Prabodhanm Weekly

Pages

Search

2016 മെയ് 20

2952

1437 ശഅ്ബാന്‍ 13

തീവ്രതക്കും അതിരുകവിച്ചിലിനും മധ്യേ

അശ്‌റഫ് കീഴുപറമ്പ്‌

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് സിസ്റ്റംസ് തിയറി വികാസം പ്രാപിച്ചത്. ഏതൊരു ഘടനയിലും എണ്ണമറ്റ ഉപഘടകങ്ങളെ സമഗ്രമായും അവയുടെ സാകല്യത്തിലും (Holistic Approach), ശ്രേണീബദ്ധമായി (Hierarchical) ബന്ധിപ്പിക്കുന്ന പ്രക്രിയ. തെറ്റുകള്‍ സ്വയം തിരുത്താനുള്ള സംവിധാനമാണിത്. 'ഫിഖ്ഹുല്‍ മഖാസ്വിദി'നെ സിസ്റ്റംസ് തിയറിയുമായി ബന്ധിപ്പിച്ച് ജാസ്വിര്‍ ഔദഃ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. ഇസ്‌ലാമിക ഫിഖ്ഹിന്റെ ആറ് സവിശേഷതകള്‍ സിസ്റ്റംസ് തത്ത്വചിന്തയുമായി ഒത്തുപോവുന്നുണ്ടെന്നാണ് അദ്ദേഹം സമര്‍ഥിക്കുന്നത്. ഒന്ന്: വ്യക്തിയുടെ അന്തര്‍ദര്‍ശനം (Cognitive Nature). മറഞ്ഞിരിക്കുന്ന വസ്തുതകളെ കണ്ടെത്താന്‍ പ്രമാണങ്ങളെ അടിസ്ഥാനപ്പെടുത്തി ഫഖീഹ് ചിന്തിക്കുകയും തത്ത്വവിചാരം നടത്തുകയുമാണ് ചെയ്യുന്നത്. ഇബ്‌നുതൈമിയ്യയുടെ ഭാഷയില്‍ എല്ലാം 'ഫഖീഹിന്റെ ധിഷണയില്‍' (ഫീ ദിഹ്‌നില്‍ ഫഖീഹ്) ആണ് നടക്കുന്നത്. സിസ്റ്റംസ് തിയറിയിലും ഇതുതന്നെയാണ് ആദ്യം വരുന്നത്. രണ്ട്: എല്ലാ വശങ്ങളെയും സമഗ്രമായി സ്പര്‍ശിക്കണം, ഭാഗികമാവരുത്. ഫിഖ്ഹിന്റെ ഭാഷയില്‍ അദ്ദലീലുല്‍ കുല്ലി (Holistic Evidence). ഒറ്റപ്പെട്ട സംഭവങ്ങള്‍ക്കല്ല മുന്‍ഗണന. മൂന്ന്: തുറന്ന/ജീവസ്സുറ്റ ഘടന (Open/Living System) ആയിരിക്കണം; അടഞ്ഞതാവരുത്. ഇജ്തിഹാദിന്റെ വാതില്‍ കൊട്ടിയടക്കാന്‍ പാടില്ല. കാരണം ഏതൊരു ഘടനയിലും പ്രമാണങ്ങള്‍ നിര്‍ണിതമായിരിക്കും; സംഭവങ്ങള്‍ അനിര്‍ണിതവും (Scripts are limited, events are unlimited)). അതിനാല്‍ പുതിയ സംഭവവികാസങ്ങളെക്കുറിച്ച് പ്രമാണങ്ങളുടെ വെളിച്ചത്തില്‍ ചിന്തയും അന്വേഷണവും നടന്നുകൊണ്ടേയിരിക്കണം. നാല്: എല്ലാറ്റിനും ഒരേ പ്രാധാന്യമല്ല ഉണ്ടാവുക; ശ്രേണീബദ്ധമായി അവയെ ഇനംതിരിച്ചിരിക്കും (Categorisation). ഫിഖ്ഹില്‍ ദീക്ഷിക്കേണ്ട ഒരു അനിവാര്യ ഗുണം. നിര്‍ബന്ധ കര്‍മങ്ങളെയും ഐഛിക കര്‍മങ്ങളെയും ഒരേ ഇനത്തില്‍ പെടുത്താനാവില്ലല്ലോ. അഞ്ച്: ഏതൊരു വിഷയത്തിനും ബഹുമുഖത്വം (Multi-dimensionality) ഉണ്ടാവും. കറുപ്പ്/വെളുപ്പ്, വിജയം/പരാജയം തുടങ്ങി ദ്വന്ദ്വങ്ങളാക്കി (Binaries) അവയെ ചുരുക്കാന്‍ പാടില്ല. പരമ്പരാഗത ഫിഖ്ഹില്‍ പലപ്പോഴും വിഷയത്തിലെ ഒരു താല്‍പര്യമോ (ദലീലുല്‍ മസ്്വലഹ) വാജിബ്/ഹറാം, സ്വഹീഹ്/ഫാസിദ് പോലുള്ള 

