Prabodhanm Weekly

Pages

Search

2016 മെയ് 20

2952

1437 ശഅ്ബാന്‍ 13

പ്രക്ഷോഭങ്ങള്‍, പ്രതിസന്ധികള്‍ ഇറാഖ് വിയര്‍ക്കുന്നു

ഹകീം പെരുമ്പിലാവ്‌

ഇറാഖിലെ ഭരണകൂടത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് വീറും വാശിയും കൈവന്നിരിക്കുന്നു. ഏറ്റവുമൊടുവില്‍ ബഗ്ദാദിലെ ഇറാഖീ പാര്‍ലമെന്റ് ഉള്‍ക്കൊള്ളുന്ന ഗ്രീന്‍സോണ്‍ സമരക്കാര്‍ പിടിച്ചെടുത്തതായുള്ള വാര്‍ത്തകളും പുറത്തുവന്നു. അമേരിക്കന്‍ അധിനിവേശത്തിന്റെയും തുടര്‍ന്നുള്ള ഭീകരമായ യുദ്ധങ്ങളുടെയും   കെടുതിയില്‍നിന്ന് കരകയറുംമുമ്പേ ശക്തമായ ആഭ്യന്തര ശൈഥില്യങ്ങള്‍ക്ക് വേദിയായിരിക്കുകയാണ് ബഗ്ദാദ്. ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ മുഖ്യ കാരണമായി പറയുന്നത് അഴിമതിയാണ്. അഴിമതിയില്‍ മറ്റേതു രാജ്യത്തെയും വെല്ലുന്ന നിലയില്‍ രാജ്യം മുന്നോട്ടു പോവുകയാണെന്നും, ഭരണകൂടത്തിന് ഒന്നും ചെയ്യാനാവുന്നില്ലെന്നും ഭരണവര്‍ഗംതന്നെ അഴിമതിക്കാര്‍ക്ക് ഒപ്പമാണെന്നും പ്രക്ഷോഭകര്‍ ആരോപിക്കുന്നു.

ഇറാഖിലെ ഹൈദര്‍ അല്‍ അബാദി ഭരണകൂടത്തിനെതിരെ പ്രക്ഷോഭങ്ങള്‍ തുടങ്ങിയിട്ട് മാസങ്ങളെറെയായി. പ്രതിപക്ഷ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് 2014 വരെ ജയ്ശുല്‍ മഹ്ദി എന്ന പ്രസ്ഥാനത്തെ നയിച്ച ശീഈ നേതാവ് മുഖ്തദ സ്വദ്ര്‍ ആണ്. 2014-നു ശേഷം രാഷ്ട്രീയത്തില്‍നിന്ന് പിന്‍വാങ്ങിയിരുന്ന അദ്ദേഹം 'പീസ് കമ്പനീസ്' എന്ന പേരില്‍ പുതിയ ജനകീയ മുന്നണി സ്ഥാപിച്ചുകൊണ്ടാണ് ഭരണകൂടത്തിനെതിരെ പൊതു ജനങ്ങളെ ഇപ്പോള്‍ അണിനിരത്തിയിരിക്കുന്നത്. 2016  ഫെബ്രുവരിയിലെ ആദ്യ വെള്ളിയാഴ്ച ബഗ്ദാദ് നഗരം ഉണരുന്നത്  തെരുവിലിറങ്ങിയ ലക്ഷക്കണക്കിന് പ്രക്ഷോഭകരെ കണ്ടുകൊണ്ടാണ്. മുഖ്തദാ സ്വദ്‌റും കൂട്ടാളികളും മാര്‍ച്ച് മാസത്തോടെ പ്രക്ഷോഭങ്ങള്‍ പാര്‍ലമെന്റ് മന്ദിരം നില്‍ക്കുന്ന ഗ്രീന്‍ സോണിനു മുന്നിലേക്ക് മാറ്റി. മാര്‍ച്ച് ഒടുവില്‍ പാര്‍ലമെന്റിനകത്തേക്ക് അവര്‍ കയറിപ്പറ്റുകയും ചെയ്തു.

