Prabodhanm Weekly

Pages

Search

2016 മെയ് 20

2952

1437 ശഅ്ബാന്‍ 13

നീതിനിഷേധത്തിന്റെ ഭയാനക മുഖം

ദല്‍ഹി നാഷ്‌നല്‍ ലോ യൂനിവേഴ്‌സിറ്റിയിലെ ഒരു സംഘം ഗവേഷകര്‍ എതാനും ദിവസങ്ങള്‍ക്കു മുമ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ ഏറെ അസ്വസ്ഥപ്പെടുത്തുന്നതാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വധശിക്ഷ കാത്ത് കഴിയുന്ന തടവുകാരില്‍ ഭൂരിഭാഗവും സാമൂഹികമായും സാമ്പത്തികമായും അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങളില്‍നിന്നുള്ളവരാണ് എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഇത്തരം തടവുകാരില്‍ എണ്‍പത് ശതമാനവും ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയിട്ടില്ല. അവരില്‍ ഏതാണ്ട് പകുതിയോളം പേരെങ്കിലും പതിനെട്ട് വയസ്സിനു മുമ്പ് ഉപജീവനത്തിനായി അധ്വാനിക്കാന്‍ തുടങ്ങിയവരാണ്. വധശിക്ഷക്ക് വിധിക്കപ്പെട്ടവരില്‍ 24.5 ശതമാനം ദലിതരും ആദിവാസികളുമാണ്; 20 ശതമാനം മതന്യൂനപക്ഷങ്ങളും. തടവുകാരുമായി നേരില്‍ സംസാരിച്ച് തയാറാക്കിയ റിപ്പോര്‍ട്ടായതിനാല്‍ ഇതിന്റെ ആധികാരികത ചോദ്യം ചെയ്യാന്‍ ഔദ്യോഗിക ഏജന്‍സികളൊന്നും ഇതേവരെ മുന്നോട്ടുവന്നിട്ടില്ല. രാജ്യത്ത് വന്‍കുറ്റ കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരിലധികവും ദലിതുകളോ ന്യൂനപക്ഷങ്ങളോ ആണെന്നാണല്ലോ ഇത് കേട്ടാല്‍ തോന്നുക. എന്താണ് യാഥാര്‍ഥ്യം? അധികാരികളും സവര്‍ണ വിഭാഗങ്ങളും നടത്തുന്ന അതിക്രമങ്ങളുടെ ഇരകളല്ലേ ഈ രണ്ട് വിഭാഗങ്ങളും? പിന്നെ എന്തുകൊണ്ടാണ് കൊടും ക്രിമിനലുകളില്‍ ഭൂരിഭാഗവും അവരാണെന്ന് കണക്കുകള്‍ നമ്മോട് പറയുന്നത്?

സുപ്രീം കോടതി ജഡ്ജി മദന്‍ ബി ലോക്കുര്‍ ചൂണ്ടിക്കാട്ടിയതു പോലെ, നമ്മുടെ ക്രിമിനല്‍ നീതിന്യായ സംവിധാനത്തിന്റെ വലിയ തകരാറുകളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ഇരകള്‍ ക്രിമിനലുകളാക്കപ്പെടുകയാണ് പലപ്പോഴും ഈ നിയമസംവിധാനത്തില്‍. ദലിതുകളും ആദിവാസികളും മുസ്‌ലിംകളും വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഏറെ പിന്നാക്കം നില്‍ക്കുന്നവരാണ്. അവരെ കള്ളക്കേസുകളില്‍ കുടുക്കി അഴികള്‍ക്കകത്താക്കാന്‍ എളുപ്പമാണ്. എന്തു ഭീകരക്കുറ്റങ്ങളും അവര്‍ക്കെതിരെ ചാര്‍ത്തുകയും ചെയ്യാം. നിത്യവൃത്തിക്ക് തന്നെ കഷ്ടപ്പെടുന്നവരായതിനാല്‍ അവരുടെ കുടുംബങ്ങള്‍ക്ക് നല്ല അഭിഭാഷകരെ വെച്ച് കേസ് വാദിക്കാനോ മറ്റു നിയമ സഹായങ്ങള്‍ ലഭ്യമാക്കാനോ കഴിയാറില്ല. അതിനാല്‍ ചാര്‍ത്തപ്പെട്ട കുറ്റങ്ങള്‍ തെളിവുകളില്ലെങ്കിലും അവരുടെ തലയില്‍ തന്നെ കിടക്കും, ചോദ്യം ചെയ്യപ്പെടാതെ. കുറ്റവാളികള്‍ പണവും സ്വാധീനവുമുള്ളവരാണെങ്കില്‍ നിയമത്തിന്റെ അസംഖ്യം പഴുതുകളിലൂടെ അവര്‍ ഊരിച്ചാടി രക്ഷപ്പെടുകയും ചെയ്യും. ഭൂരിപക്ഷം 'കൊടും കുറ്റവാളികള്‍' ദലിതുകളും ന്യൂനപക്ഷങ്ങളും ആയിപ്പോകുന്നത് അങ്ങനെയാണ്.

