Prabodhanm Weekly

Pages

Search

2016 മെയ് 20

2952

1437 ശഅ്ബാന്‍ 13

സാമൂഹിക തിന്മകള്‍ക്കെതിരെ നാം മൗനികളാകുന്നതെങ്ങനെ?

ചേറൂര്‍ അബ്ദുല്ല മുസ്‌ലിയാര്‍/ ബഷീര്‍ തൃപ്പനച്ചി

എഴുത്തുകാരനും പ്രഭാഷകനുമാണ് മലപ്പുറം ജില്ലയിലെ ചേറൂര്‍ സ്വദേശിയായ അബ്ദുല്ല മുസ്‌ലിയാര്‍. പട്ടിക്കാട് ജാമിഅ നൂരിയ്യ, നന്തി ജാമിഅ ദാറുസ്സലാം എന്നിവിടങ്ങളില്‍നിന്ന് മത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം അല്‍പകാലം പള്ളിദര്‍സുകളില്‍ അധ്യാപകനായിരുന്നു. പിന്നീട് പ്രഭാഷണം, എഴുത്ത് മേഖലകളിലേക്ക് പ്രവേശിച്ച ചേറൂര്‍ അബ്ദുല്ല മുസ്‌ലിയാര്‍ അല്‍ ഇര്‍ഫാദ് മാസികയുടെ എഡിറ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്ത്രീധന സമ്പ്രദായമടക്കമുള്ള ഒട്ടനവധി സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ തൂലിക ചലിപ്പിച്ച അദ്ദേഹം അഞ്ചിലധികം പുസ്തകങ്ങളുടെ രചയിതാവാണ്. പശ്ചിമേഷ്യ, ആഫ്രിക്ക, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. പലപ്പോഴും പഠന യാത്രകളിലായിരിക്കും. തന്റെ എഴുത്തനുഭവങ്ങള്‍ക്കും യാത്രാ വിശേഷങ്ങള്‍ക്കുമൊപ്പം കേരളീയ മുസ്‌ലിം സമൂഹത്തിലെ സാമൂഹികാനാചാരങ്ങള്‍ക്കെതിരെയുള്ള തന്റെ നിലപാടും അദ്ദേഹം പ്രബോധനവുമായി പങ്കുവെക്കുന്നു.

 

ഫലസ്ത്വീന്‍, ജോര്‍ദാന്‍, ഈജിപ്ത്, ഇറാഖ്, സിറിയ, ലബനാന്‍, തുര്‍ക്കി, തുനീഷ്യ, മൊറോക്കോ, ബ്രിട്ടന്‍... സഞ്ചാരം തുടരുകയാണ് താങ്കള്‍. യാത്രയെ സ്‌നേഹിച്ചു തുടങ്ങുന്നത് എന്നു മുതലാണ്...?

സ്‌കൂളില്‍ പഠിക്കുന്ന കാലത്തേ നാടു ചുറ്റാനുള്ള മോഹമുണ്ടായിരുന്നു. പിന്നീട് പൊതുജീവിതം ആരംഭിച്ചപ്പോള്‍ കേരളത്തിനകത്ത് നിരന്തരം യാത്രചെയ്യേണ്ടിവന്നു. അത് പിന്നീട് കേരളത്തിന് പുറത്തേക്കും ജി.സി.സി രാഷ്ട്രങ്ങളിലേക്കും വികസിച്ചു. മലയാളി പ്രവാസികളുള്ള ഗള്‍ഫ് രാഷ്ട്രങ്ങളിലെല്ലാം അവരുടെ അതിഥിയായി പ്രഭാഷണത്തിന് പോയതാണ് ആദ്യ വിദേശ സന്ദര്‍ശനങ്ങള്‍. പിന്നീട് തൊണ്ണൂറുകളുടെ തുടക്കത്തില്‍ അല്‍ ഇര്‍ഫാദ് മാസികയുടെ എഡിറ്ററായിരിക്കെ പശ്ചിമേഷ്യന്‍ വിഷയങ്ങളില്‍ തുടര്‍ച്ചയായി എഴുതേണ്ടിവന്നപ്പോള്‍ അവിടം സന്ദര്‍ശിക്കണമെന്ന് തോന്നി. ബോംബെ കേന്ദ്രീകരിച്ച ട്രാവല്‍സുകള്‍ അന്ന് ഫലസ്ത്വീനിലേക്ക് യാത്ര സംഘടിപ്പിക്കാറുണ്ടായിരുന്നു. എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അങ്ങനെ പശ്ചിമേഷ്യ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിന്റെ യാത്രാനുഭവങ്ങള്‍ കൂടി കേട്ടതോടെ ഫലസ്ത്വീനില്‍ 

പോകാന്‍ തീരുമാനിച്ചു. ഫലസ്ത്വീന്‍, ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാഷ്ട്രങ്ങള്‍ അന്ന് സന്ദര്‍ശിച്ചു. ഇതായിരുന്നു ആദ്യ വൈജ്ഞാനിക യാത്ര. പുതിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ലഭിക്കുന്ന അവസരങ്ങളെല്ലാം പിന്നീട് ഉപയോഗപ്പെടുത്തി. അങ്ങനെ  മുഴുവന്‍ പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളും പലപ്പോഴായി സന്ദര്‍ശിച്ചു. യാത്രാ മോഹം പിന്നീട് യൂറോപ്പിലും ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലുമെല്ലാം എത്തിച്ചു. പല സുഹൃത്തുക്കളും ഇവിടങ്ങളെല്ലാം തങ്ങള്‍ക്കും സന്ദര്‍ശിക്കാന്‍ അവസരമൊരുക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ അങ്ങനെയൊരു സംരംഭത്തിന് തുടക്കമിട്ടു. ഇപ്പോള്‍ മിക്ക മാസങ്ങളിലും യാത്രയെ സ്‌നേഹിക്കുന്നവര്‍ക്കൊപ്പം ഇസ്‌ലാമിക ചരിത്ര പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നു. പുതിയ പുതിയ പ്രദേശങ്ങളില്‍ കടന്നുചെല്ലാനും അവിടത്തെ സംസ്‌കാരവും ചരിത്രവുമെല്ലാം പഠിക്കാനും ശ്രമിക്കുന്നു.

 

ഒരിടത്ത് കെട്ടിനില്‍ക്കാതെ ഒഴുകുന്ന വെള്ളം പോലെ നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുകയെന്നത് ഒരു ഇസ്‌ലാമിക സ്വഭാവം കൂടിയാണ്. മക്കയിലേക്ക് ഹജ്ജിന് വേണ്ടിയുള്ള പുണ്യ യാത്ര, പ്രവാചകന്മാരുടെ പലായനങ്ങള്‍, സ്വഹാബിമാരുടെ പ്രബോധന യാത്രകള്‍, ഇമാമുമാരുടെ വൈജ്ഞാനിക യാത്രകള്‍... ഇസ്‌ലാമിനൊപ്പം എന്നും യാത്രകള്‍ കൂടിയുണ്ടായിരുന്നുവല്ലോ.