ദ്വൈതങ്ങളോ മാത്രമേ പരിഗണിക്കപ്പെടാറുള്ളൂ. വിവിധ താല്‍പര്യങ്ങള്‍ (ദലാഇലുല്‍ മസ്്വലഹ) പരിഗണിക്കപ്പെടാറില്ല. തെളിവുകള്‍ തമ്മില്‍ വൈരുധ്യം (തആറുളുദ്ദലാഇല്‍) വരെ ഉണ്ടായെന്നിരിക്കും. അവയെ എങ്ങനെ പൊരുത്തപ്പെടുത്താന്‍ (ജംഅ്) കഴിയും എന്നാണ് ആലോചിക്കേണ്ടത്. ആറ്: ഏത് കാര്യത്തിനും കൃത്യമായ ലക്ഷ്യവും ഉദ്ദേശ്യവും (Purposefulness) ഉണ്ടാവും. ഇതുതന്നെയാണല്ലോ ഫിഖ്ഹുല്‍ മഖാസ്വിദും. ഹികം, അഗ്‌റാദ്, അസ്‌റാര്‍ തുടങ്ങിയ പല പേരുകളില്‍ ഇത് ഇസ്‌ലാമിക ജ്ഞാന മണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. 

ഫിഖ്ഹുല്‍ മഖാസ്വിദിനെക്കുറിച്ച പഠനം ഏതൊക്കെ മേഖലകളിലേക്ക് വികസിച്ചിരിക്കുന്നു എന്ന് സൂചിപ്പിക്കാന്‍ വേണ്ടിയാണ് ഈ ഉദാഹരണം പറഞ്ഞത്. തീര്‍ത്തും ഭൗതികതയില്‍ ഊന്നുന്ന, ദൈവനിരാസപരമായ ഒരു തിയറി ഫിഖ്ഹിലേക്ക് കടമെടുക്കുമ്പോള്‍ പ്രശ്‌നമുണ്ടാകില്ലേ? ഗ്രന്ഥകാരന്‍ ജാസിര്‍ ഔദഃ തന്നെ ഈ ആശങ്ക പങ്കുവെക്കുന്നുണ്ട്. അതേക്കുറിച്ച് തികഞ്ഞ ബോധ്യത്തോടെ, നാസ്തിക സങ്കല്‍പ്പത്തെ തള്ളിക്കളഞ്ഞ്, ആ രീതിശാസ്ത്രം മാത്രം കടമെടുക്കുകയാണ് താന്‍ ചെയ്തതെന്ന് അദ്ദേഹം എഴുതുന്നു. സ്വാഭാവികമായും ഭിന്നാഭിപ്രായമുള്ളവര്‍ ധാരാളം മറുവശത്തുണ്ടാവും. ഫിഖ്ഹുല്‍ മഖാസ്വിദിനോട് മൂന്ന് തരം നിലപാടുകളെടുക്കുന്നവരുണ്ടെന്ന് ശൈഖ് യൂസുഫുല്‍ ഖറദാവി നിരീക്ഷിക്കുന്നുണ്ട്. ഫിഖ്ഹുല്‍ മഖാസ്വിദിനെ പാടെ തള്ളിക്കളയുന്നവര്‍. അവരെ 'നവ ളാഹിരികള്‍' എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. തങ്ങളുടെ ഭൗതിക താല്‍പര്യങ്ങള്‍ക്കൊത്ത് ഇതിനെ ദുരുപയോഗിക്കുകയും വ്യാഖ്യാനം നടത്തുകയും ചെയ്യുന്നവരുണ്ട്. അവരാണ് 'നവ നിഷേധികള്‍'. ഈ പഠന ശാഖയെ പ്രമാണബദ്ധമായി, സൂക്ഷ്മതയോടെയും അവധാനതോടെയും സമൂഹ നന്മക്കായി ഉപയോഗപ്പെടുത്തുന്നവരുണ്ട്. അവരാണ് വസത്വീ ചിന്താഗതിക്കാര്‍.  


