എല്ലാം ശരിയാക്കുന്ന നാമനിര്‍ദേശ പത്രിക
അധികാരമെന്ന ഉത്തരവാദിത്തത്തിന്റെ മഹാഭാരം ചുമലില്‍ വഹിക്കാന്‍ ചുമതലപ്പെടുത്തപ്പെടുന്നവര്‍ ജനങ്ങളുടെ മുന്നില്‍ വെക്കുന്ന അപേക്ഷയാണ്, അഭ്യര്‍ഥനയാണ് ഓരോ നാമനിര്‍ദേശ പത്രികയും. അധികാരം ലഹരിയായി മാറിയ ഇക്കാലത്തും ജനവിധിക്കായി തയാറെടുക്കുന്നവര്‍ ആദ്യമായി ചെയ്യുന്ന നടപടിക്രമമാണ് നാമനിര്‍ദേശ പത്രികാ സമര്‍പ്പണം.
പ്രപഞ്ചനാഥന്റെ ഇഷ്ടാനുസാരം ലോകത്തെ പരിപാലിക്കാമെന്ന ഉത്തരവാദിത്തം ഏറ്റെടുത്തവരെന്ന തിരിച്ചറിവുള്ളവരാണ് സത്യവിശ്വാസികള്‍. അതുകൊണ്ട് ഓരോ സത്യവിശ്വാസിയും വിശേഷിച്ചും, മുസ്‌ലിം ഉമ്മത്ത് പൊതുവിലും ലോകത്തിനു മുന്നില്‍ അധികാരത്തിനു വേണ്ടിയുള്ള ഒരു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. നാടിന്റെ ഭരണം ഞങ്ങളെയേല്‍പിക്കൂ, ഞങ്ങളെല്ലാം ശരിയായി നടത്തി കാണിച്ചു തരാം എന്നാണ് ആ അപേക്ഷ. വിശ്വാസികള്‍ മുന്നോട്ടുവെക്കുന്ന നാമനിര്‍ദേശ പത്രികയുടെ ചരിത്രത്തിലെ മികച്ച ഉദാഹരണമാണ് യൂസുഫ് നബി(അ)യുടെ 'രാജ്യത്തിന്റെ ഖജനാവുകള്‍ എന്റെ ഉത്തരവാദിത്തത്തിലേല്‍പിച്ചാലും' (യൂസുഫ് 55) എന്നത്. ഈ അഭ്യര്‍ഥന ഒരു ഭരണകൂടത്തിനു കീഴില്‍, രാജാവിനു കീഴില്‍ ഏതെങ്കിലും തൊഴിലിനു വേണ്ടിയുള്ള ജോബ് ആപ്ലിക്കേഷനായിരുന്നില്ല. അത്തരമൊരു പ്രഫഷന്‍ ആ സര്‍ക്കാറിനു കീഴില്‍ പ്രബോധകനും നബിയുമായ യൂസുഫ്(അ) കൊതിച്ചുപോയി എന്നു കരുതാനും ന്യായമില്ല. രാജാവിന്റെ ഇംഗിതമനുസരിച്ചുള്ള ആശ്രിത നിയമനവുമായിരുന്നില്ല. അധികാര പങ്കാളിത്തം പോലുമായിരുന്നില്ല അത്. രാജ്യത്തിന്റെ ഭാഗധേയത്തെ തന്നെ നിര്‍ണയിക്കുന്ന, രാജ്യത്തിനു മേലുള്ള സമ്പൂര്‍ണാധികാരത്തിനു വേണ്ടിയുള്ള ജനവിധി തേടലായിരുന്നു അത്. രാജസദസ്സൊന്നടങ്കമാണ് അതിന് അംഗീകാരം നല്‍കിയത്.
