരാമര്‍ശിച്ചിരുന്നില്ല. ഈ സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 40 വര്‍ഷമായി അവരുടെ പേരുകള്‍ ഒരാളും പറഞ്ഞിട്ടില്ല.''

ബുഷ്‌ഗോരി ഗ്രാമത്തിലെ കൂട്ടക്കൊലയില്‍നിന്ന് രക്ഷപ്പെട്ട ഏക വ്യക്തിയും ഏറ്റവും പ്രധാന സാക്ഷിയെന്ന് വിശേഷിപ്പിക്കപ്പെട്ടവനുമായ അസ്ഹര്‍ പ്രമാണിക്കിനെ കോടതിയില്‍ ഹാജരാക്കുക പോലും ചെയ്തില്ല. അയാള്‍ മൗലാനാ നിസാമിയുടെ പങ്ക് പൂര്‍ണമായി നിഷേധിച്ചതാണ് കാരണം. ''ഞാന്‍ അസ്ഹര്‍ പ്രമാണിക്. എന്റെ ബാപ്പ ലാലു പ്രമാണിക്. യുദ്ധസമയത്ത് പാക് പട്ടാളം എന്നെ തടവിലാക്കി അവരുടെ ക്യാമ്പില്‍ താമസിപ്പിച്ചു. ഞാന്‍ അവിടെനിന്ന് ഓടി രക്ഷപ്പെട്ടു. അവര്‍ എന്റെ നേരെ വെടിവെച്ചു. നിലത്തു വീണപ്പോള്‍ മരിച്ചെന്നു കരുതി അവര്‍ എന്നെ ഉപേക്ഷിച്ചു. എന്റെ കൂടെ പിടിക്കപ്പെട്ടവരെ അവര്‍ കൊന്നുകളഞ്ഞു.  മൗലാനാ നിസാമിക്ക് ഈ കൊലകളില്‍ യാതൊരു പങ്കുമില്ല. സ്വാതന്ത്ര്യ സമര കാലത്ത് എന്റെ ഗ്രാമത്തില്‍ ഒരിക്കലും നിസാമിയെ കണ്ടിട്ടില്ല.'' അസ്ഹര്‍ വീഡിയോ ഇന്റര്‍വ്യൂവില്‍ തുറന്നു പറയുന്നു. 

 

3. കറാംജ ഗ്രാമത്തിലെ കൂട്ടക്കൊല

1971 മെയ് 8-ന് ഈ ഗ്രാമത്തില്‍ നടന്ന മേഘ താക്കൂര്‍ കുടുംബത്തിലെ എട്ട് പേരുടെയും ഏപ്രില്‍ 24, 25 തീയതികളില്‍ ഹബീബുര്‍റഹ്മാന്‍, അക്കാസ് അലി എന്നിവരുടെയും കൊലപാതകത്തിന് മൗലാനാ നിസാമി ഉത്തരവാദിയാണെന്നതാണ് അടുത്ത കേസ്. ഈ സംഭവത്തില്‍ പിതാവ് നഷ്ടപ്പെട്ട പ്രദീപ് കുമാര്‍ ദേവിനെയാണ് നിസാമിക്കെതിരെ പ്രധാന സാക്ഷിയായി അവതരിപ്പിച്ചത്. എന്നാല്‍ പ്രദീപ് കുമാര്‍ മൗലാനാ നിസാമിക്കെതിരെ മൊഴി കൊടുക്കാന്‍ വിസമ്മതിച്ചു. അദ്ദേഹം പറഞ്ഞു: ''കറാംജ ഗ്രാമം നിസാമി ഒരിക്കലും സന്ദര്‍ശിച്ചിട്ടില്ല. എന്റെ പിതാവിന്റെ മരണത്തില്‍ അദ്ദേഹം ഉത്തരവാദിയല്ല. അസദ് റസാക്കാറിന്റെ സഹായത്തോടെ പാക് പട്ടാളമാണ് പിതാവടക്കം എട്ടു പേരെ കൊന്നത്. പിന്നീട് അസദിനെ സ്വതന്ത്ര്യ സേനാനികള്‍ തൂക്കിലേറ്റി.''

