കൂടിയാലോചനയും സംഘടനാ ഭദ്രതയും
മുഹമ്മദ് നബി (സ) അല്ലാഹുവിന്റെ അന്ത്യദൂതനാണ്. സൃഷ്ടികളില്‍ ശ്രേഷ്ഠന്‍. അല്ലാഹുവിന്റെ മേല്‍നോട്ടവും സംരക്ഷണവും പ്രവാചകനുണ്ട്. അനിവാര്യഘട്ടങ്ങളിലെല്ലാം ദിവ്യബോധനം ലഭിക്കുന്നു. അബദ്ധം സംഭവിച്ചാല്‍ അല്ലാഹു തന്നെ തിരുത്തുന്നു. എന്നിട്ടും അല്ലാഹു അദ്ദേഹത്തോട് അനുയായികളുമായി കൂടിയാലോചിക്കാന്‍ കല്‍പ്പിക്കുന്നു:
'അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണ് നീ അവരോട് സൗമ്യനായത്. നീ പരുഷപ്രകൃതനും കഠിനമനസ്‌കനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റുനിന്നും അവരൊക്കെ പിന്തിരിഞ്ഞു പോകുമായിരുന്നു. അതിനാല്‍ നീ അവര്‍ക്ക് മാപ്പേകുക. അവരുടെ പാപമോചനത്തിനായി പ്രാര്‍ഥിക്കുക. കാര്യങ്ങള്‍ അവരുമായി കൂടിയാലോചിക്കുക. അങ്ങനെ നീ തീരുമാനമെടുത്തു കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുക. തീര്‍ച്ചയായും അല്ലാഹു തന്നില്‍ ഭരമേല്‍പ്പിക്കുന്നവരെ ഇഷ്ടപ്പെടുന്നു' (ഖുര്‍ആന്‍ 3:159). ഈ സൂക്തം വിശദീകരിച്ച് ശഹീദ് സയ്യിദ് ഖുത്വുബ് എഴുതുന്നു: 'ഇത് ഖണ്ഡിതമായ കല്‍പനയാണ്. ഇതിലൂടെ ഖുര്‍ആന്‍ കൂടിയാലോചനയെ ഇസ്‌ലാമിക വ്യവസ്ഥയുടെ അടിസ്ഥാനമായി നിശ്ചയിക്കുന്നു. അതിന്റെ അഭാവത്തില്‍ ഇസ്‌ലാമിക വ്യവസ്ഥ നിലനില്‍ക്കുകയില്ലെന്ന് സംശയരഹിതമായി വ്യക്തമാക്കുന്നു.'
അല്ലാഹുവില്‍നിന്ന് കല്‍പനയോ നിര്‍ദേശമോ ലഭിക്കാത്ത എല്ലാ പ്രധാന പ്രശ്‌നങ്ങളിലും നബി (സ) തന്റെ അുയായികളുമായി കൂടിയാലോചിക്കാറുണ്ടായിരുന്നു. ബദ്ര്‍ യുദ്ധവേളയില്‍ ഖുറൈശി സൈന്യത്തെ നേരിടണോ വേണ്ടയോ എന്ന് ആദ്യം മുഹാജിറുകളോടും പിന്നീട് അന്‍സ്വാറുകളോടും കൂടിയാലോചിച്ചു. മുഹാജിറുകള്‍ പറഞ്ഞു: 'അല്ലാഹുവിന്റെ കല്‍പനപ്രകാരം അങ്ങ് എന്തുതന്നെ തീരുമാനിച്ചാലും ഞങ്ങള്‍ കൂടെയുണ്ടാകും. മൂസാ നബിയോട് ഇസ്രാഈല്‍ സന്തതികള്‍ പറഞ്ഞപോലെ 'നീയും നിന്റെ ദൈവവും പോയി യുദ്ധം ചെയ്യുക' എന്ന് ഞങ്ങളൊരിക്കലും പറയുകയില്ല.'