യാത്ര വിശ്വാസികളോടുള്ള ഒരു ഖുര്‍ആനികാഹ്വാനമാണ്. നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കണമെന്ന് ഖുര്‍ആന്‍ പന്ത്രണ്ടിലധികം ആയത്തുകളില്‍ പറയുന്നു. 'സീറൂ ഫില്‍ അര്‍ള്' (നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുവിന്‍) എന്നതാണ് ആവര്‍ത്തിക്കപ്പെടുന്ന ഈ ഖുര്‍ആനിക പ്രയോഗം. അതില്‍ രണ്ടിടത്ത് 'അവലം യസീറു ഫില്‍ അര്‍ള്' (എന്തുകൊണ്ട് അവര്‍ ഭൂമിയില്‍ സഞ്ചരിക്കുന്നില്ല) എന്നാണ് ഖുര്‍ആന്‍ ചോദിക്കുന്നത്. മുന്‍കഴിഞ്ഞ ജനതകളുടെ ചരിത്രവും അവര്‍ അവശേഷിപ്പിച്ച അടയാളങ്ങളും നേരില്‍ കണ്ട് പഠിക്കാനാണ് ഖുര്‍ആന്‍ ഈ ആഹ്വാനം ആവര്‍ത്തിക്കുന്നത്. പുതിയ സ്ഥലങ്ങളും അവിടത്തെ ജനങ്ങളുമായി പരിചയപ്പെട്ട് അവരുമായി സഹവസിക്കുമ്പോള്‍ നമ്മുടെ അതുവരെയുള്ള ചിന്തകളും കാഴ്ചപ്പാടുകളും ശുദ്ധീകരിക്കപ്പെടും. 'ബുദ്ധിയും സംസ്‌കാരവുമുള്ള ഒരുത്തന്നും ഒരിടത്ത് ഉറച്ചിരിക്കാനാവില്ല, അവന്‍ സഞ്ചരിച്ചുകൊണ്ടേയിരിക്കും' എന്നു പറഞ്ഞത് ഇമാം ശാഫിഈയാണ്. കെട്ടിനില്‍ക്കുന്ന വെള്ളം പെട്ടെന്ന് ജീര്‍ണിക്കും. ഒഴുകുന്ന വെള്ളം ശുദ്ധീകരിക്കപ്പെടുമെന്നാണ് ഇമാമിന്റെ വിശദീകരണം.

യാത്ര എന്നും ഇസ്‌ലാമിനൊപ്പമുണ്ടായിരുന്നു. പ്രവാചകന്മാരുടെ യാത്രകള്‍ ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇറാഖില്‍നിന്ന് നംറൂദിനോട് കലഹിച്ച് നാടു വിട്ടിറങ്ങിയ ഇബ്‌റാഹീം നബി(അ) ദമസ്‌കസിലേക്കാണ് പോയത്. പിന്നീടദ്ദേഹം ഫലസ്ത്വീനില്‍ താമസമുറപ്പിച്ചു. അവിടന്ന് ആയിരം കിലോമീറ്ററുകള്‍ക്കപ്പുറമുള്ള മക്കയിലെത്തി. നൈലിന്റെ തീരത്ത് ജനിച്ച മൂസാ നബി(അ) സീനായ് മുറിച്ചുകടന്ന് മദ്‌യനിലെത്തുന്നതും പിന്നീട് തിരിച്ച് ഈജിപ്തിലെത്തി ഫറോവയോട് ദഅ്‌വത്ത് നടത്തിയ ശേഷം ഇസ്രാഈല്യരെയും കൂട്ടി ഫലസ്ത്വീനിലേക്ക് യാത്ര തിരിക്കുന്നതും ഖുര്‍ആനില്‍ കാണാം.

അറബികളാകട്ടെ പണ്ടേ യാത്രക്കാരായിരുന്നു. കച്ചവടമായിരുന്നു ആ യാത്രയുടെ ലക്ഷ്യം. ഇസ്‌ലാം വന്നതോടെ പ്രബോധന പ്രചാരണവും കച്ചവട യാത്രയുടെ മറ്റൊരു ലക്ഷ്യമായി. പിന്നീട് ദഅ്‌വത്തിന് മാത്രമായി സ്വഹാബിമാര്‍ ഭൂഖണ്ഡങ്ങള്‍ മുറിച്ചുകടന്നു. ഇമാമുമാരുടെ കാലം വന്നപ്പോള്‍ വിജ്ഞാനത്തിനായുള്ള യാത്രകള്‍ തുടങ്ങി. അറിവ് തേടി അവര്‍ നിരന്തരം യാത്ര ചെയ്തു. ഒരിടത്തും അവര്‍ സ്ഥിരമായി നിന്നില്ല. ഇമാം ശാഫിഈയുടെ ജീവിതയാത്ര തന്നെ ഇതിന് മികച്ച ഉദാഹരണം. ഫലസ്ത്വീനിലെ ഗസ്സയിലാണ് അദ്ദേഹം ജനിച്ചത്. രണ്ട് വസ്സായപ്പോള്‍ മാതാവിനോടൊപ്പം മക്കയിലെത്തി. ശേഷം ഇമാം മാലികിന്റെ ശിഷ്യനായി മദീനയിലെത്തി. പിന്നെ ഇറാഖ്, യമന്‍ എന്നിവിടങ്ങളില്‍ താമസിച്ചു. ഒടുവില്‍ ഈജിപ്തിലെത്തി. അവിടെ വെച്ചാണ് അദ്ദേഹം മരണമടയുന്നത്. മിക്ക ഇമാമുമാരും പണ്ഡിതന്മാരും ഇങ്ങനെ സഞ്ചാരികളായിരുന്നുവെന്ന് കാണാം.

 

ഇറാഖിന്റെ ചില ഭാഗങ്ങളില്‍ ഐ.എസ് പിടിമുറുക്കിയ ശേഷവും താങ്കള്‍ അവിടെ സന്ദര്‍ശിച്ചിരുന്നു. രക്തച്ചൊരിച്ചിലും സ്‌ഫോടനവുമെല്ലാം ഇറാഖില്‍ നിത്യ സംഭവമായിരിക്കുന്നു. എന്താണ് ഇതിനോടുള്ള ഇറാഖികളുടെ പ്രതികരണം?