'നവ ളാഹിരികള്‍' 

നവ ളാഹിരികള്‍ ആരെന്നറിയാന്‍ ളാഹിരികളെക്കുറിച്ചും ളാഹിരി മദ്ഹബിനെക്കുറിച്ചും അറിഞ്ഞിരിക്കണം. പ്രത്യക്ഷാര്‍ഥ വാദമാണ് ളാഹിരിസം. ഹിജ്‌റ മൂന്നാം നൂറ്റാണ്ടിലാണ് ഇതിന്റെ ആവിര്‍ഭാവം. ദാവൂദുബ്‌നു അലി അള്ളാഹിരി (മരണം: ഹി. 270) ആണ് ഇതിന്റെ ഉപജ്ഞാതാവ്. ഏതൊരു പാഠ(നസ്സ്വ്)ത്തിനും അതിന്റെ പ്രത്യക്ഷവും ഭാഷാപരവുമായ അര്‍ഥം മാത്രമേ നല്‍കാവൂ എന്നാണിവരുടെ വാദം. ഉദ്ദേശ്യാര്‍ഥങ്ങളോ ആലങ്കാരികാര്‍ഥങ്ങളോ സ്വീകാര്യമല്ല. ഈ ചിന്താഗതിയുടെ രണ്ടാമത്തെ വലിയ ഗുരു കൊര്‍ദോവക്കാരനായിരുന്ന ഇബ്‌നു ഹസം (മരണം: ഹി. 456) ആണ്. ഇങ്ങനെയൊരു മദ്ഹബോ ളാഹിരികള്‍ എന്ന് വിളിക്കപ്പെടുന്ന ഒരു വിഭാഗമോ ഇന്ന് നിലവിലില്ലെങ്കിലും ഇവരുടെ പല ആശയങ്ങളും കൊണ്ടുനടക്കുന്ന വ്യക്തികളും ഗ്രൂപ്പുകളും ഇന്നുമുണ്ട്. പ്രമാണങ്ങളെ അക്ഷര വായന നടത്തുന്നവര്‍ (ഹറഫിയ്യൂന്‍) എന്നാണിവരെ വിശേഷിപ്പിക്കാറുള്ളത്. 

ഏതു പ്രമാണത്തെയും ളാഹിരികള്‍ അക്ഷരാര്‍ഥത്തിലേ എടുക്കൂ. ഈ രീതിശാസ്ത്രത്തിന്റെ ന്യായങ്ങള്‍ വിശദീകരിക്കുന്ന കൃതിയാണ് ഇബ്‌നു ഹസമിന്റെ 'അല്‍ ഇഹ്കാമു ഫീ ഉസ്വൂലില്‍ അഹ്കാം' . അദ്ദേഹത്തിന്റെ തന്നെ 'അല്‍മുഹല്ലാ' എന്ന കൃതിയില്‍ ഈ ആശയത്തിന്റെ പ്രയോഗവല്‍ക്കരണമാണ് ചര്‍ച്ച ചെയ്യുന്നത്. അക്ഷര വായന എത്ര പരിഹാസ്യമായ പതനത്തിലെത്തിച്ചേരുന്നു എന്നതിന് രണ്ട് ഉദാഹരണങ്ങള്‍ മാത്രം: 

ബുഖാരി (ഹദീസ് നമ്പര്‍ 293)യും മുസ്‌ലിമും (282) അബൂദാവൂദും (69) അബൂഹുറൈറയില്‍നിന്ന് ഉദ്ധരിച്ച ഒരു നബിവചനം: 'നിങ്ങളിലൊരാള്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിക്കുകയും എന്നിട്ടതില്‍നിന്ന് വുദൂ (അംഗശുദ്ധി) എടുക്കുകയും ചെയ്യരുത്.'' ഈ ഹദീസിന്റെ പൊരുള്‍ ളാഹിരികള്‍ മനസ്സിലാക്കുന്നത് ഇങ്ങനെയാണ്: 

-മൂത്രിക്കരുത് എന്നേ പറഞ്ഞിട്ടുള്ളൂ; മലവിസര്‍ജനമായാല്‍ കുഴപ്പമില്ല!

മൂത്രിക്കുന്നയാള്‍ വുദൂ എടുക്കരുതെന്നേ പറഞ്ഞിട്ടൂ; ഇയാള്‍ മൂത്രിച്ചാലും മറ്റൊരാള്‍ക്ക് വുദൂ എടുക്കാം. 

-ഇനിയൊരാള്‍ ഒരു പാത്രത്തില്‍ മൂത്രിച്ച ശേഷം അത് കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ഒഴിച്ചാല്‍ പ്രശ്‌നമില്ല. കാരണം, കെട്ടിനില്‍ക്കുന്ന വെള്ളത്തിലേക്ക് നേരിട്ട് അയാള്‍ മൂത്രമൊഴിച്ചിട്ടില്ലല്ലോ. ഇനി അയാള്‍ കരയില്‍ മൂത്രമൊഴിക്കുകയും അത് വെള്ളത്തിലേക്ക് ഒലിച്ചിറങ്ങുകയുമാണെങ്കിലും ഇതേ ന്യായത്താല്‍ അയാള്‍ക്കതില്‍നിന്ന് വുദൂ എടുക്കാം! 