സ്വതവേ ദുര്‍ബല പിന്നെ ഗര്‍ഭിണിയും എന്ന പോലെയാണ് ഇപ്പോള്‍ ഇറാഖിന്റെ അവസ്ഥ. യുദ്ധക്കെടുതികളില്‍നിന്ന് കരകയറുമ്പോഴേക്കും ജനം ഭരണകൂടത്തിനെതിരെ തിരിയുന്നു. ഒപ്പം   കടുത്ത സാമ്പത്തിക പ്രതിസന്ധിയും. ഫല്ലൂജയിലെയും അന്‍ബാറിലെയും മൂസ്വിലിലെയും ജനങ്ങള്‍ ഇപ്പോഴും പെരുവഴിയിലാണ്. കഴിഞ്ഞ ഏഴു മാസമായി പല ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും ശമ്പളം കിട്ടുന്നില്ല. ചിലയിടങ്ങളില്‍ ശമ്പളം ഇരുപത്തഞ്ച് ശതമാനം വീതം ഘട്ടം ഘട്ടമായി  നല്‍കുന്നു. പലയിടങ്ങളിലും ഗവണ്‍മെന്റ് സ്‌കൂളുകളിലെ അധ്യാപകരും സമരത്തിലാണ്. അധികം പള്ളിക്കൂടങ്ങളും അടഞ്ഞുകിടക്കുന്നു. പകുതിയോളം ട്രാഫിക് പോലീസ് നീണ്ട അവധിയിലാണ്. പല സര്‍ക്കാര്‍ സ്ഥാപനങ്ങളും നേരാംവണ്ണം പ്രവര്‍ത്തിക്കുന്നില്ല. അഭയാര്‍ഥികള്‍ക്ക് കൃത്യമായ സഹായം ലഭിക്കുന്നില്ല. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നാണു ഇതിനെല്ലാം കാരണമായി അധികൃതര്‍  പറയുന്നത്. എന്നാല്‍, ഇവിടത്തെ ജനങ്ങള്‍ ഇതൊന്നും വിശ്വസിക്കുന്നില്ല. പ്രതിസന്ധിക്ക് കാരണം അഴിമതിയാണെന്ന് അവര്‍ കരുതുന്നു.

ദിനംപ്രതി ആയിരക്കണക്കിനു  ബാരല്‍ എണ്ണ ഉല്‍പാദിപ്പിക്കുന്ന രാജ്യത്ത് എണ്ണ വരുമാനം എന്തുകൊണ്ട് തങ്ങള്‍ക്ക് ലഭിക്കുന്നില്ല എന്നാണു ശമ്പളം ലഭിക്കാത്ത ഗവണ്‍മെന്റ് ജീവനക്കാര്‍ ചോദിക്കുന്നത്. മുച്ചൂടും അഴിമതിയില്‍ മുങ്ങിക്കുളിച്ച രാജ്യത്ത് നീതി നടപ്പില്‍ വരുത്തുകയും സ്വജനപക്ഷപാതം നിര്‍ത്തലാക്കുകയുമാണ് ആദ്യം വേണ്ടത്. എന്നാല്‍, ഭരണകൂടം കോര്‍പ്പറേറ്റുകളോടോപ്പം ചേര്‍ന്ന് സകലതും ധൂര്‍ത്തടിക്കുകയാണ്. രാജ്യത്ത് ഇടക്കിടെ പുനരുദ്ധാരണ പദ്ധതികള്‍ പ്രഖ്യാപിക്കുന്നുണ്ട്; ഫണ്ടൊഴുകുന്നുമുണ്ട്.  എന്നാല്‍ ഒന്നും യഥാവിധി നടപ്പിലാവുന്നില്ല. ഇറാഖിലെ പത്ത് ദശലക്ഷം ജനങ്ങള്‍ സാമ്പത്തിക സഹായം ആവശ്യമുള്ളവരാണ്. അതില്‍തന്നെ പശിയടക്കാന്‍ കഴിവില്ലാത്തവര്‍ തന്നെയുണ്ട് മൂന്നര ദശലക്ഷം.