ചരിത്രത്തില്‍ എന്നും പോരാട്ടങ്ങള്‍ക്കും രക്തപങ്കിലമായ കലാപങ്ങള്‍ക്കും സാക്ഷ്യംവഹിച്ച നാടാണ് ഇറാഖ്. അതുകൊണ്ടുതന്നെ ഇപ്പോള്‍ നടക്കുന്ന സ്‌ഫോടനങ്ങളും കൂട്ടക്കൊലകളുമൊന്നും അവരില്‍ വലിയ നടുക്കമൊന്നും ഉണ്ടാക്കുന്നില്ലെന്നതാണ് എന്റെ നേരനുഭവം. ഞാന്‍ താമസിച്ച ഹോട്ടലിനടുത്തു തന്നെ സ്‌ഫോടനമുണ്ടായി. ഞങ്ങള്‍ മലയാളികളെല്ലാം പേടിച്ചുവിറച്ച് പുറത്തിറങ്ങാതെ നിന്നു. അല്‍പസമയം കഴിഞ്ഞ് പുറത്തേക്ക് നോക്കുമ്പോള്‍ ഇറാഖികള്‍ യാതൊരു ഭാവഭേദവുമില്ലാതെ അവരുടെ സാധാരണ ജീവിതം തുടരുന്നതാണ് കണ്ടത്. അവരെ സംബന്ധിച്ചേടത്തോളം തലമുറകളായി തുടരുന്ന ആക്രമണ പരമ്പരകളുടെ തുടര്‍ച്ച മാത്രമാണത്.

ഉമറുബ്‌നുല്‍ ഖത്ത്വാബി(റ)ന്റെ കാലത്താണ് പേര്‍ഷ്യയുടെ ഭാഗമായ ഇറാഖ് ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഭാഗമാകുന്നത്. അന്നേ ഇറാഖ് പ്രശ്‌നപ്രദേശമായിരുന്നു. അലി(റ) കൊല്ലപ്പെടുന്നത് കൂഫയിലാണ്. തുടര്‍ന്ന് ഹുസൈന്‍(റ) രക്തസാക്ഷിയാകുന്ന കര്‍ബലാ സംഭവം നടക്കുന്നതും ഇറാഖില്‍തന്നെ. ഉമവികളുടെ ഭരണത്തിന്റെ തുടക്കകാലത്തും രക്തച്ചൊരിച്ചില്‍ തുടര്‍ന്നു. അബ്ബാസികളുടെ ഭരണകാലത്ത് കൂട്ടക്കൊലകള്‍ക്ക് തന്നെ ബഗ്ദാദ് സാക്ഷിയായി. പിന്നീട് സല്‍ജൂക്കികള്‍ വന്നപ്പോഴും ചോരയൊഴുകി. ശേഷം ചെങ്കിസ്ഖാന്‍ വന്നു. ടൈഗ്രീസ് ചുവന്നൊഴുകിയ കാലഘട്ടമായിരുന്നു അത്. തൈമൂറിന്റെ ആക്രമണമാണ് ഇറാഖിന് പിന്നീട് അഭിമുഖീകരിക്കേണ്ടിവന്നത്. അതുകൊണ്ടുതന്നെ യുദ്ധവും പോരാട്ടവുമെല്ലാം ഇറാഖികള്‍ക്ക് തലമുറകളായുള്ള ശീലമാണ്. യഥാര്‍ഥത്തില്‍ സദ്ദാമടക്കമുള്ള ഏകാധിപതികള്‍ അവിടെ അടക്കിഭരിക്കാനുള്ള കാരണവും ആ നാടിന്റെ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു സ്വേഛാധിപതിക്കേ ഇറാഖികളെ അടക്കിനിര്‍ത്താനാവൂ. അവരുടെ പ്രകൃത സ്വഭാവമാണത്. ജനാധിപത്യം എല്ലാ നാടുകള്‍ക്കുമുള്ള പരിഹാരമല്ലെന്ന് ഇറാഖ് സന്ദര്‍ശിച്ചപ്പോള്‍ ബോധ്യപ്പെട്ട വസ്തുതയാണ്. യൂറോപ്പിനത് പരിഹാരമാവാം. അവിടത്തെ ജനങ്ങള്‍ ഒരു നിയമത്തിനത് വിധേയപ്പെട്ട് ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഇറാഖ് പോലുള്ള പ്രദേശത്തിന് പരിഹാരമല്ല. അതിനര്‍ഥം സ്വേഛാധിപത്യം ശരിയാണെന്നല്ല. ഇബ്‌നു ഖല്‍ദൂന്‍ പറഞ്ഞതുപോലെ, ഒരു നാടിന്റെ ഭൂപ്രകൃതി, കാലാവസ്ഥ, പരമ്പരാഗതമായുള്ള ജനങ്ങളുടെ ജീവിതരീതി എന്നിവയാണ് ആ നാടിന്റെ സംസ്‌കാരം രൂപപ്പെടുത്തുന്നത്. ഇറാഖിന്റെ സംസ്‌കാരവും ചരിത്രവും പണ്ടേ ഇങ്ങനെയാണ്. അതിപ്പോഴും തുടരുന്നുവെന്ന് മാത്രം.

 

നിരന്തരം മുസ്‌ലിം രാജ്യങ്ങളിലൂടെ യാത്ര ചെയ്യുന്ന കേരളീയ മതപണ്ഡിതനെന്ന നിലക്ക് ഇവിടെ മത സംഘടനകള്‍ക്കിടയില്‍ തര്‍ക്കവിഷയങ്ങളായ പല കാര്യങ്ങളും മിക്ക രാജ്യങ്ങളിലും യാതൊരു അഭിപ്രായ വ്യത്യാസവുമില്ലാതെ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വക്താക്കള്‍തന്നെ ഒന്നടങ്കം നടപ്പാക്കുന്നത് താങ്കളുടെ ശ്രദ്ധയില്‍പെട്ടിരിക്കുമല്ലോ. ഉദാഹരണമായി, ശാഫിഈ മദ്ഹബ് പിന്തുടരുന്ന മലേഷ്യയടക്കമുള്ള ഒട്ടേറെ രാഷ്ട്രങ്ങളിലെ മുഴുവന്‍ പള്ളികളിലും സ്ത്രീകള്‍ക്ക് പ്രവേശനമുണ്ട്. പുരോഗമന സംഘടനകളുടെ ഭാഗമല്ലാതെ തന്നെ അവിടത്തെ മൊത്തം മുസ്‌ലിം സമൂഹം അതംഗീകരിക്കുന്നു. എന്തുകൊണ്ടാണ് ഒരേ മദ്ഹബിനകത്തുതന്നെ വ്യത്യസ്ത നാടുകളില്‍ ഈ വൈരുധ്യമുണ്ടാകുന്നത്?