കന്യകയുടെ മൗനം വിവാഹത്തിനുള്ള അവളുടെ സമ്മതമാണ് എന്ന നബിവചനമുണ്ടല്ലോ. ളാഹിരികള്‍ ഇത് തലതിരിച്ചാണ് വായിക്കുക. ഇനിയെങ്ങാനും ഈ കന്യക 'ഈ വിവാഹത്തിന് എനിക്ക് സമ്മതമാണ്' എന്നോ മറ്റോ ഉച്ചരിച്ചു പോയാല്‍ അതിനര്‍ഥം അവള്‍ക്ക് സമ്മതമില്ല എന്നാണ്! മൗനത്തിലാണ് സമ്മതം എന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ടല്ലോ. എന്തെങ്കിലും ഉച്ചരിച്ചുകഴിഞ്ഞാല്‍ അവള്‍ക്ക് സമ്മതമോ ഇഷ്ടമോ ഇല്ല എന്നായിത്തീരും അര്‍ഥം! 

ഇത്തരം തലതിരിഞ്ഞ ന്യായങ്ങളാണ് ളാഹിരികളുടേത്. അതിനാലാണ് ഇമാം ജുവൈനി ഇങ്ങനെ പറഞ്ഞത്: 'ഒരു വിഷയത്തില്‍ പണ്ഡിതാഭിപ്രായ സമന്വയം (ഇജ്മാഅ്) ഉണ്ടോ എന്ന് പരിശോധിക്കുമ്പോള്‍ ളാഹിരികള്‍ എന്ത് പറഞ്ഞു എന്ന് നോക്കേണ്ടതില്ല. അവര്‍ അനുകൂലിച്ചാലും എതിര്‍ത്താലും ഇജ്മാഇനെ അത് ബാധിക്കുകയില്ല. കാരണം യഥാര്‍ഥ ഫിഖ്‌ഹോ യഥാര്‍ഥ ഇജ്തിഹാദോ ഇല്ലാത്തവരാണ് ളാഹിരികള്‍.' ഇത്തരം അക്ഷരപൂജകര്‍ എല്ലാ കാലത്തുമുണ്ടാവുമെന്നും, എളുപ്പവും ഹൃദ്യവുമായ ദീനിനെ അവര്‍ 'കടുപ്പമുള്ളതും അനുഷ്ഠിക്കാന്‍ പ്രയാസമുള്ളതുമാക്കിത്തീര്‍ക്കുമെ'ന്നും ഡോ. യൂസുഫുല്‍ ഖറദാവി മറ്റൊരിടത്ത് മുന്നറിയിപ്പ് നല്‍കുന്നു. അദ്ദേഹം കുറിക്കുന്നു: 'ഇത്തരക്കാരുടെ വര്‍ധിച്ച ആത്മാര്‍ഥതയെയും ദീനീബോധത്തെയും നാം ചോദ്യം ചെയ്യുന്നില്ല. പക്ഷേ തങ്ങളുടെ അനങ്ങാപ്പാറ നയവും തീവ്രതയും കാരണമായി ദീനിന് എന്തുമാത്രം ദ്രോഹങ്ങളാണ് തങ്ങള്‍ വരുത്തിവെക്കുന്നതെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. അഭ്യസ്ത വിദ്യരുടെ മുമ്പില്‍ എത്ര വികൃതമായാണ് അവര്‍ ഇസ്‌ലാമിന്റെ ചിത്രം വരഞ്ഞുവെക്കുന്നത്! സ്ത്രീ, കുടുംബം, വിദ്യാഭ്യാസം, ഭരണം, സമ്പദ്ശാസ്ത്രം, മനുഷ്യാവകാശങ്ങള്‍, മതസംവാദങ്ങള്‍, മുസ്‌ലിംകളല്ലാത്തവരുമായുള്ള ബന്ധങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അവരുടെ നിലപാടുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാവും.'

