Prabodhanm Weekly

Pages

Search

2016 മെയ് 06

2950

1437 റജബ് 28

ബഹുസ്വരതയുടെ രാഷ്ട്രീയം

അഹ്മദ് അശ്‌റഫ് മുടിക്കല്‍

സ്വത്വ-ബഹുസ്വരതകളെയും തനിമാവാദങ്ങളെയും മുന്‍നിര്‍ത്തി ഉത്തരാധുനിക മുതലാളിത്തം സാംസ്‌കാരിക വിപണിയില്‍ ഇറക്കുമതി ചെയ്യുന്ന രാഷ്ട്രീയ വാക്കുകള്‍ ഇഴയടര്‍ത്തി വിശകലനം ചെയ്യുന്നതിനു മുമ്പ് ഇത്തരം രാഷ്ട്രീയ പദമുദ്രകളുടെ 'അടിത്തറകള്‍' ഖുര്‍ആനില്‍ പരതുന്നത് നല്ല പ്രവണതയാണെന്ന് പറയാനാകില്ല- 'ബഹുസ്വരതയുടെ ഖുര്‍ആനികാടിത്തറകള്‍' (ഏപ്രില്‍ 15) എന്ന ലേഖനം ഇത്തരമൊരു പ്രശ്‌നത്തെയാണ് ഉള്‍ക്കൊള്ളുന്നത്.

അല്ലാഹുവിന്റെ അടുക്കല്‍ സ്വീകാര്യമായ ദീന്‍ ഇസ്‌ലാമാണെന്ന് ഖുര്‍ആന്‍ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. കൊളോണിയല്‍ മുതലാളിത്ത ആധുനികത ഇസ്‌ലാമിനെ ദീനില്‍നിന്ന് മതത്തിലേക്ക് വിവര്‍ത്തനം ചെയ്തത് 'ബഹുസ്വര' മതങ്ങളില്‍ ഒരു 'മതസ്വര'ത്തിലേക്ക് ഇസ്‌ലാമിനെ മാറ്റി പ്രതിഷ്ഠിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. മുതലാളിത്ത മതത്തിലേക്ക് ഇതിനകം 'മാര്‍ഗം കൂടിയ' ഇന്നത്തെ മതങ്ങളില്‍ ഒരു മതമായി ഇസ്‌ലാമിനെ കാണുന്നത് തന്നെ ഇസ്‌ലാംവിരുദ്ധമാണ് എന്നതാണ് യാഥാര്‍ഥ്യം. ഏറ്റവും നേരായ -അഖ്‌വം ആയ (ഖുര്‍ആന്‍ 17:9:), ഏറ്റവും സ്റ്റേബ്ള്‍ ആയ ഒന്നിലേക്കുള്ള മാര്‍ഗദര്‍ശനത്തിന്റെ തുറസ്സുകളാണ് ദീനും ഖുര്‍ആനും. മതം, നേരെ മറിച്ച് വിമോചകവും നേരായതുമായ തുറസ്സുകള്‍ക്ക് മുന്നില്‍ ഒരു അടവിനെ (Closedness) നിരന്തരമായി പ്രതിഷ്ഠിക്കുന്നു. കൊട്ടിയടക്കപ്പെട്ട തുറസ്സുകളുടെ വാതായനങ്ങളാണ് മതങ്ങള്‍. ഭൗതികവും രാഷ്ട്രീയ വിമോചകവും സ്വതന്ത്രവുമായ ഏത് തുറസ്സുകളുടെ മുന്നിലും മതം ഒരു മറയായി പ്രത്യക്ഷപ്പെടുന്നു. ആഗോള മുതലാളിത്തത്തിന്റെ പ്രത്യയശാസ്ത്ര-രാഷ്ട്രീയ അതിജീവനം സാധ്യമാക്കുന്ന ജ്ഞാന വിതരണ വ്യവഹാരങ്ങളില്‍ മതങ്ങളുടെ പങ്ക് അനിഷേധ്യമാംവിധം വ്യക്തമാണ്. ഇവിടെയാണ് ദീന്‍ എന്ന നിലയില്‍, വിമോചനത്തിന്റെ തുറസ്സുകള്‍ എന്ന നിലയില്‍ ഇസ്‌ലാം പ്രസക്തവും പ്രധാനവുമാകുന്നത്. മത ബഹുസ്വരതകളില്‍ ഒരു മതസ്വരം എന്ന നിലയില്‍ ഇസ്‌ലാമിനെ കാണുമ്പോഴാണ് ബഹുസ്വര മതങ്ങളില്‍ ഒരു മതമായി ദീനിനെ കാണേണ്ടിവരുന്നതും ബഹുസ്വരമതങ്ങളുടെ 'അടിത്തറ'യായി ഖുര്‍ആനിനെ കാണേണ്ടിവരുന്നതും. വിമോചനത്തിന്റെ രാഷ്ട്രീയ മാര്‍ഗങ്ങള്‍ (ദീന്‍) എന്ന നിലയില്‍ മതങ്ങളെ ദീനുകളായി കാണുമ്പോഴാണ് അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും സ്വീകാര്യമായ ദീന്‍ ഇസ്‌ലാമാവുന്നതും മറ്റു 'ദീനുകള്‍' അല്ലാഹുവിന്റെ അടുക്കല്‍ സ്വീകാര്യമാകാതിരിക്കുന്നതും. രാഷ്ട്രീയം മുഴുവനായും ചോര്‍ത്തിയെടുക്കപ്പെടുകയും അധികാര വ്യവസ്ഥകളാല്‍ രാഷ്ട്രീയമായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന ദീനുകളാണ് മതങ്ങള്‍ എന്നര്‍ഥം.

