Prabodhanm Weekly

Pages

Search

2016 മെയ് 06

2950

1437 റജബ് 28

പുതു കോഴ്‌സുകളും സംരംഭങ്ങളുമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

മുസാഫിര്‍

യിരത്തി തൊള്ളായിരത്തി അമ്പതുകളില്‍തന്നെ വിദ്യാഭ്യാസ രംഗത്തും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ശ്രദ്ധ പതിഞ്ഞിരുന്നു. സംഘടനക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ എന്ന പേരില്‍ പ്രാഥമിക മത വിദ്യാലയം സ്ഥാപിച്ചുകൊണ്ടാണ് മിക്കയിടത്തും വിദ്യാഭ്യാസ പ്രവര്‍ത്തനമാരംഭിച്ചത്. സംഘടന കൂടുതല്‍ സജീവമായ മേഖലകളില്‍ ആ മദ്‌റസകള്‍ വികസിച്ച് ഇസ്‌ലാമിയാ കോളേജാവുകയും പിന്നീട് അവക്കനുബന്ധമായി ഒട്ടേറെ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവരികയുമായിരുന്നു. മത -ഭൗതിക വിദ്യാഭ്യാസ സമന്വയമെന്ന പുതു സംരംഭമാണ് ഇത്തരം സ്ഥാപനങ്ങളിലെല്ലാം ആദ്യം പരീക്ഷിക്കപ്പെട്ടത്. പിന്നീട് ഈ സ്ഥാപനങ്ങളോട് ചേര്‍ന്നുതന്നെ പൊതു വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് സ്‌കൂളുകളും ഹയര്‍ സെക്കന്ററികളും ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളും പ്രഫഷനല്‍ സ്ഥാപനങ്ങളും മറ്റും ഉയര്‍ന്നുവന്നു. സ്ത്രീ ശാക്തീകരണം ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മുഖ്യ അജണ്ടയായതിനാല്‍ അവര്‍ക്ക് സമഗ്ര വിദ്യാഭ്യാസം നല്‍കുന്ന സംരംഭങ്ങള്‍ക്കും ഈ സ്ഥാപനങ്ങള്‍ പ്രത്യേകം പരിഗണന നല്‍കി. അമ്പതു വര്‍ഷത്തിലേറെ പഴക്കമുള്ള ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമെ കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ പുതു വിദ്യാഭ്യാസ പരീക്ഷണങ്ങളുമായി മറ്റു ചില ട്രസ്റ്റുകളും രംഗത്തുവരികയുണ്ടായി. പഴയ ചില സ്ഥാപനങ്ങളാവട്ടെ അവയുടെ കോഴ്‌സുകളും ഫാക്കല്‍റ്റികളും പരിഷ്‌കരിക്കുകയുമുണ്ടായി. ഇസ്‌ലാമിക പ്രസ്ഥാന പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും മേല്‍നോട്ടത്തില്‍ നടത്തുന്ന പ്രമുഖ കോളേജുകളില്‍ ഇപ്പോള്‍ നിലവിലുള്ള കോഴ്‌സുകളെയും ഫാക്കല്‍റ്റികളെയും ലഘുവായി പരിചയപ്പെടുത്തുകയാണ് ഈ കുറിപ്പില്‍.

അല്‍ജാമിഅ ശാന്തപുരം

1955-ല്‍ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണക്കടുത്ത് ആരംഭിച്ച ശാന്തപുരം കോളേജ് ഇന്ന് ഇന്ത്യയിലെ തന്നെ പ്രമുഖ മതകലാലയങ്ങളിലൊന്നാണ്. മത-ഭൗതിക വിദ്യാഭ്യാസ സമന്വയത്തിന്റെ ഉജ്ജ്വല മാതൃകയായിരുന്ന ശാന്തപുരം കോളേജ് ഇപ്പോള്‍ ഇസ്‌ലാമിക ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ ഫാക്കല്‍റ്റികളുള്ള ഇസ്‌ലാമിക സര്‍വകലാശാലയാണ്. 1970-ല്‍ രൂപീകൃതമായ ഇസ്‌ലാമിക് മിഷന്‍ ട്രസ്റ്റാണ് അല്‍ ജാമിഅയുടെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നത്. അല്‍ ജാമിഅയിലെ മുഴുവന്‍ കോഴ്‌സുകള്‍ക്കും ആണ്‍കുട്ടികളോടൊപ്പം പെണ്‍കുട്ടികള്‍ക്കും പ്രവേശനമുണ്ട്. രണ്ട് വിഭാഗത്തിനും ഹോസ്റ്റല്‍ സൗകര്യവും ലഭ്യമാണ്.

ഇസ്‌ലാമിക വിഷയങ്ങളില്‍ ആഴത്തിലും ഗവേഷണ സ്വഭാവത്തിലുമുള്ള പഠനമാണ് അല്‍ ജാമിഅ ശാന്തപുരം ലക്ഷ്യമിടുന്നത്. എസ്.എസ്.എല്‍.സിയോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് പ്രവേശനം നല്‍കുന്ന സീനിയര്‍ സെക്കന്ററി കോഴ്‌സാണ് അല്‍ ജാമിഅയിലെ പ്രാഥമിക കോഴ്‌സ്. ഇസ്‌ലാമിക പഠനങ്ങള്‍ക്കൊപ്പം അറബി ഭാഷാ പഠനത്തിനും പ്രാധാന്യം നല്‍കുന്ന ഈ കോഴ്‌സിനൊപ്പം അംഗീകൃത പ്ലസ്ടു നേടാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

നാലു വര്‍ഷം ദൈര്‍ഘ്യമുള്ള ഉസ്വൂലുദ്ദീന്‍, ശരീഅ എന്നിവയാണ് ബിരുദ കോഴ്‌സുകള്‍. അല്‍ ജാമിഅയിലെ സീനിയര്‍ സെക്കന്ററി പാസാകുന്ന വിദ്യാര്‍ഥികള്‍ക്ക് പുറമെ പ്ലസ്ടു യോഗ്യതയുള്ള മിടുക്കരായ വിദ്യാര്‍ഥികള്‍ക്കും ഈ കോഴ്‌സിലേക്ക് അഡ്മിഷന്‍ നല്‍കുന്നു. അംഗീകൃത യൂനിവേഴ്‌സിറ്റിയില്‍നിന്ന് ബി.എ ബിരുദം നേടാനുള്ള സൗകര്യവും ഈ കോഴ്‌സിനൊപ്പമുണ്ട്. അല്‍ ജാമിഅയിലെ ബിരുദ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്കോ ഇസ്‌ലാമിയാ കോളേജ്/ അറബിക് കോളേജുകളില്‍നിന്ന് ബിരുദമോ തത്തുല്യ യോഗ്യത നേടുന്നവര്‍ക്കോ പ്രവേശനം നല്‍കുന്ന മൂന്ന് പി.ജി കോഴ്‌സുകളാണ് അല്‍ ജാമിഅയിലുള്ളത്. ഖുര്‍ആന്‍, ഹദീസ്, ദഅ്‌വ എന്നീ വിഷയങ്ങളിലുള്ള ദ്വിവത്സര സ്‌പെഷലൈസേഷന്‍ പഠനമാണിത്. അറബിക്-ഇംഗ്ലീഷ് ട്രാന്‍സ്‌ലേഷന് മുഖ്യ പരിഗണന നല്‍കുന്ന ഏക വര്‍ഷ പി.ജി ഡിപ്ലോമ ഇന്‍ അറബിക് ആന്റ് ഇംഗ്ലീഷ് ട്രാന്‍സ്‌ലേഷന്‍ കോഴ്‌സും അല്‍ ജാമിഅയിലുണ്ട്.