നവളാഹിരികളുടെ വിശേഷണങ്ങള്‍ അദ്ദേഹം അക്കമിട്ട് നിരത്തുന്നു: അക്ഷരവായനയും വ്യാഖ്യാനവും, തീവ്രതയും കുടുസ്സാക്കലും, തങ്ങളുടേതല്ലാത്ത ഒരഭിപ്രായത്തിനും ചെവികൊടുക്കാതിരിക്കല്‍, വിയോജിക്കുന്നവരുടെ മേല്‍ ചാടിവീഴല്‍, അവരെ നിഷേധികളെന്ന് മുദ്രകുത്താനും (തക്ഫീര്‍) മടികാണിക്കാതിരിക്കല്‍, ദീനീ-മദ്ഹബീ കുഴപ്പങ്ങള്‍ കുത്തിയിളക്കുന്നതില്‍ മനഃപ്രയാസം തോന്നാതിരിക്കല്‍. ഈ മനോഭാവങ്ങളത്രയും നാം ചര്‍ച്ചചെയ്യുന്ന മഖാസ്വിദ് ഫിഖ്ഹുമായി ഒരിക്കലും ഒത്തുപോവുകയില്ല. കാലത്തെ അറിഞ്ഞും എതിരഭിപ്രായങ്ങളെ മാനിച്ചും പ്രയാസങ്ങള്‍ ലഘൂകരിച്ചും ചിന്താപരമായ തുറസ്സുണ്ടാക്കിയും ശരീഅത്തിന്റെ പൊരുളും സമുന്നത ലക്ഷ്യങ്ങളും അന്വേഷിക്കുകയാണല്ലോ നാം മഖാസ്വിദ് ഫിഖ്ഹിലൂടെ. 

ളാഹിരിസം പഴയതായാലും പുതിയതായാലും പ്രമാണപാഠങ്ങളുടെ അക്ഷരവായനയാണ് നടത്തുന്നത്. ആശയങ്ങളെക്കുറിച്ചോ നിയമാവിഷ്‌കാരത്തിന്റെ കാരണങ്ങളെ (തഅ്‌ലീല്‍) കുറിച്ചോ സമുന്നത ലക്ഷ്യങ്ങളെ (മഖാസ്വിദ്) കുറിച്ചോ മനുഷ്യന്‍ ആലോചിക്കേണ്ടതില്ല. ഈ ചിന്താധാരയില്‍ ഖിയാസ്, ഇജ്തിഹാദ്, ഇസ്തിന്‍ബാത്വ്, മസ്വാലിഹ് മുര്‍സല പോലുള്ള മനുഷ്യന്റെ അന്വേഷണവുമായി ബന്ധപ്പെട്ട മറ്റു സുപ്രധാന ഫിഖ്ഹീ സംജ്ഞകള്‍ക്കും യാതൊരു സ്ഥാനവുമില്ല. ഇത്തരം ആശയങ്ങള്‍ വെച്ചുപുലര്‍ത്തുന്നവര്‍ സ്വാഭാവികമായും തീവ്രതയുടെ വഴിയില്‍ സഞ്ചരിക്കുന്നവരും മഖാസ്വിദ് ഫിഖ്ഹിന്റെ എതിരാളികളുമായിരിക്കും. 

ഈ അക്ഷരവായനയെ ആദ്യകാല ഖലീഫമാര്‍ കര്‍ശനമായി നേരിട്ടതായി കാണാം. രണ്ടാം ഖലീഫ ഉമറുബ്‌നുല്‍ ഖത്ത്വാബി(റ)ന്റെ കാലത്തെ ഒരു സംഭവം: ഒരു സ്ത്രീ തന്റെ ഭര്‍ത്താവിനോട് പറഞ്ഞു: 'എന്നെ ഒരു പേര് വിളിക്കൂ.' അയാള്‍ അവളെ 'ത്വയ്യിബ' (സന്മനസ്സുള്ളവള്‍) എന്ന് പേര് വിളിച്ചു. അങ്ങനെയുള്ള പേരല്ല എന്നായി അവള്‍. 'എന്നാല്‍ എന്ത് പേര് വിളിക്കണമെന്ന് നീ പറഞ്ഞുതരൂ.' അപ്പോള്‍ അവള്‍ പറഞ്ഞു: 'ഖലിയ്യഃ ത്വാലിഖ് എന്ന് വിളിച്ചാല്‍ മതി.' അയാള്‍ അപ്രകാരം വിളിക്കുകയും ചെയ്തു. ഉടനെ അവള്‍ ഖലീഫ ഉമറിനെ പോയികണ്ട്, തന്റെ ഭര്‍ത്താവ് തന്നെ മൊഴി ചൊല്ലിയിരിക്കുന്നു എന്നറിയിച്ചു. സംശയം തോന്നിയ ഉമര്‍ ഭര്‍ത്താവിനെ വിളിപ്പിച്ചു. അയാള്‍ ഉണ്ടായ സംഭവം പറഞ്ഞു. ത്വാലിഖ് എന്നാല്‍ വിവാഹമോചിത. ഖലിയ്യഃ എന്നാലും അതേ അര്‍ഥം തന്നെ. ഭര്‍ത്താവിനെക്കൊണ്ട് സൂത്രത്തില്‍ ആ വാക്കുകള്‍ ഉച്ചരിപ്പിക്കുകയായിരുന്നു അവള്‍. ഉമര്‍ അവളെ കടുത്ത ഭാഷയില്‍ ശകാരിച്ചു. എന്നിട്ട് ഭര്‍ത്താവിനോട് പറഞ്ഞു: 'അവളെ വീട്ടിലേക്ക് കൊണ്ടുപോ. എന്നിട്ട് നീയും ശകാരിക്ക്.' ഈ സംഭവം ഉദ്ധരിച്ചശേഷം ഇബ്‌നുല്‍ ഖയ്യിം പറയുന്നു: 'ഇതാണ് നാമറിയാതെ നമ്മുടെ ഹൃദയത്തെ കീഴടക്കുന്ന ജീവനുള്ള ഫിഖ്ഹ്.' അക്ഷരവായനയുടെ മുതുകത്താണ് ഇവിടെ ഉമര്‍ (റ) ആഞ്ഞടിക്കുന്നത്. വാക്കുകളെ അവയുടെ ആശയപരിസരത്തുനിന്ന് മുറിച്ചുമാറ്റരുതെന്ന താക്കീതാണിത്. 

