Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 22

2948

1437 റജബ് 14

ധീരവനിതകളുടെ വലിയ ചരിത്രം തന്നെ നമുക്ക് പറയാനുണ്ടല്ലോ

സ്വഫിയ്യ അലി

മസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പുതിയ ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ സത്യധാരക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്ത്രീ ശാക്തീകരണത്തിന് പ്രത്യേക കൂട്ടായ്മയോ സംഘടനയോ ആവാമെന്നും സമസ്ത അതിന് എതിരല്ലെന്നും വ്യക്തമാക്കിയിരുന്നത്. അന്യപുരുഷന്മാര്‍ കൂടിക്കലരാത്ത വിധം ഏത് ശാക്തീകരണവും ആവാമെങ്കിലും സ്ത്രീയുടെ പ്രധാന മേഖല വീടും കുടുംബവും തന്നെയാണ്, അതിനെ അപ്രസക്തമാക്കുന്നതൊന്നും ഉണ്ടായിക്കൂടാ എന്ന അദ്ദേഹത്തിന്റെ പരാമര്‍ശം കപ്പോള്‍ വളരെ സന്തോഷം തോന്നി. എല്ലാവരും അതിനെ സ്വാഗതം ചെയ്തു. കാരണം, കേരള മുസ്‌ലിംകളില്‍ വലിയൊരു വിഭാഗം അണിനിരക്കുന്ന ഒരു പ്രസ്ഥാനത്തില്‍നിന്ന് ഇത്തരമൊരു പ്രസ്താവന ഇന്നത്തെ സാഹചര്യത്തില്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്ക് ആലിക്കുട്ടി മുസ്‌ലിയാരുടേതായി ഒരു പ്രസ്താവന വന്നു; 'സ്ത്രീ പൊതുരംഗവുമായി ബന്ധപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സ്വീകരിച്ചുവന്ന നിലപാടില്‍ മാറ്റമില്ല.' അതായത് ഇസ്‌ലാമികശരീഅത്തിന്റെ പരിധിക്കകത്തുനിന്നുകൊണ്ടുളള പ്രവര്‍ത്തനമാണ് ഉദ്ദേശ്യം. പൊതുരംഗത്ത് സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നത് അംഗീകരിക്കാനാവില്ല.' ആദ്യ പ്രസ്താവനയെ പൊതുസമൂഹം അനുകൂലിച്ച് സംസാരിക്കുന്നതിനിടയിലാണ് പഴയതിലേക്കുതന്നെ വീണ്ടും തിരിച്ചുനടക്കുന്നത്.

ജമാഅത്തെ ഇസ്‌ലാമി, നദ്‌വത്തുല്‍ മുജാഹിദീന്‍ പോലുള്ള പ്രസ്ഥാനങ്ങളില്‍ വനിതകള്‍ക്ക് പ്രത്യേകമായി സംഘടനകളുണ്ട്. മുസ്‌ലിം സ്ത്രീകളില്‍ വലിയൊരു വിഭാഗം ശാക്തീകരിക്കപ്പെടാനും അവരുടെ കഴിവുകള്‍ സമൂഹത്തിനും കുടുംബത്തിനും മാതൃകയാവുന്ന തരത്തില്‍ വളര്‍ത്തിക്കൊണ്ടുവരാനും ഈ സംഘടനകള്‍ മുഖേന സാധിച്ചിട്ടുണ്ട്. യഥാര്‍ഥ ഇസ്‌ലാമിക ജീവിതരീതി എന്തെന്നറിയാനും അത് പിന്തുടരാനും സ്ത്രീ പ്രാപ്തയാവുന്നു. സര്‍വ മേഖലകളിലും പുരുഷന്മാരോടൊപ്പം മുന്നിട്ടുനില്‍ക്കാനും അവള്‍ക്കാവുന്നുണ്ട്. വിദ്യാഭ്യാസ-സാംസ്‌കാരിക-സാമൂഹിക-രാഷ്ട്രീയ മേഖലകളില്‍ അവരുടെ ജീവിതത്തില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. 'സമസ്ത' സംഘടനകളില്‍ക്കൂടി ഇത്തരം മാറ്റങ്ങള്‍ ഉണ്ടായാല്‍ തീര്‍ച്ചയായും മുസ്‌ലിംവനിതകള്‍ ഒരു വലിയ ശക്തിയായി മാറുകയും സാമൂഹികമുന്നേറ്റത്തെ ത്വരിതപ്പെടുത്തുകയും ചെയ്യും.