അന്‍സ്വാറുകളുടെ നേതാവ് സഅ്ദുബ്‌നു മുആദ് (റ) അറിയിച്ചു: 'താങ്കള്‍ സ്വന്തം തീരുമാനമനുസരിച്ച് പ്രവര്‍ത്തിച്ചുകൊള്ളുക. വേണ്ടിവന്നാല്‍ ഞങ്ങള്‍ അങ്ങയോടൊപ്പം കടലില്‍ ചാടാനും തയാറാണ്.'
ഇങ്ങനെ അനുചരന്മാരുമായി ആലോചിച്ച് അവരുടെ ഇംഗിതമനുസരിച്ചാണ് നബി (സ) ബദ്‌റിലേക്കു പുറപ്പെട്ടത്.
ഉഹുദ് യുദ്ധത്തിന്റെ കാര്യത്തിലും പ്രവാചകന്‍ അനുചരന്മാരുമായി കൂടിയാലോചിച്ചു. സര്‍വവിധ സന്നാഹങ്ങളുമായി ഇറങ്ങിത്തിരിച്ച് ശത്രുക്കളെ നേരിടാന്‍ മദീനയുടെ പുറത്തു പോകണമോ വേണ്ടയോ എന്നതായിരുന്നു പ്രധാന പ്രശ്‌നം. പ്രമുഖരായ സ്വഹാബിമാരില്‍ പലരും പറഞ്ഞത് മദീനയില്‍ നിലയുറപ്പിച്ചാല്‍ മതിയെന്നായിരുന്നു. എന്നാല്‍ ഭൂരിപക്ഷം യുവാക്കളും അഭിപ്രായപ്പെട്ടത് മദീനയുടെ പുറത്തുപോയി എതിരാളികളുമായി ഏറ്റുമുട്ടണമെന്നായിരുന്നു. പ്രവാചകന്‍ അംഗീകരിച്ചത് ഈ ഭൂരിപക്ഷാഭിപ്രായമാണ്. ഉഹുദില്‍ മുസ്‌ലിംകള്‍ക്കുണ്ടായ എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും യഥാര്‍ഥ കാരണം അബ്ദുല്ലാഹിബ്‌നു ജുബൈറി(റ)ന്റെ നേതൃത്വത്തില്‍ മലമുകളില്‍ കാവല്‍നിര്‍ത്തിയിരുന്ന അമ്പതംഗ അമ്പെയ്ത്തു സംഘം പ്രവാചകകല്‍പന ലംഘിച്ച് സ്ഥലംവിട്ടതാണ്. എന്നാല്‍ മദീനക്ക് പുറത്തുപോയി യുദ്ധം ചെയ്തതാണ് ദുരിതങ്ങള്‍ വരുത്തിവെച്ചതെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. അങ്ങനെയാണെങ്കിലും തന്റെ ഇംഗിതത്തിനു വിരുദ്ധമായി മദീനക്ക് പുറത്തുപോയതാണ് പ്രയാസങ്ങള്‍ക്കിടവരുത്തിയതെന്ന് പ്രവാചകനോ (സ) തങ്ങളുടെ അഭിപ്രായം മാനിക്കാത്തതിനാലാണെന്ന് സ്വഹാബിമാരിലാരെങ്കിലുമോ പറഞ്ഞിട്ടില്ല. അങ്ങനെ ചിന്തിക്കുകപോലും ചെയ്തില്ലെന്നതാണ് വസ്തുത. എന്നല്ല, ഈ സംഭവത്തിനു ശേഷമാണ് നബി(സ)യോട് കൂടിയാലോചനക്ക് കല്‍പന നല്‍കിയത്.
