ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍ മാതൃകാ ജീവിതത്തിനുടമ
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന പ്രസിഡന്റ് ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍ നമ്മെ വിട്ടുപിരിഞ്ഞു. സമസ്തയുടെ ജനറല്‍ സെക്രട്ടറിയും പ്രഗത്ഭ പണ്ഡിതനുമായിരുന്ന ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ വിയോഗമേല്‍പിച്ച നഷ്ടബോധത്തില്‍നിന്ന് സമസ്ത വിശേഷിച്ചും, കേരള മുസ്‌ലിംസമൂഹം പൊതുവിലും കരകയറുന്നതിനു മുമ്പാണ് മറ്റൊരു പണ്ഡിതന്‍ കൂടി വിടപറയുന്നത്.
അനുകരണീയമായ ധാരാളം മാതൃകകള്‍ അവശേഷിപ്പിച്ചുകൊണ്ടാണ് സംഘാടകനും നേതാവും പണ്ഡിതനും അധ്യാപകനുമെല്ലാമായ കോയക്കുട്ടി മുസ്‌ലിയാര്‍ കടന്നുപോയത്. അങ്ങേയറ്റം ത്യാഗമനുഷ്ഠിച്ചുകൊണ്ടുതന്നെ ദീനീവിജ്ഞാനം നേടിയ കോയക്കുട്ടി മുസ്‌ലിയാര്‍ താനാര്‍ജിച്ച അറിവുകള്‍ സമൂഹത്തിന് പകര്‍ന്നുനല്‍കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നുവെന്നതിന് അദ്ദേഹത്തിന്റെ നീണ്ട അധ്യാപന ജീവിതം തന്നെ തെളിവാണ്. നല്ലൊരു വിദ്യാഭ്യാസ പ്രവര്‍ത്തകനായിരുന്നു കോയക്കുട്ടി മുസ്‌ലിയാര്‍. 56 വര്‍ഷം വിവിധ പള്ളി ദര്‍സുകളില്‍ മുദര്‍രിസായി അദ്ദേഹം സേവനമനുഷ്ഠിച്ചു. ദീനീ അധ്യാപകരെ വാര്‍ത്തെടുക്കുന്നതിന് മുഅല്ലിം ട്രെയ്‌നിംഗ് കോഴ്‌സ് ആരംഭിക്കണമെന്ന ആശയം അദ്ദേഹത്തിന്റെ കാലിക ചിന്തയെയാണ് തെളിച്ചുകാട്ടുന്നത്. ഇന്ന് കേരളത്തില്‍ അറിയപ്പെടുന്ന നിരവധി ഉന്നത ദീനീ പഠന കേന്ദ്രങ്ങളുടെ സാരഥ്യത്തില്‍ അദ്ദേഹമുണ്ടായിരുന്നു. കേരള മുസ്‌ലിംകളുടെ സവിശേഷതയായി അവകാശപ്പെടാവുന്ന മദ്‌റസാ പ്രസ്ഥാനത്തിന്റെ തലപ്പത്തും കോയക്കുട്ടി മുസ്‌ലിയാരുടെ സാന്നിധ്യം കാണാം. ആയിരങ്ങള്‍ വരുന്ന ശിഷ്യര്‍ അദ്ദേഹത്തിന്റെ ഉഖ്‌റവീ ജീവിതത്തിന് നേട്ടമാവും.
പാണ്ഡിത്യം പുറത്തറിയിക്കാന്‍ തിടുക്കപ്പെടുകയും മേനിനടിക്കാന്‍ ഉപയോഗിക്കുകയും ചെയ്യുന്ന ഇക്കാലത്ത് അത്തരം വികാരങ്ങളുടെ പിറകില്‍ പോകാന്‍ തയാറായില്ല എന്നതാണ് കോയക്കുട്ടി മുസ്‌ലിയാരുടെ ജീവിതത്തിന്റെ പ്രത്യേകത. അറിവായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ സമ്പത്ത്. ആ അറിവിനെ അദ്ദേഹം ധനാഗമന മാര്‍ഗമായി ഉപയോഗിച്ചില്ല. വാക്കുകളെ പാഴാക്കാന്‍ തുനിഞ്ഞില്ല.