ബഹുസ്വരത എന്ന പദമുദ്രക്കും ഇന്ന് അത് ഉള്‍വഹിക്കുന്ന ആശയ ജ്ഞാനവിനിമയത്തിനും ഖുര്‍ആനില്‍ എന്തെങ്കിലും 'അടിത്തറകള്‍' കണ്ടെത്താനാകുമോ എന്നത് വിശദമായ പരിശോധനക്കും വിശകലനത്തിനും പഠനത്തിനും വിധേയമാക്കേണ്ടതുണ്ട്. സാമൂഹിക ജീവിതത്തിലെ സംസര്‍ഗങ്ങളില്‍നിന്നും ബന്ധ വ്യവസ്ഥകളില്‍നിന്നും പെരുമാറ്റമുറകളില്‍നിന്നും ആചാരാനുഷ്ഠാനങ്ങളില്‍നിന്നും മിത്തിക്കല്‍ ഐതിഹ്യ സമുച്ചയങ്ങളില്‍നിന്നുമാണ് വിശ്വാസങ്ങളും സംസ്‌കാരങ്ങളും ഉടലെടുക്കുന്നതും ചരിത്രത്തില്‍ പ്രവര്‍ത്തിക്കുന്നതും. അവ ദൈവത്താല്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെടുന്നതും ദൈവനിശ്ചിതവുമാണ് എന്ന് പറയുന്നത് ദൈവത്തെ സംബന്ധിച്ച, മതങ്ങളെ സംബന്ധിച്ച ഉത്തരാധുനിക അന്ധവിശ്വാസങ്ങളില്‍ ഒന്നു മാത്രമാണ്. ദൈവത്തെയും മതങ്ങളെയും സംബന്ധിച്ച അന്ധവിശ്വാസങ്ങളാണ് ഉത്തരാധുനിക സിദ്ധാന്തങ്ങളുടെ മുഖ്യസ്രോതസ്സ് എന്നത് ഇത്തരുണത്തില്‍ വളരെ പ്രസക്തമാണ്. പ്രത്യയശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും 'അന്ത്യം' ആഘോഷിക്കുന്ന ഉത്തരാധുനികതയുടെ ആശയപരമായ അവലംബങ്ങള്‍ മതങ്ങളെയും ദൈവങ്ങളെയും സംബന്ധിച്ച അന്ധവിശ്വാസാധിഷ്ഠിതവും 'ലോക്കലു'മായ 'ചെറുവര്‍ത്തമാനങ്ങളാ'ണ് (Little Narratives) എന്നതും ഇവിടെ പ്രത്യേകം ഓര്‍ത്തുവെക്കേണ്ടതുണ്ട്. വാക്കുകളില്‍നിന്ന് വാക്കുകള്‍ പേറുന്ന പ്രത്യയശാസ്ത്ര-രാഷ്ട്രീയ ഭാരങ്ങള്‍ ഒഴിവാക്കപ്പെടുന്നു. വാക്കുകളുടെ അര്‍ഥങ്ങള്‍ നീണ്ടതും നിരന്തരവുമായ 'ലീലകള്‍' മാത്രമാണെന്നും ഉത്തരാധുനികത നമ്മെ പറഞ്ഞു മനസ്സിലാക്കുന്നു. കനപ്പെട്ട വാക്കുകളില്‍ (ഖുര്‍ആന്‍ 73:5)നിന്ന് വാക്കുകളുടെ കനവും ഭാരവും ഉത്തരാധുനികത തന്ത്രപൂര്‍വം ചോര്‍ത്തിയെടുക്കുകയും ചെയ്യുന്നു.

