സ്ത്രീപീഡനം വിചാരണ ചെയ്യേണ്ടത് വ്യവസ്ഥയെത്തന്നെയാണ്
ഒരു സമൂഹം സംസ്‌കാരസമ്പന്നമോ സംസ്‌കാരശൂന്യമോ എന്നു നിശ്ചയിക്കുന്നത് അതിലെ സ്ത്രീകളോട് ആ സമൂഹം എങ്ങനെ പെരുമാറുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. സ്ത്രീകളെ ആദരിക്കാത്ത നാഗരികതക്ക് നിലനില്‍ക്കാനുളള ന്യായമില്ല എന്ന് നാഗരികതയുടെ ഉത്ഥാനപതനങ്ങളെക്കുറിച്ച് പഠിച്ച പല മത, സാമൂഹിക ചിന്തകരും പറഞ്ഞിട്ടുണ്ട്. 'നിങ്ങളില്‍ ഉത്തമന്‍ നിങ്ങളുടെ സ്ത്രീകളോട് മാന്യമായി പെരുമാറുന്നവനാണ്' എന്ന പ്രവാചകന്റെ പ്രസ്താവന ഇതിനോട് ചേര്‍ത്തുവായിക്കുക. ഈ പ്രവാചക പ്രസ്താവന വ്യക്തികളെ മാത്രമല്ല സമൂഹത്തെയും അഭിസംബോധന ചെയ്യുന്നുണ്ട്. മറുവശത്ത് സ്ത്രീകള്‍ ഉള്ളേടത്തൊക്കെ ബലാത്സംഗവുമുണ്ടെന്ന പഴയ നായനാര്‍ഫലിതവും ഓര്‍ത്തുനോക്കൂ. ആളുകള്‍ ചിരിച്ചോട്ടെ എന്ന് കരുതി ഇ.കെ നായനാര്‍ പൊട്ടിച്ച ഒരു ഫലിതമായിരുന്നില്ല അത് യഥാര്‍ഥത്തില്‍. മറിച്ച് ഏറെ പുരോഗമിച്ച ആധുനിക നാഗരികത സ്ത്രീയെ കാണുന്ന കാഴ്ചയെ അദ്ദേഹം സത്യസന്ധമായി അനാവരണം ചെയ്യുകയായിരുന്നു. ഈ നാഗരികതയുടെ ഈറ്റില്ലമോ പോറ്റില്ലമോ ആയ അമേരിക്കയില്‍ ബലാത്സംഗം ചായ കുടിക്കുന്നതു പോലെയാണെന്നും നായനാര്‍ പറയുകയുണ്ടായല്ലോ.
ഓരോ 15 മിനിറ്റിലും ഒരു സ്ത്രീ ഇന്ത്യയില്‍ ബലാത്സംഗം ചെയ്യപ്പെടുന്നു എന്നാണ് ഏറ്റവും പുതിയ കണക്ക്. ഇതാണ് വസ്തുതയെങ്കില്‍ മാനഭംഗത്തിനിരയായി അതിക്രൂരമായി കൊല ചെയ്യപ്പെട്ട പെരുമ്പാവൂരിലെ ജിഷ എന്ന ദലിത് സ്ത്രീ മനോവൈകൃതം ബാധിച്ച ഏതോ കൊടും കുറ്റവാളിയുടെ ഇരയല്ല. ജിഷയുടെ ദുരന്തം കേരളത്തിലെ ഒറ്റപ്പെട്ട സംഭവവുമല്ല. കാമപൂര്‍ത്തിക്കിരയായി പെണ്‍കുട്ടികള്‍ ക്രൂരമായി കൊലചെയ്യപ്പെട്ട എത്രയോ സംഭവങ്ങള്‍ അടുത്ത കാലത്ത് കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. പലതും താല്‍ക്കാലികമായ കോളിളക്കം സൃഷ്ടിച്ചെങ്കിലും ഒന്നും സംഭവിക്കാതെ പതിയെ പതിയെ കെട്ടടങ്ങുകയായിരുന്നു. ചിലത് ആരോരുമറിയാതെ ഇരകളുടെ കുടുംബങ്ങളുടെ മാത്രം തീരാ ദുഃഖമായി അവസാനിച്ചു. ഇപ്പോള്‍ വലിയ ഒച്ചപ്പാടായ ജിഷാ സംഭവം പോലും സോഷ്യല്‍ മീഡിയ ഇല്ലായിരുന്നുവെങ്കില്‍ ഒരു പെട്ടിക്കോളം വാര്‍ത്തയിലെ ദുരൂഹ മരണം മാത്രമായി കലാശിക്കുമായിരുന്നു. സംസ്ഥാനം ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന സന്ദര്‍ഭമായിട്ടുപോലും ആദ്യ ദിവസങ്ങളിലെ വാര്‍ത്താ തമസ്‌കരണം എന്താണ് നമ്മെ ബോധ്യപ്പെടുത്തുന്നത്? മറ്റൊന്നുമല്ല, ജിഷയുടെ ദാരുണ മരണത്തില്‍ ഭരണപക്ഷത്തിനു മാത്രമല്ല പ്രതിപക്ഷത്തിനും ഉത്തരവാദിത്തമുണ്ട് എന്നതു തന്നെ. കുടില്‍ കെട്ടാന്‍ ഒരു തുണ്ടു ഭൂമിയോ റേഷന്‍ കാര്‍ഡോ ഇല്ലാതെ പാവങ്ങളോട് അനുകമ്പയുള്ള ആരോ കെട്ടിക്കൊടുത്ത ഒറ്റ മുറിയില്‍ ജിഷയും അവളുടെ അമ്മയും അരക്ഷിതരായി കഴിയേണ്ടിവന്നതിന് അവര്‍ ഉള്‍ക്കൊളളുന്ന മണ്ഡലത്തിലെ ഇടതുപക്ഷ എം.എല്‍.എക്ക് യാതൊരു ഉത്തരവാദിത്തവുമില്ലേ? നാടുനീളെ ജനസമ്പര്‍ക്ക പരിപാടിയുമായി ഊരു ചുറ്റിയ വികസന നായകന്‍ ഉമ്മന്‍ ചാണ്ടി ജിഷയെയും കുടുംബത്തെയും കാണാതെ പോയതില്‍ യാതൊരു അത്ഭുതവുമില്ല. പെണ്ണും കള്ളും തീവെട്ടിക്കൊള്ളയും നിറഞ്ഞാടിയ ഒരു മുഴു നീള അശ്ലീല ചിത്രമായി കേരള ഭരണത്തെ മാറ്റിയ മുഖ്യമന്ത്രിയാണല്ലോ അദ്ദേഹം. എന്നിട്ടും 'വളരണം ഈ നാട്, തുടരണം ഈ ഭരണം' എന്ന മുദ്രാവാക്യവുമായി കേരളമങ്ങോളമിങ്ങോളം ഓടിനടന്ന അദ്ദേഹം കല്ലെറിഞ്ഞോടിക്കപ്പെടാതിരുന്നത് മറുഭാഗത്തുള്ളവര്‍ക്ക് എല്ലാം ശരിയാക്കാനോ കേരളത്തിന് വഴികാട്ടാനോ കഴിയില്ലെന്ന ഉറച്ചബോധ്യം മൂലമുള്ള ജനത്തിന്റെ നിസ്സംഗത കൊണ്ടുമാത്രമാണ്.
ജിഷ ആരുടെ ഇരയാണ് എന്ന കാര്യമാണ് നാം പറഞ്ഞു വന്നത്. സ്ത്രീയെ വസ്തുവായി മാത്രം കാണുന്ന ആധുനികവും ഉത്തരാധുനികവുമായ മൂല്യവ്യവസ്ഥയുടെ ഇരയാണ് യഥാര്‍ഥത്തില്‍ അവര്‍. ആ മൂല്യവ്യവസ്ഥയെ സ്പര്‍ശിക്കാതെയും അതിലെ സ്ത്രീയെ പ്രശ്‌നവത്കരിക്കാതെയും നാം മെഴുകുതിരി കത്തിച്ച് പ്രക്ഷോഭം നടത്തിയിട്ടോ കുറ്റവാളിക്ക് വധശിക്ഷ നല്‍കണം, സുഊദി അറേബ്യയിലെ നിയമം നടപ്പിലാക്കണം തുടങ്ങിയ മുറവിളികളുയര്‍ത്തിയിട്ടോ യാതൊരു കാര്യവുമില്ല. കുറ്റവാളിയുടെ തുമ്പുപോലും കിട്ടാതിരിക്കെ ശിക്ഷ വിധിച്ചത് രണ്ടു സിനിമക്കാരായിരുന്നതുകൊണ്ട് അവരെ നമുക്ക് വെറുതെ വിടാം. കാരണം സിനിമയില്‍ ശിക്ഷ വിധിക്കുന്നതും നടപ്പാക്കുന്നതും പോലീസും കോടതിയും ഒന്നുമല്ലല്ലോ. കലിതുളളുന്ന നായകനല്ലേ. മാത്രവുമല്ല ഗുജറാത്തിലും കശ്മീരിലും സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതും ഗര്‍ഭിണിയെ ത്രിശൂലത്തില്‍ തറക്കുന്നതും മഹത്തായ രാജ്യസ്‌നേഹ പ്രവൃത്തിയായി കാണുന്നവരുമാണവര്‍.