തീര്‍ത്തും ലളിതവും ആര്‍ഭാടരഹിതവുമായ ജീവിതമാണ് കോയക്കുട്ടി മുസ്‌ലിയാര്‍ നയിച്ചത്. ദുന്‍യാവിന്റെ മോഹവലയങ്ങള്‍ മുസ്‌ലിയാരെ തെല്ലും ആകര്‍ഷിച്ചില്ല. ഇത്രയേറെ പൊതുബന്ധങ്ങളും പൊതു രംഗങ്ങളുമുണ്ടായിട്ടും ജീവിതത്തിലൊരിക്കല്‍ പോലും ഒരാളില്‍നിന്നും കടം വാങ്ങേണ്ടിവന്നില്ല. ജീവിതത്തിലെ കണിശതയെ തന്നെയാണത് സൂചിപ്പിക്കുന്നത്. ജീവിതത്തില്‍ അതീവ സൂക്ഷ്മത പുലര്‍ത്തിയവരുടെ മുന്‍നിരയിലായിരുന്നു അദ്ദേഹം. ആഖിറത്തിനെ കുറിച്ച ചിന്ത എല്ലായ്‌പ്പോഴും മനസ്സില്‍ കൊണ്ടുനടന്നു. ഇഹലോകത്തോടുള്ള ഈ വിരക്തിയും പരലോകത്തെ കുറിച്ച നിതാന്ത ബോധവുമാണ് അദ്ദേഹത്തിന് സ്വന്തം അനുയായികളോടും സഹചാരികളോടും ഉപദേശിക്കാനുമുണ്ടായിരുന്നത്.
സ്വയം ജീവിതം സമര്‍പ്പിച്ച വഴിയില്‍ കുടുംബവും ചേര്‍ന്നു നില്‍ക്കണമെന്ന നിശ്ചയം അദ്ദേഹത്തിനുണ്ടായിരുന്നു. അതിലദ്ദേഹം വിജയിക്കുകയും ചെയ്തു. മക്കളെയെല്ലാം ദീനീ പണ്ഡിതരായി വളര്‍ത്തി. മരുമക്കളെ തെരഞ്ഞെടുത്തപ്പോഴും ഇതേ കാഴ്ചപ്പാട് പുലര്‍ത്തുകയും ചെയ്തു.
മുസ്‌ലിം സമുദായത്തിനു ലഭിച്ച നല്ലൊരു നേതാവു കൂടിയായിരുന്നു അദ്ദേഹം. 1988 മുതല്‍ സമസ്തയുടെ മുശാവറ അംഗവും 2001-ല്‍ ഉപാധ്യക്ഷനും 2012-ല്‍ അധ്യക്ഷനുമായി. ഉന്നത സ്ഥാനങ്ങളിലിരുന്നപ്പോഴൊന്നും ആ ഉയര്‍ച്ചയില്‍ അദ്ദേഹം മതിമറന്നില്ല. തന്റെ മുമ്പില്‍ വരുന്ന ആരെയും ധാരാളമായി കേള്‍ക്കുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്തു. വിട്ടുവീഴ്ച ആവശ്യമുള്ളേടത്ത് വിട്ടുവീഴ്ച ചെയ്യാനും സമാധാനം നിലനിര്‍ത്താനും അദ്ദേഹം ശ്രമിച്ചു, സമുദായത്തെ അതിനായി ആഹ്വാനം ചെയ്തു. കൈയടിക്കുവേണ്ടി ഒന്നും പറഞ്ഞില്ല.
വിനയം, ലാളിത്യം, കര്‍മോത്സുകത, ജീവിത വിശുദ്ധി തുടങ്ങി ഒട്ടേറെ മാതൃകകള്‍ കാഴ്ചവെച്ചാണ് കോയക്കുട്ടി മുസ്‌ലിയാര്‍ യാത്രയായത്. പ്രപഞ്ചനാഥന്‍ അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ. അദ്ദേഹത്തിന്റെ വിയോഗം മൂലം അദ്ദേഹം നേതൃത്വം നല്‍കിയ പ്രസ്ഥാനത്തിനും മുസ്‌ലിം സമുദായത്തിനുമുണ്ടായ നഷ്ടം അല്ലാഹു നികത്തിത്തരുമാറാവട്ടെ- ആമീന്‍
Comments