Prabodhanm Weekly

Pages

Search

2016 മെയ് 06

2950

1437 റജബ് 28

കേരളം വെന്തുരുകുന്നത് വെറുതെയല്ല

മജീദ് കുട്ടമ്പൂര്‍

ലദൗര്‍ലഭ്യവും വരള്‍ച്ചയുമൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളല്ലെന്ന് ചിന്തിക്കുന്ന കേരളീയര്‍ക്ക് ജലക്ഷാമം ഇനിയൊരു അനുഭവ പാഠമായിരിക്കും. കാലാവസ്ഥാ മാറ്റം, ആഗോള താപന കെടുതികള്‍ എന്നൊക്കെപ്പറയുന്നത് എവിടെയോ നടക്കുന്ന കാര്യങ്ങളല്ല. അവയുടെ ഭവിഷ്യത്തുകള്‍ നാം മുഖാമുഖം കാണുകയാണ്. ഇത്തരമൊരു സാഹചര്യം പെട്ടെന്ന് രൂപപ്പെട്ടതല്ല. ആഗോള താപനത്തിന്റെ തോത് വര്‍ധിച്ചതും പെസഫിക് സമുദ്രത്തില്‍ രൂപം കൊണ്ട എല്‍നിനോ പ്രതിഭാസവുമാണ് ഇത്തവണ താപനില ക്രമാതീതമായി ഉയരാന്‍ കാരണം. ഇവയെല്ലാം തന്നെ മനുഷ്യകരങ്ങളുടെ പ്രവര്‍ത്തനഫലമായുണ്ടായതാണെന്ന് ഏവരും സമ്മതിക്കുന്നു. കേരളത്തിലാണെങ്കില്‍ ഈ കൊടും ചൂടിനെ ക്രമീകരിക്കാന്‍ സംവിധാനിച്ചുവെച്ച സകലതിനെയും മനുഷ്യര്‍ കൈയേറി നശിപ്പിച്ചു. കേരളീയ കാലാവസ്ഥക്ക് താളഭംഗമുണ്ടായതും വേനല്‍ച്ചൂട് കൂടാന്‍ തുടങ്ങിയതും ജലക്ഷാമവും വരള്‍ച്ചയും രൂക്ഷമായതും ജനങ്ങളും ജീവികളും പുതിയ രോഗങ്ങള്‍ക്കിരയായതുമൊക്കെ എന്നു മുതലാണെന്ന് ചിന്തിക്കാന്‍ നാമിപ്പോള്‍ ബാധ്യസ്ഥരാണ്. 44 നദികളും 33 കായലുകളും ലക്ഷക്കണക്കിന് കുളങ്ങളും ദശലക്ഷക്കണക്കിന് കിണറുകളും അതിലുപരി ഇടവപ്പാതിയും തുലാവര്‍ഷവുമായി അഞ്ച് മാസത്തോളം മഴയും കാലാവസ്ഥാ സന്തുലിതത്വത്തിന് പശ്ചിമ ഘട്ട വനങ്ങളും ലക്ഷക്കണക്കിന് ഹെക്ടര്‍ പാടശേഖരങ്ങളുമെല്ലാമുണ്ടായിട്ടും രാജസ്ഥാനിലെ മരുഭൂമി കണക്കെ ചൂട് വര്‍ധിച്ച് ദാഹജലത്തിനായി നെട്ടോട്ടമോടുന്ന സ്ഥിതിയിലേക്ക് നമ്മളെങ്ങനെയെത്തിയെന്ന് ഗൗരവമായി നാമിനിയും ചിന്തിച്ചിട്ടുണ്ടോ?

