Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 22

2948

1437 റജബ് 14

അസമിലെ സമൂഹ വിവാഹങ്ങള്‍

നജീബ് കുറ്റിപ്പുറം

ഇത്തവണ അസമിലേക്കുള്ള യാത്ര സമൂഹ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നു. അസമിലെ ബോബട്ട ജില്ലയിലെ ഹൗളി ഗ്രാമത്തില്‍ നടന്ന സമൂഹ വിവാഹത്തില്‍ 72-ഓളം പേരാണ് ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ഡാപൂര്‍ ജില്ലയിലെ ബേണ്‍പൂരില്‍ നടന്ന ചടങ്ങില്‍ 70 പേരും വിവാഹിതരായി. ബോണൂരിലെ ജനസംഖ്യയില്‍ ഭൂരിപക്ഷവും കാര്‍ഷിക മേഖലയില്‍ തൊഴിലെടുക്കുന്നവരാണ്. ചായത്തോട്ടങ്ങളില്‍ ജോലിചെയ്യുന്ന ധാരാളം യുവതികളു്. ഇഷ്ടികക്കളത്തിലും ബേക്കറി ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നതിലും വ്യാപൃതരാണ് മിക്കവാറും യുവാക്കള്‍. ഒരു ചെറിയ ശതമാനം മാത്രമാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പണിയെടുക്കുന്നവര്‍. എത്ര ജോലി ചെയ്താലും ഇവര്‍ക്ക് കിട്ടുന്ന കൂലി വളരെ തുഛം. 

വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളില്‍നിന്ന് മറുനാടുകളിലേക്ക് ജോലിക്കു വേണ്ടി കൊണ്ടുപോവുന്ന പെണ്‍കുട്ടികളുടെ എണ്ണം ദിവസം തോറും വര്‍ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍തന്നെ ദല്‍ഹിയിലെയും കൊല്‍ക്കത്തയിലെയും തെരുവുകളിലേക്ക് തള്ളപ്പെടുന്നവരും ധാരാളമുണ്ട്. ദാരിദ്ര്യത്തിന്റെ കൊടും ഭീതിയില്‍ രക്ഷിതാക്കള്‍ പെണ്‍കുട്ടികളെ വില്‍പനക്ക് നല്‍കുന്നതായും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

മിക്കവാറും ഗ്രാമങ്ങളില്‍ കൂലിവേല എടുത്ത് ജീവിക്കുന്ന ഗ്രാമീണ പെണ്‍കുട്ടികള്‍ക്ക് കിട്ടുന്ന വേതനം 30 രൂപയോ ഏറിയാല്‍ 60 രൂപയോ ആണ്. ആയിരം ബീഡി തിരച്ചാല്‍ കിട്ടുന്ന കൂലി 60 രൂപ. ഒരു ദിവസം ഏറെ പ്രയാസപ്പെട്ട് ജോലി ചെയ്താല്‍ 500 ബീഡിയാണ് തിരിച്ചുണ്ടാക്കാനാവുക. ഉല്‍പാദനത്തിന്റെ വലിയ ഒരു ശതമാനം ഇടനിലക്കാര്‍ തട്ടിയെടുക്കുന്നതിനാല്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകള്‍ക്ക് തുഛമായ സംഖ്യയാണ് കിട്ടുന്നത്. ഏത് മേഖലയിലും ഇതാണ് അവസ്ഥ.

ഈയൊരു സാഹചര്യത്തിലാണ് വിഷന്‍ 2016-ന്റെ ഭാഗമായി സമൂഹ വിവാഹങ്ങള്‍ നടത്തിവന്നിരുന്നത്. ഇങ്ങനെ നടക്കുന്ന വിവാഹങ്ങള്‍ വെന്തുരുകി ജീവിക്കാന്‍ വിധിക്കപ്പെട്ട രക്ഷിതാക്കള്‍ക്ക് വലിയ ആശ്വാസമാണ്. ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗഷേനും ഹ്യൂമന്‍ കെയര്‍ ഫൗഷേനും ചേര്‍ന്നാണ് അസമിലെ സമൂഹ വിവാഹം സംഘടിപ്പിച്ചത്.

നമ്മള്‍ കണ്ടുശീലിച്ച ആര്‍ഭാടപൂര്‍വമായ വിവാഹങ്ങളില്‍നിന്ന് വ്യത്യസ്തമായി, തൊഴിലെടുത്ത് ജീവിക്കാവുന്ന സാഹചര്യം ഒത്തുവരാത്തതുകൊണ്ട് മാത്രം വൈവാഹിക ജീവിതം സ്വപ്‌നം കാണാന്‍ കഴിയാത്തവരാണ് മിക്ക യുവതികളും. മാതാപിതാക്കള്‍ ജോലി ചെയ്‌തെങ്കില്‍ മാത്രമാണ് കുടുംബത്തിന് കഷ്ടിച്ച് പട്ടിണിക്കും പരിവട്ടങ്ങള്‍ക്കുമിടയില്‍ ജീവിതം മുന്നോട്ടു നയിക്കാന്‍ കഴിയുക.