കേവലമായ അധികാരക്കൈമാറ്റത്തിനുള്ള പദ്ധതി സമര്‍പ്പിക്കുക മാത്രമല്ല യൂസുഫ്(അ) ചെയ്തത്. ഒരു മെമ്മോറാണ്ടം മേശപ്പുറത്തു വെക്കുകയുമായിരുന്നില്ല. അധികാരപദവി ചോദിച്ചുവാങ്ങുകയായിരുന്നു. അതിനുള്ള യോഗ്യതകളും അദ്ദേഹം വിശദീകരിച്ചു: ''ഞാന്‍ അത് കാത്തുസൂക്ഷിക്കുന്നവനും തികഞ്ഞ അറിവുള്ളവനുമാകുന്നു''(യൂസുഫ് 55). രാജ്യത്തിന്റെ വിഭവങ്ങള്‍ എങ്ങനെ ജാഗ്രതയോടെയും സാങ്കേതിക തികവോടെയും കൈകാര്യം ചെയ്യണമെന്നുള്ള കാര്യം തനിക്കറിയാമെന്നും അത് തന്നെ അല്ലാഹു പഠിപ്പിച്ചിട്ടുണ്ട് എന്നുമായിരുന്നു യൂസുഫ് നബി പറഞ്ഞത്.
ഭരണാധികാരികള്‍ക്ക് അനിവാര്യമായുമുണ്ടാവേണ്ട രണ്ട് ഗുണങ്ങളാണ് ഖുര്‍ആന്‍ ഇവിടെ പരിചയപ്പെടുത്തുന്നത്. ഏല്‍പിക്കപ്പെടുന്ന അധികാരം ജാഗ്രതയോടെയും അതിനുള്ള പരിജ്ഞാനത്തോടെയും കൈയാളുക എന്നതാണത്. പൊതുസമൂഹത്തില്‍, തന്നെ പിന്താങ്ങുന്ന ഒരു ഭൂരിപക്ഷമുണ്ടാവുന്നതിരിക്കട്ടെ, തനിക്കനുകൂലമായി സംസാരിക്കുന്ന ഒരാളുപോലുമില്ലാതെയാണ് രണ്ട് ധാര്‍മിക ഗുണങ്ങളെ മാത്രം കൈമുതലാക്കി, തികഞ്ഞ നയതന്ത്ര മികവോടെ അധികാരത്തിന്റെ ഉത്തുംഗതയിലേക്ക് യൂസുഫ് കയറിച്ചെല്ലുന്നത്. അതിന്റെ മുഖ്യനിര്‍വാഹകനായി ആ പ്രവാചകന്‍ മാറുകയും ചെയ്തു.
തുടര്‍ന്നങ്ങോട്ട്, യൂസുഫിന്റെ ജൈത്രയാത്രയാണ്. രാജാവിനെ തന്നെ അപ്രസക്തമാക്കുന്ന തലത്തിലേക്ക് ആ അധികാരപ്രയോഗം വളര്‍ന്നു. ഈജിപ്തിലെ എന്തും എവിടെയും യൂസുഫി(അ)ന്റെ അധീനതയിലായി. ഒരേകാധിപതിയുടെ പിടച്ചടക്കലായിരുന്നില്ല അത്. യൂസുഫ് ജനകീയനും ജനപ്രിയനുമായ ഭരണാധികാരിയായി മാറുകയായിരുന്നു. അതിനുള്ള വഴി അധികാരത്തിലെത്തും മുമ്പ് തന്നെ അദ്ദേഹം നേടിയിട്ടുണ്ടായിരുന്നു.
രാജാവിന്റെ പത്‌നിയുടെ പ്രലോഭനങ്ങളെ അതിജീവിച്ച്, തന്റെ നിരപരാധിത്വവും സദാചാരനിഷ്ഠയും ഭരണകൂടത്തെയും രാജ്യനിവാസികളെയും ബോധ്യപ്പെടുത്തിയതിനു ശേഷമാണ് അദ്ദേഹം തടവറയില്‍നിന്ന് ഇറങ്ങുന്നതും അധികാരത്തിലേക്ക് കാലെടുത്തുവെക്കുന്നതും. ഒരു സ്ത്രീശരീരത്തിനു ചുറ്റുമുള്ള കറക്കമായി രാഷ്ട്രീയവും തെരഞ്ഞെടുപ്പു പ്രവര്‍ത്തനവുമെല്ലാം മാറിത്തീര്‍ന്ന ഇക്കാലത്ത് ശ്രദ്ധേയമായ പാഠങ്ങള്‍ യൂസുഫ് നബി(അ)യുടെ രാഷ്ട്രീയ പ്രവര്‍ത്തനം പകരുന്നുണ്ട്. സന്മാര്‍ഗനിഷ്ഠ, ആത്മനിയന്ത്രണം തുടങ്ങിയ വിഷയങ്ങളില്‍ തന്നെ കവച്ചുവെക്കാന്‍ ആരുമില്ലെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. ''താങ്കള്‍ ഇന്ന് നമ്മുടെ അടുത്ത് ഉയര്‍ന്ന സ്ഥാനക്കാരനും വിശ്വസ്തനുമാണ്'' എന്ന് രാജാവ് സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ (യൂസുഫ് 54).