ഇസ്‌ലാമിക അധ്യാപന രംഗത്ത് കേരളത്തിനകത്തും പുറത്തും ലഭ്യമായ മികച്ച അധ്യാപകരുടെ സാന്നിധ്യവും ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇസ്‌ലാമിക് റഫറന്‍സ് ലൈബ്രറിയും അല്‍ ജാമിഅയുടെ സവിശേഷതയാണ്. ഈജിപ്തിലെ അല്‍ അസ്ഹര്‍, ഖത്തര്‍ യൂനിവേഴ്‌സിറ്റി തുടങ്ങിയ സര്‍വകലാശാലകളില്‍നിന്നുള്ള വിസിറ്റിംഗ് പ്രഫസര്‍മാരുടെ സാന്നിധ്യവും കാമ്പസിലുണ്ട്. മലേഷ്യന്‍ ഇന്റര്‍നാഷ്‌നല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, ഖത്തര്‍ യൂനിവേഴ്‌സിറ്റി, ഇമാം മുഹമ്മദുബ്‌നു സുഊദ് യൂനിവേഴ്‌സിറ്റി എന്നിവയുമായി അല്‍ജാമിഅ എം.ഒ.യു ഒപ്പുവെച്ചിട്ടുണ്ട്. മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് ഈ യൂനിവേഴ്‌സിറ്റികളില്‍ ഉപരിപഠനത്തിന് ഇതുവഴി സാധിക്കുന്നു. ദല്‍ഹി ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യയുടെ ഡിസ്റ്റന്‍സ് എജുക്കേഷന്‍ സെന്റര്‍, അല്‍ ജാമിഅയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്ന ഐ.ടി സെന്റര്‍, വ്യത്യസ്ത ട്രെയ്‌നിംഗുകള്‍ക്ക് നേതൃത്വം നല്‍കുന്ന എച്ച്.ആര്‍.ഡി സെന്റര്‍ എന്നിവ കൂടി ഉള്‍പ്പെടുന്നതാണ് അല്‍ ജാമിഅ കാമ്പസ്.

ശാന്തപുരത്തെ കാമ്പസിനു പുറമെ പെരിന്തല്‍മണ്ണക്കടുത്ത പൂപ്പലത്ത് അല്‍ ജാമിഅ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജും പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ അഫിലിയേഷനുള്ള സെല്‍ഫ് ഫിനാന്‍സ് സ്ഥാപനമായ ഇവിടെ ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ പഠിപ്പിക്കുന്നു. B.Sc Phychology, B.Sc Computer Science, BSc Geography, BCA, BA Islamic Studies, B.Com, BBA, M.Com, MA Islamic Finance എന്നിവയാണ് നിലവിലുള്ള കോഴ്‌സുകള്‍. സിവില്‍-ഇലക്ട്രിക്കല്‍ കോഴ്‌സുകളുമായി ഇതേ കാമ്പസില്‍ അല്‍ ജാമിഅ ഐ.ടി.ഐയും ഈ അധ്യയന വര്‍ഷം പ്രവര്‍ത്തനമാരംഭിക്കും.

വണ്ടൂര്‍ വനിതാ ഇസ്‌ലാമിയാ കോളേജും ഇസ്‌ലാമിക് മിഷന്‍ ട്രസ്റ്റിനു കീഴിലെ കലാലയമാണ്. ഇസ്‌ലാമിക വിദ്യാഭ്യാസത്തോടൊപ്പം സയന്‍സ്, ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് എന്നീ ഹയര്‍ സെക്കന്ററി കോഴ്‌സുകളും കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ B.Sc Physics, BA English, BA Sociology, BA Arabic, B.Com എന്നീ കോഴ്‌സുകളും ഇവിടെ പഠിപ്പിക്കുന്നു. അഫ്ദലുല്‍ ഉലമ ബിരുദം നല്‍കുന്ന ഉസ്വൂലുദ്ദീന്‍ കോഴ്‌സും വണ്ടൂര്‍ വനിതാ കോളേജിന്റെ സവിശേഷതയാണ്. ഈ കോളേജുകള്‍ക്ക് പുറമെ അല്‍ ജാമിഅ കാമ്പസിലെ ഹയര്‍ സെക്കന്ററി സ്‌കൂള്‍, വണ്ടൂരിനടുത്ത് എറിയാട് സ്ഥിതി ചെയ്യുന്ന എയ്ഡഡ് യു.പി സ്‌കൂള്‍, ശാന്തപുരം മുള്ള്യാകുര്‍ശിയിലെ പി.ടി.എം എയ്ഡഡ് യു.പി സ്‌കൂള്‍, പൂപ്പലത്തെ സി.ബി.എസ്.ഇ അംഗീകൃത ദാറുല്‍ ഫലാഹ് ഇംഗ്ലീഷ് സ്‌കൂള്‍, എറിയാട് ഗ്രേസ് പബ്ലിക് സ്‌കൂള്‍ തുടങ്ങിയവ ഇസ്‌ലാമിക് മിഷന്‍ ട്രസ്റ്റിനു കീഴിലെ മറ്റു വിദ്യാഭ്യാസ സംരംഭങ്ങളാണ്.

