Prabodhanm Weekly

Pages

Search

2016 മെയ് 06

2950

1437 റജബ് 28

അധ്യാപന രംഗത്തേക്കുള്ള തിരിച്ചുവരവ്

സി.സി നൂറുദ്ദീന്‍ മൗലവി

സി.സി നൂറുദ്ദീന്‍ മൗലവിയുടെ വൈജ്ഞാനിക യാത്രകള്‍-3

അസ്ഹറില്‍ പഠിച്ച പത്തു വര്‍ഷം കേരളവുമായുള്ള ബന്ധം കത്തിടപാടുകള്‍ മാത്രമായിരുന്നു. വീട്ടുകാര്‍ക്കൊപ്പം സുല്ലമുസ്സലാമില്‍ എന്റെ പ്രധാനാധ്യാപകനായിരുന്ന കെ.പി മുഹമ്മദ് മൗലവിക്കും ജമാഅത്തെ ഇസ്‌ലാമി അമീര്‍ കെ.സി അബ്ദുല്ല മൗലവിക്കും ഞാന്‍ കത്തുകളെഴുതാറുണ്ടായിരുന്നു. 'സി.സി നൂറുദ്ദീന്‍ സുല്ലമിക്ക്' എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് കെ.പി എനിക്ക്  മറുപടി എഴുതാറുണ്ടായിരുന്നത്. അറബിയിലായിരുന്നു ഞങ്ങളുടെ കത്തിടപാടുകള്‍. അസ്ഹറിലെ രജിസ്റ്ററില്‍ എന്റെ മുഴുവന്‍ പേരായി എഴുതിച്ചേര്‍ത്തിരുന്നതും നൂറുദ്ദീന്‍ സുല്ലമി എന്നായിരുന്നു. അസ്ഹറിലെ പഠന വിശേഷങ്ങളെല്ലാം പങ്കുവെച്ച കത്തുകളാണ് കെ.സിക്ക് എഴുതിയിരുന്നത്. അസ്ഹറില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയവരെ അസ്ഹറിന്റെ തന്നെ ചെലവില്‍ അധ്യാപക പ്രതിനിധികളായി പല നാടുകളിലേക്കും പറഞ്ഞയക്കുന്ന രീതി ഞാന്‍ കെ.സിയെ അറിയിച്ചു. കേരളത്തിലെ നമ്മുടെ സ്ഥാപനങ്ങളിലേക്കും അവരെ കിട്ടാന്‍ ശ്രമിക്കട്ടെ എന്ന എന്റെ കത്തിന് 'അവിടെനിന്ന് ലഭിക്കുന്നതെല്ലാം നേടിയെടുത്ത് ഇങ്ങോട്ടയക്കൂ' എന്നായിരുന്നു കെ.സിയുടെ മറുപടി. അങ്ങനെ ശാന്തപുരം ഇസ്‌ലാമിയാ കോളേജ്, കുറ്റിയാടി ഇസ്‌ലാമിയാ കോളേജ്, ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ കോളേജ് എന്നീ കലാലയങ്ങളിലേക്ക് അധ്യാപകരെ അനുവദിക്കാന്‍ അസ്ഹറില്‍ അപേക്ഷ സമര്‍പ്പിക്കുകയും അത് പാസ്സാവുകയും ചെയ്തു. അസ്ഹറിന്റെ പ്രതിനിധിയായി ഈ മൂന്ന് കോളേജുകളിലേക്കും അധ്യാപകരായി ഈജിപ്ത് സ്വദേശികളായ അസ്ഹരി പണ്ഡിതന്മാര്‍ വരുന്നത് അങ്ങനെയാണ്. അന്ന് കൊടുത്ത അപേക്ഷയില്‍ ലഭിച്ച അംഗീകാരം ഇന്നും അസ്ഹറിന്റെ രേഖകളിലുണ്ട്. ഈയടുത്ത് ശാന്തപുരം അല്‍ജാമിഅ അധികൃതര്‍ വീണ്ടും ആ ബന്ധം പുനഃസ്ഥാപിക്കുകയും അസ്ഹര്‍ പണ്ഡിതന്മാരെ അധ്യാപകരായി നേടുകയും ചെയ്തിട്ടുണ്ട്. 