ഇറാഖിലെ ചില ഭാഗങ്ങളില്‍ റൊട്ടി വില്‍ക്കുന്ന കടയില്‍ വന്ന് അവധിപറഞ്ഞ് വിശപ്പടക്കാന്‍ റൊട്ടി വാങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. കടംകൊടുക്കാന്‍ കഴിയാതെ പലരും കച്ചവടം അവസാനിപ്പിക്കുന്നു. പഠിക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികളും പഠിപ്പിക്കാന്‍ താല്‍പര്യമുള്ള അധ്യാപകരുമുണ്ട്. പക്ഷേ സാമ്പത്തിക സ്ഥിതി അതിന് അനുവദിക്കുന്നില്ല. ജനുവരി ഒന്നിന് തുടങ്ങിയ അധ്യാപകസമരം അവസാനിപ്പിച്ച് അധ്യാപകര്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് ഉത്തരവാദപ്പെട്ടവര്‍ അഭ്യര്‍ഥിച്ചിട്ടും, കാര്യമായ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. വെട്ടിക്കുറച്ച ശമ്പളവ്യവസ്ഥ അംഗീകരിക്കാന്‍ കഴിയില്ലെന്നും തുഛ വേതനം കൊണ്ട് ജീവിക്കാനാവില്ലെന്നും അധ്യാപകര്‍ പരാതിപ്പെടുന്നു.

അധിനിവേശാനന്തര ഇറാഖില്‍ മൂന്നു തരം പ്രതിസന്ധികളാണ് ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്നത്. സുരക്ഷയുമായി ബന്ധപ്പെട്ടതാണ് അതിലൊന്ന്. രണ്ടാമത്തേത്  സാമ്പത്തികം.  മൂന്നാമത്തേത് രാഷ്ട്രീയവും. മൂന്നും ഒരുപോലെ രാജ്യത്തെ പിന്നോട്ടടിപ്പിക്കുന്നു. പൊതുജനത്തിന് ഭരണകൂടത്തിനെതിരെ സമരം ചെയ്യുകയല്ലാതെ നിവൃത്തിയില്ല. വെള്ളം, വൈദ്യുതി, ചികിത്സ തുടങ്ങിയ അവശ്യ സേവനങ്ങള്‍ ലഭ്യമാവാത്തതിനാലും ഉന്നതരും രാഷ്ട്രീയ മേലാളന്മാരും പൊതുജനങ്ങളെ അവഗണിക്കുന്നതിനാലുമാണ്   പൊതുജനം നിരത്തിലിറങ്ങുന്നത്. ദിനേന ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രമാണ് വൈദ്യുതി ലഭ്യമാകുന്നത്. ബാക്കി സമയമത്രയും ജനറേറ്ററും മറ്റും ഉപയോഗിക്കുകയാണ്. ഇതിനു വലിയ വില നല്‍കേണ്ടതിനാല്‍ സാധാരണക്കാര്‍ക്ക് ഇവയൊക്കെയും അപ്രാപ്യമാവുകയാണ്. പാവപ്പെട്ടവനു കൊടും ശൈത്യത്തില്‍ ഹീറ്ററും നല്ല ചൂടില്‍ ശീതീകരണ യന്ത്രങ്ങളുമില്ലാതെ കഴിച്ചു കൂട്ടേണ്ടിവരുന്നു. 

 

