ഡോ. സഫര്‍ ഇസ്ഹാഖ് അന്‍സാരി (1932-2016) വിനയാന്വിതമായ ധൈഷണിക ജീവിതം
പ്രമുഖ അക്കാദമീഷ്യനും ഗ്രന്ഥകാരനും വിദ്യാഭ്യാസ ചിന്തകനുമായിരുന്നു കഴിഞ്ഞ ഏപ്രില്‍ 24-ന് നമ്മോട് വിടവാങ്ങിയ പ്രഫസര്‍ സഫര്‍ ഇസ്ഹാഖ് അന്‍സാരി. അറിയപ്പെടുന്ന പണ്ഡിതനും മൗലാനാ മൗദൂദിയുടെ അടുത്ത സുഹൃത്തുമായിരുന്ന മൗലാനാ സഫര്‍ അഹ്മദ് അന്‍സാരിയുടെ മകനാണ്. ചെറുപ്പത്തില്‍തന്നെ ഇസ്ഹാഖ് അന്‍സാരി പാക് ജമാഅത്തിന്റെ വിദ്യാര്‍ഥി വിഭാഗമായ ജംഇയ്യത്തുത്ത്വലബയില്‍ സജീവമായി. പിന്നീടതിന്റെ ആള്‍ പാകിസ്താന്‍ പ്രസിഡന്റുമായി. ഇസ്ഹാഖ് അന്‍സാരിയുടെ അടുത്ത സുഹൃത്തുക്കളായിരുന്നു ഖുര്‍ശിദ് അഹ്മദും മര്‍ഹൂം ഖുര്‍റം മുറാദും. മൂവരുടെയും ആയുഷ്‌കാല സൗഹൃദം ഒട്ടേറെ വൈജ്ഞാനിക സംരംഭങ്ങള്‍ക്ക് ജന്മം നല്‍കി.
പാശ്ചാത്യ -പൗരസ്ത്യ ധിഷണാ പാരമ്പര്യങ്ങളില്‍ ആഴത്തില്‍ അറിവ് നേടിയിരുന്നു ഡോ. ഇസ്ഹാഖ് അന്‍സാരി. പിതാവില്‍നിന്നായിരുന്നു പ്രാഥമിക പഠനം. കറാച്ചി യൂനിവേഴ്‌സിറ്റിയില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദമെടുത്ത ശേഷം ഡോക്ടറല്‍ പഠനത്തിനായി മൊണ്‍ട്രിയലി(കനഡ)ലെ മാക്ഗില്‍ യൂനിവേഴ്‌സിറ്റിയിലെത്തി. ഈ യൂനിവേഴ്‌സിറ്റിയില്‍ ഡോ. വില്‍ഫ്രഡ് കാന്റ്‌വെന്‍ സ്മിത്ത് (1916-2000) സ്ഥാപിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്‌ലാമിക് സ്റ്റഡീസിന്റെ ആദ്യ സന്തതികളിലൊരാളായിരുന്നു അദ്ദേഹം. ഡോ. വില്‍ഫ്രഡിനെക്കുറിച്ച് രണ്ട് വാക്ക്. അദ്ദേഹം മത താരതമ്യ പഠനത്തില്‍ വിദഗ്ധനും ങലമിശിഴ മിറ ഋിറ ീള ഞലഹശഴശീി എന്ന പ്രശസ്ത ഗ്രന്ഥത്തിന്റെ കര്‍ത്താവുമായിരുന്നു. ക്രിസ്ത്യന്‍ മിഷനറിയായി അദ്ദേഹം ഇന്ത്യയില്‍ വന്നിട്ടുണ്ട്. ആ ഘട്ടത്തില്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അടുത്തറിയാന്‍ അവസരമുണ്ടായി. ഇസ്‌ലാമിനെക്കുറിച്ച അദ്ദേഹത്തിന്റെ പരമ്പരാഗത ധാരണകള്‍ തിരുത്തിക്കുറിക്കാന്‍ അത് കാരണമായി. വെള്ളക്കാരന്റെ ആധിപത്യവും അധീശത്വവും ഊട്ടിയുറപ്പിക്കുന്ന തരത്തിലായിരുന്നു അക്കാലത്ത് പാശ്ചാത്യ ലോകത്ത് നിലവിലുണ്ടായിരുന്ന ഇസ്‌ലാമിനെക്കുറിച്ച പഠനരീതികള്‍. അവ കൈയൊഴിഞ്ഞ് മതങ്ങളുടെ ബഹുസ്വരതയിലും വൈവിധ്യത്തിലും ഊന്നുന്ന ഒരു പഠനരീതി വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഡോ. വില്‍ഫ്രഡ്, മാക്ഗില്‍ യൂനിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. അന്‍സാരി ഇസ്‌ലാമിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തുമ്പോള്‍ സ്മിത്ത് തന്നെയായിരുന്നു അതിന്റെ മേധാവി. ഫിഖ്ഹിന്റെ വികാസ പരിണാമങ്ങള്‍ അന്‍സാരി ഗവേഷണ വിഷയമായി തെരഞ്ഞെടുക്കുന്നതും സ്മിത്തിന്റെ പ്രേരണയാല്‍ തന്നെ.
ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അന്‍സാരിയുടെ ഉപദേശകനായി ഉണ്ടായിരുന്നത് മറ്റാരുമല്ല, ഡോ. ഫസ്‌ലുര്‍റഹ്മാന്‍. കറാച്ചിയില്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്‌ലാമിക് റിസര്‍ച്ചിന്റെ സാരഥിയായിരിക്കെ പാകിസ്താന്‍ വിടാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു ഡോ. ഫസ്‌ലുര്‍റഹ്മാന്‍. ഇസ്‌ലാമിനെക്കുറിച്ച അദ്ദേഹത്തിന്റെ പരിഷ്‌കരണ ചിന്തകള്‍ വലിയ വിവാദങ്ങളുണ്ടാക്കിയ കാലമായിരുന്നു. വിമര്‍ശകരുടെ മുന്‍നിരയില്‍ മൗലാനാ മൗദൂദിയും ഉണ്ടായിരുന്നു. വടക്കേ അമേരിക്കയില്‍ ഫസ്‌ലുര്‍റഹ്മാന്‍ തന്റേതായ അക്കാദമിക ഇടം കണ്ടെത്തി. അദ്ദേഹത്തിന് ഏറ്റവും കൂടുതല്‍ വൈജ്ഞാനിക സംഭാവനകള്‍ അര്‍പ്പിക്കാന്‍ കഴിഞ്ഞതും ഈ ഘട്ടത്തിലാണ്. മാക്ഗില്ലിലും പിന്നീട് ചിക്കാഗോ യൂനിവേഴ്‌സിറ്റിയിലും (1969 മുതല്‍ 1988-ല്‍ മരണം വരെ) അദ്ദേഹം അധ്യാപകനായി ഉണ്ടായിരുന്നു. ഇസ്‌ലാമിനെക്കുറിച്ച പാശ്ചാത്യ ജ്ഞാനാടിത്തറകളെ മാറ്റിപ്പണിത ഒരുപറ്റം ഗവേഷകരുടെ വഴികാട്ടിയായി അദ്ദേഹം നിലകൊണ്ടു.
ഫസ്‌ലുര്‍റഹ്മാന്റെ മേല്‍നോട്ടത്തില്‍ അന്‍സാരി തന്റെ പഠനം കേന്ദ്രീകരിച്ചത് കൂഫയില്‍ ഫിഖ്ഹിനുണ്ടായ ആദ്യകാല പരിണാമങ്ങളിലായിരുന്നു. ഗോള്‍ഡ് സിഹ്‌റും ജോസഫ് ഷാറ്റും ഓറിയന്റലിസത്തിന്റെ ആശാന്മാരായി വിലസുന്ന കാലം. പാശ്ചാത്യ ലോകത്ത് ഇസ്‌ലാമിനെക്കുറിച്ച അവസാന വാക്ക് അവരുടേതായിരുന്നു. പ്രമാദമായ ചില തിയറികള്‍ അവതരിപ്പിച്ചുകൊണ്ട് ഇസ്‌ലാമിക നിയമത്തിന്റെ സ്രോതസ്സുകളിലൊന്നായ ഹദീസിനെ അവര്‍ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടിരുന്നു. ഗോള്‍ഡ് സിഹ്‌റിന്റെ അഭിപ്രായത്തില്‍ വളരെ കുറഞ്ഞ നബിവചനങ്ങളേ സ്വീകാര്യമായിട്ടുള്ളൂ; ബാക്കിയൊക്കെയും വ്യാജമാണ്. ജോസഫ് ഷാറ്റാകട്ടെ, മുഴുവന്‍ ഹദീസുകളും വ്യാജമാണെന്ന അഭിപ്രായക്കാരനും. ഫിഖ്ഹിന്റെ ആദ്യകാല പരിണാമങ്ങള്‍ അന്വേഷിക്കുന്നതിലൂടെ ഹദീസുകള്‍ വ്യാജമാണെന്ന മേല്‍പ്പറഞ്ഞ ഓറിയന്റലിസ്റ്റുകളുടെ തിയറിയെക്കൂടിയാണ് അന്‍സാരി ചോദ്യംചെയ്തത്. ജോസഫ് ഷാറ്റുമായി നേരിട്ട് കത്തിടപാട് നടത്തി തന്റെ വീക്ഷണം അവതരിപ്പിക്കുകയും അദ്ദേഹത്തെ നേരില്‍ കാണുകയും ചെയ്തിരുന്നു അന്‍സാരി. അക്കാലത്തെ പ്രമുഖ പണ്ഡിതരായ മുഹമ്മദ് അബൂസഹ്‌റയെപ്പോലുള്ളവരെ സന്ദര്‍ശിച്ച് തന്റെ വീക്ഷണങ്ങളെ കൃത്യപ്പെടുത്തുകയും ചെയ്തിരുന്നു.