ഈ വകവെച്ചുകൊടുക്കലുകളൊന്നും ആരുടെയും ഔദാര്യമല്ല എന്നതാണ് സത്യം. ഇസ്‌ലാമിന്റെ ആദ്യഘട്ടത്തില്‍ നബി (സ) സ്ത്രീകള്‍ക്ക് അനുവദിച്ചുകൊടുത്ത അവകാശങ്ങളാണ്. പ്രവാചകന്‍ സ്ത്രീകളെ ഒരു മേഖലയില്‍നിന്നും മാറ്റിനിര്‍ത്തിയിട്ടില്ല. പള്ളി മുതല്‍ പോര്‍ക്കളംവരെ സ്ത്രീകളുടെ സാന്നിധ്യമുണ്ടായിരുന്നു. ഇസ്‌ലാമിന്റെ മഹത്തായ ചരിത്രസംഭവങ്ങള്‍ക്കെല്ലാം സ്ത്രീകള്‍ സാക്ഷികളായിരുന്നു. ഉഹുദുയുദ്ധത്തില്‍ പുരുഷന്മാര്‍ പ്രവാചകനെ വിട്ടുപോയ സന്ദര്‍ഭത്തില്‍ ഉമ്മുഅമ്മാര്‍ (റ) ആണ് നബി(സ)യെ സംരക്ഷിക്കുന്നത്. ശത്രുക്കളെ തടുക്കുന്നതിനിടയില്‍ അവരുടെ ശരീരത്തില്‍ 12 മുറിവുകള്‍വരെ പറ്റിയിരുന്നു. നബി (സ) മരണംവരെ അവരെ ഓര്‍ക്കുകയും പ്രശംസിക്കുകയും ചെയ്തു. അതൊരു തെറ്റായി ഒരിക്കല്‍പോലും ചരിത്രം വ്യാഖ്യാനിച്ചിട്ടില്ല.

സ്ത്രീകള്‍ വിജ്ഞാനസദസ്സുകളില്‍ സന്നിഹിതരാവുകയും അവരുടെ അഭിപ്രായങ്ങള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. അവര്‍ ചോദ്യങ്ങള്‍ ചോദിച്ചു. നബി (സ)യുടെ വിയോഗത്തിനുശേഷം സ്വഹാബികള്‍ സങ്കീര്‍ണമായ വിഷയങ്ങളില്‍ ഫത്‌വകള്‍ തേടിയിരുന്നത് ആഇശ(റ)യോടായിരുന്നു. ഹുദൈബിയാ സന്ധിയുടെ ഘട്ടത്തില്‍ പ്രതിസന്ധി ഉരുുകൂടിയപ്പോള്‍ പ്രവാചകന്‍ അഭിപ്രായം ചോദിച്ചത് തന്റെ ഭാര്യ ഉമ്മുസല്‍മ(റ)യോടായിരുന്നു. അഖബ ഉടമ്പടിയനുസരിച്ച് മദീനയിലേക്ക് ഹിജ്‌റ പോവാനും അവിടെച്ചെന്ന് ഒരു രാഷ്ട്രം കെട്ടിപ്പടുക്കാനുമുള്ള ചിന്തകള്‍ക്ക് ചൂടു പിടിക്കുന്നത് ഒരു പാതിരാത്രിയിലായിരുന്നു. അതിലും രണ്ട് സ്ത്രീകളുടെ പങ്കാളിത്തമുണ്ടായിരുന്നു. 

