Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 22

2948

1437 റജബ് 14

സ്ത്രീകളോടുള്ള സമീപനം ഇനിയും എത്ര മാറാനുണ്ട്

റസിയ ചാലക്കല്‍

തെരഞ്ഞെടുപ്പുചൂടില്‍ തിളച്ചുമറിയുന്ന കേരളം ചര്‍ച്ചകളും വാഗ്വാദങ്ങളും കൊണ്ട് സജീവമാവുകയാണ്. പുറത്തുവന്ന സ്ഥാനാര്‍ഥി പട്ടികയില്‍ സ്ത്രീകള്‍ക്ക് ഗണ്യമായ പ്രാതിനിധ്യം നല്‍കപ്പെട്ടില്ല എന്നതാണ് ഏറ്റവും ഗൗരവതരമായ ഒരു വിഷയം. പ്രതിപ്പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് മുസ്‌ലിം ലീഗാണ് എന്നുകൂടി ചേര്‍ത്തുവായിക്കുമ്പോള്‍ കുടുംബ-സാമൂഹിക മണ്ഡലങ്ങളിലെ മുഖ്യധാരയില്‍നിന്ന് എന്നും എപ്പോഴും മുസ്‌ലിം സ്ത്രീ മാറ്റിനിര്‍ത്തപ്പെടുന്നു എന്ന പൊതുധാരണക്ക് ആക്കം കൂടുന്നു. 

ഇതിനിടയിലാണ് ആശാവഹമായ മറ്റൊരു വാര്‍ത്ത പുറത്തുവന്നത്. സ്ത്രീ ശാക്തീകരണത്തിന് ആവശ്യമെങ്കില്‍ വനിതാ സംഘടനകള്‍ ആകാമെന്ന 'സമസ്ത' നേതാവിന്റെ പ്രസ്താവന. സാമുദായിക രാഷട്രീയ സംഘടനകളുടെ സ്ത്രീകളോടുള്ള സമീപനത്തില്‍ കാലങ്ങളായി നിലനില്‍ക്കുന്ന വിവേചനം എന്നും സജീവ ചര്‍ച്ചക്ക് വിഷയീഭവിക്കാറുണ്ടെങ്കിലും, സ്ത്രീയോടുള്ള സമീപനത്തില്‍ ഇനിയും കാതലായ മാറ്റം സംഭവിച്ചിട്ടില്ലെന്നു തന്നെ വേണം കരുതാന്‍. 

ശരീരഘടനയിലും മാനസിക-വൈകാരിക ഭാവങ്ങളിലും വ്യത്യസ്തതകള്‍ ഏറെയുള്ള സ്ത്രീ പുരുഷന്മാരുടെ കര്‍മധര്‍മങ്ങളും വിഭിന്നമാണ്. വൈശിഷ്ട്യങ്ങള്‍ വാരിവിതറിയാണ് സ്ത്രീയെയും പുരുഷനെയും പടച്ച തമ്പുരാന്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇരുകൂട്ടരുടെയും സാന്നിധ്യവും സേവനവും കുടുംബത്തിലും സമൂഹത്തിലും അനിവാര്യമാണ്. കുടുംബമാണ് സ്ത്രീയുടെ പ്രഥമ കര്‍മമണ്ഡലമെങ്കിലും അനിവാര്യഘട്ടത്തില്‍ സാമൂഹിക ധര്‍മവും സ്ത്രീക്ക് ഇസ്‌ലാം അനുവദിച്ചിട്ടുണ്ട്. എന്നു മാത്രമല്ല, അല്ലാഹു അനുവദിച്ചു തന്നിട്ടുള്ള അവകാശങ്ങള്‍ ഹനിക്കപ്പെടുമ്പോള്‍ കൃത്യമായ ഇടപെടലുകള്‍ അവള്‍ നടത്തിയതിന് ചരിത്രത്തില്‍ അനവധി തെളിവുകളുമുണ്ട്. സ്ത്രീക്ക് നിയമപരിരക്ഷ വാഗ്ദാനം ചെയ്യുന്ന നമ്മുടെ നാട്ടില്‍, പക്ഷേ, അവളുടെ പ്രശ്‌നങ്ങള്‍ അനുദിനം വര്‍ധിച്ചുവരികയാണ്. സംവരണവും ബില്ലുകളും ആക്ടും ആക്ടിവിസ്റ്റുകളും ഏറെ സജീവമായിട്ടും സ്ത്രീക്ക് നീതി ലഭിക്കുന്നില്ല എന്നത് അനിഷേധ്യ യാഥാര്‍ഥ്യമാണ്. വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ ശാക്തീകരണ വഴിയില്‍ അവള്‍ ഏറെ മുന്നോട്ടു ഗമിച്ചുവെങ്കിലും, വ്യക്തി സ്വാതന്ത്ര്യവും സാമൂഹിക സുരക്ഷിതത്വവും ഇന്നും അവള്‍ക്ക് അപ്രാപ്യമാവുകയാണ്. 

