Prabodhanm Weekly

Pages

Search

2016 മെയ് 06

2950

1437 റജബ് 28

തിന്മ പെരുകുമ്പോള്‍ ദൈവകോപം പ്രതീക്ഷിക്കുക

അബ്ദുല്ലത്വീഫ് കൊടുവള്ളി /ലേഖനം

ഖുര്‍ആനിക പാഠമനുസരിച്ച് സ്രഷ്ടാവും പരിപാലകനുമായ അല്ലാഹുവിനോട് മനുഷ്യര്‍ സ്വീകരിക്കുന്ന നിഷേധപരവും ബഹുദൈവത്വപരവും ധിക്കാരപരവുമായ നിലപാടുകളും പരിസ്ഥിതിയില്‍ മനുഷ്യര്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രകൃതിവിരുദ്ധമായ  ഇടപെടലുകളും ഒരുപോലെ ദൈവകോപത്തിന് കാരണമാകുന്നുണ്ട്. ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അല്ലാഹുവിന്റെ കോപത്തിനിരയായി നശിപ്പിക്കപ്പെട്ട ജനതതികളെക്കുറിച്ച് ഖുര്‍ആന്‍ പലയിടങ്ങളിലായി വിവരിച്ചിട്ടുണ്ട്. നിഗളിച്ച പിന്‍ഗാമികളോട് നിങ്ങളേക്കാള്‍ എല്ലാം കൊണ്ടും കേമന്മാരായ മുന്‍ഗാമികളെ നാം കശക്കിയെറിഞ്ഞത് കണ്ടുപഠിച്ചോളൂ എന്നാണ് അല്ലാഹുവിന്റെ താക്കീത്. സ്വയം കൃതാനര്‍ഥങ്ങളാല്‍ തുടച്ചുമാറ്റപ്പെട്ട ഓരോ സമൂഹത്തിനുശേഷം വന്നവരും പഴയനില ആവര്‍ത്തിച്ചപ്പോള്‍ അവരെയും നശിപ്പിച്ചു. ഇത് ഒരു ദൈവിക തുടര്‍നടപടിക്രമമാണ് (അല്‍അന്‍ആം 6, അല്‍മുഅ്മിനൂന്‍ 31, യൂനുസ് 13). പോയവരൊന്നും തിരിച്ചുവന്നില്ല (യാസീന്‍ 31), അവരുടെ നേരിയ ശബ്ദം പോലും കേള്‍ക്കുന്നില്ല (മര്‍യം 98). 

കൂട്ടനശീകരണം പോലെത്തന്നെ പലതരം ശിക്ഷകളിലൂടെയും പരീക്ഷണങ്ങളിലൂടെയും അല്ലാഹുവിന്റെ കോപം പ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. നബി (സ) പ്രസ്താവിച്ചതായി അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ) ഉദ്ധരിക്കുന്നു: 'മുഹാജിറുകളുടെ സമൂഹമേ, അഞ്ചു കാര്യങ്ങളാല്‍ നിങ്ങള്‍ പരീക്ഷിക്കപ്പെട്ടാല്‍... (അവ നിങ്ങളെ പിടികൂടുന്നതില്‍നിന്ന് അല്ലാഹുവോട് ശരണം തേടുന്നു): പരസ്യ വ്യഭിചാരം വ്യാപകമായ സമൂഹത്തില്‍ മുന്‍ഗാമികളെ ബാധിച്ചിട്ടില്ലാത്ത പലതരം രോഗങ്ങള്‍ പരക്കും, അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുന്ന സമൂഹത്തില്‍ ദാരിദ്ര്യവും ഭരണാധികാരികളുടെ അക്രമവും വര്‍ധിക്കും, സകാത്ത് നല്‍കാത്ത സമൂഹത്തില്‍ മഴ ലഭ്യമല്ലാതാവും- മൃഗങ്ങളില്ലായിരുന്നെങ്കില്‍ മഴയുണ്ടാവുമായിരുന്നില്ല, അല്ലാഹുവും അവന്റെ ദൂതനുമായി ചെയ്ത കരാറുകള്‍ ലംഘിച്ചാല്‍ ശത്രുക്കള്‍ ആധിപത്യമേല്‍ക്കും, നേതാക്കള്‍ അല്ലാഹുവിന്റെ ഗ്രന്ഥമനുസരിച്ച് വിധിക്കുന്നില്ലെങ്കില്‍ ആഭ്യന്തര കലഹങ്ങള്‍ പൊട്ടിപ്പുറപ്പെടും' (ഇബ്‌നുമാജ, ബസ്സാര്‍, ദാറഖുത്വ്‌നി). 

