Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 22

2948

1437 റജബ് 14

പഞ്ചേന്ദ്രിയബദ്ധമായ ചിന്തയുടെ പരിമിതികള്‍

പി.പി അബ്ദുര്‍റസ്സാഖ്

മനസ്സും ചിന്തയുടെ വിതാനങ്ങളും ഖുര്‍ആനില്‍-4

പഞ്ചേന്ദ്രിയങ്ങളും മനസ്സും ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴാണ് ചിന്ത എന്ന ഉല്‍പന്നം ഉണ്ടാകുന്നത്. ഇന്ദ്രിയങ്ങള്‍ക്കു ചുരുങ്ങിയത് മൂന്നുതരം പരിമിതികളുണ്ട്: ഒന്നാമതായി, പ്രാപഞ്ചിക പ്രതിഭാസങ്ങളെ സംബന്ധിച്ച് നമുക്ക് നല്‍കപ്പെട്ട ഇന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ ആ പ്രതിഭാസങ്ങളെ സംബന്ധിച്ച പൂര്‍ണമായ വിവരങ്ങള്‍ ആകണമെന്നില്ല. നമുക്ക് പ്രതിഭാസങ്ങളുടെ അഞ്ചു ഗുണങ്ങളേ അനുഭവിക്കാനാവൂ എന്നത് നമുക്ക് അഞ്ചു ഇന്ദ്രിയങ്ങള്‍ മാത്രമേ നല്‍കപ്പെട്ടിട്ടുള്ളൂ എന്നതിനാലാണ്. നമുക്ക് നല്‍കപ്പെടാതെപോയ ഇന്ദ്രിയങ്ങള്‍ ഏതാണെന്നുപോലും നമുക്ക് അറിയാന്‍ നിവൃത്തിയില്ല.   എന്നാല്‍ നമുക്ക് അനുഭവിക്കാന്‍ സാധിക്കാത്ത മറ്റു ഗുണങ്ങള്‍ ഈ പ്രതിഭാസങ്ങള്‍ക്ക് ഉണ്ടാകാനുള്ള സാധ്യത, നമുക്ക് ആ ഇന്ദ്രിയങ്ങള്‍ നല്‍കപ്പെട്ടിട്ടില്ല എന്ന കാരണത്താല്‍ തള്ളിക്കളയാന്‍ സാധിക്കില്ല. അടിസ്ഥാനപരമായി മനുഷ്യന്‍ എന്നത് ഈ അര്‍ഥത്തിലും ഒരു പ്രോഗ്രാം ചെയ്യപ്പെട്ട ജീവിയാണ്. താന്‍ പ്രോഗ്രാം ചെയ്യപ്പെട്ട അവസ്ഥയെ അതിലംഘിക്കാനോ മാറ്റിമറിക്കാനോ അവന് സാധ്യമല്ല. 

രണ്ടാമതായി, അവന്റെ ഇന്ദ്രിയങ്ങള്‍ക്ക് സ്ഥലകാല പരിമിതികളുണ്ട്. നിശ്ചിത ദൂരത്തിലും കാലത്തിലുമുള്ള പ്രകൃതിപ്രതിഭാസങ്ങളെ മാത്രമേ മനുഷ്യന് അനുഭവിക്കാന്‍ സാധിക്കുകയുള്ളൂ. മൂന്നാമതായി, ഈ പരിമിതികള്‍ക്കുള്ളില്‍ അനുഭവിക്കുന്നതിനെ സംബന്ധിച്ച തെറ്റായ വിവരം ലഭിക്കാന്‍ സാധ്യതയുണ്ട്. ചിന്ത ഉല്‍പാദിപ്പിക്കാന്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ ഉപകരണമായ മനസ്സ് നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നു എന്നത് ഒരു മനുഷ്യന്‍ ജനിച്ചുവീണു വളര്‍ന്നുകൊണ്ടിരിക്കുമ്പോഴുള്ള മാത്രം അനുഭവമല്ല. ഒരു സമൂഹമെന്ന നിലയില്‍ മനുഷ്യന്റെ ചരിത്രാനുഭവം കൂടിയാണ്. നേരത്തേ പറഞ്ഞതുപോലെ പൂര്‍ണതയില്‍ വികാസമുണ്ടാവില്ല. വികസിച്ചുകൊണ്ടേയിരിക്കുന്നുവെന്നത് നമ്മുടെ മനസ്സും അപൂര്‍ണമാണെന്ന് വ്യക്തമാക്കുന്നു. സ്വാഭാവികമായും, ഈ പറഞ്ഞ സ്വഭാവത്തിലുള്ള ഇന്ദ്രിയങ്ങളും മനസ്സും സഹകരിച്ച് ഉല്‍പാദിപ്പിക്കുന്ന ചിന്തയും ഇത്തരം ന്യൂനതകളില്‍നിന്നും കുറവുകളില്‍നിന്നും പരിമിതികളില്‍നിന്നും മുക്തമാവുക സംഭവ്യമല്ല.      