സ്ത്രീയെ സ്വതന്ത്ര വ്യക്തിയായി അംഗീകരിക്കുകയും, ആരാധനാ-അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ നല്‍കി കുടുംബ-സാമൂഹിക മണ്ഡലങ്ങളില്‍ വ്യക്തവും കൃത്യവുമായ സ്ഥാനം നിശ്ചയിച്ചുകൊടുക്കുകയും ചെയ്ത ഇസ്‌ലാം അനിവാര്യഘട്ടങ്ങളില്‍ സാമൂഹികമായ അവളുടെ ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുകയും അനുവദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രസ്തുത അവകാശങ്ങള്‍ പൂര്‍ണമായി അനുഭവിക്കാന്‍ ഇന്നും മുസ്‌ലിം സ്ത്രീക്ക് സാധിക്കുന്നില്ല എന്നതിനാല്‍ ഇസ്‌ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടാണ് മുസ്‌ലിം സ്ത്രീയുടെ അവകാശ സ്വാതന്ത്ര്യങ്ങളെ കുറിച്ച ചര്‍ച്ചകള്‍ നടക്കുന്നത്. 'സത്യവിശ്വാസികളും വിശ്വാസിനികളും പരസ്പരം സഹകാരികളാണ്; അവര്‍ നന്മ കല്‍പ്പിക്കുന്നു, തിന്മ വിരോധിക്കുന്നു' എന്ന ഖുര്‍ആന്‍ വചനം പുരുഷനോടൊപ്പമുള്ള സ്ത്രീയുടെ ധാര്‍മിക ഉത്തരവാദിത്തത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. നന്മയുടെ സംസ്ഥാപനവും തിന്മയുടെ ഉഛാടനവും സ്ത്രീ പുരുഷന്മാരുടെ കൂട്ടുത്തരവാദിത്തമാണെന്ന് ചുരുക്കം. പ്രവാചകന്റെ കാലത്ത് പള്ളിയിലും പാര്‍ലമെന്റിലും വിജ്ഞാന സദസ്സുകളിലും മുസ്‌ലിം സ്ത്രീക്ക് പ്രവേശം നല്‍കപ്പെട്ടിരുന്നതും, സ്രഷ്ടാവായ നാഥന്‍ സ്ത്രീക്ക് അനുവദിച്ചുനല്‍കിയ അവകാശങ്ങള്‍ക്കുമേല്‍ കൈവെക്കാന്‍ പുരുഷന്‍ ശ്രമിച്ചപ്പോഴൊക്കെ അല്ലാഹുവും റസൂലും ശക്തമായി ഇടപെട്ടതും ചരിത്രത്തിലെ അവിസ്മരണീയ യാഥാര്‍ഥ്യങ്ങളാണ് എന്നു മാത്രമല്ല, തന്റെ വ്യക്തിത്വവും അസ്തിത്വവും ചോദ്യം ചെയ്യപ്പെട്ടപ്പോഴൊക്കെ ചരിത്രത്തിലെ മുസ്‌ലിം സ്ത്രീ ശക്തമായ ഇടപെടലുകള്‍ നടത്തി കരുത്ത് തെളിയിച്ചിട്ടുമുണ്ട്. മഹ്‌റിന്റെ വിഷയത്തില്‍ ഖലീഫ ഉമറി(റ)നെ ചോദ്യം ചെയ്തതും തന്നോട് സമ്മതം ചോദിക്കാതെ വിവാഹം ചെയ്തുകൊടുത്ത പിതാവിനെക്കുറിച്ച് പ്രവാചകനോട് പരാതി പറഞ്ഞതും മുസ്‌ലിം സ്ത്രീ അനുഭവിച്ച അവകാശ സ്വാതന്ത്ര്യത്തിന്റെ മധുരോദാഹരണങ്ങളാണ്. ഭര്‍ത്താവിനെ സ്‌നേഹിക്കാന്‍ കഴിയുന്നില്ല എന്ന ഏക കാരണത്താല്‍ വിവാഹമോചനം ആവശ്യപ്പെടുകയും അത് നേടിയെടുക്കുകയും ചെയ്ത സാബിതുബ്‌നു ഖൈസിന്റെ ഭാര്യയും, പണ്ഡിതയും വാഗ്മിയും കവയത്രിയുമായിരുന്ന ആഇശ(റ)യുമൊക്കെ ഇസ്‌ലാമിന്റെ തണലില്‍ വളര്‍ന്നുവികസിച്ച സ്ത്രീ രത്‌നങ്ങളായിരുന്നു. 