അധികാരം വാഴുക മാത്രമല്ല യൂസുഫ് (അ) ചെയ്തത്. ഉജ്ജ്വലമായ ഒരു വികസന കാഴ്ചപ്പാട് അവതരിപ്പിക്കുകയും ഒരു ക്ഷേമരാഷ്ട്രം അദ്ദേഹം സാക്ഷാല്‍ക്കരിക്കുകയും ചെയ്തു. ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുകയായിരുന്ന, വരള്‍ച്ച പിടിമുറുക്കാനിരിക്കുന്ന, ക്ഷാമം കാര്‍ന്നുതിന്നാനിരുന്ന, രൂക്ഷമായ ഭക്ഷ്യ പ്രതിസന്ധിയിലേക്ക് നീങ്ങുമായിരുന്ന ഒരു പ്രദേശത്തെ, അതിന്റെ വര്‍ത്തമാന സുഭിക്ഷതയും ഭാവിയിലെ വരള്‍ച്ചയും മനസ്സിലാക്കി രാജ്യത്തിന്റെ ധനാഗമന പ്രവര്‍ത്തനത്തെ, വിഭവാസൂത്രണത്തെ അദ്ദേഹം അന്യൂനമാക്കി. യൂസുഫ് അധികാരത്തിലിരിക്കുന്നതിന്റെ ഉര്‍വരത അയല്‍രാജ്യങ്ങളില്‍ കൂടി അനുഭവപ്പെട്ടു. വിഭവസമാഹരണത്തിനായി അവര്‍ യൂസുഫിന്റെ നാട്ടിലേക്കൊഴുകി. തൊട്ടടുത്ത രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് പോലും വിഭവങ്ങള്‍ ലഭ്യമാക്കാവുന്ന വിധം സ്വന്തം രാജ്യത്തെ സമ്പന്നമാക്കി.
യൂസുഫിന്റെ ഈ ഭരണ മാതൃകയുടെ തുടര്‍ച്ച തന്നെയാണ് ദാവൂദ്, സുലൈമാന്‍ എന്നീ പ്രവാചകന്മാരുടെ രാഷ്ട്ര സങ്കല്‍പത്തിലും കാണുന്നത്. കണിശമായ നീതി രാജ്യത്തെ പൗരന്മാര്‍ക്ക് അനുഭവിക്കാന്‍ സാധിച്ചുവെന്നതാണ് ഈ രണ്ട് പ്രവാചകന്മാരുടെയും ഭരണകാലയളവിന്റെ സവിശേഷതയെന്ന് ഉദാഹരണസഹിതം ഖുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ജനകീയ തെരഞ്ഞെടുപ്പിലൂടെയാണ് ദാവൂദ് (അ) ഇസ്രാഈല്യരുടെ മുഴുവന്‍ ഭരണാധികാരിയായി മാറുന്നത്. പതിതരായ ഇസ്രാഈല്യര്‍ക്ക് അതിജീവനത്തിന്റെയും വിമോചനത്തിന്റെയും നായകനായി രംഗത്തെത്തിയായിരുന്നു ദാവൂദിന്റെ അധികാരത്തിലേക്കുള്ള വളര്‍ച്ച. ഇരുമ്പിന്റെ ഉപയോഗത്തിലൂടെ ഉല്‍പാദന സമൃദ്ധിയുള്ള, സാങ്കേതിക മികവുള്ള, ക്ഷേമശൈ്വര്യപൂര്‍ണമായ രാഷ്ട്രം അദ്ദേഹം സാക്ഷാത്കരിച്ചു. ദാവൂദിനെ പോലെ തന്നെ ഇസ്രാഈല്യര്‍ക്ക് സുവര്‍ണകാലം സമ്മാനിച്ച ഭരണകാലമായിരുന്നു സുലൈമാന്‍ നബി(അ)യുടേതും.