ചിന്ത എങ്ങനെ പ്രതിഫലിക്കുന്നു?

തലച്ചോറും ഹൃദയവും ശരീരത്തിന്റെ ഇതര ഭാഗങ്ങളും ഉള്‍പ്പെടുന്ന ഹാര്‍ഡ് ഡിസ്‌കില്‍ പ്രോഗ്രാം ചെയ്തിരിക്കുന്നതായി അനുഭവപ്പെടുന്ന മനസ്സെന്ന സോഫ്റ്റ്‌വെയര്‍ മനുഷ്യനിലെ നേരത്തേ പറഞ്ഞ എല്ലാ പരിമിതികളോടും കുറവുകളോടും കൂടിയ ചിന്താപ്രക്രിയയായി ആറു രൂപങ്ങളിലാണ് പ്രതിഫലിക്കുന്നത്. മനുഷ്യനെ അടുത്ത തലമുറക്ക് കൈമാറാനുള്ള വെറും ജീനുകളുടെ സൂക്ഷിപ്പുകാരായി മാത്രം ചുരുങ്ങാന്‍ അനുവദിക്കാത്തതും അവന്റെ ഈ ചിന്താശേഷിയാണ്.

1. തദക്കുര്‍:  ഖുര്‍ആനില്‍ ഇനി പറയാന്‍ പോകുന്ന മറ്റു അഞ്ചു ചിന്താപ്രതിഭാസങ്ങളേക്കാളും വളരെ കൂടുതല്‍ പരാമര്‍ശവിധേയമായിട്ടുള്ളതാണിത്. ഭിന്നക്രിയാ രൂപങ്ങളില്‍ അത് പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ക്രിയാ രൂപങ്ങളില്‍ പ്രതിപാദിക്കപ്പെട്ടതും ഏറ്റവും ആദ്യം പരാമര്‍ശ വിധേയമായതും ഓര്‍മയുമായി ബന്ധപ്പെട്ട 'ദിക്ര്‍' എന്ന പദത്തില്‍നിന്നും നിഷ്പന്നമായതുമാണത് (2:40).  ഖുര്‍ആനിലെ ആറു ചിന്താപ്രതിഭാസങ്ങളില്‍ ഏറ്റവും അവസാനം വരെ പരാമര്‍ശവിധേയമായതും 'ദിക്ര്‍' എന്ന പദം തന്നെയാണ് (94:4). ഓര്‍മയുടെ മറുപുറത്ത് മറവിയെയും, മറന്നതിനെ ഓര്‍ക്കുന്നതിനെയും (18:24), മറന്നതിനെ തന്നെ മറന്നുപോവുന്നതിനെയും (19:23) വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ തദക്കുറിന്റെ ഏറ്റവും ഉയര്‍ന്നതും ഉത്തമവുമായ ഭാവമാണ് ദൈവസ്മരണ എന്നത്. ഈ ദൈവസ്മരണ തന്നെയാണ് മനുഷ്യനില്‍ സൂക്ഷ്മതയും ജാഗ്രതയും കരുതലുമൊക്കെയായി വിശേഷിപ്പിക്കാവുന്ന തഖ്‌വയായി മാറുന്നതും. മനുഷ്യന്റെ ഓര്‍മ ദൈവസ്മരണയുടെയും തഖ്‌വയുടെയും തലത്തിലെത്തണമെങ്കില്‍ അവന്റെ മനസ്സിനകത്തെ 'ലുബ്ബ്' പ്രവര്‍ത്തിക്കണമെന്ന് വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട് (2:179,197,269; 3:7,190; 5:100; 12:111; 13:19; 14:52; 38:29,43; 39:9,21; 40:54; 65:10).