ചരിത്രത്തിലും സംസ്‌കാരങ്ങളിലും വിശ്വാസങ്ങളിലും ദൈവത്തിന്റെ ഇടപെടലുകളാണ് വാസ്തവത്തില്‍ ദൈവികവും പ്രവാചകവുമായ മതങ്ങള്‍ ചരിത്രത്തില്‍ സാക്ഷ്യപ്പെടുത്തുന്നത്. 'ആകാശഭൂമികളുടെ സൃഷ്ടിപ്പും നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വ്യത്യാസവും അവന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതത്രെ' എന്ന ഖുര്‍ആന്റെ പ്രഖ്യാപനം സംസ്‌കാരങ്ങളുടെയും വിശ്വാസങ്ങളുടെയും മുന്‍കൂര്‍ ദൈവനിശ്ചിതത്വത്തെ വെളിവാക്കുന്നില്ല എന്നതാണ് വസ്തുത. കേവലം ഭാഷയെയോ വര്‍ണങ്ങളെയോ കേന്ദ്രമാക്കി സംസ്‌കാരങ്ങളും വിശ്വാസങ്ങളും ഉടലെടുക്കുന്നു എന്ന് പറയാന്‍ മാത്രം സങ്കുചിതമല്ല ഖുര്‍ആന്റെ പ്രഖ്യാപനങ്ങള്‍. സംസ്‌കാരങ്ങളെയും വിശ്വാസങ്ങളെയും നിര്‍ണയിക്കുന്ന നിദാനങ്ങളില്‍നിന്ന് വര്‍ണത്തെയും ഭാഷയെയും റദ്ദ് ചെയ്യുകയാണ് വാസ്തവത്തില്‍ ഇസ്‌ലാം ചെയ്തത്. വര്‍ണ-ഭാഷാ സാംസ്‌കാരിക നിര്‍മിതികളെ എന്നെന്നേക്കുമായി റദ്ദ് ചെയ്ത ആദ്യത്തെ ദീനും ഇസ്‌ലാമാണ്. അറബിക്ക് അനറബിയേക്കാളും വെളുത്തവന് കറുത്തവനേക്കാളും യാതൊരു മേന്മയുമില്ലെന്ന് പ്രഖ്യാപിച്ച പ്രവാചകനാണ് മുഹമ്മദ്(സ). മറിച്ച്, ബന്ധവ്യവസ്ഥകളെയും ഭൗതികാസ്പദങ്ങളെയും വിനിമയങ്ങളെയും വിഹിതങ്ങളെയും കേന്ദ്രീകരിച്ച 'സംസ്‌കാര'ങ്ങളിലും 'വിശ്വാസ'ങ്ങളിലും ചരിത്ര നിര്‍മിതികളിലും ഇസ്‌ലാം, ദീന്‍ എന്ന നിലയില്‍ ഇടപെടുകയും ചെയ്യുന്നു. ഇസ്‌ലാം ഒരു വിശ്വാസവും ഒരു സംസ്‌കാരവും രാഷ്ട്രീയവും ചരിത്രവും ആകുന്നത് അങ്ങനെയാണ്.

