അവരുടെ കള്ളങ്ങള്‍ ധൃതിയില്‍ പ്രചരിക്കുന്ന കാലത്ത് എങ്ങനെ വേണം പ്രതിരോധം
മുഹമ്മദ് നബി വിമര്‍ശകരെയും എതിരാളികളെയും നേരിട്ടത് അന്നത്തെ കാലത്തെ രീതിയും സംവിധാനങ്ങളും ഉപയോഗിച്ചുകൊണ്ടായിരുന്നു. ഇന്ന് അധികാരികളുടെ മൗനസമ്മതത്തോടെ മുസ്‌ലിംകള്‍ക്കും ഇസ്‌ലാമിനുമെതിരെ കുപ്രചാരണങ്ങളും കടുത്ത എതിര്‍പ്പുകളുമുണ്ട്. അത്തരം വിഷയങ്ങള്‍ സമൂഹം ചര്‍ച്ച ചെയ്യുന്നത് ടി.വി ചാനലുകള്‍, ഫേസ്ബുക്, വാട്‌സ്ആപ്പ് തുടങ്ങിയ നവമാധ്യമങ്ങളിലൂടെയാണ്.
മുസ്‌ലിംകളുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്യപ്പെടുകയും, ഭക്ഷണകാര്യത്തില്‍ വരെ നിയന്ത്രണമേര്‍പ്പെടുത്തുകയും, മുസ്‌ലിം സമുദായത്തില്‍ നിന്ന് ഉയര്‍ന്നുവരുന്ന അഭ്യസ്തവിദ്യരായ നിരപരാധികളായ യുവാക്കളെ ജാമ്യം പോലും ലഭിക്കാത്ത തീവ്രവാദക്കുറ്റം ചുമത്തി ജയിലിലടക്കാന്‍ ധൃതികാണിക്കുക
യും ചെയ്യുന്ന സാഹചര്യമാണ് ഇന്ന് നമ്മുടെ രാജ്യത്തിലുള്ളത്. മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ നമ്മുടെ ജീവിതം ഇപ്പോള്‍ സുഖത്തിലും സമാധാനത്തിലും ആയിരിക്കാം. എങ്കിലും മുന്‍പറഞ്ഞ അവസ്ഥകള്‍ നാം ഭാവിയില്‍ കേരളത്തിലും പ്രതീക്ഷിക്കേണ്ടതു തന്നെയാണ്.
ഒരു സമൂഹത്തിനോ വ്യക്തിക്കോ നേരെ നടക്കുന്ന ദുഷ്പ്രചാരണങ്ങളും അക്രമങ്ങളും ഇന്ന് നിമിഷങ്ങള്‍ക്കകം ലോകം മുഴുവന്‍ കാണുകയും കേള്‍ക്കുകയും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നു. നവമാധ്യമങ്ങളിലൂടെ നടക്കുന്ന ഇത്തരം പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കേവലം കവലപ്രസംഗങ്ങള്‍ക്കോ, നാലു ചുമരുകള്‍ക്കുള്ളില്‍ നടക്കുന്ന വാദ-പ്രതിവാദങ്ങള്‍ക്കോ സാധ്യമല്ല.
