Prabodhanm Weekly

Pages

Search

2016 മെയ് 27

2953

1437 ശഅ്ബാന്‍ 20

ലോക രാഷ്ട്രങ്ങളുടെയും വേദികളുടെയും അമ്പരപ്പിക്കുന്ന മൗനം

1969-ല്‍ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥി വിഭാഗമായ ഇസ്‌ലാമീ ഛാത്ര സംഘിന്റെ നേതാക്കളിലൊരാളായ അബ്ദുല്‍ മാലിക് അവാമി ലീഗിന്റെ ഗുണ്ടകളാല്‍ വധിക്കപ്പെട്ടപ്പോള്‍ മൗലാനാ മൗദൂദി എഴുതി: ''ബംഗ്ലാദേശില്‍ ഇസ്‌ലാമിക പ്രസ്ഥാന ചരിത്രത്തിലെ ആദ്യ രക്തസാക്ഷിത്വമാവാം ഇത്; ഒരിക്കലും അവസാനത്തേതാകാന്‍ വഴിയില്ല.'' പ്രവചനസമാനമായ ഈ പ്രസ്താവത്തെ സാധൂകരിച്ചുകൊണ്ട് ബംഗ്ലാദേശില്‍ തൂക്കിക്കൊലകള്‍ തുടരുകയാണ്. ബംഗ്ലാ ജമാഅത്തെ ഇസ്‌ലാമിയുടെ സാരഥിയായ മൗലാനാ മുത്വീഉര്‍റഹ്മാന്‍ നിസാമിയാണ് ഏറ്റവുമൊടുവില്‍ ധീര രക്തസാക്ഷിത്വം വരിച്ചിരിക്കുന്നത്. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നേതൃനിരയെത്തന്നെ ശാരീരികമായി ഉന്മൂലനം ചെയ്യുക എന്ന അജണ്ട നടപ്പാക്കുന്നതിന് സകല നിയമവ്യവസ്ഥകളെയും അന്താരാഷ്ട്ര മര്യാദകളെയും കാറ്റില്‍ പറത്തിയിരിക്കുകയാണ് ബംഗ്ലാ സ്വേഛാധിപതി ഹസീന വാജിദ്. ഇത് ജമാഅത്തെ ഇസ്‌ലാമിയെ മാത്രമല്ല, മുഴുവന്‍ പ്രതിപക്ഷ കക്ഷികളെയും എതിര്‍ശബ്ദങ്ങളെയും ഉന്മൂലനം ചെയ്യുന്നതിന്റെ ഭാഗമാണ്.