ഇസ്‌ലാം പ്രചരിച്ച രീതിയുടെയും സാഹചര്യങ്ങളുടെയും വ്യത്യസ്തതയാണിതിന് കാരണം. കേരളത്തിലെ ഇസ്‌ലാം പ്രചാരണത്തിന്റെ ഒരു വഴി യമനില്‍നിന്നുള്ള സയ്യിദ് പണ്ഡിതന്മാരാണ്. പൊതുവെ സയ്യിദ് കുടുംബത്തിലെ സ്ത്രീകള്‍ പൊതുരംഗത്ത് പ്രത്യക്ഷപ്പെടുന്നവരായിരുന്നില്ല. അവര്‍ വീടുകളില്‍ ഒതുങ്ങി ജീവിക്കുന്നവരായിരുന്നു. ആ പാരമ്പര്യമാണ് കേരളത്തില്‍ പ്രചരിച്ചത്. അതിനാല്‍ ഇവിടെയുണ്ടായ പള്ളികളിലോ പൊതു ഇടങ്ങളിലോ സ്ത്രീസാന്നിധ്യമുണ്ടായില്ല.

എന്നാല്‍, മലേഷ്യയടക്കമുള്ള പ്രദേശങ്ങളില്‍ സയ്യിദുമാര്‍  വഴിയല്ല ഇസ്‌ലാം പ്രചരിച്ചത്. അതിനാല്‍ ആ വ്യത്യാസം അവിടെയുണ്ടാവുകയും സ്ത്രീകള്‍ക്ക് പള്ളിയടക്കമുള്ള പൊതു ഇടങ്ങളില്‍ തുടക്കം മുതലേ പ്രവേശം ഉണ്ടാവുകയും ചെയ്തു. മദ്ഹബിനകത്തുള്ള വൈരുധ്യമോ പ്രശ്‌നമോ അല്ലയിത്. സാമൂഹിക രംഗത്തുണ്ടായ വ്യത്യാസവും മറ്റു സാംസ്‌കാരിക സ്വാധീനങ്ങളുമാണിതിന് കാരണം.

 

വീടിനകത്ത് ഒതുങ്ങിക്കൂടിയിരുന്ന കേരളീയ മുസ്‌ലിം സ്ത്രീയവസ്ഥക്ക് മാറ്റംവന്നിരിക്കുന്നു. വിദ്യാഭ്യാസത്തിനും മറ്റു സാമൂഹികാവശ്യങ്ങള്‍ക്കുമായി അവളിന്ന് പുറത്തിറങ്ങുന്നുണ്ട്. ഈ സന്ദര്‍ഭത്തില്‍ ശാഫിഈ മദ്ഹബിനകത്തുനിന്നുകൊണ്ടുതന്നെ അവര്‍ക്ക് പള്ളികളില്‍ നമസ്‌കരിക്കാന്‍ സൗകര്യമൊരുക്കേണ്ടത് പുതിയ കാലത്തിന്റെ അനിവാര്യതയല്ലേ?

അത്തരം സൗകര്യങ്ങള്‍ ഇപ്പോള്‍ ഉണ്ടാകുന്നുണ്ടല്ലോ. പട്ടണങ്ങളിലെ പള്ളികളോട് ചേര്‍ന്നെല്ലാം സ്ത്രീകള്‍ക്ക് നമസ്‌കരിക്കാന്‍ പ്രത്യേക സൗകര്യം ഒരുക്കുന്നുണ്ട്. അത്തരം ബോര്‍ഡുകള്‍ എല്ലായിടത്തും ഇപ്പോള്‍ പതിച്ചിട്ടുമുണ്ട്. കോഴിക്കോട് മര്‍കസ് കോംപ്ലക്‌സിലടക്കം സ്ത്രീകള്‍ക്കിന്ന് നമസ്‌കരിക്കാന്‍ സൗകര്യമുണ്ട്. 

യഥാര്‍ഥത്തില്‍ വളരെ മുമ്പു തന്നെ കേരളത്തില്‍ ഈ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടുമായിരുന്നു. അത് വൈകാന്‍ കാരണം ഇവിടത്തെ മുജാഹിദ് സംഘടനകളുടെ പ്രകോപനപരമായ പ്രബോധന ശൈലിയാണ്. കേരളത്തിലെ മുസ്‌ലിം ഭൂരിപക്ഷത്തിന്റെ ഓരോ വിരലനക്കത്തിലും അവര്‍ ശിര്‍ക്ക് ആരോപിച്ചപ്പോള്‍ മറുവിഭാഗത്തെ അത് പ്രകോപിപ്പിക്കുക സ്വാഭാവികം. അതുകൊണ്ട് മുജാഹിദ് വിഭാഗം ഉന്നയിച്ച വിഷയങ്ങളിലൊന്നായ സ്ത്രീപള്ളിപ്രവേശത്തോടും വിയോജിക്കേണ്ട സാമൂഹിക സമ്മര്‍ദം ഇവിടെയുണ്ടായി. അവര്‍ പറയുന്ന ഒരു വിഷയം പരസ്യമായി ശരിയാണെന്ന് അംഗീകരിച്ചാല്‍ മറ്റുള്ള അതിവാദങ്ങളും അംഗീകരിക്കുന്നതിനു തുല്യമായ സാമൂഹിക സന്ദര്‍ഭമായിരുന്നു ഇവിടെയുണ്ടായിരുന്നത്. അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്ത് അംഗീകരിക്കാത്ത പല സാമൂഹികാന്ധവിശ്വാസങ്ങളിലും സുന്നീ പണ്ഡിതന്മാര്‍ കൈവെക്കാന്‍ വൈകിയതിന് കാരണവും മുജാഹിദുകളുടെ ഈ പ്രകോപന ശൈലിയായിരുന്നു. നേര്‍ച്ചകളോടൊപ്പമുള്ള ആനയെഴുന്നള്ളിപ്പും കരിമരുന്നു പ്രയോഗവും ആഘോഷവുമെല്ലാം ഇതിന് മികച്ച ഉദാഹരണമാണ്. ഇതൊന്നും ഒരിക്കലും അഹ്‌ലുസ്സുന്നത്തിലെ പണ്ഡിതന്മാര്‍ അംഗീകരിച്ചിട്ടില്ല. എല്ലാതരം നേര്‍ച്ചകളെയും ശിര്‍ക്കാക്കി മുദ്രകുത്തുന്ന മുജാഹിദ് പ്രചാരണങ്ങള്‍ ശക്തമായി നടക്കുമ്പോള്‍ അതിന് ഊര്‍ജം ലഭിക്കുമെന്നതുകൊണ്ട് സമസ്തയിലെ പണ്ഡിതന്മാര്‍ക്ക് വേണ്ടവിധം അവ വിലക്കാന്‍ കഴിയാതെ വരികയായിരുന്നു. എന്നിട്ടും നിലപാട് വ്യക്തമാക്കേണ്ടിടത്ത് സമസ്ത അത് പ്രഖ്യാപിച്ചിട്ടുണ്ട്. 1982-ല്‍ മലപ്പുറം ശുഹദാക്കളുടെ നേര്‍ച്ചയുടെ ഭാഗമായുണ്ടായിരുന്ന ആനയെഴുന്നള്ളിപ്പും കരിമരുന്നു പ്രയോഗവുമടക്കമുള്ള ആഘോഷങ്ങള്‍ സമസ്ത പണ്ഡിതന്മാര്‍ ഇടപെട്ടാണ് നിര്‍ത്തിച്ചത്. പലയിടത്തും ഇത്തരം ആഘോഷങ്ങള്‍ നടത്തുന്നത് മഹല്ലുമായി ബന്ധമില്ലാത്ത പ്രാദേശിക കമ്മിറ്റികളും കച്ചവടക്കാരും ഗുണ്ടകളുമൊക്കെയാണ്. അതിനാല്‍ അവിടങ്ങളില്‍ മാറ്റം വരുത്തല്‍ സമസ്തയുടെ പണ്ഡിതന്മാര്‍ മാത്രം വിചാരിച്ചാല്‍ നടക്കുന്ന കാര്യമായിരുന്നില്ല. പക്ഷേ, ഇത്തരം അനാചാരങ്ങളെയൊന്നും അഹ്‌ലുസ്സുന്നത്തിന്റെ പണ്ഡിതന്മാര്‍ ഒരിക്കലും അനുകൂലിക്കുന്നില്ലെന്നതാണ് ശരി.