മഹാരാഷ്ട്രയിലെ മാലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതികളാക്കപ്പെട്ട എട്ട് മുസ്‌ലിം ചെറുപ്പക്കാരെയും ഈയിടെ പ്രത്യേക കോടതി വെറുതെ വിട്ടത് ഇതോട് ചേര്‍ത്തുവായിക്കണം. 2006 സെപ്റ്റംബര്‍ എട്ടിനായിരുന്നു മുപ്പത്തേഴു പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനം. ഇത്തരം സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ സംഘ്പരിവാര്‍ ശക്തികളാണെന്ന് സ്വാമി അസിമാനന്ദയുടെ കുറ്റസമ്മതത്തില്‍നിന്ന് വ്യക്തമായതോടെ, 2011-ല്‍ ഈ ചെറുപ്പക്കാര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ഇതുപോലെ ചെയ്യാത്ത കുറ്റത്തിന് അഴിയെണ്ണി കഴിയുന്നവര്‍ ധാരാളമുണ്ട്. കണക്കുകള്‍ മതവും ജാതിയും തിരിച്ചു കിട്ടിയാലേ വിവേചനത്തിന്റെ ആഴം മനസ്സിലാവൂ. എന്തുകൊണ്ട് ചില പ്രത്യേക വിഭാഗങ്ങള്‍ കൂടുതലായി ജയിലുകളില്‍ അടക്കപ്പെടുന്നു എന്ന് അപ്പോള്‍ ബോധ്യമാവും. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇന്ത്യന്‍ ജയിലുകളില്‍ മുസ്‌ലിംകളുടെ എണ്ണമെത്ര എന്ന ചോദ്യം ഉന്നയിക്കപ്പെട്ടിരുന്നു. ഇതിന് ആഭ്യന്തര സഹമന്ത്രി ഹരിഭായ് ചൗധരി, നാഷ്‌നല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയെ ഉദ്ധരിച്ച് നല്‍കിയ മറുപടിയില്‍, 2014 അവസാനത്തിലെ കണക്ക് പ്രകാരം മുസ്‌ലിം തടവുകാരുടെ എണ്ണം 82190 എന്ന് വ്യക്തമാക്കിയിരുന്നു. ഇവരില്‍ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവര്‍ 21,550. വിചാരണത്തടവുകാര്‍ 59,550. കരുതല്‍ തടങ്കലിലുള്ളവര്‍ 658. മറ്റുള്ളവര്‍ 432.