 

'നവനിഷേധികള്‍'

ഡോ. ഖറദാവി 'അല്‍മുഅത്വിലതുല്‍ ജുദദ്' എന്ന് വിശേഷിപ്പിക്കുന്ന നവനിഷേധികളുടെ നില്‍പ്പ് ളാഹിരിസത്തിന്റെ നേര്‍ എതിര്‍ധ്രുവത്തിലാണ്. അല്ലാഹുവിന്റെ നാമങ്ങളെയും വിശേഷണങ്ങളെയും റദ്ദ് ചെയ്യുന്ന ജഹ്മി, മുഅ്തസിലി പോലുള്ള ഗ്രൂപ്പുകളെ സലഫികള്‍ ഈ പേരിലാണ് വിളിക്കുക. പ്രമാണ പാഠങ്ങള്‍ (നുസ്വൂസ്) റദ്ദ് ചെയ്ത് ലക്ഷ്യങ്ങളെ (മഖാസ്വിദ്) മാത്രം കൂട്ടുപിടിക്കുന്നവരാണിവര്‍. ഇതൊരിക്കലും ശരീഅത്ത് വിഭാവനം ചെയ്യുന്ന ലക്ഷ്യങ്ങളായിരിക്കുകയില്ലതാനും. കള്ളും പലിശയുമൊന്നും ഇന്നത്തെ കാലത്ത് നിരോധിക്കാനാവുകയില്ല. അത് രാജ്യത്തിന്റെ സാമ്പത്തിക ഘടനയെ തകിടം മറിക്കും. അതിനാല്‍ ഇവ രണ്ടും നിരോധിച്ചുകൊണ്ടുള്ള ഖുര്‍ആന്റെ നസ്സ്വിനെ റദ്ദ് ചെയ്യാം. ഈ തരത്തിലാണ് അവരുടെ വാദം. ഇക്കാര്യത്തില്‍ തങ്ങളുടെ നേതാവ് ഉമറുബ്‌നുല്‍ ഖത്ത്വാബാണെന്നും അവര്‍ വീമ്പിളക്കും. സകാത്തില്‍ 'ഹൃദയങ്ങള്‍ ഇണക്കപ്പെടേണ്ടവര്‍' (മുഅല്ലഫത്തുല്‍ ഖുലൂബ്) ക്ക് ഒരു വിഹിതമുണ്ടല്ലോ. അത് ഖുര്‍ആനില്‍ വ്യക്തമായി പറഞ്ഞിട്ടുള്ളതുതന്നെയാണ്. പക്ഷേ ഉമര്‍ തന്റെ ഭരണകാലത്ത് ആ വിഹിതം നിര്‍ത്തല്‍ ചെയ്തു; ന്യായമായ കാരണങ്ങളാല്‍. അപ്പോള്‍ നല്ല ലക്ഷ്യങ്ങള്‍ക്കു വേണ്ടി പ്രമാണപാഠങ്ങള്‍ റദ്ദ് ചെയ്യാം എന്നുവന്നില്ലേ? ഇതാണവരുടെ ചോദ്യം. നവനിഷേധികള്‍ ഇവിടെ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. 