സയ്യിദ് ഖുത്വ്ബ് എഴുതുന്നു: 'കൂടിയാലോചനകൊണ്ട് പ്രത്യക്ഷത്തില്‍ തിക്താനുഭവങ്ങള്‍ നേരിട്ടതിന്റെ തൊട്ടുടനെയാണ് ഈ കല്‍പനയുണ്ടായത്. കൂടിയാലോചന നടപ്പാക്കിയപ്പോഴാണല്ലോ മുസ്‌ലിം അണികള്‍ക്കിടയിലെ അനൈക്യം മറനീക്കി പുറത്തുവന്നത്. അഭിപ്രായങ്ങള്‍ ഭിന്നമായത്. ഒരു വിഭാഗത്തിന്റെ അഭിപ്രായം സുരക്ഷിതരായി മദീനയില്‍ തന്നെയിരുന്ന് ഇടുങ്ങിയ തെരുവിന്റെ മുഖത്തുവെച്ച് ശത്രുക്കളെ അക്രമിച്ച് കീഴ്‌പ്പെടുത്തിയാല്‍ മതിയെന്നായിരുന്നു. എന്നാല്‍ അത്യാവേശമുള്ള മറ്റൊരു വിഭാഗം മദീനയില്‍നിന്ന് പുറത്തുകടന്ന് ശത്രുക്കളെ നേരിടണമെന്ന് വാദിച്ചു. ഈ അഭിപ്രായ ഭിന്നതയായിരുന്നുവല്ലോ പിന്നീട് അണികള്‍ക്കിടയിലുണ്ടായ വിടവിന്റെ തുടക്കം. തന്റെ
അഭിപ്രായം അംഗീകരിക്കപ്പെടാത്തതിന്റെ പേരില്‍ ശത്രുക്കള്‍ പടിവാതില്‍ക്കലെത്തിനില്‍ക്കെ (കപട വിശ്വാസികളുടെ നേതാവ്) അബ്ദുല്ലാഹിബ്‌നു ഉബയ്യ് മൂന്നിലൊന്ന് സൈന്യവുമായി പിന്തിരിഞ്ഞുപോയതായിരുന്നുവല്ലോ ആദ്യ പ്രതിസന്ധി.'
അദ്ദേഹം തുടരുന്നു: 'മുസ്‌ലിംകളെ കാത്തിരിക്കുന്ന അപകടകരമായ ഫലങ്ങളെക്കുറിച്ച് പ്രവാചകന്‍ (സ) തീര്‍ത്തും അജ്ഞനായിരുന്നില്ല. നേരത്തേ താന്‍ കണ്ട സ്വപ്‌നത്തില്‍നിന്നുതന്നെ യുദ്ധപരിണതിയെക്കുറിച്ച് പ്രവാചകന് ഏതാണ്ട് സൂചന ലഭിച്ചിരുന്നു. തന്റെ കുടുംബത്തില്‍നിന്നും അടുത്ത അനുചരന്മാരില്‍നിന്നും ചിലര്‍ വധിക്കപ്പെടുമെന്നും മദീന തനിക്ക് സുരക്ഷിതമായ പടയങ്കിയാണെന്നും താന്‍ കണ്ട സ്വപ്നത്തെ അവിടുന്ന് വ്യാഖ്യാനിച്ചിരുന്നു. എന്നാല്‍ കൂടിയാലോചനക്കുശേഷം ഉരുത്തിരിഞ്ഞുവന്ന അഭിപ്രായത്തെ തള്ളിക്കളയാന്‍ നബി തിരുമേനിക്ക് അവകാശമുണ്ടായിരുന്നില്ല. വരാനിരിക്കുന്ന വേദനകളും നഷ്ടങ്ങളും മുന്നില്‍കണ്ടുകൊണ്ടുതന്നെ അദ്ദേഹം തീരുമാനം നടപ്പാക്കി. കാരണം കൂടിയാലോചന (ശൂറ) എന്ന അടിസ്ഥാനം ഉറപ്പിക്കേണ്ടതും സമൂഹത്തെ പഠിപ്പിക്കേണ്ടണ്ടതും സമുദായത്തിന് ശിക്ഷണം നല്‍കേണ്ടണ്ടതും താല്‍ക്കാലിക നഷ്ടങ്ങളേക്കാള്‍ വലിയ കാര്യങ്ങളായിരുന്നു' (ഖുര്‍ആന്റെ തണലില്‍, ഭാഗം 2, പുറം 533, 534).