പ്രദിപ് കുമാറിന്റെ മൊഴി കിട്ടില്ലെന്നായപ്പോള്‍ സര്‍ക്കാര്‍ ചിലരെ കൊണ്ടുവന്നു. അന്‍സാര്‍ അലി പ്രമാണിക്, അബ്ദുര്‍റഹ്മാന്‍ സര്‍ദാര്‍, മൊംഗാലി റാണി ദേവി എന്നിവരെ. എന്നാല്‍ ഇവരാരെയും ദുരൂഹമായ കാരണങ്ങളാല്‍ സാക്ഷികളായി കോടതിയില്‍ കൊണ്ടുവരികപോലും ചെയ്തില്ല. 

''അന്വേഷണ സംഘം ഗ്രാമത്തില്‍ വന്നപ്പോള്‍ എന്നോട് നടന്ന സംഭവങ്ങളെക്കുറിച്ച് യാതൊന്നും ചോദിച്ചില്ല. കള്ള സാക്ഷ്യം പറയാന്‍ പലവട്ടം ആവശ്യപ്പെടുക മാത്രമാണവര്‍ ചെയ്തത്. ഒരിക്കലും കാണാത്ത ഒരു വ്യക്തിയെക്കുറിച്ച് ഞാന്‍ എങ്ങനെയാണ് സാക്ഷി പറയുക?'' അന്‍സാര്‍ അലി പ്രമാണിക് വീഡിയോ ഇന്റര്‍വ്യൂവില്‍ ചോദിക്കുന്നു. 

അബ്ദുര്‍റഹ്മാന്‍ സര്‍ദാര്‍ പറയുന്നത് ഇതാണ്: ''യുദ്ധകാലത്ത് മൗലാനാ നിസാമിയുടെ പേരു പോലും ഞാന്‍ കേട്ടിട്ടില്ല. ഇലക്ഷനില്‍ മത്സരിക്കുമ്പോളാണ് ആദ്യമായി ആ പേരു കേള്‍ക്കുന്നത്.'' ഇവരെ കോടതിയില്‍ ഹാജരാക്കുന്നതിനു പകരം അവരുടെ എഴുതിക്കൊണ്ടുവന്ന മൊഴികള്‍ കോടതിയില്‍ വായിക്കുകയാണുണ്ടായത്. മൗലാനാ നിസാമിയുടെ പങ്കാളിത്തം പരസ്യമായി നിഷേധിച്ച ഇവരുടെ, മൊഴികളെന്ന വ്യാജേന വായിച്ച നുണകളുടെ അടിസ്ഥാനത്തില്‍ മൗലാനാ നിസാമിക്ക് ഈ കേസില്‍ വിധിച്ചത് വധശിക്ഷയാണ്. 

 

4. ദുലാരി ഗ്രാമത്തിലെ കൂട്ടക്കൊല

1971 നവംബര്‍ 27-ന് മൗലാനാ നിസാമിയുടെ നേതൃത്വത്തില്‍ പാക് പട്ടാളക്കാരും റസാക്കാര്‍മാരും (പാക് സൈന്യം പരിശീലിപ്പിച്ച അര്‍ധ സൈനിക വിഭാഗം) ദുലാരി ഗ്രാമത്തിലെ ഡോ. അബ്ദുല്‍ അവ്വലിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീകളും കുട്ടികളും അടക്കം 30 പേരെ കൊന്നു. അതേ രാത്രി തന്നെ  ഇച്മതി നദിക്കരയില്‍ വെച്ച് 22 പേരടങ്ങുന്ന മറ്റൊരു സംഘത്തെ മൗലാനയുടെ സാന്നിധ്യത്തില്‍ ബയണറ്റ് കൊണ്ട് കുത്തിക്കൊലപ്പെടുത്തി-ഈ ആരോപണങ്ങളാണ് അടുത്ത കേസിനാസ്പദം. നിരായുധരായ ഈ മനുഷ്യരെ കൊല്ലുന്നതിനു കൂട്ടുനിന്നു എന്ന് ആരോപിച്ചുകൊണ്ട് മൗലാനാ നിസാമിക്ക്  മറ്റൊരു വധശിക്ഷ കൂടി വിധിച്ചു. നിഷ്ഠുര കൃത്യത്തിന്റെ ഇരകളിലൊരാളായ മുഹമ്മദ് ഷാജന്‍ അലിയായിരുന്നു ഈ കേസിലെ നിയമപരമായി നിലനില്‍ക്കുന്ന ഏക സാക്ഷി. ഇദ്ദേഹത്തെയും ഇച്മതി നദിക്കരയില്‍ മറ്റുള്ളവരോടൊപ്പം കഴുത്തറുത്തെങ്കിലും ഭാഗ്യവശാല്‍ രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ അദ്ദേഹത്തിന്റെ സംസാരശേഷി 70 ശതമാനത്തോളം നഷ്ടപ്പെട്ടു. 