ഇസ്‌ലാഹിയാ കോളേജ് ചേന്ദമംഗല്ലൂര്‍

1952-ല്‍ കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂരില്‍ സ്ഥാപിതമായ അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയാണ് പിന്നീട് ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ കോളേജായി മാറിയത്. ഇസ്‌ലാഹിയ്യ അസോസിയേഷനാണ് സ്ഥാപനത്തിന് മേല്‍നോട്ടം വഹിക്കുന്നത്. ശാന്തപുരം മോഡല്‍ മത-ഭൗതിക സമന്വയ കോഴ്‌സുമായി (എഫ്.ഡി) ആരംഭിച്ച സ്ഥാപനം പിന്നീട് 1971-ല്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ സംവിധാനം ഉപയോഗപ്പെടുത്തി വികസിപ്പിച്ച വിദ്യാഭ്യാസ പരീക്ഷണമായിരുന്നു എ.ഐ.സി അഥവാ ആര്‍ട്‌സ് ആന്റ് ഇസ്‌ലാമിക് കോഴ്‌സ്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബിരുദത്തോടൊപ്പം ഇസ്‌ലാമിക വിദ്യാഭ്യാസവും നല്‍കുന്ന പദ്ധതിയായിരുന്നു അത്. പിന്നീട് ഒരുപാട് സ്ഥാപനങ്ങള്‍ ഈ പരീക്ഷണം ഏറ്റെടുത്തു. നിലവില്‍ ഇസ്‌ലാഹിയാ കോളേജില്‍ എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് പ്രവേശനം നല്‍കുന്നു. അവര്‍ക്ക് ഇസ്‌ലാമിക് സ്റ്റഡീസിനൊപ്പം പ്ലസ്ടുവും ശേഷം കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ ബിരുദവും നല്‍കുന്നു. അഞ്ചു വര്‍ഷമാണ് കോഴ്‌സിന്റെ കാലയളവ്. ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് എന്നിവയാണ് പ്ലസ്ടു ഒപ്ഷനുകള്‍. ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ വിത്ത് ജേര്‍ണലിസം, ബി.എ സോഷ്യോളജി, ബി.കോം എന്നിവയാണ് അംഗീകൃത ഡിഗ്രികള്‍.

1964-ല്‍ ആരംഭിച്ച ചേന്ദമംഗല്ലൂര്‍ എയ്ഡഡ് ഹൈസ്‌കൂള്‍ 1998-ല്‍ ഹയര്‍ സെക്കന്ററിയായി. നിലവില്‍ സയന്‍സ്, ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് എന്നീ കോഴ്‌സുകള്‍ക്ക് ഗവണ്‍മെന്റ് നോട്ടിഫിക്കേഷന്‍ അനുസരിച്ച് ഇവിടെ അഡ്മിഷന്‍ നല്‍കിവരുന്നു. ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്.

പുതിയ കാലത്തിന്റെ ആവശ്യകത മനസ്സിലാക്കി 2008-ല്‍ ആരംഭിച്ച മീഡിയ അക്കാദമിയാണ് ഇസ്‌ലാഹിയ്യയുടെ ഏറ്റവും പുതിയ സംരംഭം. ആണ്‍-പെണ്‍ കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യത്തോടെ പ്രിന്റ്-വെബ്-വിഷ്വല്‍ മീഡിയാ രംഗങ്ങളില്‍ ഏക വര്‍ഷ പി.ജി ഡിപ്ലോമ കോഴ്‌സുകളും ഷോര്‍ട്ട് ടേം കോഴ്‌സുകളുമാണ് ഇവിടെ നല്‍കുന്നത്. Advanced Diploma in Multimedia Technology, P.G Diploma in Multimedia Technology എന്നിവയാണ് ഏക വര്‍ഷ ഡിപ്ലോമ കോഴ്‌സുകള്‍. 3D Architectural Design & V12, Web Design & Development, Film/DV Editing and VFX (FCP), 2D & 3D Animation എന്നിവ ഷോര്‍ട്ട് ടേം കോഴ്‌സുകളാണ്.

അഞ്ചു മുതല്‍ 10 ക്ലാസ്സ് വരെയുള്ള അനാഥരായ കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യത്തോടെ മദ്‌റസാ -സ്‌കൂള്‍ പഠനം ലഭ്യമാക്കുന്ന അല്‍ ഇസ്‌ലാഹ് ഓര്‍ഫനേജ്, ഇതേ പ്രായത്തിലുള്ള അനാഥരായ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്ന അസ്മാ ബിന്‍ത് അബീബക്ര്‍ ഗേള്‍സ് ഓര്‍ഫനേജ്, എല്‍.കെ.ജി മുതല്‍ 10 വരെ സി.ബി.എസ്.ഇ അംഗീകാരത്തോടെ നടത്തുന്ന കൊടിയത്തൂരിലെ വാദി റഹ്മ ഇംഗ്ലീഷ് സ്‌കൂള്‍, അല്‍ ഇസ്‌ലാഹ് ഇംഗ്ലീഷ് സ്‌കൂള്‍ ചേന്ദമംഗല്ലൂര്‍ എന്നിവയും ഇസ്‌ലാഹിയ്യ അസോസിയേഷന്റെ കീഴിലുള്ള മറ്റു വിദ്യാഭ്യാസ സംരംഭങ്ങളാണ്.

