വിവാഹ പെരുമാറ്റച്ചട്ടം അടിയന്തരാവശ്യം
"ഏറിയാല്‍ 3000 രൂപ വിലയുള്ള ഒരു മഹ്ര്‍ അല്ലെങ്കില്‍ താലി, കല്യാണത്തിനുടുക്കാന്‍ വൃത്തിയുള്ള ഒരു സാരി, വരന്മാര്‍ക്ക് ഒരു ഷര്‍വാണി വസ്ത്രം, ജീവിതായോധനത്തിന് സഹായകമാവുന്ന എന്തെങ്കിലും ഒരു തൊഴിലുപകരണം, വധൂവരന്മാരോടൊപ്പം വന്ന കുടുംബങ്ങള്‍ക്ക് വിഭവസമൃദ്ധമായ ഒരു സദ്യ. എല്ലാം കൂടി ചേര്‍ത്താല്‍ ആകെ വരുന്നത് ഒരു പതിനായിരം രൂപ. നമ്മുടെ വീട്ടില്‍ ചെറിയ രീതിയില്‍ നടത്തുന്ന കല്യാണത്തിനു വേണ്ടി നാം ചെലവഴിക്കുന്ന സംഖ്യയുടെ എത്ര താഴെയാണ് ഈ സംഖ്യ'' (അസമിലെ സമൂഹ വിവാഹങ്ങള്‍- പ്രബോധനം ഏപില്‍ 22)
ഇനി നമ്മുടെ നാട്ടിലെ ഒരു വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത അനുഭവം. വലിയ നഗരങ്ങളില്‍ കാണാറുള്ള കാര്‍ണിവെലിന്റെ പ്രതീതിയായിരുന്നു കല്യാണമണ്ഡപത്തിനകം. എങ്ങും സംഗീതത്തിന്റെ ശബ്ദകോലാഹലം. അലങ്കരിച്ച സ്റ്റേജില്‍ വധൂവരന്മാരുടെ ഓരോ നിമിഷവും ഒപ്പിയെടുക്കാന്‍ വീഡിയോ, സ്റ്റില്‍ കാമറമാന്മാര്‍ മത്സരിക്കുന്നു. വിശാലമായ ഹാളിനി
രുവശവും ഭക്ഷണ സ്റ്റാളുകളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. വിഭവങ്ങള്‍ വേര്‍തിരിച്ചറിയാന്‍ പ്രത്യേകം എഴുതിവെച്ച ബോര്‍ഡുകള്‍. ഇന്‍സ്റ്റന്റ് ദോശ മുതല്‍ ബിരിയാണികളിലൂടെ നീങ്ങി ഐസ്‌ക്രീം വരെ എത്തുന്ന 18-ഓളം വിഭവങ്ങള്‍. ഭക്ഷണം കഴിക്കാന്‍ ഉപയോഗിക്കുന്ന പാത്രം, വില 15 രൂപയില്‍ കുറയാത്ത, ഉപയോഗിച്ചതിനു ശേഷം വലിച്ചെറിയുന്നവ.
അതിഥികളെ സല്‍ക്കരിക്കാന്‍ മൂന്നോ നാലോ വിഭവങ്ങളടങ്ങിയ ഭക്ഷണം മതിയാവില്ലേ? ആരെ തോല്‍പിക്കാനും ആരുടെ മുന്നില്‍ മികച്ചുനില്‍ക്കാനുമാണ് ഈ കാട്ടിക്കൂട്ടല്‍? ലാളിത്യത്തിന്റെയും എളിമയുടെയും ശൈലി പിന്തുടരാന്‍ ആഹ്വാനം ചെയ്യുന്ന, ധൂര്‍ത്തിന്റെയും ദുര്‍വ്യയത്തിന്റെയും പാത സ്വീകരിക്കരുതെന്ന് ഉദ്‌ബോധിപ്പിക്കുന്ന, അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ച് ഉണ്ണുന്നവന്‍ യഥാര്‍ഥ വിശ്വാസിയല്ലെന്ന് ഉദ്‌ഘോഷിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ അനുയായികള്‍ക്കിടയിലാണ് ഇത്തരം പ്രവണതകള്‍ കൂടുതലും എന്നതാണ് ഖേദകരം.
