Prabodhanm Weekly

Pages

Search

2016 മെയ് 06

2950

1437 റജബ് 28

മനുഷ്യനെ ഒന്നായി കണ്ട ദര്‍ശനം

അബ്ദുര്‍റഹ്മാന്‍ തുറക്കല്‍

സ്‌ലാമില്‍ മനുഷ്യരെല്ലാം ഒന്നാണ്. അവര്‍ ആദമിന്റെ സന്തതികളാണ്. മുസ്‌ലിം, അമുസ്‌ലിം എന്ന വ്യത്യാസമില്ല.  എല്ലാവരെയും ഇസ്‌ലാം ആദരിച്ചിരിക്കുന്നു. മറ്റ് സൃഷ്ടിജാലങ്ങളേക്കാള്‍ മനുഷ്യന് മഹത്തായ സ്ഥാനം നല്‍കി അനുഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്. അല്ലാഹു പറഞ്ഞു: ''തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു. അവര്‍ക്കു നാം കടലിലും കരയിലും വാഹനങ്ങള്‍ നല്‍കി. ഉത്തമ പദാര്‍ഥങ്ങള്‍ ആഹാരമായി നല്‍കി. നാം സൃഷ്ടിച്ച നിരവധി സൃഷ്ടികളേക്കാള്‍ പ്രകടമായ ഔന്നത്യമരുളുകയും ചെയ്തു'' (ഇസ്രാഅ് 70). എന്നാല്‍, ദൈവസന്നിധിയില്‍ മനുഷ്യനെ വേര്‍തിരിക്കുന്നത് അവനിലെ ദൈവ ഭക്തിയും വിശ്വാസബോധവുമാണ്. ''അല്ലാഹുവിന്റെ അടുക്കല്‍ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളിലേറ്റവും ദൈവഭക്തി പുലര്‍ത്തുന്നവരാകുന്നു'' (അല്‍ഹുജ്‌റാത്ത് 13). അല്ലാഹുവിനോടുള്ള ബന്ധം എങ്ങനെയാകണമെന്നതുപോലെ മുഴുവന്‍ ജനങ്ങളോടുള്ള പെരുമാറ്റം എങ്ങനെയാകണമെന്ന് ഇസ്‌ലാം വരച്ചുകാട്ടിയിട്ടുണ്ട്.

സത്യമതം ഇസ്‌ലാം ആണെന്നും അതില്‍ ബലാല്‍ക്കാരമില്ലെന്നും  അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. ''താങ്കളുടെ രക്ഷിതാവിന്റെ ഇഛ (ഭൂമിയിലെല്ലാവരും വിശ്വാസികളും അനുസരണമുള്ളവരും തന്നെ ആകണമെന്ന്) ആയിരുന്നുവെങ്കില്‍ ഭൂവാസികളഖിലം വിശ്വാസം കൈക്കൊള്ളുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ സത്യവിശ്വാസികളാവാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ?''(യൂനുസ് 99). ദൈവിക സന്ദേശം ജനങ്ങള്‍ക്കെത്തിച്ചുകൊടുക്കുക മാത്രമാണ് പ്രവാചകന്മാരുടെ ദൗത്യം. ഇസ്‌ലാമിലേക്ക് കടന്നുവരാന്‍ ആരെയും പ്രവാചകന്‍ നിര്‍ബന്ധിച്ചിട്ടില്ല. അത് ഇസ്‌ലാമിന്റെ നയവുമല്ല. പ്രവാചകന്റെ കാലത്ത് ഇസ്‌ലാമിനെ അറിഞ്ഞംഗീകരിച്ച് ത്യപ്തിപ്പെട്ടാണ് അതിലേക്ക് ആളുകള്‍ കടന്നുവന്നത്; ബലാല്‍ക്കാരമായിട്ടില്ല. വല്ല നന്മയും ആഗ്രഹിച്ച് പിതാവ് മക്കളെയോ മക്കള്‍ പിതാവിനെയോ ഇസ്‌ലാമിലേക്ക് വരാന്‍ സമ്മര്‍ദം ചെലുത്തുന്നതു പോലും പ്രവാചകന്‍ വെറുത്തിരുന്നു. അങ്ങനെയാണ് ലോകത്ത് ഇസ്‌ലാം വ്യാപിച്ചത്.

