Prabodhanm Weekly

Pages

Search

2016 മെയ് 06

2950

1437 റജബ് 28

പൊള്ളുന്ന ചില ചിന്തകള്‍

ഹസീം മുഹമ്മദ്

ങ്ങനെ തന്നോടുതന്നെ അതിക്രമം ചെയ്തവനായി അയാള്‍ തന്റെ തോട്ടത്തില്‍ പ്രവേശിച്ചു. അയാള്‍ പറഞ്ഞു: 'ഇതൊന്നും ഒരിക്കലും നശിച്ചുപോകുമെന്ന് ഞാന്‍ കരുതുന്നില്ല' (ഖുര്‍ആന്‍ 18:35).

ഞാന്‍ ഇതെഴുതിക്കൊണ്ടിരിക്കുമ്പോള്‍ ഹൈദരാബാദ് ചുട്ടുപൊള്ളുകയാണ്.  നാല്‍പത് വര്‍ഷത്തിനിടെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ഉയര്‍ന്ന താപനിലയിലാണ് അന്തരീക്ഷം. ചൂടുകാറ്റിന്റെ ആഘാതമേറ്റ് ആന്ധ്ര- തെലങ്കാന മേഖലയില്‍ മാത്രം ആയിരത്തിലേറെ പേര്‍ മരണപ്പെട്ടതായി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജല ദൗര്‍ലഭ്യത്തിന്റെ ഭീതിദമായ ഭീഷണി ഹൈദരാബാദ് നഗരത്തിനു മീതെ പോലും കരിനിഴല്‍ വീഴ്ത്തുന്നു.

നഗരത്തിലെ പ്രധാന ജലസ്രോതസ്സുകളായ നാല് റിസര്‍വോയറുകള്‍ മുപ്പതു വര്‍ഷത്തിനിടെ ആദ്യമായി വറ്റിവരണ്ടതാണ് ജല അടിയന്തരാവസ്ഥ കൊണ്ടുവന്നത്. തല്‍ക്കാലം കൃഷ്ണാ-ഗോദാവരി നദികളില്‍നിന്ന് പൈപ്പ് വഴി വെള്ളമെത്തിക്കാന്‍ സാധിക്കുന്നതുകൊണ്ടാണ് പ്രതിസന്ധി രൂക്ഷമാവാത്തത് എന്ന് കരുതപ്പെടുന്നു. ജൂണ്‍ പകുതി വരെ ഈ സ്ഥിതി നിലനിര്‍ത്താന്‍ കഴിയുമെന്നാണ് ശുഭാപ്തി.

നഗരം വിട്ടാല്‍ സ്ഥിതി പിന്നെയും ദയനീയം. വരള്‍ച്ചയുടെ കെടുതികള്‍ അതിരൂക്ഷം! 1.4 മില്യന്‍ കൃഷിക്കാര്‍ വീട് വിട്ടു മറ്റു സ്ഥലങ്ങളിലേക്ക് കുടിയേറാന്‍ നിര്‍ബന്ധിതരായി എന്ന കണക്കുകൊണ്ട് മാത്രം സ്ഥിതിയുടെ ഭയാനകത മനസ്സിലാകും.

ഇനി ഈ വാര്‍ത്തകളുടെ മറുപുറം കാണാം. ആന്ധ്രയിലെ കുടിവെള്ളക്ഷാമം കൊണ്ട് ലാഭം കൊയ്യുന്ന ഒരു കൂട്ടരുണ്ട്; സ്വകാര്യ ജലവിതരണ കമ്പനികള്‍. ഇത്തരം കമ്പനികളുടെ പ്രതിദിന വരുമാനം ഏതാണ്ട് 80100 കോടി രൂപയാണ്  എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. എല്ലാ പൊതു കുടിവെള്ള സംരംഭങ്ങളും കുഴല്‍കിണറുകളും പൂര്‍ണമായും വറ്റി വരളുമ്പോഴും തുടര്‍ച്ചയായി വെള്ളം ഉല്‍പാദിപ്പിക്കാനും വില്‍ക്കാനും കഴിയുന്ന സ്വകാര്യ കമ്പനികളുടെ ശേഷി, ഭാവിയെ കുറിച്ച് വലിയൊരു സൂചനാ ചിത്രം നമുക്ക് തരുന്നുണ്ട്.