ഈജിപ്ത് സന്ദര്‍ശിക്കാന്‍ വന്ന വി.കെ അലി സാഹിബിനെയും അബ്ദുല്ലാ മന്‍ഹാമിനെയും സ്വീകരിച്ച് അവര്‍ക്കൊപ്പം കഴിഞ്ഞതാണ് അക്കാലത്തെ മലയാള മണമുള്ള മറ്റൊരോര്‍മ. ഈജിപ്തിലെത്തിയ വര്‍ഷം മുതല്‍ പഠനം അവസാനിക്കുന്നതിന് തൊട്ടുമുമ്പുവരെ അവിടെ കുടുംബസമേതം ഉണ്ടായിരുന്ന ഡോ. മുഹ്‌യിദ്ദീന്‍ ആലുവായിയുടെ വീട്ടില്‍ ഞാന്‍ നിത്യ സന്ദര്‍ശകനായിരുന്നു. ഈജിപ്തിലെ ഇന്ത്യന്‍ എംബസിയില്‍ ട്രാന്‍സ്‌ലേറ്ററായി ജോലി ചെയ്യുകയായിരുന്നു മുഹ്‌യിദ്ദീന്‍ ആലുവായ്. അദ്ദേഹത്തിന്റെ വീട്ടില്‍ ഞാന്‍ മറ്റ് അസ്ഹരി വിദ്യാര്‍ഥികള്‍ക്കൊപ്പം ഒരുമിച്ചുകൂടുകയും പല വിഷയങ്ങളിലും സംവാദം നടത്തുകയും ചെയ്യാറുണ്ടായിരുന്നു. പിന്നീട് മദീന യൂനിവേഴ്‌സിറ്റിയിലെ സെക്കന്ററി ഡിപ്പാര്‍്ട്ട്‌മെന്റില്‍ അധ്യാപകനായി അദ്ദേഹം ഈജിപ്ത് വിടുകയായിരുന്നു. അസ്ഹര്‍ പഠനത്തിനു ശേഷം വെള്ളിമാടുകുന്ന് ദഅ്‌വാ കോളേജില്‍ ഞങ്ങള്‍ രണ്ടണ്ടു പേരും ഒന്നിച്ച് അധ്യാപകരായത് പിന്നീടുള്ള ചരിത്രം. ഞാന്‍ അസ്ഹറിലെത്തുമ്പോള്‍ അന്‍വര്‍ സാദാത്താണ് ഈജിപ്ഷ്യന്‍ പ്രസിഡന്റ്. അദ്ദേഹം വെടിയേറ്റു മരിക്കുന്നതും ഞാന്‍ അസ്ഹറിലുള്ള കാലത്താണ്. 

ഹൈദരാബാദില്‍ നടക്കുന്ന ഒരു അഖിലേന്ത്യാ ജമാഅത്ത് സമ്മേളനത്തില്‍ സൈനബുല്‍ ഗസാലി പങ്കെടുക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെയടിസ്ഥാനത്തില്‍ ഞാന്‍ ഒരിക്കല്‍ അവരെ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയിലേക്ക് പോകുമ്പോള്‍ എന്തെങ്കിലും വിവരങ്ങളോ മറ്റ് സഹായങ്ങളോ ആവശ്യമുണ്ടോയെന്ന് അന്വേഷിക്കാനാണ് ഞാന്‍ ചെന്നത്. അവര്‍ക്ക് ഇന്ത്യയിലേക്കുള്ള വിസ ഈജിപ്ഷ്യന്‍ ഭരണകൂടം തടഞ്ഞ ദിവസമാണ് ഞാനവിടെയെത്തുന്നത്. ''ഇന്ത്യയിലേക്ക് ഒരു വിസ ഏര്‍പ്പെടുത്തിത്തരാന്‍ താങ്കള്‍ക്ക് സാധിക്കുമോ?'' തമാശയോടെ അവര്‍ ചോദിച്ചു. ഞാന്‍ തലതാഴ്ത്തിനിന്നപ്പോള്‍ അവര്‍ ഉറച്ച ശബ്ദത്തോടെ പറഞ്ഞു: ''എന്നെയവര്‍ ക്ഷണിച്ചിട്ടുണ്ടോ, ഇന്‍ശാ അല്ലാഹ് ഞാന്‍ അവിടെയെത്തുക തന്നെ ചെയ്യും.'' പിന്നീട് ദുബൈ വഴി അവര്‍ ഇന്ത്യയിലിറങ്ങുകയും ഹൈദരാബാദ് സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്ത വിവരമറിഞ്ഞപ്പോള്‍ ആ നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്ത് ഞാന്‍ തിരിച്ചറിഞ്ഞു. 

