Prabodhanm Weekly

Pages

Search

2016 മെയ് 27

2953

1437 ശഅ്ബാന്‍ 20

അറബി-മലയാള ശബ്ദകോശത്തിന്റെ പിറവി

ലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടില്‍നിന്ന് സി.എന്‍ അഹ്മദ് മൗലവി പ്രസിദ്ധീകരിച്ചിരുന്ന അന്‍സാരി മാസികയില്‍ ഒരു ലേഖനം വന്നിരുന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പ്. 1952-ലോ '53-ലോ ഇറങ്ങിയ ആ ലക്കത്തില്‍ (ഖുര്‍ആന്‍ പരിഭാഷ നടത്താന്‍ അദ്ദേഹം പെരുമ്പാവൂരില്‍ വരുന്നതിനു മുമ്പാണിത്) ഖുര്‍ആന്‍ വായ്ത്താരി നിര്‍ത്തി കുട്ടികളെ ആദ്യം മുതലേ അര്‍ഥസഹിതം പഠിപ്പിക്കണമെന്ന് അദ്ദേഹം ആ ലേഖനത്തില്‍ അഭിപ്രായപ്പെട്ടു. പഠനത്തിന്റെ സ്വഭാവവും രീതിയുമൊക്കെ പ്രതിപാദിച്ച ശേഷം ഒരു അറബി-മലയാള നിഘണ്ടുവിന്റെ ആവശ്യകതയും എടുത്തുപറഞ്ഞു. അക്കാലത്ത് ഞാനൊരു അറബി ഭാഷാ പഠിതാവായിരുന്നു. 1953-ല്‍ എന്റെ വയസ്സ് 21. അങ്ങനെയൊരു നിഘണ്ടു ലഭിക്കാന്‍ എനിക്കും ആഗ്രഹമുണ്ടായി. എന്റെ പക്കല്‍ ഗുജറാത്തിലെ സൂറത്തില്‍നിന്ന് വരുത്തിയ ആന്റണി ഏലിയാസിന്റെ അറബി-ഇംഗ്ലീഷ് നിഘണ്ടു ഉണ്ടായിരുന്നതിനാല്‍, മലയാളത്തിലൊരെണ്ണം എന്തുകൊണ്ട് ഉണ്ടായിക്കൂടാ എന്ന ചിന്തയായി. സി.എന്നിന്റെ ആഹ്വാനം കേട്ട് അറബി ഭാഷാ പണ്ഡിതന്മാരില്‍ ആരെങ്കിലും അതിന് മുതിരുമെന്ന് പ്രതീക്ഷിച്ച് ആകാംക്ഷാഭരിതനായി രണ്ടു മൂന്ന് വര്‍ഷം കാത്തിരുന്നു. ഇതിനിടയില്‍ ഒരു പണ്ഡിതന്റെ റോള്‍ എടുത്താലോ എന്നൊരു മോഹവും എന്നെ പിടികൂടാതിരുന്നില്ല. അന്ന് നിലവിലുണ്ടായിരുന്ന വക്കം മുഹമ്മദ് മൈതീന്‍ സാഹിബിന്റെ 'ഖുര്‍ആന്‍ താഴെ അഞ്ചു ജുസ്ഇന്റെ പരിഭാഷ'യില്‍നിന്നും മറ്റും കുറേയേറെ പദങ്ങള്‍ ശേഖരിച്ചുവെച്ചിരുന്നു. അക്ഷരമാലാ ക്രമത്തിലായിരുന്നില്ലെന്നു മാത്രം. മിക്കവാറും ശുദ്ധമായ മലയാള പദങ്ങളായിരുന്നു മൈതീന്‍ സാഹിബിന്റേത്.