ഇവിടെ ഭരണകൂടത്തിന്റെ സ്വഭാവം, ജനങ്ങളുമായുള്ള ബന്ധം, കുത്തകകളുടെ സ്ഥാനം, ചൂഷണം തുടങ്ങിയ നിരവധി സങ്കീര്‍ണതകള്‍ വായിച്ചെടുക്കാന്‍ നമുക്ക് കഴിയും. ഒന്നും അപ്രധാനമല്ല. എന്നാല്‍ എന്റെ ഉദ്യമം, നമ്മള്‍ അറിഞ്ഞോ അറിയാതെയോ കൊണ്ടുനടക്കുന്ന ആധുനിക ലോക വീക്ഷണത്തിന്റെ ഉല്‍പന്നമാണ് ഇത്തരം കാര്യങ്ങള്‍ എന്ന ലളിത സത്യത്തിലേക്ക് വിരല്‍ചൂണ്ടുക എന്നതാണ്. അത്തരം തിരിച്ചറിവുകള്‍ നമ്മെ ഒരുപക്ഷേ ഇരുത്തി ചിന്തിപ്പിച്ചേക്കാം. ഇസ്‌ലാമിക ബോധ്യങ്ങള്‍ ഉരുത്തിരിക്കാന്‍ അത് നമുക്ക് സഹായകവുമാണ്.

കാലാവസ്ഥാ വ്യതിയാനങ്ങള്‍, പരിസ്ഥിതി പ്രതിസന്ധി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കേള്‍ക്കാത്തവര്‍ ഒരുപക്ഷേ ആരുമുണ്ടാവില്ല. പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച മൂല്യബോധത്തിന് നാം നിഘണ്ടുക്കളില്‍ സ്ഥാനവും നല്‍കി. പക്ഷേ അത് ആഡംബരത്തിനപ്പുറം പ്രസക്തമായ നിരവധി കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്ന തിരിച്ചറിവ് എത്ര പ്രബലമാണ്? പ്രകൃതിയുമായുള്ള ബന്ധം നമ്മുടെ ജീവിതത്തിനും നിലനില്‍പ്പിനും എറ്റവും അടിസ്ഥാനമായിട്ടു കൂടി എങ്ങനെ ഈ അജ്ഞത! എന്നാല്‍, മിക്കപ്പോഴും അടിസ്ഥാനം എന്ന ധാരണ കൂടി ഇല്ലെങ്കിലോ?

ഉദാഹരണത്തിന്, വലിയൊരു വിഭാഗം മധ്യവര്‍ഗ/ഉന്നതവര്‍ഗ വിഭാഗങ്ങളെ സംബന്ധിച്ച് വരള്‍ച്ച, ജലദൗര്‍ലഭ്യം തുടങ്ങിയ വിഷയങ്ങളുടെ കാഠിന്യം ഒരിക്കലും ഒരു ഗ്രാമീണന് തുല്യം അല്ല. എന്താണ് കാരണം? അത്തരക്കാര്‍ക്ക് വേണ്ടിയാണല്ലോ നേരത്തേ പറഞ്ഞ ജലസംഭരണം സ്വകാര്യ കമ്പനികള്‍ നടത്തുന്നത്. അതുപോലെ എയര്‍ കണ്ടീഷനില്‍ കഴിയുന്ന എത്ര ആളുകള്‍ക്കാണ് ചൂടിന്റെ കെടുതിയും കാഠിന്യവും അനുഭവവേദ്യമാവുന്നത്?