ഇസ്‌ലാമിനെയും പ്രവാചകന്റെ പരിശുദ്ധമായ ജീവിതത്തെ പോലും അങ്ങേയറ്റം താറടിച്ചുകാണിക്കാന്‍ ഒരു വിഭാഗം ശ്രമിക്കുമ്പോള്‍ അതിന്റെ നിജഃസ്ഥിതി സമൂഹത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യത വിശ്വാസി സമൂഹത്തിനുണ്ട്. വിവിധ മതങ്ങളും വിശ്വാസങ്ങളും പുലരുന്ന നമ്മുടെ ഇന്ത്യയില്‍ ഒരു മതസമൂഹത്തിന്റെ വിശ്വാസത്തെയും രാജ്യസ്‌നേഹത്തെയും ഇവിടെ ജീവിക്കാനുള്ള അവകാശത്തെയും വരെ ഭരണകൂടത്തെ കൂട്ടുപിടിച്ച് സംഘ്പരിവാരും കൂട്ടരും ചോദ്യം ചെയ്യുമ്പോള്‍, അത്തരം കള്ളപ്രചാരണങ്ങളിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനും അതിനെതിരെ ശബ്ദിക്കാനും നേരിടാനും സത്യത്തിന്റെയും നീതിയുടെയും പേരില്‍ നിലകൊള്ളുന്ന നമ്മുടെ മാധ്യമങ്ങള്‍ക്ക് കഴിയേണ്ടതുണ്ട്.
കനപ്പെട്ട ഉപഹാരം
ഇമാം ശാഫിഈ വിശേഷാല്‍ പതിപ്പ് വായിച്ചു. ഒരു ശരാശരി വായനക്കാരന് ദുര്‍ഗ്രാഹ്യമാണ് ഉള്ളടക്കമെങ്കിലും ശാഫിഈ മദ്ഹബിനെക്കുറിച്ച സമഗ്രമായ ഒരു ചിത്രവും ഇമാം ശാഫിഈയുടെ വ്യക്തിത്വത്തെക്കുറിച്ച വിവരങ്ങളും സാമാന്യജനത്തിന് വിശദീകരിച്ചുതരുന്നു ഇത്. കനപ്പെട്ട ഒരു പ്രസിദ്ധീകരണമാണ് ഈ വിശേഷാല്‍ പതിപ്പെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. ഈയുള്ളവനെ ഏറെ സ്വാധീനിച്ച ലേഖനം അബ്ദുര്‍റഹ്മാന്‍ മങ്ങാട് എഴുതിയ 'പ്രമുഖ പണ്ഡിതന്മാര്‍, അതുല്യ സംഭാവനകള്‍' ആണ്. ശാഫിഈ മദ്ഹബിലെ 53 പ്രമുഖ പണ്ഡിതന്മാരുടെ ലഘുജീവിതചരിത്രം അദ്ദേഹം തയാറാക്കിയിരിക്കുന്നു. ശാഫിഈ കര്‍മശാസ്ത്രവിധികള്‍ ക്രോഡീകരിച്ച് കോഴിക്കോട് ജില്ലയിലെ ചോമ്പാലില്‍ ജനിച്ച സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ രചിച്ച ഫത്ഹുല്‍ മുഈനെക്കുറിച്ച് സാമാന്യജ്ഞാനം നല്‍കുന്നുണ്ട് അഫ്‌സല്‍ ഹുദവി വിശേഷാല്‍ പതിപ്പിലെഴുതിയ ലേഖനത്തില്‍. വിജ്ഞാന കൈരളിക്ക് മുതല്‍ക്കൂട്ടാവുന്ന 'ശാഫിഈ പതിപ്പ്' പുറത്തിറക്കാന്‍ അക്ഷീണം പ്രയത്‌നിച്ച അണിയറ പ്രവര്‍ത്തകര്‍ക്കും വിജ്ഞാന നഭോമണ്ഡലത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊുപോകാന്‍ ഈടുറ്റ പഠനങ്ങളും ലേഖനങ്ങളും കൊണ്ട് വിശേഷാല്‍ പതിപ്പിനെ സമ്പുഷ്ടമാക്കിയ എഴുത്തുകാര്‍ക്കും സ്‌നേഹാശംസകള്‍.
അബൂബക്കര്‍ സിദ്ദീഖ്, കറുകപ്പാടത്ത്
ഉപ്പയില്ലാ മക്കളെ എന്തിന് യതീമെന്ന്
നിരന്തരം ഓര്‍മപ്പെടുത്തണം?