മതമൂല്യങ്ങളില്‍നിന്ന് മോചനം നേടിയ ആധുനികതയിലും ഉത്തരാധുനികതയിലും എന്തെങ്കിലും മൂല്യ വ്യവസ്ഥയുണ്ടോ? ഉണ്ടെങ്കില്‍ ആ വ്യവസ്ഥയില്‍ സ്ത്രീയുടെ സ്ഥാനവും പദവിയും എന്താണ് എന്നത് ഈ സന്ദര്‍ഭത്തില്‍ നാം ആവര്‍ത്തിച്ച് ചോദിക്കേണ്ട ചോദ്യമാണ്. മൂല്യങ്ങളൊന്നും ശാശ്വതമല്ലെന്ന് രണ്ടു കൂട്ടരും തീരുമാനിച്ചിരിക്കുന്നു. ഉത്തരാധുനികതയാവട്ടെ ഒരുപടികൂടി കടന്ന് സത്യത്തെ തന്നെ ആപേക്ഷികമാക്കിയിരിക്കുന്നു. സദാചാരമാകട്ടെ അതില്‍ അങ്ങേയറ്റം അശ്ലീലപദവും. സ്ത്രീയും പുരുഷനും പരസ്പരാകര്‍ഷകത്വമുളള വ്യത്യസ്ത ജൈവസത്വങ്ങളാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതിനാല്‍ ഈ ആകര്‍ഷകത്വവും ജൈവികമാണ്. മനുഷ്യബന്ധത്തിലെ ഏറ്റവും ആഹ്ലാദകരവും സര്‍ഗാത്മകവുമായ ലൈംഗിക ബന്ധത്തിലേക്ക് സ്ത്രീ പുരുഷന്മാരെ നയിക്കുന്നത് ഈ പരസ്പരാകര്‍ഷകത്വമാണ്. മനുഷ്യവര്‍ഗത്തിന്റെ നൈരന്തര്യം ഉറപ്പുവരുത്തുക മാത്രമല്ല അത് ചെയ്യുന്നത്. മറിച്ച് സ്ത്രീക്കും പുരുഷനും ഇടയില്‍ സ്‌നേഹവും കാരുണ്യവും നിരന്തരം പുനരുല്‍പാദിച്ചുകൊണ്ട് ജീവിതകാലം മുഴുവന്‍ സന്തോഷവും ശാന്തിയും ആഹ്ലാദവും പ്രദാനം ചെയ്യുകകൂടി ചെയ്യുന്നു.
പക്ഷേ ഈ ലൈംഗികതയെ ശക്തമായ ഒരു മൂല്യവ്യവസ്ഥയുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ സ്ത്രീ ആദരവും ബഹുമാനവും അര്‍ഹിക്കുന്ന ഒരു വ്യക്തി എന്നതില്‍നിന്ന് കേവലം വസ്തുവിലേക്ക് ചവിട്ടിത്താഴ്ത്തപ്പെടുകയാണ് ചെയ്യുക. അപ്പോള്‍ പുരുഷന്‍ ഉപഭോക്താവും സ്ത്രീ കേവലം ഉപഭോഗ വസ്തുവുമായിത്തീരും. ലൈംഗികതയെ ആ മൂല്യവ്യവസ്ഥയുമായി ബന്ധിപ്പിക്കുന്നത് നിയമാനുസൃത വിവാഹമാണ്. ആ വ്യവസ്ഥയിലെ സ്ത്രീക്ക് പുരുഷനെപ്പോലെ സ്വതന്ത്രമായ വ്യക്തിത്വവും കര്‍തൃത്വവും ഉണ്ടാകും. അവിടെ സ്ത്രീയും പുരുഷനും പരസ്പരം സംരക്ഷണം നല്‍കുകയും ന്യൂനതകള്‍ മറയ്ക്കുകയും ചെയ്യുന്ന വസ്ത്രങ്ങളാണ്. അവിടെ ഒരാള്‍ ഭരിക്കുന്നവനോ മറ്റൊരാള്‍ ഭരിക്കപ്പെടുന്നവളോ അല്ല; തിരിച്ചുമല്ല. ഇണയും തുണയും മാത്രം. ഈ മൂല്യവ്യവസ്ഥയില്‍ വിവാഹബാഹ്യമായ എല്ലാ ലൈംഗികതയും അത് ഉഭയകക്ഷി സമ്മതത്തോടുകൂടിയുള്ളതാവട്ടെ ബലാല്‍ക്കാരമുളളതാവട്ടെ, പാപവും ക്രിമിനല്‍ കുറ്റവുമാണ്.
ആരാണ് ഈ മൂല്യവ്യവസ്ഥ സൃഷ്ടിച്ചത്? സംശയം വേണ്ടാ, മതങ്ങള്‍ തന്നെ. വിവാഹേതര ലൈംഗിക ബന്ധം വിലക്കുകയോ പാപമായി ഗണിക്കുകയോ ചെയ്യാത്ത ഒറ്റ മതവും ഇല്ലാതെ പോയത് അതുകൊണ്ടാണ്. ഇത്തരമൊരു മൂല്യവ്യവസ്ഥ കൊണ്ട് മാത്രമേ സ്ത്രീക്ക് വ്യക്തിത്വം മാത്രമല്ല സുരക്ഷിതത്വവും നല്‍കാനാവൂ. മതത്തിലെ പാപമെന്ന സങ്കല്‍പം വിശ്വാസികളില്‍ ചെലുത്തുന്ന ആശയപരമായ മേല്‍ക്കോയ്മ ഏതൊരു ഭൗതിക നിയമത്തേക്കാളും ശക്തമാണ്. ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് അത് നല്‍കുന്ന സുരക്ഷിതത്വം ചില്ലറയല്ല.