'അവര്‍ തങ്ങളുടെ കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിച്ചു നടത്തുന്നവരാണ്' (42:38) എന്ന ഖുര്‍ആന്‍ സൂക്തത്തിന്റെ വിശദീകരണത്തില്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി എഴുതുന്നു: 'കൂടിയാലോചിക്കുക എന്നത് ഇസ്‌ലാമിക ജീവിതത്തിന്റെ ഒരു സുപ്രധാന സ്തംഭമാകുന്നു. കൂടിയാലോചനയില്ലാതെ സാമൂഹിക കാര്യങ്ങള്‍ കൊണ്ടുനടത്തുക എന്നത് ജാഹിലിയ്യത്താണെന്നു മാത്രമല്ല, അംഗീകൃത ഇസ്‌ലാമിക ചിട്ടക്ക് തികച്ചും വിരുദ്ധമാകുന്നു' (തഫ്ഹീമുല്‍ ഖുര്‍ആന്‍, ഭാഗം 4, പുറം 466).
കൂട്ടായ്മക്ക് കരുത്തു പകരുന്ന കൂടിയാലോചന
പരസ്പരബന്ധമുള്ള ഏതു കൂട്ടായ്മയിലും കൂടിയാലോചന അനിവാര്യമാണ്. ഇരുലോകത്തും ഏറെ ഉപകാരപ്രദവും. കൂട്ടായ്മയിലൂടെ എടുക്കുന്ന തീരുമാനങ്ങളില്‍ അബദ്ധം സംഭവിച്ചാലും അതിന് ഏതെങ്കിലും വ്യക്തി ഉത്തരവാദിയാവുകയില്ല. അതിന്റെ പേരില്‍ ആരും ആക്ഷേപിക്കപ്പെടുകയുമില്ല. എന്നാല്‍ കൂടിയാലോചനയില്ലാതെയോ ഭൂരിപക്ഷാഭിപ്രായത്തിനു വിരുദ്ധമായോ തീരുമാനമെടുത്താല്‍ സംഭവിച്ചേക്കാവുന്ന എല്ലാ വിപത്തുകള്‍ക്കും അവര്‍ മാത്രം ഉത്തരവാദിയായിരിക്കും. അത് സംഘത്തിന്റെ ഭദ്രത തകര്‍ക്കുകയും ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കും ശൈഥില്യങ്ങള്‍ക്കും കാരണമായിത്തീരുകയും ചെയ്യും. കൂടിയാലോചനയിലൂടെ എടുക്കുന്ന തീരുമാനം അബദ്ധമായാലും പരലോകത്ത് പ്രതിഫലാര്‍ഹമായിരിക്കും. കൂടിയാലോചനയില്ലാത്തത് ശിക്ഷാര്‍ഹവും. ഈ വസ്തുത സയ്യിദ് മൗദൂദി ഇങ്ങനെ വിശദീകരിക്കുന്നു:
'മറ്റുള്ളവരുടെ അവകാശങ്ങളും താല്‍പര്യങ്ങളുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനമെടുക്കുക വമ്പിച്ച ഒരു ഉത്തരവാദിത്തമാണ്. അല്ലാഹുവെ ഭയപ്പെടുകയും അവന്റെ മുമ്പില്‍ എത്ര രൂക്ഷമായാണ് താന്‍ വിചാരണ ചെയ്യപ്പെടുക എന്നറിയുകയും ചെയ്യുന്ന ആരും തന്നെ ഈ മഹാഭാരം ഒറ്റക്ക് ഏറ്റെടുക്കാന്‍ ഒരിക്കലും ധൈര്യപ്പെടുകയില്ല. അല്ലാഹുവിനെ ഭയപ്പെടാത്തവരും പരലോക വിചാരമില്ലാത്തവരുമായ ആളുകള്‍ക്കു മാത്രമേ അത്തരം ധൈര്യമുണ്ടാവുകയുള്ളൂ. പാരത്രിക വിചാരണയെക്കുറിച്ച് ബോധമുള്ളവര്‍ ഒരു പൊതു കാര്യത്തില്‍ തീരുമാനമെടുക്കുമ്പോള്‍ അക്കാര്യം ആരുമായൊക്കെ ബന്ധപ്പെട്ടിരിക്കുന്നുവോ അവരെയൊക്കെ അല്ലെങ്കില്‍ അവര്‍ ഭരമേല്‍പിച്ച പ്രതിനിധികളെ കൂടിയാലോചനയില്‍ പങ്കെടുപ്പിക്കാന്‍ തീര്‍ച്ചയായും ശ്രമിക്കും. അതുവഴി കൂടുതല്‍ ശരിയായതും കുറ്റമറ്റതും നീതിനിഷ്ഠവുമായ തീരുമാനമെടുക്കാന്‍ സാധിക്കുന്നു. അറിയാതെ വല്ല പിശകും പറ്റിപ്പോയാല്‍ അതിന്റെ ഉത്തരമവാദിത്തം ഒരൊറ്റയാളില്‍ വന്നുചേരുകയില്ല' (തഫ്ഹീമുല്‍ ഖുര്‍ആന്‍, ഭാഗം 4, പുറം 467).