 

സ്ത്രീപള്ളിപ്രവേശം പോലെയുള്ള ഒരു വിവാദ വിഷയമാണ് മാതൃഭാഷയിലെ ഖുത്വ്ബ. അഹ്‌ലുസ്സുന്നയുടെ ഭാഗമായി ശാഫിഈ മദ്ഹബ് പിന്തുടരുന്ന പല രാജ്യങ്ങളിലും അവിടത്തെ പ്രാദേശിക ഭാഷകളില്‍ ഖുത്വ്ബ നിര്‍വഹിക്കുന്നതിന് താങ്കള്‍ സാക്ഷ്യം വഹിച്ചിരിക്കുമല്ലോ. പുരോഗമനവാദികള്‍ രംഗപ്രവേശം ചെയ്യുന്നതിനു മുമ്പേ കേരളത്തിലും മലയാളത്തില്‍ ഖുത്വ്ബ നടന്നിരുന്നുവെന്നതല്ലേ ചരിത്രം...?

ഖുത്വ്ബ മുഴുവന്‍ മലയാളത്തില്‍ പറഞ്ഞിരുന്നുവെന്നത് ശരിയല്ല. മുന്‍കാല പണ്ഡിതന്മാര്‍ ഒന്നാം ഖുത്വ്ബയില്‍ ചില വിശദീകരണങ്ങള്‍ മലയാളത്തില്‍ പറഞ്ഞിരുന്നുവെന്നതാണ് യാഥാര്‍ഥ്യം. ഈ വിഷയത്തില്‍ അഹ്‌ലുസ്സുന്ന പ്രചരിച്ച നാടുകളില്‍ തന്നെ വൈവിധ്യങ്ങള്‍ കാണാം. അതിന്റെ ഭാഗമായേ കേരളത്തിലേതും കാണേണ്ടതുള്ളൂ. സുന്നി പണ്ഡിതന്മാര്‍ സൂക്ഷ്മതയുടെ ഭാഗമായി കൂടിയാവണം മലയാളത്തില്‍ ഖുത്വ്ബ വിലക്കിയത്. ഖുത്വ്ബ വളരെ പ്രധാനപ്പെട്ട ഇബാദത്തായാണ് അവര്‍ കണ്ടിരുന്നത്. എല്ലാവരും അത് നിര്‍വഹിക്കാന്‍ യോഗ്യരായിക്കൊള്ളണമെന്നില്ല. ചിലരത് ദുരുപയോഗം ചെയ്യും. വിവാദ വിഷയങ്ങള്‍ ഖുത്വ്ബയില്‍ പറയാനത് ഇടയാക്കും. അതൊഴിവാക്കാനുള്ള സൂക്ഷ്മതയുടെ ഭാഗമായിരിക്കാം അത് അറബിയില്‍ തന്നെ നിര്‍വഹിക്കണമെന്ന് അവരാവശ്യപ്പെട്ടത്. മുജാഹിദ് പള്ളികളിലെ ഖുത്വ്ബയിലെ പരാമര്‍ശങ്ങളെ ചൊല്ലി ഇപ്പോഴുണ്ടാകുന്ന തര്‍ക്കങ്ങള്‍ അത് ശരിവെക്കുന്നുണ്ട്.

ഒരു ഖത്വീബ് സമര്‍ഥനാണെങ്കില്‍ ഖുത്വ്ബയും നമസ്‌കാരവും കഴിഞ്ഞ് ഇരുപത് മിനിറ്റ് മലയാളത്തില്‍ സംസാരിച്ചാല്‍ മുഴുവന്‍ വിശ്വാസികളുമത് കേള്‍ക്കും. ഞാന്‍ സ്ഥിരമായി ഇത്തരം പ്രഭാഷണം ഖുത്വ്ബക്കു ശേഷം നിര്‍വഹിച്ചിരുന്നു. ആരും എഴുന്നേറ്റുപോവാതെ അത് കേള്‍ക്കാറുണ്ടായിരുന്നു. അപ്പോള്‍ ലക്ഷ്യം ഉപദേശമാണെങ്കില്‍ മിമ്പറിന് മുകളില്‍നിന്നുതന്നെ മലയാളത്തില്‍ പ്രസംഗിക്കണമെന്ന് വാശിപിടിക്കേണ്ട ആവശ്യമൊന്നുമില്ല.

