വരള്‍ച്ച: ജീവിതത്തെ തിരുത്തി നാഥനിലേക്ക് തിരിയുക
വെള്ളത്തിനു വേണ്ടിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മറാത്ത്‌വാഡയിലെ പര്‍ബാനിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജലസംഭരണിക്കടുത്ത് ജനങ്ങള്‍ കൂട്ടം കൂടി നില്‍ക്കുന്നത് ഭരണകൂടം വിലക്കി. മഹാരാഷ്ട്രയിലെ ഡെംഗന്‍മാല്‍ പ്രദേശത്ത് വീട്ടില്‍ കുടിവെള്ളമെത്തിക്കാനായി ഒന്നിലധികം സ്ത്രീകളെ ഭാര്യമാരാക്കി. കടുത്ത വരള്‍ച്ച രാജ്യത്തെ കൊണ്ടെത്തിച്ചിരിക്കുന്ന ദയനീയാവസ്ഥ വ്യക്തമാക്കുന്ന വാര്‍ത്തകളാണിവയൊക്കെ. കൂടുതല്‍ ദാരുണമായ വാര്‍ത്തകള്‍ നമ്മെ തേടിയെത്താതിരിക്കട്ടെയെന്ന് പ്രാര്‍ഥിക്കാം.
വരള്‍ച്ചയുടെ പിടിയിലമരുകയാണ് രാജ്യം. ചൂടുകാറ്റും അത്യുഷ്ണവും ജലത്തിന്റെ അഭാവവും ഇതിനകം നിരവധി ജീവനുകള്‍ അപഹരിച്ചു. ഗ്രാമങ്ങളില്‍നിന്ന് ആളുകള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോകുന്നു. സമൃദ്ധമായ മഴയാല്‍ അനുഗൃഹീതമായ കേരളത്തിനു നേരെ പോലും വരള്‍ച്ച വാ പിളര്‍ന്നുനില്‍ക്കുന്നു.
ഈ സാഹചര്യത്തെ നാമെങ്ങനെ നേരിടും? വരള്‍ച്ചയുടെ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കാനും, ദുരന്തമേറ്റുവാങ്ങുമ്പോഴും തുടരുന്ന ജലചൂഷണവും ദുരുപയോഗവും നിയന്ത്രിക്കാനും തടയാനും സമൂഹത്തിന്റെ മുന്നില്‍ എന്തുണ്ട് വഴി എന്നതു തന്നെയാണ് പ്രസക്തമായ ചോദ്യം.
ജീവിവര്‍ഗത്തിന്റെ ഉത്ഭവം മാത്രമല്ല, നിലനില്‍പുപോലും ജലത്തെ ആശ്രയിച്ചാണിരിക്കുന്നത്. പ്രാണവായുവിന്റെ സാന്നിധ്യമുറപ്പുവരുത്താന്‍ പോലും പ്രത്യക്ഷമായും പരോക്ഷമായും ജലസാന്നിധ്യം ആവശ്യമാണ്. അത്രമേല്‍ പാരസ്പര്യത്തോടെയാണ് പ്രകൃതിയുടെ സംവിധാനം. മഴയുടെ ശാസ്ത്രീയതയെക്കുറിച്ച് നമുക്ക് ധാരാളമായി സംസാരിക്കാം. പക്ഷേ അതെപ്പോള്‍, എവിടെ പെയ്യണമെന്ന തീരുമാനമെടുക്കുന്നത് ആകാശത്തുനിന്നാണ് (അല്‍ഫുര്‍ഖാന്‍ 48,49). മഴയെന്ന അനുഗ്രഹത്തെ അശ്രദ്ധയോടെ കൈകാര്യം ചെയ്തതിന്റെ ഫലമാണ് കേരളം പോലും ഇപ്പോഴനുഭവിക്കുന്ന രൂക്ഷമായ ചൂടും കുടിവെള്ള ക്ഷാമവും. കുടിനീരു നല്‍കുന്ന ദൈവം അതിനെ വറ്റിച്ചുകളഞ്ഞാലുള്ള നിസ്സഹായാവസ്ഥ നാം വിസ്മരിച്ചു കളഞ്ഞു (അല്‍മുല്‍ക് 30). ശരാശരി 3000 സെ.മീ വരെ മഴ ലഭിക്കുന്ന കേരളത്തില്‍ മഴയുടെ ലഭ്യതക്ക് കുറവൊന്നും സംഭവിച്ചിട്ടില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അപ്പോള്‍, വെള്ളം സംഭരിക്കുന്നേടത്തും ഉപയോഗിക്കുന്നേടത്തും തന്നെയാണ് വീഴ്ച പറ്റിയിരിക്കുന്നത്. കത്തിപ്പൊരിയുമ്പോഴും താല്‍ക്കാലിക ശമനത്തെ കുറിച്ചേ നാം ആലോചിക്കൂ. അണക്കെട്ടുകളിലെ ജലവിതാനം അപകടകരമാംവിധം താഴ്ന്നിരിക്കുന്നു. വൈദ്യുതി നിലച്ചുകഴിഞ്ഞാല്‍ നാമെന്തു ചെയ്യും?