ഏവര്‍ക്കും ബാധകം
നിസ്സാരമെന്നു കരുതുന്ന കാര്യങ്ങള്‍ പോലും കൂടിയാലോചനയിലൂടെയാണ് തീരുമാനിക്കേണ്ടത്. കുട്ടിയുടെ മുലയൂട്ടല്‍ പോലും പരസ്പരം കൂടിയാലോചിച്ചാണ് തീരുമാനിക്കേണ്ടതെന്ന് ഖുര്‍ആന്‍ ആവശ്യപ്പെടുന്നു (2:233). യുദ്ധത്തടവുകാരുടെ കാര്യത്തില്‍ അനുയായികളുമായി കൂടിയാലോചിച്ച നബി (സ), സ്വന്തം സഹധര്‍മിണിക്കെതിരെ അപവാദാരോപണമുണ്ടായപ്പോള്‍ അക്കാര്യത്തിലും ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ചു. ദൈവിക നിര്‍ദേശം കിട്ടിയിട്ടില്ലാത്ത എല്ലാ കാര്യങ്ങളിലും ഇതു തന്നെയായിരുന്നു പ്രവാചക നിലപാട്. സയ്യിദ് മൗദൂദി ഈ വശം ഇങ്ങനെ വിശദീകരിക്കുന്നു: 'ഇസ്‌ലാം മനുഷ്യനു നല്‍കുന്ന ധാര്‍മികാധ്യാപനങ്ങളുടെ അനിവാര്യ താല്‍പര്യമാണ് കൂടിയാലോചനയിലൂടെ കാര്യങ്ങള്‍ തീരുമാനിക്കുന്ന സമ്പ്രദായമെന്നും അതില്‍നിന്നുള്ള വ്യതിചലനം ഇസ്‌ലാം ഒരിക്കലും അനുവദിച്ചിട്ടില്ലാത്ത വലിയ അധര്‍മമാണെന്നും നന്നായി മനസ്സിലാകും. ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും കൂടിയാലോചനാ തത്ത്വം പാലിക്കണമെന്നാണ് ഇസ്‌ലാമിക ജീവിതശൈലി ആവശ്യപ്പെടുന്നത്. വീട്ടുകാര്യങ്ങളില്‍ ഭാര്യയും ഭര്‍ത്താവും കൂടിയാലോചിക്കണം. മക്കള്‍ യുവത്വം പ്രാപിച്ചാല്‍ അവരെയും കൂടിയാലോചനകളില്‍ പങ്കാളികളാക്കണം. കുടുംബത്തിന്റെ പ്രശ്‌നമാണെങ്കില്‍ ആ കുടുംബത്തിലെ പ്രായപൂര്‍ത്തിയായ സാമാന്യബുദ്ധിയുള്ള എല്ലാവരുടെയും അഭിപ്രായം ആരായണം. ഒരു ഗോത്രത്തിന്റെയോ സമൂഹത്തിന്റെയോ ഗ്രാമത്തിന്റെയോ പ്രശ്‌നമാണെങ്കില്‍ അതിലെ എല്ലാ അംഗങ്ങളെയും കൂടിയാലോചനകളില്‍ പങ്കാളികളാക്കുക. സാധ്യമല്ലെങ്കില്‍ അതു തീരുമാനിക്കേണ്ടത് ഏതെങ്കിലും ഏകോപന രീതിയനുസരിച്ച് ബന്ധപ്പെട്ട എല്ലാവരെയും ആധികാരികമായി പ്രതിനിധീകരിക്കുന്നവര്‍ക്ക് പങ്കുള്ള സമിതിയോ പഞ്ചായത്തോ ആകുന്നു' (തഫ്ഹീമുല്‍ ഖുര്‍ആന്‍, ഭാഗം 4, പുറം 467).