ഇന്ത്യയില്‍ മൊത്തം തടവുകാര്‍ 4.18 ലക്ഷമാണ്. കുറ്റം ചെയ്തതിന് ശിക്ഷിക്കപ്പെട്ടവരുടെ കണക്കെടുത്താല്‍ മുസ്‌ലിംകളുടെ അനുപാതം 16.38 ശതമാനമാണെങ്കില്‍, വിചാരണത്തടവുകാരുടെ അനുപാതം 21.05 ശതമാനമായി ഉയരുന്നു. മൊത്തം തടവുകാരില്‍ 26.4 ശതമാനം മുസ്‌ലിംകളാണ്. മുസ്‌ലിം ജനസംഖ്യയാകട്ടെ കേവലം 14.2 ശതമാനവും. ബാക്കി അറുപത് ശതമാനത്തിലധികം തടവുകാര്‍ മറ്റു പിന്നാക്ക വിഭാഗങ്ങളില്‍നിന്നും ദലിതുകളില്‍നിന്നുമുള്ളവര്‍. രാജ്യത്ത് നിത്യേന നടക്കുന്ന വന്‍ കുറ്റകൃത്യങ്ങളില്‍ ഈ വിഭാഗങ്ങളില്‍നിന്നുള്ളവരെ അപൂര്‍വമായേ നാം കാണാറുള്ളൂ. പക്ഷേ, ജയിലായ ജയിലുകളൊക്കെ നിറച്ചിരിക്കുന്നത് ഈ വിഭാഗങ്ങളില്‍നിന്നുള്ളവരെക്കൊണ്ടും. മുസ്‌ലിം ജനസംഖ്യ ഉയരുന്നു എന്ന സംഘ്ഭാഷ്യം ഏറ്റുപിടിച്ച് സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് വഴിമരുന്നിടുന്ന മാധ്യമങ്ങള്‍ ഈ ഭയാനകമായ സ്ഥിതിവിശേഷത്തെ വിശകലനം ചെയ്യാന്‍ മുതിരുന്നില്ല. വിചാരണത്തടവുകാരില്‍ ഇരുപത്തിയൊന്ന് ശതമാനത്തിലധികം മുസ്‌ലിംകളാണെന്നത് പച്ചയായ ചില സത്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്നില്ലേ? കള്ളക്കേസുകളില്‍ മുസ്‌ലിംകള്‍ ധാരാളമായി പ്രതിചേര്‍ക്കപ്പെടുന്നതുകൊണ്ടാണ് ഇത്രയധികം വിചാരണത്തടവുകാര്‍ ഉണ്ടാവുന്നത്. മാലേഗാവ് കേസിലേതു പോലെ അപൂര്‍വം ചിലരേ കുറ്റവിമുക്തരായി പുറത്തുവരുന്നുള്ളൂ. ബാക്കിയുള്ളവരുടെ നിരപരാധിത്വം തെളിയിക്കപ്പെടാന്‍ ഇനിയുമെത്ര കാലം അവര്‍ ജയിലുകളില്‍ നരകിക്കേണ്ടിവരും?

ഇതേക്കുറിച്ച് വിശദമായി പഠിക്കാനും ദലിത്, ആദിവാസി, മുസ്‌ലിം വിഭാഗങ്ങള്‍ക്ക് നീതി ലഭ്യമാക്കാനും ജനക്ഷേമത്തിലും സാമൂഹിക നീതിയിലും വിശ്വാസമുള്ള എല്ലാവരും ഒന്നിക്കേണ്ട സന്ദര്‍ഭമാണിത്. പോട്ട, ടാഡ തുടങ്ങിയ കരിനിയമങ്ങള്‍ എടുത്തുകളയുകയാണ് ആദ്യം വേണ്ടത്. ഇത്തരം നിയമങ്ങള്‍ ചുട്ടെടുക്കുമ്പോള്‍ കണ്ണും പൂട്ടിയിരുന്നവര്‍, തങ്ങളുടെ നേതാക്കള്‍ക്കെതിരെ അവ പ്രയോഗിക്കപ്പെട്ടപ്പോള്‍ മാത്രമാണ് അതിലെ മനുഷ്യത്വരാഹിത്യവും അനീതിയും തിരിച്ചറിഞ്ഞത്. വൈകിയാണെങ്കിലും അത്തരമൊരു തിരിച്ചറിവും നല്ലതുതന്നെ. കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടും ഇത്തരം കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ കൂട്ടായ്മകള്‍ ഇനിയും ഉയര്‍ന്നുവന്നിട്ടില്ല. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ /27-28
എ.വൈ.ആര്‍