കാലാന്തരത്തില്‍ അക്ഷരലോകത്ത് നിന്നുപോലും മാറ്റിനിര്‍ത്തപ്പെട്ട മുസ്‌ലിം സ്ത്രീ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതോടെ കുടുംബത്തിലെന്ന പോലെ സമൂഹത്തിലും കൃത്യമായ ഇടം ലഭിക്കാതെ, വിവേകവും വീക്ഷണവും നഷ്ടപ്പെട്ട നിര്‍ജീവ ജന്മങ്ങളായി തരംതാഴ്ത്തപ്പെട്ടു. പെണ്ണിന് വിദ്യാഭ്യാസം ഹറാമാണെന്ന് ഫത്‌വ ഇറക്കിയവര്‍, പക്ഷേ, പിന്നീട് ഒരു പൊളിച്ചെഴുത്തിന് തന്നെ നിര്‍ബന്ധിതരായി. പെണ്‍കുട്ടികള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന കലാലയങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളം നിലവില്‍ വന്നത് ഈ മാറ്റത്തിന്റെ ഫലമായിട്ടാണ്. എങ്കിലും പരിഷ്‌കരണ പ്രസ്ഥാനങ്ങളൊഴികെ ഇതര മുസ്‌ലിം സംഘടനകള്‍ പലതും ഇപ്പോഴും മുസ്‌ലിം സ്ത്രീക്ക് വൈജ്ഞാനിക-സാംസ്‌കാരിക-സാമൂഹിക മേഖലകളില്‍ വ്യക്തമായ ഇടം നല്‍കാന്‍ വിസമ്മതിക്കുന്നു. സ്ത്രീ, സമൂഹത്തിന്റെ നിര്‍ണായക ഭാഗമാണെന്നംഗീകരിക്കാത്ത ഇക്കൂട്ടരാണ് പെണ്ണ് പ്രസവിച്ചാല്‍ മതിയെന്ന് വിധിയെഴുതിയത്. സമൂഹത്തിന്റെ മുഖ്യധാരയിലേക്കുള്ള അവളുടെ പ്രവേശത്തെ നിശിതമായി വിമര്‍ശിച്ചവര്‍ അവളുടെ അവകാശങ്ങള്‍ക്കുമേല്‍ കൈവെക്കാന്‍ ലഭ്യമായ എല്ലാ അവസരങ്ങളും അതിസമര്‍ഥമായി ഉപയോഗപ്പെടുത്തി. 