ഇവിടെ ടെക്‌നോളജിയെ പറ്റിയുളള ഹൈഡേഗറുടെ പ്രധാനപ്പെട്ട വ്യാഖ്യാനവുമായി ബന്ധപ്പെടുത്തി നമുക്ക് ഇത് ഒന്നുകൂടി ആഴത്തില്‍ വായിക്കാം. യാഥാര്‍ഥ്യത്തെ സാങ്കേതികവിദ്യ പുനരാഖ്യാനം ചെയ്യുന്നു എന്ന് അദ്ദേഹം നിരീക്ഷിച്ചു. ഈ പുനരാഖ്യാനത്തിന്റെ മാറുന്ന മുഖങ്ങളെ മനസ്സിലാക്കാന്‍ ഒരുദാഹരണം നോക്കാം. അറിവിന്റെ കൈമാറ്റത്തെ സംബന്ധിച്ച നമ്മുടെ ധാരണകള്‍ നോക്കൂ. പേപ്പറുകള്‍ക്ക് മുമ്പും പ്രിന്റിംഗിന്റെ കാലത്തും ഇന്റര്‍നെറ്റ് കാലത്തും അത് എങ്ങനെയൊക്കെയാണ് മാറിമറിഞ്ഞത്. ഇവിടെ പുനരാഖ്യാനം ചെയ്യപ്പെടുന്ന യാഥാര്‍ഥ്യം ശരിയായ യാഥാര്‍ഥ്യത്തില്‍നിന്നും നമ്മെ അകറ്റിക്കൊണ്ടിരിക്കുന്നു എന്നതാണ് നാം കാണാതിരിക്കുന്ന വസ്തുത. സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്നും പാക്കറ്റില്‍ ധാന്യങ്ങള്‍ വാങ്ങുന്നവനു കൃഷിയെ സംബന്ധിച്ച അനുഭവം എത്ര എന്നത് പോലെയാണത്.

പ്രകൃതിയെ കുറിച്ചുള്ള, അതിനോടുള്ള അഭേദ്യമായ ബന്ധത്തെ കുറിച്ചുള്ള യാഥാര്‍ഥ്യം ആധുനിക മനുഷ്യനു നഷ്ടപ്പെടുത്തിയത് സാങ്കേതിക വിദ്യയുടെ പുനരാഖ്യാനങ്ങളാണ്. അല്ലാഹുവിന്റെ നിയമങ്ങള്‍ക്കും അതീതനായി പ്രകൃതിയെ നിയന്ത്രിക്കാന്‍ കെല്‍പ്പുള്ളവന്‍ എന്ന മിഥ്യാധാരണയില്‍ അഹങ്കരിക്കാന്‍ അവനെ പ്രേരിപ്പിക്കുന്നതും മറ്റൊന്നല്ല. സൂറത്തുല്‍ കഹ്ഫില്‍ അല്ലാഹു പറഞ്ഞ പോലെ, സ്വന്തത്തോടു തന്നെ അതിക്രമം പ്രവര്‍ത്തിച്ചുകൊണ്ട് അവര്‍ വിചാരിക്കുന്നു; 'ഇതൊന്നും ഒരിക്കലും നശിച്ചുപോകുമെന്ന് ഞാന്‍ കരുതുന്നില്ല.' പ്രകൃതിയുടെ എല്ലാ അസന്തുലിതാവസ്ഥക്കും മീതെ സാങ്കേതികവിദ്യയും ശാസ്ത്രത്തിന്റെ മായികതയും നമ്മെ പോറ്റും എന്ന മിഥ്യാബോധം.

ഇസ്‌ലാം അതിന്റെ അടിസ്ഥാനത്തില്‍, അത് ഉയര്‍ത്തുന്ന ലോകവീക്ഷണത്തില്‍, മനുഷ്യനെ യാഥാര്‍ഥ്യത്തിലേക്ക് ക്ഷണിക്കുകയും ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു. പ്രകൃതിയില്‍ മനുഷ്യന്റെ സ്ഥാനം കൈകാര്യകര്‍ത്താവിന്റേത് എന്നു അത് അടിവരയിട്ട് പറയുന്നു. സ്രഷ്ടാവുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ക്രമീകരിക്കേണ്ട ഉത്തരവാദിത്തമുള്ള പ്രതിനിധിയായാണ് അത് മനുഷ്യനെ വിഭാവനം ചെയ്യുന്നത്. ഒരാള്‍ ആഹാര പാനീയങ്ങള്‍ കഴിക്കുമ്പോള്‍ അല്ലാഹുവിനെ സ്മരിക്കുന്ന ചര്യ തൊട്ട് അത് ആരംഭിക്കുന്നു.  ബോട്ട്ല്‍ ചെയ്യപ്പെട്ട വെള്ളം നല്‍കുന്ന പുനരാഖ്യാനങ്ങളില്‍ അവന്‍ അങ്ങനെ വഞ്ചിതനാവുന്നില്ല. ജലം പ്രകൃതിയിലൂടെ അല്ലാഹു നല്‍കുന്ന അനുഗ്രഹം എന്ന യാഥാര്‍ഥ്യ ബോധത്തില്‍ മിഴിതുറക്കുന്നു.

