നാശനിമിത്തമാകുന്ന നിസ്സംഗത
മുല്ലാ നസ്വ്‌റുദ്ദീന്‍ ഉറക്കെച്ചിരിച്ചു ഉച്ചത്തില്‍ വിളിച്ചുചോദിച്ചു: 'മകന്‍ മരിച്ചുപോയോ എന്ന് എങ്ങനെ മനസ്സിലാക്കും?' ഭാര്യ ഇതു കേട്ടു. അവര്‍ പറഞ്ഞു: 'അതിനെന്താ പ്രയാസം? നിങ്ങള്‍ മരിച്ചാല്‍ നിങ്ങളുടെ കാല്‍ തണുത്തിരിക്കും.'
അടുത്ത ദിവസം മുല്ല വിറകു ശേഖരിക്കാന്‍ കാട്ടിലേക്ക് പോയി. കഴുതയെ മരത്തില്‍ കെട്ടിയിട്ടു. ഉണങ്ങിയ വിറക് ശേഖരിക്കാന്‍ തുടങ്ങി. കാട്ടില്‍ നല്ല തണുപ്പുണ്ടായിരുന്നു. കൈകാലുകള്‍ തണുക്കുന്നതായി മുല്ലക്കു തോന്നി. മുല്ല കാല്‍ തൊട്ടുനോക്കി. നല്ല തണുപ്പുണ്ട്.
'തീര്‍ച്ചയായും ഞാന്‍ മരിച്ചിട്ടുണ്ടാകും. ഇല്ലെങ്കില്‍ കാല്‍ ഇങ്ങനെ തണുക്കില്ലല്ലോ.' മുല്ല തന്നോടുതന്നെ പറഞ്ഞു.
'മരിച്ച മനുഷ്യന്‍ ജോലിചെയ്യുമോ?'
'ഇല്ല.' മുല്ല തന്നെ ഉത്തരവും പറഞ്ഞു. അതിനാല്‍ വിറകു ശേഖരിക്കല്‍ മതിയാക്കി.
മരിച്ചവരാരും എഴുന്നേറ്റു നടക്കുന്നത് താന്‍ കണ്ടിട്ടില്ലല്ലോ എന്നതായി അടുത്ത ചിന്ത.
'ശരി കിടന്നുകളയാം. ഇനി ഇവിടെനിന്ന് അനങ്ങരുത്.' മുല്ല നിലത്ത് നിവര്‍ന്നു കിടന്നു. അല്‍പം കഴിഞ്ഞപ്പോള്‍ ഒരുപറ്റം ചെന്നായ്ക്കള്‍ വന്നു. അവ കഴുതയെ ആക്രമിക്കാന്‍ തുടങ്ങി.
'ചെന്നായ്ക്കളേ, നിങ്ങള്‍ ശരിക്കും മുതലാക്കിക്കൊള്ളുക. ആ പാവം കഴുതയുടെ ഉടമ ഇവിടെ മരിച്ചുകിടക്കുകയാണല്ലോ.' മുല്ല വിളിച്ചു പറഞ്ഞു. തുടര്‍ന്ന് ആത്മഗതം ചെയ്തു: 'ശരിക്കും ഞാന്‍ മരിച്ചുപോയിട്ടില്ലായിരുന്നുവെങ്കില്‍ എന്റെ കഴുതയെ ആക്രമിക്കുന്നത് ഞാന്‍ നോക്കിനില്‍ക്കുമായിരുന്നില്ല.'
ഈ കഥ നമ്മോടു പറയുന്ന വലിയൊരു സത്യമുണ്ട്.