ഇതര മതവിഭാഗങ്ങളോടുള്ള ഇസ്‌ലാമിന്റെ നിലപാട് മാനുഷികവും കാരുണ്യപരവുമാണ്. പ്രവാചക ജീവിതം അതിന്റെ വ്യക്തമായ ഉദാഹരണമാണ്. പ്രവാചകന്‍ ആരോടും പകയും വിദ്വേഷവും വെച്ചുപുലര്‍ത്തിയിരുന്നില്ല. മുസ്‌ലിമിനോടെന്ന പോലെ ഇതര മതസ്ഥരോടും സ്‌നേഹവും കരുണയും അനുകമ്പയും വിശാലമനസ്‌കതയും കാണിച്ചിരുന്നു. വിട്ടുവീഴ്ചയോടും വിനയത്തോടും ആദരവോടും കൂടിയായിരുന്നു വര്‍ത്തിച്ചിരുന്നത്. പ്രവാചകന്‍ പറഞ്ഞു: ''ജനങ്ങളോട് കരുണ കാണിക്കാത്തവനോട് അല്ലാഹു കരുണ കാണിക്കുകയില്ല.'' പ്രവാചകന്‍ മറ്റു മതസ്ഥരില്‍ തന്റെ വിശ്വാസം അടിച്ചേല്‍പിക്കാന്‍ തുനിഞ്ഞിരുന്നില്ല. 'ജനങ്ങള്‍ സത്യവിശ്വാസികളാവാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ'(യൂനുസ് 99) എന്ന വിശുദ്ധ ഖുര്‍ആന്റെ തത്ത്വം പ്രയോഗവത്കരിച്ച ജീവിതമായിരുന്നു പ്രവാചകന്റേത്.

മതപരമായ സ്വാതന്ത്ര്യം ഇസ്‌ലാമിന്റെ അന്തസ്സത്തയാണ്. 'മതത്തില്‍ യാതൊരുവിധ ബലപ്രയോഗവുമില്ല. സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞു കഴിഞ്ഞിരിക്കുന്നു' (അല്‍ബഖറ 256) എന്ന ആയത്തിന്റെ അവതരണ പശ്ചാത്തലം പരിശോധിക്കുമ്പോള്‍ ഇക്കാര്യം ബോധ്യമാകും. ബനീ സാലിം ബ്‌നു ഔഫിലെ അന്‍സാറുകളില്‍പെട്ട ഒരാളുടെ രണ്ട് കുട്ടികള്‍ ക്രിസ്ത്യാനികളായിരുന്നു. പിന്നീടവര്‍ മദീനയില്‍ ക്രൈസ്തവരായ കച്ചവടക്കാരോടൊപ്പം വന്നു. അവരുടെ പിതാവ് അവരെ ഇസ്‌ലാം ആശ്ലേഷിക്കാന്‍ നിര്‍ബന്ധിച്ചു. അവരിരുവരും അതിനു വഴങ്ങിയില്ല. പ്രശ്‌നം പ്രവാചക സന്നിധിയിലെത്തി. പിതാവ് പറഞ്ഞു: 'എന്റെ കുട്ടികള്‍ നരകത്തില്‍ പ്രവേശിക്കുന്നത് ഞാന്‍ നോക്കിനില്‍ക്കുകയോ?!' ആ സമയത്താണ് മുകളിലുദ്ധരിച്ച ഖുര്‍ആന്‍ വാക്യം അവതീര്‍ണമായത്. പ്രവാചകന്‍ അവരിരുവരെയും അവരുടെ വഴിക്കുവിട്ടു. 