ജലത്തെ കുറിച്ച സുപ്രധാന ഹദീസില്‍  നമ്മള്‍ കാണുന്നു.

അബ്ദുല്ലാഹിബ്‌നു അംറ്  റിപ്പോര്‍ട്ട് ചെയ്യുന്നു: ''പ്രവാചകന്‍(സ) ഒരിക്കല്‍ സഅ്ദ് എന്ന സ്വഹാബി വുദൂ എടുത്തുകൊണ്ടിരിക്കെ അദ്ദേഹത്തെ കടന്നുപോയി. പ്രവാചകന്‍ ചോദിച്ചു: 'എന്തിനാണ്  ഇങ്ങനെ വെള്ളം ദുര്‍വ്യയം ചെയ്യുന്നത്?' സഅ്ദ്  പ്രതികരിച്ചു: 'വുദൂ എടുക്കുന്നതില്‍ പോലുമുണ്ടോ വെള്ളത്തിന്റെ ദുര്‍വ്യയം?' പ്രവാചകന്‍ പറഞ്ഞു: ഉണ്ട്, സമൃദ്ധമായ നീരൊഴുക്കുള്ള ഒരു അരുവിയിലെ  ജലം ഉപയോഗിക്കുമ്പോള്‍ പോലും'' (ഇബ്‌നുമാജ 425).

ഇവിടെ പ്രവാചകന്‍ എടുത്തുപറയുന്ന ദുര്‍വ്യയത്തെക്കുറിച്ച് ചിന്തിക്കുക. നിറഞ്ഞൊഴുകുന്ന പുഴയാണ്. വെള്ളം എടുക്കുന്നത് മറ്റൊന്നിനുമല്ല; നിര്‍ബന്ധ ബാധ്യതയായ നമസ്‌കാരത്തിനു വുദൂ എടുക്കാനാണ്. സാമാന്യമായി ചിന്തിച്ചാല്‍ ഒഴുകുന്ന പുഴയില്‍നിന്ന് വുദൂ ചെയ്ത് ഒരാള്‍ക്ക് ഏതു പരിധിയില്‍ എത്ര ജലം പാഴാക്കിക്കളയാന്‍ കഴിയും!

ഇത് പ്രകൃതിയെയും യാഥാര്‍ഥ്യത്തെയും കുറിച്ച ബോധ്യത്തിലേക്കുള്ള ക്ഷണം കൂടിയാണ്. ഒഴുകുന്ന പുഴയാണ് നമുക്ക് മുന്നിലെങ്കിലും സ്വന്തം ആവശ്യത്തിനു മാത്രം കണക്കില്‍ കവിയാതെ ഉപയോഗിക്കാന്‍ പരിശീലിക്കേണ്ട രീതിശാസ്ത്രം. കലവറയില്ലാതെ തുറന്നുവെച്ച പ്രകൃതി വിഭവങ്ങളോട് മുസ്‌ലിമിന്റെ കാഴ്ചപ്പാടാണ് റസൂല്‍ പഠിപ്പിക്കുന്നത്.

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന്റെ ഇസ്‌ലാമിക മൂല്യബോധം ഇവിടെ ആരംഭിക്കുന്നു. അവിടെനിന്നും ശരീഅത്തിന്റെ നിയമ സ്വഭാവത്തിലൂടെ സാമൂഹിക ഗാത്രത്തിലേക്ക് വളരേണ്ട ലോകവീക്ഷണമാണത്. ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ മണ്ഡലത്തില്‍ നമുക്ക് അതിനെ വായിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതിനു കാരണം നമ്മളും അറിഞ്ഞോ അറിയാതെയോ ആധുനിക മിഥ്യാ ധാരണകള്‍ക്ക് വഴിപ്പെടുന്നു എന്നത് മാത്രമാണ്.