ഇസ്‌ലാമിയാ കോളേജ് വാടാനപ്പള്ളി

1977-ല്‍ തൃശൂര്‍ ജില്ലയിലെ വാടാനപ്പള്ളിയില്‍ ഒരു പ്രാഥമിക മദ്‌റസയായിട്ടായിരുന്നു ഇന്ന് തൃശൂര്‍, എറണാകുളം, കൊല്ലം ജില്ലകളിലായി പത്ത് സ്ഥാപനങ്ങളുള്‍ക്കൊള്ളുന്ന വാടാനപ്പള്ളി ഓര്‍ഫനേജ് ആന്റ് ഇസ്‌ലാമിയാ കോളേജ് സ്ഥാപനങ്ങളുടെ തുടക്കം. ഇസ്‌ലാമിക വിദ്യാഭ്യാസത്തോടൊപ്പം പ്ലസ്ടുവും യൂനിവേഴ്‌സിറ്റി ഡിഗ്രിയും നല്‍കുന്ന ആര്‍ട്‌സ് ആന്റ് ഇസ്‌ലാമിക് കോഴ്‌സാണ് കോളേജിലെ പ്രധാന കോഴ്‌സ്. എസ്.എസ്.എല്‍.സി കഴിഞ്ഞ ആണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്ന സ്ഥാപനം തളിക്കുളത്താണ് സ്ഥിതി ചെയ്യുന്നത്. തളിക്കുളം ഇസ്‌ലാമിയാ കോളേജ് എന്ന പേരില്‍ പ്രശസ്തമായ ഈ കലാലയത്തില്‍ മൂന്ന് വര്‍ഷ കാലയളവില്‍ ഇസ്‌ലാമിക വിഷയങ്ങള്‍ക്കൊപ്പം കൊമേഴ്‌സ്/ ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകളില്‍ പ്ലസ്ടുവും ശേഷം ബി.എ സോഷ്യോളജി/ബി.കോം ബിരുദ പഠനവും ലഭ്യമാണ്. ആലുവക്കടുത്ത് സ്ഥിതിചെയ്യുന്ന ഇസ്‌ലാമിയാ കോളേജ് ചാലക്കല്‍ ആണ് പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്ന വാടാനപ്പള്ളി കലാലയം. ഇസ്‌ലാമിക പഠനത്തോടൊപ്പം ബി.എ അറബിക്, ബി.എ സോഷ്യോളജി, ബി.കോം കോഴ്‌സുകളാണ് ഇവിടെ നല്‍കുന്നത്. മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമിയുടെ ഇസ്‌ലാമിക പഠന സിലബസിനോപ്പം ഹ്യൂമാനിറ്റീസ്/ കൊമേഴ്‌സ് ഗ്രൂപ്പുകളില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രം പ്ലസ്ടു പ്രവേശനം നല്‍കുന്ന വാടാനപ്പള്ളി സ്ഥാപനമാണ് പറവൂരിനടുത്തുള്ള ഇസ്‌ലാമിയാ കോളേജ് മന്നം. കൊല്ലം ജില്ലയിലെ നെടുംപനയില്‍ മറ്റൊരു ഇസ്‌ലാമിയാ കോളേജും വാടാനപ്പള്ളി ഓര്‍ഫനേജിനു കീഴിലുണ്ട്. ആലപ്പുഴ മുതലുള്ള തെക്കന്‍ ജില്ലകളിലെ കുട്ടികളെ പ്രത്യേകം ലക്ഷ്യം വെക്കുന്ന ഈ സ്ഥാപനത്തില്‍ പ്ലസ്ടുവിനും യൂനിവേഴ്‌സിറ്റി ഡിഗ്രിക്കുമൊപ്പം ഇസ്‌ലാമിക വിദ്യാഭ്യാസവും നല്‍കുന്നു. ഹയര്‍ സെക്കന്ററിയില്‍ ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകളും ബി.എ സോഷ്യോളജി, ബി.കോം ബിരുദങ്ങളുമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. അനാഥ സംരക്ഷണത്തോടൊപ്പം സ്‌കൂള്‍ വിദ്യാഭ്യാസവും നല്‍കുന്ന ശഹീദ് ഫൈസല്‍ ഓര്‍ഫനേജ് ഫോര്‍ ബോയ്‌സ് ആന്റ് ഗേള്‍സ്, മോഡല്‍ ഹൈസ്‌കൂള്‍ പുതിയങ്ങാടി, അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ വാടാനപ്പള്ളി, ഹോൡഡ മദ്‌റസ, അല്‍ ഫിത്വ്‌റ പ്രീ സ്‌കൂള്‍ വാടാനപ്പള്ളി തുടങ്ങിയ സ്ഥാപനങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് വാടാനപ്പള്ളി ഓര്‍ഫനേജ് കമ്മിറ്റിയുടെ വിദ്യാഭ്യാസ സംരംഭങ്ങള്‍.

ആലിയാ അറബിക് കോളേജ്

കാസര്‍കോട് ജില്ലയിലെ ചെമ്മനാട്ട് സ്ഥിതി ചെയ്യുന്ന ഇസ്‌ലാമിക കലാലയമാണ് ആലിയ അറബിക്കോളേജ്. 1940 നവംബറില്‍ ചെമ്മനാട് ജുമാ മസ്ജിദില്‍ ആരംഭിച്ച ആലിയയുടെ സ്ഥാപകന്‍ പണ്ഡിതനും പ്രമുഖ വാഗ്മിയുമായിരുന്ന മുഹമ്മദ് ഇസ്സുദ്ദീന്‍ മൗലവിയാണ്. എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഉന്നത ഇസ്‌ലാമിക വിദ്യാഭ്യാസം നല്‍കുന്ന ആലിയാ അറബിക് കോളേജില്‍ നവീകരിച്ച സിലബസാണ് നിലവിലുള്ളത്. അംഗീകൃത പ്ലസ്ടുവും കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയുടെ ബിരുദവും നല്‍കുന്ന ആറു വര്‍ഷ കോഴ്‌സാണിത്. വിമന്‍സ് ജൂനിയര്‍ അറബിക് കോളേജ്, ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ എന്നിവയും ആലിയാ ഭരണസമിതിക്കു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.

ഇലാഹിയ്യ കോളേജ് തിരൂര്‍ക്കാട്

1967-ല്‍ മലപ്പുറം ജില്ലയിലെ തിരൂര്‍ക്കാട്ട് സ്ഥാപിച്ച ഇലാഹിയ്യ കോളേജിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഭരണച്ചുമതല വഹിക്കുന്നത് നുസ്രത്തുല്‍ ഇസ്‌ലാം ട്രസ്റ്റാണ്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ അഫ്ദലുല്‍ ഉലമ ബിരുദത്തിനൊപ്പം ഇസ്‌ലാമിക വിദ്യാഭ്യാസം നല്‍കുന്ന ഇലാഹിയ്യ കോളേജിന് പുറമെ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, മദ്‌റസത്തു തഹ്ഫീളുല്‍ ഖുര്‍ആന്‍, ഐ.ടി.സി എന്നിവയും ട്രസ്റ്റ് നടത്തുന്നു. ബികോം, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്.സി മാത്‌സ്, ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചര്‍, എം.കോം ഫിനാന്‍സ്, എം.എം ഇംഗ്ലീഷ് ലിറ്ററേച്ചര്‍ എന്നിവയാണ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ കോഴ്‌സുകള്‍. സര്‍ക്കാര്‍ അംഗീകാരമുള്ള ഐ.ടി.സിയില്‍ ഇലക്‌ട്രോണിക്, മെക്കാനിക്, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഇലക്ട്രീഷ്യന്‍, എം.എം.വി, കമ്പ്യൂട്ടര്‍ എം.ആര്‍.സി, ആര്‍കിടെക്ച്വറല്‍ അസിസ്റ്റന്റ് എന്നീ ട്രേഡുകളില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നു. ഇലാഹിയ്യാ കോളേജ് കാമ്പസില്‍ വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കുല്ലിയത്തുല്‍ ഖുര്‍ആന്‍ കുറ്റിയാടി

റിലീജ്യസ് എജുക്കേഷന്‍ ട്രസ്റ്റാണ് 1956-ല്‍ കോഴിക്കോട് ജില്ലയിലെ കുറ്റിയാടിയില്‍ ആരംഭിച്ച കുല്ലിയത്തുല്‍ ഖുര്‍ആന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. മത- ഭൗതിക വിദ്യാഭ്യാസ സമന്വയ മേഖലയില്‍ വിജയകരമായ മാതൃക കാഴ്ചവെച്ച സ്ഥാപനമാണിത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യത്തോടെ പ്രവേശനമുള്ള കുറ്റിയാടി കോളേജ് ചില മാറ്റങ്ങളുമായാണ് പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നത്. ഇസ്‌ലാമിക് സ്റ്റഡീസിനൊപ്പം ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് ഹയര്‍ സെക്കന്ററി ഗ്രൂപ്പുകള്‍ പഠിക്കാന്‍ സംവിധാനമുള്ള ദ്വിവര്‍ഷ കോഴ്‌സില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് അഡ്മിഷന്‍. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ ബിഎ അറബിക്കിനൊപ്പം ഇസ്‌ലാമിക വിഷയങ്ങളില്‍ ആഴത്തിലുള്ള പഠന സൗകര്യങ്ങളൊരുക്കുന്ന ബിരുദ കോഴ്‌സില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കുന്നു. ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് ഹോസ്റ്റല്‍ സൗകര്യം.