ഇതര മതവിഭാഗങ്ങളോട് ധിക്കാരവും അസഹിഷ്ണുതയും കാഠിന്യവും പുലര്‍ത്തുന്നവരാണ് മുസ്‌ലിംകളെന്ന് ചിലയാളുകള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. പ്രവാചക ചരിത്രം സൂക്ഷ്മമായി പഠിക്കുന്ന ഏതൊരാള്‍ക്കും ഇതര മതവിഭാഗങ്ങളോട് നീതിയും കാരുണ്യവും സഹിഷ്ണുതയും നിറഞ്ഞ പ്രവാചകന്റെ നിലപാടുകള്‍ കണ്ടെത്താനാവും. ഇതര മതവിഭാഗങ്ങളോട് എങ്ങനെ വര്‍ത്തിക്കണമെന്നതിന് വ്യക്തമായ മര്യാദകളും രീതികളും ഇസ്‌ലാം വരച്ചുകാട്ടിയിട്ടുണ്ട്. നീതിയുടെയും അക്രമരാഹിത്യത്തിന്റെയും അടിത്തറയിലാണ് ഇതര മതസ്ഥരോടുള്ള പെരുമാറ്റരീതികളും മര്യാദകളും ഇസ്‌ലാം പടുത്തുയര്‍ത്തിയിരിക്കുന്നത്. അല്ലാഹു പറഞ്ഞു: ''മതകാര്യങ്ങളില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചേടത്തോളം നിങ്ങളവര്‍ക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതികാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു''(മുംതഹിന 8).

മദീനയിലെ നേതാവും നായകനുമൊക്കെയായിരുന്നു പ്രവാചകന്‍. എന്നിട്ടും അവിടെയുള്ള ജൂതന്മാരും മറ്റു വിഭാഗങ്ങളും പൂര്‍ണമായ മതസ്വാതന്ത്ര്യം ആസ്വദിച്ചിരുന്നു. ഒരോ മതവിഭാഗത്തിനും സ്വാതന്ത്ര്യം നല്‍കുക മാത്രമല്ല, അവരുടെ മതാചാരങ്ങള്‍ അനുഷ്ഠിക്കാന്‍ പ്രവാചകന്‍ അനുവദിക്കുകയും ചെയ്തിരുന്നു. വിവാഹം, വിവാഹമോചനം പോലുള്ള എല്ലാം തങ്ങളുടെ ആചാരപ്രകാരം നിര്‍വഹിക്കാന്‍ അവര്‍ക്ക് അനുവാദം നല്‍കിയിരുന്നു. അന്യമതസ്ഥരുടെ ആരാധനാലയങ്ങള്‍ക്ക് സംരക്ഷണം നല്‍കിയിരുന്നു. ഒരു ദേവാലയവും ആക്രമിക്കപ്പെട്ടില്ല. യുദ്ധവേളയില്‍ സേനാനായകന്മാര്‍ക്ക് അന്യരുടെ ദേവാലയങ്ങള്‍ അക്രമിക്കരുതെന്ന് പ്രവാചകന്‍ പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു.

അന്യമതക്കാരുടെ നാശം പ്രവാചകന്‍ കൊതിച്ചിരുന്നില്ല. അവര്‍ക്കെതിരെ ഒരിക്കലും പ്രാര്‍ഥിച്ചിരുന്നില്ല. അവര്‍ക്ക് സന്മാര്‍ഗം ലഭിക്കാനായിരുന്നു എപ്പോഴും പ്രാര്‍ഥന. ദൗസ്‌ഗോത്രം അല്ലാഹുവിന്റെയും പ്രവാചകന്റെയും കല്‍പനക്ക് കീഴടങ്ങാതിരുന്നപ്പോള്‍ തുഫൈലുബ്‌നു അംറ് ദോസ് പ്രവാചകന്റെയടുത്ത് വന്ന് പറഞ്ഞു: 'ദൗസ്‌ഗോത്രം ധിക്കാരം കാണിച്ചിരിക്കുന്നു. താങ്കള്‍ അവര്‍ക്കെതിരെ അല്ലാഹുവിനോട് പ്രാര്‍ഥിക്കുക'. ഉടനെ പ്രവാചകന്‍ ഇരുകൈകളുമുയര്‍ത്തി ഖിബ്‌ലക്ക് അഭിമുഖമായി നിന്ന് പ്രാര്‍ഥിച്ചു. ജനങ്ങളെല്ലാം 'ദൗസ്‌ഗോത്രം നശിച്ചേക്കുമെന്ന് വിധിയെഴുതി. കാരുണ്യവാനും വിനയാന്വിതനുമായ പ്രവാചകന്‍ ദൗസ്‌ഗോത്രക്കാര്‍ക്കു വേണ്ടി മൂന്ന് പ്രാവശ്യം പ്രാര്‍ഥിച്ചത് ഇപ്രകാരമായിരുന്നു: 'അല്ലാഹുവേ, ദൗസ് ഗോത്രത്തിന് നീ സന്മാര്‍ഗം നല്‍കുകയും അവരെ നല്ല വഴിക്കാക്കുകയും ചെയ്യേണമേ' (ബുഖാരി, മുസ്‌ലിം). അന്യമതസ്ഥരായ രോഗികളെ പ്രവാചകന്‍ സന്ദര്‍ശിച്ചിരുന്നു. അന്യമതസ്ഥരായ ആളുകള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കുകയും അവരില്‍നിന്ന് അവ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇടപാടുകള്‍ നടത്തിയിരുന്നു. ഒരു ജൂതന്റെ പക്കല്‍നിന്ന് പ്രവാചകന്‍ ഭക്ഷണം കടമായി വാങ്ങുകയും അദ്ദേഹത്തിന്റെ അടുക്കല്‍ പടയങ്കി പണയം വെക്കുകയും ചെയ്തത് ചരിത്രത്തില്‍ പ്രസിദ്ധമാണ്. മരണസമയത്ത് മുപ്പത് 'സ്വാഅ്' ഗോതമ്പിന് പ്രവാചകന്റെ പടയങ്കി ഒരു ജൂതന്റെ അടുക്കല്‍ പണയത്തിലായിരുന്നു.

