Prabodhanm Weekly

Pages

Search

2016 മെയ് 20

2952

1437 ശഅ്ബാന്‍ 13

ഇസ്‌ലാമികസമൂഹവും പണ്ഡിതന്മാരും

അബ്ദുര്‍റഹ്മാന്‍ തുറക്കല്‍

ഥാര്‍ഥ മുസ്‌ലിം പണ്ഡിതന്മാര്‍ സമൂഹത്തെ നേരായ നിലയില്‍ നയിക്കേണ്ടവരും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കേണ്ടവരുമാണ്. വൈവിധ്യമാര്‍ന്ന വിജ്ഞാനങ്ങള്‍ തലമുറകള്‍ക്ക് കൈമാറുന്നവരാണവര്‍. സത്യപ്രബോധകരും അതിന്റെ സഹായികളുമാണ്. ജനങ്ങളെ അല്ലാഹുവിനെ കുറിച്ച ജ്ഞാനത്തിലേക്കും അവനോടുള്ള അനുസരണത്തിലേക്കും അവര്‍ നയിക്കുന്നു. സല്‍ക്കര്‍മങ്ങളിലേക്കും നന്മയിലേക്കും വഴികാട്ടുന്നു. ദീനിന്റെ സംരക്ഷകരും കൊടിവാഹകരും അതിന്റെ അടയാളങ്ങളും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നവരുമാണ് പണ്ഡിതന്മാര്‍. പ്രതിസന്ധികളുണ്ടാകുമ്പോള്‍ സമൂഹത്തിന്റെ ആശ്രയമാണവര്‍. ഇങ്ങനെയുള്ള പണ്ഡിതന്മാരെ അനുസരിക്കേണ്ടതും സംരക്ഷിക്കേണ്ടതും അവര്‍ക്ക് പ്രോത്സാഹനം നല്‍കേണ്ടതും മുസ്‌ലിംസമൂഹത്തിലെ ഒരോരുത്തരുടെയും ബാധ്യതയാണ്. അവരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും അവരോട് മാന്യമായി ഇടപഴകുകയും ചെയ്യേണ്ടതുണ്ട്. പണ്ഡിതന്മാരെ പിന്തുടരാന്‍ കല്‍പിക്കുകയും അവരില്‍നിന്ന് വേര്‍പ്പെട്ടു പോകുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തതായി കാണാം. ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക, (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളില്‍നിന്നുള്ള കൈകാര്യ കര്‍ത്താക്കളെയും അനുസരിക്കുക'' (അന്നിസാഅ് 59). ഇവിടെ 'നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളില്‍'   പണ്ഡിതന്മാര്‍കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ നിരീക്ഷിച്ചിട്ടുണ്ട്.

പണ്ഡിതന്മാരെ ബഹുമാനിക്കല്‍ പ്രവാചകചര്യയില്‍ പെട്ടതാണ്. പ്രവാചകന്‍ പറഞ്ഞു: 'വലിയവരെ ബഹുമാനിക്കുകയും ചെറിയവരോട് കരുണ കാണിക്കുകയും പണ്ഡിതന്മാരുടെ അവകാശം മനസ്സിലാക്കുകയും ചെയ്യാത്തവര്‍  എന്റെ സമുദായത്തില്‍ പെട്ടവനല്ല'' (അഹ്മദ്, ത്വബറാനി). മറ്റൊരു ഹദീസിലിങ്ങനെ കാണാം: അബൂബക്‌റ(റ)വില്‍നിന്ന് നിവേദനം: പ്രവാചകന്‍ പറയുന്നതായി ഞാന്‍ കേട്ടു; 'നീ പണ്ഡിതനാവുക, അല്ലെങ്കില്‍ പഠിതാവാവുക, അല്ലെങ്കില്‍ ശ്രദ്ധിച്ചു കേള്‍ക്കുന്നവനാവുക, അല്ലെങ്കില്‍ അവരെ ഇഷ്ടപ്പെടുന്നവരാവുക. അഞ്ചാമതൊരു അവസ്ഥയിലാകരുത്. അപ്പോള്‍ നീ നാശത്തിലകപ്പെടും' (ത്വബറാനി). മരണാനന്തരവും ഇസ്‌ലാം പണ്ഡിതന്മാരെ ബഹുമാനിച്ചതായി കാണാം. ഉഹുദ് യുദ്ധത്തില്‍ ശഹീദായ രണ്ട് സ്വഹാബിമാരെ മറവുചെയ്യാനൊരുങ്ങിയപ്പോള്‍ പ്രവാചകന്‍ ചോദിക്കുകയുണ്ടായി; 'ഈ രണ്ടുപേരില്‍ ആരാണ് ഏറ്റവും കൂടുതല്‍ ഖുര്‍ആന്‍ പഠിച്ചത്?' അപ്പോള്‍ അവരിലെരാളിലേക്ക് ചൂണ്ടിക്കാണിച്ചപ്പോള്‍ അയാളെ ആദ്യം ഖബ്‌റിലേക്ക് വെച്ചതായി ഹദീസില്‍ കാണാം.