ഈയൊരു മൂല്യവ്യവസ്ഥയില്‍നിന്നാണ് ആധുനികതയും ഉത്തരാധുനികതയും വിടുതല്‍ നേടിയത്. ഒരു പാരമ്പര്യത്തിന്റെ തുടര്‍ച്ച എന്ന നിലയില്‍ മതങ്ങളില്‍നിന്ന് വിവാഹത്തെ അത് അനന്തരമെടുത്തെങ്കിലും ഉഭയകക്ഷി സമ്മതത്തോടുകൂടിയ ലൈംഗികതയെ അത് അനുവദനീയമാക്കി. ബലാല്‍ക്കാരമുള്ള ലൈംഗികതക്കേ അവിടെ വിലക്കുള്ളൂ. അക്കാര്യത്തില്‍പോലും ഭൗതിക നിയമം കാട്ടി വിരട്ടാമെന്നല്ലാതെ ആശയപരമായ ഒരു മേല്‍ക്കോയ്മയും ആ വിലക്കിനില്ല. ആശയപരമായ യാതൊരു മേല്‍ക്കോയ്മക്കും വഴങ്ങാത്ത ഒരു സമൂഹത്തില്‍ ഭൗതിക നിയമത്തിന്റെ പിടിത്തത്തില്‍നിന്ന് രക്ഷപ്പെടാനാണോ പഴുതുകളില്ലാത്തത്! മിക്കവാറും സ്ത്രീ പീഡന-ബലാത്സംഗ കേസുകളിലും അതുതന്നെയല്ലേ സംഭവിക്കുന്നത്.
ഉഭയകക്ഷി സമ്മതത്തോടുകൂടിയ ലൈംഗികതയുടെ നിയമസാധുത വിവാഹത്തിന്റെ പവിത്രത തകര്‍ത്ത് കുടുംബങ്ങളില്‍ സംഘര്‍ഷം വിതറുക മാത്രമല്ല ചെയ്തത്. സ്ത്രീയെ കൂടുതല്‍ കൂടുതല്‍ വസ്തുവല്‍ക്കരിച്ച് അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുക കൂടി ചെയ്തു. കാരണം ഉഭയകക്ഷി സമ്മതമെന്ന് പറയുന്നതു തന്നെ സ്ത്രീയടക്കമുള്ള ഏതൊരു ദുര്‍ബല വിഭാഗങ്ങളെയും സംബന്ധിച്ചേടത്തോളം പലപ്പോഴും വന്‍ ചതിയാണ്. സമ്മതമെന്നത് മേല്‍ക്കോയ്മ പുലര്‍ത്തുന്ന സമൂഹങ്ങളോ വ്യക്തികളോ നിര്‍മിച്ചെടുക്കുന്നതാണല്ലോ. വിവാഹേതര ലൈംഗിക ബന്ധത്തിലെ ഉഭയകക്ഷി സമ്മതം അധികവും ശക്തനായ പുരുഷന്‍ വശീകരണം, പ്രലോഭനം, ഭീഷണി തുടങ്ങിയ വ്യത്യസ്ത അധികാര ബലങ്ങളുപയോഗിച്ചുകൊണ്ട് ദുര്‍ബലയായ സ്ത്രീയില്‍നിന്ന് വാങ്ങിച്ചെടുക്കുന്നതാണ്. അതും ബലാല്‍ക്കാരമുള്ള ലൈംഗികതയും തമ്മില്‍ ഫലത്തില്‍ വലിയ വ്യത്യാസമൊന്നുമില്ല. പ്രമുഖര്‍ ഉള്‍പ്പെട്ട കേരളത്തിലെ അധിക സ്ത്രീ പീഡന സംഭവങ്ങളും അധികാരമുള്ള പുരുഷന്‍ പ്രലോഭനം, പണം, ഭീഷണി തുടങ്ങിയ അധികാരബലങ്ങള്‍ ഉപയോഗിച്ച് ഇരകളുടെ സമ്മിതി നേടിയെടുത്ത ബലാത്സംഗങ്ങള്‍ തന്നെയായിരുന്നു. ഈ സമ്മിതിയെ മറയാക്കി വേട്ടക്കാര്‍ സുന്ദരമായി രക്ഷപ്പെടുകയും ചെയ്തു. ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പ്രണയത്തിലൂടെ പ്രലോഭിപ്പിച്ച് പലര്‍ക്കും കാഴ്ചവെച്ച സൂര്യനെല്ലി കേസില്‍ അതിലെ ഇരയോട് ബഹുമാനപ്പെട്ട ജഡ്ജി ചോദിച്ച ചോദ്യം; 'പല സ്ഥലത്തും മാറി മാറി കൊണ്ടുപോകുന്നതിനിടയില്‍ എന്തുകൊണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചില്ല' എന്നായിരുന്നു. ഒരു കൊച്ചു പെണ്‍കുട്ടി ഇരയാക്കപ്പെട്ട സൂര്യനെല്ലി പെണ്‍വാണിഭം പോലും ഉഭയകക്ഷി സമ്മതത്തോടുകൂടിയ വ്യഭിചാരമായിരുന്നു എന്ന് സ്ഥാപിച്ചുകൊണ്ട് പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതാണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടത്. ഉഭയകക്ഷി സമ്മതത്തോടുകൂടിയ ലൈംഗികതയുടെ നിയമസാധുത സ്ത്രീ എത്രമാത്രം അരക്ഷിതമാകും എന്നതിന് ഇതില്‍പരം മറ്റെന്തെങ്കിലും തെളിവാവശ്യമുണ്ടോ?