പ്രോസിക്യൂഷന്‍ വാദമനുസരിച്ച് തന്നെ ഈ സംഭവം  സ്വാതന്ത്ര്യ സമര സേനാനികളും പട്ടാളവും തമ്മിലുള്ള പോരാട്ടമായിരുന്നു. എന്നാല്‍ കൊല്ലപ്പെട്ട എല്ലാവരും നിരായുധരായിരുന്നു എന്നു പറയുന്നതും പ്രോസിക്യൂഷന്‍ തന്നെ. മുഹമ്മദ് ഷാജന്‍ അലിയെ അനേകം ചാനലുകള്‍ ഇന്റര്‍വ്യൂ ചെയ്തിരുന്നു. എല്ലാ അഭിമുഖങ്ങളിലും അദ്ദേഹം പറയുന്നത്, 1986-ല്‍ മൗലാനാ നിസാമി ജമാഅത്തെ ഇസ്‌ലാമി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിനു മുമ്പ് അദ്ദേഹത്തെക്കുറിച്ച് കേള്‍ക്കുകയോ കാണുകയോ ചെയ്തിട്ടില്ല എന്നാണ്. എന്നാല്‍ വാദത്തിനിടയില്‍ അദ്ദേഹം ഇതെല്ലാം നിഷേധിച്ചു.   മൗലാനയെ താനറിയില്ല എന്നു പറയുന്ന അദ്ദേഹത്തിന്റെ ചാനല്‍ ഇന്റര്‍വ്യൂകള്‍ പ്രതിഭാഗം ഹാജരാക്കി. ക്രോസ് വിസ്താരത്തില്‍  പാബ്‌നയിലെ സാദിയ മിയാപൂര്‍ ഹാജി ജാഷിമുദ്ദീന്‍ ഹൈസ്‌കൂളില്‍നിന്ന് 1972-ല്‍ മെട്രിക് (പത്താം ക്ലാസ്) പാസായി എന്ന് മുഹമ്മദ് ഷാജന്‍ അലി പറയുന്നു. എന്നാല്‍ അക്രമത്തില്‍നിന്ന് രക്ഷപ്പെട്ട താന്‍ 1974 വരെ ധാക്ക മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു എന്നും 1975-ല്‍ മാത്രമാണ് ഗ്രാമത്തില്‍ തിരിച്ചെത്തിയതെന്നും പറയുന്നു. ഇങ്ങനെ പരസ്പരവിരുദ്ധമായ മൊഴികള്‍ സര്‍ക്കാറുമായുണ്ടായ ഒത്തുകളികള്‍ പിഴച്ചതാണെന്നു വ്യക്തം.