കേരളത്തില്‍ വികസന ഭീകരതയാണ് പ്രതികൂലമായ ഈ സാഹചര്യമുണ്ടാക്കിയത്. കഠിനമായ വേനല്‍ച്ചൂടിന്റെയും ജലദൗര്‍ലഭ്യത്തിന്റെയും കാരണങ്ങള്‍ നിരത്തുമ്പോള്‍ പ്രതിക്കൂട്ടിലാവുന്നത് നമ്മള്‍ തന്നെ. കുടിയേറ്റത്തിന്റെ പേരില്‍ വനംകൊള്ള നടത്തി വനനശീകരണം ആരംഭിച്ചതുമുതല്‍ ഇവിടെ കാലാവസ്ഥാ വ്യതിയാനം തുടങ്ങിയിട്ടുണ്ട്. വൃക്ഷങ്ങള്‍ അന്തരീക്ഷത്തില്‍നിന്ന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ സ്വീകരിച്ച് താപനില നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. വന വിസ്തൃതിയിലുണ്ടാകുന്ന ചെറിയ മാറ്റം പോലും ആ പ്രദേശത്തെ മഴയെയും ചൂടിനെയും ബാധിക്കും. എവിടെയും മരങ്ങള്‍ തണല്‍ വിരിച്ചു നിന്നിരുന്ന കേരളമിന്ന് തരിശുഭൂമിയായി. പുരോഗതിയെന്ന് പറഞ്ഞാല്‍ തന്നെ പലര്‍ക്കുമത് മരം മുറിക്കലാണ്. 1905-ല്‍ കേരളത്തില്‍ 65 ശതമാനം കാടായിരുന്നത് ഇപ്പോള്‍ മൂന്നിലൊന്നായി ചുരുങ്ങി. പ്രകൃതിയുടെ ശ്വാസകോശങ്ങളായ മരങ്ങളെ വികസനത്തിന്റെ വര്‍ഗശത്രുവായി കണ്ടാണ് നശിപ്പിച്ചത്. വനനശീകരണവും കൈയേറ്റവും മഴ ലഭ്യതയില്‍ കുറവുണ്ടാക്കി; പ്രകൃതിയുടെ ജല സംഭരണികളെ നശിപ്പിച്ചു. ഭൂഗര്‍ഭ ജലം തൃപ്തികരമായ രീതിയില്‍ ഉയര്‍ന്നുനില്‍ക്കണമെങ്കില്‍ സമൃദ്ധമായി മരങ്ങള്‍ വേണം. കേരളത്തിലെ കാലാവസ്ഥാ മാറ്റത്തിന് ഏറ്റവും പ്രധാന കാരണം വനനശീകരണമാണെന്ന് ഭൗമകാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പരിസ്ഥിതി വകുപ്പ് നടത്തിയ ഏറ്റവും പുതിയ പഠനം വ്യക്തമാക്കുന്നുണ്ട്.

കേരളത്തിന്റെ പ്രത്യേകതയായ മിതശീതോഷ്ണ അന്തരീക്ഷം നഷ്ടപ്പെട്ടതിന് കാരണം തത്ത്വദീക്ഷയില്ലാത്തതും അനിയന്ത്രിതവുമായ പ്രകൃതി ചൂഷണമാണ്. മരങ്ങളോടൊപ്പം കുന്നും പാടവും ചതുപ്പുകളും സമശീതോഷ്ണ കാലാവസ്ഥക്ക് അത്യാവശ്യമാണ്. ഇവയൊക്കെ ലോവര്‍ പ്രൈമറി ക്ലാസ്സില്‍ തന്നെ പഠിച്ച് പരീക്ഷയെഴുതിയ നമുക്ക് ഈ അറിവ് ജീവിതത്തിലോ ജീവിത ശൈലിയിലോ യാതൊരു തിരിച്ചറിവും നല്‍കിയില്ല.

നമ്മുടെ കുന്നുകളെല്ലാം ലോറിയിലേറി നാടുവിട്ടു. മണ്ണും മണലും വാരിയും മാലിന്യങ്ങള്‍ നിക്ഷേപിച്ചും പുഴകള്‍ക്ക് നാം ചരമഗീതമെഴുതി. നാട്ടിന്‍പുറങ്ങളിലടക്കം മത്സര ബുദ്ധിയോടെ കോണ്‍ക്രീറ്റ് വനങ്ങള്‍ ഉയര്‍ന്നു. 

