ജിഷ പ്രതിരോധത്തിന്റെ ഒറ്റപ്പദം
നെരിപ്പോടായി അവള്‍ മലയാളി ഹൃദയങ്ങളിലേക്ക് ചൊരിഞ്ഞ തീനാമ്പുകള്‍ പതിയെ എരിഞ്ഞമരുകയാണ്. മറ്റെല്ലാമെന്ന പോലെ പുതിയൊരു വിഷയം വീണുകിട്ടുന്നതുവരെ മാത്രമേ ജിഷയെന്ന 'പ്രശ്‌നം' നീണ്ടുനില്‍ക്കൂ. ഒരു കലുങ്കിന്റെ കരയിലെ പുറമ്പോക്കില്‍ ഒരു ഒറ്റമുറി വീട്. ഇരുപത്തിയഞ്ച് വര്‍ഷത്തോളമായി ജിഷയും അമ്മയും അവിടെ താമസിക്കുന്നു. സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ല. നാട്ടുകാര്‍ക്ക് ഈ കുടുംബവുമായി യാതൊരു സമ്പര്‍ക്കവുമില്ല. അവഗണന, അവഹേളനം, ഭീഷണി തുടങ്ങിയവ ആ കുടുംബം നിരന്തരം അനുഭവിച്ചുകൊണ്ടിരുന്നു. വസ്ത്രത്തില്‍ ഒളി കാമറ ഘടിപ്പിച്ച് അവള്‍ അക്രമികള്‍ക്കെതിരെ കണ്‍പാര്‍ത്തു. പ്രതിസന്ധികളോട് മല്ലിട്ട് നിയമ വിദ്യാര്‍ഥി വരെയായി. ഒടുവില്‍ ഭയപ്പെട്ടതുതന്നെ സംഭവിച്ചു! ഇരുപത്തിയഞ്ചോളം വര്‍ഷം തള്ളിയാല്‍ തുറക്കുന്ന വാതിലുകള്‍ക്കിപ്പുറം അവളും ആ അമ്മയും ഭയത്തെ കാവലാക്കി ഉറങ്ങി. സാരി മറച്ച ശൗചാലയങ്ങളില്‍ അവര്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റി. എന്നിട്ടും ഭരണകൂടത്തിന്റെ കണ്ണുകളില്‍ ഈ ഒറ്റമുറിയും അതിലെ ജീവിതങ്ങളും ഒന്നു പെട്ട് കിട്ടാന്‍ ആ മകള്‍ പീഡനത്തിനിരയായി അതിക്രൂരമായി കൊല ചെയ്യപ്പെടേണ്ടിവന്നു. ഇപ്പോള്‍ ഉന്തും തള്ളും കൂടുന്ന കാമറ കണ്ണുകളും, വികാരം തുളുമ്പുന്ന പേനമുനകളും അതുവരെ എത്തിനോക്കിയിരുന്നില്ല ആ ഒറ്റമുറി വീട്ടിലേക്ക്. ഇതെല്ലാം നമ്മുടെ ചിന്തകളെ കൊണ്ടെത്തിക്കുന്നത് രാഷ്ട്രീയ, സാമൂഹിക, നീതിന്യായ വ്യവസ്ഥകളുടെ പിടിപ്പുകേടിലേക്കും ജീര്‍ണതകളിലേക്കുമാണ്.
ജിഷ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ പുരുഷാധിപത്യത്തെക്കുറിച്ച് മാത്രമല്ല; ഭൂമിയുടെ രാഷ്ട്രീയത്തിലേക്ക് കൂടിയാണവ വിരല്‍ ചൂണ്ടുന്നത്. മേല്‍ ജാതി സമൂഹത്താല്‍ ഭൂമിയില്‍നിന്ന് നിഷ്‌കാസനം ചെയ്യപ്പെടുന്നവര്‍ ഉയര്‍ത്തുന്ന ജാതി രാഷ്ട്രീയത്തിലേക്ക്.
ഇത്രയും കാലം രാജ്യത്തിന്റെ വേദനയായത് ഇടവേളകള്‍ തെറ്റിക്കാതെ വന്ന വര്‍ഗീയ കലാപങ്ങളായിരുന്നു. ഇപ്പോള്‍ ഇടവേളകളില്ലാതെ വരുന്ന പെണ്‍ പീഡന കഥകളാണ് വാര്‍ത്തകളില്‍ നിറയുന്നത്. പീഡിപ്പിക്കല്‍ പ്രധാന വൃത്താന്തമായ സമൂഹം നമ്മെ പേടിപ്പിക്കുകയും അസ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. നാടോടി പെണ്ണ് മുതല്‍ പോലീസ് സ്‌റ്റേഷനില്‍ അഭയം തേടിയ പെണ്ണടക്കം പിച്ചിച്ചീന്തപ്പെടുന്നു. കൈയബദ്ധം എന്ന് നിസ്സാരപ്പെടുത്തിയും ആണത്തം എന്ന് വാഴ്ത്തിപ്പറഞ്ഞും അധികൃതര്‍ കാമകേളികള്‍ക്ക് പരോക്ഷ പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നു. രാജ്യത്തുടനീളം പെണ്ണുടല്‍ ഹോമിക്കപ്പെടുകയാണ്.