കോടതിയില്‍ കള്ളസാക്ഷ്യം നല്‍കിയ ശേഷം പുറത്തു വന്ന മുഹമ്മദ് ഷാജന്‍ അലി, തന്നെ നിര്‍ബന്ധിച്ച് പറയിപ്പിച്ചതാണെന്ന് മറ്റൊരു വീഡിയോ അഭിമുഖത്തില്‍ പറഞ്ഞു: ''മുക്തിയുദ്ധ കാലത്ത് നിസാമി എന്നൊരു റസാക്കാറിനെ ഞാന്‍ കണ്ടിട്ടില്ല. ഇപ്പോഴാണ് ഞങ്ങള്‍ ഇദ്ദേഹത്തെക്കുറിച്ച് കേള്‍ക്കുന്നത്. അബ്ദുസ്സത്താര്‍ റസാക്കാറിനോടൊപ്പം മൗലാനാ നിസാമിയെക്കൂടി ചേര്‍ത്തു പറയണമെന്ന് അവര്‍ എന്നോട് പറഞ്ഞു. അദ്ദേഹത്തെക്കുറിച്ച് പറയാന്‍ അവര്‍ എന്നെ നിര്‍ബന്ധിച്ചു. പക്ഷേ അദ്ദേഹം ഗ്രാമത്തിലോ ഇച്മതി നദിക്കരയിലോ ഒരിക്കലും ഉണ്ടായിട്ടില്ല.''

ഈ കേസിലെ മറ്റൊരു സാക്ഷിയായ ഖലീലുര്‍റഹ്മാന്റെ കഥയും വിശ്വസനീയമല്ല. ഇദ്ദേഹം നല്ല നിലാവെളിച്ചത്തില്‍ ഗ്രാമത്തില്‍ നിസാമിയെ കണ്ടു എന്നു പറയുന്ന നവംബര്‍ 27-ന് രാത്രി 3.30-ന് ബംഗ്ലാ കലണ്ടര്‍ പ്രകാരം രണ്ടു മണിക്കൂര്‍ മുമ്പ് ചന്ദ്രന്‍ അസ്തമിച്ചിരുന്നു. 

 

5. സുഹ്‌റാബ് അലിയുടെയും മറ്റ് 70 പേരുടെയും വധം

1971 ഡിസംബര്‍ 3-ന് ബ്രിഷാക്കില ഗ്രാമത്തില്‍ സുഹ്‌റാബ് അലിയെയും മറ്റ് 70 പേരെയും കൊല്ലുന്നതിന് കൂട്ടുനിന്നു എന്നതാണ് മൗലാനാ നിസാമിക്ക് ജീവപര്യന്തം വിധിച്ച മറ്റൊരു കേസ്. എല്ലാ രേഖകളും കുഴഞ്ഞു മറിഞ്ഞ ഈ കേസ് തന്നെ അതീവ ദുരൂഹമാണ്. 1971-ല്‍ കൊല്ലപ്പെട്ട സുഹ്‌റാബിന്റെ ഇളയ മകള്‍ സുരിയ സുഹ്‌റാബ് ജനിച്ചത് ഇലക്ഷന്‍ കമീഷന്‍ രേഖകളനുസരിച്ച് 1976-ല്‍! സുഹ്‌റാബിന്റെ മകന്‍ സ്വാതന്ത്ര്യസമര സേനാനി കൂടിയായ അബ്ദുല്ലത്വീഫ് സലീം ഈ കേസിലെ സാക്ഷിയല്ല എന്നതും ദുരൂഹമാണ്. 

 

6. ഓള്‍ഡ് എം.പി ഹോസ്റ്റല്‍ കൂട്ടക്കൊല, നഗല്‍പാര-ധാക്ക 

ഇസ്‌ലാമി ഛാത്ര സംഘിന്റെ പ്രസിഡന്റ് എന്ന നിലയില്‍ 1971 ആഗസ്റ്റ് 30-ന്  മൗലാനാ നിസാമി  സൈനിക ക്യാമ്പ് സന്ദര്‍ശിക്കുകയും അവിടെ തടവിലാക്കപ്പെട്ടവരെ കൊന്നൊടുക്കാന്‍ ആവശ്യപ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍ സൈന്യം അവരെ വെടിവെച്ചു കൊല്ലുകയും ചെയ്തു എന്നതാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ച ഈ കേസിനാസ്പദമായ കുറ്റം. പഴയ എം.പി ഹോസ്റ്റലിലായിരുന്നു ഈ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നത്. ഹോസ്റ്റല്‍ കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട റൂമി എന്നയാളുടെ മാതാവ് ജഹനാര ഇമാം എഴുതിയ പുസ്തകമാണ് ഡെയ്‌സ് ഓഫ് സെവന്റി വണ്‍. ബംഗ്ലാദേശ് യുദ്ധത്തെക്കുറിച്ച് ആധികാരിക രേഖയായി കരുതപ്പെടുന്ന ഈ പുസ്തകത്തില്‍ എവിടെയും മൗലാനാ നിസാമിയെക്കുറിച്ച് പരാമര്‍ശിക്കുന്നേയില്ല. 