കുര്‍ദിസ്താനിലെ സ്ഥിതി

താരതമ്യേന മെച്ചപ്പെട്ട മേഖലയാണ് ഇറാഖിലെ കുര്‍ദിസ്താന്‍. സ്വാതന്ത്ര്യത്തിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന കുര്‍ദിസ്താനിലും സ്ഥിതി നാള്‍ക്കുനാള്‍ മോശമായി വരികയാണ്. സ്വകാര്യ സ്‌കൂളുകള്‍ പലതും പൂട്ടിക്കൊണ്ടിരിക്കുന്നു. കാര്യങ്ങള്‍ കൈവിട്ടുപോകുന്നതിനു മുമ്പ് ഭരണകൂടം ഇടപെടണമെന്ന് സോഷ്യല്‍ മീഡിയയിലൂടെ യുവ ജനങ്ങള്‍ സര്‍ക്കാരിനു  താക്കീത് നല്‍കുന്നു. പാശ്ചാത്യരുള്‍പ്പെടെ വ്യത്യസ്ത നാടുകളില്‍നിന്നുള്ള ധാരാളമാളുകള്‍ തങ്ങുന്നതിനാല്‍, കുര്‍ദിസ്താന്‍ തലസ്ഥാനമായ ഇര്‍ബില്‍ താരതമ്യേന സുരക്ഷിത മേഖലയായിരുന്നു. കഴിഞ്ഞ കാലത്ത് സദ്ദാമിന്റെ നേതൃത്വത്തിലുണ്ടായ വംശഹത്യകള്‍, കെമിക്കല്‍ ബോംബ്‌വര്‍ഷങ്ങള്‍, രാഷ്ട്രീയ അടിച്ചമര്‍ത്തല്‍ തുടങ്ങി ഒട്ടേറെ കഷ്ടപ്പാടുകളും ദുരിതങ്ങളും വേണ്ടത്ര അനുഭവിച്ചവരാണ് കുര്‍ദുകള്‍.

സ്വാതന്ത്ര്യം സ്വപ്നം കണ്ടാണ് കഴിഞ്ഞ കുറേകാലം കുര്‍ദുകള്‍ ജീവിച്ചത്. ഇറാഖില്‍നിന്ന് വേറിട്ട ഒരസ്തിത്വം തങ്ങള്‍ക്ക് ഉണ്ടാകുമെന്ന് അവര്‍ കരുതി. മെച്ചപ്പെട്ട വിദ്യാഭ്യാസവും, ഭേദപ്പെട്ട ചികിത്സയും തങ്ങള്‍ക്ക് ലഭിക്കുമെന്ന് അവര്‍ കണക്കുകൂട്ടി. പക്ഷേ എണ്ണകൊണ്ട് രാജ്യത്ത് വികസനമുണ്ടാവുന്നതിനു പകരം രാഷ്ട്രീയക്കാരും ഭരണകര്‍ത്താക്കളും പോക്കറ്റ്  വീര്‍പ്പിക്കുന്ന സ്ഥിതിയാണ് സംജാതമായത്. ഇത് രാജ്യത്തെ സാമ്പത്തികമായും ജനങ്ങളെ മാനസികമായും തളര്‍ത്തി. ആറു ലക്ഷത്തോളം ബാരല്‍ എണ്ണ ദിനേന ഉല്‍പാദിപ്പിക്കുന്ന കുര്‍ദിസ്താനില്‍ എണ്ണ വരുമാനം എവിടെ പോയെന്നു ജനങ്ങള്‍ പരസ്യമായി ചോദിക്കുന്നു. വൈദ്യുതിയുടെ കാര്യത്തില്‍ ദയനീയ സ്ഥിതിയാണ് കുര്‍ദിസ്താനിലും. ശൈത്യകാലത്ത് ദിനേന രണ്ട്  മണിക്കൂറില്‍ കൂടുതല്‍ വെളിച്ചമില്ല. ഇങ്ങനെയൊക്കെയാണെങ്കിലും അമേരിക്കയുടെ ഒത്താശയും പടിഞ്ഞാറിന്റെ ശക്തമായ പിന്തുണയുമുണ്ടെന്ന ആശ്വാസത്തിലാണ് കുര്‍ദിസ്താന്‍ ഭരണകൂടം. സ്വാതന്ത്ര്യം കാത്തുകിടക്കുന്ന കുര്‍ദിസ്താനെ സംരക്ഷിക്കാത്ത ഒരു പരിഹാരവും ഇപ്പോള്‍ ഫലപ്രദമാവുകയുമില്ല. ലക്ഷക്കണക്കിന് അഭയാര്‍ഥികളെ ഇവിടങ്ങളിലാണ്  പാര്‍പ്പിച്ചിരിക്കുന്നത്.