വിവാഹിതരാവുന്ന പെണ്‍കുട്ടികള്‍ക്കു വേണ്ടി ഗ്രാമങ്ങളില്‍തന്നെ നെയ്‌തെടുക്കുന്ന പൂക്കളും മണിമുത്തുകളും വെച്ചു പിടിപ്പിച്ച സാരിയും ഷാളും രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കുന്നതുകൊണ്ട് വിവാഹപന്തലിലേക്ക് അണിഞ്ഞൊരുങ്ങിത്തന്നെ വധുവിനെ കൂടെ വരുന്നവര്‍ ആനയിച്ചുകൊണ്ടുവരുന്നു. ഷര്‍വാണിയും തൊപ്പിയും ഷാളും ആയിരുന്നു വരന്മാര്‍ക്ക് വേണ്ടി സംഘാടകര്‍ ഒരുക്കിവെച്ചിരുന്നത്.

പാരിതോഷികമായി നല്‍കുന്ന തയ്യല്‍ മെഷീന്‍ പെണ്‍കുട്ടികള്‍ക്ക് സ്വന്തമായി ഒരു തൊഴില്‍ മേഖല തുറന്നുകിട്ടാന്‍ സഹായകമാവുന്നു. വരന്മാര്‍ക്ക് പാരിതോഷികമായി നല്‍കുന്ന പണം ഒരു സൈക്കിളോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും തൊഴിലുപകരണങ്ങളോ വാങ്ങിക്കുന്നതിന് ഉപകരിക്കും. തുടര്‍ന്നുള്ള അവരുടെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള സമ്മാനങ്ങളാണ് ഇവയെല്ലാം. കടുത്ത വേനല്‍ച്ചൂടില്‍ വലിയ ആശ്വാസമാണ് അസമിലെ ലീച്ചി മരങ്ങള്‍. ലീച്ചി മരങ്ങള്‍ പൂവിടാന്‍ തുടങ്ങിയിരിക്കുന്നു. പൂവിട്ടിരിക്കുന്ന ലീച്ചി മരങ്ങള്‍ക്ക് ചുവട്ടിലാണ് നവദമ്പതികളെ ആശീര്‍വദിക്കുന്നതിനും ബന്ധുക്കളെ സ്വീകരിക്കുന്നതിനുമൊക്കെ ഒരുക്കങ്ങള്‍ ചെയ്തിരുന്നത്. അതിഥികള്‍ക്കിരിക്കാന്‍ സ്റ്റേജും ഒരുക്കിയിരുന്നു.

ബ്രഹ്മപുത്ര നദി കരകവിഞ്ഞൊഴുകുമ്പോഴുള്ള കെടുതികള്‍ എല്ലാ വര്‍ഷവും അസമിലെ നദീതടങ്ങളില്‍ പതിവാണ്. ഓരോ വെള്ളപ്പൊക്കവും ഓരോ പലായനമാണ് ഇവര്‍ക്ക്. അഭയാര്‍ഥി ക്യാമ്പുകളില്‍നിന്ന് തിരിച്ചെത്തുമ്പോള്‍ താമസിച്ചിരുന്ന ഭൂമിയില്‍ മണല്‍തിട്ടകള്‍ നിറഞ്ഞിട്ടുണ്ടാവും. കൃഷി ചെയ്യാനോ മറ്റോ പറ്റാത്തവിധമായിട്ടുണ്ടാവും നിലങ്ങള്‍. ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു ഇവര്‍ക്ക് എല്ലാ വര്‍ഷവുമുള്ള ഈ പലായനം. ഇതൊരു ശീലമായതുകൊണ്ട് അതിന്റെ പ്രതിസന്ധികളോ പരിഭവങ്ങളോ ഒന്നും അവരുടെ മുഖത്ത് പ്രതിഫലിക്കണമെന്നില്ല.

ഇവര്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധിയാണ് കലാപക്കെടുതികള്‍. എവിടെനിന്നാണ്, എന്തിനാണ് കലാപങ്ങള്‍ ഉണ്ടാവുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയൊന്നും ഇവര്‍ക്കില്ല. ഓടിക്കിതച്ച് വന്ന് ചിലര്‍ പറയും, ഉടനെ ഇവിടന്ന് മാറിപ്പോകണം, കലാപം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. വളരെ സൗഹൃദത്തില്‍ കഴിയുന്ന ഗ്രാമങ്ങളിലുള്ളവര്‍ പോലും കിട്ടിയതും പെറുക്കിയെടുത്ത് ഓടിയകലും. ഒരുപാട് ദൂരം താണ്ടി ഏതെങ്കിലും സ്‌കൂളുകളിലോ പൊതുസ്ഥലങ്ങളിലോ എല്ലാം ഇട്ടെറിഞ്ഞ് വന്ന് ഇവര്‍ കഴിഞ്ഞുകൂടും. 