മിമ്പറില്‍ വെച്ച് മലയാളത്തില്‍ പല തവണ ഖുത്വ്ബ നിര്‍വഹിക്കേണ്ടിവന്ന വ്യക്തി കൂടിയായ എന്റെ അനുഭവവും അത് ശരിവെക്കുന്നതാണ്. കൊച്ചിയില്‍ എടവനക്കാടിനടുത്ത ഒരു പള്ളിയിലാണ് ഞാന്‍ മലയാളത്തില്‍ ഖുത്വ്ബ നിര്‍വഹിച്ചത്. ജമാഅത്തെ ഇസ്‌ലാമിക്കാര്‍ സ്ഥാപിച്ച പള്ളിയായിരുന്നു അത്. പള്ളി കമ്മിറ്റിയും നാട്ടുകാരും തര്‍ക്കമുണ്ടായപ്പോള്‍ വഖ്ഫ് ബോര്‍ഡ് പ്രശ്‌നത്തില്‍ ഇടപെട്ടു. ഒടുവില്‍ പ്രദേശത്ത് വോട്ടിംഗ് നടത്തി ഭൂരിപക്ഷം ലഭിച്ച സുന്നികള്‍ക്ക് പള്ളി കൈമാറി. പക്ഷേ, നിലവില്‍ പള്ളിയിലുണ്ടായിരുന്ന മലയാള ഖുത്വ്ബയും മറ്റും തുടര്‍ന്നു പോവണമെന്ന് മറുപക്ഷം കോടതിയില്‍നിന്ന് ഉത്തരവ് വാങ്ങി. അതോടെ ഖുത്വ്ബ മലയാളത്തില്‍ പറയാന്‍ പുതിയ കമ്മിറ്റി നിര്‍ബന്ധിതരായി. സ്വാഭാവികമായും സുന്നി മുസ്‌ലിയാക്കന്മാരെല്ലാം അതിന് മടി കാണിച്ചപ്പോള്‍ ഞാനത് ഏറ്റെടുത്തു. മലയാളത്തില്‍ ആദ്യം ഖുത്വ്ബ നടത്തി തുടര്‍ന്ന് അതിന്റെ ഭാഗമായിതന്നെ അറബിയിലും ഖുത്വ്ബ പറയുന്ന ശൈലിയാണ് ഞാന്‍ തുടര്‍ന്നത്. മാസങ്ങള്‍ പിന്നിട്ടപ്പോള്‍ അറബിയില്‍ ഖുത്വ്ബ പറഞ്ഞ് നമസ്‌കാരത്തിനു ശേഷം മലയാളത്തില്‍ സംസാരിക്കുന്ന രീതി എല്ലാവരുടെയും പിന്തുണയോടെ തന്നെ തുടങ്ങുകയായിരുന്നു.

 

സുന്നിലോകത്തു തന്നെ വൈവിധ്യങ്ങളുണ്ടെന്ന് താങ്കള്‍ സൂചിപ്പിച്ചു. ഏതാണവ?

വ്യത്യസ്തമായ നാല് മദ്ഹബുകള്‍ അംഗീകരിക്കുന്നവരാണ് അഹ്‌ലുസ്സുന്ന. പല വിഷയങ്ങളിലും ഈ നാല് മദ്ഹബുകളും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ കാണാം. ആ അഭിപ്രായ വ്യത്യാസങ്ങളെയാണ് വൈവിധ്യങ്ങള്‍ എന്ന് പറഞ്ഞത്. അതെല്ലാം സുന്നി ലോകം അംഗീകരിക്കുന്നു. ശാഫിഈ മദ്ഹബില്‍ സ്വുബ്ഹ് നമസ്‌കാരത്തിലെ ഖുനൂത്ത് സുന്നത്താണ്. എന്നാല്‍ ഹനഫീ മദ്ഹബില്‍ ഖുനൂത്തില്ല. ഇത് രണ്ടും അഹ്‌ലുസ്സുന്നയാണ്. ശാഫിഈയാണെങ്കില്‍ ഓതിക്കോട്ടെ , ഹനഫിയാണെങ്കില്‍ ഓതണ്ട എന്നാണ് നിലപാട്. ഇങ്ങനെ കര്‍മശാസ്ത്ര വിഷയങ്ങളില്‍ വിശാലതയുള്ളവരാണ് അഹ്‌ലുസ്സുന്നഃ. സലഫികളാണ് ഇത്തരം വിഷയങ്ങളിലൊക്കെ ഒരേയൊരു അഭിപ്രായം മാത്രം ശരിയെന്ന് വാദിച്ച് ദീനിനെ കൂടുതല്‍ കര്‍ക്കശവും കുടുസ്സുമാക്കിയത്. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത, അവനവന്‍ മാത്രം ശരിയെന്ന വാദക്കാരാണവര്‍. നമസ്‌കാരത്തില്‍ കൈ പ്രത്യേക സ്ഥലത്തു മാത്രമേ കെട്ടാവൂ എന്നായിരുന്നുവല്ലോ അവര്‍ കേരളത്തില്‍ ഉന്നയിച്ച വാദങ്ങളിലൊന്ന്. യഥാര്‍ഥത്തില്‍ അഹ്‌ലുസ്സുന്നയുടെ ഭാഗമായ മാലികീ മദ്ഹബില്‍ കൈ കെട്ടണമെന്നു തന്നെയില്ല. മക്കയിലെ ഹറമില്‍ നമസ്‌കാരം നിര്‍വഹിക്കുന്നവരെ നോക്കിയാല്‍ ഈ വൈവിധ്യത്തിന്റെ സൗന്ദര്യം കാണാം. പക്ഷേ, സലഫികള്‍ക്ക് ആ വെവിധ്യം ഉള്‍ക്കൊള്ളാനുള്ള വിശാലതയില്ല എന്നു മാത്രം.

സ്ത്രീധനമടക്കമുള്ള സാമൂഹികാനാചാരങ്ങള്‍ക്കെതിരെയും വിദ്യാഭ്യാസമുള്‍പ്പെടെയുള്ള സ്ത്രീയവകാശങ്ങള്‍ക്കു വേണ്ടിയും തൂലിക ചലിപ്പിച്ച എഴുത്തുകാരന്‍ കൂടിയാണ് താങ്കള്‍. സ്ത്രീധനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനുള്ള പ്രചോദനമെന്തായിരുന്നു?

ദര്‍സില്‍ പഠിക്കുന്ന കാലത്തുതന്നെ പള്ളികളില്‍ പിരിവിന് വരുന്നവരെ കാണാറുണ്ടായിരുന്നു. അവരില്‍ മിക്കവരുടെയും ആവശ്യം സ്ത്രീധനത്തിനുള്ള തുക കണ്ടെത്തലായിരുന്നു. അവരുടെ ദൈന്യത കാണുമ്പോള്‍ ഇത് ഇസ്‌ലാമുമായി ഒത്തുപോകാന്‍ സാധ്യതയുള്ള ആചാരമല്ല എന്ന തോന്നല്‍ അന്നേ ഉണ്ടായിരുന്നു. വിവാഹം ലളിതമാണ് എന്ന അടിസ്ഥാന ഇസ്‌ലാമിക പാഠത്തിന് എതിരാണല്ലോ സ്ത്രീധനമെന്ന അനാചാരം. തെണ്ടിയും പിരിവ് നടത്തിയും കഷ്ടപ്പെട്ട് കാശുണ്ടാക്കി പെണ്‍കുട്ടികളെ കെട്ടിക്കേണ്ട ഗതികേടിന് ആരു ഉത്തരവാദിയായാലും ഇസ്‌ലാമില്‍ അതിന് ന്യായീകരണമില്ലെന്ന് മനസ്സിലാക്കിയതോടെ അതിനെതിരെ ശബ്ദിച്ചുതുടങ്ങി. പ്രഭാഷണങ്ങളിലാണ് ഇത്തരം പരാമര്‍ശങ്ങള്‍ ആദ്യമുന്നയിച്ചത്. പിന്നീട് പണ്ഡിതന്മാരോട് ഈ വിഷയം പങ്കുവെച്ചു. അവരുമതിനെതിരെ ബോധവത്കരണം നടത്തണം എന്നു പറഞ്ഞതോടെ ലഭ്യമായ വേദികളിലെല്ലാം ശക്തമായി വിഷയം ഉന്നയിച്ചുതുടങ്ങി. 