ഏതുതരം ധാരണകള്‍? ഇല്ലാത്ത ആവശ്യങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ വികസിക്കുന്ന വ്യവസായങ്ങളും ജോലി സാധ്യതകളും സാമ്പത്തിക വളര്‍ച്ചയും മുഖമുദ്രയാക്കിയ ഒരു ലോകം. ഉല്‍പാദനത്തിനും ഉപഭോഗത്തിനും യൂനിറ്റുകള്‍ മാത്രമായി മനുഷ്യനെയും അവന്റെ ആനന്ദത്തെയും കാണുന്ന വ്യവസ്ഥിതികള്‍. വികസനം എന്ന വിശുദ്ധ മുദ്രാവാക്യം! ഇവിടെയാണ് നാം നില്‍ക്കുന്നത്. പ്രകൃതി സംരക്ഷണത്തെക്കുറിച്ച് അവര്‍ക്ക് ഒത്തുതീര്‍പ്പിന്റെ ഭാഷ പറയാനുണ്ടാവും. ധൂര്‍ത്തും ധാരാളിത്തവും, സാങ്കേതികവിദ്യയുടെ പ്രതീതി യാഥാര്‍ഥ്യങ്ങളും കൊണ്ട് തീര്‍ത്ത ആ ഒത്തുതീര്‍പ്പുകള്‍ക്ക് ഒന്നും പക്ഷേ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള താളം തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ല. അവ സ്വയം തന്നെ പ്രശ്‌നത്തിന്റെ കേന്ദ്രവും  മര്‍മവുമാണ് എന്നതുതന്നെ കാരണം.

ലോകം മുഴുവന്‍ ഈവിധം പുരോഗതിയുടെ കിട്ടാക്കനി തേടി പരക്കം പായുമ്പോള്‍ നമ്മുടെ ചെറിയ ശ്രമങ്ങള്‍ കൊണ്ട് എന്ത് എന്ന് ചിന്തിച്ചുപോവാം. സത്യത്തില്‍ അത് ശരിയായ വിഷമസന്ധി തന്നെ. എന്നാല്‍, പ്രവാചകന്‍ പറഞ്ഞിട്ടുണ്ടല്ലോ; ലോകാവസാനം ഉറപ്പായ അവസരത്തിലും, നിങ്ങളില്‍ ഒരാളുടെ കൈയില്‍ ഒരു തൈ ഉണ്ടെങ്കില്‍, ആ വ്യക്തി അത് അപ്പോള്‍ തന്നെ നട്ടു കൊള്ളട്ടെ (അഹ്മദ് 12491) എന്ന്.

വരള്‍ച്ചയുടെ കെടുതിയില്‍ പെട്ട സകലര്‍ക്കും അല്ലാഹു രക്ഷാമാര്‍ഗം കാണിച്ചുകൊടുക്കട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം. അതോടൊപ്പം കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഭീകര പര്യവസാനം നമ്മുടെ, അല്ലെങ്കില്‍ നമ്മുടെ  സന്താനങ്ങളുടെ സ്വസ്ഥ ജീവിതത്തിലേക്ക് ഒരുനാള്‍ കടന്നുകയറുമെന്ന തിരിച്ചറിവും, പ്രകൃതിയുടെ സംരക്ഷണം നമ്മുടെ ഇസ്‌ലാമികമായ ബാധ്യതയാണെന്ന ഓര്‍മയും അത് നമുക്ക് നല്‍കട്ടെ എന്ന് ആശിക്കുന്നു. സൂറത്തുല്‍ കഹ്ഫിലെ സ്വന്തത്തോട് അതിക്രമം പ്രവര്‍ത്തിച്ച മനുഷ്യനോട് സുഹൃത്ത് പറഞ്ഞ പോലെ നമുക്കും ലോകത്തെ ഉണര്‍ത്താം:

''അല്ലെങ്കില്‍ അതിലെ വെള്ളം പിന്നീടൊരിക്കലും നിനക്കു തിരിച്ചുകൊണ്ടുവരാനാവാത്ത വിധം വറ്റിവരണ്ടെന്നും വരാം'' (18:41). 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /21-22
എ.വൈ.ആര്‍

ഹദീസ്‌

കറകളഞ്ഞ പശ്ചാത്താപം
സി.എം റഫീഖ് കോക്കൂര്‍