വിവാഹേതര ലൈംഗികത പാപമല്ല എന്ന ചിന്ത പൊതു സമ്മിതി നേടിയതോടെ സ്ത്രീയെ കൈയേറ്റം ചെയ്യാന്‍ മുതിരുന്നവരെ സംബന്ധിച്ചേടത്തോളം ഭൗതിക നിയമത്തെ മാത്രം പേടിച്ചാല്‍ മതി എന്ന സ്ഥിതിവിശേഷമാണുണ്ടാക്കിയത്. വ്യവസ്ഥയെ മൊത്തത്തില്‍ ബാധിച്ച മൂല്യച്യുതി, ഏത് വലിയ കുറ്റവാളിക്കും യാതൊരു പോറലുമേല്‍ക്കാതെ നിഷ്പ്രയാസം കേസില്‍നിന്ന് ഊരിപ്പോരാനുളള പഴുതുകള്‍ നിയമത്തില്‍ തന്നെ സൃഷ്ടിച്ചുവെക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ വമ്പിച്ച കോളിളക്കം സൃഷ്ടിച്ച പല സ്ത്രീപീഡന കേസുകളും ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിച്ചത് അങ്ങനെയാണ്. സ്ത്രീപീഡകരില്‍ ഇതുണ്ടാക്കുന്ന ആത്മവിശ്വാസം ചില്ലറയല്ല. സ്ത്രീപീഡനം കേരളത്തില്‍ നിത്യസംഭവമാക്കി മാറ്റിയതിനു പിന്നിലുള്ള സാമൂഹിക മനഃശാസ്ത്രം ഇതാണ്.
പുരുഷന് കാഴ്ച കൊണ്ടോ മനസ്സ് കൊണ്ടോ ഭോഗിക്കാന്‍ കഴിയുന്ന തരത്തില്‍ സ്ത്രീശരീരത്തെ അതിന്റെ സകല മാദകത്വത്തോടുംകൂടി സിനിമകളും പരസ്യങ്ങളും മറ്റും വില്‍പനക്ക് വെച്ചതോടെ കാമാര്‍ത്തികൊണ്ട് മനോരോഗികളായി മാറിയ പുരുഷന്മാരുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് സ്ത്രീയെ അരക്ഷിതമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സ്ത്രീ ഏറ്റവും കൂടുതല്‍ വസ്തുവത്കരണത്തിന് ഇരയായത് സ്ത്രീ ശരീരത്തെ ചൂഷണം ചെയ്യുന്ന ഇത്തരം സിനിമകളിലും പരസ്യങ്ങളിലുമാണ്. അതിന്റെ സ്വാധീനം സ്ത്രീകള്‍ തെരുവില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. സ്ത്രീശരീരത്തിന്റെ ഇത്തരം പ്രയോഗങ്ങള്‍ അവളുടെ സ്വയം കര്‍തൃത്വത്തിന്റെ ആവിഷ്‌ക്കാരമായി, സ്ത്രീകളുടെ സുരക്ഷക്കുവേണ്ടി ആത്മാര്‍ഥമായി നിലകൊള്ളുന്ന ഫെമിനിസ്റ്റുകള്‍ പോലും കരുതുന്നുവെങ്കില്‍ അതവരുടെ തെറ്റിദ്ധാരണ മാത്രമാണ്. ഫ്യൂഡല്‍ കാലഘട്ടത്തില്‍ സ്ത്രീ മാറ് മറയ്ക്കാതിരുന്നത് പുരുഷന്റെ താല്‍പര്യത്തിനു വേണ്ടിയായിരുന്നുവെങ്കില്‍ ആധുനിക- ഉത്തരാധുനിക കാലഘട്ടത്തിലും സ്ത്രീശരീരം അതിന്റെ ലാവണ്യഭംഗിയോടെ പൊതു ഇടങ്ങളില്‍ തുറന്നിടുന്നതും പുരുഷനു വേണ്ടി തന്നെയാണെന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മതി. ചുരുക്കത്തില്‍ മാനം മാത്രമല്ല ജീവന്‍പോലും സദാ ഭീഷണിയുടെ നിഴലിലാകുമാറ് സ്ത്രീകളെ സംബന്ധിച്ചേടത്തോളം നമ്മുടെ സമൂഹം മാറിയിട്ടുണ്ടെങ്കില്‍ അതിന്റെ പ്രധാന ഉത്തരവാദി മൂല്യങ്ങളില്‍നിന്ന് വിടുതല്‍ നേടിയ നമ്മുടെ സാമൂഹിക വ്യവസ്ഥ തന്നെയാണ്.