 

ഭരണകൂടത്തിന്റെ പരാജയം 

അബാദി ഭരണകൂടത്തിന്റെ പരാജയമാണ് പൊതുജനത്തെ  തെരുവിലേക്ക് വലിച്ചിഴച്ചത്.  ഭരണകൂടത്തിന്റെ പരാജയത്തിനു രാഷ്ട്രീയമായ ഒട്ടേറെ കാരണങ്ങളുണ്ട്. അധിനിവേശാനന്തര അസ്ഥിരതകളിലാണ് അത് കെട്ടിപ്പടുത്തിരിക്കുന്നത് എന്നതാണ് ഒന്നാമത്തെ കാരണം. കൃത്യമായി പിന്തുടരാവുന്ന ഭരണഘടനയോ എഴുതിവെച്ച നിയമവ്യവസ്ഥയോ ഒന്നും ഇവിടെ ഇല്ല. ജനങ്ങളെ ഭിന്നിപ്പിച്ചു കൊണ്ടാണ് ഭരണകൂടം മുന്നോട്ടുപോയത്. ശീഈ-സുന്നി, ശീഈ-കുര്‍ദ് ഭിന്നതകള്‍ക്ക് ആഴം കൂടുകയല്ലാതെ പരിഹാരമോ ഫലപ്രദമായ ചര്‍ച്ചകളോ ഉണ്ടായില്ല.

ഇറാന്റെ ഇംഗിതത്തിനു വഴങ്ങുകയും ഇറാഖിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയാതിരിക്കുകയും ചെയ്തതാണ് അബാദിഭരണകൂടത്തെ  പതനത്തിന്റെ വക്കിലെത്തിച്ചത്. അധിനിവേശം നടത്തിയ ശേഷം രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ ഊറ്റിയെടുത്ത് കടന്നുകളഞ്ഞ അമേരിക്കയാണ് പതനത്തിന്റെ പ്രധാന കാരണമെന്നു വിലയിരുത്തുന്നവരുണ്ട്. ഉണ്ടാക്കിയ പതിസന്ധി പരിഹരിക്കാതെ രക്ഷപ്പെട്ടവര്‍ എന്നാണ് ഒരു പ്രമുഖ കുര്‍ദിഷ് പാര്‍ലമെന്റേറിയന്‍ അമേരിക്കയെക്കുറിച്ച് പറഞ്ഞത്.   

ഐസിസ് നിലനില്‍ക്കുന്നതും അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില താഴുന്നതും ഇറാഖിനെ വല്ലാതെ അലട്ടുന്നുണ്ട്. ഇനിയും മറ്റൊരു പ്രതിസന്ധി നേരിടാനുള്ള കെല്‍പ്പില്ല എന്നതാണ് അബാദി ഭരണകൂടത്തിന്റെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. അമേരിക്ക മുന്നോട്ടു വെക്കുന്ന നിര്‍ദേശങ്ങള്‍ പലപ്പോഴും താല്‍ക്കാലിക പരിഹാരങ്ങളാണ്. പ്രശ്‌നങ്ങളും പ്രതിസന്ധികളും വിശാലമായ അടിസ്ഥാനങ്ങളില്‍നിന്നുകൊണ്ട് പരിഹരിക്കേണ്ടതുണ്ട്. ഇറാഖില്‍ ഈ അര്‍ഥത്തില്‍ ശ്രമങ്ങള്‍ ഉണ്ടാവുന്നില്ല. അധിനിവേശം സദ്ദാം ഹുസൈന്റെ ഏകാധിപത്യ വാഴ്ചയില്‍നിന്ന് രാജ്യത്തെ രക്ഷിച്ചെങ്കിലും രാജ്യത്തെ വെട്ടിമുറിക്കാനൊരുങ്ങുന്ന വിഭാഗീയത ഇല്ലാതാക്കാന്‍   അധിനിവേശാനന്തര ഭരണകൂടത്തിനു സാധിക്കാതെ പോയി.