സകാത്തിലെ ആ വിഹിതം ഉമര്‍ (റ) റദ്ദ് ചെയ്തിട്ടില്ല. അത് അദ്ദേഹത്തിന് സാധ്യവുമല്ല. ഇസ്‌ലാമിനോട് ആഭിമുഖ്യം തോന്നുന്നവര്‍ക്ക് അവരുടെ ജീവിത പ്രയാസത്തിന്റെ ഘട്ടത്തില്‍ പിടിച്ചുനില്‍ക്കാന്‍ നല്‍കുന്ന സകാത്തിലെ വിഹിതമാണത്. അത് സ്ഥിരമായി ഒരേ കൂട്ടര്‍ക്ക് നല്‍കാനുള്ളതല്ല. അഖ്‌റഉബ്‌നു ഹാബിശ് അത്തമീമി, ഉയൈനുബ്‌നു ഹിസ്വ്ന്‍ അല്‍ ഫസാരി, അബ്ബാസുബ്‌നു മിര്‍ദാസ് മുതലായവര്‍ നബി(സ)യുടെ കാലത്തും അബൂബക്‌റി(റ)ന്റെ ഭരണകാലത്തും പിന്നെ ഉമറി(റ)ന്റെ കാലത്തും ഈ വിഹിതം പറ്റിക്കൊണ്ടിരിക്കുകയായിരുന്നു. ഒരാള്‍ക്ക് ജീവിതകാലം മുഴുവന്‍ അനുഭവിക്കാനുള്ളതാണോ ഈ വിഹിതം? അല്ലല്ലോ. ചിലര്‍ തഞ്ചത്തില്‍ അതൊരു വരുമാനമാര്‍ഗമായി സ്വീകരിച്ചപ്പോള്‍ അക്കൂട്ടര്‍ക്കത് തടയുക മാത്രമാണ് ഉമര്‍ (റ) ചെയ്തത്. ഉമര്‍ (റ) ആ വിഹിതം സകാത്തില്‍നിന്ന് എടുത്തുമാറ്റി എന്ന് ഒരു പണ്ഡിതനും ഈ സംഭവം ഉദ്ധരിച്ചുപറഞ്ഞിട്ടുമില്ല. 

തങ്ങളുടെ മസ്തിഷ്‌കങ്ങള്‍ പാശ്ചാത്യര്‍ക്ക് പണയപ്പെടുത്തിയവരാണ് നവനിഷേധികള്‍. അവരുടെ ചിന്തകളിലുടനീളം  ഈ വിധേയത്വം മറനീക്കി പുറത്തുവരുന്നത് കാണാം. തുനീഷ്യയിലെ ഒരു സെക്യുലര്‍ ചിന്തകന്‍ പ്രശസ്ത തുനീഷ്യന്‍ മഖാസ്വിദി പണ്ഡിതന്‍ മുഹമ്മദുബ്‌നു ആശൂറിനെപ്പറ്റി എഴുതുന്നത് കാണുക: 'ഇദ്ദേഹം ഇല്ലത്ത് (കാരണം) എന്ന് പറയേണ്ടിടത്ത് മഖ്‌സ്വദ് (ലക്ഷ്യം) എന്നു പറയുന്നു എന്നേയുള്ളൂ. സമുന്നത ലക്ഷ്യങ്ങളെ അവലംബിച്ചുള്ള ഒരു തീര്‍പ്പിലേക്കും അന്വേഷണം എത്തുന്നില്ല. മുമ്പ് ഹലാലായിരുന്നത് ഇപ്പോഴും ഹലാല്‍, മുമ്പ് ഹറാമായിരുന്നത് ഇപ്പോഴും ഹറാം. പരമ്പാഗത നിയമങ്ങളിലൊന്നിനെയും ഇദ്ദേഹം ചോദ്യം ചെയ്യുന്നില്ല.'' അതായത്, ഇസ്‌ലാമിക പ്രമാണങ്ങളുടെ തന്നെ പൊളിച്ചെഴുത്താണ് നവനിഷേധികളുടെ മഖാസ്വിദ് എന്ന് പറയുന്നത്. ധിഷണ പ്രയോഗിക്കുന്നത് തെറ്റല്ല; അഭികാമ്യവുമാണ്. പക്ഷേ ഇസ്‌ലാമിന്റെ പ്രമാണങ്ങളെ നിരാകരിക്കാനാണ് ആ പ്രയോഗമെങ്കില്‍ അത് മഖാസ്വിദീ ചിന്തയുടെ ഭാഗമേ അല്ല; ഇസ്‌ലാംവിരുദ്ധ ശക്തികളുടെ പടപ്പുറപ്പാട് മാത്രമാണ്. 

 