പ്രശസ്ത പണ്ഡിതനും പ്രഭാഷകനും ഗ്രന്ഥകര്‍ത്താവുമായ ശൈഖ് മുഹമ്മദുല്‍ ഗസാലിയുമായും അസ്ഹര്‍ പഠനകാലത്ത് പരിചയപ്പെടാന്‍ അവസരം ലഭിച്ചു. ഈജിപ്തുകാര്‍ക്കിടയില്‍ സ്വാധീനമുള്ള പണ്ഡിതനും പ്രഭാഷകനുമായിരുന്നു ശൈഖ് ഗസാലി. അദ്ദേഹത്തിന്റെ ജുമുഅ ഖുത്വ്ബ ഏറെ പ്രശസ്തമായിരുന്നു. നൂറുകണക്കിനു കിലോമീറ്ററുകള്‍ക്കപ്പുറത്തുനിന്ന് ജനങ്ങള്‍ അദ്ദേഹം ഖുത്വ്ബ പറയുന്ന മസ്ജിദുന്നൂറില്‍ എത്തുമായിരുന്നു. ഞാനടക്കമുള്ള അസ്ഹറിലെ വിദ്യാര്‍ഥികളും മിക്കപ്പോഴും ആ ഖുത്വ്ബ കേള്‍ക്കാന്‍ പോകുമായിരുന്നു. മുഹമ്മദുല്‍ ഗസാലിയുടെ പ്രശസ്തി ഇങ്ങനെ വര്‍ധിച്ചുവരവെയാണ് സര്‍ക്കാര്‍ അദ്ദേഹത്തെ ഔഖാഫ് മന്ത്രിയായി പ്രഖ്യാപിക്കുന്നത്.  