വിഭാഗീയത നിലനില്‍ക്കേണ്ടത് പടിഞ്ഞാറിന്റെ ആവശ്യമായതിനാല്‍ അതിന്മേല്‍ കൈവെക്കാന്‍ ആരും തയാറുമല്ല. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഇറാനും കിണഞ്ഞു ശ്രമിക്കുന്നുണ്ട്. വിശാല ശീഈ രാജ്യത്തിന്റെ ഭൂപടവും വരച്ച് കുറേകാലമായി കാത്തിരിക്കുകയാണ് ഇറാന്‍. യുദ്ധം നടത്തിയ രാജ്യത്തു നിന്ന് തിരിച്ചുപോകുമ്പോള്‍ ഒരു താല്‍ക്കാലിക ഭരണസംവിധാനം ഒരുക്കിക്കൊടുക്കുന്ന പതിവുണ്ട്. ഇവിടെ അതുണ്ടായില്ല എന്നു മാത്രമല്ല രാജ്യത്തെ ഐസിസ് എന്ന മറ്റൊരു ഭീകരതയിലേക്ക് തള്ളി വിടുകയായിരുന്നു അധിനിവേശകര്‍.

അന്താരാഷ്ട്ര മനുഷ്യാവകാശ സമിതികളൊന്നും മുപ്പത്തിയെട്ടു ദശ ലക്ഷം ജനങ്ങള്‍ വസിക്കുന്ന  ഇറാഖിന്റെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരത്തിന് മുന്നോട്ടുവരുന്നില്ല. സിറിയക്കൊപ്പമാണ് അന്താരാഷ്ട്ര സമൂഹം ഇറാഖിനെയും എണ്ണുന്നത്. എന്നാല്‍ ഇറാഖിലെ സ്ഥിതിഗതികള്‍ വ്യത്യസ്തമാണ്. ഇറാഖിലെ ഭൂരിപക്ഷം പ്രദേശങ്ങള്‍ സ്വത്രന്ത്രമാണ്. പേരിനാണെങ്കിലും ഒരു ഭരണകൂടം നിലവിലുണ്ട്. ബസ്വറ,  കുര്‍ദിസ്താന്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് വന്‍തോതില്‍ എണ്ണയും ഗ്യാസും  ഉല്‍പാദിപ്പിക്കുന്നുണ്ട്.  ഐസിസിനെ ഇല്ലാതാക്കിയാല്‍ ഇറാഖിനെ സുരക്ഷിതമായ രാജ്യമായും മേഖലയിലെ പ്രധാന ശക്തിയായും മാറ്റാന്‍ ഇഛാശക്തിയുള്ള ഒരു ഭരണകൂടത്തിന് സാധിച്ചേക്കും.

ബഅ്‌സ് പാര്‍ട്ടിയെ ഉന്മൂലനം ചെയ്തുകൊണ്ടുള്ള പരിഹാരമാണ് പരാജയപ്പെട്ടുനില്‍ക്കുന്നത് എന്നതിനാല്‍ അവരെ കൂടി ഉള്‍ക്കൊള്ളണമെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. സദ്ദാമിന്റെ കാലത്തുണ്ടായിരുന്ന പരിചയസമ്പന്നരായ ഒട്ടേറെ ടെക്‌നോക്രാറ്റുകളെ കൊണ്ടുവരാന്‍ ഇതുവഴി സാധിച്ചേക്കും. തട്ടിക്കൂട്ടിയ അബാദി ഭരണകൂടത്തിന്റെ പ്രധാന വകുപ്പുകള്‍ നിയന്ത്രിക്കുന്നത് ഇറക്കുമതി ചെയ്ത പുറംനാട്ടുകാരോ കാലങ്ങളായി ഇറാഖുമായി ഒരു ബന്ധവും ഇല്ലത്തവരോ ആണെന്ന്  പരാതികളുണ്ട്. ഭരണചക്രം നിയന്ത്രിക്കാന്‍ പരിശീലനം സിദ്ധിച്ച ബ്യൂറോക്രാറ്റുകളുടെ അഭാവവും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. നിരന്തര സമരത്തിന്റെ പ്രതിഫലനമെന്നോണം ഭരണകൂടത്തെ ഉടച്ചുവാര്‍ത്ത് അഭ്യസ്തവിദ്യരെയും ടെക്‌നോക്രാറ്റുകളെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന് ഭരണകൂടം ഈയിടെ പ്രഖ്യാപിക്കുകയുണ്ടായി.