കൊടിയ വെള്ളപ്പൊക്കവും കൊടും വരള്‍ച്ചയും അല്ലാഹുവിന്റെ ശിക്ഷാരീതികളാണ്. നൂഹ് നബിയുടെ ജനത വെള്ളപ്പൊക്കത്തിന്റെയും ശുഐബ് നബിയുടെ ജനത വരള്‍ച്ചയുടെയും തുല്യതയില്ലാത്ത ശിക്ഷകള്‍ ഏറ്റുവാങ്ങിയവരാണ് (അശ്ശുഅറാഅ് 189). ശുഐബ് നബിയുടെ മദ്‌യനിലെ ജനത കൊടും ചൂടിനിരയായി. ഏഴു ദിവസത്തേക്ക് കാറ്റടിച്ചില്ല. വെള്ളമോ തണലോ ഒരു ഗുണവും ചെയ്തില്ല. ഗുഹകളിലും മാളങ്ങളിലും ഒളിച്ചിട്ടും ചൂടില്‍നിന്ന് രക്ഷ കിട്ടിയില്ല. അവര്‍ വാസസ്ഥലങ്ങള്‍ വിട്ട് മരുഭൂമിയില്‍ അഭയംതേടി. അപ്പോള്‍ ഒരു മേഘം അവര്‍ക്കു മീതെ തണലിട്ടു. അവര്‍ തണല്‍ മോഹിച്ച് അതിന്റെ താഴെ വന്നുനിന്നു. എല്ലാവരും അതിനു കീഴെ വന്നുനിന്നപ്പോള്‍ അല്ലാഹു മേഘത്തില്‍നിന്ന് തീപ്പൊരികളും ജ്വാലകളും വര്‍ഷിച്ചു. ഭൂമി കിടുങ്ങി. എല്ലാവരും ചത്തൊടുങ്ങി (ഇബ്‌നു കസീര്‍/ ഖസ്വസ്വുല്‍ അമ്പിയാഅ്). ''അങ്ങനെ എല്ലാവരെയും അവരവരുടെ കുറ്റത്തിന് നാം പിടികൂടി. അവരില്‍ ചിലരുടെ നേരെ നാം ചരല്‍ക്കാറ്റ് അയച്ചു. അവരില്‍ ചിലരെ ഘോരശബ്ദം പിടികൂടി. അവരില്‍ ചിലരെ നാം ഭൂമിയില്‍ ആഴ്ത്തിക്കളഞ്ഞു. അവരില്‍ ചിലരെ നാം മുക്കിനശിപ്പിച്ചു. അല്ലാഹു അവരോടു അക്രമം ചെയ്യുകയായിരുന്നില്ല. പക്ഷേ അവര്‍ അവരോട് തന്നെ അക്രമം ചെയ്യുകയായിരുന്നു'' (അല്‍അന്‍കബൂത്ത് 40). തങ്ങളുടെ താഴ്‌വരയുടെ ഭാഗത്ത് പ്രത്യക്ഷപ്പെട്ട ശിക്ഷയെ മഴമേഘമായി തെറ്റിദ്ധരിച്ച ആദ് ജനതയുടെ ദുരന്തം ഖുര്‍ആന്‍ (അല്‍അഹ്ഖാഫ് 24,25) ചിത്രീകരിച്ചിട്ടുണ്ട്. 