ഒന്നു മുതല്‍ 10-ാം ക്ലാസ് വരെയുള്ള സി.ബി.എസ്.ഇ അംഗീകൃത ഐഡിയല്‍ പബ്ലിക് സ്‌കൂള്‍, 2012-ല്‍ ആരംഭിച്ച കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ അഫിലിയേഷനുള്ള ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, മദ്‌റസത്തുല്‍ ഖുര്‍ആന്‍, അല്‍ ഫിത്വ്‌റ ഇസ്‌ലാമിക് പ്രീ സ്‌കൂള്‍ എന്നിവയും റിലീജ്യസ് എജുക്കേഷന്‍ ട്രസ്റ്റിന്റെ വിദ്യാഭ്യാസ സംരംഭങ്ങളാണ്. ബി.കോം, ബി.ബി.എ, ബി.എ അറബിക്, ബി.എ ഇംഗ്ലീഷ് എന്നിവയാണ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ കോഴ്‌സുകള്‍. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ ബി.എ സോഷ്യോളജിക്കൊപ്പം ഇസ്‌ലാമിക സാമൂഹിക ശാസ്ത്രങ്ങളും ഇസ്‌ലാമിക് ഫിലോസഫിയും പഠിപ്പിക്കുന്ന സംരംഭമായ ഇബ്‌നു ഖല്‍ദൂന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് ആണ് കുറ്റിയാടി റിലീജ്യസ് എജുക്കേഷന്‍ ട്രസ്റ്റിന്റെ പുതിയ കാല്‍വെപ്പ്. മീഡിയ ആന്റ് ജേര്‍ണലിസത്തിലും എന്‍.ജി.ഒ മാനേജ്‌മെന്റിലും സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്കും സിവില്‍ സര്‍വീസ് കോച്ചിംഗിനും സ്ഥാപനം സംവിധാനമൊരുക്കിയിട്ടുണ്ട്.

അസ്ഹറുല്‍ ഉലൂം ആലുവ

പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും ഗ്രന്ഥകാരനുമായ ഡോ. മുഹ്‌യിദ്ദീന്‍ ആലുവായിയുടെ നേതൃത്വത്തില്‍ 1990-ല്‍ രൂപീകരിച്ച അസ്ഹറുല്‍ ഉലൂം ചാരിറ്റബ്ള്‍ ട്രസ്റ്റ് നേതൃത്വം നല്‍കുന്ന വിദ്യാഭ്യാസ സംരംഭമാണ് ആലുവായിലെ അസ്ഹറുല്‍ ഉലൂം. ആഴത്തിലുള്ള ഇസ്‌ലാമിക വിദ്യാഭ്യാസത്തോടൊപ്പം വിദ്യാര്‍ഥികളില്‍ ഗവേഷണ താല്‍പര്യവും വളര്‍ത്തുന്ന രീതിയിലാണ് കോഴ്‌സ് തയാറാക്കിയിരിക്കുന്നത്. എസ്.എസ്.എല്‍.സിക്കു ശേഷം അഡ്മിഷന്‍ നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ആറു വര്‍ഷത്തെ കോഴ്‌സും പ്ലസ്ടുവിന് ശേഷം പ്രവേശനം ലഭിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തെ കോഴ്‌സുമാണ് ഇവിടെയുള്ളത്. അറബി/ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ അംഗീകൃത യൂനിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദം നേടാനുള്ള സൗകര്യവും സ്ഥാപനം ഒരുക്കിയിട്ടുണ്ട്. പ്ലസ്ടുവിന് ശേഷം പഠിക്കുന്നവര്‍ക്ക് ബിരുദത്തോടൊപ്പം ബിരുദാനന്തര ബിരുദവും നേടാം. ഇസ്‌ലാം പാഠശാല വെബ് പോര്‍ട്ട് (www.islampadasala.com), അത്തദാമുന്‍ അറബിക് മാഗസിന്‍ എന്നിവ അസ്ഹറുല്‍ ഉലൂമിന്റെ എടുത്തു പറയേണ്ട വൈജ്ഞാനിക സംഭാവനകളാണ്.

ഇര്‍ശാദിയാ കോളേജ് ഫറോക്ക്

1979-ല്‍ കോഴിക്കോട് ജില്ലയിലെ ഫറോക്ക് കേന്ദ്രീകരിച്ച് ഇസ്‌ലാമിക് എജുക്കേഷന്‍ മൂവ്‌മെന്റ് ആരംഭിച്ച വിദ്യാഭ്യാസ സംരംഭമാണ് ഇര്‍ഷാദിയാ കോളേജ്. മത-ഭൗതിക സമന്വയ വിദ്യാഭ്യാസമായിരുന്നു ഇര്‍ശാദിയാ കോളേജിന്റെയും സവിശേഷത. നവീകരിച്ച സിലബസ്സും പാഠ്യരീതിയുമായി ഇന്റഗ്രേറ്റഡ് ലേണിംഗ് അപ്രോച്ച് (ILA) എന്ന പരീക്ഷണവുമായി പുതിയ കാലത്തെ അഭിമുഖീകരിക്കുകയാണ് ഇര്‍ശാദിയാ കോളേജ്. വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കുന്ന യൂനിവേഴ്‌സിറ്റി ഡിഗ്രി വിഷയങ്ങളോട് ചേര്‍ന്നു പോകുന്ന ഇസ്‌ലാമിക വിഷയങ്ങളില്‍ ആഴത്തിലുള്ള പഠനമാണ് ഈ കോഴ്‌സിന്റെ പ്രത്യേകത. ഇസ്‌ലാമിക് ഫിലോസഫി, ഇസ്‌ലാമിക് ഫിനാന്‍സ്, ഖുര്‍ആന്‍ എ മിറാക്ക്ള്‍ ലിറ്ററേച്ചര്‍, ബാങ്കിംഗ് ആന്റ് ഇന്‍ഷുറന്‍സ്, ഇസ്‌ലാമിക് ഫിലോസഫേഴ്‌സ് ഇന്‍ ഇംഗ്ലീഷ് എന്നീ കോഴ്‌സുകളാണ് ഹയര്‍ സെക്കന്ററി വിദ്യാഭ്യാസത്തിനും യൂനിവേഴ്‌സിറ്റി ഡിഗ്രിക്കുമൊപ്പം ഇര്‍ശാദിയ നല്‍കുന്നത്. ഹ്യൂമാനിറ്റീസ്/ കൊമേഴ്‌സ് ഗ്രൂപ്പുകളാണ് ഹയര്‍ സെക്കന്ററി വിഭാഗത്തില്‍. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ B.Com with Co-operation, BA English Literature with Journalism, B.Sc Counseling Physchology എന്നിവയാണ് ബിരുദ കോഴ്‌സുകള്‍. ഇതോടൊപ്പം ഓഫീസ് ഓട്ടോമേഷന്‍ ആന്റ് ഫിനാന്‍ഷ്യല്‍ അക്കൗിംഗ്, ഫംഗ്ഷനല്‍ അറബിക് എന്നിവയില്‍ അംഗീകൃത ഡിപ്ലോമയും വിഷ്വല്‍ മീഡിയ പ്രൊഡക്ഷനില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും നല്‍കുന്നു.

