ദമ്പതികള്‍ സൂക്ഷിക്കുന്ന രഹസ്യങ്ങളുടെ കലവറ
ദമ്പതികള്‍ അന്യോന്യം മറച്ചുവെക്കുന്ന രഹസ്യങ്ങള്‍ എന്തൊക്കെയാവും? മക്കളില്‍നിന്ന് മറച്ചുവെക്കേണ്ട രഹസ്യങ്ങള്‍ എന്തൊക്കെയാണ്? എപ്പോഴാണ് നാം രഹസ്യങ്ങള്‍ വെളിപ്പെടുത്തേണ്ടത്? വിവാഹത്തിനു മുമ്പുള്ള രഹസ്യങ്ങള്‍ വെളിപ്പെടുത്തേണ്ടതുണ്ടോ? സ്ത്രീ രഹസ്യം സൂക്ഷിക്കുമോ? രഹസ്യം വെളിപ്പെടുമ്പോള്‍ നാം അതെങ്ങനെ കൈകാര്യം ചെയ്യും? ഈ ചോദ്യങ്ങളോടുള്ള നമ്മുടെ കുറ്റമറ്റ നിലപാടുകളായിരിക്കും കുടുംബ ജീവിത വിജയത്തിലേക്ക് നമ്മെ നയിക്കുക.
മനുഷ്യന്റെ സ്വകാര്യതകള്‍ വെളിവാക്കുന്ന ഒരേയൊരു ബന്ധമാണ് വിവാഹം. അതിനാലാണ് അല്ലാഹു വിവാഹത്തെ വസ്ത്രത്തോട് ഉപമിച്ചത്. 'അവര്‍ നിങ്ങള്‍ക്ക് വസ്ത്രമാണ്. നിങ്ങള്‍ അവര്‍ക്കും വസ്ത്രമാകുന്നു.' മനുഷ്യന്റെ രഹസ്യവും സ്വകാര്യതയും കാത്തുസൂക്ഷിക്കുകയും മറയ്ക്കുകയും ചെയ്യുകയാണ് വസ്ത്രത്തിന്റെ ധര്‍മം. വിവാഹത്തിന്റെ ആദ്യനാളുകളില്‍ ദമ്പതികള്‍ ഇരുവര്‍ക്കും അന്യോന്യം രഹസ്യങ്ങളൊന്നും വെളിപ്പെടുത്താത്ത കരുതിവെപ്പുണ്ടാകും. കരുതലോടെ മാത്രമേ പെരുമാറുകയുള്ളൂ എന്ന് സാരം. അന്യോന്യം മനസ്സിലാക്കിക്കഴിഞ്ഞാല്‍ പിന്നെ ബന്ധത്തില്‍ സുതാര്യതയും തെളിച്ചവും ഉണ്ടാവുകയായി. ഇണയുടെ ജീവിതവുമായി ബന്ധപ്പെട്ട വിശദാംശങ്ങളെല്ലാം അന്യോന്യം അറിയുകയായി. എന്നാലുമുണ്ടാവും ഓരോരുത്തര്‍ക്കും അവരവരുടെ സ്വകാര്യത. ആ സ്വകാര്യത പരസ്പരം അംഗീകരിച്ചുകൊടുക്കുകയാണ് വേണ്ടത്. ഓരോരുത്തരും തങ്ങളുടെ ഇണയില്‍നിന്ന് മറച്ചുവെക്കുന്ന രഹസ്യങ്ങളെന്തൊക്കെയാണെന്ന ചോദ്യം വിവാഹിതരായ സ്ത്രീ പുരുഷന്മാരോട് ഉന്നയിച്ചപ്പോള്‍ കിട്ടിയ മറുപടി കുറിക്കാം:
രഹസ്യം സൂക്ഷിക്കുകയെന്നത് സദാചാരനിഷ്ഠയുള്ള സദ്‌വൃത്തരുടെ സ്വഭാവമായതിനാലാണ് അത്തരം സ്ത്രീകളെ അല്ലാഹു പ്രശംസിച്ചത്. 'സദ്‌വൃത്തകളായ സ്ത്രീകള്‍ അല്ലാഹു കരുതലോടെ കാത്തുസൂക്ഷിച്ച രഹസ്യങ്ങള്‍ വെളിപ്പെടുത്താത്ത പരിശുദ്ധകളാകുന്നു.'