മഴവെള്ളത്തെ ഭൂമിയില്‍ പിടിച്ചുനിര്‍ത്താനുള്ള വഴികള്‍ ജീവിത ശൈലിയുടെ ഭാഗമായി മുമ്പ് നമുക്കുണ്ടായിരുന്നു. പറമ്പുകള്‍ കിളച്ചുമറിച്ചും വരമ്പുകള്‍ മാടിയും കുഴികളെടുത്തും മഴവെള്ളത്തെ ഭൂമിയിലേക്കിറക്കി. വന്‍ മരങ്ങളുടെ വേരുകള്‍ വെള്ളത്തെ നമുക്കായി തടുത്തുനിര്‍ത്തി. കടുത്ത വേനലില്‍ കിണറുകളെയും തോടുകളെയും പുഴകളെയുമൊക്കെ നമ്മോടൊപ്പമവയും ചേര്‍ന്ന് സമ്പന്നമാക്കി. വൃക്ഷശിഖരങ്ങള്‍ അന്തരീക്ഷത്തെ തണുപ്പിച്ചുകൊണ്ടേയിരുന്നു.
ഇന്ന് ഭൂമിയിലേക്ക് മഴവെള്ളം ആഴ്ന്നിറങ്ങാത്ത വിധം റോഡുകളും കോണ്‍ക്രീറ്റ് കാടുകളും സാര്‍വത്രികമായി. സ്വന്തം പറമ്പില്‍ വീഴുന്ന മഴത്തുള്ളിപോലും റോഡിലേക്കാണൊഴുക്കുന്നത്. പാടശേഖരങ്ങളെയും വെള്ളക്കെട്ടുകളെയും മലകളെയും നികത്തിയും നിരത്തിയും നാം വികസനം നടപ്പാക്കി. ഈ വികസന കാഴ്ചപ്പാടുകളോട് നമുക്ക് മൗലികമായ വിമര്‍ശമുള്ളപ്പോഴും ശാസ്ത്രീയമായ ജലസംഭരണയജ്ഞങ്ങളും മാര്‍ഗങ്ങളും നാം പിന്തുടര്‍ന്നതേയില്ല. വീട്ടുവളപ്പില്‍ നടപ്പിലാക്കാന്‍ നിര്‍ദേശിക്കുന്ന പദ്ധതികളില്‍നിന്ന് ഒഴിഞ്ഞുമാറിയവര്‍ കൂട്ടത്തിലെ മിടുക്കന്മാരായി. പുഴകളും തടാകങ്ങളും ജലാശയങ്ങളും വൃത്തിയായി സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ പദ്ധതികളാവട്ടെ, സിംഹഭാഗവും കടലാസിലൊതുങ്ങി. ഇങ്ങനെ ഭരണകൂടവും നമ്മളും പുലര്‍ത്തുന്ന ഗുരുതരമായ അലംഭാവത്തിന്റെ ഫലത്തിനപ്പുറം ഈ ദുരന്തത്തിന് വ്യാഖ്യാന സാധ്യതകളില്ല, ശാസ്ത്രീയമായും ആത്മീയമായും.
