സുല്ലമുസ്സലാമിലെ പഠനകാലവും മുജാഹിദ് പണ്ഡിതന്മാരുമായുള്ള വ്യക്തിബന്ധവും
കോഴിക്കോട് ജില്ലയിലെ ചാലിയത്തിനടുത്ത് വടക്കുമ്പാടമാണ് എന്റെ ജന്മസ്ഥലം. പിതാവ്-കുഞ്ഞിക്കോയ, മാതാവ്-കുഞ്ഞിമാച്ചുട്ടി. ഉപ്പ ചെറുകിട കച്ചവടക്കാരനായിരുന്നു. കച്ചവടത്തിനപ്പുറം സ്വന്തമായുണ്ടായിരുന്ന ഭൂമിയിലെ കൃഷിയില്‍നിന്നും മറ്റുമായിരുന്നു ഞങ്ങളുടെ ഉപജീവനമാര്‍ഗം. ഞാനടക്കം ആറ് മക്കളുണ്ടായിരുന്നു. ജ്യേഷ്ഠന്‍ സി.സി അബ്ദുല്‍ ഖാദര്‍ മലബാര്‍ മേഖലയില്‍ അറിയപ്പെട്ട പ്രഭാഷകനായിരുന്നു. മുജാഹിദ്, ജമാഅത്ത് വേദികളിലെല്ലാം അദ്ദേഹം സ്ഥിരമായി പ്രഭാഷണം നടത്താറുണ്ടായിരുന്നു.
ജേ്യഷ്ഠന്‍ ചാലിയം ഹൈസ്‌കൂളില്‍നിന്നാണ് ഹയര്‍ എജുക്കേഷന്‍ പാസായത്. അന്നത് എട്ടാം ക്ലാസാണ്. എസ്.എസ്.എല്‍.സി ആരംഭിച്ചിട്ടില്ല. പിന്നീട് അദ്ദേഹം ഔദ്യോഗിക തുടര്‍വിദ്യാഭ്യാസം നേടിയിട്ടില്ല. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം എന്നെയും ചാലിയം ഹൈസ്‌കൂളില്‍ ചേര്‍ത്തു. അവിടെനിന്ന് എസ്.എസ്.എല്‍.സി പാസായി. പത്താം ക്ലാസിന് ശേഷമുള്ള വിദ്യാഭ്യാസത്തെക്കുറിച്ച് മാതാപിതാക്കള്‍ ചിന്തിച്ചിരുന്നില്ല. എന്നേക്കാള്‍ മൂത്തവരായ സഹോദരങ്ങള്‍ക്കെല്ലാം പ്രാഥമിക വിദ്യാഭ്യാസം മാത്രമാണ് നല്‍കിയിരുന്നത്. ഉപ്പ ഒരു പരമ്പരാഗത സുന്നി ആശയക്കാരനായിരുന്നു. ഞാന്‍ നല്ല മാര്‍ക്കോടെ സെക്കന്ററി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചപ്പോള്‍ 'നിന്നെ പഠിക്കാന്‍ കൊള്ളാം' എന്നഭിപ്രായപ്പെട്ട ജ്യേഷ്ഠനാണ് തുടര്‍വിദ്യാഭ്യാസ ശ്രമങ്ങള്‍ നടത്തിയത്. അങ്ങനെ ജ്യേഷ്ഠന്റെ അന്വേഷണഫലമായാണ് എന്നെ അരീക്കോട് സുല്ലമുസ്സലാമില്‍ ചേര്‍ക്കുന്നത്. 