ജാഹിറുദ്ദീന്‍ ജലാല്‍ എന്ന ബിച്ചു ജലാല്‍ ആയിരുന്നു ഈ കേസിലെ ഏക സാക്ഷി. നിസാമിക്കെതിരായ ഒട്ടേറെ കേസുകളില്‍ ഇയാള്‍ സാക്ഷി പറഞ്ഞിട്ടുണ്ട്. പരസ്പര വിരുദ്ധമായിരുന്നു ഇദ്ദേഹത്തിന്റെ മൊഴികള്‍. '71-ലെ യുദ്ധത്തിനുശേഷം ഡിസംബര്‍ 16-ന് ജഹനാരയെയും ഭര്‍ത്താവിനെയും സന്ദര്‍ശിച്ചിരുന്നു എന്ന് ഇയാള്‍ പറയുന്നു. എന്നാല്‍ ജഹനാര പുസ്തകത്തില്‍ എഴുതുന്നത് അതിന് മൂന്ന് ദിവസം മുമ്പ് ഭര്‍ത്താവ് കൊല്ലപ്പെട്ടു എന്നാണ്. മൗലാനാ നിസാമി ആഗസ്റ്റ് 30-ന് ഈ ഹോസ്റ്റല്‍ സന്ദര്‍ശിച്ചു എന്ന് ഒരിടത്ത് പറയുമ്പോള്‍ മറ്റൊരു കേസിലെ രണ്ടു സാക്ഷികളായ ഡോ. രതീന്ദ്രനാഥ് കുണ്ടുവും സമര്‍ കുണ്ടുവും പറയുന്നത് ആഗസ്റ്റ് 30-ന് രാവിലെ സൊനറ്റാല ഗ്രാമവാസികള്‍ നിസാമിയെ പിടികൂടുകയും ഒരു തൂണില്‍ കെട്ടിയിടുകയും ചെയ്തു എന്നാണ്. 

 

7. ബുദ്ധിജീവികളുടെ കൊലകള്‍

റസാക്കാറും അല്‍ ബദ്ര്‍ ഗ്രൂപ്പും നടത്തിയ ബുദ്ധിജീവികളുടെ കൊലകള്‍ മുഴുവന്‍ നിസാമിയുടെ നിര്‍ദേശപ്രകാരമായിരുന്നു എന്നതാണ് മറ്റൊരു കേസ്. അക്കാലത്ത് ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥി വിഭാഗമായ ഇസ്‌ലാമീ ഛാത്ര സംഘിന്റെ പ്രസിഡന്റ് എന്ന നിലയിലും റസാക്കാറിന്റെയും  അല്‍ ബദ്ര്‍ ഗ്രൂപ്പിന്റെയും അനൗദ്യോഗിക നേതാവ് എന്ന നിലയിലും ഈ കൊലകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചു എന്നാണ് ആരോപണം. 