ഇത്തരമൊരു ക്യാമ്പില്‍നിന്നാണ് ജാസ്മിന്‍ ഖാത്തൂന്‍ വരുന്നത്, രക്ഷിതാക്കളോടൊപ്പം. പ്രതിസന്ധികള്‍ മാത്രം കണ്ട് മടുത്ത ജാസ്മിന്റെ മാതാപിതാക്കളുടെ കറുത്ത് കരുവാളിച്ച കണ്‍തടങ്ങളില്‍ മകളുടെ വിവാഹം നടക്കാന്‍ പോവുകയാണല്ലോ എന്ന ആഹ്ലാദത്തിന്റെ ഒരു നനവ് കാണാമായിരുന്നു. ഈ നനവ് മതി ഈ സംരംഭത്തിനു വേണ്ടി കൈയഴിഞ്ഞു സഹായിച്ച കേരളത്തില്‍നിന്നുള്ള സുമനസ്സുകള്‍ക്ക് ജീവിതം സഫലമാവാന്‍. സഥ്യവില എന്ന ഗ്രാമത്തില്‍നിന്ന് വന്ന സിയാഉര്‍റഹ്മാന്ന് പശുവിന്‍ പാല്‍ തൈരാക്കി മധുര പലഹാരങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്ക് വിതരണം ചെയ്യലാണ് ജോലി. തന്റെ ഇണയെ കണ്ടെത്തുമ്പോള്‍ സിയാഉര്‍റഹ്മാന്‍ ഒരു കാര്യം മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂ. തന്റെ സംസ്‌കാരസമ്പന്നയായ ഇണയായി അവള്‍ ജീവിച്ചാല്‍ മാത്രം മതി. അധ്വാനിക്കാന്‍ കരുത്തുള്ള കാലത്തോളം താനവളെ സന്തോഷിപ്പിക്കും. ഒരു പുനരാലോചനയോടെയാണ് ആ വാക്കുകള്‍ കേട്ടുനിന്നത്. നമ്മുടെ നാട്ടിലെ വിവാഹങ്ങളില്‍ ആവശ്യത്തില്‍ കൂടുതല്‍ ചെലവഴിച്ച് ധൂര്‍ത്തടിക്കുന്നതിനിടയില്‍, എപ്പോഴെങ്കിലും ആരെങ്കിലും ആലോചിക്കുന്നുണ്ടോ തന്റെ ജീവിതപങ്കാളിക്ക് താന്‍ സന്തോഷം പകര്‍ന്നു നല്‍കേണ്ടതുണ്ടല്ലോ എന്ന്. ദാരിദ്ര്യത്തിന്റെ അടിത്തട്ടില്‍ കഴിയുന്ന ഇവര്‍ക്ക് അന്നന്നത്തെ അന്നത്തോടൊപ്പം തന്റെ പങ്കാളിയുടെ സന്തോഷത്തെക്കുറിച്ച് ചിന്തിക്കാനാണ് ഏറെ ഇഷ്ടം.

ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ ടി. ആരിഫലി, കേരളത്തില്‍നിന്ന് ഹ്യൂമന്‍ കെയര്‍ ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് പി. സുലൈമാന്‍ (ഹൈലൈറ്റ്), അബ്ദുസ്സലാം (മലബാര്‍ ഗോള്‍ഡ്), കുഞ്ഞിമൂസ തുടങ്ങിയവരും, അസമിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പൗരപ്രമുഖരും പങ്കെടുത്ത പരിപാടി ഒരു ഗ്രാമോത്സവത്തിന്റെ പ്രതീതിയാണ് ജനിപ്പിച്ചത്.

ഏറിയാല്‍ 3000 രൂപ വിലയുള്ള ഒരു മഹ്ര്‍ അല്ലെങ്കില്‍ താലി, കല്യാണത്തിനുടുക്കാന്‍ വൃത്തിയുള്ള ഒരു സാരി, വരന്മാര്‍ക്ക് ഒരു ഷര്‍വാണി വസ്ത്രം, ജീവിതായോധനത്തിന് സഹായകമാവുന്ന എന്തെങ്കിലും ഒരു തൊഴിലുപകരണം, വധൂവരന്മാരോടൊപ്പം വന്ന കുടുംബങ്ങള്‍ക്ക് വിഭവസമൃദ്ധമായ ഒരു സദ്യ. എല്ലാം കൂടിചേര്‍ത്താല്‍ ആകെ വരുന്നത് ഒരു പതിനായിരം രൂപ. നമ്മുടെ വീട്ടില്‍ ചെറിയ രീതിയില്‍ നടത്തുന്ന കല്യാണത്തിനു വേണ്ടി നാം ചെലവഴിക്കുന്ന സംഖ്യയുടെ എത്ര താഴെയാണ് ഈ സംഖ്യ! ചിന്തയും സ്വപ്‌നങ്ങളും വികാരങ്ങളും വിചാരങ്ങളുമുള്ള ഈ മനുഷ്യര്‍ക്ക് നമുക്ക് കൊടുക്കാം ഒരു ജീവിതം; നമ്മുടെ നിയോഗം സഫലീകരിക്കുന്നതിനുവേണ്ടി.

Comments

Other Post

ഹദീസ്‌

നേരെചൊവ്വെ നിലകൊള്ളുക
അബ്ദുര്‍റഹ്മാന്‍ തുറക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /12-15
എ.വൈ.ആര്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /16-20
എ.വൈ.ആര്‍