'സുല്ലമുസ്സലാം പറ്റില്ല. അത് മുജാഹിദുകളുടെ സ്ഥാപനമാണ്' എന്ന് ഉപ്പ ആദ്യം എതിരു പറഞ്ഞെങ്കിലും ജേ്യഷ്ഠന്‍ ഉറച്ചുനിന്നതോടെ അവസാനം ഉപ്പയും സമ്മതിച്ചു. അങ്ങനെയാണ് ഞാന്‍ അഫ്ദലുല്‍ ഉലമാ വിദ്യാര്‍ഥിയായി അരീക്കോട് സുല്ലമുസ്സലാമില്‍ എത്തുന്നത്. അന്ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി നിലവില്‍ വന്നിട്ടില്ല. കേരള യൂനിവേഴ്‌സിറ്റിയിലായിരുന്നു സുല്ലമുസ്സലാം അഫിലിയേറ്റ് ചെയ്തിരുന്നത്. ഒരു വര്‍ഷത്തെ എന്‍ട്രന്‍സ് കോഴ്‌സ്, പിന്നീട് രണ്ട് വര്‍ഷത്തെ പ്രിലിമിനറി, ശേഷം മൂന്ന് വര്‍ഷത്തെ ഡിഗ്രി എന്നിങ്ങനെയായിരുന്നു കോഴ്‌സിന്റെ രൂപം. അന്ന് എസ്.എസ്.എല്‍.സി പാസാകാത്തവര്‍ക്കും കോഴ്‌സില്‍ അഡ്മിഷന്‍ ഉണ്ടണ്ടായിരുന്നു. അതിനാലാണ് ഒരു വര്‍ഷത്തെ എന്‍ട്രന്‍സ് കോഴ്‌സ്. അരീക്കോട് സുല്ലമുസ്സലാമില്‍ എത്തുന്നതിന്റെ മുമ്പ് തന്നെ ഞാന്‍ ജമാഅത്തെ ഇസ്‌ലാമി അനുഭാവിയായിരുന്നു. ജേ്യഷ്ഠനും അക്കാലത്ത് ജമാഅത്ത് വേദികളിലാണ് സ്ഥിരമായി പ്രഭാഷണം നടത്തിയിരുന്നത്.
ഒരു ജമാഅത്തുകാരന്‍ എന്ന നിലക്കാണ് സുല്ലമുസ്സലാമിലെ സഹപാഠികളും അധ്യാപകരും എന്നെ വീക്ഷിച്ചിരുന്നത്. അന്ന് മറ്റൊരു ജമാഅത്ത് അനുഭാവിയും വിദ്യാര്‍ഥിയായി സുല്ലമില്‍ ഉണ്ടായിരുന്നില്ല. അധ്യാപകര്‍ക്കിടയില്‍ കടുത്ത ജമാഅത്ത് വിരുദ്ധരും ഒട്ടും എതിര്‍പ്പില്ലാത്തവരുമുണ്ടായിരുന്നു. എന്റെ പ്രധാന ഗുരുവായ കെ.പി മുഹമ്മദ് മൗലവിക്ക് ജമാഅത്തിനോട് ഒട്ടും എതിര്‍പ്പുണ്ടായിരുന്നില്ല എന്നുമാത്രമല്ല അല്‍പം മമതയുമുണ്ടായിരുന്നു. ജമാഅത്ത്-മുജാഹിദ് അഭിപ്രായ വ്യത്യാസങ്ങളില്‍ ഞാന്‍ കെ.പിയോട് സംശയം ചോദിക്കുമ്പോള്‍ അദ്ദേഹം സ്ഥിരമായി പറയുന്ന മറുപടി, 'അത് നമ്മള്‍ തമ്മില്‍ വേണ്ട. നീ വേറെ ഉസ്താദുമാരോട് അന്വേഷിക്കൂ' എന്നായിരുന്നു. സഹപാഠികളാകട്ടെ, ജമാഅത്ത് വിഷയങ്ങള്‍ ഉന്നയിച്ച് എപ്പോഴും എന്റെ പിറകെ കൂടി ശല്യപ്പെടുത്തുമായിരുന്നു. ചിലപ്പോഴൊക്കെ അത് തര്‍ക്കത്തോളമെത്തും. അപ്പോള്‍ ചിലര്‍ പ്രിന്‍സിപ്പലായിരുന്ന ശൈഖ് മുഹമ്മദ് മൗലവിയുടെ അടുത്ത് ഞാന്‍ ജമാഅത്തിനു വേണ്ടി വാദിക്കുന്നു എന്ന പരാതിയുമായെത്തും. 'നിങ്ങള്‍ക്ക് പറയാനുള്ളത് നിങ്ങളും പറഞ്ഞോളീ' എന്ന സരസമായി മറുപടിയില്‍ അദ്ദേഹമവരെ തിരിച്ചയക്കും.