തിരൂരങ്ങാടിയില്‍ രണ്ടു ദിവസം ഈ വിഷയത്തില്‍ മാത്രം പ്രഭാഷണം നടത്തിയിരുന്നു. പിന്നീട് 1994-ല്‍ അല്‍ ഇര്‍ഫാദ് മാസികയില്‍ 'സ്പന്ദിക്കുന്ന ഹൃദയമുണ്ടോ നിങ്ങള്‍ക്ക്' എന്ന തലക്കെട്ടില്‍ ലേഖനമെഴുതി. അത് സുന്നിസമൂഹത്തില്‍ വലിയ ചര്‍ച്ചയായി. പ്രതികരിച്ച ഭൂരിപക്ഷവും ലേഖനത്തിന് അനുകൂലമായ നിലപാടാണ് എടുത്തത്. അതോടെ ആ വിഷയത്തില്‍ പൂങ്കാവനം മാസികയില്‍ ലേഖന പരമ്പര എഴുതി. പ്രമുഖ പണ്ഡിതന്മാര്‍ പ്രതികരിച്ചുതുടങ്ങി. അത് പല ചെറുപ്പക്കാര്‍ക്കിടയിലും മാറ്റങ്ങള്‍ വരുത്തി. പ്രത്യേകിച്ച് ഗള്‍ഫുകാര്‍ക്കിടയില്‍. അവരതൊരു കാമ്പയിനായി ഏറ്റെടുത്തു. പ്രചാരണങ്ങളും പ്രഭാഷണങ്ങളും സംഘടിപ്പിച്ചു. അതോടെ ചില ചെറുപ്പക്കാരെല്ലാം സ്ത്രീധന രഹിത വിവാഹത്തിന് മുന്നോട്ടുവന്നു. പലരുടെയും മാതാപിതാക്കള്‍ ഈ മാറ്റത്തെ അംഗീകരിച്ചില്ല. അപ്പോള്‍ ആ ചെറുപ്പക്കാര്‍ എന്നെ വിളിച്ച് അവരുടെ മാതാപിതാക്കളോട് നേരിട്ട് സംസാരിക്കാന്‍ പറഞ്ഞു. അങ്ങനെ ഒരുപാട് സംഭവങ്ങള്‍ക്ക് അക്കാലം സാക്ഷ്യം വഹിച്ചിട്ടുണ്ട്. 

കേരളീയ സമൂഹത്തിലൊന്നടങ്കം ഈ വിഷയത്തിലൊരു മാറ്റം വരുത്താന്‍ അതുകൊണ്ടായില്ലെന്നത് യാഥാര്‍ഥ്യമാണ്. പക്ഷേ, ചില ആദര്‍ശ യൗവനങ്ങള്‍ സുന്നിസമൂഹത്തിലും അതുവഴി ഉണ്ടായി എന്നത് നേരനുഭവമാണ്. അതുപോലെ സ്ത്രീധനത്തെ ഹദീസും മറ്റും ഉദ്ധരിച്ച് ന്യായീകരിക്കുന്ന അവസ്ഥയും ഈ കാമ്പയിനോടെ ഏറക്കുറെ ഇല്ലാതായി. സ്ത്രീധനക്കണക്ക് പരസ്യമായി പറഞ്ഞ് പള്ളിയില്‍ വെച്ച് കമീഷന്‍ വാങ്ങുന്ന അവസ്ഥക്കും മാറ്റങ്ങള്‍ വന്നു. ഈ സന്ദേശമെത്താത്ത ഒറ്റപ്പെട്ട കുഗ്രാമങ്ങളില്‍ മാത്രമേ ഇങ്ങനെ സ്ത്രീധനത്തിന്റെ കണക്കും കമീഷനും പരസ്യമായി പറയുന്ന മഹല്ലുകള്‍ ഇന്നുള്ളൂ. സ്ത്രീധനം വാങ്ങുന്നവരും ഇസ്‌ലാമികമായി അതിനെ ന്യായീകരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങളിപ്പോള്‍ എത്തിയിട്ടുണ്ട്.

 

സ്ത്രീവിദ്യാഭ്യാസത്തിനു വേണ്ടി സുന്നിസമൂഹത്തിനകത്തുണ്ടായ മൂവ്‌മെന്റിന്റെ മുന്നിലും താങ്കളുണ്ടായിരുന്നു.

1999-നു ശേഷം പ്ലസ്ടു വ്യാപകമായതോടെ മുസ്‌ലിം പെണ്‍കുട്ടികളില്‍ ഭൂരിപക്ഷവും ആ പഠനവും തുടര്‍ന്നു. അതുവരെ പത്താം ക്ലാസ്സോടെ മിക്കവരും പഠനം അവസാനിപ്പിക്കുകയും വിവാഹിതരാവുകയും ചെയ്യുന്നതായിരുന്നു പതിവ്. 18 വയസ്സെന്ന വിവാഹപ്രായ നിയമം കര്‍ശനമായതും ഈ പഠനങ്ങള്‍ക്ക് മറ്റൊരു കാരണമായിരുന്നു. പ്ലസ്ടു തുടങ്ങിയ ആദ്യകാലത്ത് സ്‌കൂളുകളില്‍ വേണ്ടത്ര സീറ്റുകളില്ലാത്തതിനാല്‍ മുസ്‌ലിം പെണ്‍കുട്ടികളില്‍ ഭൂരിപക്ഷവും പാരലല്‍ കോളേജുകളെയായിരുന്നു ആശ്രയിച്ചത്. ആ സ്ഥാപനങ്ങളില്‍ മിക്കതിനും പ്രത്യേക നിയമമോ വ്യവസ്ഥയോ മികച്ച അച്ചടക്ക സംവിധാനമോ ഉണ്ടായിരുന്നില്ല. സമുദായത്തിലെ പെണ്‍കുട്ടികളില്‍ തെറ്റായ സംസ്‌കാരങ്ങള്‍ പ്രചരിക്കാന്‍ ഇത് കാരണമായി. ഇതിന് അറുതിവരുത്തണമെങ്കില്‍ മത സംഘടനകള്‍ക്ക് കീഴില്‍ പത്താം ക്ലാസ്സിനു ശേഷം പെണ്‍കുട്ടികള്‍ക്ക് പഠന സൗകര്യമുള്ള സ്ഥാപനങ്ങളുണ്ടാവണമെന്ന ചിന്ത പലര്‍ക്കുമുണ്ടായി. വേങ്ങരയില്‍ ഞാന്‍ മുന്‍കൈയെടുത്ത് റയ്യാന്‍ വനിതാ കോളേജ് തുടങ്ങുന്നത് അക്കാലത്താണ്. അത് പിന്നീടൊരു വലിയ മൂവ്‌മെന്റായി മാറി. ഒട്ടേറെ വനിതാ കോളേജുകള്‍ സുന്നികളുടേതായി ഉയര്‍ന്നുവന്നു. ഇന്ന് മര്‍കസിനകത്ത് ഇന്റര്‍നാഷ്‌നല്‍ സ്റ്റാന്‍ഡേര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന വനിതാ സ്ഥാപനങ്ങളുണ്ട്. കിതാബോതുന്ന പെണ്‍കുട്ടികള്‍വരെ ഉണ്ടായിത്തുടങ്ങിയിരിക്കുന്നു. 