മാസങ്ങളോളം മഴ ലഭിക്കുമെങ്കിലും കാലവര്‍ഷത്തിനു താഴെ കമഴ്ത്തിവെച്ച കുടം പോലെയാണ് കേരളം. ജലസംരക്ഷണ- സംഭരണ പരിപാടികള്‍ ഫലപ്രദമായി ആവിഷ്‌കരിച്ച് നടപ്പിലാക്കാത്തതാണ് രൂക്ഷമായ ചൂടിനും വരള്‍ച്ചക്കും പ്രധാന കാരണം. സംസ്ഥാനത്ത് ലഭിക്കുന്ന മഴവെള്ളത്തില്‍ മുക്കാല്‍ പങ്കും നദികളിലൂടെ കടലിലേക്ക് കുത്തിയൊലിച്ചുപോവുകയാണ്. കേരളത്തില്‍ 44 ദിവസം പെയ്യുന്ന മഴവെള്ളം സംഭരിച്ചാല്‍ തന്നെ വരള്‍ച്ചയെ നേരിടാമെന്ന് ഒരു പഠനത്തില്‍ പറയുന്നുണ്ട്. കാര്യക്ഷമതയുള്ള ഭരണകൂടമുണ്ടായിരുന്നെങ്കില്‍ മഴവെള്ളം സംഭരിച്ചും മണ്ണിലേക്കിറക്കിവിട്ടും ജലക്ഷാമം പരിഹരിക്കാമായിരുന്നു. ജലസംരക്ഷണവും സംഭരണവും ജീവിതശൈലിയാക്കി മാറ്റിയിരുന്നെങ്കില്‍, കിട്ടുന്ന മഴവെള്ളം കിണറ്റിലേക്കും പുരയിടത്തിലേക്കും താഴ്ത്തണമെന്നത് സാക്ഷരതാ യജ്ഞവും ജനകീയാസൂത്രണവും പോലെ ഒരു സംരംഭമായി ഏറ്റെടുത്തിരുന്നുവെങ്കില്‍ ഹരിത കേരളം ഇങ്ങനെ വരണ്ടുണങ്ങുമായിരുന്നില്ല.

ഇതുവരെ വറ്റാതിരുന്ന നദികളും ജലസ്രോതസ്സുകളും വറ്റിയതിന്റെ പ്രധാന കാരണം, പാറ ഖനനവും കുന്നിടിച്ചു നിരത്തലും വയലുകളും ചതുപ്പുകളും മണ്ണിട്ടു മൂടിയതുമൊക്കെയാണ്. പാടശേഖരങ്ങളും ചതുപ്പുനിലങ്ങളും നികത്തി റിയല്‍ എസ്റ്റേറ്റ് മാഫിയക്കാര്‍ കൊഴുത്തപ്പോള്‍ നാട് ഊഷരഭൂമിയായി. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചും നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ചും അംബര ചുംബികളായ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിതുയര്‍ത്തിയപ്പോള്‍ ഇതിനായി രാത്രിയും പകലും കുന്നിടിച്ചും മണല്‍ വാരിയും വാസഭൂമിയെ നാം നശിപ്പിക്കുകയായിരുന്നു. അങ്ങനെ നാം ജലക്ഷാമത്തിലേക്കും താപനത്തിലേക്കും എത്തിച്ചേരുകയായിരുന്നു. ഇന്ത്യയിലെ പല പ്രദേശങ്ങളെയും പോലെ കേരളത്തിലും ഭൂഗര്‍ഭ ജല വിതാനം വളരെ അപകടകരമാംവിധം താഴ്ന്നുകൊണ്ടിരിക്കുകയാണ്.

ഇവിടെ നെല്‍വയല്‍ നീര്‍ത്തട നിയമങ്ങളുണ്ടെങ്കിലും നിയമത്തിന്റെ പഴുതുകളും സ്വാധീനവുമുപയോഗിച്ചാണ് വന്‍തോതില്‍ വയല്‍ നികത്തി കോണ്‍ക്രീറ്റ് സൗധങ്ങള്‍ പണിയുന്നത്. മൂന്ന് പതിറ്റാണ്ടു മുമ്പ് 8.75 ലക്ഷം ഹെക്ടര്‍ നെല്‍കൃഷിയുണ്ടായിരുന്നിടത്ത് ഇന്നത് 2 ലക്ഷം ഹെക്ടറില്‍ താഴെയാണ്.