ക്ഷേത്രങ്ങളും ചര്‍ച്ചുകളും സ്ത്രീകള്‍ക്കായി വാതില്‍തുറന്നുകൊടുത്തപ്പോള്‍, മുസ്‌ലിം സ്ത്രീക്കു മുന്നില്‍ പള്ളിയുടെ പടിവാതില്‍ കൊട്ടിയടച്ചുകൊണ്ട് അവളുടെ ആരാധനാ സ്വാതന്ത്ര്യത്തിനുമേല്‍ അധികാരം സ്ഥാപിച്ചു. തീര്‍ഥാടനം പുണ്യമാക്കപ്പെട്ട മസ്ജിദുല്‍ ഹറാമിലും മദീനയിലെ പ്രവാചകന്റെ പള്ളിയിലുമടക്കം ലോക മുസ്‌ലിം രാഷ്ട്രങ്ങളിലെവിടെയും സ്ത്രീക്ക് പള്ളി വിലക്കപ്പെട്ടിട്ടില്ല. പൊതുനിരത്തിലും മൈതാനങ്ങളിലും, മാളുകളിലും സര്‍ക്കസ് ഗ്രൗണ്ടിലുമൊക്കെ പെണ്ണിന് കറങ്ങിനടക്കാം. ഉറൂസ്, ആണ്ടുനേര്‍ച്ച, ചന്ദനക്കുട മഹോത്സവങ്ങള്‍ക്ക് സാക്ഷിയാകാന്‍ അര്‍ധരാത്രിയില്‍ പോലും ഇടവഴിയിലും, പള്ളിമുറ്റത്തും വരെ തടിച്ചുകൂടുന്ന സ്ത്രീജനങ്ങള്‍ക്കെതിരെ ഒരു ഫത്‌വയും ഇറങ്ങിയതായി കണ്ടിട്ടില്ല. ദര്‍ഗകളിലേക്കും മഖ്ബറകളിലേക്കും സ്ത്രീകളെ ആട്ടിത്തെളിച്ചുകൊണ്ടുപോകുന്നവര്‍ അല്ലാഹുവിന്റെ ഭവനത്തിലും ഇതര വിജ്ഞാനസദസ്സുകളിലും സ്ത്രീകള്‍ കടന്നുവരുമ്പോള്‍ എന്തപകടമാണ് ദര്‍ശിക്കുന്നതെന്ന് വ്യക്തമല്ല. അതെന്തായാലും അവളുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ഭീതിയല്ല, മറിച്ച്, അവള്‍ നേടുന്ന അറിവിനെയും അതിലൂടെ അവള്‍ നേടുന്ന അവകാശബോധത്തെയുമാണ് ഇക്കൂട്ടര്‍ ഭയക്കുന്നത്. 

യാത്രകള്‍ അനിവാര്യമായ പുതിയ കാലത്ത് 'യാത്രക്കാരായ സ്ത്രീകള്‍ക്ക് നമസ്‌കാര സൗകര്യം' എന്ന ബോര്‍ഡിന് താഴെ പള്ളിയോട് ചേര്‍ന്നു തന്നെ പ്രത്യേക മുറിയൊരുക്കാന്‍ പലരും നിര്‍ബന്ധിതരായിരിക്കുകയാണ്. ശബരിമലയിലെ സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉന്നയിച്ച 'ആത്മീയത പുരുഷന്റെ മാത്രം കുത്തകയാണോ?' എന്ന ചോദ്യം തന്നെയാണ് മുസ്‌ലിം സ്ത്രീക്കും ചോദിക്കാനുള്ളത്. വ്യക്തിസ്വാതന്ത്ര്യം പുരുഷനെന്ന പോലെ സ്ത്രീക്കുമുണ്ട്. അവളുടെ അസ്തിത്വവും വ്യക്തിത്വവും സ്വന്തവും സ്വതന്ത്രവുമാണ്. 