മനുഷ്യമനസ്സില്‍ ആദ്യം ഉടലെടുക്കുന്ന ചിന്തയുടെ പ്രഥമ പ്രതിഭാസവും, മനുഷ്യനില്‍ ഏറ്റവും അവസാനം വരെ നിലകൊള്ളുന്ന മാനസിക പ്രതിഭാസവും, വ്യത്യസ്ത രൂപങ്ങളില്‍ ഏറ്റവും കൂടുതലായി നടക്കുന്ന മാനസിക പ്രവര്‍ത്തനവും ഒര്‍മയുമായി ബന്ധപ്പെട്ടതാണ്. നമ്മുടെ ഭാഷയും ചരിത്രവും സംസ്‌കാരവും നാഗരികതയുമൊക്കെ രൂപംകൊള്ളുന്നത് നമ്മുടെ ഓര്‍മയില്‍നിന്നാണ്. നമ്മള്‍ എഴുതുകയും വായിക്കുകയും ചിന്തിക്കുകയുമൊക്കെ ചെയ്യുന്നതിന് ഒഴിച്ചുകൂടാനാവാത്ത ഉപാധിയാണ് ഓര്‍മ. ഓര്‍മയില്ലെങ്കില്‍ നമ്മുടെ ഭാഷ രൂപപ്പെടില്ല. ഓര്‍മയില്ലെങ്കില്‍ നമുക്ക് ബന്ധങ്ങള്‍പോലും ഉണ്ടാവില്ല. ഓര്‍മയില്ലെങ്കില്‍ നമ്മുടെ ജീവിതം ഓരോ നിമിഷവും പൂജ്യത്തില്‍നിന്ന് തുടങ്ങേണ്ടി വരുമായിരുന്നു. നമ്മുടെ അബോധമനസ്സും ഉപബോധമനസ്സും ബോധമനസ്സുമൊക്കെ ഓര്‍മയുടെ വ്യത്യസ്ത തലങ്ങളും തട്ടുകളുമാണ്. നമ്മുടെ മനസ്സ് ഒരു സ്വീകരണിയായും സംഭരണിയായുമാണ് സംവിധാനിക്കപ്പെട്ടിരിക്കുന്നത്. പ്രസവത്തിന്റെ ആദ്യ നിമിഷത്തില്‍തന്നെ നവജാത ശിശുവിന്റെ ഉപബോധ മനസ്സും ബോധമനസ്സും മെമറി സിസ്റ്റവുമെല്ലാം പ്രവര്‍ത്തിച്ചുതുടങ്ങുന്നു.  

ശിശു അവിടന്നങ്ങോട്ട് നിരന്തരമായി സ്വീകരിച്ചുകൊണ്ടേയിരിക്കുകയാണ്. ഇങ്ങനെ ഭിന്ന സ്വീകര്‍ത്താക്കളിലൂടെ ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ ആദ്യം ഐന്ദ്രിക മെമറി സിസ്റ്റത്തിലും പിന്നെ വര്‍ക്കിംഗ് മെമറി സിസ്റ്റത്തിലും ദീര്‍ഘകാല മെമറി സിസ്റ്റത്തിലുമൊക്കെ വിവരങ്ങളുടെ പ്രത്യേകതക്കനുസരിച്ചും, വ്യക്തിയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചും നമുക്ക് ഇനിയും കൃത്യമായി  അറിഞ്ഞുകൂടാത്ത മെക്കാനിസത്തിലൂടെ സൂക്ഷിക്കപ്പെടുന്നു. നാമെല്ലാവരും ഒാര്‍മിക്കാന്‍ ശ്രമിക്കുന്നവരാണെങ്കിലും, നമ്മളില്‍ വ്യത്യസ്ത നിലവാരത്തില്‍ ഓര്‍മശക്തിയുള്ളവരുണ്ടെങ്കിലും, നമ്മുടെയുള്ളില്‍ എങ്ങനെയാണീ വിവരങ്ങള്‍ എന്‍കോഡ്‌ചെയ്യപ്പെട്ട് സൂക്ഷിക്കപ്പെടുന്നതെന്നോ, നാം എങ്ങനെയാണ് ആ വിവരങ്ങളെ വീണ്ടെടുക്കുന്നതെന്നോ, എങ്ങനെയാണ് നമ്മള്‍ മറന്നുപോകുന്നതെന്നോ, എങ്ങനെയാണ് മറന്നുപോയതെന്നു കരുതപ്പെടുന്ന കാര്യങ്ങള്‍ പൊടുന്നനെ ഓര്‍മയിലേക്ക് വരുന്നതെന്നോ, എങ്ങനെ മറന്നുപോയി  എന്നുപോലുമോ നമുക്ക് അറിയുന്നില്ല. 

