ആരോഗ്യസംരക്ഷണത്തിലെ അശ്രദ്ധക്ക് വലിയ വില കൊടുക്കേണ്ടിവരും
പ്രവാസ ജീവിതത്തിനിടയിലെ പത്രപ്രവര്‍ത്തനാനുഭവങ്ങള്‍ മനസ്സില്‍ ഏറെ വിഷമമുണ്ടാക്കിയിട്ടുണ്ട്. അവയിലൊന്നാണ് പ്രവാസി മലയാളികളില്‍ ചിലരുടെ പെട്ടെന്നുള്ള മരണവാര്‍ത്തകള്‍ പകര്‍ത്തുമ്പോഴുള്ള മാനസികാവസ്ഥ. സുഊദിയിലെ യാമ്പുവില്‍ രണ്ട് മാസം മുമ്പ് റിപ്പോര്‍ട്ട് ചെയ്ത രണ്ടു മരണങ്ങള്‍ ഏറെ വ്യാകുലപ്പെടുത്തി. അവരിലൊരാള്‍ ഇരുപതു വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി മച്ചിങ്ങല്‍ ബശീര്‍ (43) എന്ന യുവാവിന്റേതായിരുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ സന്ദര്‍ശനത്തിനായി ഗള്‍ഫിലെത്തിയ ദിവസമായിരുന്നു ഈ യുവാവിന്റെ മരണം. എയര്‍പോര്‍ട്ടില്‍നിന്ന് ടാക്‌സി െ്രെഡവറായ ബശീര്‍ തന്നെയാണ് സ്വന്തം കാറില്‍ മാതാപിതാക്കളെ സ്വീകരിച്ച് കുടുംബത്തോടൊപ്പം ഗള്‍ഫില്‍ താമസിക്കുന്ന സഹോദരന്റെ വീട്ടില്‍ എത്തിച്ചത്. രാത്രി മാതാപിതാക്കളോടും മറ്റു കുടുംബാംഗങ്ങളോടുമൊപ്പം ഭക്ഷണം കഴിച്ച ശേഷം സംസാരിച്ചുകൊണ്ടിരിക്കവെ അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും വഴിമധ്യേ ബശീര്‍ മരണത്തിന് കീഴ്‌പ്പെടുകയായിരുന്നു.
ആദ്യത്തെ മരണം ഒരു പിതാവിന്റെ മുമ്പില്‍ വെച്ച് മകന്റേതായിരുന്നുവെങ്കില്‍ രണ്ടാമത്തെ മരണം മകന്റെ മുമ്പില്‍ വെച്ച് പിതാവ് മരണപ്പെട്ട വാര്‍ത്തയായിരുന്നു. മുപ്പത് വര്‍ഷമായി മക്കയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന 57 വയസ്സുകാരനായ വേങ്ങര സ്വദേശി നരിക്കോടന്‍ ഹസനാണ് യാമ്പുവിലുള്ള മൂത്ത മകനെ സന്ദര്‍ശിച്ച ദിവസം നിര്യാതനായത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് പ്രവാസ ജീവിതം അവസാനിപ്പിച്ച് എക്‌സിറ്റ് അടിക്കാനാണ് രണ്ടാഴ്ച മുമ്പ് നാട്ടില്‍നിന്ന് അദ്ദേഹം തിരിച്ച് സുഊദിയില്‍ എത്തിയത്. മക്കയില്‍ ജോലിചെയ്തിരുന്ന സ്ഥാപനത്തിലെ ബാധ്യതകള്‍ വീട്ടി മദീനയില്‍ ഒരാഴ്ച സന്ദര്‍ശനം പൂര്‍ത്തിയാക്കി മകനോട് യാത്ര പറയാനെത്തിയ ഹസനും ബന്ധുക്കളോട് സംസാരിച്ചുകൊണ്ടിരിക്കെയാണ് കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
വിടപറഞ്ഞ സഹോദരങ്ങള്‍ അവരുടെ പുതിയ ജീവിതയാത്രക്ക് നാന്ദി കുറിച്ചവരാണ്. നമ്മളും ഒരുദിനം ആ വഴി അനുധാവനം ചെയ്യേണ്ടവരാണ്. അതിനുള്ള മുന്നൊരുക്കങ്ങള്‍ നാം എന്തുമാത്രം പൂര്‍ത്തിയാക്കി? ഈ ചിന്തയാണ് ഇത്തരം ചരമവാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് കടന്നുവരേണ്ടത്. പ്രപഞ്ചനാഥന്റെ തീരുമാനപ്രകാരമാണ് യാദൃഛികമായി ദിവസങ്ങളുടെ വ്യത്യാസത്തില്‍ ഒരു മകനും ഒരു പിതാവും ഇങ്ങനെ മരണത്തിന് കീഴടങ്ങിയത്. ഇത് പ്രവാസലോകത്ത് ഒറ്റപ്പെട്ട മരണ വാര്‍ത്തകളല്ല. കഴിഞ്ഞ ഒന്നര മാസത്തിനിടയില്‍ ഗള്‍ഫ് മാധ്യമത്തിലേക്ക് ഇവിടന്ന് റിപ്പോര്‍ട്ട് ചെയ്യേണ്ടിവന്ന ആറ് മരണവാര്‍ത്തകളില്‍ അഞ്ചെണ്ണവും ഹൃദയാഘാതം മൂലമായിരുന്നു.