അക്രമിയോട് അരുത് എന്ന് പറയാത്തവന്‍ മരിച്ചവനെപ്പോലെയാണ്. അക്രമം അരങ്ങുതകര്‍ക്കുന്നു. അനീതി രംഗം കീഴടക്കുന്നു. അഴിമതി സമൂഹത്തെയാകെ അടക്കിവാഴുന്നു. അക്രമത്തിലും അനീതിയിലും അഴിമതിയിലും ഏര്‍പ്പെടുന്നവരാകട്ടെ സമൂഹത്തിലെ വളരെ ചെറിയ ന്യൂനപക്ഷവും. ഏതു പ്രദേശമെടുത്താലും മഹാഭൂരിപക്ഷവും ഇതില്‍നിന്നൊക്കെ വിട്ടുനില്‍ക്കുന്നവരായിരിക്കും. പക്ഷേ, അവരെല്ലാം തീര്‍ത്തും മൗനികളാണ്. പ്രതികരണ വന്ധ്യതയുടെ മൗനമാണിത്. പുത്തന്‍ അധിനിവേശ ശക്തികളാല്‍ പരിശീലിപ്പിക്കപ്പെട്ട മൗനം.
അനീതിക്കെതിരെ ആളിപ്പടരേണ്ട ധര്‍മരോഷത്തിന്റെ അഗ്നി അണഞ്ഞപ്പോഴുണ്ടായ ഈ മൗനമാണ് ദുശ്ശക്തികളുടെ മൂലധനം. ഏതോ ഭീകര സത്വത്തെ സ്വപ്‌നം കണ്ടു പേടിച്ചുവിറച്ച കുഞ്ഞുങ്ങളെപ്പോലെ വിഭ്രാന്തി വിളിച്ചോതുന്ന ഈ മൂകത കുറ്റവാളികളുടെ സൈ്വരവിഹാരത്തിന് വഴിയൊരുക്കുന്നു. നന്മയുടെ ശക്തികള്‍ നിശ്ശബ്ദത പാലിക്കുന്നിടത്ത് തിന്മയുടെ തേര് തടസ്സമില്ലാതെ ഉരുളുന്നു. പ്രകാശനാളങ്ങള്‍ പൊലിയുമ്പോള്‍ ഇരുള്‍ പരക്കുന്ന പോലെ പ്രതിഷേധത്തിന്റെ അലകളമരുമ്പോള്‍ അക്രമം അരങ്ങുവാഴുന്നു. തെറ്റുകള്‍ക്കു നേരെ നീളേണ്ട ചൂണ്ടുവിരല്‍ മടങ്ങുന്നതോടെ പരപീഡയിലൂടെ നിര്‍വൃതി തേടുന്ന പിശാചുക്കള്‍ പ്രതിരോധിക്കപ്പെടാതെ സൈ്വരവിഹാരം നടത്തുന്നു.
അതിനാലാണ് കുറ്റങ്ങളുടെ നേരെ കണ്ണടക്കുന്നവരും തെറ്റുകാരാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നത്. അത്തരക്കാരെ ഊമയായ പിശാചുക്കളെന്നാണ് പ്രവാചകന്‍ (സ) വിശേഷിപ്പിച്ചത്. തിന്മ തടയാന്‍ ശ്രമിക്കാത്തവരും അതുണ്ടാക്കുന്ന ആപത്തുകള്‍ക്കിരയാകുമെന്ന് അവിടുന്ന് താക്കീത് ചെയ്യുന്നു. അതോടൊപ്പം അരുതാത്തതു കണ്ടാല്‍ കൈകൊണ്ട് തടയണമെന്നും കഴിയില്ലെങ്കില്‍ നാവുകൊണ്ട് വിലക്കണമെന്നും അതിനും സാധ്യമല്ലെങ്കില്‍ മനസ്സുകൊണ്ടു വെറുക്കുകയെങ്കിലും വേണമെന്നും പഠിപ്പിക്കുന്നു. ഇതിനൊന്നും മുതിരാത്തതാണ് പൂര്‍വിക സമൂഹങ്ങളുടെ നാശത്തിന് കാരണമായതെന്ന് ഖുര്‍ആന്‍ ഊന്നിപ്പറയുന്നുമുണ്ട്.
Comments