ഇസ്‌ലാമിക നവോത്ഥാന യത്‌നങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് ഗവേഷകര്‍ക്ക് ഉള്‍ക്കാഴ്ച പകരുന്നതായിരുന്നു ഫിഖ്ഹിന്റെ വികാസ പരിണാമങ്ങളെക്കുറിച്ച് അന്‍സാരി നടത്തിയ ഈ പഠനം. ഞാന്‍ അന്‍സാരിയെ കാണുന്നത് തൊള്ളായിരത്തി എഴുപതുകളുടെ അവസാനത്തിലാണ്; മാക്ഗില്‍ യൂനിവേഴ്‌സിറ്റിയില്‍ പി.എച്ച്.ഡി ചെയ്തുകൊണ്ടിരിക്കുമ്പോള്‍. അദ്ദേഹം തന്റെ മാതൃസ്ഥാപനം സന്ദര്‍ശിക്കാന്‍ വരാറുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹം മോണ്‍ട്രിയലിലെ എന്റെ ഫ്‌ളാറ്റിന്റെ വാതിലില്‍ മുട്ടി. അന്ന് അദ്ദേഹം അക്കാദമീഷ്യനെന്ന നിലക്കും അധ്യാപകനെന്ന നിലക്കും പേരെടുത്ത് കഴിഞ്ഞിരുന്നു. പക്ഷേ അവിശ്വസനീയമായ വിനയമാണ് ഞാന്‍ ആ മനുഷ്യനില്‍ കണ്ടത്. നര്‍മഭാഷണം ഇഷ്ടപ്പെടുന്ന അന്വേഷണ കുതുകിയായ ഗവേഷകന്‍. ഇസ്‌ലാമിനെക്കുറിച്ച് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എന്ത് സഹായം ചെയ്യാനും അദ്ദേഹം മുന്‍പന്തിയിലുണ്ടാകും.
മൗലാനാ മൗദൂദിയെക്കുറിച്ച് ഞാന്‍ ഒരു പേപ്പര്‍ അവതരിപ്പിക്കുമ്പോള്‍ അദ്ദേഹം ശ്രോതാവായി ഉണ്ടായിരുന്നു. മൗലാനയുടെ പരിഷ്‌കരണ ചിന്തകളെക്കുറിച്ച് ചില വിമര്‍ശനങ്ങളും ഞാന്‍ ഉന്നയിച്ചിരുന്നു. മൗലാനയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും ഉറച്ച വക്താവായിരുന്നിട്ടു കൂടി, എന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനായി അദ്ദേഹം എണീറ്റില്ല. തന്റെ അഭിപ്രായങ്ങളില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ തന്നെ, എതിരഭിപ്രായങ്ങളെ മാനിക്കുന്ന വിശാല മനസ്സാണ് ഞാനവിടെ കണ്ടത്.
വടക്കേ അമേരിക്കയിലും ആസ്‌ത്രേലിയയിലും മാത്രമല്ല, സുഊദി അറേബ്യയിലും (ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി 1967-'70, ദഹ്‌റാന്‍ പെട്രോളിയം & മിനറല്‍ യൂനിവേഴ്‌സിറ്റി 1970-'86) അദ്ദേഹം അധ്യാപകനായി സേവനം ചെയ്തിരുന്നു. പിന്നെ പാകിസ്താനില്‍ തിരിച്ചെത്തി. 1988 മുതല്‍ മരിക്കുന്നതു വരെ ഇസ്‌ലാമിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വൈസ് പ്രസിഡന്റായും ഡയറക്ടര്‍ ജനറലായും ശരീഅത്ത് ഫാക്കല്‍റ്റി ഡീനായുമൊക്കെ നിറഞ്ഞുനിന്നു.