ഒരിക്കല്‍ പ്രവാചകന്‍ സ്വഹാബിമാരുടെ വീട്ടിലിരിക്കുകയായിരുന്നു. ആ സമയത്ത് ജൂത പുരോഹിതന്മാരില്‍പെട്ട സഅ്ദുബ്‌നു സഅ്‌ന എന്നയാള്‍ അവിടെ വന്നു. സ്വഹാബിമാര്‍ക്കിടയിലൂടെ  അദ്ദേഹം പ്രവാചകന്റെ അരികിലെത്തി. പ്രവാചകന്റെ വസ്ത്രം ബലമായി പിടിച്ചുവലിച്ചു. പരുഷസ്വഭാവത്തില്‍ അദ്ദേഹം പറഞ്ഞു: ''മുഹമ്മദേ, നിന്റെ മേലിലുള്ള കടബാധ്യത വീട്ടുക. നിങ്ങള്‍ ഹാശിം കുടുംബക്കാര്‍ കടങ്ങള്‍ വീട്ടുന്നത് നീട്ടിക്കൊണ്ടുപോകുന്നവരാണ്.'' പ്രവാചകന്‍ ജൂതരില്‍നിന്ന് കുറച്ചു കാശ് കടംവാങ്ങിയിരുന്നു. എന്നാലത് തിരിച്ചുനല്‍കുന്നതിനുള്ള സമയമായിട്ടില്ലായിരുന്നു. അത് ചോദിച്ചാണ് ജൂത പുരോഹിതന്‍ പ്രവാചകന്റെ അടുക്കലെത്തിയത്.