ക്ഷേമപൂര്‍ണവും ഭയരഹിതവുമായ ജീവിതം സാധ്യമാക്കുകയെന്നത് ഇസ്‌ലാം ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനമാണ്.അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി പൂര്‍ത്തീകരിച്ചതും ഖലീഫമാര്‍ തുടര്‍ച്ച ഉറപ്പാക്കിയതും ഇത്തരം സദ്ഭരണങ്ങളാണ്. യൂസുഫും ദാവൂദും സുലൈമാനും മുഹമ്മദ് നബിയും ഖലീഫമാരുമെല്ലാം എല്ലാം ശരിയാക്കുകയായിരുന്നു; കുഴമറിഞ്ഞു കിടന്ന സമൂഹത്തെ, രാജ്യഭരണത്തെ എല്ലാം.
ഇതിന്റെ മറുവശത്തു കൂടി സഞ്ചരിക്കുന്ന ചരിത്രത്തെയും വര്‍ത്തമാനത്തെയും കൂടി നമുക്ക് കാണാം. ലംഘിക്കപ്പെടുന്ന സത്യപ്രതിജ്ഞകളാണതിന്റെ മുദ്ര. സത്യപ്രതിജ്ഞകള്‍ പാലിക്കപ്പെടാനുള്ളതല്ലെന്ന കാഴ്ചപ്പാട് വെച്ചു പുലര്‍ത്തുന്ന ഭരണാധികാരികള്‍ ഇക്കാലത്തിന്റെ മാത്രം പ്രത്യേകതയൊന്നുമല്ല. മുമ്പുള്ളവരുടെ തെറ്റായ വഴി അനന്തരമെടുത്തവരെന്നേ ഇക്കാലക്കാരെ കുറിച്ച് പറയാനാവൂ. രാജ്യത്തെയും രാജ്യവിഭവങ്ങളെയും കാത്തുകൊള്ളാമെന്ന് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുകയും തുടര്‍ന്ന് അതിന്റെ എതിര്‍ ദിശയില്‍ സഞ്ചരിക്കുകയും ചെയ്യുന്ന ഭരണാധികാരികളുടെ ദുര്‍നടപ്പുകളെ ഖുര്‍ആന്‍ നിരൂപണം നടത്തുന്നുണ്ട്. മധുര വാഗ്ദാനങ്ങളും വായ്ത്താരികളുമായി, സുമോഹന പ്രകടന പത്രികകളുമായി, അസാമാന്യ താര്‍ക്കികശേഷികളുമായി ജനങ്ങളെ സ്വാധീനിക്കുന്നവര്‍ തങ്ങളെ അധികാരത്തിലേറ്റിയാല്‍ സുഖലോക സ്വര്‍ഗം ഇവിടെ തന്നെ സാധ്യമാക്കാമെന്ന് പ്രഖ്യാപിക്കുന്നു. അധികാരത്തിനു വേണ്ടി അവര്‍ ദൈവത്തെ സാക്ഷിയാക്കി സത്യപ്രതിജ്ഞ ചെയ്യുന്നു. അധികാര ലബ്ധിയുടെ ഒന്നാം തീയതി മുതല്‍ നശീകരണ പ്രവര്‍ത്തനമായിരിക്കും അവരുടെ മുഖ്യ അജണ്ട. രാജ്യത്തെ വിഭവ നശീകരണത്തിലായിരിക്കും അവരൂന്നുക. നാടിന്റെ ഭാവി നിര്‍ണയിക്കുന്ന അടിസ്ഥാന വിഭവ സ്രോതസ്സുകളെ, കൃഷിയെ അവര്‍ കരിച്ചുകളയുന്നു. ഞങ്ങള്‍ നിങ്ങളോടൊപ്പമെന്ന പ്രതീതി സൃഷ്ടിക്കുന്നു.അതോടൊപ്പം തലമുറകളെ, മനുഷ്യ വിഭവശേഷിയെ ഇത്തരം ഭരണാധികാരികള്‍ നശിപ്പിച്ചുകളയുന്നു (ഖുര്‍ആന്‍ 204,205).
