ഒണക്കല്‍
ഷൗക്കത്തലീഖാന്‍
കടലുകളെ വായിച്ചുപഠിച്ച
സോക്രട്ടീസായിരുന്നു.
മരണാനന്തരമാണ്
സ്വര്‍ഗത്തിലോ
നരകത്തിലോ
എത്താതെ
ഇഹലോകത്ത്
ചത്തിട്ടും തീരാത്ത ജീവിതം
പൊതുദര്‍ശനത്തിനു വെച്ച്
അനുഭവസമ്പന്നനായത്.
ഓര്‍മകള്‍ ഉണങ്ങിപ്പോയിട്ടും
ഉപ്പിലിട്ട മുറിവുകളുമായി
ഒരു മൃതദേഹത്തിന്റെ
മരണാനന്തര സാധ്യതകള്‍
ഉറങ്ങിപ്പോയവന്റെ ബാധ്യതയാക്കി
അങ്ങാടികളില്‍
കൊതിയന്മാരെ ഇന്നും
വഴിതെറ്റിക്കുന്നുണ്ട്
ഒരു തുമ്പപ്പൂ പോലും കരഞ്ഞില്ല
ശവംനാറിപ്പൂക്കള്‍
തിരിഞ്ഞുനോക്കിയില്ല
പ്രാര്‍ഥനയും
അന്ത്യകൂദാശയും
വിലാപയാത്രയുമില്ലാതെ
യുക്തിവാദിയാക്കപ്പെട്ട
ഈ പരേതന്‍
ആത്മാവ് നഷ്ടപ്പെട്ട്
തുറന്ന കമ്പോളത്തില്‍
ഇങ്ങനെ മരിച്ചു ജീവിക്കട്ടെ.
Comments