പുരുഷന് അവളുടെ സംരക്ഷണച്ചുമതല നല്‍കിയത്, അവളുടെ അവകാശ സ്വാതന്ത്ര്യങ്ങള്‍ കവര്‍ന്നെടുക്കാനുള്ള പുരുഷന്റെ അധികാരമല്ല. 

വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ട് അടുത്തകാലത്തായി മുസ്‌ലിം സ്ത്രീ നടത്തിയ മുന്നേറ്റങ്ങള്‍ വളരെ വലുതാണ്. അല്ലാഹുവും റസൂലും അവള്‍ക്കനുവദിച്ചുനല്‍കിയ അവകാശങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ അനുഭവിക്കാന്‍ മഹാഭൂരിപക്ഷത്തിനും സാധിക്കുന്നില്ല എന്നതാണ് മുസ്‌ലിം സ്ത്രീയുടെ പതിതാവസ്ഥക്ക് കാരണം. മദ്യപാനം, സ്ത്രീധനം, ഗാര്‍ഹിക പീഡനം തുടങ്ങിയവ മൂലം സ്ത്രീസമൂഹം പൊതുവില്‍ അനുഭവിക്കുന്ന ദുരിതപര്‍വത്തിനു പുറമെ, ബഹുഭാര്യത്വ-വിവാഹമോചന വിഷയങ്ങളില്‍ മുസ്‌ലിം സ്ത്രീ അനുഭവിക്കുന്ന നീതിനിഷേധം വാക്കുകള്‍ക്കപ്പുറമാണ്. കൃത്യവും വ്യക്തവുമായ നിയന്ത്രണങ്ങളോടെ ഇസ്‌ലാം അനുവദിച്ച ബഹുഭാര്യത്വ-വിവാഹമോചന നിയമങ്ങള്‍ തികഞ്ഞ ലാഘവത്തോടെ എടുത്തുപയോഗിക്കുന്നവര്‍ നടത്തുന്ന ക്രൂരമായ അവകാശധ്വംസനത്തിനെതിരെ ചെറുവിരലനക്കാന്‍ പോലും സാധിക്കാതെ നിസ്സഹായരാകുന്ന സ്ത്രീകള്‍ അനവധിയാണ്. 

ആഴ്ചകള്‍ക്കുമുമ്പ് ജസ്റ്റിസ് കമാല്‍ പാഷ, ദുരുപയോഗം ചെയ്യപ്പെടുന്ന ബഹുഭാര്യത്വത്തെക്കുറിച്ച് പരാമര്‍ശിക്കവെ, സന്ദര്‍ഭവശാല്‍ പറഞ്ഞുപോയ ബഹുഭര്‍തൃത്വ വിഷയം ഏറ്റെടുത്ത് വിവാദമാക്കാന്‍ ശ്രമിച്ചവര്‍, പക്ഷേ, അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ കാതലായ വിഷയത്തെക്കുറിച്ച് സംസാരിക്കാന്‍ തെല്ലും ഉത്സാഹം കാണിച്ചില്ല. മുസ്‌ലിം വ്യക്തി നിയമം ഖുര്‍ആനിലും തിരുസുന്നത്തിലും അധിഷ്ഠിതമല്ലെന്നും ഇന്ത്യന്‍ സാഹചര്യത്തില്‍ ത്വലാഖ് എളുപ്പവും ഫസ്ഖ് പ്രയാസകരവുമാണെന്നും പറഞ്ഞുവെച്ച അദ്ദേഹം യഥാര്‍ഥത്തില്‍ സംസാരിച്ചത് ക്രൂരമായ നീതിനിഷേധം അനുഭവിക്കുന്ന മുസ്‌ലിം സ്ത്രീകള്‍ക്കുവേണ്ടിയാണ്. അതിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ എന്തേ നമുക്ക് കഴിയാതെ പോയത്?