സുല്ലമുസ്സലാമിലെ വിദ്യാര്‍ഥിയായിരിക്കെ തന്നെ അന്നത്തെ കെ.എന്‍.എം സെക്രട്ടറിയായിരുന്ന പ്രമുഖ പണ്ഡിതന്‍ അബ്ദുല്ലത്വീഫ് മൗലവിയുമായി എനിക്ക് നല്ല വ്യക്തിബന്ധമുണ്ടായിരുന്നു. അവധി ദിവസങ്ങളില്‍ നാട്ടിലെത്തിയാല്‍ ഞാനദ്ദേഹത്തിന്റെ അടുത്തെത്തും. എന്നിട്ട് സുന്നി-മുജാഹിദ് തര്‍ക്കവിഷയങ്ങളിലെല്ലാം അദ്ദേഹവുമായി സംവദിക്കും. ചിലപ്പോള്‍ ഞാനൊരു സുന്നി പക്ഷക്കാരനായി അഭിനയിച്ച് അദ്ദേഹവുമായി രൂക്ഷമായ തര്‍ക്കത്തിലേര്‍പ്പെടും. എന്റെ ഏത് വിഷയത്തിലും ഇടപെടാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനും എന്തും പങ്കുവെക്കാനുള്ള അവസരം എനിക്കുമുണ്ടായിരുന്നു.
സുല്ലമുസ്സലാമില്‍നിന്ന് അഫ്ദലുല്‍ ഉലമാ പാസായ ശേഷം അദ്ദേഹത്തെ കണ്ടപ്പോള്‍ 'താന്‍ ഇനിയും പഠിക്കണം' എന്ന് ലത്വീഫ് മൗലവി പറഞ്ഞു. അന്ന് അഫ്ദലുല്‍ ഉലമാക്ക് ശേഷം കേരളത്തില്‍ മുജാഹിദിനോ ജമാഅത്തിനോ തുടര്‍വിദ്യാഭ്യാസ സംവിധാനങ്ങളുണ്ടായിരുന്നില്ല. അഫ്ദലുല്‍ ഉലമാ ആയിരുന്നു ഏറ്റവും ഉയര്‍ന്ന മതവിദ്യാഭ്യാസം. സുല്ലമുസ്സലാം പോലുള്ള അന്നത്തെ ഏറ്റവും പ്രശസ്തമായ ഒരു അറബിക് കോളേജില്‍നിന്ന് അഫ്ദലുല്‍ ഉലമാ നേടിയ എന്നോട് ഇനിയും തുടര്‍ന്ന് പഠിക്കണം എന്ന് ലത്വീഫ് മൗലവി പറഞ്ഞപ്പോള്‍ 'അങ്ങനെയൊരു സ്ഥാപനം എവിടെ' എന്ന് ഞാന്‍ സംശയമുന്നയിച്ചു. 'ഉന്നത മതവിദ്യാഭ്യാസത്തിനായി പുതിയൊരു സ്ഥാപനം തുടങ്ങുന്നുണ്ട്. അത് നിന്നെ വൈകാതെ അറിയിക്കും. അത് തുടങ്ങിയാല്‍ നീയവിടത്തെ വിദ്യാര്‍ഥിയായിരിക്കും' എന്നദ്ദേഹം മറുപടി പറഞ്ഞു.
എടവണ്ണ ജാമിഅ നദ്‌വിയ്യ ആയിരുന്നു അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്ന പ്രൊജക്ട്. കേരളത്തില്‍ ഡിഗ്രിക്കു ശേഷം തുടര്‍ന്ന് പഠിക്കാവുന്ന ആദ്യ ഉന്നത മതവിദ്യാഭ്യാസ സ്ഥാപനമായിരുന്നു ജാമിഅ നദ്‌വിയ്യ. രണ്ട് വര്‍ഷമായിരുന്നു അവിടത്തെ കോഴ്‌സ്. അങ്ങനെ ആ വര്‍ഷം ജാമിഅ നദ്‌വിയ്യ ആരംഭിച്ചപ്പോള്‍ ലത്വീഫ് മൗലവി രജിസ്റ്ററിലെ ആദ്യ പേരായി ചേര്‍ത്തത് എന്നെയായിരുന്നു. കെ.എന്‍.എം സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം തന്നെയായിരുന്നു കേളേജിന്റെ സാരഥികളിലൊരാള്‍. ആറ് വിദ്യാര്‍ഥികളായിരുന്നു ആദ്യ ബാച്ചിലുണ്ടായിരുന്നത്. സുല്ലമുസ്സലാമില്‍ എന്റെ സഹപാഠിയായിരുന്ന സി.