മത-വിശ്വാസ-സംസ്‌കാര ബഹുസ്വരതകളില്‍ ഇസ്‌ലാം ഇടപെടുന്നത് അതിന്റെ രാഷ്ട്രീയ പ്രകാശനത്തിന്റെയും സാമൂഹിക ആവിഷ്‌കാരത്തിന്റെയും ഭാഗമായാണ്. രാഷ്ട്രീയവും ഭൗതികവും വിഭവപരവുമായ ജനവിരുദ്ധ-ദൈവവിരുദ്ധ അധികാര വ്യവസ്ഥകളില്‍ ഇപെടുന്നതിന്റെ ഭാഗമായി ജനങ്ങളെ വംശ-വര്‍ണ- ഭാഷാ- സംസ്‌കാര ബഹുസ്വരതകളായി വിഭജിക്കുകയും ശിഥിലീകരിക്കുകയും അതുവഴി ദൈവവിരുദ്ധ അധികാരവ്യവസ്ഥകള്‍ക്കെതിരെയുള്ള ജനങ്ങളുടെ ഏകസ്വരമാര്‍ന്ന ചെറുത്തുനില്‍പിനെ തകര്‍ക്കുകയും ചെയ്യുന്നതിനെ ഇസ്‌ലാം അനുകൂലിക്കുന്നില്ല. എന്നു മാത്രമല്ല അതിനെ പ്രതിരോധിക്കുക കൂടി ചെയ്യുന്നു. ഇന്ത്യന്‍ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഏകസ്വരമാര്‍ന്ന കൊളോണിയല്‍വിരുദ്ധ ജനകീയ ഐക്യത്തെ കൊളോണിയല്‍ മുതലാളിത്ത ആധുനികത തുരങ്കംവെച്ചത് ബഹുസ്വരതയെ മുന്‍നിര്‍ത്തിയായിരുന്നു. വിഭജിച്ച് തകര്‍ക്കുകയും തകര്‍ന്നതിനെ ഭരിച്ച് ശരിയാക്കിത്തരികയും ചെയ്യുക എന്നത് മുതലാളിത്ത കൊളോണിയല്‍ ആധുനികതയുടെയും ആധുനീകരണത്തിന്റെയും തന്ത്രമായിരുന്നു. ഇന്ന്, ഉത്തരാധുനിക-നവ കൊളോണിയല്‍ മുതലാളിത്ത സാമ്രാജ്യത്വം ജനങ്ങളെ 'ബഹുസ്വരത'യിലൂടെ വിഭജിച്ച് കൊള്ളയടിക്കുകയും ജനങ്ങളുടെയും ദേശീയ രാജ്യങ്ങളുടെയും പൊതു സമ്പത്തും വിഭവങ്ങളും വിഭവ സ്രോതസ്സുകളും കൈക്കലാക്കുകയും ചെയ്യുന്നു. 'ബഹുസ്വരത'യിലെ വിഭിന്ന ഏകകങ്ങളില്‍ ഒന്നിനെ പോലും നവ കൊളോണിയല്‍ സാമ്പത്തിക വിഭവ കുത്തകക്കെതിരെ പ്രതികരിക്കുന്നവരുടെ കൂട്ടത്തില്‍ നമുക്ക് കാണാനാകുന്നില്ല എന്നത് പ്രത്യേക ശ്രദ്ധയും പഠനവും വിശകലനവും അര്‍ഹിക്കുന്ന കാര്യമാണ്.