അകാല വൈധവ്യം മൂലം അനാഥരായ കുഞ്ഞുങ്ങളുടെ സംരക്ഷണം ഏറ്റെടുക്കേണ്ടിവന്നവര്‍, വ്യക്തി സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടവര്‍, ഗാര്‍ഹിക പീഡനത്താല്‍ ഞെരുങ്ങുന്നവര്‍, അനിയന്ത്രിതമായ മുത്തലാഖും ബഹുഭാര്യത്വവും കൊണ്ട് കഷ്ടതയനുഭവിക്കുന്നവര്‍, മോചനം അസാധ്യമായതിന്റെ പേരില്‍ ജീവിതം സഹിച്ചുതീര്‍ക്കുന്നവര്‍-സ്ത്രീകള്‍ അനുഭവിക്കുന്ന ഈ ദുരിതങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള വേദികള്‍ പോലും സമുദായത്തിനില്ലാതെപോയി എന്നത് പുരുഷാധിപത്യം ശക്തമായി തുടരുന്നതിന്റെ തെളിവാണ്. 

ഈ സാഹചര്യത്തിലാണ് മുസ്‌ലിം സ്ത്രീയുടെ ശാക്തീകരണത്തിന് സംഘടനയും പൊതുമണ്ഡല പ്രവേശവുമൊക്കെ അനിവാര്യമാണെന്ന് ചിന്തിച്ചുപോകുന്നത്. മഹല്ലുകളിലും നിയമനിര്‍മാണ സഭകളിലുമുള്ള അവളുടെ സാന്നിധ്യം കാലഘട്ടത്തിന്റെ അനിവാര്യതയായി മാറുന്നുവെന്നത് നാം അംഗീകരിച്ചേ പറ്റൂ. വിദ്യാഭ്യാസ-തൊഴില്‍ മേഖലകളിലെ മുസ്‌ലിം പെണ്‍കുട്ടികളുടെ വര്‍ധിച്ച സാന്നിധ്യത്തിന്റെ പ്രതിഫലനം സാമൂഹിക മണ്ഡലത്തില്‍ കൂടി ഉണ്ടാകത്തക്കവിധം പൊതുമണ്ഡലത്തില്‍ കൃത്യമായ ഒരിടം അവള്‍ക്ക് ലഭിക്കേണ്ടത് അനിവാര്യമാണ്. 

ഏറെ വൈകിയാണെങ്കിലും 'സമസ്ത' മുന്നോട്ടുവെച്ച ആശയം ആശാവഹം തന്നെയാണ്. ഒറ്റപ്പെട്ട സ്വരങ്ങള്‍ അന്തരീക്ഷത്തില്‍ അലിഞ്ഞില്ലാതാകുമ്പോള്‍ സംഘടിത ശക്തിക്ക് നിര്‍ണായക വിഷയങ്ങളില്‍ കൃത്യമായ ഇടപെടലുകള്‍ നടത്താന്‍ കഴിയും എന്നതാണതിന്റെ ഗുണം. 

ജമാഅത്തെ ഇസ്‌ലാമി-മുജാഹിദ് പ്രസ്ഥാനങ്ങളിലെ വനിതാ സംഘടനകള്‍ നാളിതുവരെ നടത്തിയ സംഘടിത പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ മുസ്‌ലിം സ്ത്രീകള്‍ക്കിടയില്‍ പുത്തനുണര്‍വുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഖുര്‍ആന്‍ സ്റ്റഡി സെന്ററുകളിലെ വര്‍ധിച്ച സ്ത്രീ സാന്നിധ്യം അതിനൊരുദാഹരണം മാത്രം. എങ്കിലും വലിയൊരു വിഭാഗം ഇന്നും അന്ധവിശ്വാസാനാചാരങ്ങളിലും അജ്ഞതയിലും മുങ്ങിത്തപ്പുകയാണ്. ഒരു സമൂഹത്തെയും സംസ്‌കാരത്തെയും രൂപപ്പെടുത്തേണ്ട സ്ത്രീയുടെ മടിത്തട്ട് അജ്ഞതാന്ധകാരത്തില്‍ തപ്പിത്തടയുമ്പോള്‍ വരുംതലമുറക്കാണ് അതിന്റെ ആത്യന്തിക നഷ്ടം സംഭവിക്കുക. അറിവു നേടാനും തദനുസൃതമായി കുടുംബത്തെ സംവധാനിക്കാനും സ്ത്രീ വിഷയങ്ങളില്‍ കൃത്യമായ ഇടപെടലുകള്‍ നടത്താനും സ്ത്രീകള്‍ സംഘടിച്ചാല്‍ സാധിക്കും എന്ന 'സമസ്ത'യുടെ പുതിയ തിരിച്ചറിവ് സമുദായത്തിന്റെ അടുക്കളയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രതീക്ഷയാണ് നല്‍കുന്നത്. 