അറിവിനുള്ളതുപോലെ പണ്ഡിതന്മാര്‍ക്കും ഇസ്‌ലാമില്‍ ഉന്നത സ്ഥാനമുണ്ട്. ''അവനല്ലാതെ ദൈവമില്ലെന്ന് അല്ലാഹു സ്വയം സാക്ഷ്യം വഹിച്ചിരിക്കുന്നു. അജയ്യനും അഭിജ്ഞനുമായ അവനല്ലാതെ സത്യത്തില്‍ ഒരു ദൈവവുമില്ലെന്ന് മലക്കുകളും ജ്ഞാനികളൊക്കെയും നീതിപൂര്‍വം സാക്ഷ്യം വഹിച്ചിരിക്കുന്നു'' (ആലു ഇംറാന്‍ 18). ഇവിടെ വിവരമുള്ളവരെ അല്ലാഹു പുകഴ്ത്തിയതായി കാണാം. അല്ലാഹുവിനോടും മലക്കുകളോടുമൊപ്പം അവരെ ചേര്‍ത്തു പറഞ്ഞിരിക്കുന്നു. വിജ്ഞാനത്തിനുള്ള ശ്രേഷ്ഠതയും പണ്ഡിതന്മാര്‍ക്കുള്ള സ്ഥാനവും മനസ്സിലാക്കാന്‍ ഇതു മതി. മനുഷ്യരില്‍നിന്ന് പണ്ഡിതന്മാരെ പ്രത്യേകം തെരഞ്ഞെടുത്ത് അല്ലാഹുവിന്റെയും മലക്കുകളുടെയും സാക്ഷ്യവുമായി അവരുടെ സാക്ഷ്യത്തെ ചേര്‍ത്തുപറഞ്ഞിരിക്കുന്നു. മറ്റൊരു ആയത്തിലിങ്ങനെ കാണാം: ''നിങ്ങളിലെ വിശ്വസിച്ചവര്‍ക്കും വിജ്ഞാനം നല്‍കപ്പെട്ടവര്‍ക്കും അല്ലാഹു ഉയര്‍ന്ന പദവികള്‍ നല്‍കുന്നു'' (മുജാദില 11).

പണ്ഡിതനും പാമരനും തുല്യരല്ല. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''അറിവുള്ളവരും അറിവില്ലാത്തവരും തുല്യരാകുമോ? പക്ഷേ, ബുദ്ധിമാന്മാരേ ഉദ്‌ബോധനം സ്വീകരിക്കുകയുള്ളൂ'' (അസ്സുമര്‍ 9),  ''നിങ്ങള്‍ അറിവില്ലാത്തവരാണെങ്കില്‍ അറിവുള്ളവരോ