മതദ്വേഷം, അഴിമതി, ന്യൂനപക്ഷ വിരോധം, വര്‍ഗീയത, വംശീയത, ആഡംബരം, ധൂര്‍ത്ത്, പൊങ്ങച്ചം, സ്ത്രീവിരുദ്ധത മുതലായ സാമൂഹികമായ ധാരാളം തിന്മകള്‍ കൊടികുത്തി വാഴുന്ന ഇന്ത്യന്‍ സമൂഹം ഒട്ടും അഭിമാനാര്‍ഹമായ ചിത്രമല്ല കാഴ്ച വെക്കുന്നത്. ഏതുതരം ശിക്ഷയും ഏറ്റുവാങ്ങാന്‍ പാകത്തിലുള്ള പല തിന്മകളും നമ്മുടെ ഉറക്കം കെടുത്തുന്നു. 

ആര്‍ത്തിയും ഭൗതികാഡംബരപ്രമത്തതയും ധൂര്‍ത്തും ദുര്‍വ്യയവും പ്രകൃതിചൂഷണവും ജല-വായു മലിനീകരണവും സകല സീമകളും ലംഘിച്ച ഒരു കാലത്താണ് നമ്മുടെ ജീവിതം. സകല ജീവജാലങ്ങള്‍ക്കുമായി അല്ലാഹു സംവിധാനിച്ച ഭൂമിയെ കൈയൂക്കുള്ളവര്‍ സ്വന്തമാക്കുന്നു. ജൈവ ലോകത്തിന്റെ പരസ്പരാശ്രയ ശൃംഖലയിലെ കണ്ണികള്‍ നിര്‍ദയം മുറിച്ചുമാറ്റപ്പെടുന്നു. കരയും വയലും വെവ്വേറെ പടച്ചത് ദൈവത്തിന് പറ്റിയ കൈയബദ്ധമാണെന്ന് തെറ്റിദ്ധരിച്ചാവണം, കരയിടിച്ച് വയല്‍ നികത്തുന്നത്! ഇതിലെല്ലാം ഭരണകൂട-രാഷ്ട്രീയ-മത നേതൃത്വങ്ങള്‍ ഒത്തുകളിച്ചു. 

ഒരു തുള്ളി വെള്ളം പോലും ഭൂമിയിലേക്കിറങ്ങരുതെന്ന വാശിയില്‍ എല്ലാ ഭൂസുഷിരങ്ങളും അടച്ച് ചട്ടികളില്‍ പൂച്ചെടികള്‍ വളര്‍ത്തി കപട പരിസ്ഥിതിസ്‌നേഹം സന്ദര്‍ശകരെ ബോധ്യപ്പെടുത്താന്‍ ശ്രമങ്ങളായി. ചെറുതൊന്നും ചേരില്ലെന്ന അഹങ്കാരത്താല്‍ കൂറ്റന്‍ മാളികകളും പടുകൂറ്റന്‍ മാളുകളും ഹൈവേകളും കൂട്ടതീറ്റകേന്ദ്രങ്ങളും മറ്റും വികസനത്തിന്റെ സിംബലുകളായി. പരിസ്ഥിതിസൗഹൃദ ജീവിതരീതിയും ജൈവ കൃഷിയും ഏറിയകൂറും ഏതാനും മതേതരവാദികളുടെയും വേദികളുടെയും കലാകാരന്മാരുടെയും വിഷയം മാത്രമായി മാറി. മതസംഘടനകള്‍ ഇത്തരം വിഷയങ്ങളില്‍ മൗനികളായി. സകല തിന്മകളും ചുടലനൃത്തമാടിയപ്പോള്‍ നാം (കുറ്റം ചെയ്തവരും അല്ലാത്തവരും) ഒരുപോലെ ശിക്ഷയനുഭവിക്കുന്ന അവസ്ഥയായി. 