സമുദായത്തിലെ അഗതികളെയും അനാഥകളെയും വളര്‍ത്തിയെടുത്തു പരിപാലിക്കുന്നതിനുള്ള സ്ഥാപനങ്ങള്‍ എന്ന നിലയിലാണ് യതീംഖാനകള്‍ അറിയപ്പെടുന്നത്. അനാഥ-അഗതി മന്ദിരം എന്ന് മലയാള ഭാഷയില്‍ യതീംഖാനകളെ വിശേഷിപ്പിച്ചുവരുന്നു. മതപരമായി ശരിയായ അര്‍ഥത്തിലുള്ള അനാഥ-അഗതി സംരക്ഷണം നിര്‍വഹിക്കുന്ന സ്ഥാപനങ്ങളാണോ യതീംഖാനകള്‍ എന്ന പ്രശ്‌നം അവിടെ നില്‍ക്കട്ടെ. ഇവിടെ ചിന്തിക്കുന്നത് ആ പേരിനെക്കുറിച്ചു മാത്രമാണ്.
യതീംഖാന എന്ന വാക്ക് ഭാഷാപരമായും സാംസ്‌കാരികമായും മതപരമായും ശരിയല്ല എന്നു മാത്രമല്ല അത് യതീമുകളെ അപഹസിക്കുന്നതുമാണ്. മുസാഫര്‍ ഖാന, കുതുബ് ഖാന എന്നൊക്കെ പറയുന്നതുപോലെ യതീംഖാന എന്ന വാക്ക് പ്രയോഗസാധ്യതയുള്ളതല്ല. ഗ്രന്ഥങ്ങള്‍ സൂക്ഷിക്കുന്ന ഇടം എന്ന അര്‍ഥം കുതുബ് ഖാനക്കും, യാത്രക്കാര്‍ വന്നണയുന്ന ഇടം എന്ന അര്‍ഥം മുസാഫര്‍ ഖാനക്കും ചേരുന്നതുപോലെ യതീമുകള്‍ക്കുള്ള കേന്ദ്രം എന്ന അര്‍ഥത്തില്‍ യതീംഖാന എന്ന പദം സാധൂകരണം നേടുന്നില്ല. യതീമുകളെ സമൂഹത്തില്‍നിന്ന് അപരവല്‍ക്കരിക്കുന്ന ഒരുതലം ആ വാക്കില്‍ അടങ്ങിയിരിക്കുന്നതാണ് ഈ വിയോജിപ്പിനു കാരണം.
അനാഥ-അഗതി മന്ദിരം, യതീംഖാന എന്നീ പ്രയോഗങ്ങളെല്ലാം മുസ്‌ലിം സമുദായത്തില്‍പെട്ടവര്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കു മാത്രമേയുള്ളൂ എന്നതാണ് മറ്റൊരു കാര്യം. അന്തേവാസികളില്‍ അപകര്‍ഷതയും ആത്മനിന്ദയും തോന്നുംവിധത്തില്‍ യതീംഖാന, അനാഥ-അഗതി മന്ദിരം തുടങ്ങിയ വിശേഷണങ്ങള്‍ മുസ്‌ലിം സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് കാണപ്പെടുന്നത് എന്ന വസ്തുത പരിശോധിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാവണം.
യതീംഖാനകള്‍ക്കും അനാഥ-അഗതി മന്ദിരങ്ങള്‍ക്കും പകരം സ്‌നേഹവും വൈകാരിക ബന്ധവും ഇസ്‌ലാമികതയും ധ്വനിപ്പിക്കുന്ന ചില പുതിയ പദങ്ങള്‍ ഇത്തരം സ്ഥാപനങ്ങള്‍ക്കായി കണ്ടെത്തേണ്ടതാണ്. ഉദാഹരണമായി 'ബൈതുര്‍റഹ്മ', 'ദാറുര്‍റഹ്മ', 'മര്‍കസുല്‍ മഹബ്ബ' തുടങ്ങിയവയോ, മലയാളീകരിച്ച് സ്‌നേഹാലയം, കരുണാലയം, കാരുണ്യഭവന്‍, പ്രത്യാശാഭവന്‍ എന്നിങ്ങനെയോ മുസ്‌ലിം സ്ഥാപനങ്ങള്‍ക്ക് പേരുവെക്കാവുന്നതാണല്ലോ.