അധിക പുരുഷന്മാരും സ്ത്രീകളില്‍നിന്ന് മറച്ചുവെക്കുന്നത് തങ്ങളുടെ സമ്പത്തിനെ കുറിച്ച വിവരങ്ങളാണ്. വരുമാനം, ചെലവ്, സമ്പാദ്യം, റിയല്‍ എസ്റ്റേറ്റ്, ഷെയര്‍ തുടങ്ങിയവയുടെ വിശദാംശങ്ങള്‍. സമ്പത്ത് കഴിഞ്ഞാല്‍ പിന്നെ തൊഴിലിനെക്കുറിച്ച രഹസ്യം മറച്ചുവെക്കാന്‍ നോക്കും. പിന്നെ സുഹൃത്തുക്കള്‍, പിന്നെ മറ്റു സ്ത്രീകളുമായുള്ള ബന്ധം, അടുത്തത് തന്റെ കഴിഞ്ഞകാലം, പിന്നെ തന്നെ അലട്ടുന്ന രോഗങ്ങള്‍, സ്വന്തം സഹോദരന്മാരും സഹോദരിമാരും അടങ്ങിയ കുടുംബപ്രശ്‌നങ്ങള്‍, രണ്ടാം വിവാഹം, സംഭാവനകള്‍, ദാനങ്ങള്‍, ഭാവി പരിപാടികള്‍. തന്റെ ഭാര്യയില്‍നിന്ന് ഒന്നും ഒളിച്ചുവെക്കുന്നില്ലെന്ന ഉത്തരം വിരളം.
സ്ത്രീകള്‍ നല്‍കിയ മറുപടി ഇങ്ങനെ: തന്റെ സ്വന്തം വീട്ടിലെയും കുടുംബത്തിലെയും പ്രശ്‌നങ്ങള്‍. ഭര്‍ത്താവില്‍നിന്ന് മിക്ക സ്ത്രീകളും ഈ വക കാര്യങ്ങള്‍ മറച്ചുവെക്കാന്‍ നോക്കും. പിന്നെ സ്‌നേഹിതകളെ കുറിച്ച വിവരങ്ങള്‍. അടുത്തത് വിവാഹത്തിന് മുമ്പുണ്ടായിരുന്ന പ്രേമം. തൊഴിലിടത്തെ രഹസ്യം തൊട്ടടുത്ത്. ഷോപ്പിംഗ് വിവരങ്ങള്‍. മക്കളുടെ വീഴ്ചകളും തെറ്റുകുറ്റങ്ങളും. തന്റെ തെറ്റുകളും വീഴ്ചകളും. വസ്ത്രത്തിന്റെ വില. തന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്ന വിവരം മറച്ചുവെക്കുമെന്നത് ഒടുവില്‍.
പുരുഷന്മാരുടെയും സ്ത്രീകളുടെയും മറുപടികള്‍ ബോധ്യപ്പെടുത്തുന്നത് ഇരുവിഭാഗത്തിന്റെയും മുന്‍ഗണനാക്രമങ്ങളിലെ വ്യത്യസ്തയാണ്. തന്റെ ഭര്‍ത്താവ് അയാളുടെ ഉമ്മയോട് എല്ലാം തുറന്നു പറയുമെന്ന ഭയത്താല്‍ അയാളോട് ഒരു രഹസ്യവും വെളിപ്പെടുത്താത്ത ഒരു ഭാര്യയെ എനിക്കറിയാം. ഉമ്മ മരിച്ചതോടെ പിന്നെ അവള്‍ എല്ലാ രഹസ്യങ്ങളും ഭര്‍ത്താവിനോട് പറഞ്ഞുതുടങ്ങി. ഏതൊരു രഹസ്യത്തിനും ഒരു നിര്‍ണിത കാലയളവുണ്ട്. കാലപ്പഴക്കത്തോടെ അത് രഹസ്യമല്ലാതെയാവും.
ദമ്പതികള്‍ അന്യോന്യം രഹസ്യങ്ങള്‍ മറച്ചുപിടിക്കുന്നതിന് ചില കാരണങ്ങളുണ്ടെന്ന് പുരുഷന്മാരും സ്ത്രീകളും നല്‍കിയ മറുപടിയില്‍നിന്ന് വ്യക്തമാവും. മറുകക്ഷിയിലുള്ള വിശ്വാസമില്ലായ്മ. രഹസ്യം വെളിവാക്കിയാല്‍ സുഖകരമല്ലാത്ത വിധത്തില്‍ പ്രതികരിക്കുമോ, സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും അവ പങ്കുവെച്ചേക്കുമോ എന്നുള്ള ആശങ്കയും ഭയവും. രണ്ടാമത് ഭാവിയെക്കുറിച്ച ഭയമാണ്. ഭാവിയില്‍ ഈ രഹസ്യങ്ങള്‍ തനിക്കെതിരെ ദുരുപയോഗം ചെയ്ത് ജീവിതം തകരാറിലാക്കിയേക്കുമെന്ന ആശങ്ക. തങ്ങളുടെ ഒരു രഹസ്യവും ഒരു കാലത്തും ആരോടും വെളിപ്പെടുത്തരുതെന്ന് ചെറുപ്പത്തിലേ കിട്ടിയ നിര്‍ദേശവും രഹസ്യം മറച്ചുവെക്കുന്നതിന് ഹേതുവാകാം. രഹസ്യം വെളിപ്പെടുന്നതോടെ താന്‍ ദുര്‍ബലനായി മുദ്രകുത്തപ്പെടുമോ എന്ന തോന്നല്‍ ഒടുവിലത്തെ കാരണം.