പ്രവാചകനോടുള്ള പുരോഹിതന്റെ പെരുമാറ്റത്തില്‍ ക്ഷുഭിതനായ ഉമര്‍(റ) വാളൂരി എഴുന്നേറ്റു. പ്രവാചകനോട് പറഞ്ഞു: ''ഇയാളുടെ തലവെട്ടാന്‍ എനിക്ക് അനുമതി നല്‍കിയാലും.'' പ്രവാചകന്‍ പറഞ്ഞു: ''താങ്കള്‍ അദ്ദേഹത്തോട് മര്യാദയോടെ കിട്ടാനുള്ള കടം ചോദിക്കാന്‍ പറയൂ. നല്ല നിലയിലത് വീട്ടാന്‍ എന്നോട് കല്‍പിക്കൂ.'' അപ്പോള്‍ ജൂതന്‍ പറഞ്ഞു: ''താങ്കളെ സത്യവുമായി അയച്ചവനാരോ അവനാണ് സത്യം, ഞാന്‍ കടം തിരിച്ചുചോദിക്കാന്‍ വന്നതല്ല. താങ്കളുടെ സ്വഭാവമൊന്ന് പരീക്ഷിക്കാനാണ് വന്നത്. കടംതിരിച്ചു നല്‍കേണ്ട സമയമായിട്ടില്ലെന്ന്  എനിക്കറിയാം.  താങ്കളുടെ എല്ലാ സ്വഭാവവിശേഷണങ്ങളും തൗറാത്തില്‍നിന്ന് വായിക്കാനും അത് സത്യമാണെന്ന് അറിയാനും സാധിച്ചിട്ടുണ്ട്. കോപമുണ്ടാകുന്ന സമയത്ത് താങ്കള്‍ സഹനശീലനാണെന്ന് എനിക്കിതുവരെ മനസ്സിലായിട്ടില്ല. അതൊന്ന് പരീക്ഷിക്കാനാണ് ഞാനിവിടെ വന്നിരിക്കുന്നത്. ഇപ്പോഴതും എനിക്ക് ബോധ്യപ്പെട്ടു. ഞാനിതാ മുസ്‌ലിമായിരിക്കുന്നു.'' അങ്ങനെ ആ ജൂത പുരോഹിതന്‍ ഇസ്‌ലാം ആശ്ലേഷിച്ചു. തബൂക്ക് യുദ്ധത്തില്‍ പ്രവാചകനോടൊപ്പം അദ്ദേഹം പങ്കെടുക്കുകയുമുണ്ടായി.

മദീനയില്‍ ജൂതന്മാരുമായി മുസ്‌ലിംകള്‍ കച്ചവടത്തിലേര്‍പെട്ടിരുന്നു. ചരക്കുകള്‍ പരസ്പരം കൈമാറിയിരുന്നു. മദീനയിലെ അക്കാലത്തെ ജൂതന്മാരുടെ പ്രസിദ്ധ ചന്തകളിലൊന്നായിരുന്നു 'സൂഖ് ബനീ ഖൈനഖാഅ്'. മുസ്‌ലിംകള്‍ അവിടെ പോയി സാധനങ്ങള്‍ വാങ്ങുകയും കൈമാറ്റം നടത്തുകയും ചെയ്തിരുന്നു. ചിലപ്പോഴെക്കെ ജൂതന്മാര്‍ പ്രകോപനം സൃഷ്ടിക്കുമായിരുന്നെങ്കിലും ക്ഷമ കൈവിടാതെയാണ് പ്രവാചകന്‍ അവരെ അഭിമുഖീകരിച്ചിരുന്നത്. അയല്‍വാസികള്‍ അന്യമതസ്ഥരാണെങ്കിലും അവരോട് നല്ലനിലയില്‍ വര്‍ത്തിക്കണമെന്നും ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്നും പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. ഒരിക്കല്‍ അബ്ദുല്ലാഹിബ്‌നു അംറിനു വേണ്ടി ഒരാടിനെ അറുത്തു. അപ്പോള്‍ അദ്ദേഹം മകനോട് ചോദിച്ചു: ''നമ്മുടെ ജൂതനായ അയല്‍വാസിക്ക് നീ നല്‍കിയോ?'' റസൂല്‍(സ) ഇങ്ങനെ പറയുന്നതായി ഞാന്‍ കേട്ടിരിക്കുന്നു; ''അയല്‍വാസിയോട് നല്ല നിലയില്‍ വര്‍ത്തിക്കാന്‍ ജിബ്‌രീല്‍ എന്നോട് ആജ്ഞാപിച്ചുകൊണ്ടേയിരുന്നു, അവര്‍ അനന്തരാവകാശത്തില്‍ പങ്കാളിയാകുമോ എന്ന് എനിക്ക് തോന്നുംവരെ.'' 