വലിയൊരു മാറ്റത്തിന് നാം തയാറായേ പറ്റൂ. ജീവിതത്തെ മൗലികമായി മാറ്റിപ്പണിയാന്‍, പശ്ചാത്തപിക്കാന്‍ സന്നദ്ധമായാല്‍ മാനത്തുനിന്ന് ധാരധാരയായി മഴപ്പെയ്ത്തുണ്ടാകുമെന്ന് പ്രവാചകന്മാരായ നൂഹും(അ) ഹൂദും(അ) സമൂഹത്തെ ഉദ്‌ബോധിപ്പിക്കുന്നുണ്ട്. വരള്‍ച്ചയനുഭവപ്പെട്ടപ്പോള്‍ സ്വന്തം ചെയ്തികളിലെ പോരായ്മകളെ ദൈവത്തോടു തുറന്നു പറയുകയാണ് ഖലീഫ ഉമര്‍(റ) ചെയ്തത്. വ്യതിചലനങ്ങളെ തിരിച്ചറിയലാണ് തിരിച്ചുപോക്കിന്റെ ഒന്നാം ഘട്ടം. രണ്ടാമതായി സാധ്യമായ പരിഹാരനടപടികള്‍ സ്വീകരിക്കലാണ്. ഇരുലോകത്തുമുള്ള ദുരന്തങ്ങള്‍ അതിജീവിക്കാന്‍ ഇതുമാത്രമേ വഴിയുള്ളൂ.
വരള്‍ച്ചയെയും ചൂടിനെയും പ്രകൃതിക്കിണങ്ങുന്ന ജീവിത കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് നേരിടാന്‍ നമുക്കാവണം. ഓരോ പ്രദേശത്തും ഇസ്‌ലാമിക സമൂഹം, വിശിഷ്യാ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ അതിന്റെ മാതൃകകളാവണം. വ്യക്തിപരമായ ദൈനംദിന ഉപയോഗം മുതല്‍ നിയന്ത്രിക്കാന്‍ നമുക്കാവണം. ധാരാളിത്തം ഒഴിവാക്കണം. അസഹ്യമായ ചൂട് അലസമായ നിലപാട് സ്വീകരിക്കാന്‍ കാരണമായിക്കൂടാ. അത് നമ്മുടെ പരലോകത്തെ അപകടപ്പെടുത്തും(അത്തൗബ 81). ആര്‍ക്കും ഉപകാരപ്പെടില്ലെന്നുറപ്പുള്ളപ്പോഴും പ്രവാചകന്‍ പറഞ്ഞ ആ വൃക്ഷത്തൈ നാം നട്ടുവളര്‍ത്തുക. മഴ പെയ്ത് ഭൂമി തുടികൊട്ടുമ്പോഴും (ഖാഫ് 9-11) ഖുര്‍ആന്‍ പരലോക ജീവിതത്തെ കുറിച്ച് ഓര്‍മിപ്പിക്കുന്നതും മറക്കാതിരിക്കുക.
അവസാനമായി, നമ്മുടെ കൈകള്‍ ദൈവത്തിലേക്കുയരട്ടെ, ഒറ്റക്കും കൂട്ടായും. മഴ ലഭിക്കാതിരുന്നപ്പോള്‍, വരള്‍ച്ചയുണ്ടായപ്പോള്‍ പ്രവാചകന്റെ കൈകളുയര്‍ന്നപോലെ, കക്ഷത്തിലെ വെളുപ്പ് കാണും വരെ നമ്മുടെ മനസ്സുകള്‍ താഴട്ടെ. പ്രവാചകന്റെ പ്രാര്‍ഥനകള്‍ നമ്മില്‍നിന്നും ഉയരട്ടെ, തപിക്കുന്ന മനസ്സുമായി: അല്ലാഹുവേ, ഞങ്ങള്‍ക്ക് മഴ വര്‍ഷിപ്പിക്കണേ, ഞങ്ങള്‍ക്ക് മഴ വര്‍ഷിപ്പിക്കണേ, ഞങ്ങള്‍ക്ക് മഴ വര്‍ഷിപ്പിക്കണേ. പ്രവാചകന്‍ വീണ്ടും പ്രാര്‍ഥിച്ചു: അല്ലാഹുവേ, ഞങ്ങള്‍ക്ക് രക്ഷയായതും ക്ഷേമം നല്‍കുന്നതും സുഖപര്യവസായിയായതും വ്യാപകമായതും വേഗമുള്ളതും താമസിക്കാത്തതും ഉപകരിക്കുന്നതും ഉപദ്രവമില്ലാത്തതുമായ മഴ ഞങ്ങള്‍ക്ക് നീ വര്‍ഷിപ്പിച്ചുതരേണമേ.
Comments