എന്റെ ഉമ്മ ഓത്തുപള്ളിയില്‍ ഖുര്‍ആന്‍ പഠിപ്പിച്ചിരുന്ന ഉസ്താദ് ആയിരുന്നു. ഈ ചേറൂര്‍ പ്രദേശത്തെ പ്രായമായ ആണുങ്ങളും പെണ്ണുങ്ങളുമെല്ലാം ഉമ്മ ഓത്തു പഠിപ്പിച്ചവരാണ്. സ്ത്രീകളുടെ മതവിദ്യാഭ്യാസത്തിന്റെ ആ പാരമ്പര്യം തന്നെയാണ് ഈ വനിതാ കോളേജുകളിലൂടെ ഇപ്പോള്‍ പെണ്‍കുട്ടികള്‍ തിരിച്ചുപിടിച്ചിരിക്കുന്നത്.

 

സുന്നിസമൂഹത്തിന്റെ തന്നെ ഭാഗമായി അതിന്റെയകത്ത് പ്രവര്‍ത്തിക്കുന്ന പണ്ഡിതനാണ് താങ്കള്‍. മുജാഹിദ്-ജമാഅത്ത് പ്രസ്ഥാനങ്ങള്‍ സാമൂഹികാനാചാരങ്ങള്‍ക്കെതിരെ ശബ്ദിക്കുമ്പോള്‍ ലഭിക്കാത്ത ശ്രദ്ധ താങ്കള്‍ക്കും മറ്റു സുന്നിപണ്ഡിതന്മാര്‍ക്കും ലഭിക്കും. ആ അര്‍ഥത്തില്‍ കേരളീയ മുസ്‌ലിം സമൂഹത്തിനകത്ത് ഇനിയുമുണ്ടാവേണ്ട ബോധവത്കരണങ്ങള്‍ എന്തൊക്കെയാണ്?

സ്ത്രീധനമടക്കമുള്ള സാമൂഹികാനാചാരങ്ങള്‍ക്കും ജനങ്ങളെ ദുരിതത്തിലും സാമ്പത്തിക പ്രയാസത്തിലുമാക്കുന്ന മാമൂലുകള്‍ക്കും നാട്ടാചാരങ്ങള്‍ക്കുമെതിരെ ശക്തമായ ബോധവത്കരണം ഇനിയും ഉയര്‍ന്നുവരേണ്ടതുണ്ട്. സാമ്പത്തിക അച്ചടക്കമാണ് മുസ്‌ലിം സമൂഹം ഒന്നടങ്കം പഠിക്കേണ്ട മറ്റൊരു വിഷയം. നമ്മുടെ വലിയൊരു ചെറുപ്പം ഗള്‍ഫിലാണ്. ദുരിതമയമാണവരുടെ ജീവിതം. കൂടെ കുടുംബവും കുട്ടികളുമില്ല. കഷ്ടപ്പെട്ടാണവര്‍ പണമുണ്ടാക്കുന്നത്. എന്നിട്ടാ പണം നാട്ടില്‍ ചെലവഴിക്കുന്നതെങ്ങനെയാണ്? കല്യാണത്തിനും അനുബന്ധ മാമൂലുകള്‍ക്കുമാണ് അതില്‍ മുക്കാല്‍ പങ്കും വിനിയോഗിക്കുന്നത്. മുടി കളയല്‍, കുടിയൊരുക്കല്‍, അഖീഖയറുക്കല്‍ ഇങ്ങനെ അത്യാവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് കടം വാങ്ങി കാശ് അയക്കുന്നവരാണ് പ്രവാസികളിലധികവും. ഇതെല്ലാം പണമുള്ളവര്‍ ചെയ്യേണ്ട കാര്യമാണ്. 

വീടു നിര്‍മാണരംഗത്തെ ആഡംബരവും ഇതിനോട് ചേര്‍ത്തു പറയേണ്ടതാണ്. ഞാന്‍ സന്ദര്‍ശിച്ച ഒരു രാജ്യത്തും വിയര്‍പ്പൊഴുക്കി അധ്വാനിച്ച പണം ഇങ്ങനെ അത്യാവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് ചെലവഴിക്കുന്നത് കണ്ടിട്ടില്ല. കുടുംബത്തിന്റെ നിത്യ ചെലവിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമൊക്കെ അധ്വാനത്തിന്റെ 25 ശതമാനം പണമേ പ്രവാസികള്‍ ചെലവഴിക്കുന്നുള്ളൂ. അതാവട്ടെ നാട്ടില്‍തന്നെ പണിയെടുത്താല്‍ ഉണ്ടാക്കാവുന്നതുമാണ്. അതുകൊണ്ട് സാമ്പത്തിക അച്ചടക്കം നാം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. എല്ലാവരും ഒരുമിച്ച് ബോധവത്കരണം നടത്തേണ്ട വിഷയമാണിത്. ആഡംബരത്തിനും ധൂര്‍ത്തിനുമെതിരെ മുസ്‌ലിം ലീഗ് കാമ്പയിന്‍ ഈ രംഗത്ത് മാതൃകാപരമായിരുന്നു. കെ.പി.എ മജീദ് ആവശ്യപ്പെട്ട പലയിടത്തും ആ കാമ്പയിനില്‍ ഞാന്‍ സംസാരിച്ചിരുന്നു. പക്ഷേ, പിന്നീട് അതിന് തുടര്‍ച്ചയുണ്ടായില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലക്ക് ലീഗിന് ആ വിധത്തിലത് മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്നതാണ് യാഥാര്‍ഥ്യം. മുസ്‌ലിം മത സംഘടനകള്‍ക്ക് അത്തരം കാമ്പയിനുകള്‍ക്ക് തുടര്‍ച്ചയുണ്ടാക്കാന്‍ സാധിക്കണം. അപ്പോഴേ ഈ രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാകൂ. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ /27-28
എ.വൈ.ആര്‍