ധാരാളം പുസ്തകങ്ങളും പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിലത്തെ പുസ്തകമാണ് അദ്ദേഹവും എസ്‌പോസിറ്റോയും ചേര്‍ന്ന് എഡിറ്റ് ചെയ്ത ങൗഹെശാ െമിറ വേല ണലേെ: ഋിരീൗിലേൃ. 1997-ല്‍ അവതരിപ്പിക്കപ്പെട്ട ഏഴ് പ്രബന്ധങ്ങളുടെ സമാഹാരമാണിത്. പടിഞ്ഞാറന്‍ നാടുകളിലെ ഇസ്‌ലാമോഫോബിയയുടെ വേരുകളന്വേഷിക്കുന്നുണ്ട് ഈ പ്രബന്ധ സമാഹാരം. നേരത്തേ ഖുര്‍ശിദ് അഹ്മദുമായി ചേര്‍ന്ന് കഹെമാശര ജലൃുെലരശേ്‌ല:െ ടൗേറശല െശി ഒീിീൃ ീള ടമ്യ്യശറ ങമംറൗറശ എന്ന പുസ്തകം എഡിറ്റ് ചെയ്തിരുന്നു. രണ്ട് എഡിറ്റര്‍മാരും ചേര്‍ന്നെഴുതിയ മൗലാനാ മൗദൂദിയുടെ സംഭാവനകളെക്കുറിച്ച പ്രബന്ധം ഈ സമാഹാരത്തിന്റെ പ്രത്യേകതയാണ്.
അന്‍സാരിയുടെ ഏറ്റവും മികച്ച സംഭാവന തീര്‍ച്ചയായും മൗലാനാ മൗദൂദിയുടെ പ്രകൃഷ്ട രചനയായ തഫ്ഹീമുല്‍ ഖുര്‍ആന്റെ ഇംഗ്ലീഷ് പരിഭാഷയാണ്. മൗലാനാ മൗദൂദിയുടെ ആഗ്രഹപ്രകാരം, സുഹൃത്ത് ഖുര്‍ശിദ് അഹ്മദിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അദ്ദേഹം പരിഭാഷാസംരംഭം ഏറ്റെടുത്തത്. ഈ മഹാ ദൗത്യം ഏറ്റെടുക്കാന്‍ എന്തുകൊണ്ടും വൈജ്ഞാനികവും അക്കാദമികവുമായ യോഗ്യതകളുണ്ട് അന്‍സാരിക്ക്. ഠീംമൃറ െഡിറലൃേെമിറശിഴ ഝൗൃ'മി എന്ന പേരില്‍ പത്ത് വാള്യങ്ങളിലായി ഇത് പ്രസിദ്ധീകരിക്കപ്പെട്ടു. ഇതിന്റെ ഒറ്റ വാള്യത്തിലുള്ള സംഗ്രഹ പതിപ്പിന്റെ വിവര്‍ത്തനവും എഡിറ്റിംഗും നിര്‍വഹിച്ചതും അദ്ദേഹം തന്നെയാണ്.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ടൊറണ്ടോയില്‍ വെച്ച് കണ്ടപ്പോള്‍ എനിക്ക് ബോധ്യപ്പെട്ട ഒരു കാര്യമുണ്ട്. ജനജീവിതവുമായി ബന്ധമില്ലാതെ ദന്തഗോപുരത്തില്‍ കഴിയുന്ന ബുദ്ധിജീവിയായിരുന്നില്ല അദ്ദേഹം. തന്റെ നാട്ടിലെ അക്കാദമിക കലാലയങ്ങള്‍ സുതാര്യമായും മികവോടെയും നടന്നുപോകണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ധാര്‍മികമായി അത്ര ശരിയല്ലാത്ത ഒരു പ്രമുഖ വ്യക്തി രാഷ്ട്രത്തിന്റെ ഒരു ഉയര്‍ന്ന സ്ഥാനം അലങ്കരിക്കാന്‍ പരിഗണിക്കപ്പെട്ടപ്പോള്‍ താനിടപെട്ട് അത് തടഞ്ഞത് അദ്ദേഹം അനുസ്മരിച്ചു.
ഡോ. ഇസ്ഹാഖ് അന്‍സാരിയുടെ വേര്‍പാട് ഇസ്‌ലാമിക വൈജ്ഞാനിക ശാഖക്ക് വലിയൊരു നഷ്ടം തന്നെയാണ്. ഒരു മധുരസ്മരണയായി സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും മനസ്സില്‍ അദ്ദേഹം ജീവിക്കും. അദ്ദേഹത്തിന് അല്ലാഹു വീഴ്ചകള്‍ പൊറുത്തുകൊടുക്കുകയും ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഇടം നല്‍കി അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ.
Comments