മാതാപിതാക്കളും അടുത്ത ബന്ധുക്കളും അന്യമതസ്ഥരാണെങ്കിലും അവരോട് നല്ലനിലയില്‍ പെരുമാറാനും കരുണ കാണിക്കാനും പ്രവാചകന്‍ കല്‍പിച്ചിട്ടുണ്ട്. അവര്‍ക്ക്  പുണ്യം ചെയ്യുന്നതില്‍നിന്ന് പ്രവാചകന്‍ തടഞ്ഞിരുന്നില്ല. അന്യമതസ്ഥരുടെ ജനാസയോടും പ്രവാചകന്‍ ആദരവ് കാണിച്ചു. ഒരിക്കല്‍ നബി(സ)യുടെ അരികെ ഒരു മൃതശരീരം കൊണ്ടുപോയപ്പോള്‍ പ്രവാചകന്‍ എഴുന്നേറ്റുനിന്നു. അതൊരു ജൂതന്റെ മൃതദേഹമാണെന്ന് ആരോ പറഞ്ഞപ്പോള്‍, പ്രവാചകന്റെ മറുപടി അതൊരു മനുഷ്യനല്ലേ എന്നായിരുന്നു. അന്യമതസ്ഥരോട് ചതിയും വഞ്ചനയും കാണിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. യുദ്ധത്തില്‍ അംഗഛേദം നടത്തരുതെന്നും ഉണര്‍ത്തിയിട്ടുണ്ട്. അന്യമത വിഭാഗങ്ങളോട് വളരെ വീട്ടുവീഴ്ചാമനോഭാവത്തോട് കൂടിയായിരുന്നു പ്രവാചകന്‍ പെരുമാറിയിരുന്നത്. മുസ്‌ലിം, അമുസ്‌ലിം എന്ന വ്യത്യാസമില്ലാതെ എല്ലാവരോടും നീതിപാലിക്കാനാണ് ഇസ്‌ലാമിന്റെ തേട്ടം. നീതിപാലിക്കുന്നതില്‍ മതമോ വര്‍ഗമോ വര്‍ണമോ മറ്റു പ്രത്യേകതകളൊന്നും പ്രവാചകന്‍ പരിഗണിച്ചിരുന്നില്ല. സത്യവും നീതിയും ആരുടെ ഭാഗത്താണോ അതായിരുന്നു പരിഗണിച്ചിരുന്നത്. അവരുടെ സ്വത്തിനും മുതലിനും അഭിമാനത്തിനും സംരക്ഷണം നല്‍കിയിരുന്നു. അമുസ്‌ലിം പൗരന്മാര്‍ക്ക് അവരുടെ എല്ലാ അവകാശങ്ങളും പ്രവാചകന്‍ വകവെച്ചുകൊടുത്തിരുന്നു. സമ്പാദിക്കാനും ജോലിയെടുക്കാനുമുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കിയിരുന്നു.

ആദ്യകാലത്ത് പ്രവാചകന്നും സ്വഹാബികള്‍ക്കും മക്കയില്‍നിന്ന് കടുത്ത പീഡനങ്ങളും മര്‍ദനങ്ങളും നേരിട്ടിരുന്നു. പിന്നീട് ഇസ്‌ലാം വിജയം വരിക്കുകയും മക്ക ജയിച്ചടക്കുകയും ചെയ്തപ്പോള്‍, പ്രവാചകന്‍ അവരോട് യാതൊരു പ്രതികാരവും ചെയ്തില്ല. കാരുണ്യത്തിന്റെ പ്രവാചകന്‍ പ്രഖ്യാപിച്ചതിങ്ങനെ: ''ഇന്ന് നിങ്ങള്‍ക്കെതിരെ ഒരു പ്രതികാരവുമില്ല. നിങ്ങള്‍ പോകൂ. നിങ്ങള്‍ സ്വതന്ത്രരാണ്'. ലോകചരിത്രത്തില്‍ തുല്യതയില്ലാത്ത സംഭവമായിരുന്നു ആ പൊതുമാപ്പ്. ശക്തരും വിജയികളുമായ പ്രവാചകന്നും അനുയായികള്‍ക്കും അവരെ ബലാത്കാരമായി ഏതാവശ്യവും അംഗീകരിപ്പിക്കാമായിരുന്നു. എന്നാല്‍ പ്രവാചകന്‍ അതിനു മുതിര്‍ന്നില്ല. അവരോട് വിനയത്തോടെ പെരുമാറുകയായിരുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /21-22
എ.വൈ.ആര്‍

ഹദീസ്‌

കറകളഞ്ഞ പശ്ചാത്താപം
സി.എം റഫീഖ് കോക്കൂര്‍