പാരമ്പര്യത്തിനും പറഞ്ഞുപോയ അബദ്ധങ്ങള്‍ക്കും ആധികാരികത നല്‍കുന്നവര്‍
ആരാധനാ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്കെതിരെ നിലനില്‍ക്കുന്ന സകല അയിത്തങ്ങളെയും കുടഞ്ഞെറിയുന്ന വിധിയായിരുന്നു ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തില്‍ മൂന്നംഗ ബെഞ്ചിന്റേത്. നാം കാലങ്ങളായി ചോദിച്ച ലളിതവും സുതാര്യവുമായ ചോദ്യങ്ങള്‍ മാത്രമാണ് ഇവ്വിഷയകമായി കോടതി ചോദിച്ചിട്ടുള്ളത്. ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ടാണ് വിധി പുറത്തുവന്നതെങ്കിലും കോടതിയുടെ ചോദ്യങ്ങള്‍ ഭരണഘടന അനുവദിച്ച ആരാധനാ സ്വാതന്ത്ര്യത്തില്‍നിന്ന് സ്ത്രീകളെ മാത്രം മാറ്റിനിര്‍ത്തുന്നതിനെക്കുറിച്ചാണ്.
''എന്തുകൊണ്ട് സ്ത്രീകള്‍ക്ക് ആരാധനാലയങ്ങളില്‍ പ്രവേശമനുവദിച്ചുകൂടാ? സ്ത്രീകളെ ആരാധനാലയങ്ങളില്‍ തടയുന്നതിന്റെ അടിസ്ഥാനം എന്താണ്? അതിനു പിന്നിലെ യുക്തി എന്താണ്? സ്ത്രീകള്‍ ആരാധനാലയങ്ങളില്‍ പോവുകയോ പോവാതിരിക്കുകയോ ചെയ്യുന്നത് അവരുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്.''
കോടതി ചോദിച്ച ഈ ചോദ്യങ്ങള്‍ മൗലികമായി ഇസ്‌ലാമിന്റെ അന്തസ്സത്ത ഉള്‍ചേര്‍ന്നതാണ്. പൗരോഹിത്യമാണ് മിക്ക മതങ്ങളിലും കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതില്‍ പലതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണ്. മതപരവും ആരാധനാപരവുമായ മേഖലകളില്‍ പുരുഷന്മാര്‍ നിര്‍ലോഭമായി അനുഭവിച്ചുവരുന്ന സ്വാതന്ത്ര്യങ്ങളെ മുന്‍നിര്‍ത്തിയല്ല ഇത്തരം അവകാശങ്ങള്‍ക്കുവേണ്ടി സ്ത്രീസമൂഹം വാദിക്കുന്നത്. മറിച്ച് സ്ത്രീകള്‍ അതുപയോഗപ്പെടുത്തുകയോ ഉപയോഗപ്പെടുത്താതിരിക്കുകയോ ചെയ്യട്ടെ. പക്ഷേ അവരെ അതില്‍നിന്നും തടയാന്‍ ആരാണ് നിങ്ങള്‍ക്ക് അധികാരം നല്‍കിയത്? അതിന്റെ പ്രചോദനവും യുക്തിയും എന്താണ്? ഈ ലളിതവും വ്യക്തവുമായ ചോദ്യങ്ങള്‍ക്കാണ് ഉത്തരം കിട്ടേണ്ടത്.
സകല പാപത്തിന്റെയും സര്‍വനാശത്തിന്റെയും ഹേതു സ്ത്രീ ജന്മമാണെന്ന പഴയ ബാബിലോണിയന്‍ അന്ധവിശ്വാസത്തിന്റെ തുടര്‍ച്ചതന്നെയാണ് നമ്മുടെ സമൂഹത്തിലുമുള്ളത്. ഭര്‍ത്താവ് മരിച്ച വിധവയോട് അനുകമ്പ കാണിക്കുന്നതിന് പകരം അതിരാവിലെ ആ വിധവയായ സ്ത്രീയെ കണി കണ്ടതിന്റെ പേരില്‍ നാശം ഭയന്ന് അന്ന് വീട്ടില്‍നിന്നുതന്നെ പുറത്തിറങ്ങാതിരുന്ന കുടുംബത്തെക്കുറിച്ച് സ്വാനുഭവം മുന്‍നിര്‍ത്തി കമലാ സുറയ്യ എഴുതിയിട്ടുണ്ട്.