സംഘടിത ശക്തിയും പൊതുമണ്ഡലത്തിലേക്കുള്ള എന്‍ട്രിയും നേടുന്നതോടൊപ്പം ലഭ്യമായ അവസരങ്ങള്‍ ബുദ്ധിപൂര്‍വം ഉപയോഗപ്പെടുത്താനുള്ള കഴിവും സ്ത്രീ ആര്‍ജിക്കേണ്ടതുണ്ട്. സ്ത്രീ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതുപോലും പുരുഷന്മാരാണ് എന്ന ഇന്നത്തെ അവസ്ഥ മാറി, പകരം സ്ത്രീയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം അവര്‍ തന്നെ കണ്ടെത്തുന്ന സ്വയം പര്യാപ്തതയുടെ തലത്തിലേക്കുയരാന്‍ അവള്‍ക്ക് കഴിയണം. ഭരണതലത്തിലെത്തുന്നവര്‍ പലരും റബര്‍ സ്റ്റാമ്പ് കണക്കെ നിസ്സഹായരും നിസ്സംഗരും കഴിവുകെട്ടവരുമാകുന്നത് സ്ത്രീ സമൂഹത്തിന് സംഭവിക്കുന്ന ഏറ്റവും വലിയ അപചയമാണ്. 

സ്ത്രീ സ്വയം ഉണര്‍ന്നു പ്രവര്‍ത്തിക്കുക എന്നതുപോലെ പ്രധാനമാണ് അവളെ അംഗീകരിക്കാനും ഉള്‍ക്കൊള്ളാനുമുള്ള മനസ്സ് പുരുഷനിലുണ്ടാവുക എന്നതും. സമൂഹത്തിന്റെ അര്‍ധാംഗമായ സ്ത്രീയെ കൂടി ഉള്‍ക്കൊള്ളുന്ന സംവിധാനത്തിനു മാത്രമേ പൂര്‍ണമായ സാമൂഹിക പരിവര്‍ത്തനത്തിന് സാധിക്കൂ. കഴിവുള്ള സ്ത്രീകളെപോലും മാറ്റിനിര്‍ത്തുന്ന മത-രാഷ്ട്രീയ സംഘങ്ങള്‍ സ്ത്രീകളോട് മാത്രമല്ല, സമൂഹത്തോടുതന്നെയാണ് അനീതി കാണിക്കുന്നത്. പ്രവാചകനും ഖലീഫമാരും സ്ത്രീ വിഷയങ്ങളില്‍ അഭിപ്രായം ആരാഞ്ഞത് സ്ത്രീകളോടു തന്നെയാണ് എന്നതും പ്രത്യേകം പ്രസ്താവ്യമാണ്. പൊതുമേഖലയിലും ഭരണരംഗത്തും കഴിവും മികവും തെളിയിച്ച് നമുക്കുമുമ്പേ കടന്നുപോയ ഒട്ടനേകം സ്ത്രീകള്‍ ഉണ്ടെന്നിരിക്കെ മുഖ്യധാരയിലേക്കുള്ള അവളുടെ കടന്നുവരവിനോട് എന്തിന് ഇനിയും ഈ നീരസം?  

Comments

Other Post

ഹദീസ്‌

നേരെചൊവ്വെ നിലകൊള്ളുക
അബ്ദുര്‍റഹ്മാന്‍ തുറക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /12-15
എ.വൈ.ആര്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /16-20
എ.വൈ.ആര്‍