വിഘടിച്ചുനില്‍ക്കല്‍
കൂടിയാലോചന തീരുമാനമെടുക്കാനുള്ള അടിസ്ഥാനമാണ്, കേവലം ചടങ്ങല്ല. തീരുമാനം ഏകകണ്ഠമോ ഭൂരിപക്ഷാഭിപ്രായപ്രകാരമോ ആകാം. തീരുമാനമായിക്കഴിഞ്ഞാല്‍ അത് അനുകൂലിച്ചവരുടേതെന്ന പോലെ എതിര്‍ത്തവരുടേതു കൂടിയായിരിക്കും. തീരുമാനമെടുക്കുന്നതുവരെ അഭിപ്രായം പറയാനും വിയോജിക്കാനും സ്വാതന്ത്ര്യമുണ്ടായിരിക്കും. തീരുമാനമാകുന്നതോടെ ഈ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. പിന്നീട് എല്ലാവരും അതംഗീകരിക്കുകയും നടപ്പാക്കുകയും വേണം. ഇക്കാര്യവും സയ്യിദ് മൗദൂദി തന്നെ അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്:
'കൂടിയാലോചനാ സഭയുടെ (മജ്‌ലിസ് ശൂറാ) ഏകകണ്ഠമായ അഭിപ്രായം അല്ലെങ്കില്‍ അവരില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണയുള്ള അഭിപ്രായം ബന്ധപ്പെട്ടവര്‍ സ്വീകരിക്കേണ്ടതാണ.് എന്തുകൊണ്ടെന്നാല്‍ ഒരു വ്യക്തിക്കോ ഗ്രൂപ്പിനോ എല്ലാം കേട്ട ശേഷവും തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കാന്‍ അധികാരമുണ്ടെന്നുവന്നാല്‍ കൂടിയാലോചന തികച്ചും നിരര്‍ഥകമായിത്തീരുന്നു. അവരുടെ കാര്യങ്ങളില്‍ കൂടിയാലോചന നടത്തുന്നു എന്നല്ല; പ്രത്യുത, അവരുടെ കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിച്ചു നടത്തുന്നു എന്നാണ് അല്ലാഹു അരുളിയത്. കൂടിയാലോചന നടത്തുന്നതുകൊണ്ടുമാത്രം ഈ വാക്യം പ്രാവര്‍ത്തികമാകുന്നതല്ല. അതിന് കൂടിയാലോചനയില്‍ ഏകകണ്ഠമോ ഭൂരിപക്ഷ പിന്തുണയോടുകൂടിയോ എടുക്കപ്പെടുന്ന തീരുമാനങ്ങളനുസരിച്ച് കാര്യങ്ങള്‍ നടത്തുക കൂടി ചെയ്യേണ്ടത് അനിവാര്യമാകുന്നു' (തഫ്ഹീമുല്‍ ഖുര്‍ആന്‍, ഭാഗം 4, പുറം 468, 469).
സംഘടനയും നേതൃത്വവും അതിനോടുള്ള അനുസരണവും അനിവാര്യമാണെന്ന് ഇസ്‌ലാം കണിശമായി കല്‍പിക്കുന്നു. പ്രവാചകന്‍ (സ) പറയുന്നു: 'സംഘടനയെ മുറുകെ പിടിക്കുക. ഭിന്നത വെടിയുക' (തിര്‍മിദി).
'ഒരു വിജനസ്ഥലത്ത് മൂന്നു പേരുണ്ടെങ്കില്‍ അവരിലൊരാളെ നേതാവാക്കാതിരിക്കാന്‍ അവര്‍ക്കു പാടില്ല' (ബുഖാരി, മുസ്‌ലിം).
