പഴയ കവിത
നജ്ദാ റൈഹാന്‍
ഒരു കവിതയെഴുതണം.
വൃത്തം വേണം,
താളം വേണം,
പിന്നെ അലങ്കാരവും
എവിടുന്നെന്നറിയില്ല,
പിടയ്ക്കുന്നൊരു പെണ്‍ശബ്ദം
പേനത്തുമ്പിലേക്കിഴഞ്ഞു കയറി
നിശ്ശബ്ദതയിലലിയാനൊരു
കുഞ്ഞു തേങ്ങലെന്റെ
കടലാസിലേക്കരിച്ചെത്തി
ആട്ടിയിറക്കപ്പെട്ടവനാ
കടലാസിനും പേനക്കുമിടയില്‍
ചുരുണ്ടുകൂടാനൊരുങ്ങി
വെടിയുണ്ട, തീപ്പൊരി
കടലാസ് തുളഞ്ഞു,
തീപ്പിടിച്ചു
കുഴലൂത്തുകാരന്റെ ഊത്ത്
വാനോളം കത്തിയുയര്‍ന്ന്,
അഗ്നിയാളിപ്പടര്‍ന്നു
ഒടുവിലൊരു മഴപ്പെയ്ത്തില്‍
തീയുടഞ്ഞ് ചാരമായ്,
ഒഴുകിയകന്നില്ലാതായ്
അപ്പോഴും,
യുഗങ്ങള്‍ക്കകലെ നിന്ന്
'വരൂ, ഈ തെരുവിലെ
രക്തം കാണൂ'
എന്നാരോ വിളിക്കുന്നുണ്ടായിരുന്നു...
Comments