മന്ത്രിയായതോടെ ജുമുഅ ഖുത്വ്ബ ഗവണ്‍മെന്റ് ആസ്ഥാനങ്ങള്‍ക്കടുത്ത വലിയൊരു പള്ളിയിലേക്ക് മാറ്റി. പെട്ടെന്നുതന്നെ അവിടത്തെ അദ്ദേഹത്തിന്റെ ഖുത്വ്ബയും മന്ത്രിയെന്ന നിലയിലുള്ള ഉത്തരവാദിത്ത നിര്‍വഹണവും പ്രശസ്തമായി. അദ്ദേഹം ഖുത്വ്ബ നിര്‍വഹിക്കുന്ന ഫുസ്ത്വാത്വിലെ പള്ളി നിറഞ്ഞുകവിഞ്ഞ് ജനം റോഡിലും പരിസരത്തും ഖുത്വ്ബ കേട്ടു. അദ്ദേഹത്തിന്റെ ജനകീയ സ്വാധീനം ഭരണകൂടത്തെ ഭീതിയിലാഴ്ത്തി. മാസങ്ങള്‍ പിന്നിട്ടില്ല, പെട്ടെന്നൊരു വെള്ളിയാഴ്ച ഫുസ്ത്വാത്വിലെ മസ്ജിദില്‍ അദ്ദേഹത്തിനു പകരം പുതിയ ഖത്വീബ് പ്രത്യക്ഷപ്പെട്ടു. മുഹമ്മദുല്‍ ഗസാലിയെ ഭരണകൂടം ജയിലിലടച്ചുവെന്ന കിംവദന്തിയും പരന്നു. ജനങ്ങള്‍ ഭരണകൂട ആസ്ഥാനത്തേക്ക് മാര്‍ച്ച് ചെയ്‌തെങ്കിലും പോലീസ്  ബലം പ്രയോഗിച്ച് അവരെ പിരിച്ചുവിട്ടു. പിറ്റേന്നത്തെ പത്രം നോക്കുമ്പോഴാണ് ഭരണകൂടത്തിന്റെ നീക്കം മുന്‍കൂട്ടിയറിഞ്ഞ് മുഹമ്മദുല്‍ ഗസാലി സുഊദിയിലേക്ക് പോയതായി അറിഞ്ഞത്. അവിടെ അദ്ദേഹം പത്രസമ്മേളനം വിളിക്കുകയും മന്ത്രിസ്ഥാനം രാജിവെച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. ഒരു പ്രബോധകനാകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മന്ത്രിജോലിയേക്കാള്‍ ഖുത്വ്ബയായിരുന്നു തനിക്ക് പ്രിയങ്കരമെന്നും അത് തടഞ്ഞതിനാലാണ് ഈജിപ്ത് വിട്ടതെന്നും അദ്ദേഹം അറിയിച്ചു. സുഊദി ഭരണകൂടം നേരത്തേതന്നെ അദ്ദേഹത്തെ അധ്യാപകനായി അവിടേക്ക് ക്ഷണിച്ചിരുന്നു. ഇത്തരമൊരു പ്രതിസന്ധിവേളയില്‍ അദ്ദേഹം ആ ക്ഷണം സ്വീകരിച്ച് സുഊദിയില്‍ അധ്യാപക സേവനം ഏറ്റെടുക്കുകയുണ്ടായി. 

