മറ്റുള്ളവരെ പഴിചാരുന്നതെന്തിന്?
മറ്റുള്ളവരുടെ കുറ്റങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുക എന്നതാണ് മനുഷ്യരുടെ പൊതുപ്രവണത. സ്വയം തെറ്റു മനസ്സിലാക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല. സ്വന്തം പ്രശ്‌നങ്ങളുടെ കാരണക്കാരായി മറ്റുള്ളവരെ പഴിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുക എന്നതും മനുഷ്യസ്വഭാവമാണ്.
മുസ്‌ലിംകള്‍ ലോകവ്യാപകമായി ഇന്ന് വളരെയേറെ പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഈ പ്രശ്‌നങ്ങളുടെയെല്ലാം കാരണക്കാരായി മുസ്‌ലിം ലോകം കാണാറുള്ളത് അമേരിക്ക, നാറ്റോ, ഇസ്രയേല്‍, സാമ്രാജ്യത്വം, സയണിസം, കമ്യൂണിസം, ഹിന്ദുത്വം പോലുള്ള ശക്തികളെയാണ്. എന്നാല്‍ തങ്ങളും പ്രശ്‌നങ്ങളുടെ കാരണക്കാര്‍ തന്നെയാണോ എന്ന സ്വയം വിമര്‍ശനത്തിന് അവര്‍ തയാറാവാറില്ല.
ലോകമുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ക്ക് ഇത്തരം ബാഹ്യശക്തികളുടെ ഇടപെടലുകള്‍ വലിയൊരളവില്‍ കാരണമാവുന്നുണ്ടെന്ന സത്യം നിഷേധിക്കുകയല്ല. ലോകത്തിനു മുമ്പില്‍ ഇസ്
ലാമിനെ ഇകഴ്ത്തുന്നതിലും അതിന്റെ സുന്ദര മുഖത്ത് കരിവാരിത്തേക്കുന്നതിലും കുപ്രചാരണങ്ങള്‍ അഴിച്ചുവിടുന്നതിലും തെറ്റിദ്ധാരണകള്‍ പരത്തുന്നതിലും ഈ ശക്തികള്‍ നടത്തുന്ന കുല്‍സിത ശ്രമങ്ങള്‍ ചില്ലറയല്ല. ഇതിലെന്താണിത്ര അത്ഭുതപ്പെടാന്‍? ഇത്തരം ശക്തികളില്‍നിന്ന് ഇതെല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കാനുള്ളത്? ഈ ഭൗതിക ശക്തികള്‍ ഇസ്‌ലാമിനെതിരെയുള്ള കുപ്രചാരണങ്ങള്‍ അവസാനിപ്പിച്ച് ലോക സമാധാനത്തിന് ശ്രമിക്കുമെന്ന് വിശ്വസിക്കുന്നത് പരമാബദ്ധമായിരിക്കും.
ലോകാടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ സ്വയം വിമര്‍ശനത്തിനു തയാറാകണം. സ്വന്തം കുറ്റങ്ങളും കുറവുകളും കണ്ടെത്തി, അത് പരിഹരിക്കാന്‍ തങ്ങളുടെ അധ്വാനപരിശ്രമങ്ങളും വിഭവങ്ങളും ഉപയോഗപ്പെടുത്തണം. മറ്റുള്ളവരെ പഴിച്ച് കാലം കഴിച്ചിട്ട് കാര്യമില്ല. ഇസ്‌ലാമേതര ശക്തികളില്‍നിന്ന് ദയാദാക്ഷിണ്യം പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. നമ്മുടെ സമയവും വിഭവങ്ങളും അവരെ പഴിക്കുന്നതിന് വിനിയോഗിക്കാനുള്ളതല്ല.
വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും വരച്ചുകാട്ടുന്ന പാതയിലൂടെ ശരിയായ ജീവിതരീതി അവലംബിച്ച് മുന്നോട്ടുപോകാനാണ് ലോക മുസ്‌ലിംകള്‍ പരിശ്രമിക്കേണ്ടത്. ഖുര്‍ആന്റെയും സുന്നത്തിന്റെയും യഥാര്‍ഥ ശക്തി തിരിച്ചറിയാന്‍ ഭൂരിപക്ഷം മുസ്‌ലിംകള്‍ക്കും ഇന്നും കഴിഞ്ഞിട്ടില്ല. ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ശത്രുക്കളെ ശക്തിയുക്തം എതിര്‍ത്താല്‍തന്നെ തങ്ങളുടെ ഉത്തരവാദിത്തം തീര്‍ന്നുവെന്നാണ് പലരും കരുതുന്നത്. ഇത് തികഞ്ഞ മൗഢ്യമാണ്.