ഓമശ്ശേരി ഇസ്‌ലാം ട്രസ്റ്റ്

1980-ല്‍ രൂപീകരിച്ച ഇസ്‌ലാമിക് വെല്‍ഫെയര്‍ ട്രസ്റ്റാണ് കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിയിലും പരിസരത്തുമായി നടത്തുന്ന വിദ്യാഭ്യാസ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ട്രസ്റ്റിനു കീഴിലുള്ള ഓമശ്ശേരിയിലെ ശാന്തി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിനെ ഉപയോഗപ്പെടുത്തി നടത്തുന്ന നഴ്‌സിംഗ്, പാരാ മെഡിക്കല്‍ കോഴ്‌സുകളാണ് ഇവിടത്തെ സവിശേഷത. 2000-ല്‍ ആരംഭിച്ച സ്‌കൂള്‍ ഓഫ് നഴ്‌സിംഗാണ് ഇതില്‍ ആദ്യത്തേത്. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അഡ്മിഷന്‍ നല്‍കുന്ന ജനറല്‍ നഴ്‌സിംഗ് (GNM) ആണ് ഇവിടത്തെ കോഴ്‌സ്. മെറിറ്റ് അടിസ്ഥാനത്തില്‍ അഡ്മിഷന്‍ നല്‍കുന്ന ഈ കോഴ്‌സില്‍ 30 പേര്‍ക്കാണ് പ്രവേശനം. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ഫീസിളവും സ്‌കോളര്‍ഷിപ്പും നല്‍കുന്നുണ്ട്.

2011-ല്‍ ആരംഭിച്ച 4 വര്‍ഷം ദൈര്‍ഘ്യമുള്ള ബി.എസ്.സി നഴ്‌സിംഗാണ് രണ്ടാമത്തെ കോഴ്‌സ്. ഓമശ്ശേരിക്കടുത്ത വേനപ്പാറയില്‍ 14 ഏക്കറോളം വരുന്ന വിശാലമായ കാമ്പസിലാണ് നഴ്‌സിംഗ് കോളേജ് സ്ഥിതിചെയ്യുന്നത്. മുന്നൂറിലധികം വിദ്യാര്‍ഥികള്‍ക്ക് താമസിക്കാവുന്ന ഹോസ്റ്റല്‍ സൗകര്യവും കാമ്പസിലുണ്ട്. എസ്.എസ്.എല്‍.സി യോഗ്യതയുള്ള ദരിദ്രരായ പെണ്‍കുട്ടികള്‍ക്ക് നാമമാത്രമായ ഫീസില്‍ പ്രവേശനം നല്‍കുന്ന പാരാ മെഡിക്കല്‍ കോഴ്‌സുകളും ട്രസ്റ്റ് നടത്തുന്നു്. ഡയാലിസിസ്, ഒപ്‌റ്റോമെട്രി, ഒ.ടി, എം.എല്‍.ടി, എക്‌സ്‌റേ, ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് തുടങ്ങിയവയാണ് പാരാ മെഡിക്കല്‍ കോഴ്‌സുകള്‍.

മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമിയുടെ ഇസ്‌ലാമിക പഠന സിലബസിനൊപ്പം പ്ലസ്ടുവും (കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ്) ബിരുദവും (ബികോം, ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചര്‍) നല്‍കുന്ന പ്ലസന്റ് ആര്‍ട്‌സ് കോളേജും ട്രസ്റ്റ് നടത്തുന്നു. 1991-ല്‍ ആരംഭിച്ച സി.ബി.എസ്.ഇ അംഗീകാരമുള്ള മോണ്ടിസോറി മുതല്‍ സീനിയര്‍ ഹയര്‍ സെക്കന്ററി വരെയുള്ള പ്ലസന്റ് ഇംഗ്ലീഷ് സ്‌കൂളും അല്‍ ഫിത്വ്‌റ പ്രീ സ്‌കൂളും ഓമശ്ശേരി ഇസ്‌ലാമിക് വെല്‍ഫെയര്‍ ട്രസ്റ്റിന്റെ വിദ്യാഭ്യാസ പദ്ധതികളാണ്.

അന്‍സാര്‍ പെരുമ്പിലാവ്

1979-ല്‍ രൂപീകരിച്ച അന്‍സാരി ചാരിറ്റബ്ള്‍ ട്രസ്റ്റാണ് തൃശൂര്‍ -കോഴിക്കോട് സ്‌റ്റേറ്റ് ഹൈവേയിലെ പെരുമ്പിലാവ് കേന്ദ്രീകരിച്ച അന്‍സാര്‍ സ്ഥാപനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. അന്‍സാര്‍ ഹോസ്പിറ്റലിനോടൊപ്പം കെ.ജി മുതല്‍ പി.ജി വരെയുള്ള ഒട്ടേറെ വിദ്യാഭ്യാസ സംരംഭങ്ങളും അനുബന്ധ സ്ഥാപനങ്ങളും ട്രസ്റ്റ് നടത്തുന്നു. സി.ബി.എസ്.ഇ സിലബസനുസരിച്ച് എല്‍.കെ.ജി മുതല്‍ +2 വരെ സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കുന്ന സീനിയര്‍ സെക്കന്ററി സ്‌കൂളില്‍ 4500 കുട്ടികള്‍ പഠിക്കുന്നുണ്ട്. സ്‌കൂളിനു പുറമെ അനാഥ വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യത്തോടൊപ്പം എല്‍.കെജി മുതല്‍ +2 വരെ നല്‍കുന്ന സംവിധാനവും ഇവിടെയുണ്ട്. കാമ്പസില്‍ തന്നെയുള്ള സ്‌കൂള്‍ ഓഫ് ഖുര്‍ആനില്‍ ഖുര്‍ആന്‍ മനഃപാഠമാക്കുന്നതോടൊപ്പം ഇസ്‌ലാമിക് സ്റ്റഡീസും ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാഭ്യാസവും നല്‍കുന്നു. പെണ്‍കുട്ടികള്‍ക്ക് മാത്രം പ്രവേശനം നല്‍കുന്ന ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ അംഗീകൃത ടീച്ചേഴ്‌സ് ട്രെയ്‌നിംഗ് കോളേജ് (ബി.എഡ്), കമ്പ്യൂട്ടര്‍ കോളേജ്, നഴ്‌സിംഗ് സ്‌കൂള്‍ എന്നിവയാണ് അന്‍സാര്‍ ട്രസ്റ്റിന്റെ മറ്റു വിദ്യാഭ്യാസ സംരംഭങ്ങള്‍. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത സ്ഥാപനമാണ്. ഇവിടെ ഹോസ്റ്റല്‍ സൗകര്യത്തോടെ പെണ്‍കുട്ടികള്‍ക്കായി B.Sc Computer Science, B.Sc Physics, B.Sc Mathematics, B.Com Computer Application, B.Com with Finance, BCA, BBA, BA English, MSW, M.Sc Physics, M.Com Finance എന്നീ കോഴ്‌സുകള്‍ നല്‍കുന്നു. 2005-ല്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ അഫിലിയേഷനോടെ നിലവില്‍വന്ന ടീച്ചേഴ്‌സ് ട്രെയ്‌നിംഗ് കോളേജില്‍ അറബിക്, ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നിവയാണ് അംഗീകൃത വിഷയങ്ങള്‍. നൂറോളം വിദ്യാര്‍ഥികള്‍ ഓരോ അധ്യയന വര്‍ഷവും ഇവിടെനിന്ന് ട്രെയ്‌നിംഗ് പൂര്‍ത്തിയാക്കുന്നുണ്ട്. യൂനിവേഴ്‌സിറ്റി അംഗീകൃത നഴ്‌സിംഗ് സ്‌കൂളില്‍ മൂന്നര വര്‍ഷത്തെ ജനറല്‍ നഴ്‌സിംഗ് ഡിപ്ലോമ കോഴ്‌സും (ഏചങ) ബി.എസ്.സി നഴ്‌സിംഗുമാണ് നല്‍കുന്നത്.