ആധുനികപൂര്‍വ കാലഘട്ടത്തില്‍ സ്ത്രീ എല്ലാ നിലക്കും സുരക്ഷിതയായിരുന്നുവെന്ന് വാദിക്കുകയല്ല. മതത്തെ ഹൈജാക്ക് ചെയ്ത ഫ്യൂഡല്‍ -പൗരോഹിത്യ മൂല്യങ്ങളാണ് ആധുനിക പൂര്‍വകാലത്ത് അധിക സമൂഹങ്ങളിലും തേര്‍വാഴ്ച നടത്തിയിരുന്നത് എന്നതിനാല്‍ അവിടെയും സ്ത്രീ അരക്ഷിത തന്നെയായിരുന്നു. അവള്‍ അവിടെ അനുഭവിച്ചുതീര്‍ത്ത അരക്ഷിതാവസ്ഥയുടെയും പീഡനത്തിന്റെയും നേരിയ ശബ്ദം പോലും പുറത്തു പോകാതിരിക്കാന്‍ മാത്രം ഭീകരമായിരുന്നു ഫ്യൂഡല്‍ സാമൂഹിക ഘടന. അതു പുറത്തുവന്നിട്ടും വലിയ കാര്യമുണ്ടായിരുന്നില്ല. കാരണം അതേറ്റുപിടിച്ച് ഇന്നത്തെപ്പോലെ അവളുടെ നീതിക്ക് വേണ്ടി ജന്മിയുടെയോ പ്രമാണിയുടെയോ മുഖത്തു ചൂണ്ടി ശബ്ദമുയര്‍ത്താനുളള ശക്തിയോ ശേഷിയോ അന്നത്തെ ജനത്തിനുണ്ടായിരുന്നില്ല. മതമൂല്യങ്ങളുടെ കുപ്പായമിട്ട ഈ ഫ്യൂഡല്‍ മൂല്യങ്ങളുടെ തേര്‍വാഴ്ചയാണ് മതങ്ങളോട് യുദ്ധം പ്രഖ്യാപിക്കാന്‍ ആധുനികതയെ നിര്‍ബന്ധിച്ചത് എന്ന കാര്യവും മനസ്സിലാക്കപ്പെടേണ്ടതാണ്.
ആധുനിക, ഉത്തരാധുനിക മൂല്യങ്ങള്‍ വന്‍ പ്രചാരണത്തിന്റെ അകമ്പടിയോടെ പ്രമോട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയിലെയും കേരളത്തിലെയും അധിക സമൂഹങ്ങളും ഇപ്പോഴും പരമ്പരാഗത കുടുംബ ഘടന നിലനിര്‍ത്തുന്നവരാണ്. എന്നാല്‍ ഈ കുടുംബ ഘടനയുടെ ചില പരിമിതികളും പോരായ്മകളും കൂടി സ്ത്രീകള്‍ ഇന്ന് കുടുംബത്തിനകത്തും പുറത്തും അരക്ഷിതാവസ്ഥ നേരിടാന്‍ കാരണമായിത്തീരുന്നുണ്ട് എന്ന് സമ്മതിക്കുന്നതാണ് ബുദ്ധി. വളരെയധികം സന്തോഷകരവും ആഹ്ലാദകരവുമായ ഒരു ലൈംഗികത ഇന്ന് നമ്മുടെ അധിക കുടുംബങ്ങളിലും നടക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ സംശയമാണെന്നെങ്കിലും പറയേണ്ടിവരും. ഒരേസമയം ഫ്യൂഡല്‍ മൂല്യങ്ങള്‍ താലോലിക്കുകയും മുതലാളിത്ത മൂല്യങ്ങള്‍ സ്വാംശീകരിക്കുകയും ചെയ്യുന്നതാണ് നമ്മുടെ മിക്കവാറും കുടുംബങ്ങള്‍. ഫ്യൂഡലിസത്തില്‍ ചോറ്റിനും പേറ്റിനുമുളള യന്ത്രം മാത്രമാണ് പെണ്ണ്. അവിടെ അവള്‍ക്ക് യാതൊരു വിധ കര്‍തൃത്വമോ വ്യക്തിത്വമോ ഇല്ല. ഇത്തരമൊരു സമീപനം പുലര്‍ത്തുന്ന ഭര്‍ത്താവില്‍നിന്നും അതില്‍ വളര്‍ത്തപ്പെടുന്ന ഭാര്യയില്‍നിന്നും ലൈംഗികാകര്‍ഷകത്വം നിലനിര്‍ത്തുന്ന ഒരു പെരുമാറ്റം പ്രതീക്ഷിക്കാനാവില്ല.