വി. റസൂല്‍ ഗഫൂര്‍, കോഴിക്കോട്
ഫാഷിസത്തിന് ഒച്ചയില്ലാ കാലം നിര്‍മിക്കാന്‍
മലയാളി യൗവനത്തിന് കഴിയണം
ഇന്ത്യയില്‍ വര്‍ഗീയ ശക്തികള്‍ അധികാരത്തിലെത്തിയതിനു ശേഷം വളരെ വേഗത്തിലാണ് ഫാഷിസം അരങ്ങേറിക്കൊണ്ടിരിക്കുന്നത്. സവര്‍ണ വര്‍ഗീയ ഫാഷിസ്റ്റുകള്‍ തങ്ങളുടെ അജണ്ടകള്‍ വളരെ ആസൂത്രിതമായി, എന്നാല്‍ ദ്രുതഗതിയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. പൊതുവെ ഉത്തരേന്ത്യയിലായിരുന്നു ഇത് വളരെ വേഗം വേരുപിടിച്ചിരുന്നെങ്കില്‍ മാറിയ സാഹചര്യത്തില്‍ കേരളത്തിലും ഇതിന്റെ അലയൊലികള്‍ കേട്ടുതുടങ്ങിയിരിക്കുന്നു. നേരിട്ടുള്ള കലാപങ്ങളേക്കാള്‍ സാംസ്‌കാരിക ഫാഷിസത്തിനാണ് നമ്മുടെ നാട് ഇരയായിക്കൊണ്ടിരിക്കുന്നത്. ബീഫ് കഴിക്കുന്നതു പോലും ഇന്നത്തെ സാഹചര്യത്തില്‍ ഒരു രാഷ്ട്രീയ പോരാട്ടമായി മാറുകയാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഫാഷിസ്റ്റുകളെ എതിര്‍ക്കുന്ന പ്രശസ്ത സാഹിത്യകാരന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരും നിരന്തരം കൊല്ലപ്പെടുന്നു. വളരെ ശക്തമായി, എന്നാല്‍ ആശയപരമായി ഇതിനെ പ്രതിരോധിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ സാംസ്‌കാരിക മതേതര ബുദ്ധിജീവികള്‍ മൗനം അലങ്കാരമായി കൊണ്ടുനടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. കേരളത്തിലെ യുവാക്കളാണ് ഈ ഫാഷിസ്റ്റു കുതന്ത്രങ്ങള്‍ക്ക് കൂടുതല്‍ ഇരയായിക്കൊണ്ടിരിക്കുന്നത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ കണ്ണോടിച്ചാല്‍ അത് മനസ്സിലാക്കാനാവുന്നതാണ്. സാമുദായിക സംഘടനകളെ കൂട്ടുപിടിച്ച് വര്‍ഗീയവാദികള്‍ കേരളത്തില്‍ ഇറങ്ങിക്കളിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഈ കളിയില്‍ ആകൃഷ്ടരായി ഗ്രൗണ്ടില്‍ ഇറങ്ങിക്കൊണ്ടിരിക്കുന്ന മലയാളി യുവത്വങ്ങളെ നമുക്ക് തിരിച്ചുപിടിച്ചേ മതിയാവൂ. തകര്‍ന്നുകൊണ്ടിരിക്കുന്ന മതനിരപേക്ഷത വളരെ ശക്തമായി തിരിച്ചുകൊണ്ടുവരണം.
കെ.എം നജീബ് കാഞ്ഞിരോട്
Comments