പ്രോസിക്യൂഷന്‍ രേഖയനുസരിച്ച് ബുദ്ധിജീവികളെ കൊന്നത് നവംബര്‍ 15-നും ഡിസംബര്‍ 14-നുമിടക്കാണ്. ഈ സമയത്ത് നിസാമിയല്ല, തസ്‌നീം ആലം മന്‍സൂര്‍ ആയിരുന്നു അതിന്റെ പ്രസിഡന്റ്. അല്‍ ബദ്ര്‍ എന്ന സൈനിക സംഘം ഉണ്ടാക്കിയത് ഇസ്‌ലാമി ഛാത്ര സംഘ് ആണെന്നും അതിന്റെ പ്രസിഡന്റ് എന്ന നിലയില്‍  ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിയാനാകില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ അക്കാലത്ത് പാകിസ്താന്‍ കമാന്ററായിരുന്ന ജനറല്‍ നിയാസി എഴുതിയ ദി ബിട്രെയല്‍ ഓഫ് ഈസ്റ്റ് പാകിസ്താന്‍ എന്ന പുസ്തകത്തില്‍ അദ്ദേഹം എഴുതുന്നു: ''റസാക്കാര്‍ ബാഹിനിയുടെ ഒരു ഘടകമായിരുന്നു അല്‍ ബദര്‍. അതിന്റെ സ്ഥാപനവും നിയന്ത്രണവും പാക് സൈന്യത്തിനായിരുന്നു.'' ശരിയായ സൈന്യം തന്നെയായിരുന്ന അല്‍ ബദറിന്റെ കമാന്റര്‍ ആവാന്‍ സൈനികനല്ലാത്ത ഒരു സാധാരണക്കാരന് ഒരിക്കലും സാധിക്കില്ല എന്ന കേവല യുക്തി പോലും തിരസ്‌കരിക്കപ്പെട്ടു. സര്‍ക്കാര്‍ ഹാജറാക്കിയ അല്‍ ബദറിന്റെ ഐഡന്റിറ്റി കാര്‍ഡുകളില്‍ നിസാമിയുടെ പേരോ ഒപ്പോ ഉണ്ടായിരുന്നില്ല. നിസാമി അല്‍ ബദറിന്റെ കമാന്റര്‍ ആണെന്ന് തെളിയിക്കുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. 

 

വിധിയും ശിക്ഷയും കഴിഞ്ഞ കേസ്

ബംഗ്ലാദേശ് യുദ്ധാനന്തരം അധികാരത്തില്‍ വന്ന മുജീബുര്‍റഹ്മാന്‍ സര്‍ക്കാര്‍ യുദ്ധക്കുറ്റങ്ങള്‍ വിചാരണ ചെയ്യാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിച്ചു. ഒരു ലക്ഷത്തോളം ആളുകള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. അതില്‍ 37471 പേര്‍ക്കെതിരെ കുറ്റാരോപണം നടത്തി. 34623 പേര്‍ തെളിവില്ല എന്നതിനാല്‍ വിട്ടയക്കപ്പെട്ടു. ബാക്കിയുള്ള 2848-ല്‍ 752 പേര്‍ ശിക്ഷിക്കപ്പെട്ടു. 

ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയുടെ ഒരൊറ്റ പ്രവര്‍ത്തകന്‍ പോലും ഈ 752 പേരില്‍ ഉണ്ടായിരുന്നില്ല. ഇവരില്‍ തന്നെ കൊലപാതകവും ബലാത്സംഗവും കൊള്ളിവെപ്പും നടത്താത്ത എല്ലാവരെയും മുജീബുര്‍റഹ്മാന്‍ സര്‍ക്കാര്‍ 1973-ല്‍ പൊതു മാപ്പ് നല്‍കി വിട്ടയച്ചു. കൂട്ടക്കൊലകള്‍ നടത്തിയ  ബാക്കിയുള്ള 195 പാക് സൈനിക ഓഫീസര്‍മാരെ മറ്റൊരു പൊതു മാപ്പ് നല്‍കി വിട്ടയച്ചു. ഇങ്ങനെ ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവും ഒന്നാമത്തെ പ്രസിഡന്റുമായ ശൈഖ് മുജീബുര്‍റഹ്മാന്‍ തന്നെ തീര്‍പ്പാക്കിയ യുദ്ധക്കുറ്റങ്ങളാണ് ഇപ്പോള്‍ തെളിവൊന്നുമില്ലാതെ രാഷ്ട്രീയ എതിരാളികളെ ഒന്നൊന്നായി വക വരുത്താന്‍ ഹസീനാ സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. 

(റേഡിയന്‍സ് 2016 ഏപ്രില്‍ 24, മെയ് 1 ലക്കങ്ങളില്‍ വന്ന ലേഖനങ്ങളെ ആസ്പദിച്ച് തയാറാക്കിയത്)

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 29-30
എ.വൈ.ആര്‍