പി ഉമര്‍ സുല്ലമിയും ജാമിഅയിലെ ആദ്യബാച്ചില്‍ ഉണ്ടായിരുന്നു. എ. അലവി മൗലവി, അമാനി മൗലവി, ലത്വീഫ് മൗലവി, ചേകന്നൂര്‍ മൗലവി, ശൈഖ് മുഹമ്മദ് മൗലവി തുടങ്ങി പ്രഗത്ഭരുടെ നിര തന്നെ അധ്യാപകരായി ജാമിഅയിലുണ്ടായിരുന്നു. ഞങ്ങള്‍ ആറ് വിദ്യാര്‍ഥികള്‍ക്ക് 12 അധ്യാപകരുണ്ടായിരുന്നു. മതവിഷയങ്ങള്‍ക്കു പുറമെ സയന്‍സും എക്കണോമിക്‌സുമെല്ലാം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നു. ജാമിഅയിലെ കോഴ്‌സ് പുര്‍ത്തീകരിക്കാന്‍ 2 മാസം ബാക്കിയായിരിക്കെയാണ് ആ വര്‍ഷമാരംഭിച്ച വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളേജില്‍നിന്ന് എനിക്ക് ഒരു ലെറ്റര്‍ വരുന്നത്. അവിടെ പ്രിന്‍സിപ്പലായി ഉടനെ ചുമതലയേറ്റെടുക്കണമെന്നായിരുന്നു അതിലെ നിര്‍ദേശം. അന്‍സാര്‍ കോളേജ് ആരംഭിച്ച് 6 മാസം പിന്നിട്ടിട്ടും പ്രിന്‍സിപ്പലിനെ ലഭിച്ചിരുന്നില്ല. ചില സഹപാഠികള്‍ സൂചിപ്പിച്ചതനുസരിച്ചാണ് അവര്‍ എനിക്ക് ലെറ്റര്‍ അയച്ചത്. ഞാനാ കത്ത് അധ്യാപകരായ അമാനി മൗലവിയെയും അലവി മൗലവിയെയും കാണിച്ചു. കോഴ്‌സ് പൂര്‍ത്തിയാക്കിയിട്ട് പോയാല്‍ മതി എന്ന അഭിപ്രായമാണവര്‍ സ്വീകരിച്ചത്. എന്നാല്‍ ശൈഖ് മുഹമ്മദ് മൗലവി വിവരമറിഞ്ഞ ഉടനെ എന്നോട് അന്‍സാറില്‍ ചെന്ന് ഉത്തരവാദിത്തമേറ്റെടുക്കണം എന്ന് ആവശ്യപ്പെട്ടു. ബാക്കിയുള്ളതെല്ലാം അവിടെനിന്ന് പഠിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
അങ്ങനെ ഞാന്‍ ജാമിഅ വിട്ടു. വളവന്നൂര്‍ അന്‍സാറിലെത്തി. തൃപ്പനച്ചി സ്വദേശിയായ മുഹമ്മദ് മൗലവിയായിരുന്നു അവിടെ താല്‍ക്കാലികമായി പ്രിന്‍സിപ്പല്‍ ഉത്തരവാദിത്തം വഹിച്ചത്. അദ്ദേഹത്തില്‍നിന്ന് പ്രിന്‍സിപ്പല്‍ ചുമതല ഞാനേറ്റെടുത്തു. വളവന്നൂര്‍ അന്‍സാറില്‍ നാലര വര്‍ഷം പ്രിന്‍സിപ്പലായി സേവനം ചെയ്തു. അവിടെയുണ്ടായിരുന്ന അവസാന വര്‍ഷത്തിലാണ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പ്രവര്‍ത്തനമാരംഭിക്കുന്നത്. കോളേജിനെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്യാനുള്ള മുഴുവന്‍ നടപടിയും പൂര്‍ത്തിയാക്കിയാണ് ഞാന്‍ അന്‍സാര്‍ വിട്ടത്.
ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ കെ.സി അബ്ദുല്ല മൗലവി ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ്യയിലേക്ക് എന്നെ ക്ഷണിച്ചത് കാരണമാണ് ഞാന്‍ വളവന്നൂര്‍ അന്‍സാര്‍ വിട്ടത്. ഞാന്‍ വളവന്നൂര്‍ അന്‍സാറില്‍ ക്ലാസെടുത്തുകൊണ്ടിരിക്കെ ഒരിക്കല്‍ കെ.സി അബ്ദുല്ല മൗലവി, മാള അബ്ദുസ്സലാം മൗലവി, കോയക്കുട്ടി മൗലവി എന്നിവര്‍ കയറിവന്നു. പരിസര പ്രദേശത്തെവിടെയോ സന്ദര്‍ശനത്തിന് വന്നപ്പോള്‍ എന്നെ വ്യക്തിപരമായി കാണാനാണവര്‍ അന്‍സാറിലെത്തിയത്. ജമാഅത്ത് അമീറും സംഘവും ഒരു മുജാഹിദ് സ്ഥാപനം സന്ദര്‍ശിക്കുക എന്ന അപൂര്‍വത കൂടിയാണ് അവിടെ നടന്നത്. വിദ്യാര്‍ഥികളെ വിളിച്ചുചേര്‍ത്ത് ഒരു മീറ്റിംഗ് അവര്‍ക്കുവേണ്ടി ഒരുക്കിയാലോ എന്ന് പ്രിന്‍സിപ്പലെന്ന നിലക്ക് ഞാന്‍ അഭിപ്രായപ്പെട്ടപ്പോള്‍ കെ.സി അത് വിലക്കിക്കൊണ്ട് പറഞ്ഞു: 'സി.സീ, ഇത് മുജാഹിദ് സ്ഥാപനമാണ്. അവര്‍ താങ്കളെ വിശ്വസിച്ചേല്‍പ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കുകയാണ് താങ്കളുടെ കര്‍ത്തവ്യം. മുജാഹിദ് സ്ഥാപനത്തില്‍ ജമാഅത്ത് അമീറിന് സ്വീകരണം നല്‍കാന്‍ പറ്റിയ സന്ദര്‍ഭമല്ല ഇതെന്ന് താങ്കള്‍ക്കറിയില്ലേ?' തുടര്‍ന്ന് നടന്ന സൗഹൃദ വര്‍ത്തമാനത്തിനിടയിലാണ് സി.സിക്ക് ചേന്ദമംഗല്ലൂരിലേക്ക് വന്നുകൂടേ എന്ന് കെ.സി ചോദിക്കുന്നത്. 'ജമാഅത്ത് അമീര്‍ വിളിച്ചാല്‍ എനിക്കെങ്ങനെ വരാതിരിക്കാനാവും' എന്ന് ഞാനതിന് മറുപടി നല്‍കി. എന്നാല്‍ ചേന്ദമംഗല്ലൂരിലേക്ക് വന്നോളൂ എന്ന് കെ.സി. 'എന്ന് വരണം' എന്ന എന്റെ ചോദ്യത്തിന് എപ്പോഴും വരാമെന്നും അദ്ദേഹം മറുപടി പറഞ്ഞു. അഫിലിയേഷനുമായി ബന്ധപ്പെട്ട ചില വര്‍ക്കുകള്‍ ചെയ്തുതീര്‍ത്ത് പകരക്കാരനെ കണ്ടെത്തിയ ശേഷം ചേന്ദമംഗല്ലൂരിലേക്ക് വരാമെന്ന് ഞാന്‍ ഉറപ്പുനല്‍കി.
ഞാന്‍ ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ്യയിലെത്തുമ്പോള്‍ വി. അബ്ദുല്ല മൗലവിയാണ് അവിടെ പ്രിന്‍സിപ്പല്‍. 'അധ്യാപകനാവാം, മറ്റു ഉത്തരവാദിത്തമൊന്നും ഏല്‍പ്പിക്കരുത്' എന്ന് കെ.സിയോട് ഞാന്‍ പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. 'ഉത്തരവാദിത്തമില്ലാത്തവരെ ഞങ്ങള്‍ സ്ഥാപനത്തില്‍ എടുക്കാറില്ല' എന്നായിരുന്നു കെ.