പെണ്ണിനെ ഇത്തരത്തില്‍ കാണാതെ അവളുടെ വ്യക്തിത്വം ഒരു പരിധിവരെ അംഗീകരിക്കപ്പെടുന്ന കുടുംബങ്ങളിലും പാരമ്പര്യം, പ്രകൃതം, സാഹചര്യം തുടങ്ങിയ വ്യത്യസ്ത കാരണങ്ങളാല്‍ സദാ ലൈംഗികാകര്‍ഷകത്വം നിലനിര്‍ത്തുന്ന പരിസരം ഒരുക്കുന്നതിലും പെരുമാറ്റം ശീലിക്കുന്നതിലും ശ്രദ്ധ വളരെ കുറവാണ്. പരസ്പരാകര്‍ഷകത്വമില്ലെങ്കില്‍ എങ്ങനെ ആഹ്ലാദകരമായ ലൈംഗികത സാധ്യമാകും? ഭാര്യ ഭര്‍ത്താവിന്റെ മുമ്പില്‍ തന്റെ എല്ലാ സൗന്ദര്യവും വെളിവാക്കും വിധം അണിഞ്ഞൊരുങ്ങണമെന്നും യാത്ര കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ ഭാര്യയെ മുന്‍കൂട്ടി വിവരമറിക്കാതെ വീട്ടില്‍ കയറിച്ചെല്ലരുതെന്നുമുള്ള പ്രവാചക നിര്‍ദേശത്തിന്റെ പൊരുള്‍ ആഹ്ലാദകരമായ ലൈംഗികത സാധ്യമാക്കുക എന്നല്ലാതെ മറ്റൊന്നുമല്ല. ഈ അണിഞ്ഞൊരുങ്ങല്‍ പുരുഷനും ബാധകമാണെന്ന് പ്രവാചക ശിഷ്യനായ ഇബ്‌നു അബ്ബാസിന്റെ ഒരു പ്രസ്താവനയില്‍നിന്ന് വ്യക്തമാണ്. 'എനിക്കു വേണ്ടി ഭാര്യ അണിഞ്ഞൊരുങ്ങുന്നതുപോലെ അവള്‍ക്കു വേണ്ടി അണിഞ്ഞൊരുങ്ങുന്നത് ഞാനും ഇഷ്ടപ്പെടുന്നു' എന്നായിരുന്നു ഇബ്‌നുഅബ്ബാസിന്റെ പ്രസ്താവന.
മറുഭാഗത്ത് മുതലാളിത്ത മൂല്യം സൃഷ്ടിച്ച ആര്‍ത്തി ഭാര്യയെയും ഭര്‍ത്താവിനെയും സാമ്പത്തിക സുരക്ഷിതത്വത്തെക്കുറിച്ച ഉത്കണ്ഠയില്‍ സദാ തളച്ചിട്ടിരിക്കുകയാണ്. ഈ ഉത്കണ്ഠയും സാമ്പത്തിക സുരക്ഷിതത്വം നേടാനുള്ള പരക്കംപാച്ചിലും ആഹ്ലാദകരമായ ലൈംഗികതക്ക് തടസ്സമാണെന്ന് പറയേണ്ടതില്ലല്ലോ. ഉളളതുകൊണ്ട് തൃപ്തിപ്പെടുന്ന ശീലം സ്ത്രീയും പുരുഷനും ആര്‍ജിക്കണമെന്ന് പ്രവാചകന്‍ പഠിപ്പിച്ചത് വെറുതെയല്ല
ഇത്തരം കാരണങ്ങളാല്‍ ലൈംഗിക മരവിപ്പ് എന്നോ ലൈഗിക ദാരിദ്ര്യം എന്നോ പറയാവുന്ന ഒരു പ്രതിഭാസം ഇന്ന് നമ്മുടെ കുടുംബങ്ങളില്‍ വളര്‍ന്നുവരുന്നുണ്ടോ എന്ന് സംശയിക്കേണ്ട സ്ഥിതി വിശേഷമുണ്ട്. ഇത് വഴിവിട്ട പല ബന്ധങ്ങളിലേക്കും സ്ത്രീപുരുഷന്മാരെ നയിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ആണ് വഴിവിട്ടാലും പെണ്ണ് വഴിവിട്ടാലും അത് ആത്യന്തികമായി സ്ത്രീസുരക്ഷയെയാണ് ബാധിക്കുക. സ്ത്രീപീഡനങ്ങളിലും അനാശാസ്യ പ്രവര്‍ത്തനങ്ങളിലും പിടിക്കപ്പെടുന്നവരില്‍ ഭൂരിപക്ഷവും മധ്യവയസ്സില്‍ എത്തിനില്‍ക്കുന്ന സ്ത്രീ പുരുഷന്മാരാണെന്നത് മേല്‍ സംശയത്തെ ബലപ്പെടുത്തുന്നു.