ട് ചോദിച്ചു നോക്കുക'' (അല്‍അമ്പിയാഅ് 7). പണ്ഡിതന്മാര്‍ അല്ലാഹുവിനെക്കുറിച്ച് മനസ്സിലാക്കുകയും ചിന്തിക്കുകയും ചെയ്യും. അവര്‍ ദൈവഭയമുള്ളവരുമായിരിക്കും: ''നിശ്ചയം, ദൈവദാസന്മാരില്‍ ജ്ഞാനികള്‍ മാത്രമേ അവനെ ഭയപ്പെടുകയുള്ളൂ'' (അല്‍ഫാത്വിര്‍ 28). പ്രവാചകന്മാരുടെ അനന്തരാവകാശികളും മനുഷ്യരിലെ ശ്രഷ്ഠരുമാണ് പണ്ഡിതന്മാര്‍. പ്രവാചകന്‍(സ) പറഞ്ഞു: ''ഇബാദത്ത് ചെയ്യുന്നവനേക്കാള്‍ പണ്ഡിതനുള്ള ശ്രേഷ്ഠത പൗര്‍ണമിനാളില്‍ മറ്റു നക്ഷത്രങ്ങളേക്കാള്‍ ചന്ദ്രനുള്ള ശ്രേഷ്ഠത പോലെയാണ്. പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്. പ്രവാചകന്മാര്‍ ദീനാറും ദിര്‍ഹമും അനന്തരമായി വിട്ടേച്ചില്ല. അറിവാണ് അനന്തരമാക്കിയത്. അതു നേടിയെടുക്കുന്നവന്‍ അതീവ സൗഭാഗ്യവാനത്രെ'' (അഹ്മദ്, അബൂദാവൂദ്).

പണ്ഡിതന്മാര്‍ പാപമുക്തരല്ല. തെറ്റുകളും വീഴ്ചകളും സംഭവിച്ചേക്കും; സാധാരണ ജനങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും. അപ്പോഴെല്ലാം ബഹുമാനപുരസ്സരം അതു ചൂണ്ടിക്കാട്ടുകയാണ് വേണ്ടത്. വല്ല വിധേനയും സംഭവിച്ച തെറ്റുകളുടെ പേരില്‍ അവരെ രൂക്ഷമായി വിമര്‍ശിക്കുന്നതും ചീത്ത പറയുന്നതും സമൂഹമധ്യത്തില്‍ അവഹേളിക്കുന്നതും യഥാര്‍ഥ വിശ്വാസികള്‍ക്ക് ഭൂഷണമല്ല.   പണ്ഡിതന്മാര്‍ക്കിടയില്‍ പല വിഷയങ്ങളിലും വ്യത്യസ്ത വീക്ഷണങ്ങളുണ്ടാവുക സ്വാഭാവികമാണ്. ആ വീക്ഷണ വൈജാത്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ അത് പ്രകടിപ്പിക്കുന്നവരെ വിശാല മനസ്സോടെ ബഹുമാനിക്കാനും സ്‌നേഹിക്കാനും വിശ്വാസികള്‍ക്ക് കഴിയേണ്ടതുണ്ട്. ശാഖാപരമായ അഭിപ്രായ വ്യത്യാസങ്ങളുടെയും മറ്റും പേരില്‍ സഭ്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച് ആരോപണങ്ങളും പ്രത്യാരോപണങ്ങളും നടത്തി സമൂഹമധ്യത്തില്‍ പണ്ഡിതന്മാരെ ചെളിവാരിയെറിയുക ഇസ്‌ലാമിക സംസ്‌കാരത്തിന്  ചേര്‍ന്നതല്ല. 