അധ്യാപന രംഗത്ത് വീണ്ടും

തിരൂര്‍ക്കാട്ട് അധ്യാപകനായിരിക്കെയാണ് ഞാന്‍ അസ്ഹറിലേക്ക് പോകുന്നത്. പഠനം പൂര്‍ത്തിയാക്കി നാട്ടിലെത്തിയ ഉടനെ തിരൂര്‍ക്കാട്ടേക്ക് അവര്‍ തിരിച്ചുവിളിച്ചു. ശാന്തപുരം കോളേജില്‍ അധ്യാപകനാവാന്‍ അവിടെനിന്നും ക്ഷണം വന്നു. രണ്ടിടത്തും അധ്യാപകനായി തുടരവെയാണ് ഇസ്‌ലാമിയാ കോളേജുകളിലെ മുഴുവന്‍ അധ്യാപകര്‍ക്കും ഒരു ഹ്രസ്വകാല ട്രെയ്‌നിംഗ് കോഴ്‌സ് നടത്താന്‍ ജമാഅത്ത് തീരുമാനിക്കുന്നത്. അതിനകം നാട്ടില്‍ സ്ഥിരതാമസമാക്കിയ മുഹ്‌യിദ്ദീന്‍ ആലുവായിയെയും എന്നെയും ആ ചുമതലയേല്‍പ്പിച്ചു. ശാന്തപുരത്ത് വെച്ചായിരുന്നു ആ കോഴ്‌സ് നടന്നത്. അതിനുശേഷമാണ് ഇസ്‌ലാമിക പ്രസ്ഥാനത്തിന് മികച്ച നേതൃത്വത്തെയും പണ്ഡിതരെയും വാര്‍ത്തെടുക്കാന്‍ ഒരു സ്ഥാപനം ഉണ്ടാവണമെന്ന ചര്‍ച്ച ഉയര്‍ന്നുവന്നത്. ഇസ്‌ലാമിയാ കോളേജുകളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ, തെരഞ്ഞെടുത്ത 15 പേര്‍ക്ക് അഡ്മിഷന്‍ നല്‍കുന്ന 2 വര്‍ഷത്തെ കോഴ്‌സായിരുന്നു പ്ലാന്‍ ചെയ്തത്. ആ പദ്ധതിയാണ് വെള്ളിമാടുകുന്നില്‍ ആരംഭിച്ച ദഅ്‌വാ കോളേജ്. ഡോ. മുഹ്‌യിദ്ദീന്‍ ആലുവായ്, അബ്ദുര്‍റഹ്മാന്‍ തറുവായ്, സഈദ് മരക്കാര്‍, പ്രഫ. യാസീന്‍ അശ്‌റഫ്, പ്രഫ. ശാഹുല്‍ ഹമീദ് എന്നിവരായിരുന്നു എന്നോടൊപ്പം ദഅ്‌വാ കോളേജിലെ പ്രഥമ ബാച്ചില്‍ അധ്യാപകരായി ഉണ്ടായിരുന്നത്. കോളേജ് നടത്തിപ്പിന്റെ ചുമതല എനിക്കായിരുന്നു. അഞ്ച് വര്‍ഷത്തോളം ദഅ്‌വാ കോളേജില്‍ അധ്യാപകനായി. പിന്നീട് അബ്ദുസ്സലാം വാണിയമ്പലം പ്രവാസമവസാനിപ്പിച്ച് നാട്ടിലെത്തിയപ്പോള്‍ ദഅ്‌വാ കോളേജിന്റെ മുഖ്യ ഉത്തരവാദിത്തം അദ്ദേഹത്തിന് നല്‍കി. വൈകാതെ ഞാന്‍ വെള്ളിമാടുകുന്ന് വിട്ട് വീണ്ടും തിരൂര്‍ക്കാട് ഇലാഹിയാ കോളേജില്‍ എത്തി. 'താങ്കള്‍ ശാന്തപുരത്തും വരണ'മെന്ന് എ.കെ അബ്ദുല്‍ഖാദര്‍ മൗലവി ആവശ്യപ്പെട്ടപ്പോള്‍ പഴയപോലെ രണ്ടിടത്തുമായി തുടര്‍ന്നു. പിന്നീട് 2010-നു ശേഷം പൂര്‍ണമായി ശാന്തപുരം വിട്ട് തിരൂര്‍ക്കാട്ട് മാത്രമായി. ശാരീരിക അവശത മൂലം യാത്ര പ്രയാസമായതോടെ അതും അവസാനിപ്പിക്കുകയായിരുന്നു. ചികിത്സയും അതിനിടക്ക് കിട്ടുന്ന സമയത്ത് വായനയുമൊക്കെയായി ഇപ്പോള്‍ മുന്നോട്ടു പോകുന്നു. അസ്ഹറിലെ പഠനം പൂര്‍ത്തിയാക്കി നാട്ടിലെത്തി രണ്ടു വര്‍ഷം പിന്നിട്ട ശേഷം 1987 ഫെബ്രുവരിയിലായിരുന്നു എന്റെ വിവാഹം. കൊടിയത്തൂര്‍ സ്വദേശി സുലൈഖയാണ് ഭാര്യ. കണ്ണൂര്‍ ജില്ലയിലെ വടക്കുമ്പാട് സ്‌കൂളിലെ അധ്യാപികയായിരുന്നു അവര്‍. ഇപ്പോള്‍ റിട്ടയര്‍ചെയ്തു. രണ്ട് പെണ്‍മക്കളാണ് എനിക്കുള്ളത്; ബുശ്‌റ, ബഹിയ്യ. മൂത്തവളുടെ വിവാഹം കഴിഞ്ഞു. രണ്ടാമെത്തവളുടെ വിവാഹം ഈ വരുന്ന നവംബറില്‍; ഇന്‍ശാ അല്ലാഹ്... 

(അവസാനിച്ചു)

തയാറാക്കിയത്: ബഷീര്‍ തൃപ്പനച്ചി 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /21-22
എ.വൈ.ആര്‍

ഹദീസ്‌

കറകളഞ്ഞ പശ്ചാത്താപം
സി.എം റഫീഖ് കോക്കൂര്‍