ഒരു കരുതിവെപ്പുമില്ലാതെ ഭാര്യാഭര്‍ത്താക്കന്മാര്‍ രഹസ്യങ്ങളെല്ലാം വെളിപ്പെടുത്തുന്നതിനുമുണ്ട് ചില കാരണങ്ങള്‍. ഭര്‍ത്താവ് മറ്റാരെയും വേള്‍ക്കാന്‍ സാധ്യതയില്ലെന്ന് പൂര്‍ണബോധ്യം, ഇരുവരും രഹസ്യം സൂക്ഷിക്കുമെന്ന് അനുഭവത്തിലൂടെ ദൃഢവിശ്വാസം, രഹസ്യം വെളിപ്പെടുത്തണമെന്ന ശാഠ്യം. നല്ല ഭാര്യക്ക് നബി (സ) നല്‍കിയ നിര്‍വചനം ശ്രദ്ധിക്കുക.
ഉത്തമ സ്ത്രീകള്‍: 'നീ അവരെ കണ്ടാല്‍ ആ ദൃശ്യം നിനക്ക് സന്തോഷം പകരും, നിന്റെ കല്‍പനകള്‍ അനുസരിക്കും, നിന്റെ അഭാവത്തില്‍ നിന്റെ സമ്പത്തും അവളുടെ ശരീരവും കരുതലോടെ കാത്തുസൂക്ഷിക്കും.'
ചില പ്രത്യേക താല്‍പര്യം കണക്കിലെടുത്ത് ദാമ്പത്യ രഹസ്യം വെളിപ്പെടുത്തേണ്ടിവരും. ഡോക്ടര്‍മാരുടെയോ കൗണ്‍സലിംഗ് വിദഗ്ധരുടെയോ മുന്നില്‍. ഖൗലത്ത് (റ) ഉപദേശം ആരാഞ്ഞുകൊണ്ട് ദാമ്പത്യ രഹസ്യം വെളിപ്പെടുത്തിയ കാര്യം ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ: 'തന്റെ ഭര്‍ത്താവിന്റെ വിഷയത്തില്‍ താങ്കളോട് സംവദിക്കുകയും അല്ലാഹുവിനോട് പരാതിപ്പെടുകയും ചെയ്യുന്ന സ്ത്രീയുടെ വാക്കുകള്‍ അല്ലാഹു കേട്ടിട്ടുണ്ട്.'
അവര്‍ റസൂലിനോട് പരാതിപ്പെട്ടു: ''ദൈവദൂതരേ! അയാള്‍ എന്റെ താരുണ്യമെല്ലാം തിന്നുതീര്‍ത്തു. ഞാനെന്റെ ഉദരം അയാള്‍ക്ക് ഉദാരമായി സമര്‍പ്പിച്ചതാണ്. എനിക്കു വാര്‍ധക്യം ബാധിച്ച് പ്രസവിക്കില്ലെന്നായപ്പോള്‍ അയാള്‍ പറയുന്നു; 'നീ എനിക്ക് എന്റെ ഉമ്മയെ പോലെയാണ്!' അല്ലാഹുവേ! ഞാന്‍ എന്റെ പരാതി നിന്നിലേക്ക് ഉയര്‍ത്തുകയാണ്.'' അപ്പോഴാണ് ജിബ്‌രീല്‍ മേല്‍ സൂക്തവുമായി വന്നത്. പ്രവാചകന്മാരായ നൂഹിന്റെയും ലൂത്വിന്റെയും പത്‌നിമാര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നവരായിരുന്നു എന്നതാണ് ഒരു കുറ്റം. 'അവിശ്വാസികള്‍ക്ക് അല്ലാഹു ഉദാഹരിക്കുന്നത് നൂഹിന്റെയും ലൂത്വിന്റെയും ഭാര്യമാരാണ്. ഇരുവരും നമ്മുടെ സദ്‌വൃത്തരായ രണ്ട് ദാസന്മാരുടെ കീഴിലായിരുന്നിട്ടും അവര്‍ രണ്ടു പേരേയും ആ സ്ത്രീകള്‍ വഞ്ചിച്ചു.' സ്ത്രീകള്‍ രഹസ്യങ്ങള്‍ സൂക്ഷിച്ച നിരവധി രംഗങ്ങള്‍ നിരത്താന്‍ കഴിയും. വഹ്‌യിന്റെ രഹസ്യം സൂക്ഷിച്ച ഖദീജ (റ), ഹിജ്‌റയുടെ രഹസ്യം സൂക്ഷിച്ച അസ്മാഅ് (റ), രഹസ്യങ്ങള്‍ സൂക്ഷിക്കുമെന്ന് നബിയോട് ഉടമ്പടി ചെയ്ത സ്ത്രീകള്‍-ഇങ്ങനെ പലരും.
വിവ: പി.കെ ജമാല്‍
Comments