പ്രകാശനം ചെയ്യുന്നത് ഒരു സ്ത്രീ വിവര്‍ത്തനം ചെയ്ത പുസ്തകം, മുഖ്യാതിഥി പ്രശസ്തനായ ഒരു ആത്മീയാചാര്യന്‍. പക്ഷെ സ്വാമിജിക്ക് സ്ത്രീകള്‍ സദസ്സിലുണ്ടാകുന്നത് ചതുര്‍ഥി. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് അനവധി പുസ്‌കതങ്ങള്‍ പ്രസിദ്ധീകരിച്ച 'പുരോഗമന' വാദികളായ പ്രസാധകര്‍ പോലും ആ സ്ത്രീയുടെ പക്ഷത്ത് നില്‍ക്കുന്നതിനു പകരം സ്വാമിജിയുടെ പക്ഷത്താണ് നിലയുറപ്പിച്ചത്.
വിഷയം അടിസ്ഥാനപരമായി മനോഭാവത്തിന്റേതാണ്. മതങ്ങളിലെ മൗലിക തത്ത്വങ്ങളൊന്നും സ്ത്രീവിരുദ്ധമായിരുന്നില്ല. പക്ഷേ മതപുരോഹിതന്മാര്‍ അലിഖിതമായി ഉണ്ടാക്കിവെച്ച നിയമങ്ങള്‍ അങ്ങനെയായിത്തീര്‍ന്നു. ഇസ്‌ലാം സ്ത്രീകള്‍ക്ക് പള്ളിയിലേക്ക് പ്രവേശനം നിഷേധിച്ചിട്ടില്ല. ആധികാരികമായ നിരവധി പ്രമാണങ്ങള്‍ അതിന് തെളിവായുണ്ട്. പെരുന്നാള്‍ ദിവസം ഈദ് ഗാഹുകളിലെ സന്തോഷങ്ങളില്‍നിന്ന് ആര്‍ത്തകവാരിയായിപ്പോയി എന്നതിന്റെ പേരില്‍ സ്ത്രീകള്‍ മാറ്റിനിര്‍ത്തപ്പെടാവതല്ല എന്ന് പരാമര്‍ശമുള്ള പ്രവാചക വചനങ്ങള്‍വരെയുണ്ട്. അവിടെ അവള്‍ നമസ്‌കരിക്കാതിരിക്കുന്നത് അവള്‍ക്കുള്ള ഇളവും, ഈദിന് ആബാലവൃദ്ധം ജനങ്ങള്‍ക്കൊപ്പം അവള്‍ പങ്കെടുക്കുന്നത് അവളുടെ അവകാശവുമാണ്.
ഇതൊന്നും പൗരോഹിത്യത്തിന് അറിയാത്ത കാര്യമല്ല. പക്ഷേ പ്രമാണങ്ങളേക്കാള്‍ പാരമ്പര്യത്തിനും പറഞ്ഞുപോയ അബദ്ധങ്ങള്‍ക്കും ആധികാരികത നല്‍കുന്നവര്‍ 'യാത്രക്കാരായ സ്ത്രീകള്‍ക്ക് നമസ്‌കാര സൗകര്യം' പള്ളിയോട് ചേര്‍ന്ന് ഏര്‍പ്പെടുത്തുന്നതില്‍ വരെ എത്തിനില്‍ക്കുകയാണ്. യാത്രക്കാരിയാണ് എന്ന് തെളിവു സഹിതം ഉറപ്പിച്ചാണോ പളളിയിലേക്ക് കയറ്റിവിടുക എന്ന ചോദ്യം ഇവിടെ ബാക്കിയാവുന്നുണ്ട്.
സ്ത്രീ ശാക്തീകരണത്തിന് വനിതകള്‍ക്ക് പ്രത്യേക സംഘടന ആവാമെന്നുള്ള സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പുതിയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ പ്രസ്താവന വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് പ്രതീക്ഷിക്കാം.
സമസ്ത ഉപാധ്യക്ഷനും സുന്നി യുവജനസംഘം സംസ്ഥാന അധ്യക്ഷനുമായ പാണക്കാട് ഹൈദറലി ശിഹാബ് തങ്ങള്‍ എറണാകുളത്ത് വനിതാലീഗ് ദേശീയ സമ്മേളനത്തില്‍ സ്ത്രീശാക്തീകരണം യാഥാര്‍ഥ്യമാക്കാന്‍ ലീഗ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രസ്താവിച്ചതും മുഴുവന്‍ ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനാനുമതി നല്‍കണമെന്ന് ആര്‍.എസ്.എസ് നേതാവ് പറഞ്ഞതും ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്.
Comments