ബുദ്ധിപരമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുള്ള സ്‌പെഷ്യല്‍ സ്‌കൂള്‍ മെന്റല്‍ ഹെല്‍ത്ത് കെയര്‍ സെന്ററും റിഹാബിലിറ്റേഷന്‍ സെന്റര്‍ ഫോര്‍ ക്രോണിക് മെന്റല്‍ പേഷ്യന്‍സും അന്‍സാറിന്റെ എടുത്തുപറയേണ്ട സംരംഭങ്ങളാണ്.

മൗണ്ട് സീന പത്തിരിപ്പാല

പാലക്കാട് ജില്ലയിലെ പത്തിരിപ്പാല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബൈത്തുശ്ശാരിഖ അല്‍ ഖൈരി ട്രസ്റ്റ് എല്‍.കെ.ജി മുതല്‍ പി.ജി കോഴ്‌സ് വരെയുള്ള പഠന സൗകര്യം ലഭ്യമായ സ്ഥാപനങ്ങള്‍ നടത്തുന്നു. പിന്നാക്ക പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ 1997-ല്‍ മമ്മുണ്ണി മൗലവി ചെയര്‍മാനായാണ് ട്രസ്റ്റ് നിലവില്‍ വന്നത്. 1998-ല്‍ ആരംഭിച്ച മൗണ്ട് സീന പബ്ലിക് സ്‌കൂളാണ് ട്രസ്റ്റിന്റെ ആദ്യ പദ്ധതി. സി.ബി.എസ്.ഇ അംഗീകാരമുള്ള ഈ സ്ഥാപനത്തില്‍ കേരളത്തിന്റെ വിവിധ പിന്നാക്ക പ്രദേശങ്ങളില്‍നിന്നുള്ള കുട്ടികള്‍ ഹോസ്റ്റല്‍ സൗകര്യത്തോടെ പഠിച്ചുവരുന്നു. പത്തിരിപ്പാലക്കും സമീപ പ്രദേശങ്ങളില്‍നിന്നുമുള്ള കുട്ടികളടക്കം 3000 വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നു. മോണ്ടിസോറി മുതല്‍ പ്ലസ്ടു വരെയാണ് ഇവിടെയുള്ളത്.

കേരള ഇംഗ്ലീഷ് മീഡിയം സിലബസില്‍ ഒന്നാം ക്ലാസ് മുതല്‍ 10 വരെ വിദ്യാഭ്യാസം നല്‍കുന്ന മൗണ്ട് സീന ഇംഗ്ലീഷ് സ്‌കൂളാണ് ട്രസ്റ്റിന്റെ മറ്റൊരു സംരംഭം. 2003-ലാണ് ഇതാരംഭിച്ചത്. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കാനുള്ള തഹ്ഫീള് കോഴ്‌സും ഈ സ്‌കൂളിന്റെ പാഠ്യപദ്ധതിയുള്‍ക്കൊള്ളുന്നുണ്ട്. ഇന്ത്യാ ഗവണ്‍മെന്റിനു കീഴിലുള്ള എന്‍.സി.വി.ടിയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന മൗണ്ട് സീന പ്രൈവറ്റ് ഐ.ടി.ഐ ആണ് ട്രസ്റ്റിന്റെ മൂന്നാമത്തെ സംരംഭം. ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഇന്റീരിയര്‍ ഡെക്കറേഷന്‍ ആന്റ് ഡിസൈനിംഗ്, ആര്‍കിടെക്ചറല്‍ അസിസ്റ്റന്റ്, ഇലക്ട്രീഷ്യന്‍ ആന്റ് ഫിറ്റര്‍ എന്നീ കോഴ്‌സുകളാണ് ഇവിടെ പഠിപ്പിക്കപ്പെടുന്നത്.

2010-ല്‍ ആരംഭിച്ച മൗണ്ട് സീനാ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സില്‍ ഡിഗ്രി, പി.ജി കോഴ്‌സുകളു്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത സ്വാശ്രയ കോളേജാണിത്. B.Sc Physics, BA English Literature, B.Com Computer Application, B.Com Finance, B.Sc Maths, B.Sc Computer Science, BBA, M.Com, MA English എന്നിവയാണ് ഇവിടത്തെ അംഗീകൃത കോഴ്‌സുകള്‍.

ഖുര്‍ആന്‍ മനഃപാഠമാക്കുന്നതിനോടൊപ്പം സ്‌കൂള്‍ പഠനവും നല്‍കുന്ന മൗണ്ട് സീന തഹ്ഫീളുല്‍ ഖുര്‍ആന്‍, മൗണ്ട് സീന മദ്‌റസ, അനാഥരായ കുട്ടികളെ സംരക്ഷിച്ച് അവര്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്ന മൗണ്ട് സീന സ്‌നേഹ ഭവന്‍, ഭിന്ന ശേഷിയുള്ളവര്‍ക്കുള്ള മൗണ്ട് സീനാ സ്‌പെഷ്യല്‍ സ്‌കൂള്‍, മോണ്ടിസോറി ടീച്ചേഴ്‌സ് ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവ കൂടി ഉള്‍പ്പെടുന്നതാണ് മൗണ്ട് സീനാ വിദ്യാഭ്യാസ സമുച്ചയം.