ഇത്തരത്തില്‍ സാമൂഹികം, രാഷ്ട്രീയം, കച്ചവടം പോലുള്ള ഏത് രംഗത്തും സ്ത്രീക്ക് പങ്കാളിത്തമുണ്ടായിരുന്നു. അവിടങ്ങളിലൊന്നും പെണ്ണിന് ഇടം നല്‍കുന്നത് തെറ്റാണെന്നു പറഞ്ഞ് അവളെ മാറ്റിനിര്‍ത്തിയിട്ടില്ല. ഖുര്‍ആന്‍ പറയുന്നത് ഇങ്ങനെയാണ്: ''സത്യവിശ്വാസികളും വിശ്വാസിനികളും അവര്‍ പരസ്പരം സഹകാരികളാണ്. അവര്‍  നന്മ കല്‍പ്പിക്കുന്നു, തിന്മ വിരോധിക്കുന്നു. 

പിന്നെ നമസ്‌കാരം നിലനിര്‍ത്തുന്നു, സകാത്ത് നല്‍കുന്നു. അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്നു. അതിനാല്‍ അല്ലാഹുവിന്റെ അനുഗ്രഹം അവര്‍ക്കുണ്ട്.'' ഇഖാമത്തുദ്ദീനിന്റെ മാര്‍ഗത്തില്‍ പണിയെടുക്കാന്‍ പുരുഷന്മാരോടെന്ന പോലെതന്നെയാണ് സ്ത്രീകളോടും ആവശ്യപ്പെട്ടിട്ടുള്ളത്. പോരാട്ട ഭൂമിയിലും തെരുവിലും പള്ളിയിലും നാം കാണുന്നത് ഉയര്‍ന്ന ആദര്‍ശമൂല്യമുള്ള സ്ത്രീയും പുരുഷനും ചേര്‍ന്ന ഒറ്റ സമൂഹത്തെയാണ്. അതുകൊണ്ടുമാത്രം അവിടെ ഒരു പ്രശ്‌നവും ഉണ്ടാകുന്നില്ല. ആഇശ ബീവി(റ) ഫത്‌വ നല്‍കിയിരുന്നു. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ അവരെയും ഉള്‍പ്പെടുത്തിയിരുന്നു.

ഇത്തരം ചരിത്ര സംഭവങ്ങളെല്ലാം അറിയാമായിരുന്നിട്ടും, പ്രശംസനീയമായ പ്രസ്താവന നടത്തി പെട്ടെന്നുതന്നെ ആലിക്കുട്ടി മുസ്‌ലിയാര്‍ മാറ്റിപ്പറഞ്ഞതിന്റെ കാരണം മനസ്സിലാകുന്നില്ല. ശരീഅത്തിനകത്തുനിന്നുള്ള പ്രവര്‍ത്തനം, പുറത്തുനിന്നുള്ള പ്രവര്‍ത്തനം, പൊതുരംഗത്തുള്ള പ്രവര്‍ത്തനം ഇതിന്റെയൊക്കെ അര്‍ഥം ഒന്നുകൂടി വിശദീകരിക്കേണ്ടതുണ്ട്. ഖുര്‍ആന്‍ അന്നൂര്‍, അല്‍ അഹ്‌സാബ് അധ്യായങ്ങളിലെ വസ്ത്രധാരണ ശാസനകളൊന്നും പാലിക്കാതെ സ്ത്രീകള്‍ സ്വലാത്ത് നഗറുകളിലും അങ്ങാടികളിലും ചുറ്റിക്കറങ്ങുന്നതില്‍ ആര്‍ക്കും യാതൊരു എതിര്‍പ്പുമില്ലാതിരിക്കുകയും, സാമൂഹികരംഗത്ത് വിശുദ്ധി കാത്തുസൂക്ഷിച്ച് ഇസ്‌ലാമിന്റെ പരിധിക്കുള്ളില്‍നിന്നുകൊണ്ട് മാത്രം പ്രവര്‍ത്തിക്കുന്നത് തെറ്റാണെന്ന് പറയുകയും ചെയ്യുന്നതിന്റെ പൊരുള്‍ മനസ്സിലാകുന്നില്ല.