കള്ളക്കേസുകള്‍ ചുമത്തി ഇതിനകം എട്ടു പേരെ ഹസീന ഭരണകൂടം വധിച്ചുകഴിഞ്ഞു. അഞ്ചു പേര്‍ തൂക്കിലേറിയും മൂന്ന് പേര്‍ ജയിലുകളില്‍ ചികിത്സ നിഷേധിക്കപ്പെട്ടുമാണ് രക്തസാക്ഷിത്വം വരിച്ചിരിക്കുന്നത്. മൗലാനാ മുത്വീഉര്‍റഹ്മാന്‍ നിസാമി, അബ്ദുല്‍ ഖാദില്‍ മുല്ല, എ.എച്ച്.എം ഖമറുസ്സമാന്‍, അലി അഹ്‌സന്‍ മുജാഹിദ്, സ്വലാഹുദ്ദീന്‍ ഖാദിര്‍ ചൗധരി എന്നിവര്‍ തൂക്കിലേറ്റപ്പെട്ടപ്പോള്‍, ബംഗ്ലാദേശിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്ന പ്രഫ. ഗുലാം അഅ്‌സം, മൗലാനാ എ.കെ.എം യൂസുഫ്, അബ്ദുല്‍ അലീം എന്നിവരാണ് ജയിലറകളില്‍ വെച്ച് മരണത്തിന് കീഴടങ്ങിയത്. ഇതില്‍ ബംഗ്ലാദേശ് നാഷ്‌നലിസ്റ്റ് പാര്‍ട്ടിയുടെ സമുന്നത നേതാവ് സ്വലാഹുദ്ദീന്‍ ഖാദിര്‍ ചൗധരി ഒഴികെയുള്ളവരെല്ലാം ജമാഅത്ത് സാരഥികളാണ്. നേതൃനിരയില്‍ ഇനി ഏതാനും പേര്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഇസ്‌ലാമീ ബാങ്ക് സ്ഥാപിച്ച് അതിനെ രാജ്യത്തെ തന്നെ കിടയറ്റ ബാങ്കുകളിലൊന്നാക്കി മാറ്റുകയും പാവങ്ങള്‍ക്കും അധഃസ്ഥിതര്‍ക്കും വേണ്ടി ജനസേവന സംരംഭങ്ങളുടെ ഒരു ശൃംഖലക്ക് തുടക്കം കുറിക്കുകയും ചെയ്ത മീര്‍ ഖാസിം അലിയാവാം ഭരണകൂട ഭീകരതയുടെ അടുത്ത ഇര. ബംഗ്ലാ ജമാഅത്തെ ഇസ്‌ലാമി ഉപാധ്യക്ഷനും ഖുര്‍ആന്‍ വ്യാഖ്യാതാവും പ്രമുഖ വാഗ്മിയുമായ മൗലാനാ ദല്‍വര്‍ ഹുസൈന്‍ സഈദി നേരത്തേ തൂക്കിലേറ്റപ്പെടേണ്ടതായിരുന്നു. കൂട്ടക്കൊല, കൂട്ടബലാത്സംഗം, കൊള്ളിവെപ്പ് തുടങ്ങി താന്‍ ചെയ്യാത്ത സകല കുറ്റങ്ങളും അദ്ദേഹത്തിന്റെ മേല്‍ ചാര്‍ത്തിയിട്ടുണ്ട്. പക്ഷേ, ഒരു സാങ്കേതിക പ്രശ്‌നം. ഈ അതിക്രമങ്ങള്‍ അരങ്ങേറിയ കാലത്ത് ദല്‍വര്‍ ഹുസൈന്‍ ജമാഅത്തുകാരനേ ആയിരുന്നില്ല. പിന്നെയും അഞ്ചു വര്‍ഷം കഴിഞ്ഞാണ് അദ്ദേഹം ജമാഅത്തുമായി ബന്ധപ്പെടുന്നതു തന്നെ. അപ്പോള്‍ പിന്നെ, ബംഗ്ലാ സ്വാതന്ത്ര്യസമര കാലത്ത് ജമാഅത്തുകാര്‍ രൂപം നല്‍കി എന്ന് ആരോപിക്കപ്പെടുന്ന അര്‍ധസൈനിക വിഭാഗങ്ങളുടെ കമാന്റര്‍ ഇന്‍ ചീഫായി അദ്ദേഹത്തെ എങ്ങനെ അവതരിപ്പിക്കും? ഇത്തരം സാങ്കേതിക തടസ്സങ്ങളൊക്കെ എളുപ്പം നീക്കാവുന്നതേയുള്ളൂ. കള്ളക്കേസുകളുടെയും കള്ളസാക്ഷ്യങ്ങളുടെയും ഘോഷയാത്ര സൃഷ്ടിക്കുന്നവര്‍ക്കുണ്ടോ അത് മറികടക്കാന്‍ വല്ല പ്രയാസവും!

താന്‍ മൗലാനാ മൗദൂദിയെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും ആദ്യമായി കേള്‍ക്കുന്നത് പന്ത്രണ്ടോ പതിമൂന്നോ വയസ്സുള്ളപ്പോഴാണെന്ന് ശഹീദ് മുത്വീഉര്‍റഹ്മാന്‍ നിസാമി അനുസ്മരിച്ചിട്ടുണ്ട്. ഖാദിയാനിസത്തെ തുറന്നുകാട്ടി പുസ്തകമെഴുതിയതിന്റെ പേരില്‍ മൗലാനാ മൗദൂദി തടവിലാക്കപ്പെട്ട സന്ദര്‍ഭം. വധശിക്ഷയാണ് സൈനിക കോടതി മൗദൂദിക്ക് വിധിച്ചത്. അപ്പോള്‍ അദ്ദേഹം തന്റെ കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും നടത്തിയ ഒരു അഭ്യര്‍ഥനയുണ്ട്. തനിക്ക് വേണ്ടി ദയാഹരജിയുമായി നിങ്ങള്‍ ഒരു അധികാര കേന്ദ്രത്തെയും സമീപിക്കരുത്; താന്‍ രക്തസാക്ഷ്യത്തിന് തയാറായിക്കഴിഞ്ഞു. ലോക രാഷ്ട്രങ്ങളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് വധശിക്ഷ പിന്നീട് ജീവപര്യന്തമായി ഇളവ് ചെയ്യുകയായിരുന്നു. ഈ വിശ്വാസദാര്‍ഢ്യവും ചങ്കുറപ്പും തന്നെ ഏറെ സ്വാധീനിച്ചതായി ശഹീദ് നിസാമി എഴുതിയിട്ടുണ്ട്. മൗലാനാ നിസാമിയും പ്രസിഡന്റിന് ദയാഹരജി കൊടുക്കാന്‍ വിസമ്മതിച്ചുകൊണ്ട് ധീരനായി കൊലമരത്തിലേക്ക് നടന്നുകയറുകയായിരുന്നു. രക്തസാക്ഷികള്‍ മരിക്കുന്നില്ല എന്നത് കേവലം ഭംഗിവാക്കോ ആലങ്കാരിക പ്രയോഗമോ അല്ല. പ്രസ്ഥാനങ്ങള്‍ക്ക് ജീവനും വളരാനുള്ള പോഷകവും നല്‍കുന്നുണ്ട് ഓരോ രക്തസാക്ഷ്യവും. ഏകാധിപത്യത്തിന്റെ ഏത് കൂരിരുട്ടിനു ശേഷവും തെളിഞ്ഞ ഒരു പ്രഭാതം വരാനുണ്ട്. ഒരു പ്രഭാതവും അകലെയല്ലല്ലോ.