തിരുവിതാംകൂര്‍ വിദ്യാഭ്യാസ വകുപ്പ് അറബി മുന്‍ഷിമാരെ വാര്‍ത്തെടുക്കാന്‍ ലോവര്‍, ഹയര്‍ അറബി പരീക്ഷകള്‍ ഏര്‍പ്പെടുത്തിയിരുന്നു. വക്കം മൗലവിയായിരുന്നു ആ പരീക്ഷകളുടെ ഉപജ്ഞാതാവ്. ഹയര്‍ പരീക്ഷ പാസ്സായ ശേഷം 1955-ല്‍ കാഞ്ഞിരപ്പള്ളി നൂറുല്‍ ഹുദാ അറബിക്കോളേജില്‍ അഫ്ദലുല്‍ ഉലമാ പഠനത്തിന് ചേര്‍ന്നു. അന്ന് മദിരാശി സര്‍വകലാശാലക്കേ അഫ്ദലുല്‍ ഉലമാ ഉണ്ടായിരുന്നുള്ളൂ. അഫിലിയേഷന്‍ കിട്ടാത്തതിനാല്‍ പരീക്ഷ എഴുതാന്‍ തേവര കോളേജില്‍ പോകണം. ആര്‍ക്കുമത് സമ്മതമായിരുന്നില്ല. അങ്ങനെ അഫ്ദല്‍ മുടങ്ങി. തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയില്‍നിന്ന് പുറത്തിറങ്ങിയിരുന്ന  നൂറുല്‍ ഹുദാ മാസികയുടെ സഹ പത്രാധിപരായി. നൂറുല്‍ ഹുദാ അറബി കോളേജ് പ്രിന്‍സിപ്പലായിരുന്നു മുഖ്യ പത്രാധിപര്‍. ഒരു റമദാന്‍ വിശേഷാല്‍ പതിപ്പ് ഉള്‍പ്പെടെ ആറു ലക്കം പുറത്തിറങ്ങി. രണ്ടായിരം കോപ്പികള്‍ അച്ചടിച്ചിരുന്നു. പിന്നെ അറബി മുന്‍ഷിയാകാന്‍ ഉറ്റുനോക്കിയിരുന്ന നാളുകള്‍. അപ്പോഴാണ് നിഘണ്ടു രചനയിലേക്ക് വീണ്ടും ശ്രദ്ധ തിരിയുന്നത്. കൈവശമുണ്ടായിരുന്ന ഒരു രൂപ രണ്ടണ കൊടുത്ത് കടലാസ് വാങ്ങി തുന്നിക്കെട്ടി 600 പേജുകളുള്ള ഒരു പുസ്തകം സ്വയം ബയിന്റ് ചെയ്തു. 1956 ആഗസ്റ്റ് ആറിനാണ് ആ സാഹസത്തിന് ഞാന്‍ ഒരുമ്പെട്ടത്. മുന്‍പരിചയമൊന്നുമില്ല. നീന്തല്‍ പരിചയമില്ലാത്തവന്‍ പുഴ കണ്ട മാത്രയില്‍ നീന്തിക്കളയാമെന്ന് നിനച്ച് എടുത്തു ചാടുന്ന പോലെ. ഭാഗ്യത്തിന് മുങ്ങിപ്പോയില്ല. നീന്താനുള്ള ശ്രമത്തില്‍ നീന്തല്‍ പഠിക്കുകയായിരുന്നു ഞാന്‍. എഴുതിയും മുടങ്ങിയും 1959 ജൂണ്‍ ആദ്യം സാമാന്യം പദസമ്പത്തുള്ള ഒരു നിഘണ്ടു നിര്‍മാണം പൂര്‍ത്തിയായി. 