ഏതു സാഹചര്യത്തിലും മനുഷ്യസമൂഹത്തിന് മാര്‍ഗദര്‍ശിയാകാന്‍ കഴിയുന്ന അത്ഭുതകരമായ ദിവ്യഗ്രന്ഥമാണ് ഖുര്‍ആന്‍. മുസ്‌ലിം ലോകത്തിന് ഈ ഗ്രന്ഥത്തോട് അതിരില്ലാത്ത ആദരവും ബഹുമാനവുമുണ്ട്. എന്നാല്‍ ദൈനംദിന ജീവിതത്തിലേക്ക് ഖുര്‍ആന്റെ അധ്യാപനങ്ങള്‍ സന്നിവേശിപ്പിക്കാന്‍ എത്രപേര്‍ ശ്രമിക്കുന്നുണ്ട്? എല്ലാ ജനങ്ങള്‍ക്കുമുള്ള സമ്പൂര്‍ണ മാര്‍ഗദര്‍ശക ഗ്രന്ഥമായിട്ടാണ് ഖുര്‍ആന്‍ സ്വയം പരിചയപ്പെടുത്തുന്നത്. എന്നാല്‍ ഖുര്‍ആന്റെ ജീവിക്കുന്ന മാതൃകകള്‍ നാം അപൂര്‍വമായേ കാണുന്നുള്ളൂ.
എല്ലാ ലോകഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടുവെങ്കിലും മുസ്‌ലിംകളില്‍ ഭൂരിപക്ഷത്തിനും ഖുര്‍ആന്റെ സന്ദേശം ഇന്നും അപരിചിതമാണ്. മുസ്‌ലിംകള്‍ തന്നെ ഖുര്‍ആന്‍ പൂര്‍ണമായി മനസ്സിലാക്കിയിട്ടില്ലാത്ത സാഹചര്യത്തില്‍, സാമ്രാജ്യത്വത്തെയും സയണിസ്റ്റുകളെയും മാത്രം കുറ്റപ്പെടുത്തിയിട്ടെന്തു കാര്യം?
മാര്‍ഗദര്‍ശനത്തിന്റെ രണ്ടാം ഉറവിടം തിരുസുന്നത്താണ്. പ്രവാചകജീവിതത്തെക്കുറിച്ച് ആഇശ(റ)യോട് ചോദിച്ചപ്പോള്‍, അവര്‍ പറഞ്ഞ മറുപടി പ്രവാചകന്റെ ജീവിതം ഖുര്‍ആനായിരുന്നുവെന്നാണ്. പ്രവാചകന്‍ ജീവിക്കുന്ന ഖുര്‍ആനായിരുന്നുവെന്നര്‍ഥം. ഖുര്‍ആന്റെ പ്രതിരൂപമായിരുന്നു പ്രവാചകന്‍ (സ). അതിനാല്‍ മുസ്‌ലിം ലോകത്തിന്റെ നിലനില്‍പ്പിനും അഭ്യുന്നതിക്കും ഖുര്‍ആനും സുന്നത്തും യഥാവിധി മനസ്സിലാക്കി അതനുസരിച്ച് ജീവിതം നയിക്കുക മാത്രമേ വഴിയുള്ളൂ.
ഖുര്‍ആന്റെ സുപ്രധാനമായ ഉപദേശം 'നിങ്ങള്‍ നന്മ കൊണ്ട് തിന്മയെ തടുക്കുക' എന്നതാണ്. ''പ്രവാചകാ! നന്മയും തിന്മയും തുല്യമാവുകയില്ല; നീ തിന്മയെ ഏറ്റവും ഉത്കൃഷ്ടമായ നന്മ കൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ആത്മമിത്രമാവുന്നത് നിനക്ക് കാണാം'' (ഫുസ്വിലത്ത് 34). തീയെ തീകൊണ്ട് നേരിടുന്നതിനു പകരം വെള്ളം കൊണ്ട് കെടുത്തണമെന്ന അധ്യാപനമാണ് ഖുര്‍ആന്‍ ഇവിടെ നല്‍കുന്നത്. ഖുര്‍ആന്റെ വക്താക്കൡനിന്ന് ഉന്നതമായ സ്വഭാവ ഗുണങ്ങളാണ് ലോകം പ്രതീക്ഷിക്കുന്നത്. ഈ സ്വഭാവഗുണങ്ങളൊന്നും നാം വ്യക്തിജീവിതത്തില്‍ ആര്‍ജിക്കാതെ, മറ്റുള്ളവരുടെ നേരെ വിരല്‍ചൂണ്ടുന്നതിനര്‍ഥമില്ല. നമുക്കു നേരെത്തന്നെയാണ് നാം ആദ്യം വിരല്‍ചൂണ്ടേണ്ടത്. വിശ്വാസം കളഞ്ഞുകുളിക്കണമെന്ന് ആരെങ്കിലും നമ്മെ നിര്‍ബന്ധിക്കുന്നുണ്ടോ? നമസ്‌കാരം ഉപേക്ഷിക്കണമെന്ന് ആരാണ് നമ്മോടാവശ്യപ്പെടുന്നത്? വിദ്യാഭ്യാസത്തോടുള്ള മുസ്‌ലിംലോകത്തിന്റെ പുറംതിരിഞ്ഞുനില്‍ക്കലിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ്? ഇങ്ങനെയൊരു സ്വയം വിമര്‍ശം, ഒട്ടുമിക്ക പ്രശ്‌നങ്ങളുടെയും കാരണക്കാര്‍ തങ്ങള്‍തന്നെ എന്ന തിരിച്ചറിവിലേക്ക് മുസ്‌ലിം സമൂഹത്തെ എത്തിക്കും.
Comments