'മൂന്നാളുകള്‍ യാത്രയിലാണെങ്കില്‍ അവരിലൊരാളെ അവര്‍ നേതാവാക്കണം' (അബൂദാവൂദ്).
'ഇസ്‌ലാമിക നേതൃത്വത്തോടുള്ള അനുസരണ പ്രതിജ്ഞ കണ്ഠത്തിലണിയാതെ മരിച്ചവന്‍ അനിസ്‌ലാമിക മരണമാണ് വരിച്ചത്' (മുസ്‌ലിം).
'ആരെങ്കിലും നേതൃത്വത്തോടുള്ള അനുസരണത്തില്‍നിന്ന് പുറത്തുപോവുകയും സംഘടനയുമായി ബന്ധം വിഛേദിക്കുകയും ചെയ്തുകൊണ്ട് മരണപ്പെടുകയാണെങ്കില്‍ അവന്‍ അനിസ്‌ലാമിക മരണമാണ് വരിച്ചത്.' (മുസ്‌ലിം)
വീണ്ടും സയ്യിദ് മൗദൂദിയെ ഉദ്ധരിക്കട്ടെ: 'അനിസ്‌ലാമിക നിയമങ്ങള്‍ക്കെതിരില്‍ ദൈവിക നിയമങ്ങള്‍ നടപ്പാക്കാന്‍ സംഘടിത ശ്രമങ്ങള്‍ കൂടാതെ സാധ്യമല്ലെന്ന് വ്യക്തം. അതിനായി ഒരു സംഘടന ഉണ്ടായിരിക്കുകയും സംഘടന നിലവിലുണ്ടെങ്കില്‍ അതില്‍ ചേരുകയും വേണം. ഒട്ടേറെ ഹദീസുകള്‍ ഈ വസ്തുതയിലേക്ക് വെളിച്ചം വീശുന്നുണ്ട്. എന്നാല്‍ വിശ്വാസികള്‍ക്ക് മുഴുവനുമായി ഒരു സംഘടന ഇല്ലാതിരിക്കുകയും ലക്ഷ്യം നേടാനായി സാമൂഹികശക്തി കൈവരുത്താന്‍ വിവിധ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയുമാണെങ്കില്‍ അല്‍ ജമാഅത്ത് നിലവിലിരിക്കുമ്പോഴത്തെ നിയമങ്ങള്‍ അവര്‍ക്ക് ബാധകമായിരിക്കുകയില്ല. പക്ഷേ ഇഖാമതുദ്ദീനിനു വേണ്ടിയുള്ള പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുകയും തദ്വിഷയകമായി വിശ്വാസിയുടെ ഉത്തരവാദിത്തത്തെക്കുറിച്ച് ബോധവാനാവുകയും ചെയ്യുന്ന ഒരു വ്യക്തിക്കും പ്രസ്തുത ശ്രമങ്ങളുടെ നേരെ അവഗണന കൈക്കൊള്ളുക സാധ്യമല്ല. അവയെക്കുറിച്ച് ഗൗരവപൂര്‍വം പഠനം നടത്തി തനിക്ക് ശരിയും സത്യവുമായി ബോധ്യം വന്ന സംരംഭത്തില്‍ പങ്കുവഹിക്കേണ്ടത് നിര്‍ബന്ധമാണ്. അപ്രകാരം ഒരു സംഘടന സത്യത്തിലാണെന്ന് മനസ്സിലാക്കി അതില്‍ അംഗത്വം സ്വീകരിച്ച വ്യക്തി അതിന്റെ അച്ചടക്കം പാലിക്കാതിരിക്കുന്നതും അനുസരണക്കേട് കാണിക്കുന്നതും തികച്ചും അനിസ്‌ലാമികമാകുന്നു. ഈ അനുസരണം വെറും ഒരു പുണ്യകര്‍മമല്ല, നിര്‍ബന്ധ ചുമതലയാണ്' (ചോദ്യോത്തരം, പുറം 291, 292).
Comments