കണ്ണും കാതും (41:20) കൈകാലുകളും (36:65) തൊലിയുമൊക്കെ (41:20,21) നാളെ പരലോകത്ത് ഓരോ മനുഷ്യന്റെയും കര്‍മത്തിന് സാക്ഷ്യംവഹിച്ച് സംസാരിക്കുമെന്നും  ഓരോ മനുഷ്യനും ചെയ്യുന്ന കര്‍മങ്ങളുടെ കോപ്പി സൂക്ഷിക്കപ്പെടുമെന്നും (5:29) പറയുന്ന വിശുദ്ധ ഖുര്‍ആന്‍ മനുഷ്യനില്‍ സംവിധാനിക്കപ്പെട്ടിരിക്കുന്ന വിഭിന്നങ്ങളായ മെമറി സിസ്റ്റങ്ങളിലേക്കും ഓര്‍മയുടെ അറകളിലേക്കുമായിരിക്കാം സൂചന നല്‍കുന്നത്. മനുഷ്യനാഗരികത ചരിത്രത്തിന്റെ ഉല്‍പന്നമാണെന്നു പറയുമ്പോള്‍ അതില്‍ ഏറ്റവും പ്രധാനമാകുന്നത് മനുഷ്യനിലെ ഓര്‍മയും ഒാര്‍മയിലൂടെ രൂപപ്പെടുന്ന ഭാഷയും തന്നെയാണ്. 