ഇതിന്റെ രചനാ കാലത്താണ് അറബി മുന്‍ഷി ആയിത്തീര്‍ന്നത്. രചന നടന്നുകൊണ്ടിരിക്കുമ്പോള്‍ പ്രസാധനം ഏറ്റെടുക്കാന്‍ കഴിയുമോ എന്നറിയാന്‍ ഭാരത ചന്ദ്രിക ബുക്‌സിന് നിഘണ്ടുവിനെ പരിചയപ്പെടുത്തി ഒരു കത്തെഴുതിയെങ്കിലും മറുപടി കിട്ടിയില്ല. '60-കളുടെ തുടക്കത്തിലാണ് ഹകീം പി.ബി കുഞ്ഞാമു മൗലവിയുടെ നിഘണ്ടു നിര്‍മാണത്തെക്കുറിച്ച്, സ്വഹീഹുല്‍ ബുഖാരിയില്‍ സതീര്‍ഥ്യനായിരുന്ന വി.എസ് മുഹമ്മദ് ഇബ്‌റാഹീമില്‍ നിന്ന് അറിയാനിടയായത്. ഇടപ്പള്ളിയില്‍ കൂട്ടായി അബ്ദുല്ല മുസ്‌ലിയാരുടെ ദര്‍സില്‍ വെച്ച് ഇദ്ദേഹത്തെ സന്ധിച്ചപ്പോള്‍ എന്നെയും കൂട്ടി അദ്ദേഹം ഹകീമിന്റെ വസതിയില്‍ ചെന്നു. മൗലവി സ്ഥലത്തില്ലാതിരുന്നതിനാല്‍ സന്ധിക്കാനായില്ല. പിന്നീട് ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ കുഞ്ഞാമു മൗലവി സ്വന്തമായി പ്രസ്സ് സ്ഥാപിച്ചെന്നും അറബി ടൈപ്പുകള്‍ വരുത്തി ' അല്‍ഫറാഇദുദ്ദുര്‍രിയ്യ' മുദ്രണം ആരംഭിച്ചെന്നും കേട്ടു. 1964-ലാണ് ആ നിഘണ്ടു പുറത്തുവന്നത്.

കുഞ്ഞാമു മൗലവിയുടെ  'അല്‍ ഫറാഇദ്' പുറത്തിറങ്ങിയതോടെ ഇനിയൊരു നിഘണ്ടുവിന്റെ ആവശ്യമുണ്ടാവുകയില്ലെന്ന് ഏതാണ്ട് ഉറപ്പിച്ചു. കുറേ കഴിഞ്ഞപ്പോള്‍ 'അല്‍ മന്‍ഹലി'ന്റെ വരവായി. ഇനിയെന്റെ കുഞ്ഞിനെ വെയില്‍ കൊള്ളിക്കേണ്ട എന്നു കരുതി പെട്ടിയിലടച്ച് ഭദ്രമായി സൂക്ഷിച്ചുവെച്ചു. ഈ കാലത്ത് എന്റെ കര്‍മരംഗം ഈരാറ്റുപേട്ടയായിരുന്നു. ഒട്ടേറെ മൗലവിമാരുള്ള പ്രദേശം. അവരില്‍ പലരും നിഘണ്ടു പുറത്തിറക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നെങ്കിലും സഹായിക്കുന്ന കാര്യത്തില്‍ അവരും നിസ്സഹായരായിരുന്നു. ഈരാറ്റുപേട്ടയില്‍ 'തട്ടാമ്പറമ്പില്‍ ആലിം സാഹിബ്' എന്നറിയപ്പെട്ടിരുന്ന മുഹമ്മദ് ലബ്ബ എന്റെ മുമ്പില്‍ ഒരു നിര്‍ദേശം വെച്ചു. മലയാളത്തിന് ഒരു അറബി നിഘണ്ടു വളരെയേറെ ആവശ്യമാകയാല്‍ അങ്ങനെയൊരു ശ്രമം നടത്തണമെന്നായിരുന്നു നിര്‍ദേശം. അദ്ദേഹം ഒരു വിധം നന്നായി ക്ലാസിക്കല്‍ അറബിയില്‍ സംസാരിക്കാന്‍ കഴിയുന്നയാളായിരുന്നു. 