വിവാഹങ്ങള്‍ക്കൊരു പെരുമാറ്റച്ചട്ടം മത നേതൃത്വം കൊണ്ടുവരണം. അത് ഓരോ മഹല്ലിലും നിര്‍ബന്ധപൂര്‍വം നടപ്പില്‍വരുത്തണം. അതിനു വഴങ്ങാതെ നടത്തുന്ന ആഡംബര വിവാഹങ്ങളില്‍നിന്ന് മഹല്ല് നേതൃത്വവും പൗരപ്രമുഖരും പണ്ഡിതന്മാരും ഭരണാധികാരികളും വിട്ടുനില്‍ക്കണം. ഇക്കാര്യത്തില്‍ മഹല്ല്, മതനേതൃത്വങ്ങള്‍ അടിയന്തരമായി ഇടപെടണം.
സമൂഹം മൂല്യച്യുതിയിലാണ്ടുപോകുമ്പോള്‍ വിവേകമുള്ള നല്ല മനുഷ്യര്‍ അതിനെ തടയാനും സമൂഹത്തെ നന്മയിലേക്ക് ക്ഷണിക്കാനും സന്നദ്ധമാവാത്ത പക്ഷം അതിന് ഉത്തരവാദികളായവരെ മാത്രം തെരഞ്ഞെടുത്ത് ശിക്ഷിക്കുക എന്നതല്ല ഭൂമിയില്‍ ദൈവത്തിന്റെ നടപടിക്രമം. ''നിങ്ങളില്‍ കുറ്റം ചെയ്തവര്‍ക്കു മാത്രം പ്രത്യേകം ബാധിക്കുന്നതല്ലാത്ത ദുരിതങ്ങള്‍ക്കിടയാക്കുന്ന വിപത്തിനെ ഭയപ്പെടുവിന്‍. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് അറിഞ്ഞിരിക്കുവിന്‍'' (അല്‍അന്‍ഫാല്‍ 25).
മമ്മൂട്ടി കവിയൂര്‍
അനാഥശാലകളെക്കുറിച്ചുതന്നെ
മലപ്പുറത്തിന്റെ മന്ത്രിയും ആ പ്രശ്‌നം പരിഹരിച്ചില്ല
ഹൃദ്യമായ ഓര്‍മകള്‍
'സി.സി നൂറുദ്ദീന്‍ മൗലവിയുടെ വൈജ്ഞാനിക യാത്രകള്‍' എന്ന മൂന്നു ലക്കം നീണ്ട ഓര്‍മ ഹൃദ്യമായി. അല്‍അസ്ഹര്‍ പോലെയുള്ള ഒരു സര്‍വകലാശാലയില്‍ അഡ്മിഷന്‍ ലഭിച്ചതിന്റെ വിവരണം ഏറെ പ്രചോദകമാണ്. ഒരാള്‍ക്ക് മാത്രം ലഭിച്ച ആ അവസരം, പി.എച്ച്.ഡിയുള്ള, കോട്ടും സ്യൂട്ടുമൊക്കെ ധരിച്ച വിദ്യാര്‍ഥികളെ പിന്തള്ളി 'തനി കേരളീയ വേഷമായ തുണിയും വെള്ള ഷര്‍ട്ടും ധരിച്ച' ആ വിജ്ഞാനദാഹിക്ക് ലഭിച്ചത് വായിക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. അസ്ഹറിലെ അധ്യയനവും കേരളത്തിലെ അധ്യാപനവും മറ്റും ആര്‍ഭാടരഹിതമായ ഭാഷയില്‍ വിവരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ജീവിതഗന്ധിയായ ഇത്തരം അനുഭവ വിവരണങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
Comments