2. അഖ്ല്‍: ചിന്താപ്രക്രിയയിലേക്കെത്താത്ത, ഉപരിതലസ്പര്‍ശി മാത്രമായ മനസ്സ് പ്രാപഞ്ചിക പ്രതിഭാസങ്ങളില്‍ കേന്ദ്രീകരിക്കാതെ തെന്നിമാറിക്കൊണ്ടിരിക്കുന്ന ഒരു അലസ സഞ്ചാരത്തിലാണ്. അതുകൊണ്ടുതന്നെ അധിക മനുഷ്യരും അവരുടെ ഇന്ദ്രിയങ്ങള്‍ക്ക് അനുഭവവേദ്യമാകുന്ന പ്രതിഭാസങ്ങള്‍ എന്താണെന്നും എന്തുകൊണ്ടുണ്ടാവുന്നുവെന്നും എങ്ങനെയുണ്ടാവുന്നുവെന്നും ചിന്തിക്കുകയോ അതുസംബന്ധമായി എന്തെങ്കിലും ചോദിക്കുകയോ ചെയ്യാറില്ല. വിശുദ്ധ ഖുര്‍ആന്‍ ചോദിക്കുന്നത് കാണുക: ''ആകാശ ഭൂമികളില്‍ എത്രയെത്ര ദൃഷ്ടാന്തങ്ങളാണുള്ളത്! അവര്‍ അതുസംബന്ധമായി അശ്രദ്ധരായും അവയെ അവഗണിച്ചും അതിന്റെ മുകളിലൂടെ നടന്നുപോകുന്നു!'' (12:105). ഇവിടെ വിശുദ്ധ ഖുര്‍ആന്‍ പ്രാപഞ്ചിക പ്രതിഭാസങ്ങളായ ഇന്‍പുട്ടുകളും പഞ്ചേന്ദ്രിയങ്ങള്‍ ആകുന്ന ഇന്‍പുട്ട് ഉപകരണങ്ങളും മനസ്സാകുന്ന പ്രോസസ്സറും ഒക്കെ ഉണ്ടായിട്ടും, അധിക മനുഷ്യരിലും ചിന്ത എന്ന ഔട്ട്പുട്ട് ഉണ്ടാവാത്തതെന്ത് എന്ന് അത്ഭുതപ്പെടുകയാണ്. തദക്കുറിനു ശേഷം മനുഷ്യമനസ്സിലുണ്ടാവുന്ന ആദ്യത്തെ ചിന്താരീതി അഖ്‌ലിന്റേതാണ്. ഓര്‍മയോളമെത്തില്ലെങ്കിലും, മനുഷ്യനില്‍ മറ്റു സ്വഭാവത്തിലുള്ള ചിന്താരീതികളേക്കാള്‍ കൂടുതല്‍ കാലം പ്രവര്‍ത്തിക്കുന്നതും ഇതുതന്നെയായിരിക്കണം. മനുഷ്യന്റെ സ്വഭാവ പെരുമാറ്റ സമീപനങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനും (2:44; 2:75; 2:76; 2:170), സൂക്ഷ്മവും  ബൃഹത്തുമായ പ്രാപഞ്ചിക പ്രതിഭാസങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനും (2:164; 16:12; 23:80), ഖുര്‍ആനിലും വേദങ്ങളിലുമുള്ളതിനെക്കുറിച്ച് ചിന്തിക്കുന്നതിനും (3:65; 3:118), സാമൂഹിക ബന്ധങ്ങളെയും നിയമങ്ങളെയും കുറിച്ച് ചിന്തിക്കുന്നതിനും (2:242) വിശുദ്ധ ഖുര്‍ആന്‍ ഈ പദം പ്രയോഗിച്ചിട്ടുണ്ട്. 'അഖ്ല്‍' ഒരു വിഷയത്തെയോ പ്രതിഭാസത്തെയോ കേന്ദ്രീകരിച്ചും മനസ്സിനെ അതില്‍ കുടുക്കിയിട്ടും, എന്ത്, എന്തുകൊണ്ട്, എങ്ങനെ, എവിടന്ന് എന്നറിയാന്‍ നമ്മുടെ മനസ്സ് നടത്തുന്ന അന്വേഷണമാണ്. വാക്കിന്റെ അര്‍ഥംതന്നെ സൂചിപ്പിക്കുന്നതു പോലെ, ഇതില്‍ ഒരു വിഷയത്തിലോ പ്രതിഭാസത്തിലോ കെട്ടിയിടപ്പെടുന്ന (അഖ്ല്‍=ബന്ധനം) അവസ്ഥയുണ്ട്. ഇത് ശക്തിപ്പെടുമ്പോള്‍ ആ വിഷയത്തിന്റെ ആഴങ്ങളിലേക്ക് മനസ്സ് ഊര്‍ന്നിറങ്ങുന്നു. ഇത് വിഷയത്തിനകത്തേക്കുള്ള നമ്മുടെ മനസ്സിന്റെ ലംബനീയമായ (Vertical) പ്രവേശനമാണ്. ഒരു പ്രത്യേക വിഷയത്തിലെ Specialization ഒക്കെ നടക്കുന്നത് 'അഖ്‌ലി'ലൂടെയാണ്.    