പ്രതിപക്ഷ നേതാക്കളെ പൈശാചികമായി വേട്ടയാടുന്ന ഹസീന വാജിദ് മറുപടി പറയേണ്ട ഒട്ടേറെ ചോദ്യങ്ങളുണ്ട്. ബംഗ്ലാദേശ് സ്വതന്ത്രമായ ശേഷം 1972-ലാണ് ആദ്യ പ്രസിഡന്റ് ശൈഖ് മുജീബുര്‍റഹ്മാന്‍ യുദ്ധക്കുറ്റവാളികളെയും സഹകാരികളെയും വിചാരണ ചെയ്യാന്‍ ട്രൈബ്യൂണല്‍ സ്ഥാപിച്ചത്. ഒരു ലക്ഷത്തില്‍പരം പേരെ ഇതിന്റെ പേരില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ 2,848 പേര്‍ക്കെതിരെ മാത്രമാണ് കുറ്റം ചാര്‍ത്തപ്പെട്ടത്. ശിക്ഷിച്ചതാകട്ടെ കേവലം 752 പേരെയും. ഈ ശിക്ഷിക്കപ്പെട്ടവരില്‍ ഒരൊറ്റ ജമാഅത്തുകാരന്‍ പോലുമുണ്ടായിരുന്നില്ല. അതിക്രമങ്ങള്‍ നടത്തിയ 195 പാക് സൈനിക ഉദ്യോഗസ്ഥര്‍ക്കും പൊതുമാപ്പ് നല്‍കുകയായിരുന്നു. ശേഷം, 1974 ഏപ്രില്‍ 19-ന് ന്യൂദല്‍ഹിയില്‍ വെച്ച് അയല്‍പക്ക ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി യുദ്ധക്കുറ്റങ്ങളുടെ അധ്യായം അവസാനിപ്പിച്ചുകൊണ്ട് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി കമാല്‍ ഹുസൈന്‍, ഇന്ത്യന്‍ വിദേശകാര്യമന്ത്രി സോറന്‍ സിംഗ്, പാക് വിദേശകാര്യമന്ത്രി അസീസ് അഹ്മദ് എന്നിവര്‍ ഒരു കരാറില്‍ ഒപ്പുവെക്കുകയും ചെയ്തു. വീണ്ടും യുദ്ധക്കുറ്റങ്ങളുടെ അധ്യായം മാന്തിയെടുത്ത് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നത് ഈ കരാറിന്റെ വ്യക്തമായ ലംഘനമല്ലേ? തുര്‍ക്കിയൊഴികെയുള്ള രാഷ്ട്രങ്ങളും ആഗോള മുസ്‌ലിം പണ്ഡിത സഭ ഒഴികെയുള്ള ലോക വേദികളും ഈ കടുത്ത മനുഷ്യാവകാശധ്വംസനത്തില്‍ പുലര്‍ത്തുന്ന ഭീകരവും അശ്ലീലവുമായ മൗനം അതിനേക്കാളേറെ നമ്മെ അമ്പരപ്പിക്കുകയും ചെയ്യുന്നു. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 29-30
എ.വൈ.ആര്‍