ഹൃദയസംബന്ധമായ അസുഖങ്ങളാല്‍ പ്രവാസ ലോകത്ത് മരണങ്ങള്‍ കൂടിവരുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഹൃദയാഘാതം മൂലവും മറ്റും തുടര്‍ച്ചയായി നടക്കുന്ന മരണങ്ങള്‍ പ്രവാസികളുടെ ജീവിതരീതികളെക്കുറിച്ചും ആരോഗ്യസംരക്ഷണത്തെക്കുറിച്ചും കാര്യമായ ഒരു പുനരാലോചനക്ക് വഴിയൊരുക്കേണ്ടണ്ടതാണ്. മുപ്പതു വയസ്സുമുതല്‍ ഹൃദയാഘാതം കാണപ്പെടുന്നുവെന്ന് ഈ രംഗത്ത് പഠനം നടത്തിയവര്‍ പറയുന്നു. തൊഴില്‍രംഗത്തെ പരിതാപകരമായ ജീവിതസാഹചര്യവും മാനസികസമ്മര്‍ദവും വ്യായാമരഹിത ജീവിതശൈലിയും ഹൃദ്രോഗത്തിന് നിമിത്തമാകുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൊഴുപ്പു കൂടിയ ഭക്ഷണസാധനങ്ങളും എണ്ണയിലും മറ്റും പാചകം ചെയ്ത സാധനങ്ങളുമാണ് നിര്‍മാണ തൊഴിലാളികള്‍, സെയില്‍സ് എക്‌സിക്യൂട്ടീവുകള്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയ സാധാരണക്കാര്‍ പതിവായി കഴിക്കുന്നത്. ഇവര്‍ക്ക് വ്യായാമത്തിനും മാനസികോല്ലാസത്തിനും പലപ്പോഴും സമയവും കിട്ടാറില്ല. പുകവലിക്കുന്നവരും പാന്‍ മസാലകള്‍ ഉപയോഗിക്കുന്നവരും ഇവരിലുണ്ട്. കുടുംബ പ്രശ്‌നങ്ങളും ജോലിയിലെ അരക്ഷിതാവസ്ഥയും പ്രതികൂല കാലാവസ്ഥയും പലപ്പോഴും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഹേതുവാകുന്നു. പ്രവാസികള്‍ക്കിടയിലെ ഹൃദ്രോഗത്തിന്റെ തോത് കൂടാനുള്ള കാരണം ചിലപ്പോഴെങ്കിലും രോഗത്തെക്കുറിച്ച അജ്ഞതയും ചികിത്സിക്കാനുള്ള അലസതയുമാണെന്ന് കാണാം.
പ്രവാസലോകത്തെ സാമൂഹിക-സാംസ്‌കാരിക സംഘടനകളും ആരോഗ്യ സ്ഥാപനങ്ങളും പ്രവാസികള്‍ക്കിടയില്‍ ആരോഗ്യ ബോധവല്‍ക്കരണത്തിന് പ്രഥമ പരിഗണന നല്‍കണം. ആരോഗ്യം സ്രഷ്ടാവ് നല്‍കിയ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണ്. അത് സംരക്ഷിക്കപ്പെടുക എന്നത് ദീനീ ബാധ്യതയുമാണ്. അതുകൊണ്ടാണല്ലോ ശരീരത്തിന് ഹാനികരമായ വസ്തുക്കളൊക്കെയും ഇസ്‌ലാം വിലക്കിയത്. ആരോഗ്യക്ഷയം സംഭവിക്കുമ്പോള്‍ അത് വീണ്ടെടുക്കാന്‍ നാം പെടാപ്പാടു പെടുന്നതിനു പകരം ആരോഗ്യസംരക്ഷണത്തിനുള്ള വഴികള്‍ ആലോചിക്കുക. പ്രവാസികള്‍ക്ക് പ്രത്യേകിച്ചും ആരോഗ്യവിഷയത്തില്‍ വ്യക്തമായ കാഴ്ചപ്പാടും ദിശാബോധവും അനിവാര്യമാണ്. ആരോഗ്യസംരക്ഷണ കാര്യത്തില്‍ പ്രവാസികളുടെ ഗുരുതരമായ അശ്രദ്ധക്ക് പലപ്പോഴും കനത്ത വിലനല്‍കേണ്ടിവരുന്നു. ചെറിയ അലംഭാവവും അശ്രദ്ധയും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നും നാം അറിയുക.
Comments