3. തഫക്കുര്‍: ഇത് മനുഷ്യചിന്തയുടെ തൃതീയ ഘട്ടമാണ്. ഇതില്‍ മനുഷ്യമനസ്സ് ലംബനീയമായും തിരശ്ചീനമായും (Horizontal) സഞ്ചരിക്കും. അതുകൊണ്ടുതന്നെ 'അഖ്‌ലി'ല്‍ പഠനവിധേയമാക്കിയ ഒരു പ്രാപഞ്ചിക പ്രതിഭാസത്തെ ഇതര പ്രാപഞ്ചിക പ്രതിഭാസങ്ങളുമായി ചേര്‍ത്തു ചിന്തിക്കുകയും അവയ്ക്കിടയിലെ ബന്ധങ്ങളെ കണ്ടെത്തുകയും പുതിയ ആശയങ്ങള്‍ ഉരുത്തിരിച്ചെടുക്കുകയും ചെയ്യുന്ന ചിന്താപ്രക്രിയയാണ് തഫക്കുറില്‍ നടക്കുന്നത്. അഖ്‌ലിന്റെ ഉച്ചസ്ഥായിയില്‍ ചിലപ്പോള്‍ സിദ്ധാന്തങ്ങളായി മാത്രം രൂപപ്പെടുന്ന കാര്യങ്ങള്‍ ഒരു പ്രകൃതി തത്ത്വമായി മനുഷ്യന്‍ മനസ്സിലാക്കുന്നത് തഫക്കുറിലൂടെയാണ്. തഫക്കുര്‍ ഖുര്‍ആനിക പ്രയോഗങ്ങളില്‍ കൂടുതലായും നടക്കുന്നതും നടക്കേണ്ടതും പ്രാപഞ്ചിക പ്രതിഭാസങ്ങളിലാണ്. ഖുര്‍ആനിനെയും ഇതര ദിവ്യവേദങ്ങളെയും കുറിച്ച് ആഴത്തിലും പരപ്പിലും ചിന്തിക്കുന്നതിനും (16:44; 59:21), സാമ്പത്തിക-സാമൂഹിക ശാസ്ത്രങ്ങള്‍ക്കിടയിലെ ബന്ധങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനും മിച്ച ധനവിനിയോഗവുമായി ബന്ധപ്പെടുത്തിയും (2:219; 2:266) കഥകളിലൂടെ മനുഷ്യന്റെ ജീവിതാവസ്ഥകളെക്കുറിച്ച് ചിന്തിക്കുന്നതിനും (7:176), പ്രവാചക വ്യക്തിത്വത്തിന്റെ ഭിന്നതലങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിന്നും (7:184; 30:46) ഒക്കെ വിശുദ്ധ ഖുര്‍ആന്‍ ഈ പദം പ്രയോഗിച്ചിട്ടുണ്ട്. നിഷിദ്ധമോ അനുവദനീയമോ ആയ ഏതൊരു വിഭവത്തിലെയും നന്മതിന്മകളെയും ഗുണദോഷങ്ങളെയും സംബന്ധിച്ച താരതമ്യചിന്തക്കും (2:219), പ്രകൃതിപ്രതിഭാസങ്ങളെ മനുഷ്യന്റെ ജീവിതാവസ്ഥകളോട് സമീകരിച്ചുകൊണ്ട് നടത്തുന്ന ചിന്തക്കും (2:266; 10:24), പ്രകൃതിപ്രതിഭാസങ്ങളെക്കുറിച്ച് ചിന്തിച്ച് അവക്കു പിന്നിലെ ലക്ഷ്യം മനസ്സിലാക്കി അത്ഭുതംകൂറുന്നതിനും (3:191, 13:3, 16:11, 16:69, 45:13), മനുഷ്യനെക്കുറിച്ചും മനുഷ്യജീവിതത്തിലെ ഭിന്നപ്രതിഭാസങ്ങളെക്കുറിച്ചും ചിന്തിക്കുന്നതിനും (30:8, 30:21, 39:42) ഈ സംജ്ഞ ഉപയോഗിച്ചിട്ടുണ്ട്. തദക്കുറിനും അഖ്‌ലിനും ശേഷമാണ് ഖുര്‍ആനില്‍ തഫക്കുര്‍ വരുന്നത്.  