1969-ല്‍ കാഞ്ഞിരപ്പള്ളി പേട്ട ഹൈസ്‌കൂളില്‍ എത്തിയതോടെ മലയാളം-അറബി നിഘണ്ടുവിന്റെ പണി തുടങ്ങി. ഗുണ്ടര്‍ട്ട് നിഘണ്ടുവിന്റെ ആദ്യ പതിപ്പ് സ്‌കൂളില്‍നിന്ന് എനിക്ക് തന്നത് അന്നത്തെ ലൈബ്രേറിയനായിരുന്ന ടി.എസ് അലിക്കുഞ്ഞായിരുന്നു. അതിലെ മലയാളം വാക്കുകള്‍ മിക്കവയും തെരഞ്ഞെടുത്താണ് നിഘണ്ടു രചന ആരംഭിച്ചത്. അടിയന്തരാവസ്ഥ കാലത്താണ് പൂര്‍ത്തിയായത്. പ്രസിദ്ധീകരിക്കാനായി ഒരു പ്രസാധനാലയവുമായി ബന്ധപ്പെട്ടപ്പോള്‍ ഗ്രന്ഥക്കെട്ടുമായി നേരില്‍ ചെല്ലാന്‍ ഉടമസ്ഥന്‍ ആവശ്യപ്പെട്ടു. മൂന്നു നാലു പ്രിന്റിംഗ് മെഷീനുകളും ഒരുപാട് ജോലിക്കാരുമുള്ള ഒരു പ്രസിദ്ധീകരണാലയം. രണ്ടു മൂന്ന് ഗോഡൗണുകള്‍ നിറയെ, അച്ചടിച്ച് ബയിന്റ് ചെയ്യാതെ വാരിക്കൂട്ടിയിട്ട പുസ്തക കൂമ്പാരങ്ങള്‍. ഇതൊക്കെ കണ്ടപ്പോള്‍ എന്റെ പ്രതീക്ഷക്ക് ചിറകുകള്‍ മുളച്ചു.

ആ സ്ഥാപനമുടമയുടെ 'ദീര്‍ഘവീക്ഷണം' കച്ചവടക്കണ്ണോടെയായിരുന്നുവെന്ന് തോന്നി. 'ഇത്തരം വലിയ പുസ്തകങ്ങള്‍ വാങ്ങുന്ന ഭാഷാസ്‌നേഹികളോ പഠിതാക്കളോ വിരളം. ഇതിന് മുടക്കുന്ന പണം ഡെഡ് മണിയായി കിടക്കും. ഉത്സവപ്പറമ്പുകളിലോ ഉറൂസുകളിലോ പള്ളിപ്പെരുന്നാളിലോ ഇതാരും അന്വേഷിച്ചുവരാറില്ല. ഈ സ്ഥലങ്ങളിലെത്തുന്ന അന്വേഷകര്‍ക്കു വേണ്ടി അച്ചടിച്ചുകൂട്ടിയതാണ് ഗോഡൗണുകളില്‍ കാണുന്നത്. പിന്നെ ഞങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന് നിങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ഏറ്റെടുക്കാം. ഇവിടെ വന്നിരുന്ന് പ്രൂഫ് നോക്കിത്തരണം. അച്ചു നിരത്താന്‍ മാസങ്ങളോളം വേണ്ടിവരും.... പ്രസിദ്ധീകരിക്കപ്പെടുന്ന പേജിന് ഒരു രൂപ നിരക്കില്‍ പ്രതിഫലം തരാനാകും. ഇതൊക്കെ 500 കോപ്പിയിലധികം അച്ചടിക്കാനുമാവില്ല.'' ഈ പ്രാരാബ്ധം പറച്ചില്‍ കേട്ട് ഗ്രന്ഥകെട്ട് പേറി ഞാന്‍ തിരികെ പോന്നു. ആ നിഘണ്ടുവിന് പുതിയൊരു ഉടയാട അണിയിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. ആംഗലേയം കൂടി ചേര്‍ത്ത് ത്രിഭാഷാ നിഘണ്ടുവാക്കിത്തീര്‍ക്കാനുള്ള ശ്രമത്തിലാണ്.