ബഹുസ്വര മതങ്ങളില്‍ ഒരു 'മത'മായി ഇസ്‌ലാം ലളിതവത്കരിക്കപ്പെട്ടതിനെക്കുറിച്ചും ന്യൂനീകരിക്കപ്പെട്ടതിനെക്കുറിച്ചും നടേ സൂചിപ്പിച്ചുവല്ലോ. അതിന്റെ ഭാഗം തന്നെയാണ് ഇസ്‌ലാമിനെ മോക്ഷാന്വേഷികളുടെ മോക്ഷ മതമായി അവതരിപ്പിക്കുക എന്നതും. അവനവന്റെ സുഖത്തിനും അനവനവന്റെ സ്വത്തിനും അവനവന്റെ മോക്ഷത്തിനും മാത്രമായി ജീവിക്കുന്ന അവനവന്മാരുടെ ഒരു കെട്ട ലോകമാണ് ഉത്തരാധുനിക ലോകം. 'മോക്ഷം' എന്ന വാക്കിന്റെ കൂടപ്പിറപ്പാണ് 'ആത്മം'. മോക്ഷത്തിന്റെ പൂര്‍ണ രൂപം തന്നെ ആത്മമോക്ഷം എന്നാണ്. എല്ലാ മതവിശ്വാസികളുടെയും ഇന്നത്തെ ഏക ലക്ഷ്യം തന്നെ ആത്മമോക്ഷവും സ്വര്‍ഗ ലഭ്യതയുമാണ്. രണ്ട് ലോകത്തിലും വിജയം എന്നതാണ് മതങ്ങളുടെ മോക്ഷത്തെക്കുറിച്ച പ്രമാണം തന്നെ. രണ്ട് ലോകവും (ദുന്‍യാവും ആഖിറവും) വാഗ്ദാനം ചെയ്യുന്ന ഒന്നാണ് നമ്മുടെ വിദ്യാഭ്യാസ പദ്ധതി. രണ്ട് ലോകവും വാഗ്ദാനം ചെയ്തുകൊണ്ടും ഉറപ്പിച്ചുകൊണ്ടുമാണ് അണ്‍എയ്ഡഡ് സ്‌കൂളുകാരും ഉന്നത വിദ്യാഭ്യാസ രംഗത്തെ വ്യവസായികളും അവരുടെ ദല്ലാള്‍മാരും നമ്മെ സമീപിക്കുന്നത്. സ്വര്‍ഗ-നരകങ്ങളെക്കുറിച്ച ഖുര്‍ആന്റെ വീക്ഷണങ്ങള്‍ക്ക് കടകവിരുദ്ധമാണ് മോക്ഷം എന്ന വേദാന്ത സങ്കല്‍പം. ജൂത-ക്രൈസ്തവ വിഭാഗങ്ങളില്‍ മോക്ഷാര്‍ഹരുണ്ടെന്നത് ഖുര്‍ആന്‍ പ്രഖ്യാപനമാണെന്ന് ലേഖകന്‍ പറയുമ്പോള്‍ അദ്ദേഹം ഉദ്ദേശിക്കുന്നത് സ്വര്‍ഗപ്രവേശത്തെക്കുറിച്ചാണ് എന്നത് വളരെ വ്യക്തമാണ്. മോക്ഷാര്‍ഹര്‍ എന്ന വാക്ക് അവിടെ പ്രയോഗിച്ചത് വേണ്ടത്ര ആലോചനയും അവധാനതയും ഇല്ലാതെയാണ്. ഇസ്‌ലാമില്‍ സ്വര്‍ഗം എന്നത് മോക്ഷ സ്ഥാനമല്ല. സ്വര്‍ഗാവകാശികളുടെ സ്ഥാനം നബിമാര്‍ക്കും സ്വിദ്ദീഖുകള്‍ക്കും ശഹീദുകള്‍ക്കും ഒപ്പമാണ് എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. ഐഹികവും ഭൗതികവും രാഷ്ട്രീയവുമായ ജീവിതത്തില്‍ അല്ലാഹുവിന്റെ ഉലൂഹിയ്യത്തിലുള്ള ഏകത്വത്തിന് സാക്ഷികളാകാന്‍ ഇഹലോകത്ത് ഒരാള്‍ എന്തെല്ലാം പ്രവര്‍ത്തിച്ചുവോ അതിന്റെ പേരിലായിരിക്കും അയാള്‍ സ്വര്‍ഗത്തിന് അവകാശിയാവുക. ഏതു മതം എന്നതല്ല, ഏതു ദീനിലായിരുന്നു അയാള്‍ എന്നതാണ് അവിടെ നോക്കുക. അധികാരപരവും ഭൗതികവും രാഷ്ട്രീയവുമായ ജീവിതത്തില്‍ അല്ലാഹുവിന്റെ ഏകത്വത്തെ സ്ഥാപിക്കാന്‍ ഒരാള്‍ ഏതെല്ലാം സത്യങ്ങള്‍ വിളിച്ചുപഞ്ഞു, എന്തെല്ലാം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു, എന്തെല്ലാം താല്‍പര്യങ്ങള്‍ ബലിയായി ഉപേക്ഷിച്ചു എന്നതാണ് സ്വിദ്ദീഖ്, സ്വാലിഹ്, ശഹീദ് എന്നീ സ്ഥാനങ്ങളുടെ ടെസ്റ്റ്. രാഷ്ട്രീയ വിമോചനം എന്നതിന്റെ നേര്‍ വിപരീതമാണ് മോക്ഷം.

 

വായിച്ചിരിക്കണം 
ഈ വിശേഷാല്‍ പതിപ്പ്

പ്രബോധനം പ്രസിദ്ധീകരിച്ച ഇമാം ശാഫിഈ വിശേഷാല്‍ പതിപ്പ് വായിച്ചു. സ്ത്രീ പള്ളിപ്രവേശം, സ്ത്രീകളുടെ ഇഅ്തികാഫ്, സ്ത്രീകളുടെ മയ്യിത്ത് നമസ്‌കാരം, നമസ്‌കാരാനന്തര കൂട്ടുപ്രാര്‍ഥന, സ്വുബ്ഹിലെ ഖുനൂത്ത്, മയ്യിത്തിനു വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണം, ജനാസ കൊണ്ടുപോകുമ്പോള്‍ ദിക്ര്‍ ചൊല്ലല്‍, ഖബ്‌റിടവുമായി ബന്ധപ്പെട്ട അനാചാരങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലെ ഇമാം ശാഫിഈയുടെ ആധികാരിക നിലപാടുകള്‍ അറിയാന്‍ പതിപ്പ് ഏറെ സഹായകമായി. ഖത്വീബുമാരും മറ്റും നിര്‍ബന്ധമായി വായിച്ചിരിക്കേണ്ട വിവരങ്ങളുടെ കലവറയാണ് പതിപ്പ്.

അബൂഹബീബ് വരോട്, ഒറ്റപ്പാലം

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /21-22
എ.വൈ.ആര്‍

ഹദീസ്‌

കറകളഞ്ഞ പശ്ചാത്താപം
സി.എം റഫീഖ് കോക്കൂര്‍