നമ്മുടെ ചര്‍ച്ചാ വേദികളില്‍ തീയും പുകയും പടര്‍ത്തി കത്തിനിന്ന പല വിഷയങ്ങളും ദിനങ്ങള്‍ക്കകം പഴങ്കഥയാവുമ്പോഴും, ബലാത്സംഗം തുടര്‍ക്കഥയാവുകയാണ്. ദല്‍ഹിയിലെ 'നിര്‍ഭയ', ട്രെയിനിലെ സൗമ്യ... പ്രമാദമായ എത്ര സംഭവങ്ങള്‍. സ്ഥലവും പേരുകളും മാത്രമേ മാറുന്നുള്ളൂ. ക്രൂര രതിയുടെ രൂപഭാവങ്ങള്‍ ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുക തന്നെയാണ്. അവയില്‍ ചിലത് മാത്രം ശ്രദ്ധിക്കപ്പെടുന്നു. കണ്ടതിനേക്കാള്‍, കേട്ടതിനേക്കാള്‍ ഏറെ കാണാതെ പോയവയുണ്ട്, ഇനിയും കാണാനിരിക്കുന്നവയും.
പി.എച്ച്.ഡി ഫെല്ലോഷിപ്പിന് വേണ്ടിയും പെണ്‍കുട്ടികള്‍ യൂനിവേഴ്‌സിറ്റിയില്‍ സഹശയനങ്ങള്‍ക്ക് നിര്‍ബന്ധിക്കപ്പെടുന്നു എന്ന വാര്‍ത്ത അത്രയൊന്നും അലോസരം സൃഷ്ടിക്കാത്ത നാടാണിത്. അതുകൊണ്ടുതന്നെയാണ് മുതിര്‍ന്ന സുപ്രീം കോടതി ജഡ്ജി എം.എസ് ഗാംഗുലി തന്റെ അഭിഭാഷക വിദ്യാര്‍ഥിനിയെ ദുരുപയോഗം ചെയ്ത വാര്‍ത്ത നമ്മുടെ മാധ്യമങ്ങളില്‍ അധികം ഓടാതെ നിന്നുപോയത്. വൈദികന്റെ 'വിശുദ്ധ' രതിക്കും പീഡനത്തിനും ഇരയായി ശ്വാസം നിലച്ചുപോയ 'അഭയ', സ്ത്രീ മുന്നേറ്റത്തിന്റെ ആവശ്യകത വിളിച്ചറിയിക്കുന്നുണ്ട്.
മെഡിക്കല്‍ കോളേജുകള്‍, നഴ്‌സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, ലോ കോളേജുകള്‍ എന്നിങ്ങനെ പെണ്ണിരകളുടെ ഇടങ്ങള്‍ ധാരാളം. ഓഫീസ് പോണ്‍ എന്നൊരു പ്രയോഗം തന്നെ നമ്മുടെ ഭാഷാ നിഘണ്ടുവില്‍ ഇടം പിടിച്ചത് ഈയടുത്ത കാലത്താണ്. എല്ലാം വിരല്‍ ചൂണ്ടുന്നു, നിര്‍ഭയവും സുരക്ഷിതവുമായ ജീവിതം പെണ്ണിന് പാഴ്ക്കിനാവാണെന്ന്.
ഞങ്ങള്‍ പെണ്ണുങ്ങളുടെ ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന വികാരം ഇപ്പോള്‍ ഭയമാണ്. ഓരോ പെണ്ണിനു നേരെയും എപ്പോഴും നീണ്ടുവരാവുന്ന കാമക്കലിയെക്കുറിച്ച അറപ്പുളവാക്കുന്ന പേടി. തെരുവില്‍ നടക്കുമ്പോഴും ഓഫീസിലോ മറ്റോ ജോലി ചെയ്യുമ്പോഴും മാത്രമല്ല, സ്വന്തം വീടുകളില്‍ വരെ കാമവെറിയുടെ പൈശാചിക കരങ്ങള്‍ നീണ്ടുവരുന്നുണ്ട്; അത് അഛനോ അനിയനോ വരെ ആകാം.
ചിതല്‍പിടിച്ച് കിടക്കുന്ന പീഡന കേസ് ഫയലുകളിലേക്ക് ഒരതിഥി കൂടി ആയി ജിഷ മാറരുത്. 'അവള്‍' പ്രക്ഷോഭം എന്ന വാക്കിന്റെ പര്യായമാകട്ടെ. ജിഷാ... നിന്നെ ഉയര്‍ത്തിപ്പിടിച്ച് ഞങ്ങളുണ്ട് ഇവിടെ; നീതി എവിടെയാണോ അവിടം വരെ ചെല്ലാന്‍. ഇതോരോ പെണ്ണിന്റെയും ആത്മാഭിമാനമാണ്. ജിഷ പ്രതിരോധത്തിന്റെ, പ്രതിഷേധത്തിന്റെ ഒറ്റപ്പദമാകട്ടെ.
Comments