4. ഫിഖ്ഹ്-തഫഖ്ഖുഹ്: മനുഷ്യചിന്തയുടെ നാലാം തലമാണ് ഫിഖ്ഹും തഫഖ്ഖുഹും. തഫഖ്ഖുഹ് എന്ന പദം വിശുദ്ധ ഖുര്‍ആന്‍ ഒരൊറ്റ തവണ മാത്രമേ പ്രയോഗിച്ചിട്ടുള്ളൂ. അത് മനുഷ്യന്റെ മുഴുവന്‍ ജീവിതത്തിലും നടപ്പാക്കേണ്ട ധര്‍മ വ്യവസ്ഥയെ ആഴത്തിലും പരപ്പിലും സൈദ്ധാന്തികതലത്തിലും വ്യവഹാരതലത്തിലും പഠിക്കുന്നതിനും ആലോചിക്കുന്നതിനും ചിന്തിക്കുന്നതിന്നും  വേണ്ടിയാണ് (9:122). ഫിഖ്ഹ് എന്ന പദമായാലും തഫഖ്ഖുഹ് എന്ന പദമായാലും അത് ഖുര്‍ആനില്‍ നേരത്തേ വിശദീകരിച്ച മൂന്ന് ചിന്താതലങ്ങള്‍ക്ക് ശേഷമാണ് പ്രയോഗിക്കപ്പെട്ടതായി കാണുന്നത്. തഫഖ്ഖുഹിനു സമാനമായും സമാന്തരമായും പ്രകൃതിപ്രതിഭാസങ്ങളിലെയും വേദസൂക്തങ്ങളിലെയും, ശിക്ഷകളിലെയും പരീക്ഷണങ്ങളിലെയും ധാര്‍മിക തത്ത്വങ്ങള്‍ അനാവരണം ചെയ്യുന്ന മനുഷ്യമനസ്സിന്റെ പ്രയത്‌നത്തെ കുറിക്കാനാണ് ഈ പദം വിശുദ്ധ ഖുര്‍ആന്‍ ഏറിയകൂറും ഉപയോഗിച്ചതായി കാണാന്‍ സാധിക്കുന്നത് (4:78, 6:25, 17:46, 18:57; 6:65). ഗര്‍ഭപാത്രത്തിലെ ഒമ്പത് മാസത്തെ ജീവിതകാലത്തെയും ഭൂമിയിലെ മനുഷ്യവാസത്തെയും, മനുഷ്യബീജം സൂക്ഷിക്കപ്പെടുന്ന ഇടത്തെയും ഖബ്‌റിനെയുമൊക്കെ നോക്കിക്കൊണ്ട് പരലോകജീവിതത്തെ ഉള്‍ക്കൊള്ളുന്ന ജനതയെ ഫിഖ്ഹുള്ള ജനത എന്നാണ് വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ചത് (6:98). ഫിഖ്ഹ് എന്ന പദം തഫക്കുര്‍ എന്ന പദത്തേക്കാള്‍ അല്‍പം കൂടുതലായി ഉപയോഗിക്കപ്പെട്ടിട്ടുണ്ടെങ്കിലും അധികവും നിഷേധ സ്വഭാവത്തിലാണ് നാമത് കാണുന്നത്. അഥവാ മനുഷ്യനില്‍ ഈ ചിന്താപ്രക്രിയ അധികകൂറും നടക്കുന്നില്ല എന്നര്‍ഥം. അത് ജീവിത യാഥാര്‍ഥ്യവുമാണ്. മനുഷ്യന്‍ പ്രകൃതി പ്രതിഭാസങ്ങളില്‍നിന്നും ഭൗതിക നിയമങ്ങള്‍ നിര്‍ധാരണം ചെയ്‌തെടുക്കുന്നതുപോലെ അവയില്‍നിന്നും വേദങ്ങളില്‍നിന്നും ധാര്‍മികതത്ത്വങ്ങളും പാഠങ്ങളും നിര്‍ധാരണം ചെയ്‌തെടുക്കുകയോ ഉള്‍ക്കൊള്ളുകയോ ചെയ്യുന്നില്ല എന്നതുതന്നെയാണ് മനുഷ്യജീവിതം അനുഭവിക്കുന്ന നാഗരികവും സാംസ്‌കാരികവുമായ അസന്തുലിതാവസ്ഥയുടെ കാരണവും. ഇങ്ങനെ ധാര്‍മിക പാഠങ്ങള്‍ ഉള്‍കൊള്ളാത്തവര്‍ക്ക് ധാര്‍മികശേഷി കുറവായിരിക്കുമെന്നും വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട് (8:65).     