മറ്റു മതസ്ഥരിലും സ്ത്രീകളുടെ വിഷയത്തില്‍ ഇനിയും നിലപാട് വ്യക്തമാക്കപ്പെടേണ്ട വിഷയങ്ങളുണ്ട്. കോടതി ഉത്തരവുണ്ടായിട്ടുകൂടി ക്ഷേത്രസന്ദര്‍ശനത്തിന് അനുമതി നല്‍കാതെ നാട്ടുകാര്‍ സ്ത്രീകളെ തടയുന്നു. ഇതിന്റെയൊക്കെ പിന്നില്‍ യഥാര്‍ഥത്തില്‍ പൗരോഹിത്യത്തിന്റെ കളികളാണ്. പല മുസ്‌ലിംപള്ളികളിലും ഇപ്പോഴും സ്ത്രീകള്‍ക്ക് പ്രവേശനാനുമതി ഇല്ല. മര്‍യം ബീവി സകരിയ്യാ നബിയുടെ മേല്‍നോട്ടത്തില്‍ പള്ളിയുടെ മിമ്പറിനടുത്താണ് വളര്‍ന്നതെന്ന ഖുര്‍ആനിക വിവരണം ബോധപൂര്‍വം മറന്നതായിരിക്കണം. സ്ത്രീകള്‍ക്ക് പള്ളി വിലക്കുന്നതിന് എന്തടിസ്ഥാനമാണുള്ളത്? സ്ത്രീകള്‍ ഉദ്ബുദ്ധരായാല്‍ ഇതിനെയെല്ലാം ചോദ്യം ചെയ്ത് സ്ത്രീകള്‍ക്ക് അല്ലാഹു നല്‍കിയ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുമെന്നതുകൊണ്ടാണോ അവരെ പുറത്തിറക്കാനും സാമൂഹിക രംഗത്ത് അവര്‍ക്ക് സ്ഥാനം കൊടുക്കാനുമൊക്കെ പേടിക്കുന്നത്?  ഇതിന് വ്യക്തമായ ഒരു വിശദീകരണം അതത് സംഘടനകളുടെയും പണ്ഡിതന്മാരുടെയും പക്ഷത്തുനിന്നുതന്നെ ഉണ്ടാവണം.

പ്രവാചകത്വം ലഭിച്ച നബി (സ) നേരെ ചെന്നതും അതാദ്യമായി അംഗീകരിക്കാന്‍ തയാറായതും ഖദീജയെന്ന സ്ത്രീയാണ്. ഒരു പുരുഷനെയും തേടിയല്ല പ്രവാചകന്‍ പോയത്. ഇത് സ്ത്രീക്കുള്ള അംഗീകാരമാണ്. ഇസ്‌ലാമിലെ ആദ്യ രക്തസാക്ഷി സുമയ്യ എന്ന സ്ത്രീയാണ്. ഇത്തരം ധീരവനിതകളുടെ ഉദാഹരണങ്ങള്‍ ചരിത്രം പറഞ്ഞുതരുന്നു. ഇത്തരം നിര്‍ണായക സന്ദര്‍ഭങ്ങളിലൊന്നും പ്രവാചകന്‍ അവരെ തടഞ്ഞില്ലെന്നു മാത്രമല്ല, അവരെ പ്രശംസിക്കുകയാണ് ചെയ്തിട്ടുള്ളതെന്ന് നാം മനസ്സിലാക്കണം.  

തയാറാക്കിയത്: ബിശാറ മുജീബ് 

Comments

Other Post

ഹദീസ്‌

നേരെചൊവ്വെ നിലകൊള്ളുക
അബ്ദുര്‍റഹ്മാന്‍ തുറക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /12-15
എ.വൈ.ആര്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /16-20
എ.വൈ.ആര്‍