സ്ത്രീ പീഡനം വര്‍ധിച്ചുവരുന്നതിന്റെ മറ്റൊരു പ്രത്യാഘാതം പുരുഷ വിദ്വേഷം സ്ത്രീകള്‍ക്കിടയില്‍ വളര്‍ന്നുവരുമെന്നുള്ളതാണ്. സ്ത്രീപീഡനത്തെക്കുറിച്ച ഫെമിനിസ്റ്റുകളുടെ നിരീക്ഷണങ്ങളിലെല്ലാം അത് ഉച്ചസ്ഥായി പ്രാപിച്ചതായി കാണാം. പുരുഷന്റെ ജനനേന്ദ്രിയത്തെ മര്‍ദനായുധമായിട്ടാണ് അവരില്‍ പലരും വിശേഷിപ്പിക്കുന്നത്. അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കുടുംബത്തിലായാലും പുറത്തായാലും സ്ത്രീയെക്കുറിച്ച പുരുഷന്റെ കാഴ്ചപ്പാട് മാറ്റുക മാത്രമേ അതിന് പ്രതിവിധിയുള്ളൂ. ആളുകളുടെ സാധാരണ സംസാരവും രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകളും മുതല്‍ സിനിമ, നാടകം എന്നീ ജനകീയ കലകള്‍വരെ പെണ്ണിന്റെ ശരീരത്തെക്കുറിച്ച പുരുഷന്റെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ഏതൊരു സാധാരണ പെണ്ണിനെയും പുരുഷവിദ്വേഷിയാക്കി മാറ്റുംവിധം അങ്ങേയറ്റം സ്ത്രീവിരുദ്ധമാണ്. പെണ്ണിനെ ആദരിക്കാനും ബഹുമാനിക്കാനും ഒട്ടും അറിയാത്ത സംസ്‌കാരശൂന്യമായ ഒരു സമൂഹമായി നാം മാറിപ്പോയിട്ടണ്ട് എന്നതിന് ഇതിലപ്പുറം തെളിവ് വേറെ വേണ്ടതില്ല. ഇത്തരമൊരു സമൂഹത്തില്‍ സ്ത്രീപീഡനം നിത്യ സംഭവവും ബലാത്സംഗം ചായകുടി പോലെയും ആയില്ലെങ്കിലേ അത്ഭുതമുള്ളൂ. പുരുഷവിദ്വേഷം സ്ത്രീകളില്‍ ശക്തിപ്പെടുന്നതോടെ സ്ത്രീപുരുഷ ലൈംഗികത അവളില്‍ അറുപ്പുളവാക്കുന്ന കാര്യമായിത്തീരുകയും വിവാഹത്തില്‍ അവള്‍ക്ക് താല്‍പര്യം നശിക്കുകയും ചെയ്യും. വിദ്യാസമ്പന്നരായ പുതിയ തലമുറയില്‍ അത് കണ്ടുതുടങ്ങിയിട്ടുമുണ്ട്. പ്രകൃതിവിരുദ്ധ ലൈംഗികതയിലേക്ക് സ്ത്രീകള്‍ ആകര്‍ഷിക്കപ്പെടുകയാകും അതിന്റെ ഫലം.
ജിഷയുടെ ദാരുണമായ കൊലപാതകത്തില്‍ പ്രശ്‌നവത്കരിക്കേണ്ട മറ്റൊന്ന് അവളുടെ ജാതിതന്നെയാണ്. കീഴാള സ്ത്രീശരീരം അസ്പൃശ്യതയും അയിത്തവും നിലനിന്ന ഫ്യൂഡല്‍ കാലഘട്ടത്തിലും, അയിത്തമവസാനിച്ചിട്ടും കീഴാള പുഛം നിലനില്‍ക്കുന്ന ആധുനിക സമൂഹത്തിലും തങ്ങളുടെ കാമപൂര്‍ത്തിക്ക് ഇരയാക്കാനുള്ളതാണ് എന്നാണ് ഏതൊരു മലയാളി പുരുഷന്റെയും മനോഭാവം. അതിനാല്‍ അവളെ ഉപയോഗിച്ച് കൊന്നുകളഞ്ഞാല്‍ ആര് ചോദിക്കാനാണ്! ഇതത്രെ മലയാളി സവര്‍ണ പുരുഷന്റെ മനോഭാവം. ഇതുതന്നെയല്ലേ പെരുമ്പാവൂരിലും സംഭവിച്ചത്! സോഷ്യല്‍ മീഡിയ ഇല്ലായിരുന്നുവെങ്കില്‍ ഇന്‍ക്വസ്റ്റ് നടത്തിയ പോലീസിനോ, പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ക്കോ, ദുരൂഹ മരണം എന്ന നിലയില്‍ പെട്ടിക്കോളം വാര്‍ത്തയാക്കിയ പരമ്പരാഗത വാര്‍ത്താ മാധ്യമങ്ങള്‍ക്കോ, വികസനത്തിന്റെ അപ്പോസ്തലന്മാരായ രാഷ്ട്രീയക്കാര്‍ക്കോ ജിഷയുടെ കൊലപാതകം ഒരു വിഷയമേ ആകുമായിരുന്നില്ല. എന്റെ ജന്മംതന്നെയാണ് ഞാന്‍ ചെയ്ത പാപം എന്ന് കുറിപ്പെഴുതിയ രോഹിത് വെമുലയുടെ രക്തസാക്ഷിത്വത്തെപോലെ, ദലിതയും പുറമ്പോക്കുകാരിയുമായിട്ടും നിയമം പഠിക്കാന്‍ പോയതാണ് അവള്‍ ചെയ്ത തെറ്റ് എന്ന് മനസ്സിലാക്കിക്കൊണ്ട് ജിഷയുടെ നീതിക്കു വേണ്ടി നടത്തുന്ന സമരം മാത്രമേ സമകാലിക ഇന്ത്യന്‍-കേരള അവസ്ഥയില്‍ പ്രസക്തമായ ഒരു രാഷ്ട്രീയ സമരമായി വികസിക്കുകയുള്ളൂ.
Comments