5. തദബ്ബുര്‍: ഒരു ചിന്താപ്രക്രിയ എന്ന നിലയില്‍ ഈ പദം വിശുദ്ധ ഖുര്‍ആനില്‍ നാല് തവണ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. (4:82; 23:68; 38:29; 47:24). നാല് തവണയും ഖുര്‍ആനുമായി ബന്ധപ്പെടുത്തിയാണ് ഈ ചിന്താപ്രക്രിയയെ പരാമര്‍ശിച്ചിട്ടുള്ളത്. ഇതില്‍നിന്നും ഒരു ഗ്രന്ഥത്തെയോ പ്രമാണത്തെയോ അപഗ്രഥനപാടവത്തോടുകൂടി സമീപിക്കുന്ന ചിന്താപ്രക്രിയയാണ് ഇതെന്നു മനസ്സിലാക്കാം. ഒരു ഗ്രന്ഥത്തിന്റെ അല്ലെങ്കില്‍ പ്രമാണത്തിന്റെ എല്ലാ വശങ്ങളും നോക്കി പൂര്‍വാപരബന്ധം മനസ്സിലാക്കി വൈരുധ്യങ്ങളും വ്യത്യാസങ്ങളുമില്ലെന്നും ഉണ്ടെന്നുമൊക്കെ തിരിച്ചറിയുന്ന മനസ്സിന്റെ ചിന്താശേഷിയും ഇതിലുള്‍പ്പെടുന്നു. നിരന്തരമായി പുറകിലോട്ടു റഫര്‍ ചെയ്തുകൊണ്ട് പഠനം മുന്നോട്ടു കൊണ്ടുപോകുന്ന ചിന്താപ്രക്രിയ കൂടിയാണ് ഭാഷാപരമായി തദബ്ബുര്‍. 

വിശുദ്ധ ഖുര്‍ആനില്‍ തദബ്ബുര്‍ ചെയ്യുന്നത് അതില്‍ വൈരുധ്യമില്ലെന്നു ബോധ്യപ്പെടുത്തുമെന്നും വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട് (4:82). ഏതൊരു വിഷയത്തെയും ആശയത്തെയും സമീപിക്കുമ്പോഴും ഏതെങ്കിലും സ്വഭാവത്തിലുള്ള മുന്‍വിധികള്‍കൊണ്ട് മനസ്സിനു താഴിടാതെ തുറന്ന മനസ്സോടുകൂടി സമീപിക്കുക എന്നതാണ് ഈ പറഞ്ഞ  തദബ്ബുരീ ചിന്താശേഷി ആര്‍ജിച്ചെടുക്കാനുള്ള വഴിയെന്നും വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട് (47:24). 

6. നുഹാ: വിശുദ്ധ ഖുര്‍ആന്‍ പ്രയോഗിച്ച 'നുഹാ' മനുഷ്യചിന്തയുടെ വേറൊരു തലത്തെ കുറിക്കുന്നു. ഈ പദം രണ്ടു പ്രാവശ്യം മാത്രമാണ് വിശുദ്ധ ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുള്ളത്. അതുതന്നെ ഏറക്കുറെ മധ്യഭാഗത്ത് ഒരേ അധ്യായത്തില്‍. ധര്‍മമേത്, അധര്‍മമേത്, സത്യമേത്, അസത്യമേത്, ന്യായമേത്, അന്യായമേത്, നീതിയേത്, അനീതിയേത് എന്ന സ്വഭാവത്തിലുള്ള മനുഷ്യന്റെ വിവേചിച്ചറിയാനു ള്ള ചിന്താശേഷിയെയാണ് അത് കുറിക്കുന്നത്. 

(അവസാനിച്ചു)

Comments

Other Post

ഹദീസ്‌

നേരെചൊവ്വെ നിലകൊള്ളുക
അബ്ദുര്‍റഹ്മാന്‍ തുറക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /12-15
എ.വൈ.ആര്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /16-20
എ.വൈ.ആര്‍