തവസ്സുത്വീ നിലപാട്

നവളാഹിരികളെയും നവനിഷേധികളെയും ഒരുപോലെ തളളിക്കളയുന്ന മധ്യമനിലപാടാണിത്. അവിടെ പ്രമാണ പാഠങ്ങള്‍ക്ക് ഒരു മാറ്റവും സംഭവിക്കുന്നില്ല. പക്ഷേ, കാലത്തിനൊത്ത് മാറുന്ന പലതുമുണ്ടാവും. അവയെ പ്രമാണ പാഠങ്ങളായി തെറ്റിദ്ധരിക്കുകയുമില്ല. മാറ്റം വേണം എന്നു പറയുമ്പോള്‍ പലപ്പോഴും ലക്ഷ്യസാക്ഷാത്കാരത്തിനുള്ള മാര്‍ഗങ്ങളും മാധ്യമങ്ങളും മാറണം എന്നേ ഉദ്ദേശിക്കുന്നുണ്ടാവുകയുള്ളൂ. ആ മാറ്റം അനിവാര്യമാണുതാനും. 'അവര്‍ക്കെതിരെ നിങ്ങള്‍ നിങ്ങളുടെ കഴിവിന്‍പടി അധികമധികം ശക്തി സംഭരിക്കുകയും സുസജ്ജമായ കുതിരപ്പടയെ ഒരുക്കി നിര്‍ത്തുകയും ചെയ്യുവിന്‍. അതുവഴി അല്ലാഹുവിന്റെയും നിങ്ങളുടെയും ശത്രുക്കളെ ഭയപ്പെടുത്താം' (അല്‍ അന്‍ഫാല്‍ 60) എന്ന് ഖുര്‍ആനിലുണ്ട്. ഇവിടെ ലക്ഷ്യം (മഖ്‌സ്വദ്) ശത്രുക്കളെ ഭയപ്പെടുത്തുക എന്നതാണ്. അതിലൊരു മാറ്റവുമില്ല. അതിനുള്ള മാര്‍ഗമായി ഖുര്‍ആനില്‍ പറയുന്നത് 'കുതിരപ്പടയെ ഒരുക്കിനിര്‍ത്തുക' എന്നും. ഇന്ന് കുതിരപ്പടയെ ഒരുക്കി നിര്‍ത്തിയാല്‍ ശത്രുക്കള്‍ ഭയപ്പെടുമോ? അപ്പോള്‍ നമ്മുടെ കാലത്തെ 'കുതിരപ്പട' ബോംബര്‍ വിമാനങ്ങളും ടാങ്കുകളും മറ്റു അത്യന്താധുനിക യുദ്ധോപകരണങ്ങളുമാണ്. ഖുര്‍ആനില്‍ കുതിര എന്നാണല്ലോ പറഞ്ഞിരിക്കുന്നത്, അതിനാല്‍ കുതിരയുമായാണ് യുദ്ധത്തിന് പോവുക എന്നു പറഞ്ഞാല്‍ എന്തുമാത്രം അപഹാസ്യമാണത്! 

'സിവാക് വായയെ ശുദ്ധീകരിക്കുന്നു; രക്ഷിതാവിനത് തൃപ്തിയുമാണ്' എന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. അറാക് കൊള്ളികൊണ്ട് പല്ലുതേക്കുന്നതിനാണ് സിവാക് എന്നു പറയുന്നത്. ഇവിടെ മഖ്‌സ്വദ് വായ ശുദ്ധിയായിരിക്കുക എന്നതാണ്. അതിനൊരു കാലത്തും മാറ്റമുണ്ടാവില്ല. പക്ഷേ അറാക് കൊള്ളികൊണ്ടുതന്നെ വേണം എന്നുവെക്കാന്‍ പറ്റുമോ? നബി തന്റെ കാലത്തെ ദന്തശുദ്ധീകരണത്തിനുള്ള ഒരു ഉപാധി (വസ്വീല) പറഞ്ഞുവെന്നേയുള്ളൂ. അറാക് കൊള്ളിതന്നെ വേണം എന്നുവെച്ചാല്‍ സുഊദി അറേബ്യയിലുള്ളവര്‍ക്ക് അത് സംഘടിപ്പിക്കാന്‍ പറ്റുമായിരിക്കും. ബാക്കിയുള്ളവര്‍ എന്തുചെയ്യും? അപ്പോള്‍ ദന്തശുദ്ധീകരണത്തിന് അനുവദനീയമായ ഏത് നവീന മാര്‍ഗങ്ങളും ഉപയോഗിക്കാമെന്നുവരുന്നു. ഇങ്ങനെ ഇസ്‌ലാമിലെ വിധിവിലക്കുകളെയും നിര്‍ദേശങ്ങളെയും അധ്യാപനങ്ങളെയുമെല്ലാം അവക്കു പിന്നിലെ സമുന്നത ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പഠനമാണ് ഫിഖ്ഹുല്‍ മഖാസ്വിദ്. നമ്മുടെ കാലത്ത് അത്തരമൊരു പഠനം എത്ര അനിവാര്യമാണെന്ന് മുന്‍ഗാമികളായ മഹാപണ്ഡിതന്മാരുടെ സാക്ഷ്യങ്ങള്‍ കൂടി ചേര്‍ത്ത് അവതരിപ്പിക്കാനാണ് ഇനി ശ്രമിക്കുന്നത്. 

 

(തുടരും)


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ /27-28
എ.വൈ.ആര്‍