ഉദ്യോഗത്തിനിടയില്‍ സ്വഹീഹുല്‍ ബുഖാരി ദര്‍സില്‍ ചേരാന്‍ ഒരവസരം ലഭിച്ചു.  പറപ്പൂര്‍ മമ്മിക്കുട്ടി മൗലവിയായിരുന്നു (മുസ്‌ലിയാര്‍ തെക്കോട്ട് വന്നാല്‍ മൗലവിയാകും. മുസ്‌ലിയാര്‍ ഞങ്ങളുടെ നാട്ടില്‍ പണ്ഡിതനല്ല) ശൈഖുല്‍ ഹദീസ്. ശൈഖ് ഹസന്‍ ഹസ്രത്തിന്റെ ശിഷ്യനായിരുന്നു മമ്മിക്കുട്ടി മൗലവി. സ്‌കൂളില്‍ പോകും മുമ്പെയായിരുന്നു ഹദീസ് ദര്‍സ്. മഹ്മൂദുല്‍ ഈനിയുടെ ബുഖാരി വ്യാഖ്യാനമായ ഉംദതുല്‍ ഖാരീ, ഖസ്ത്വല്ലാനീ തുടങ്ങിയ ഹദീസ് വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ ഹദീസില്‍ വന്ന ഗരീബായ പദങ്ങളുടെ അര്‍ഥം വിശദീകരിക്കാന്‍ മുഅ്ജമുല്‍ അഹാദീസ് എന്നൊരു നിഘണ്ടു നിര്‍മാണം തുടങ്ങിയെങ്കിലും ബുഖാരി പഠനം അവസാനിച്ചതോടെ നിഘണ്ടു നിര്‍മാണവും മുടങ്ങി.

യൂനാനി വൈദ്യം കൈകാര്യം ചെയ്തിരുന്ന ചില മുസ്‌ലിയാക്കന്മാരുടെ പക്കല്‍നിന്ന് നമ്മുടെ നാട്ടിലെ പച്ചമരുന്നുകളുടെയും അങ്ങാടി മരുന്നുകളുടെയും അറബി പേരുകള്‍ ശേഖരിച്ചത് പുതിയ അറബി-മലയാളം നിഘണ്ടുവില്‍ ചേര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ചാപ്പനങ്ങാടിക്കാരന്‍ അഹ്മദ് മുസ്‌ലിയാരും വടക്കെ മലബാറുകാരന്‍ കായികാഭ്യാസിയായ ഒരു മുഹമ്മദ് മുസ്‌ലിയാരും നൂറിലധികം മരുന്നുകളുടെ പേരുകള്‍ തന്നവരാണ്. മേടം, ഇടവം തുടങ്ങിയ രാശികളുടെയും അശ്വതി-ഭരണി-കാര്‍ത്തികാദി നക്ഷത്രങ്ങളുടെയും അറബി നാമങ്ങള്‍ ലഭ്യമായത് അസ്മാഇന്റെ കിതാബുകളില്‍നിന്നാണ്. കുറേ അറബി ആനുകാലികങ്ങളും അറബി പദങ്ങള്‍ സംഭാവന ചെയ്തിട്ടുണ്ട്.

സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് 1987 മാര്‍ച്ച് 31-ന് പിരിഞ്ഞയുടനെ മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമിയില്‍ സെക്രട്ടറി സ്ഥാനത്ത് നിയമിതനായി. മജ്‌ലിസിലെ സേവനത്തിനിടയിലും പദശേഖരണത്തിന് അവസരം ലഭിച്ചു. ഏതാണ്ട് ഒന്നര വര്‍ഷത്തിനു ശേഷം മജ്‌ലിസ് വിടുകയും തിരൂര്‍ക്കാട് ഇലാഹിയ്യയിലെ തഹ്ഫീള് കോഴ്‌സില്‍ അധ്യാപകനായി നിയമിതനാവുകയും ചെയ്തു. അഞ്ചു മാസം അവിടെ കഴിഞ്ഞു. അവിടത്തെ ലൈബ്രറിയിലെ ഏതാനും സാങ്കേതിക ഗ്രന്ഥങ്ങളും എന്റെ നിഘണ്ടു വിപുലീകരണത്തിനു സഹായകമായി.