അതേസമയം ഐസിസ് അതിന്റെ കിരാതവാഴ്ച തുടരുകയാണ്. അമ്പതിലധികം  കൂട്ട ശ്മശാനങ്ങള്‍ കണ്ടെത്തിയത് ഈയടുത്താണ്. ഐസിസിന്റെ കാര്യത്തില്‍   അന്താരാഷ്ട്ര ശക്തികളും ഭരണകൂടവും മുഖ്തദ സ്വദ്ര്‍ ഉള്‍പ്പെടെയുള്ള നേതാക്കളും ജനങ്ങളും ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. സുന്നികള്‍ ഭൂരിപക്ഷം വസിക്കുന്ന മേഖലകളില്‍ ഇപ്പോഴും ഭീകരത താണ്ഡവം തുടരുന്നതിനാല്‍ സുന്നികള്‍ ഇത്തരത്തിലുള്ള ഒരു നീക്കുപോക്കിനും തയാറുമല്ല.   ഇറാഖിന്റെ സുപ്രധാനമായ പല മേഖലകളിലും ഐസിസ്  നിലനില്‍ക്കുന്നുവെന്ന വസ്തുത അംഗീകരിക്കുമ്പോള്‍ മറ്റെല്ലാ പ്രതീക്ഷകളും  അസ്ഥാനത്താവുന്നു

ഇറാഖിലെ പുതിയ പ്രതിസന്ധി സൃഷ്ടിച്ച രാഷ്ട്രീയ അസ്ഥിരത ഭരണകൂടത്തെയും പാര്‍ലമെന്റ് നടപടികളെയും നിര്‍ജീവമാക്കിയിരിക്കുന്നു. സൈന്യം, സുരക്ഷ, മനുഷ്യാവകാശ സംരക്ഷണം  തുടങ്ങിയ മേഖലകളെ കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് എടുത്തെറിഞ്ഞിരിക്കുന്നു. ഇപ്പോള്‍ രൂപപ്പെട്ട രാഷ്ട്രീയ അസ്ഥിരത ഭീകരതക്ക് സഹായകമാവുമെന്നും രാജ്യത്തെ കൂടുതല്‍ അരാജകത്വത്തിലേക്ക് നയിക്കുമെന്നും യു.എന്‍ അഭിപ്രായപ്പെടുന്നു. അരാജകത്വത്തിലേക്ക് തള്ളിവിട്ടവര്‍ തന്നെ നടത്തുന്ന ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ വെറും മീഡിയ സ്റ്റണ്ട് മാത്രമാണെന്ന് ഇറാഖിലെ ജനങ്ങള്‍ക്കറിയാം.

ഇറാഖിനെ രണ്ടോ മൂന്നോ ആയി മുറിച്ചുകൊണ്ടുള്ള പരിഹാരമാണ് പടിഞ്ഞാറ് മുന്നോട്ടുവെക്കുന്നത് എന്നതിനാല്‍  സുസ്ഥിരവും സുരക്ഷിതവുമായ ഐക്യ ഇറാഖ് ഇനിയും കാതങ്ങള്‍ അകലെയാണ്. വിഭാഗീയതകളെ കൃത്യമായി അഡ്രസ് ചെയ്യുന്ന ഒരു രാഷ്ട്രീയ പരിഹാരമാണ് ഇറാഖ് തേടുന്നത്. 

 

(കുര്‍ദിസ്താന്‍ തലസ്ഥാനമായ ഇര്‍ബിലില്‍ ജോലിചെയ്യുകയാണ് ലേഖകന്‍)


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ /27-28
എ.വൈ.ആര്‍