ദൈവത്തിന്റെ സ്വന്തം നാടെന്ന് പറയാവുന്ന വിധം ഖുര്‍ആന്‍ പരിചയപ്പെടുത്തിയ രാജ്യമാണ് യമനിലെ 'സബഅ്' ജനതയുടെ അധിവാസകേന്ദ്രം. ''തീര്‍ച്ചയായും സബഅ് ദേശക്കാര്‍ക്ക് തങ്ങളുടെ അധിവാസ കേന്ദ്രത്തില്‍ തന്നെ ദൃഷ്ടാന്തങ്ങളുണ്ടായിരുന്നു. അതായത്, വലതുഭാഗത്തും ഇടതുഭാഗത്തുമായി രണ്ടു തോട്ടങ്ങള്‍. (അവരോട് അല്ലാഹു പറഞ്ഞു:) നിങ്ങളുടെ രക്ഷിതാവ് തന്ന ഉപജീവനത്തില്‍നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും അവനോട് നിങ്ങള്‍ നന്ദി കാണിക്കുകയും ചെയ്യുക. നല്ലൊരു രാജ്യവും ഏറെ പൊറുക്കുന്ന രക്ഷിതാവും. എന്നാല്‍, അവര്‍ പിന്തിരിഞ്ഞുകളഞ്ഞു. അപ്പോള്‍ അണക്കെട്ടില്‍നിന്നുള്ള ജലപ്രവാഹത്തെ അവരുടെ നേരെ നാം അയച്ചു. അവരുടെ ആ രണ്ടു തോട്ടങ്ങള്‍ക്കു പകരം കയ്പുള്ള കായ്കനികളും കാറ്റാടി മരവും അല്‍പം ചില വാകമരങ്ങളും ഉള്ള രണ്ടു തോട്ടങ്ങള്‍ നാം അവര്‍ക്ക് നല്‍കുകയും ചെയ്തു'' (സബഅ് 15-16). ഇതേവിധം പലതുകൊണ്ടും അനുഗൃഹീതമായ നമ്മുടെ നാടിനെ ജീവഛവമാക്കിയ നമുക്ക് അല്ലാഹു മാപ്പു തരുമോ?

വ്യക്തികളും സമൂഹങ്ങളും ഏകനായ അല്ലാഹുവിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി തങ്ങളിലുള്ള തിന്മകളെ കണ്ടെത്തി ആത്മാര്‍ഥമായി ഖേദിച്ചുമടങ്ങുക മാത്രമാണ് രക്ഷ കണ്ടെത്താനുള്ള ഏക പോംവഴി. സച്ചരിതരായ മുന്‍ഗാമികള്‍ തങ്ങള്‍ അനുഭവിക്കുന്ന നേരിയ പ്രശ്‌നങ്ങള്‍ പോലും അല്ലാഹുവിന്റെ അനിഷ്ടത്തിന്റെ ഫലമാണെന്ന് മനസ്സിലാക്കി പരിഹാരം ചെയ്തിരുന്നവരാണ്. 

ആത്മാര്‍ഥമായ ക്ഷമാപണ മനസ്സുണ്ടെങ്കില്‍ സത്യവിശ്വാസികള്‍ വ്യക്തിപരമായും സാമൂഹികമായും അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങണം. ഇതിനുള്ള വഴിയാണ് പ്രാര്‍ഥനയും ജലാര്‍ഥന നമസ്‌കാരവും. ഇതു സംബന്ധിച്ച വ്യത്യസ്ത രീതികള്‍ ഹദീസുകളില്‍ കാണാം: 