'90-കളുടെ തുടക്കത്തില്‍ പ്രസാധന രംഗത്തെ നവ സംരംഭകരായ രണ്ട് സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് 'അബ്ജദീ' ക്രമത്തില്‍ നിഘണ്ടു പുനഃസംവിധാനിക്കാന്‍ തുടങ്ങി. അല്‍ മൗരിദ് അറബി-ഇംഗ്ലീഷ് നിഘണ്ടുവായിരുന്നു അവരുടെ മാതൃക. പ്രസാധന രംഗത്തുനിന്ന്, കാരണമെന്തെന്നറിയില്ല, അവര്‍ നിഷ്‌ക്രമിക്കുകയാണെന്ന് അറിയിച്ചതോടെ നിഘണ്ടു ജോലിയും പാതിവഴിക്ക് അവസാനിപ്പിക്കേണ്ടിവന്നു.

2002-ല്‍ അന്നത്തെ ഐ.പി.എച്ച് ഡയറക്ടര്‍ ആവശ്യപ്പെട്ടതനുസരിച്ച് ആദ്യം തയാറാക്കിയ ക്രമത്തില്‍ പരിഷ്‌കരിക്കുകയും വിപുലീകരിക്കുകയും ചെയ്ത് 2004 ഡിസംബര്‍ അവസാനം കൈയെഴുത്തു പ്രതി ഐ.പി.എച്ച് ഡയറക്ടറെ ഏല്‍പിച്ചു. 2008-ല്‍ ഡയറക്ടര്‍ മാറിപ്പോകാനൊരുങ്ങുമ്പോള്‍ അത് ഞാന്‍ തിരികെ വാങ്ങി. പുതിയ ഡയറക്ടര്‍ നിയോഗിതനായപ്പോള്‍ കൈയെഴുത്തു പ്രതി ആവശ്യപ്പെടുകയും ഞാനത് തിരിച്ചേല്‍പിക്കുകയും ചെയ്തു.

ദീര്‍ഘകാലത്തെ സൂക്ഷ്മമായ സംശോധന ഈ അറബി-മലയാളം നിഘണ്ടുവിനെ കുറ്റമറ്റതാക്കിത്തീര്‍ത്തിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. അറബി ഭാഷാ പ്രേമികളുടെ കൈകളില്‍ മനോഹരമായും അവികലമായും ഇത് അണിയിച്ചെത്തിക്കാന്‍ പണിപ്പെട്ട എല്ലാ അണിയറ ശില്‍പികള്‍ക്കും കൃതജ്ഞത രേഖപ്പെടുത്തുന്നു.

ഇതിന്റെ രചനയില്‍ മാതൃകയായി അവലംബിക്കപ്പെട്ടത് ഇല്‍യാസ് ആന്റണി ഇല്‍യാസിന്റെ അല്‍ ഖാമൂസുല്‍ അസ്വ്‌രിയാണ്. അറബി പദത്തിന് അറബിപദം കൊണ്ട് അര്‍ഥം നല്‍കിയ ശേഷം ഇംഗ്ലീഷ് അര്‍ഥം നല്‍കുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. അതിനാല്‍ ഈ നിഘണ്ടു അറബി-അറബി-മലയാള നിഘണ്ടുവാണെന്ന് ഉറപ്പിക്കാം. ഈ ശബ്ദകോശത്തിലെ പദങ്ങള്‍ക്ക് അര്‍ഥം നല്‍കുന്നതിന് ഞാന്‍ ഖാമൂസുല്‍ അസ്വ്‌രിയെ മാത്രമല്ല, ലബനാനിയായ എച്ച്. ആന്റണി സല്‍മൂന്റെ An Advanced Learners Arabic English Dictionary (1976 ഋറി), അല്‍മുന്‍ജിദ് (1954 Edn), അല്‍ മുഅ്ജമുല്‍ വസീത്വ്, അല്‍ മൗരിദ്, ഹാന്‍സ് വെഹറുടെ A Dictionary of Modern Written Arabic എന്നിവയെയും അവലംബമാക്കിയിട്ടുണ്ട്. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 29-30
എ.വൈ.ആര്‍