സമൂഹത്തിന് പണ്ഡിതന്മാരോടുള്ളതു പോലെ സമൂഹത്തോട് പണ്ഡിതന്മാര്‍ക്കും ചില കടപ്പാടുകളും ഉത്തരവാദിത്തങ്ങളുമുണ്ട്. സമൂഹത്തിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കേണ്ടവരാണവര്‍. ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കേണ്ടവര്‍. ഐക്യം കാത്തുസൂക്ഷിക്കേണ്ടവരും രഞ്ജിപ്പുണ്ടാക്കേണ്ടവരുമാണ് പണ്ഡിതന്മാര്‍. അവര്‍ ഇസ്‌ലാമിനും മുസ്‌ലിം സമൂഹത്തിനുമെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മാന്യമായി മറുപടി നല്‍കുകയും അനീതിക്കും അക്രമത്തിനും അസഹിഷ്ണുതക്കുമെതിരെ നിലകൊള്ളുകയും ചെയ്യണം. അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ കലഹിക്കേണ്ടവരല്ല പണ്ഡിതന്മാര്‍.  ആരോപണ പ്രത്യോരോപണങ്ങള്‍ നടത്തി ലഭിക്കുന്ന കൈയടി അവര്‍ ലക്ഷ്യം വെച്ചുകൂടാ. ആത്മീയ മേഖലകളില്‍ മാത്രം ഒതുങ്ങിക്കഴിയേണ്ടവരല്ല ഇസ്‌ലാമിക പണ്ഡിതന്മാര്‍. സാമൂഹിക-രാഷ്ട്രീയ- സാംസ്‌കാരിക മേഖലകളിലെല്ലാം അവര്‍ക്ക് വലിയ റോളുകളുണ്ട്. സ്വാര്‍ഥ താല്‍പര്യങ്ങളില്ലാതെ, ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും താല്‍പര്യങ്ങള്‍ക്കും പൊതുവായ പുരോഗതിക്കും നന്മക്കും അനുകൂലമായി നിലകൊള്ളേണ്ടവരാണവര്‍.  മഹത്തായ ഈ ഉത്തരവാദിത്തങ്ങള്‍ മറന്നുകൊണ്ട് മറ്റു പലതിനും പ്രാധാന്യം നല്‍കി ജനങ്ങളില്‍നിന്ന് അകന്നുകഴിയുക യഥാര്‍ഥ മുസ്‌ലിം പണ്ഡിതന്മാര്‍ക്ക് യോജിച്ചതല്ല. ഇസ്‌ലാമിന്റെ താല്‍പര്യത്തേക്കാള്‍ അതിന്റെ വിരുദ്ധര്‍ക്ക് ശക്തിപകരുന്ന നിലപാടുകളും സമീപനങ്ങളും സ്വീകരിക്കുന്നവരായി മുസ്‌ലിം പണ്ഡിതന്മാര്‍ ഒരിക്കലും അധഃപതിക്കാന്‍ പാടില്ല. അത് വലിയ നാശത്തിലേക്കാണ് നയിക്കുക. സ്വന്തം സമൂഹത്തില്‍നിന്നുള്ള  ബഹുമാനവും ആദരവും അതില്ലാതാക്കും. അതാണ് പലപ്പോഴും നാം കണ്ടുകൊണ്ടിരിക്കുന്നത്. സത്യം ആരുടെ മുമ്പിലും തുറന്നു പറയാനുള്ള ആര്‍ജവം പണ്ഡിതന്മാര്‍ക്ക് ഉണ്ടാകണം. ഇമാം അഹ്മദുബ്‌നു ഹമ്പല്‍(റ), ഇബ്‌നു തൈമിയ്യ(റ) തുടങ്ങിയവരുടെ ചരിത്രം അതാണ് പഠിപ്പിക്കുന്നത്. അവര്‍ ആസ്ഥാന പണ്ഡിതന്മാരായി ചടഞ്ഞുകൂടുകയായിരുന്നില്ല. ആദര്‍ശത്തെ ആരുടെ മുമ്പിലും പണയം വെക്കാതെ സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുകയായിരുന്നു. മുസ്‌ലിം പണ്ഡിതന്മാര്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ മറന്ന് ആരുടെയെങ്കിലും പാളയത്തിലേക്ക് ചുരുങ്ങുന്നുവെങ്കില്‍ അത് സമൂഹത്തെ അനൈക്യത്തിലേക്കും വിനാശത്തിലേക്കുമാണ് നയിക്കുകയെന്ന് തിരിച്ചറിയപ്പെടേണ്ടതുണ്ട്. യഥാര്‍ഥ പണ്ഡിതന്മാര്‍ മുസ്‌ലിം സമൂഹത്തിന്റെ കെടാവിളക്കുകളാണ്. അവരുടെ പ്രവര്‍ത്തനങ്ങളും ശ്രമങ്ങളും സേവനങ്ങളും സമൂഹം എന്നും സ്മരിക്കും. അവര്‍ വിട്ടേച്ചുപോയ ജ്ഞാനങ്ങള്‍ പുനരുജ്ജീവിപ്പിക്കും. ജീവിതത്തിന്റെ നിഖില മേഖലകളിലും, രഹസ്യജീവിതത്തിലും പരസ്യജീവിതത്തിലും ഇസ്‌ലാമിക സ്വഭാവ മര്യാദകള്‍ മുറുകെപ്പിടിക്കുന്ന, സ്വാര്‍ഥ താല്‍പര്യങ്ങളില്ലാതെ ജീവിക്കുന്ന നിഷ്‌കളങ്കരായ പണ്ഡിതന്മാര്‍ക്കേ ഈ നിലയിലേക്ക് ഉയരാന്‍ സാധിക്കൂ. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ /27-28
എ.വൈ.ആര്‍