1) 'നമസ്‌കാരം അനഭിലഷണീയമല്ലാത്ത ഏതെങ്കിലും സമയത്ത്, ജനങ്ങളെ സംഘടിപ്പിച്ച് ഇമാമിന്റെ നേതൃത്വത്തില്‍ ജലാര്‍ഥന നമസ്‌കാരം നടത്തുക. നമസ്‌കാരത്തിന്റെ മുമ്പോ ശേഷമോ അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങാന്‍ ഇമാം ഉദ്‌ബോധന പ്രസംഗം നടത്തും. ഉദ്‌ബോധനത്തിനു ശേഷം എല്ലാവരും തങ്ങളുടെ മേല്‍മുണ്ട് വലതു ഭാഗം ഇടതു ഭാഗത്തേക്കും ഇടതു ഭാഗം വലതു ഭാഗത്തേക്കും ആക്കി മാറ്റിയിടും. ശേഷം ഖിബ്‌ലയിലേക്കു തിരിഞ്ഞ് കൈകള്‍ ഉയര്‍ത്തി ഭക്തിസാന്ദ്രമായി പ്രാര്‍ഥിക്കും. തുടര്‍ന്നു രണ്ട് റക്അത്ത് നമസ്‌കാരം നിര്‍വഹിക്കുക' (ഹാകിം, അബുദാവൂദ്). 'ബാങ്കും ഇഖാമത്തും ഇല്ലാതെ രണ്ടു റക്അത്ത് നമസ്‌കരിച്ച്, ഖിബ്‌ലയുടെ നേരെ തിരിഞ്ഞു പ്രാര്‍ഥിച്ച് മേല്‍മുണ്ട് എതിര്‍ രീതിയില്‍ മാറ്റിയിടുക' (അഹ്മദ്, ഇബ്‌നുമാജ, ബൈഹഖി). 

2) ജുമുഅ ഖുത്വ്ബകളില്‍ ഇമാം മഴക്കു വേണ്ടി പ്രാര്‍ഥിക്കുക. സദസ്സ് ആമീന്‍ പറയുക. ഈ വിധം നബി (സ) പ്രാര്‍ഥിക്കുകയും ഉടന്‍ മഴ ലഭിക്കുകയും ചെയ്തിരുന്നു. മഴ കൂടുതലായി പ്രശ്‌നങ്ങളുണ്ടായപ്പോള്‍ മഴ തോരാനായും ഇതേ വിധം മിമ്പറില്‍വെച്ച് പ്രാര്‍ഥിച്ചിരുന്നു. അപ്പോള്‍ മഴമേഘങ്ങള്‍ മറ്റു മേഖലകളിലേക്ക് വഴിമാറുകയായിരുന്നു (ബുഖാരി, അഹ്മദ്, ഇബ്‌നുമാജ, ബൈഹഖി, ഇബ്നു അബീശൈബ, ഹാകിം). മനുഷ്യര്‍ക്കു മാത്രമല്ല, പക്ഷിമൃഗാദികള്‍ക്കു വേണ്ടിയും പ്രാര്‍ഥിച്ചിരുന്നു (അബൂദാവൂദ്). 'മഴക്കു വേണ്ടിയുള്ള പ്രാര്‍ഥനക്കല്ലാതെ നബി (സ) കൈ ഉയര്‍ത്താറില്ലായിരുന്നു-കൈകള്‍ ഉയര്‍ത്തുമ്പോള്‍ നബി(സ)യുടെ കക്ഷത്തിലെ വെളുത്ത നിറം കാണാമായിരുന്നു' (ബുഖാരി, അബൂദാവൂദ്, നസാഈ). 

ഇബ്‌നു ഉമര്‍ പറയുന്നു: 'മിമ്പറിലിരിക്കുന്ന നബി(സ)യുടെ മുഖത്ത് നോക്കിക്കൊണ്ടിരിക്കുമ്പോള്‍ ചിലപ്പോള്‍ അബൂത്വാലിബിന്റെ ഒരു കവിവാക്യം ഞാന്‍ ഓര്‍മിക്കുമായിരുന്നു. മദീനയിലെ എല്ലാ തോടുകളും നിറഞ്ഞൊഴുകുന്നതുവരെ നബി (സ) മിമ്പറില്‍നിന്ന് ഇറങ്ങാറുണ്ടായിരുന്നില്ല. ആ കവിതാ വാക്യം ഇതാണ്: 'അദ്ദേഹത്തിന്റെ തിരുമുഖം മുഖേന മഴക്കുവേണ്ടി പ്രാര്‍ഥിക്കാറുണ്ട്. അദ്ദേഹം അനാഥകളുടെ അഭയസ്ഥാനവും വിധവകളുടെ ആശ്രയവുമാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /21-22
എ.വൈ.ആര്‍

ഹദീസ്‌

കറകളഞ്ഞ പശ്ചാത്താപം
സി.എം റഫീഖ് കോക്കൂര്‍