വാദിഹുദാ കണ്ണൂര്‍

1980-ല്‍ രൂപീകരിച്ച തഅ്‌ലീമുല്‍ ഇസ്‌ലാം ട്രസ്റ്റ് ആണ് കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിയിലെ വാദിഹുദാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റിസര്‍ച്ച് ആന്റ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (WIRAS) എന്നാണ് സ്ഥാപനത്തിന്റെ പൂര്‍ണനാമം. കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജാണ് കാമ്പസിലെ മുഖ്യകലാലയം. ബി.എസ്.സി ഫിസിക്‌സ്, ബി.എസ്.സി സൈക്കോളജി, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.സി.എ, എം.കോം, എം.എസ്.സി കൗണ്‍സലിംഗ് സൈക്കോളജി എന്നിവയാണ് കോഴ്‌സുകള്‍. ഹോസ്റ്റല്‍ സൗകര്യവും ഐ.ഐ.എം, ഐ.ഐ.ടി പരീക്ഷകള്‍ക്കുള്ള ട്രെയ്‌നിംഗും സ്ഥാപനം നല്‍കുന്നുണ്ടണ്ട്.

പിണങ്ങോട് ഇസ്‌ലാമിയാ കോളേജ്

വയനാട് ജില്ലയിലെ മുസ്‌ലിം സമൂഹം നേരിടുന്ന വിദ്യാഭ്യാസപരവും സാമൂഹികവുമായ പിന്നാക്കാവസ്ഥക്ക് പരിഹാരമെന്നോണം മത-ഭൗതിക വിദ്യാഭ്യാസം കരസ്ഥമാക്കിയ ഒരു തലമുറയെ ജില്ലയില്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യം വെച്ച് 1989-ലാണ് പിണങ്ങോട് ഇസ്‌ലാമിയ കോളേജ് സ്ഥാപിതമായത്. 2014-ലെ ജൂബിലി പ്രഖ്യാപനത്തിലൂടെ സ്ഥാപനം ഐഡിയല്‍ കോളേജ് എന്ന പേരിലേക്ക് മാറി. പ്ലസ് വണ്‍ മുതല്‍ ഡിഗ്രി വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ സ്ഥാപനത്തിലുണ്ട്. ബി.കോം, ബി.എ സോഷ്യോളജി എന്നിവയാണ് അംഗീകൃത ബിരുദങ്ങള്‍. 

ഐഡിയല്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് പിണങ്ങോട് എന്ന പേരില്‍ ടി.കെ ഫാറൂഖ് ചെയര്‍മാനായി രൂപീകരിക്കപ്പെട്ട ട്രസ്റ്റിന്റെ കീഴിലാണ് ഇപ്പോള്‍ ഐഡിയല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ എജുക്കേഷന്‍, ദാറുല്‍ മര്‍ഹമ ബോയ്‌സ് ഹോസ്റ്റല്‍, ഇംഗ്ലീഷ് മീഡിയം നഴ്‌സറി സ്‌കൂള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നത്. 

അഴീക്കോട് ഇസ്‌ലാമിയാ കോളേജ്

വനിതാ ഇസ്‌ലാമിയാ കോളേജ്, ക്രസന്റ് പ്ലേ സ്‌കൂള്‍, ക്രസന്റ് നഴ്‌സറി സ്‌കൂള്‍, റസിഡന്‍ഷ്യല്‍ ഹൈസ്‌കൂള്‍ ഫോര്‍ ഗേള്‍സ് എന്നീ സ്ഥാപനങ്ങള്‍ ഹോസ്റ്റല്‍ സൗകര്യത്തോടെ നടക്കുന്ന സ്ഥാപനമാണ് തിരുവനന്തപുരം ജില്ലയിലെ അഴീക്കോട് ഇസ്‌ലാമിയാ കോളേജ്. ഇസ്‌ലാമിക് സര്‍വീസ് ട്രസ്റ്റ് ആണ് സ്ഥാപനത്തിന് മേല്‍നോട്ടം വഹിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് കേരള യൂനിവേഴ്‌സിറ്റിയുടെ ബിരുദത്തിനൊപ്പമുള്ള ഇസ്‌ലാമിക വിദ്യാഭ്യാസമാണ് ഇവിടെ നല്‍കുന്നത്.

മൂവാറ്റുപുഴ ഇസ്‌ലാമിയാ കോളേജ് 

ഹോസ്റ്റല്‍ സൗകര്യത്തോടെ പെണ്‍കുട്ടികള്‍ക്ക് ഇസ്‌ലാമിക വിദ്യാഭ്യാസത്തില്‍ ബിരുദം നല്‍കുന്ന മൂവാറ്റുപുഴ വനിതാ ഇസ്‌ലാമിയാ കോളേജ്, മൂവാറ്റുപുഴ ഓര്‍ഫനേജ്, പെണ്‍കുട്ടികള്‍ക്കുള്ള മദ്‌റസ, നഴ്‌സറി, മോണ്ടിസോറി സ്‌കൂള്‍ എന്നിവയടങ്ങിയ മൂവാറ്റുപുഴ ഓര്‍ഫനേജ് സ്ഥാപനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് മൂവാറ്റുപുഴ ഇസ്‌ലാമിക് എജുക്കേഷന്‍ ട്രസ്റ്റ് ആണ്. 

ഹോസ്റ്റല്‍ സൗകര്യത്തോടെയുള്ള ഇസ്‌ലാമിക വിദ്യാഭ്യാസത്തിനൊപ്പം അംഗീകൃത യൂനിവേഴ്‌സിറ്റി ബിരുദം പഠിപ്പിക്കപ്പെടുന്ന സ്ഥാപനങ്ങളാണ് പാലക്കാട് പേഴുങ്കരയിലെ നൂറുല്‍ ഹുദാ ചാരിറ്റബ്ള്‍ ട്രസ്റ്റ് നടത്തുന്ന അറബിക് കോളേജ്, പാലക്കാട് ജില്ലയിലെ ആലത്തൂര്‍ ഇസ്‌ലാമിയാ കോളേജ്, കണ്ണൂര്‍ ഉളിയിലെ ഐഡിയല്‍ അറബിക് കോളേജ്, കൊടുങ്ങല്ലൂര്‍ ഏറിയാട് വിമന്‍സ് കോളേജ്, ചാവക്കാട് വനിതാ ഇസ്‌ലാമിയാ കോളേജ് എന്നിവ. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /21-22
എ.വൈ.ആര്‍

ഹദീസ്‌

കറകളഞ്ഞ പശ്ചാത്താപം
സി.എം റഫീഖ് കോക്കൂര്‍