ഇത്തരം നിലപാടുകളുള്ള അധികാരിവര്‍ഗത്തിന്റെ ഉദാഹരണമാണ് ഫറോവ. ജനങ്ങളില്‍ വിഭാഗീയത സൃഷ്ടിച്ച, വംശീയവും വര്‍ഗീയവുമായ വിഷബീജങ്ങള്‍ അവരുടെ സിരാധമനികളില്‍ കുത്തിവെച്ച, പെണ്‍കുട്ടികളെ അപമാനിതരാക്കിയ, മനുഷ്യവിഭവശേഷിയെ അറുംകൊല ചെയ്ത ഭരണമായിരുന്നു ഫറോവയുടേത്. ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരെന്നാണ് അത്തരക്കാരെ അല്ലാഹു വിശേഷിപ്പിക്കുന്നത്; അവരത് ഇഷ്ടപ്പെടുന്നില്ലെങ്കിലും. ഫറോവക്കെതിരെയുള്ള വിപ്ലവ നീക്കങ്ങളായിരുന്നു മൂസാ(അ)യുടെ പ്രവര്‍ത്തനത്തിന്റെ മുഖ്യ ഊന്നലുകള്‍ തന്നെ. തലമുറകളെ വേട്ടയാടുകയും പ്രകൃതിവിഭവങ്ങള്‍ നശിപ്പിക്കുകയും നാട്ടില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്ന ഭരണകൂടങ്ങള്‍ക്കെതിരില്‍ വിപ്ലവം നയിച്ചവരായിരുന്നു പ്രവാചകന്മാര്‍.
പ്രവാചകന്മാരുടെ അത്തരം വിപ്ലവ പ്രവര്‍ത്തനത്തിന് ഒരു രാഷ്ട്രീയ അജണ്ടയുണ്ടായിരുന്നു. ദുര്‍ഭരണാധികാരികളുടെ തേര്‍വാഴ്ചകളുടെയും വിഭവക്കൊള്ളയുടെയും ഫലമായി ഇരകളാക്കപ്പെട്ട് പ്രയാസമനുഭവിക്കുന്ന, അരികുവല്‍ക്കരിക്കപ്പെട്ട, പിന്നാക്കമായ, അടിച്ചമര്‍ത്തപ്പെട്ട എല്ലാ വിഭാഗങ്ങളെയും അധികാരത്തിലെത്തിക്കലും നാടിന്റെ നേതാക്കളാക്കി അവരെ പരിവര്‍ത്തിപ്പിക്കലുമാണത്. അനിവാര്യമായ ഒരു തിരിച്ചടിയായി അധികാരത്തിലിരിക്കുന്നവര്‍ ഇത് പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഇത് അല്ലാഹുവിന്റെ ഒരു വാഗ്ദാനം കൂടിയാണ്.
ആര്‍ക്കും വ്യക്തമാകുന്ന വിധം ഖുര്‍ആന്‍ വിശദീകരിച്ചതാണ് ഒരു മുസ്‌ലിമിന്റെ പ്രായോഗിക രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മേല്‍പറഞ്ഞ ലക്ഷ്യവും രീതിയും. എന്നിട്ടും ആര്‍ക്കു നേരെയും കൈവിരലുയര്‍ത്താത്ത, ഒന്നിനു വേണ്ടിയും കൈ പൊങ്ങാത്ത, ചൂണ്ടുവിരലില്‍ മാത്രം മഷി പുരളുന്ന ഒരു ലാഘവ പ്രക്രിയയായി സമുദായത്തിനിടയിലൂടെ കടന്നുപോവുന്നു, നമ്മുടെ നാട്ടിലെ ഓരോ തെരഞ്ഞെടുപ്പും.
Comments