സി അതിന് സരസമായി മറുപടി പറഞ്ഞത്. ഞാനെത്തിയ ഉടനെ തന്നെ അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ ചുമതല എന്നെയേല്‍പ്പിച്ചു. അന്ന് മദ്‌റസയും കോളേജിന്റെ ഭാഗമായാണ് പ്രവര്‍ത്തിച്ചിരുന്നത്. അതിനാല്‍ തന്നെ എപ്പോഴും പിടിപ്പത് പണിയുണ്ടായിരുന്നു. പിന്നീട് ഒന്നര വര്‍ഷം പിന്നിട്ടപ്പോള്‍ മദ്‌റസ കോളേജില്‍നിന്ന് അടര്‍ത്തി സ്വതന്ത്രമാക്കി. ഫഖീഹു ഫിദ്ദീന്‍ (എഫ്.ഡി) ആയിരുന്നു ചേന്ദമംഗല്ലൂരിലെ കോഴ്‌സ്. പതിനൊന്ന് വര്‍ഷമായിരുന്നു പഠനകാലയളവ്. ഏഴാം ക്ലാസ് മുതലായിരുന്നു പ്രവേശനം. ശാന്തപുരം കോളേജിലും അന്ന് ഇതേ കോഴ്‌സ് ആയിരുന്നു. രണ്ടു കോളേജിനും ഒരുമിച്ചാണ് പരീക്ഷ നടത്തിയിരുന്നത്. ഞാന്‍ ചേന്ദമംഗല്ലൂരിലെത്തി മൂന്ന് വര്‍ഷം പിന്നിട്ടപ്പോള്‍ എഫ്.ഡി കോഴ്‌സ് പരിഷ്‌കരിച്ചു. കോഴ്‌സ കാലാവധി 6 വര്‍ഷമാക്കി. സിലബസിലും കാര്യമായ മാറ്റം വരുത്തി. ദീനീവിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍ കുറഞ്ഞു. എന്നാല്‍ ഇതേ വര്‍ഷം മാത്രം ആവശ്യമുള്ള അഫ്ദലുല്‍ ഉലമാ സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കാനാവശ്യമായ സാഹചര്യം കോളേജ് അധികൃതര്‍ ഒരുക്കിയതുമില്ല. പഴയ എഫ്.ഡിയുടെ ഗുണവും പോയി. പേരിന് ഒരു സര്‍ട്ടിഫിക്കറ്റ് ഉണ്ടായതുമില്ല. ഈ പരിഷ്‌കരണത്തോടെ ചേന്ദമംഗല്ലൂര്‍ വിടാന്‍ ഞാന്‍ തീരുമാനിച്ചു. കിട്ടിയ അവസരത്തില്‍ അവിടെനിന്ന് പോരുകയും ചെയ്തു. മൂന്നര വര്‍ഷമായിരുന്നു ഞാന്‍ ചേന്ദമംഗല്ലൂരില്‍ സേവനം ചെയ്തത്.
ഞാന്‍ ചേന്ദമംഗല്ലൂര്‍ വിട്ട വിവരം ഉടനെതന്നെ കെ.സി തിരൂര്‍ക്കാട് നുസ്‌റത്തുല്‍ ഇസ്‌ലാം അറബിക്കോളേജ് മാനേജ്‌മെന്റിനെ അറിയിച്ചു. അവര്‍ അധ്യാപകരെ അന്വേഷിച്ച് നേരത്തേ കെ.സിയെ കണ്ടിരുന്നു. അങ്ങനെ തിരൂര്‍ക്കാട് അറബിക് കോളേജില്‍ അധ്യാപകനായി. ശരീഫ് മൗലവിയും അബുല്‍ ജലാല്‍ മൗലവിയും അന്ന് തിരൂര്‍ക്കാട്ടുള്ളതിനാല്‍ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളൊന്നും ഏറ്റെടുക്കേണ്ടിവന്നില്ല. അധ്യാപനം തന്നെയായിരുന്നു അതിനു ശേഷം മുഖ്യപ്രവര്‍ത്തനം. ഇടക്ക് കുറച്ചുനാള്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജിലും അധ്യാപകനായിരുന്നു ഇക്കാലത്ത്. വീണ്ടും തിരൂര്‍ക്കാട്ടേക്കു വന്ന് അധ്യാപകനായി തുടരുന്ന സന്ദര്‍ഭത്തിലാണ് ഈജിപ്തിലെ അല്‍ അസ്ഹറില്‍ പഠിക്കാനുള്ള ഇന്റര്‍വ്യൂ ലെറ്റര്‍ എനിക്ക് ലഭിക്കുന്നത്. എന്റെ ജീവിതത്തെ മുഴുവന്‍ മാറ്റിമറിച്ച നീണ്ട 10 വര്‍ഷത്തെ അല്‍ അസ്ഹറിലെ പഠനജീവിതം ആരംഭിക്കുന്നത് ആ കത്തിന്റെ വരവോടു കൂടിയാണ്.
(തുടരും)
തയാറാക്കിയത്: ബഷീര്‍ തൃപ്പനച്ചി
Comments