വാഹനങ്ങളുടെയും കെട്ടിടങ്ങളുടെയും റോഡുകളുടെയും വര്‍ധനവും ചൂട് വര്‍ധിപ്പിക്കാന്‍ കാരണമാകുന്നുണ്ട്. പെട്രോളിയം ഉല്‍പന്നങ്ങളുടെ ഉപയോഗം മൂലമുള്ള കാര്‍ബണ്‍ നിര്‍ഗമനമാണ് ആഗോള താപനത്തിന്റെ തന്നെ മുഖ്യ കാരണം. പെട്രോളിയം ഉല്‍പന്നങ്ങളുടെ വര്‍ധിച്ച ഉപഭോഗവും സിമന്റ് നിര്‍മാണത്തിലൂടെയും മറ്റും വിഷലിപ്ത വാതകങ്ങളുടെ അളവ് അന്തരീക്ഷത്തില്‍ വര്‍ധിക്കുന്നതും വായുവിന്റെ ഭൗതിക ഘടനയില്‍ മാറ്റം വരുത്തുകയും അങ്ങനെ ചൂട് കൂടുകയും ചെയ്യുന്നു. ഭൂമിയുടെ 75 ശതമാനം ജലമായതിനാല്‍ കരയില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന വിഷലിപ്ത വാതകങ്ങള്‍ കടലിലെത്തി അതിനെ ചൂട് പിടിപ്പിക്കുന്നു; ലോകത്തിന്റെ വിവിധ ഭാഗങ്ങളിലത് എല്‍നിനോ പോലുള്ള ഉഷ്ണക്കാറ്റായി ദുരന്തം വിതക്കുന്നു. നമുക്ക് രാത്രിയിലനുഭവപ്പെടുന്ന അത്യുഷ്ണം ഇങ്ങനെ രൂപപ്പെട്ടതാണെന്നാണ് ശാസ്ത്ര നിഗമനം.

പ്രകൃതിവിഭവങ്ങളുടെ ഉപഭോഗത്തിലും വികസന സങ്കല്‍പങ്ങളിലും നൈതികവും വിശ്വാസപരവുമായ ഉള്ളടക്കം കാത്തുസൂക്ഷിക്കാന്‍ വിശ്വാസി സമൂഹം ബാധ്യസ്ഥരാണ്. തനിയെ ശുദ്ധിയുള്ളതും മറ്റൊന്നിനെ ശുദ്ധിയാക്കാന്‍ കഴിവുള്ളതുമായ വെള്ളമാണ് ശുദ്ധ ജലമെന്ന മദ്‌റസാ പാഠങ്ങള്‍ ജലസംരക്ഷണത്തിന് മുന്നിട്ടിറങ്ങാന്‍ അവര്‍ക്ക് പ്രചോദനമാവേണ്ടതാണ്. വരാനിരിക്കുന്ന വേനലുകള്‍ക്കും പിറക്കാനിരിക്കുന്ന തലമുറകള്‍ക്കുമായി ഈ ഹരിത ഭൂമിയെ കാത്തുസൂക്ഷിക്കണമെന്ന പാഠം മറന്നുപോയതിന്റെ ദുരന്തഫലം നാം അനുഭവിച്ചുതുടങ്ങുകയാണ്. പ്രകൃതി വിഭവങ്ങള്‍ പരമാവധി ചൂഷണം ചെയ്യുന്ന വികസന ഭീകരതയുടെ തത്ത്വശാസ്ത്രത്തിന് ഭൂമിയെയും ജീവജാലങ്ങളെയും രക്ഷിക്കാനാവില്ല. ഉപഭോഗ ഭ്രാന്തിനോ വികസന ഭ്രാന്തിനോ യാതൊരു ശമനവും വരാത്തിടത്തോളം കാലം ഭൂമി ഇനിയും ചുട്ടുപഴുത്ത് തിളച്ചുമറിഞ്ഞുകൊണ്ടേയിരിക്കും. അതാണ് ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കിയത്; 'മനുഷ്യന്‍ അവന്റെ ജീവിത രീതിയില്‍ മാറ്റം വരുത്താന്‍ തയാറല്ലെങ്കില്‍ ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഒന്നുകില്‍ മനുഷ്യന്‍ ഭൂമിയെ കൊല്ലും. അതല്ലെങ്കില്‍ ഭൂമി മനുഷ്യനെ കൊല്ലും.' 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /21-22
എ.വൈ.ആര്‍

ഹദീസ്‌

കറകളഞ്ഞ പശ്ചാത്താപം
സി.എം റഫീഖ് കോക്കൂര്‍